ബര്‍ലിന്‍ ആക്രമണം: പ്രതിയെന്നു കരുതുന്നയാള്‍ ഇറ്റലിയില്‍ വെടിയേറ്റു മരിച്ചു

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഭീകരാക്രമണക്കേസില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന തുനീഷ്യന്‍ പൗരന്‍ അനീസ് അംരി ഇറ്റലിയില്‍ വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്.  ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി മാര്‍കോ മിനിതി ഇതുസംബന്ധിച്ച് വാര്‍ത്തസമ്മേളനം വിളിച്ചു.കൊല്ലപ്പെട്ടത് അംരി തന്നെയാണെന്നതില്‍ സംശയമില്ല. വടക്കന്‍ ഇറ്റാലിയന്‍ നഗരമായ മിലാനില്‍ പൊലീസിന്‍െറ പതിവ് പ്രഭാത പട്രോളിങ്ങിനിടെയാണ് അംരിക്ക് വെടിയേറ്റതെന്ന് അദ്ദേഹം പറഞ്ഞു.

കാല്‍ നടയായി സഞ്ചരിക്കുകയായിരുന്ന അംരിയെ സംശയത്തിന്‍െറ അടിസ്ഥാനത്തില്‍ വാഹനം നിര്‍ത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ പോക്കറ്റില്‍ നിന്ന് തോക്കെടുത്ത് പൊലീസുകാര്‍ക്കെതിരെ വെടിവെച്ചു.
വെടിവെപ്പില്‍ രണ്ട്  പൊലീസുകാര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അംരിയുടെ കൂട്ടാളികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

വെടിവെക്കാന്‍ ഉപയോഗിച്ചു തോക്കും പരിശോധിക്കുന്നുണ്ട്. ഇതേ തോക്കുപയോഗിച്ചാണ് ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. അംരിയെ കൊലപ്പെടുത്തിയ വിവരമറിഞ്ഞ് ജര്‍മനി ഇറ്റാലിയന്‍ അധികൃതര്‍ക്ക് നന്ദിപറഞ്ഞു. ഡെന്മാര്‍ക്കില്‍ ആക്രമിക്കായി പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് സംഭവം. അക്രമിയോട് സാമ്യമുള്ള ഒരാള്‍ ആല്‍ബോര്‍ഗിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.

കറുത്ത തൊപ്പി ധരിച്ച 20നും 30നുമിടെ പ്രായമുള്ള കറുത്ത താടിയുള്ള ആളെയാണ് പൊലീസ് തെരച്ചത്.  ഇയാള്‍ കറുത്തബാഗും ധരിച്ചിരുന്നു. അംരിയുടെ വിരലടയാളവും ആക്രമണം നടത്തിയ ട്രക്കില്‍നിന്ന് ലഭിച്ച അടയാളങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന് കണ്ടത്തെിയിരുന്നു.

തുടര്‍ന്ന് ആക്രമിക്കായി അന്വേഷക സംഘം യൂറോപ്പിലുടനീളം തെരച്ചില്‍ നടത്തി. അതിനിടെ, ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊസോവോയില്‍നിന്നുള്ള സഹോദരങ്ങളാണ് പിടിയിലായത്.   
തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 12 പേരാണ് മരിച്ചത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

Tags:    
News Summary - Berlin market attack suspect killed in Milan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.