ഇസ്രായേലിൽ ക്ലസ്റ്റർ ബോംബിട്ട് ഇറാൻ; ലബനാനിൽ രണ്ട് ഇസ്രായേൽ സൈനികർ ​കൊല്ലപ്പെട്ടു

തെൽഅവീവ്: ഇസ്രായേലിന് നേരെ ക്ലസ്റ്റർ ബോംബ് പ്രയോഗിച്ച് ഇറാൻ. ഇന്ന് ഉച്ചക്ക് ശേഷം നടന്ന ആക്രമണത്തിലാണ് നിരവധി ചെറു​ബോംബുകൾ അടങ്ങിയ ബാലിസ്റ്റിക് മിസൈൽ തെൽഅവീവിന് നേരെ ഇറാൻ പ്രയോഗിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

മധ്യ ഇസ്രായേലിലെ രണ്ട് കേന്ദ്രങ്ങളിലായി ക്ലസ്റ്റർ വാർഹെഡ് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പേർക്കാണ് പരിക്കേറ്റത്. തെൽ അവീവിൽ 40 വയസ്സുള്ള ഒരാൾക്ക് ഗുരുതര പരിക്കേറ്റതായി മാഗൻ ഡേവിഡ് അഡോം ആംബുലൻസ് സർവിസ് അറിയിച്ചു. മധ്യ ഇസ്രായേലിലുടനീളം ഒരു ഡസനിലധികം സ്ഥലത്ത് മിസൈലുകൾ പതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിയൻ ബാലിസ്റ്റിക് മിസൈലിൽ ക്ലസ്റ്റർ ബോംബ് വാർഹെഡ് ഉപയോഗിച്ചതിന്റെ തെളിവാണ് ആഘാത കേന്ദ്രങ്ങളുടെ വ്യാപനമെന്ന് ഇവർ പറഞ്ഞു.

ബോംബ് പതിച്ച സ്‍ഥലങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ നേരിട്ടതായി സംഭവസ്ഥലങ്ങളിൽനിന്നുള്ള ഫോട്ടോകളും വിഡിയോകളും തെളിയിക്കുന്നു. പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിമുതൽ ഇസ്രായേലിനെ ലക്ഷ്യമിട്ട് നടത്തിയ ആദ്യത്തെ അഞ്ച് ആക്രമണങ്ങളിൽ ഗുരുതര പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ആറാമത്തെ ആക്രമണത്തിലാണ് കനത്ത നാശനഷ്ടം നേരിട്ടത്. തുടർന്ന് നടന്ന ഏഴാമത്തെ ആക്രമണത്തിലും നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായി​ട്ടില്ലെന്ന് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, ലബനാനിൽ ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ തെക്കൻ ലബനാനിൽ നടന്ന ആക്രമണത്തിലാണ് സാർജന്റ് ഫസ്റ്റ് ക്ലാസ് മഹർ ഖതറും (38) മറ്റൊരു ​സൈനികനും കൊല്ല​പ്പെട്ടത്. തെക്കൻ ലബനാനിലെ സൈനിക പോസ്റ്റിന് സമീപമാണ് സംഭവം. ബ്രേക്ക്ഡൗണായ ഐഡിഎഫിന്റെ യുദ്ധ ടാങ്കിനെ സഹായിക്കാൻ മറ്റൊരു ടാങ്കും രണ്ട് ഡി9 കവചിത ബുൾഡോസറുകളും എത്തിയിരുന്നു. ഇതിൽ ഒരു ബുൾഡോസറിനെ ടാങ്ക് വേധ മിസൈൽ ഉപയോഗിച്ച് ഹിസ്ബുല്ല ആക്രമിക്കുകയായിരുന്നു. 

Tags:    
News Summary - 6 wounded by shrapnel, 1 seriously, as Iran fires suspected cluster warhead missile at Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.