സോൾ: കഴിഞ്ഞ ഏപ്രിലിൽ ജനകീയ പ്രതിഷേധത്തെത്തുടർന്ന് പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് ജീവപര്യന്തം തടവ്. വിവാദ പട്ടാളനിയമവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളടക്കമുള്ള കേസുകൾ പരിഗണിച്ചാണ് സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതി ശിക്ഷ വിധിച്ചത്. നേരത്തേ ഇതുസംബന്ധിച്ച മറ്റു കേസുകളിലായി അദ്ദേഹത്തിന് അഞ്ച് വർഷത്തെ തടവും വിധിച്ചിരുന്നു.
2024 ഡിസംബറിലായിരുന്നു യൂൻ സുക് യോൾ സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമം കൊണ്ടുവന്നത്. പ്രതിഷേധത്തെത്തുടർന്ന് നിയമം പിൻവലിച്ചെങ്കിലും ഈ സംഭവം അദ്ദേഹത്തിനെ പുറത്താക്കുന്നതിൽ കലാശിച്ചു. ആദ്യം ഇംപീച്ച് ചെയ്യപ്പെടുകയും പിന്നീട് അറസ്റ്റിലാവുകയുമായിരുന്നു. തുടർന്ന് പദവിയിൽനിന്ന് നീക്കുകയുംചെയ്തു. താൻ ദീർഘകാലം രാജ്യത്തെ സൈനിക ഭരണത്തിലാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നിലവിലെ നിയമത്തിന്റെ പരിമിതികൾ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രത്യേക സൈനികനിയമം ആവിഷ്കരിച്ചതെന്നുമാണ് യോളിന്റെ വാദം.
എന്നാൽ, രാജ്യത്ത് ബോധപൂർവം കലാപം സൃഷ്ടിക്കുന്നതിനാണ് മുൻ പ്രസിഡന്റ് ശ്രമിച്ചതെന്നും അദ്ദേഹത്തിന് വധശിക്ഷ നൽകണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. യോളിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടറും ആവശ്യപ്പെട്ടത്. അതേസമയം, യോളിനെതിരായ വിധി ‘മുൻകൂട്ടി തയാറാക്കിയതാണെന്ന്’ അദ്ദേഹത്തിന്റെ അഭിഭാഷകർ ആരോപിച്ചു.
വിധികേൾക്കാൻ മുൻ പ്രസിഡന്റ് കോടതിയിലെത്തുമ്പോൾ പരിസരത്ത് ആയിരക്കണക്കിന് അനുയായികൾ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.