ഇറാഖിൽ പ്രക്ഷോഭകർ പാർലമെന്റിലേക്ക് ഇരച്ചുകയറി

ബഗ്ദാദ്: ഇറാഖി ശിയ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾ അടങ്ങുന്ന സംഘം ഇറാഖ് പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറി. ഇറാൻ പിന്തുണയു​ള്ള പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർഥിക്കെതിരായ ​പ്രതിഷേധമാണ് സംഭവത്തിനുപിന്നി​ലെന്നാണ് റിപ്പോർട്ട്. സർക്കാർ ഓഫിസുകളും നയതന്ത്രകേന്ദ്രങ്ങളും നിലകൊള്ളുന്ന പ്രദേശത്തേക്ക് (ഗ്രീൻ​ സോൺ) പ്രക്ഷോഭകർ എത്തി.

സംഭവം നടക്കുമ്പോൾ പാർലമെന്റിൽ എം.പിമാർ ആരും ഉണ്ടായിരുന്നില്ല. പാർല​മെന്റ് പരിസരത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാർ പ്രതിഷേധക്കാരോട് മൃദുസമീപനമാണ് സ്വീകരിച്ചത്. മുൻ മന്ത്രിയും മുൻ പ്രവിശ്യ ഗവർണറുമായ മുഹമ്മദ് ശിയ അൽസുദാനിയാണ് ഇറാൻ അനുകൂല സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി. പ്രതിഷേധക്കാർ സുദാനിയുടെ സ്ഥാനാർഥിത്വത്തിന് എതിരാണ്. പ്രക്ഷോഭകർ പാർലമെന്റ് പ്രദേശം വിട്ടുപോകണമെന്ന് പ്രധാനമന്ത്രി മുസ്തഫ അൽ കാഥിമി അഭ്യർഥിച്ചു.

സദ്റിന്റെ സഖ്യം 2021 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 73 സീറ്റ് നേടി 329 അംഗ പാർലമെന്റിലെ ഏറ്റവും വലിയ കൂട്ടായ്മ ആയിരുന്നു. എന്നാൽ, വോട്ടെടുപ്പിന് ശേഷം പുതിയ സർക്കാറുണ്ടാക്കാനുള്ള ചർച്ചകൾ നിലച്ചു. രാഷ്ട്രീയ നടപടികളിൽനിന്ന് സദ്ർ വിട്ടുനിൽക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽനിന്നുള്ളവരാണ് പ്രക്ഷോഭകർ. ഇവർ, അൽ സുദാനി പുറത്തുപോവുക എന്ന മുദ്രാവാക്യം മുഴക്കി. ഗ്രീൻ സോൺ പ്രവേശനകവാടത്തിൽ പൊലീസ് സന്നാഹങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Protesters stormed in the Iraqi parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.