കൊടും ചൂടാണ്! ഫലസ്തീൻ ബന്ദികളെ അടിവസ്ത്രത്തിൽ കുനിച്ചിരുത്തിയതിനെ ന്യായീകരിച്ച് ഇസ്രായേൽ

ഗസ്സ: ക്രൂരമായ നരനായാട്ടിന്റെയും യുദ്ധക്കുറ്റങ്ങളുടെയും പേരിൽ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ നാണംകെടുന്നതിനിടെ തങ്ങളുടെ ചെയ്തികളെ ന്യായീകരിച്ച് ഇസ്രായേൽ. വടക്കൻ ഗസ്സയിൽനിന്ന് പിടികൂടിയ നൂറോളം വരുന്ന ഫലസ്തീനികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കണ്ണുകൾ മൂടിക്കെട്ടി തെരുവിൽ മുട്ടുകുത്തി ഇരുത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.

വിദ്യാർഥികൾ ഉൾപ്പെടെ സിവിലിയന്മാരെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ബി.ബി.സി, അൽജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധാരണക്കാരെയും പലായനംചെയ്യുന്നവരെയുമാണ് പിടികൂടി ഇത്തരത്തിൽ പീഡിപ്പിക്കുന്നതെന്നും അവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. തടവുകാരോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും രണ്ടാം ലോകയുദ്ധകാലത്തെ ഓർമിപ്പിക്കുന്നതുമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തങ്ങളുടെ മനുഷ്യത്വരഹിതമായ നടപടിയെ ന്യായീകരിച്ച് ഇസ്രായേൽ രംഗത്തെത്തിയത്. മിഡിൽ ഈസ്റ്റിലെ ചൂടുകാലാവസ്ഥ കാരണമാണ് ബന്ദികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇരുത്തിയതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്‍റെ മുതിർന്ന ഉപദേശകൻ മാർക് റെഗെവ് ന്യായീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഒന്നാമതായി, ഇത് മിഡിൽ ഈസ്റ്റാണെന്നും ഇവിടെ ചൂട് കൂടുതലാണെന്നും ഓർക്കുക, പ്രത്യേകിച്ച് പകൽ സമയത്ത് നല്ല വെയിലുള്ളപ്പോൾ, നിങ്ങളുടെ ഷർട്ട് അഴിക്കാൻ ആവശ്യപ്പെടുന്നത് നല്ലതല്ലേ, പക്ഷേ ഇത് ലോകാവസാനമല്ല’ -റെഗെവ് പ്രതികരിച്ചു. അതേസമയം, ഗസ്സയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട അഞ്ചു സൈനികരുടെ പേരുകൾ ഇസ്രായേൽ പുറത്തുവിട്ടു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികനും തെക്കൻ ഗസ്സയിൽ നാലു സൈനികരുമാണ് കൊല്ലപ്പെട്ടത്.

ഗസ്സയിലെ 36 ശതമാനം ആളുകളും കടുത്ത പട്ടിയിലാണെന്ന് യു.എൻ അറിയിച്ചു. ഗസ്സയിൽ സുരക്ഷിതമായി ഒരു സ്ഥലം പോലുമില്ലെന്ന് ആരോഗ്യ വകുപ്പ് വക്താവ് അഷ്റഫ് അൽഖുദ്ര വ്യക്തമാക്കി.

Tags:    
News Summary - Netanyahu adviser defends stripping Palestinian detainees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.