പ്രഫ. ഉമർ ബിൻ യൂനുസ് യാഗി

റിയാദ്:  പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്  സൗദിക്ക് അഭിമാനമായി. 2025 ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം ഉമർ ബിൻ യൂനുസ് യാഗിക്കും മറ്റ് രണ്ട് ശാസ്ത്രജ്ഞർക്കും നൽകിയതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വ്യക്തമാക്കി. ലോഹങ്ങളെയും കാർബൺ അധിഷ്ഠിത തന്മാത്രകളെയും സംയോജിപ്പിച്ച് മൈക്രോസ്കോപ്പിക് തലത്തിൽ, അത്യധികം സുഷിരങ്ങളുള്ള തന്മാത്രാ ഘടനകൾ രൂപകൽപ്പന ചെയ്തതിനാണ് അവാർഡ്.

ബെയ്റൂത്തിലെ അമേരിക്കൻ സർവകലാശാലയിൽ നിന്ന് രസതന്ത്രം പഠിച്ച അദ്ദേഹം പിന്നീട് ​അമേരിക്കയിലെ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തുടർന്ന് അരിസോണ, മിഷിഗൺ, കാലിഫോർണിയ, ബെർക്ക്‌ലി എന്നിവിടങ്ങളിലെ കലാശാലകളിൽ അക്കാദമിക് ജീവിതം ആരംഭിച്ചു. അവിടെ അദ്ദേഹം പ്രായോഗിക രസതന്ത്രത്തിൽ ഒരു പുതിയ ശാസ്ത്ര മേഖല സ്ഥാപിച്ച ഗവേഷണത്തിന് നേതൃത്വം നൽകി.2021ൽ നൂതനാശയ മേഖലയിലും ശാസ്ത്ര ഗവേഷണ മേഖലയിലും അദ്ദേഹം നൽകിയ മികച്ച ശാസ്ത്ര സംഭാവനകളെ മാനിച്ച് വിശിഷ്ട പ്രതിഭകളെ ആകർഷിക്കുന്ന പരിപാടിയുടെ ഭാഗമായി ഉമർ യാഗിക്ക് സൗദി പൗരത്വം നൽകിക്കൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

വായു, ജല ശുദ്ധീകരണം, വാതക സംഭരണം, ഊർജം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ പുതിയ കണ്ടുപിടിത്തത്തിന് സാധിക്കും. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറായ സുസുമു കിറ്റഗാവ, ആസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രഫസറായ റിച്ചാർഡ് റോബ്‌സൺ എന്നിവരാണ് ഉമർ യാഗിക്ക് ഒപ്പം നോബേൽ സമ്മാനം നേടിയ മറ്റ് രണ്ട് പേർ. ലോകത്തിലെ ഏറ്റവും അഭിമാനകരമായ ശാസ്ത്ര സമ്മാനം നേടിയ പ്രസിദ്ധിക്ക് പുറമേ 11 ദശലക്ഷം സ്വീഡിഷ് ക്രോണ (1.2 ദശലക്ഷം യു.എസ് ഡോളർ) സമ്മാനത്തുക വിജയികൾക്കിടയിൽ പങ്കിടും.

ഈ സുപ്രധാന നേട്ടത്തിലൂടെ പ്രഫ. ഉമർ ബിൻ യൂനുസ് യാഗി അറബ് ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. പുതിയ സാമഗ്രികൾ ഉപയോഗിച്ച് വരണ്ട പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കാനും, ജല മലിനീകരണം ഇല്ലാതാക്കാനും, കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാനും, ഹൈഡ്രജൻ സംഭരിക്കാനും സാധിക്കും. ഇത് സുസ്ഥിര ഊർജ്ജം, ആധുനിക പരിസ്ഥിതി സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. പ്രഫ. ഉമർ ബിൻ യൂനുസ് യാഗി ഫലസ്തീൻ വംശജനായ ജോർദാനിയക്കാരനാണ്. 1965ൽ അമ്മാനിൽ സ്ഥിരതാമസമാക്കിയ ഒരു ഫലസ്തീൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലം മുതലേ ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വളർന്നു.​

രസതന്ത്രത്തിലും ശാസ്ത്ര നവീകരണത്തിലും സൗദി, അറബ് പ്രതിഭാശാലികളായ ശാസ്ത്രജ്ഞരിൽ ഏറ്റവും പ്രമുഖരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി മേധാവിയുടെ ഉപദേശകനും, ശാസ്ത്ര ഗവേഷണ മേഖലയെ പ്രതിനിധീകരിക്കുന്ന ഗവേഷണ, വികസന, ഇന്നൊവേഷൻ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് അംഗവും, 2015 ൽ ശാസ്ത്രത്തിനുള്ള കിങ് ഫൈസൽ സമ്മാന ജേതാവുമാണ്. 2024 ൽ പ്രകൃതി ശാസ്ത്ര വിഭാഗത്തിനുള്ള അറബ് പ്രതിഭാ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Saudi scientist Omar bin Yunus Yaghi wins Nobel Prize in Chemistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.