യു.എസ് ഉപരോധം അവഗണിച്ച് എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഇറാൻ; മോദിയും ഇറാൻ പ്രസിഡന്റും ചർച്ച നടത്തിയേക്കും

ന്യൂഡൽഹി: 2019ൽ ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം അവഗണിച്ച് തങ്ങളിൽനിന്ന് എണ്ണ വാങ്ങ​ണമെന്ന് ഇന്ത്യയോട് ഇറാൻ. അമേരിക്ക പ്രഖ്യാപിച്ച ഉപരോധം വകവെക്കാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ രീതി തങ്ങളോടും അവലംബിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 15, 16 തീയതികളിൽ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കുന്ന ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈ​സേഷൻ ഉച്ചകോടിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉന്നയിച്ചേ ക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

2019 ൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയത്. ഉപരോധം ഏകപക്ഷീയമായിരുന്നുവെന്നും യു.എൻ ആഹ്വാനപ്രകാരമല്ല എന്നും ഇറാൻ ചുണ്ടിക്കാട്ടി. സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ഷെഗേനി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ചൈനയുടെ തൊട്ടുപിന്നിലായിരുന്നു ഇന്ത്യ.

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യ ഇത് വകവെക്കാതെ ഇറക്കുമതി തുടർന്നു. എന്നുമാത്രമല്ല, അമേരിക്കൻ ഉ​പരോധത്തിന് ശേഷം ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി 50 മടങ്ങ് വർധിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള കണക്കുകളാണിത്. നിലവിൽ ഇന്ത്യ ഏറ്റവും അധികം എണ്ണ വാങ്ങുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ഈ രീതിയിൽ തങ്ങൾക്കെതിരായ അമേരിക്കയുടെ ഏകപക്ഷീയ ഉപരോധം അവഗണിക്കണമെന്നാണ് ഇറാന്റെ ആവശ്യം.

2022 ജൂണിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ ഇന്ത്യ സന്ദർശിച്ചപ്പോഴും ഇക്കാര്യം ഉന്നയിച്ചിരുന്നു. ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലും നരേന്ദ്രമോദിയുമായി ഫോണിലും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്‌തു. ജൂണിൽ, ഇറാന്റെ മേലുള്ള എണ്ണ ഉപരോധം നീക്കാത്തതിനെ ജയശങ്കർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈ​സേഷൻ ഉച്ചകോടി 15 മുതൽ; 15 രാഷ്ട്രനേതാക്കൾ സംബന്ധിക്കും

സമർകന്ദ് (ഉസ്ബകിസ്താൻ): ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈ​സേഷൻ ഉച്ചകോടി സെപ്റ്റംബർ 15, 16 തീയതികളിൽ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കും. എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബകിസ്താൻ പ്രസിഡന്റ് ശൗകത് മിർസ്വോയവ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്താൻ പ്രധാനമന്ത്രി ​ശഹബാസ് ശരീഫ്, കസാഖ്സ്താൻ പ്രസിഡന്റ് കാസിം ടൊകായേവ്, കിർഗിസ്താൻ പ്രസിഡന്റ് സാദിർ ജപാറോവ്, ​തജികിസ്താൻ പ്രസിഡന്റ് ഇമാമലി റഹ്മാൻ എന്നിവർ സംബന്ധിക്കും.

പുറമെ പ്രത്യേക ക്ഷണിതാക്കളായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമീനിയ പ്രധാനമന്ത്രി നികോൽ പഷിൻയാൻ, തുർക്മെനിസ്താൻ പ്രസിഡന്റ് സെർദർ ബെർദി മുഹമ്മദോവ് എന്നിവരും നിരീക്ഷകരായി ബലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, മംഗോളിയൻ പ്രസിഡന്റ് ഉക്നാഗിൻ ഖുറെൽസുഖ് എന്നിവരും സംബന്ധിക്കും.

ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജി.ഡി.പിയും ഉൾക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. സാമ്പത്തിക, സുരക്ഷ, പാരിസ്ഥിതിക മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ 2001 ജൂൺ 15ന് ചൈനയിലെ ഷാങ്ഹായിയിൽ യോഗം ചേർന്ന് പുതിയ കൂട്ടായ്മ രൂപവത്കരിക്കുകയും 2017 ജൂണിൽ ഇന്ത്യയെയും പാകിസ്താനെയും കൂടി ഉൾപ്പെടുത്തുകയുമായിരുന്നു.

ഉച്ചകോടി​ക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫുമായും ചർച്ച നടത്തു​​മെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - ‘Follow Russia model, resume oil purchases’ — Iran asks India to ignore US sanctions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.