റോഹിങ്ക്യ: മാനവികതക്കെതിരായ കുറ്റകൃത്യമെന്ന് ആംനസ്റ്റി

ലണ്ടന്‍: മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ ഭരണകൂടപിന്തുണയോടെ നടത്തുന്ന അതിക്രമങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. റോഹിങ്ക്യന്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ മ്യാന്മര്‍ ഭരണകൂടം ആസിയാന്‍ രാജ്യങ്ങളിലെ പ്രതിനിധികളെ പ്രത്യേക യോഗത്തിന് വിളിച്ചുചേര്‍ത്ത പശ്ചാത്തലത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനമായ ആംനസ്റ്റി ഇക്കാര്യം അറിയിച്ചത്. മ്യാന്മര്‍ സൈന്യം റോഹിങ്ക്യകള്‍ക്കെതിരായി തുടരെ ആസൂത്രിത ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റമായി പരിഗണിക്കുമെന്നും ദക്ഷിണേഷ്യ മനുഷ്യാവകാശ സംരക്ഷണ ഗ്രൂപ് ഡയറക്ടര്‍ റഫന്‍റി ജമിന്‍ പ്രസ്താവനയില്‍ അറിയിച്ചു.

വിഷയം ചര്‍ച്ചചെയ്യാനായി ആസിയാന്‍ രാജ്യങ്ങളിലെ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) പ്രതിനിധികളെ പ്രത്യേക ചര്‍ച്ചക്കായി മ്യാന്മര്‍ നേതാവ് ഓങ്സാന്‍ സൂചിയാണ് ക്ഷണിച്ചത്. റോഹിങ്ക്യന്‍ വിഷയം പരിഹരിക്കാന്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്കു പുറമെ ആസിയാന്‍ രാജ്യങ്ങളും പ്രത്യേകം സമ്മര്‍ദം ചെലുത്തിയിരുന്നു. റോഹിങ്ക്യന്‍ പ്രശ്നങ്ങള്‍ എന്താണെന്ന് ആസിയാന്‍ രാജ്യങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് യോഗത്തിന്‍െറ ഉദ്ദേശ്യമെന്ന് മ്യാന്മര്‍ അറിയിച്ചു.
ഒക്ടോബര്‍ ഒമ്പതിന് നടന്ന പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനുശേഷം 400ഓളം റോഹിങ്ക്യകള്‍ സൈനിക അടിച്ചമര്‍ത്തലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, ആക്രമണത്തില്‍ 17 പൊലീസ് ഓഫിസര്‍മാരും 76 ആക്രമണകാരികളും മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നാണ് ഭരണകൂടം പറയുന്നത്.

നേരത്തേ ആക്രമണത്തിനെതിരെ കൂട്ട വംശഹത്യയാണ് നടക്കുന്നതെന്നാരോപിച്ച് മലേഷ്യ രംഗത്തത്തെിയിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പാര്‍ലമെന്‍റില്‍ പ്രത്യേകം വിഷയത്തെ പരാമര്‍ശിച്ച് സംസാരിച്ചിരുന്നു. 2012ലാണ് മ്യാന്മറിലെ പടിഞ്ഞാറന്‍ മേഖലയായ രാഖൈനിലെ റോഹിങ്ക്യകള്‍ക്കെതിരെ ബുദ്ധതീവ്രവാദികളുടെ ആക്രമണം രൂക്ഷമാവുന്നത്. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. റോഹിങ്ക്യകള്‍ക്കെതിരായ ആക്രമണങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ധിക്കുന്നതായി യു.എന്‍ നേരത്തേ പ്രസ്താവനയിറക്കിയിരുന്നു.

Tags:    
News Summary - rohingya muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.