ഡോണൾഡ് ട്രംപ്, ഇറാൻ പരമോന്നത നേതാവ് ഖാംനഈ
വാഷിങ്ടൺ: അർഥവത്തായ ആണവ കരാറിലെത്താൻ ഇറാൻ തയാറാകേണ്ടത് അനിവാര്യമാണെന്നും, അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൃത്യമായ കരാറിലെത്തുകയെന്നത് എളുപ്പമല്ല. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഗസ്സയുടെ പുനർനിർമാണത്തിനും സമാധാനത്തിനുമായി രൂപീകരിച്ച അന്താരാഷ്ട്ര സമിതിയായ ‘ബോർഡ് ഓഫ് പീസി’ന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
മധ്യപൂർവേഷ്യയിൽ യു.എസ് വൻതോതിൽ സൈനിക ശേഷി വർധിപ്പിക്കുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ വലിയ സൈനിക വ്യൂഹത്തെ അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങാൻ തങ്ങൾ തയാ റാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.
ഇറാനെ ആണാവായുധങ്ങൾ നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്‍റെ കൈവശം ആണവായുധം ഉണ്ടായാൽ മധ്യപൂർവേഷ്യയിൽ സമാധാനം സാധ്യമാകില്ല. അത് വളരെ ലളിതമായ കാര്യമാണ്. കഴിഞ്ഞ വർഷം 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' വഴി ഇറാന്റെ ചില ആണവനിലയങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇത് ഇറാനെ ചർച്ചയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
ജനീവയിൽ വെച്ച് അമേരിക്കൻ പ്രതിനിധികളായ ജേർഡ് കുഷ്നർ, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ട്. ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകളിൽ ഇപ്പോഴും വലിയ അന്തരമുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
സാമ്പത്തിക ഉപരോധങ്ങൾ കാരണം നിലവിൽ ഇറാൻ പ്രതിസന്ധിയിലാണ്. ഇതിനിടയിൽ അമേരിക്കയുടെ സൈനിക ഭീഷണിയും വന്നതോടെ ഇറാൻ ഭരണകൂടം കടുത്ത സമ്മർദത്തിലാണ്. എന്നാൽ, തങ്ങളുടെ പരമാധികാരം പണയം വെച്ചുകൊണ്ടുള്ള ഒരു കരാറിന് ഇറാൻ തയാറാകുമോ എന്നത് ചോദ്യചിഹ്നമായി തുടരുന്നു.
ഇറാനെതിരെ ഏറ്റവും കടുത്ത നിലപാട് സ്വീകരിക്കുന്ന ഇസ്രായേലും ട്രംപിന്‍റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ ഒരു ആണവശക്തിയാകുന്നത് ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു. ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ അവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ നെതന്യാഹു, യു.എസിന്‍റെ ഏത് സൈനിക നീക്കത്തിനും പൂർണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.