ഇന്ത്യൻ കമ്പനിയുമായി ആയുധ ഇടപാട് അഴിമതി; എസ്റ്റോണിയൻ പ്രതിരോധ മന്ത്രി രാജിവച്ചു

ടാലിൻ: ഇന്ത്യൻ കമ്പനിയുമായുള്ള ആയുധ ഇടപാട് വിവാദമായതിനെത്തുടർന്ന് എസ്റ്റോണിയൻ പ്രതിരോധ മന്ത്രി ഹന്നോ പെവ്കുർ രാജിവച്ചു. ഉക്രെയ്നെ പിന്തുണയ്ക്കാൻ ഇന്ത്യൻ കമ്പനിയിൽ നിന്ന് എസ്റ്റോണിയ 70 ദശലക്ഷം യൂറോയുടെ (768.50 കോടിയിലധികം രൂപ) വെടിമരുന്ന് വാങ്ങാൻ നടത്തിയ ഇടപാടാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ആയുധ ഇടപാട് നടത്തിയ ഇന്ത്യൻ കമ്പനിക്ക് പീരങ്കി ഷെല്ലുകൾ വിറ്റ മുൻപരിചയം ഇല്ലായിരുന്നു. എസ്റ്റോണിയൻ നാഷണൽ ഓഡിറ്റ് ഓഫീസിന്റെ കണ്ടെത്തലുകളാണ് രാജ്യത്ത് വൻ വിവാദമായ അഴിമതി പുറത്തുകൊണ്ടുവന്നത്.

2024-ൽ ഇന്ത്യയുടെ നെക്കോ ഡിഫൻസ് മ്യൂണിഷൻസ് ഏറ്റെടുത്ത, ഇറ്റലിയിൽ രജിസ്റ്റർ ചെയ്ത ഡാറ്റാസെൽ എസ്‌.ആർ.എൽ (Datasel SRL) എന്ന കമ്പനിയുമായി എസ്റ്റോണിയയുടെ സെന്റർ ഫോർ ഡിഫൻസ് ഇൻവെസ്റ്റ്മെന്റ്സ് ഒപ്പുവെച്ച കരാറാണ് വിവാദമായിരിക്കുന്നത്.

യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ പീസ് ഫെസിലിറ്റിയിൽ നിന്നുള്ള പണമാണ് ഈ ഇടപാടിനായി എസ്റ്റോണിയ ഉപയോഗിച്ചതെന്ന് എസ്റ്റോണിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിക്ക് മുൻകൂറായി ഏകദേശം 70 ദശലക്ഷം യൂറോ എസ്റ്റോണിയ നൽകിയിരുന്നു. തവണകളായാണ് മുൻകൂർ പണം കൈമാറിയത്.

എന്നാൽ വെടിമരുന്ന് ഉക്രെയ്നിൽ എത്തിക്കുന്നത് വൈകി. 2025 അവസാനത്തിൽ വെടിമരുന്ന് ലഭിച്ചപ്പോൾ, അത് ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതിന് പിന്നാലെ എസ്റ്റോണിയ കരാർ റദ്ദാക്കുകയായിരുന്നു. കരാറുകൾ റദ്ദാക്കുന്നതിന് മുമ്പ് 59 ദശലക്ഷം യൂറോയുടെ വെടിമരുന്ന് എസ്റ്റോണിയക്ക് നൽകിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.

ആയുധ ഇടപാടിന് യൂറോപ്യൻ യൂണിയൻ ഫണ്ട് ഉപയോഗിച്ചതും വിവാദമായിട്ടുണ്ട്. ഇതിൽ വിശദീകരണം തേടി യൂറോപ്യൻ കമ്മീഷൻ എസ്റ്റോണിയൻ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉക്രെയ്നെ ശക്തമായി പിന്തുണയ്ക്കുന്ന രാജ്യമാണ് എസ്റ്റോണിയ. യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ഭാഗമായ ഈ രാജ്യം റഷ്യയുമായി അതിർത്തി പങ്കിടുന്നുമുണ്ട്.

Tags:    
News Summary - Estonia minister quits amid scandal over arms deal with Indian firm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.