ചരിത്രത്തിലെ ഏറ്റവും ശക്തമായ 'സൂപ്പർസൈസ്ഡ്' എൽ നിനോ വരുന്നു; പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയെന്ന് യു.എൻ മുന്നറിയിപ്പ്
ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ 'എൽ നിനോ' പ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന. 2027 ഫെബ്രുവരി വരെ ഈ പസഫിക് സമുദ്ര പ്രതിഭാസം ശക്തമായി തുടരാൻ 100 ശതമാനത്തോളം സാധ്യതയുണ്ടെന്നും, അത് ആഗോളതലത്തിൽ അതിരൂക്ഷമായ പ്രകൃതിദുരന്തങ്ങൾക്ക് വഴിതുറക്കുമെന്നും യു.എൻ ഏജൻസി മുന്നറിയിപ്പ് നൽകി.
സാധാരണഗതിയിൽ രണ്ട് മുതൽ ഏഴ് വർഷത്തിനിടെ രൂപപ്പെടാറുള്ള എൽ നിനോ പ്രതിഭാസം, സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി ഉയരുന്നതാണ്. നിലവിലെ വിവരങ്ങൾ വെച്ച് പരിശോധിക്കുമ്പോൾ 1950-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ നാല് എൽ നിനോകളിൽ ഒന്നാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ താപനില സാധാരണ നിലയേക്കാൾ 2 ഡിഗ്രി സെൽഷ്യസിലധികം ഉയർന്ന നിലയിലാണ്. "നമ്മുടെ നിരീക്ഷണ ചരിത്രത്തിലെ എല്ലാ കണക്കൂട്ടലുകളും തെറ്റിക്കുന്ന തരത്തിലാണ് ഈ എൽ നിനോ വളരുന്നത്,"- ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറൽ സെലസ്റ്റെ സോലോ വ്യക്തമാക്കി.
ആഗോള താപനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കാരണം സമുദ്രങ്ങൾ ചൂടുപിടിക്കുന്നത് എൽ നിനോയുടെ വീര്യം ഇരട്ടിയാക്കുന്നുണ്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. "നമ്മുടെ കണ്ണുകൾക്ക് മുന്നിൽ എൽ നിനോ പ്രതിഭാസം ഒരു കൂറ്റൻ ഭീമനായിമാറുകയാണ്. ഭൂമി ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്," - അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ അമേരിക്കയിൽ കടുത്ത വരൾച്ചക്കും കൃഷിനാശത്തിനും ഇത് ഇതിനകം തന്നെ കാരണമായിട്ടുണ്ട്.
ഈ വർഷം അവസാനത്തോടെ എൽ നിനോ അതിന്റെ പരമാവധി ശക്തിയിലെത്തുമെങ്കിലും, ഇതിന്റെ പ്രത്യാഘാതങ്ങൾ 2027 വരെ നീണ്ടുനിൽക്കും. ഇത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2027-നെ മാറ്റിയേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. മുൻകൂട്ടിയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, വരൾച്ചയെ പ്രതിരോധിക്കുന്ന വിളകളിലേക്ക് മാറാനും രാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.