ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിനു പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കിയതോടെ അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളും ആശങ്കയിൽ. നാടുകടത്തൽ ഭയന്ന് അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വ്യാപകമായി പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുകയാണ്.
കോളജിലെ പഠന സമയം കഴിഞ്ഞാൽ ഭൂരിഭാഗം വിദ്യാർഥികളും പാർട് ടൈം ജോലി ചെയ്താണ് താമസത്തിനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്തുന്നത്. വലിയ തുക ബാങ്ക് വായ്പയെടുത്താണ് വിദ്യാർഥികൾ അമേരിക്കയിൽ ഉന്നത പഠനത്തിന് പോകുന്നത്. എഫ് വൺ വിസയിലുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ കാമ്പസില്‍ ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്, ബുക്ക് സ്റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്നസ് അസിസ്റ്റന്റ്, റിസര്‍ച് അസിസ്റ്റന്റ് എന്നിങ്ങനെ ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നു.
എന്നാൽ, പല വിദ്യാര്‍ഥികളും കാമ്പസിന് പുറത്തുള്ള റസ്റ്റാറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നത് ചട്ടവിരുദ്ധമാണെങ്കിലും അധികൃതർ പലപ്പോഴും നടപടിയെടുക്കാറില്ല. ട്രംപ് സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കിയതോടെയാണ് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളും ആശങ്കയിലായത്.
നിയമ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും തടസ്സങ്ങളില്ലാതെ പഠനം പൂർത്തിയാക്കാനുമാണ് പാർട് ടൈം ജോലി ഉപേക്ഷിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. പലരും ലക്ഷങ്ങള്‍ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി തിരിച്ചയക്കുമെന്ന ഭയംമൂലാണ് ജോലി ഉപേക്ഷിക്കുന്നത്. ജോലി ഉപേക്ഷിക്കുന്നത് പലരെയും സാമ്പത്തികമായി പ്രയാസത്തിലാക്കും. അതേസമയം, യു.എസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും, ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്, അനധികൃതകുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. അമേരിക്കയിൽ ഇതിനകം നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തതായാണ് വിവരം. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ വിവരമനുസരിച്ച് 538 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ അടുത്തിടെ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയിരുന്നു. 2023-24 വര്‍ഷത്തില്‍ 3,31,602 ഇന്ത്യൻ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കാനെത്തിയത്. ആകെ വിദേശ വിദ്യാര്‍ഥികളില്‍ 29 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.