‘ഒറ്റയ്ക്ക് കിടക്കാൻ ഭയമാണവൾക്ക്’; മരിച്ചിട്ടും തന്റെ കുഞ്ഞിനെ കൈവിടാതെ ആ പിതാവ്

‘ജീവിതകാലം മുഴുവൻ അവളുടെ ധൈര്യം ഞാനായിരുന്നു, ഒറ്റയ്ക്ക് കിടക്കാൻ അവൾക്ക് ഭയമാണ്. അതാണ് ഞാനിവിടെ കൂട്ടിരിക്കുന്നത്’...ത​െന്ന സാകൂതം നോക്കിനിന്ന ഫോട്ടോഗ്രാഫറോട് ആ പിതാവ് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. ദുരിതക്കാഴ്ച്ചകൾ ഒടുങ്ങാതെ തുർക്കിയിലെ ഭൂകമ്പ ഭൂമി വീണ്ടും മനുഷ്യരാശിയെ ചുട്ടുപൊള്ളിക്കുകയാണ്. മരിച്ചിട്ടും തന്റെ കുഞ്ഞിന് കൂട്ടിരിക്കുന്ന പിതാവായ മെസൂദ് ഹാന്‍സറിന്റെ ചിത്രം ലോക ജനതയെ പിടിച്ചുലക്കുകയാണ്.

എ.എഫ്.പി ഫോട്ടോഗ്രാഫര്‍ അദീം അറ്റ്‌ലാന്‍ ആണ് തന്റെ ചിത്രത്തിലെ മനുഷ്യന്റെ കഥ ലോകത്തോട് പറഞ്ഞത്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ജീവനറ്റ തന്റെ മകളുടെ കൈപിടിച്ചിരിക്കുന്ന പിതാവിന്റെ ചിത്രമാണ് അദീം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. കഹ്രാമന്‍മാരാസിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് പ്രദേശത്താണ് അദ്ദേഹം ഈ കാഴ്ച കണ്ടത്. ഓറഞ്ച് സ്യുട്ടണിഞ്ഞ് എങ്ങും പോകാതെ തന്റെ മകൾക്ക് ഒപ്പമിരിക്കുന്ന പിതാവായിരുന്നു അവിടെ കണ്ടതെന്ന് അദീം പറയുന്നു.

തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയിലും തന്റെ മകളുടെ കൈപിടിച്ച് നില്‍ക്കുകയാണ് മെസൂദ് ഹാന്‍സര്‍ എന്ന പിതാവ്. ഇര്‍മാക് എന്ന തന്റെ മകളുടെ ജീവനറ്റ കൈകളിലാണ് ആ പിതാവ് കൈയ്യുറപ്പിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട അദീം ആ കാഴ്ച തന്റെ കാമറയിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട മെസൂദ് അദീമിനെ അരികിലേക്ക് വിളിച്ചു. ശേഷം തന്റെ കുഞ്ഞിന്റെ ചിത്രങ്ങളെടുത്തോളു എന്ന് പറയുകയായിരുന്നു.


പതിനഞ്ച് വയസ്സാണ് തന്റെ മകള്‍ക്ക് പ്രായമെന്നും കിടക്കയില്‍ കിടക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതെന്നും മെസൂദ് അദീമിന് കാണിച്ചുകൊടുത്തു. തന്റെ ജീവിതത്തിലെ ഏറ്റവും ഉള്ളുലയ്ക്കുന്ന കാഴ്ച്ചയാണിത് എന്നാണ് അദീം ഈ രംഗത്തിനെ വിശേഷിപ്പിച്ചത്. ‘എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുകയായിരുന്നു. ഞാന്‍ വളരെയധികം വിഷമിച്ചു. ദൈവമേ എന്തൊരു വേദനയാണിത്’-അദീം പറയുന്നു.

40 വര്‍ഷമായി ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അദീം. 15 വര്‍ഷമായി എ.എഫ്.പിയില്‍ ജോലി ചെയ്യുന്നു. ഈ വര്‍ഷക്കാലയളവില്‍ കണ്ട ഏറ്റവും ദുരന്തപൂര്‍ണ്ണമായ കാഴ്ചയാണ് ഇതെന്ന് അദീം പറഞ്ഞു. ആഗോള മാധ്യമങ്ങളുടെ മുന്‍ പേജുകളില്‍ തന്നെ ഈ ചിത്രം അച്ചടിച്ചുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലും നിരവധിപേരാണ് ഈ പിതാവിന്റെ ചിത്രം പങ്കുവെച്ചത്.

തുർക്കി-സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 25000 കടന്നിരിക്കുകയാണ്. തുർക്കി നഗരമായ ജൻദാരിസിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. സിറിയയിൽ വിമതരുടെ അധീനതയിലുള്ള നഗരങ്ങളിലാണ് നാശനഷ്ടം കൂടുതലും. ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടതിന്റെ വേദനയാണ് സിറിയയിൽ നിന്നും തുർക്കിയിൽ നിന്നും ഉയരുന്നത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണ്. അതിനിടെ രക്ഷാപ്രവർനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തുന്നുണ്ട്.

തെരച്ചിൽ വിചാരിച്ചത്ര കാര്യക്ഷമമാക്കാൻ സാധിക്കുന്നില്ലെന്ന് ആദിയമാൻ പ്രവിശ്യ സന്ദർശിച്ച തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. സഹായം എത്തിക്കാൻ സിറിയയിൽ അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. സിറിയയിൽ 5.3 ദശലക്ഷം ആളുകൾക്ക് വീട് നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. വടക്കുപടിഞ്ഞാറൻ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് അനുമതി നൽകിയതായി സിറിയൻ സർക്കാർ വ്യക്തമാക്കി.

യു.എ.ഇ തുർക്കിയിലേക്കും സിറിയയിലേക്കും സഹായത്തിനായി ഇതുവരെ അയച്ചത് 27 വിമാനങ്ങളാണ്. രക്ഷാപ്രവർത്തനത്തിന് യുഎന്നിന്റെ ആദ്യ സംഘം ഇന്നലെ സിറിയയിലെത്തി. തു‍ർക്കിക്ക് ലോകബാങ്കും സഹായധനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും വർധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയടക്കം കണക്കുകൂട്ടുന്നത്.

അതേസമയം, തുർക്കിയിലുടനീളമുള്ള റസ്റ്റോറന്റ് ഉടമകൾ സജീവമായി ദുരിതബാധിതർക്ക് ചൂടുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നായ ഹതേയിൽ വെള്ളിയാഴ്ച ചോറും കബാബും മറ്റ് ഭക്ഷണ സാധനങ്ങളും അവർ വിതരണം ചെയ്തു.

Tags:    
News Summary - Father refuses to let go of daughter's hand who was crushed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.