റാഫേല്‍ വാര്‍നോക്
അറ്റ്ലാന്റ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂലമായി ജോര്‍ജിയ സെനറ്റ് സീറ്റിലെ തെരഞ്ഞെടുപ്പ് ഫലം. കറുത്തവർഗക്കാരനും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ റാഫേല്‍ വാര്‍നോക് റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഹെര്‍ഷെല്‍ വാക്കറിനെയാണ് പരാജയപ്പെടുത്തിയത്. നേരിയ ഭൂരിപക്ഷത്തിനായിരുന്നു ജയം.
അറ്റ്ലാന്റ ചർച്ചിലെ പാസ്റ്ററായ വാര്‍നോക്കിന്റെ വിജയത്തോടെ 100 അംഗ സെനറ്റില്‍ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷം 51 ആയി. 50 സീറ്റുകള്‍ നേടി നേരത്തേ തന്നെ ഡെമോക്രാറ്റുകള്‍ നിയന്ത്രണം സ്വന്തമാക്കിയിരുന്നു. 49 സീറ്റുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്.
തെരഞ്ഞെടുപ്പില്‍ 51.3 ശതമാനം വോട്ടുകളാണ് 53കാരനായ റാഫേല്‍ വാര്‍നോക് നേടിയത്. ഹെര്‍ഷെല്‍ വാക്കറിന് 48.7 ശതമാനമാണ് വോട്ടുകള്‍. ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വാര്‍നോക്കിന് 49.4 ശതമാനം വോട്ടും മുന്‍ ഫുട്ബാള്‍ താരം കൂടിയായ വാക്കറിന് 48.5 ശതമാനം വോട്ടുമാണ് ലഭിച്ചത്. ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജോര്‍ജിയയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. സെനറ്റിലെ നിയന്ത്രണം ലഭിച്ച ഡെമോക്രാറ്റുകള്‍ക്ക് ജോര്‍ജിയയിലെ ജയത്തോടെ കമ്മിറ്റികള്ക്കുമേല് കൂടുതല്‍ അധികാരം ലഭിച്ചിരിക്കുകയാണ്.
പ്രസിഡന്റ് ജോ ബൈഡന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു നവംബര്‍ എട്ടിന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലമെങ്കിലും ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.