ഇറാനെതിരായ യു.എസ് ഉപരോധത്തിൽ യൂറോപ്യൻ യൂണിയനും പങ്കാളികളാകുന്നു; 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' ശക്തിപ്പെടുത്തി പാശ്ചാത്യ രാജ്യങ്ങൾ

വാഷിങ്ടൺ: ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക ആരംഭിച്ച 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' പദ്ധതിയിൽ യൂറോപ്യൻ യൂണിയനും ഔദ്യോഗികമായി പങ്കാളികളായി. ഡോണൾഡ് ട്രംപ് ഭരണകൂടം ഇറാനെതിരെ നടത്തുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സ്വാഗതം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിൽ യൂറോപ്യൻ യൂണിയൻ കൈക്കൊണ്ട ഈ നയതന്ത്ര തീരുമാനം തികച്ചും നിർണ്ണായകമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ആഗോള സാമ്പത്തിക വ്യവസ്ഥ ദുരുപയോഗം ചെയ്ത് അണുവായുധ ശേഖരവും ഭീകരവാദ പ്രവർത്തനങ്ങളും വളർത്താൻ ഇറാൻ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് സ്കോട്ട് ബെസന്റ് അവകാശപ്പെട്ടു. 'ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണമായും അടക്കുന്നത് വരെ ലോകരാജ്യങ്ങൾ വിശ്രമിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ കൂട്ടുകെട്ടിലൂടെ നൽകുന്നത്,' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കാനും റഷ്യക്ക് നൽകുന്ന സൈനിക സഹായങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് യൂറോപ്യൻ യൂണിയൻ യു.എസ് സഖ്യത്തിൽ ചേർന്നിരിക്കുന്നത്.

അതേസമയം, സാമ്പത്തിക ഉപരോധങ്ങളിലൂടെ കടുത്ത സമ്മർദ്ദം ചെലുത്തുമ്പോൾ തന്നെ, നയതന്ത്ര ചർച്ചകളിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും മേഖലയിൽ സ്ഥിരത കൈവരിക്കാനാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര എണ്ണക്കടത്തിന് ഭീഷണിയാകുന്ന രീതിയിൽ ഹുർമുസ് കടലിടുക്കിൽ ഇറാൻ സൃഷ്ടിക്കുന്ന തടസ്സങ്ങൾ നീക്കാനും കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കാനും ശക്തമായ നീക്കങ്ങൾ ഉണ്ടാകുമെന്നും യൂറോപ്യൻ യൂണിയൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനും അവരുടെ ബാലിസ്റ്റിക് മിസൈൽ, ആണവ പദ്ധതികൾ തകർക്കാനുമായി ഇസ്രായേലും അമേരിക്കയും ചേർന്ന് ഈ വർഷം ഫെബ്രുവരി 28-നാണ് ഈ യുദ്ധം ആരംഭിച്ചത്. ഏപ്രിൽ മാസത്തിൽ ഇരുവിഭാഗവും വെടിനിർത്തലിൽ ഏർപ്പെടുകയും, ജൂണിൽ ഒരു ഇടക്കാല കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നുവെങ്കിലും, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് ആ കരാർ തകരുകയായിരുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇറാൻ ഈ ജലപാത ഉപരോധിക്കുകയും, അമേരിക്ക തിരിച്ചടിക്കുകയും ചെയ്തിരുന്നു.

പിന്നാലെ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെ ഇറാനെ കീഴടക്കാനാണ് പുതിയ ഉപരോധം ലക്ഷ്യമിടുന്നതെന്ന് യു.എസ് അവകാശപ്പെട്ടു. പുതിയ സാമ്പത്തിക ഉപരോധം വഴി ഇറാൻ ഭരണകൂടത്തെ സഹായിക്കുന്നതായി ആരോപിക്കപ്പെടുന്ന 60 സ്ഥാപനങ്ങൾ, കപ്പലുകൾ, വ്യക്തികൾ എന്നിവർക്കും എണ്ണ വരുമാനത്തിനും പുറമേ, ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിങ് എന്നീ അഞ്ച് നിർണായക മേഖലകളെ നടപടി ലക്ഷ്യമിടും.

Tags:    
News Summary - EU officially joins US-led 'Operation Economic Outcast' against Iran, says Treasury Secretary Scott Bessent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.