ഇസ്രായേൽ സൈന്യം നാടുകടത്തിയ ഫലസ്തീൻ എഴുത്തുകാരൻ മൊസാബ് അബു ത്വാഹക്ക് പുലിറ്റ്സർ പുരസ്കാരം

ന്യൂയോർക്ക്: ഇസ്രായേൽ വംശഹത്യയുടെ നാശവും നിരാശയും പേറി നാടുകടത്തലിന് ഇരയായ ഫലസ്തീൻ എഴുത്തുകാരനും കവിയുമായ മൊസാബ് അബു ത്വാഹക്ക് പത്രപ്രവർത്തന രംഗത്തെ മികവിനുള്ള വിഖ്യാതമായ പുലിറ്റ്സർ പുരസ്കാരം.

ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ നേർക്കാഴ്ചകൾ വായനക്കാരിലേക്ക് എത്തിച്ച ദി ന്യൂയോർക്കറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് പുരസ്കാരം.

32 കാരനായ മൊസാബ് അബു ത്വാഹ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗാസയിലാണ് ജീവിച്ചത്. 2023 ഒക്ടോബർ 28നാണ് അബൂ തോഹയുടെ കുടുംബ വീട് ഇസ്രായേൽ ബോംബെറിഞ്ഞ് തകർക്കുന്നത്. ഇസ്രായേൽ സൈന്യം പിടികൂടി ഈജിപ്തിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം പിന്നീട് യു.എസിലേക്ക് താമസംമാറുകയായിരുന്നു. 

ഒന്നര വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തെക്കുറിച്ച് മൊസാബ് അബു ത്വാഹയുടെ റിപ്പോർട്ടിങ് അസാധാരണമായ ഉൾക്കാഴ്ചയുള്ളതായിരുന്നെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഈ വർഷത്തെ പുലിറ്റ്സർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ന്യൂയോർക്ക് ടൈംസ് നാലും ന്യൂയോർക്കർ മൂന്നും പുരസ്കാരങ്ങൾ നേടി. ഫെന്റാനിൽ മയക്കുമരുന്ന് പ്രതിസന്ധി, യു.എസ് സൈന്യം, കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നടന്ന വധശ്രമം തുടങ്ങിയ വിഷയങ്ങളിലെ റി​പ്പോർട്ടുകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

പുലിറ്റ്സർ പബ്ലിക് സർവീസ് മെഡൽ തുടർച്ചയായ രണ്ടാം വർഷവും പ്രോപബ്ലിക്കക്ക് ലഭിച്ചു. കർശനമായ ഗർഭം അലസിപ്പിക്കൽ നിയമങ്ങളുള്ള സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെ പരിചരണം കിട്ടാതെ മരിച്ച ഗർഭിണികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് കവിത സുരാന, ലിസീ പ്രസ്സർ, കസാന്ദ്ര ജരാമിലോ, സ്റ്റാസി ക്രാനിറ്റ്സ് എന്നിവരാണ് പുരസ്കാരം നേടിയത്.

ട്രംപിനെതിരായ വധശ്രമം റി​പ്പോർട്ട് ചെയ്തതിനാണ് വാഷിങ്ടൺ പോസ്റ്റിന് പുരസ്കാരം. ആൻ ടെൽനേസ് ആണ് ​ഈ റിപ്പോർട്ടുകൾ തയാറാക്കിയത്. വാഷിങ്ടൺ പോസ്റ്റ് ഉടമ ജെഫ് ബെസോസ് ഉൾപ്പെടെ ടെക് മേധാവികൾ ട്രംപിനെ പ്രീണിപ്പിക്കുന്നത് വിമർശിച്ചുകൊണ്ട് വരച്ച എഡിറ്റോറിയൽ കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇവർ പിന്നീട് ജോലി രാജി വെച്ചു.

അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പരാജയം വിശകലനം ചെയ്ത റിപ്പോർട്ടുകൾക്ക് ന്യൂയോർക് ടൈംസി​െന്റ അസം അഹ്മദ്, ക്രിസ്റ്റീന ഗോൾഡ്ബോം, അതിഥി എഴുത്തുകാരൻ മാത്യു ഐകിൻസ് എന്നിവർ പുരസ്കാരം നേടി.

15 വിഭാഗങ്ങളിലായാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പബ്ലിക് സർവീസ് ജേതാവിന് സ്വർണ്ണ മെഡലും മറ്റുള്ളവർക്ക് 15,000 ഡോളറുമാണ് സമ്മാനം. 

Tags:    
News Summary - Palestinian author Mosab Abu Toha wins Pulitzer Prize for commentary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.