ഞായറാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരു​ടെ ബന്ധുക്കളുടെ വിലാപം

ഗസ്സയിൽ ചോരപ്പുഴ; ഞായറാഴ്ച കൊല്ലപ്പെട്ടത് 42 പേർ; വെടിനിർത്തൽ കരാറിനു ശേഷം 97 മരണം

ഗസ്സ: സമാധാന കരാറും വെടിനിർത്തൽ ഉടമ്പടിയും കാറ്റിൽപറത്തി ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നു. വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്ന് ഒമ്പതു ദിവസത്തിനിടയിലെ ഏറ്റവും വലിയ ചോരപ്പുഴക്കായിരുന്നു ഞായറാഴ്ച ഗസ്സ സാക്ഷ്യം വഹിച്ചത്. ഇസ്രായേൽ നിയന്ത്രിത പ്രദേശത്ത് സൈന്യത്തിനുനേരെ ഹമാസ് വെടിവെച്ചുവെന്ന് ആരോപിച്ച് റഫ ഉൾപ്പെടെ വിവിധ ഇടങ്ങളിലായി നടത്തിയ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 42 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന വിശ്വാസത്തിൽ നാടൊഴിഞ്ഞുപോയ ഫലസ്തീനികൾ വീടുകളിലേക്ക് തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാർഥിക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. ഇതോടെ, അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യാഥാർത്ഥ്യമായ ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി.

യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനുള്ള മറുപടിയായാണ് ആക്രമണമെന്നും സൈന്യം അറിയിച്ചു. ആക്രമണത്തി​ന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പങ്കുവെച്ചു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ബൈത് ലാഹിയയിലെ​ യെല്ലോ ലൈനിൽ ഹമാസ് അതിക്രമിച്ചു കടന്നുവെന്നാണ് ഇസ്രായേൽ ആരോപണം.

എന്നാൽ, തങ്ങളുടെ ഭാഗത്തു നിന്നും വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടില്ലെന്നും, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഹമാസ് വ്യക്തമാക്കി. റഫ അതിർത്തിയോട് ചേർന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചുവെന്നാണ് ഇസ്രായേൽ വാദം. ഇത്തരമൊരു ഏറ്റുമുട്ടലുണ്ടായില്ലെന്നും, സംഘർഷം നടന്നുവെന്ന് പറയപ്പെടുന്ന മേഖല ഇസ്രായേൽ സൈനിക നിയന്ത്രണത്തിലാണെന്നും ഖസ്സം ബ്രിഗേഡ് പ്രസ്താവനയിൽ അറിയിച്ചു.

വെടിനിർത്തൽ കരാർ പ്രാബല്ല്യത്തിൽ വന്ന് ഒമ്പതു ദിവസത്തിനകം 80ലേറെ തവണയാണ് ഇസ്രോയൽ കരാർ ലംഘനം നടത്തിയത്. ഞായറാഴ്ചയിലെ വ്യോമാ​ക്രമണത്തിൽ ഉൾപ്പെടെ വെടിനിർത്തൽ കരാറിനു ശേഷം 97ഫലസ്തീനികൾ കൊല്ലപ്പെട്ടു. 230ഓളം പേർക്ക് പരിക്കേറ്റു.

സമധാന കരാർ പ്രാബല്ല്യത്തിൽ വന്ന ശേഷം, വീണ്ടും വ്യോമാക്രമണം ആരംഭിച്ചത് ഗസ്സയി​ലെ സ്ഥിതിഗതികൾ രൂക്ഷമാക്കിയെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനങ്ങൾ കൂടുതൽ ഭയപ്പാടിലായെന്നും അൽ ജസീറ പ്രതിനിധി ഹനി മഹ്മൂദ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മാത്രം 20ഓളം വ്യോമാക്രമണമാണ് വിവിധ മേഖലകളിലായി നടന്നത്.

രണ്ടു വർഷം നീണ്ടു നിന്ന ആക്രമണങ്ങളിൽ അവശേഷിച്ച ​കെട്ടിടങ്ങളുടെ ​മുകളിൽ മിസൈലുകൾ പതിക്കുന്നതും, ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിൽ പുക ഉയരുന്നതും ​വീഡിയോയിൽ കാണാം.

മധ്യ ഗസ്സയിലെ അസ്‍സുവയ്ദയിലുണ്ടായ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായി അൽ അഖ്സ ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇവിടെ നിരവധി പേർക്കാണ് പരിക്കേറ്റത്. നുസൈറത് അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേരും കൊല്ലപ്പെട്ടിരുന്നു.

ആ​ക്രമണങ്ങൾക്കു ശേഷം, വെടിനിർത്തൽ കരാർ പ്രാബല്ല്യത്തിൽ വന്നതായി ഇസ്രായേൽ പിന്നീട് അറിയിച്ചു. ഹമാസ് കരാർ ലംഘിച്ചതുകൊണ്ടാണ് ആ​ക്രമിച്ചതെന്നും, ഇത് തുടർന്നാൽ ഇനിയും ശക്തമായി നേരിടുമെന്നും മുന്നറിയിപ്പ് നൽകി.

അതിനിടെ, റഫ അതിർത്തി തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അതിർത്തി തുറക്കില്ലെന്നതാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഞായറാഴ്ച വ്യക്തമാക്കിയത്.

Tags:    
News Summary - Israel kills 97 Palestinians in Gaza since start of ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.