വെസ്റ്റ് ബാങ്ക്: റമദാനിലെ ആദ്യ ദിനത്തിലും വെസ്റ്റ്ബാങ്കിൽ സൈനിക നടപടി തുടർന്ന് ഇസ്രായേൽ. ജെനിൻ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് നിരവധി ഫലസ്തീൻ യുവാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇസ്രായേൽ സൈന്യം രാത്രി വീടുകളിലേക്ക് ഇരച്ചുകയറുന്നതിന്‍റെ അടക്കം ദൃശ്യങ്ങൾ പുറത്തുവന്നു. ചിലർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുമുണ്ട്. മാത്രമല്ല, വീടുകൾ സ്ഫോടനത്തിൽ തകർക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിൽ ഒരു യുവാവിനെ ഇസ്രായേൽ സേന വെടിവെച്ച് കൊന്നിരുന്നു.
അതിനിടെ, വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാർ ഒരു ഗ്രാമത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ-അമേരിക്കക്കാരനായ 19കാരനെ വെടിവച്ചു കൊന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും ദൃക്‌സാക്ഷിയും വ്യാഴാഴ്ച പറഞ്ഞു. ഒരു കൂട്ടം കുടിയേറ്റക്കാർ ഗ്രാമത്തിലെത്തി കർഷകനെ ആക്രമിച്ചു. താമസക്കാർ ഇടപെട്ടതോടെ സംഘർഷമുണ്ടായി. പിന്നീട് ഇസ്രായേൽ സൈന്യം എത്തി. അക്രമത്തിനിടെ സായുധരായ കുടിയേറ്റക്കാർ നസ്റല്ല എന്ന യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആരംഭിച്ച പുതിയ അധീനപ്പെടുത്തൽ നീക്കത്തെ ഇന്ത്യയടക്കം നൂറോളം രാജ്യങ്ങൾ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ പുതിയ നീക്കത്തിനെതിരെ യു.എന്നിൽ കൊണ്ടുവന്ന സംയുക്ത പ്രസ്താവന 85 രാജ്യങ്ങളാണ് അനുകൂലിച്ചിരുന്നത്.ഈ പട്ടികയിൽ ഇന്ത്യയുണ്ടായിരുന്നില്ല. പിന്നീടാണ് 100 രാജ്യങ്ങളുടെ പേരു ചേർത്ത് വിപുലീകരിച്ച പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടത്. വെസ്റ്റ് ബാങ്ക് നിയമവിരുദ്ധമായി കൂട്ടിച്ചേർക്കാനുള്ള ഇസ്രായേലിന്‍റെ ഏകപക്ഷീയ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ ഒപ്പുവെച്ച പ്രസ്താവന ഫലസ്തീൻ പ്രതിനിധി കഴിഞ്ഞ ദിവസം യു.എന്നിൽ വായിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.