'മതസൗഹാര്‍ദ സംഗമമെന്ന് പറഞ്ഞ് കബളിപ്പിച്ചു; മോഹൻ ഭാഗവതാണ് മുഖ്യാതിഥിയെന്ന് അറിഞ്ഞിരുന്നെങ്കിൽ പങ്കെടുക്കില്ലായിരുന്നു'- വഞ്ചിക്കപ്പെട്ടതായി അമേരിക്കൻ മതനേതാക്കൾ

ന്യൂയോർക്ക്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്തിനൊപ്പം അമേരിക്കയിൽ നടന്ന ചടങ്ങിൽ വേദി പങ്കിട്ട പ്രമുഖ മതനേതാക്കൾ തങ്ങളെ സംഘാടകര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്ത്. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ‘വൺ വേൾഡ് വൺ ഹ്യൂമാനിറ്റി’ എന്ന പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുക്കുമെന്ന കാര്യം സംഘാടകർ തങ്ങളിൽ നിന്ന് ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്ന് അമേരിക്കൻ മത നേതാക്കളായ റവ. ആഡ്രിയൻ തോർണും ഇമാം ശംസി അലിയും തുറന്നടിച്ചു.

വിവിധ മതങ്ങൾ തമ്മിലുള്ള സമാധാനത്തെയും സഹകരണത്തെയും കുറിച്ചുള്ള സംഗമമാണെന്ന് പറഞ്ഞാണ് ന്യൂയോർക്കിലെ റിവർസൈഡ് ചർച്ച് സീനിയർ മിനിസ്റ്ററായ റവ. ആഡ്രിയൻ തോർണിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതോ മറ്റ് ഭാരവാഹികളോ ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന ഒരു സൂചനയും സംഘാടകർ നൽകിയിരുന്നില്ലെന്ന് അവർ പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിലും വിവേചനങ്ങളിലും ആർ.എസ്.എസിന്റെ പങ്ക് വ്യക്തമാക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ച തോർൺ, ഈ യാഥാർത്ഥ്യങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി. മോഹൻ ഭാഗവതാണ് മുഖ്യാതിഥിയെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ താൻ ഈ പരിപാടിയിൽ പങ്കെടുക്കില്ലായിരുന്നുവെന്ന് അവർ വ്യക്തമാക്കി. അതേസമയം, ചടങ്ങിലെ തന്റെ സാന്നിധ്യം ആർ.എസ്.എസിന്റെ ആശയങ്ങളെയോ ഹിന്ദുത്വരാഷ്ട്രീയത്തെയോ പിന്തുണയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടത് തോർൺ തള്ളിക്കളഞ്ഞു. ക്രൈസ്തവ, മുസ്ലീം, ജൂത മേധാവിത്വങ്ങളെ എങ്ങനെയാണോ എതിർക്കുന്നത്, അതുപോലെതന്നെ ഹിന്ദു മേധാവിത്വത്തെയും താൻ എതിർക്കുന്നുവെന്ന് അവർ തുറന്നടിച്ചു.

സമാനമായ രീതിയിൽ കടുത്ത വിമർശനവുമായി ന്യൂയോർക്കിലെ പ്രമുഖ ഇന്റർഫെയ്ത്ത് നേതാവായ ഇമാം ശംസി അലിയും രംഗത്തെത്തി. അന്തർമത സൗഹൃദ സംഗമമെന്ന് പറഞ്ഞ് ക്ഷണിച്ചുവരുത്തി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗ ഇന്റർനാഷണൽ യു.എസിലെ ഭാവ ജെയ്ൻ, ദിലീപ് ജി കുമാർ എന്നിവരുടെ ക്ഷണപ്രകാരമാണ് താൻ പരിപാടിയിൽ എത്തിയത്. എന്നാൽ മോഹൻ ഭാഗവതാണ് ചടങ്ങിന്റെ കേന്ദ്ര ബിന്ദുവെന്ന് സംഘാടകർ മറച്ചുവെച്ചു. മോഹൻ ഭാഗവത് സമാധാനത്തെക്കുറിച്ച് സംസാരിച്ചെങ്കിലും, ഇന്ത്യയിലെ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരിടേണ്ടിവരുന്ന യഥാർത്ഥ ദുരവസ്ഥയ്ക്ക് വിരുദ്ധമായ വെറും പൊള്ളയായ വാക്കുകൾ മാത്രമായിരുന്നു അതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ അനുഭവം ഒരു വലിയ തെറ്റായ ജഡ്ജ്മെന്റായി പോയെന്നും വഞ്ചിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ വിദ്വേഷ രാഷ്ട്രീയവും വംശീയ അജണ്ടകളും ലോകത്തിന് മുന്നിൽ നിന്ന് മറച്ചുപിടിക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി സാഗരിക ഘോസ് പ്രതികരിച്ചു. മോഹൻ ഭാഗവതിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ആളുകളെ നിർബന്ധിക്കേണ്ടി വന്നതും, പങ്കെടുക്കാൻ എത്തിയവർ പോലും പിന്നീട് സത്യം മനസ്സിലാക്കി പിന്മാറുന്നതും ലജ്ജാകരമാണെന്ന് പ്രമുഖ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയും അഭിപ്രായപ്പെട്ടു.

Tags:    
News Summary - 'മതസൗഹാര്‍ദ സംഗമമെന്ന് പറഞ്ഞ് കബളിപ്പിച്ചു; മോഹൻ ഭാഗവതാണ് മുഖ്യാതിഥിയെന്ന് അറിഞ്ഞിരുന്നെങ്കിൽ പങ്കെടുക്കില്ലായിരുന്നു'- വഞ്ചിക്കപ്പെട്ടതായി അമേരിക്കൻ മതനേതാക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.