'ട്രംപിന്റെ ധീരമായ ഇടപെടൽ'; ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചതിൽ ട്രംപിനെ വാഴ്ത്തി പാക് പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: കഴിഞ്ഞ മേയിൽ ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കുന്നതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വീണ്ടും പ്രശംസിച്ച് പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. ഇന്ത്യയും പാകിസ്താനും നേരിട്ടുള്ള സംഭാഷണത്തിലാണ് ധാരണയിലെത്തിയതെന്നും വെടിനിർത്തിയതെന്നുമാണ് ഇന്ത്യയുടെ നിലപാട്.

എന്നാൽ, ‘‘പ്രസിഡന്റ് ട്രംപിന്റെ ധീരവും നിർണായകവുമായ നേതൃത്വമാണ് ഇന്ത്യക്കും പാകിസ്താനുമിടയിൽ വെടിനിർത്തൽ നടപ്പാക്കിയതെന്നും ദക്ഷിണേഷ്യയിൽ വലിയ യുദ്ധം ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കുകയും ദശലക്ഷങ്ങളെ രക്ഷിക്കുകയും ചെയ്തതെന്നും’’ ശഹ്ബാസ് ശരീഫ് പറഞ്ഞു.

രാത്രി മുഴുക്കെ ദീർഘമായ ചർച്ചകൾക്കൊടുവിൽ അടിയന്തരമായി ശാശ്വത വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി മേയ് 10ന് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. പലവട്ടം ഇത് ആവർത്തിക്കുകയും ചെയ്തു. എന്നാൽ, മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. 

അതേസമയം, ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ സേനകൾക്കിടയിൽ കൂടുതൽ ഏകോപനവും ഏകീകൃത കമാൻഡും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഭരണഘടന ഭേദഗതിക്ക് ഒരുങ്ങുകയാണ് പാകിസ്താൻ. സായുധ സേന ഉൾപ്പെടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 243-ാം അനുച്ഛേദത്തിൽ നിർണായക മാറ്റങ്ങൾ നിർദ്ദേശിക്കുന്ന 27-ാം ഭരണഘടനാ ഭേദഗതി ബിൽ ശനിയാഴ്ച പാക് പാർലമെന്റിൽ അവതരിപ്പിച്ചു.

സംയുക്ത കമാന്‍ഡ് സ്ഥാപിക്കുന്നതിനും മൂന്ന് സായുധ സേനാവിഭാഗങ്ങള്‍ക്കും ഇടയില്‍ മികച്ച ഏകോപനം ഉറപ്പാക്കുന്നതിനുമായി ‘കമാന്‍ഡര്‍ ഓഫ് ഡിഫന്‍സ് ഫോഴ്‌സസ്’ എന്ന പദവി അവതരിപ്പിക്കാന്‍ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ബില്ലനുസരിച്ച്, പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി കരസേനാ മേധാവിയെയും പ്രതിരോധ സേനാ മേധാവിയെയും നിയമിക്കും.

പ്രതിരോധ സേനാ മേധാവി കൂടിയായ കരസേനാ മേധാവി, പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് കമാൻഡിന്റെ തലവനെ നിയമിക്കും. പാകിസ്താന്റെ സൈനിക മേധാവി അസിം മുനീര്‍ നവംബര്‍ 28-ന് വിരമിക്കാനിരിക്കുകയാണ്. മെയിൽ ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയിരുന്നു. പുതുതായി സൃഷ്ടിക്കപ്പെടുന്ന കമാൻഡർ ഓഫ് ഡിഫൻസ് ഫോഴ്സസ് തസ്തികയിലേക്ക് അസിംമുനീറിന് പ്രഥമ പരിഗണന ലഭിച്ചേക്കുമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


Tags:    
News Summary - Pakistan PM Shehbaz Sharif once again thanks Trump for resolving Indo-Pak conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.