ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങൾക്കുമേൽ ഡോണൾഡ് ട്രംപ് ചുമത്തിയ പകര ചുങ്ക നയത്തിന് കനത്ത പ്രഹരവുമായി യു.എസ് സുപ്രീം കോടതി. പകര ചുങ്കം നയം നിയമ വിരുദ്ധമെന്ന് വിധിച്ച സുപ്രീം കോടതി, രാജ്യങ്ങൾക്കു മേൽ ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും വ്യക്തമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് പുറത്തിറക്കിയ 6-3 വിധിന്യായത്തിൽ
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐ.ഇ.ഇ.പി.എ) ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന കീഴ് കോടതി വിധി ശരിവെച്ചു.
നികുതി ചുമത്താനുള്ള അധികാരം യു.എസ് കോൺഗ്രസിന് മാത്രമാണെന്നും പ്രസിഡന്റിന് ഇതിൽ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ഒമ്പതംഗ ബെഞ്ചിൽ ആറു പേർ വിധിക്ക് അനുകൂലമായും മൂന്നുപേർ എതിർത്തും വോട്ട് ചെയ്തു.
അമേരിക്കൻ കാർഷിക, വ്യാവസായിക മേഖലക്ക് ഗുണകരമാകും വിധം വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇരട്ടിയോളം പകരച്ചുങ്കം ചുമത്തികൊണ്ടുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടിയാണ് യു.എസ് സുപ്രീം കോടതിയുടെ വിധി. യു.എസ് കോൺഗ്രസിന്റെ അംഗീകാരം തേടാതെ, 1977 ഐ.ഇ.ഇ.പി.എ ആക്ട് ഉപയോഗിച്ചാണ് നിയമസംവിധാനങ്ങളെ മറികടന്നുകൊണ്ട് ഡോണൾഡ് ട്രംപ് ചൈന, ഇന്ത്യ, കാനഡ, മെക്സികോ ഉൾപ്പെടെ രാജ്യങ്ങൾക്കു മേൽ പകരച്ചുങ്കം ചുമത്തിയത്.
ട്രംപിന്റെ പകരച്ചുങ്ക നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12ഓളം സ്റ്റേറ്റുകളും, പകരചുങ്ക നയം ദോഷകരമായ ബാധിച്ച വ്യാപാര സ്ഥാപനങ്ങളും കമ്പനികളുമാണ് കോടതിയെ സമീപിച്ചത്. പ്ലംബിങ് ഉൽപന്നങ്ങൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ഉൽപാദന മേഖലയിലുള്ള സ്ഥാപനങ്ങളും കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, സുപ്രീം കോടതി വിധി സംബന്ധിച്ച് വൈറ്റ് ഹൗസോ ഡോണൾഡ് ട്രംപോ പ്രതികരിച്ചിട്ടില്ല.
പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗങ്ങൾക്കുള്ള തിരിച്ചടിയായാണ് സുപ്രീം കോടതി നടപടിയെ വിശേഷിപ്പിക്കുന്നത്.
അതേസമയം, സുപ്രീം കോടതി ഉത്തരവിനെ യു.എസ് കോൺഗ്രസ് സ്വാഗതം ചെയ്തു.
ഇന്ത്യക്ക് വലിയ ആശ്വാസമാണ് യു.എസ് സുപ്രീം കോടതിയുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.