ഇസ്ലാമാബാദ്: ചൈനീസ് ശതകോടീശ്വരനും അലിബാബ ഗ്രൂപ്പിന്റെ സഹസ്ഥാപകനുമായ ജാക്ക് മായുടെ അപ്രതീക്ഷിത പാകിസ്താൻസന്ദർശനത്തിൽ ദുരൂഹത തുടരുന്നു. പാകിസ്താനിലെ ഇംഗ്ലിഷ് ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ ആണ് ജാക്ക് മായുടെ സന്ദർശനം സ്ഥിരീകരിച്ചത്. ജൂൺ 29നാണ് ജാക്ക് മാ പാകിസ്താനിലെ ലാഹോറിൽ എത്തിയത്.
തുടർന്ന് 23 മണിക്കൂറോളം അവിടെ തങ്ങിയെന്നാണ് വിവരം. അഞ്ച് ചൈനീസ് പൗരന്മാർ, ഒരു ഡാനിഷ് വ്യക്തി, ഒരു യു.എസ്. പൗരൻ എന്നിവരടങ്ങുന്ന ഏഴ് ബിസിനസുകാരുടെ പ്രതിനിധി സംഘവും മായ്‌ക്കൊപ്പമുണ്ടായിരുന്നു. ഹോങ്കോങ്ങിലെ ബിസിനസ് ഏവിയേഷൻ മേഖലയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ നേപ്പാൾ വഴിയാണ് സംഘം പാകിസ്ഥാനിലെത്തിയത്. ജെറ്റ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റിൽ ജൂൺ 30ന് അദ്ദേഹം തിരിച്ചുപോയി.
മായും സംഘവും പാകിസ്താനിലെ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ചകൾ നടത്തിയെന്ന ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഇല്ല. സർക്കാർ ഉദ്യോഗസ്ഥരുമായും മാധ്യമങ്ങളുമായുള്ള ആശയവിനിമയം ഒഴിവാക്കിയായിരുന്നു ജാക്ക് മായുടെ സന്ദർശനം എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
സ്വകാര്യ സ്ഥലത്ത് താമസിച്ച അദ്ദേഹത്തിന്‍റെ പാക് സന്ദർശനം എന്തിനായിരുന്നു എന്നതിൽ ഇതുവരെ വ്യക്തതയില്ല. എന്നാൽ, വരും ദിവസങ്ങളിൽ പാകിസ്താന് ഒരു ശുഭവാർത്തയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പാക് സർക്കാർ ഏജൻസിയായ ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് (ബി.ഒ.ഐ) മുൻ ചെയർമാൻ മുഹമ്മദ് അസ്ഫർ അഹ്‌സൻ പറഞ്ഞു. മായുടേത് സ്വകാര്യ സന്ദർശനമാണെന്നും പാകിസ്താനിലെ ചൈനീസ് എംബസിക്ക് പോലും ഇത് അറിയില്ലായിരുന്നെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.