ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ദ്വീപിന്റെ കൈമാറ്റത്തിൽ കുറഞ്ഞൊന്നും തനിക്ക് സമ്മതമല്ലെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ഗ്രീൻലൻഡ് വിഷയം ചർച്ച ചെയ്യാൻ വൈറ്റ്ഹൗസിൽ ഉന്നതതല ചർച്ച. ഡെന്മാർക്ക്, ഗ്രീൻലൻഡ് വിദേശകാര്യ മന്ത്രിമാർക്ക് പുറമെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കുന്നുണ്ട്.
ഇതിന് പുറമെ ഡെന്മാർക്ക്, ഗ്രീൻലൻഡ് പ്രതിനിധികൾ യു.എസ് സാമാജികരെ കണ്ടും അഭിപ്രായം സ്വരൂപിക്കും. ലോകത്തെ ഏറ്റവും വലിയ ദ്വീപ് തനിക്ക് വേണമെന്നും ലളിതമായോ കടുത്ത മാർഗത്തിലോ അത് ഏറ്റെടുത്തിരിക്കുമെന്നും ചർച്ചകൾക്ക് മുന്നോടിയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ദ്വീപിന്റെ കൈമാറ്റത്തിന് നാറ്റോ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെനിസ്വേലയുടെ എണ്ണക്കായി പ്രസിഡന്റ് മദൂറോയെ പിടികൂടുകയും എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്ത ട്രംപ് ഗ്രീൻലൻഡിലും സമാന നടപടി സ്വീകരിക്കുമെന്ന ആശങ്ക ലോകത്തിനുണ്ട്.
ഡെന്മാർക്കിനു കീഴിൽ സ്വയംഭരണാവകാശമുള്ള ദ്വീപാണ് ഗ്രീൻലൻഡ്. അധികാരമുപയോഗിച്ച് ദ്വീപ് യു.എസ് പിടിച്ചെടുത്താൽ നാറ്റോ സഖ്യത്തിന്റെ അവസാനമാകുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, യു.എസ് സ്വന്തമാക്കിയില്ലെങ്കിൽ ഗ്രീൻലൻഡിന്റെ നിയന്ത്രണം റഷ്യയോ ചൈനയോ പിടിച്ചടക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യു.എസ് ഭീഷണി കണക്കിലെടുത്ത് അറ്റ്ലാന്റിക്-ആർടിക് സമുദ്രങ്ങളിലായി സ്ഥിതിചെയ്യുന്ന ദ്വീപിന് ചുറ്റും സൈനിക സാന്നിധ്യം ശക്തമാക്കാൻ യു.കെ, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നീക്കം ആരംഭിച്ചിട്ടുണ്ട്. ഗ്രീൻലൻഡിൽ അടുത്ത മാസം കോൺസുലേറ്റ് തുടങ്ങുമെന്ന് ഫ്രാൻസ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന പുതിയ കാലത്ത് ഏഷ്യയിലേക്ക് ഹ്രസ്വദൂര വ്യാപാര മാർഗം തുറക്കുമെന്ന് കണ്ടാണ് യു.എസ് ഗ്രീൻലൻഡിൽ പ്രധാനമായി കണ്ണുവെക്കുന്നത്. ദ്വീപിലെ അപൂർവ ധാതുക്കളും ട്രംപിനെ കൊതിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.