‘അഡിഡാസ്’ പരസ്യത്തിൽ ഗസ്സ വംശഹത്യയിൽ പങ്കെടുത്ത സൈനികൻ; ബ്രാൻഡിനെതിരെ ആഗോള ബഹിഷ്കരണാഹ്വാനം

ലണ്ടൻ: ഗസ്സയിൽ ആക്രമണം നടത്തിയ ഇസ്രായേൽ സൈനികനെ തങ്ങളുടെ പുതിയ പരസ്യ പ്രചാരണത്തിൽ ഉൾപ്പെടുത്തിയ പ്രമുഖ കായിക വസ്ത്ര-ഉപകരണ നിർമാതാക്കളായ അഡിഡാസിനെതിരെ ആഗോളതലത്തിൽ രൂക്ഷവിമർശനവും ബഹിഷ്കരണാഹ്വാനവും. കാലുകൾ നഷ്ടപ്പെട്ടവർക്കായി ഒരു ഷൂ മാത്രം പകുതി വിലയ്ക്ക് വാങ്ങാൻ അവസരമൊരുക്കുന്ന 'സിംഗിൾ ഷൂ സർവീസ്' എന്ന കാമ്പയിനിലാണ് ഇസ്രായേൽ സൈനികനായ ഷാലേവ് ബിറ്റോണിനെ അഡിഡാസ് പങ്കാളിയാക്കിയത്.

2021-ൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ നടത്തിയ ശക്തമായ സൈനിക ആക്രമണത്തിനിടെയാണ് ഇയാൾക്ക് ഒരു കാൽ നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് ഫലസ്തീനികളുടെ മരണത്തിനും അനേകരുടെ അംഗവൈകല്യത്തിനും കാരണമായ സൈന്യത്തിന്റെ ഭാഗമായിരുന്ന ഒരാളെ ഇരയായും അതിജീവനത്തിന്റെ പ്രതീകമായും അവതരിപ്പിച്ച് 'മാനുഷിക മുഖം' നൽകാനാണ് അഡിഡാസ് ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകരും ഫലസ്തീൻ അനുകൂല സംഘടനകളും ആരോപിച്ചു.

ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിലും വെടിവെപ്പുകളിലും ആയിരക്കണക്കിന് ഫലസ്തീനി കുട്ടികൾക്കും സാധാരണക്കാർക്കും അവയവങ്ങൾ നഷ്ടപ്പെട്ട് ജീവിതം തകർന്നുപോയ യാഥാർത്ഥ്യം നിലനിൽക്കെ, അക്രമത്തിന് പങ്കാളിയായ സൈനികനെ ഉയർത്തിക്കാട്ടുന്നത് അനീതിയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ അഡിഡാസ് ബഹിഷ്കരണ കാമ്പയിൻ വീണ്ടും ശക്തമായിട്ടുണ്ട്. സംഭവം വലിയ വിവാദമായെങ്കിലും വിഷയത്തിൽ അഡിഡാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മുന്നേ ഫലസ്തീൻ മോഡൽ ബെല്ല ഹദീദിനെ പരസ്യത്തിൽ ഉൾപ്പെടുത്തിയത് ഇസ്രായേൽ വിവദമാക്കുകയും അഡിഡാസ് പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു. ഫലസ്തീൻ അവകാശങ്ങൾക്കുവേണ്ടിയും ഗസ്സക്കെതിരായുള്ള ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടി ശബ്ദമുയർത്തുന്നുന്ന മോഡലാണ് ബെല്ല ഹദീദ്.

Tags:    
News Summary - Adidas Faces Backlash Over Ad Featuring Israeli Soldier Wounded in Gaza Assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.