ട്രംപിന്റെ ഭീഷണിക്കിടയിലും ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് യു.എസിലെ ഇന്ത്യൻ വിദ്യാർഥിനി; കഫിയ പുതച്ച് തീപ്പൊരി പ്രസംഗം നടത്തിയത് മേഘ വെമുരി -VIDEO

വാഷിങ്ടൺ: ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന വിദ്യാർഥികളെയും വിദ്യാഭ്യാസപ്രവർത്തകരെയും വേട്ടയാടാൻ യു.എസിലെ ട്രംപ് ഭരണകൂടം നീക്കം ശക്തമാക്കുന്നതിടെ ഇസ്രായേലിനെതിരെ ധൈര്യസമേതം ആഞ്ഞടിച്ച് ഇന്ത്യൻ വിദ്യാർഥിനി. പ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) നിന്ന് ബിരുദം നേടിയ ഇന്തോ-അമേരിക്കൻ വിദ്യാർഥിനിയായ മേഘ വെമുരിയാണ് ഫലസ്തീനിലെ വംശഹത്യക്കെതിരെ തുറന്നടിച്ചത്.

ഇസ്രായേൽ സൈന്യവുമായി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ബന്ധം തുടരുന്നതായി വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ എം.ഐ.ടിയിലെ സീനിയർ ക്ലാസ് പ്രസിഡന്റായ മേഘ വെമുരി ചൂണ്ടിക്കാട്ടി. ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രതീകമായ കഫിയ ധരിച്ചാണ് ഇവർ ചടങ്ങിൽ പ​ങ്കെടുത്തത്. ‘ഭൂമിയിൽ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ് ഇസ്രായേൽ. എം.ഐ.ടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്’ -അവർ പറഞ്ഞു. ‘നമ്മൾ ബിരുദം നേടി ജീവിതവുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുമ്പോൾ, ഗസ്സയിൽ ഒരു സർവകലാശാലയും അവശേഷിക്കുന്നില്ല’ -മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, ഭാഷാശാസ്ത്രം, ലിൻഗ്വിസ്റ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മേഘ പറഞ്ഞു. ബിരുദദാന ചടങ്ങിൽ പ​ങ്കെടുത്ത വിദ്യാർഥികൾ ആർപ്പുവിളികളോടെ പ്രസംഗത്തെ സ്വീകരിച്ചു.

ഗസ്സയെ ആക്രമിക്കാൻ ആയുധങ്ങൾ വിതരണം ചെയ്യുന്ന ഇസ്രായേലിലെ ഏറ്റവും വലിയ ആയുധ നിർമ്മാത കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായുള്ള എംഐടിയുടെ പങ്കാളിത്തം അവസാനിപ്പിക്കാൻ ഈ വർഷമാദ്യം വിദ്യാർഥികൾ നടത്തിയ സമ്മർദം വലിയ വിജയം നേടിയെന്നും മേഘ ചൂണ്ടിക്കാട്ടി. എൽബിറ്റിന്റെ ഡ്രോണുകളും നിരീക്ഷണ സംവിധാനങ്ങളും ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ‘എം.ഐ.ടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യമാണ് ഇസ്രായേൽ അധിനിവേശ സേന. ശാസ്ത്രജ്ഞർ, എൻജിനീയർമാർ, അക്കാദമിക് വിദഗ്ധർ, നേതാക്കൾ എന്നീ നിലകളിൽ മനുഷ്യരുടെ ജീവിതത്തെ സംരക്ഷിക്കാൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്’ -മേഘ ഓർമിപ്പിച്ചു.

ജൂത സമൂഹത്തിനെതിരെ വിദ്വേഷം വളർത്താൻ അമേരിക്കയിലേക്ക് വരുന്ന വിദേശ പൗരന്മാർക്ക് ട്രംപ് ഭരണകൂടം വിസ നിഷേധിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വെമുരിയുടെ പ്രസംഗം.

Tags:    
News Summary - Indian-American undergrad Megha Vemuri from MIT torches alma mater and Israel at graduation ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.