'ഞങ്ങൾ മറ്റുള്ളവരുടെ അടിമകളാണോ?': കെനിയയിൽ ടാറ്റ കെമിക്കൽസിന്റെ പ്രവർത്തനം നിർത്താനാവശ്യപ്പെട്ട് പ്രസിഡന്റ്

 നൈറോബി: ഇന്ത്യൻ കമ്പനിയായ ടാറ്റ കെമിക്കൽസിനോട് കെനിയയിലെ പ്രവർത്തനം ഉടനടി നിർത്തിവെക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് വില്യം റൂട്ടോ. കമ്പനിയുടെ സാന്നിധ്യം കൊണ്ട് രാജ്യത്തിന് യാതൊരുവിധ സാമ്പത്തിക നേട്ടവുമുണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് റൂട്ടോയുടെ ഈ കടുത്ത നടപടി. 'നമ്മൾ മറ്റുള്ളവരുടെ അടിമകളാണോ?' എന്ന് പരസ്യമായി ചോദിച്ചുകൊണ്ടാണ് പ്രസിഡന്റ് കമ്പനിക്കെതിരെ നിലപാട് കടുപ്പിച്ചത്.

ടാറ്റ കെമിക്കൽസ് നിലവിൽ കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി പുതിയ രണ്ട് കമ്പനികളെ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുണ്ട്. ഇതുവഴി പ്രകൃതിവിഭവങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് പകരം പ്രാദേശികമായി വ്യവസായങ്ങൾ വളർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കെനിയയിലെ കാജിയാഡോ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ടാറ്റ കെമിക്കൽസ് പ്രാദേശികമായി നിർമാണ ശാലകളോ വ്യവസായ വളർച്ചയോ ഉണ്ടാക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടുവെന്ന് വില്യം റൂട്ടോ കുറ്റപ്പെടുത്തി. കാജിയാഡോയിൽ നൂറു വർഷത്തോളമായി ടാറ്റ കമ്പനിക്ക് കരാർ ഉണ്ടായിരുന്നുവെന്നും, എന്നാൽ അവിടെ ഒരു ഫാക്ടറി പോലും പണിയാൻ അവർ തയാറായില്ലെന്നും റൂട്ടോ ചൂണ്ടിക്കാട്ടി. ഇതിന് പകരമായി പുതിയ കമ്പനികളെ എത്തിച്ച് കാജിയാഡോയിൽ വലിയൊരു ഗ്ലാസ് നിർമാണ ശാലയും കെമിക്കൽ ഫാക്ടറിയും സ്ഥാപിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ടാറ്റ കെമിക്കൽസിന്റെ കെനിയൻ വിഭാഗത്തോട് 'മഗാഡി സോഡ' ഫാക്ടറിയിലെ പ്രവർത്തനങ്ങളും സോഡാ ആഷ് കയറ്റുമതിയും നിർത്തിവെക്കാൻ കെനിയൻ സർക്കാർ ജൂലൈ അവസാനത്തോടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് തുടർച്ചയായാണ് ഇപ്പോൾ സമ്പൂർണ്ണ നിരോധന നീക്കം. ഗ്ലാസ് നിർമാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സോഡാ ആഷ് ഉൽപാദിപ്പിക്കുന്ന പ്രമുഖ കേന്ദ്രമാണ് മഗാഡി സോഡ. അതേസമയം, പ്രസിഡന്റിന്റെ ഈ കർശനമായ തീരുമാനത്തിലും വിമർശനങ്ങളിലും ടാറ്റ കെമിക്കൽസ് ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല. 

Tags:    
News Summary - Kenyan President orders Tata Chemicals to halt operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.