'അഞ്ചിൽ ഒരു കുട്ടിക്ക് ഭീഷണി'; ഒരു വർഷത്തിനിടെ രണ്ട് കോടി കുട്ടികൾ ഓൺലൈനിൽ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് യുണിസെഫ്

ജനീവ: ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ നേരിടുന്ന സുരക്ഷാ ഭീഷണികൾ അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമ സംഘടനയായ യുണിസെഫ്. 21 രാജ്യങ്ങളിലായി ഒരു വർഷത്തിനിടെ രണ്ട് കോടിയോളം കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ലൈംഗിക ചൂഷണത്തിനോ അതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് യുണിസെഫ് പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഭൂരിഭാഗം സംഭവങ്ങളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ടിക്​ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അരങ്ങേറിയത്.

ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ 12 നും 17 നും ഇടയിൽ പ്രായമുള്ള ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളിൽ അഞ്ചിൽ ഒരാൾ വീതം ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. 1.5 കോടി കുട്ടികൾ അശ്ലീല ഉള്ളടക്കങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരായപ്പോൾ, 90 ലക്ഷം കുട്ടികൾ ലൈംഗിക സംഭാഷണങ്ങളിലേക്കോ ചിത്രങ്ങൾ കൈമാറുന്നതിനോ വിധേയരായി. 40 ലക്ഷം കുട്ടികളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, നിർമ്മിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് ഡീപ്‌ഫേക്ക് രീതിയിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്ന പുതിയ പ്രവണതയും അതിവേഗം പടരുന്നതായി യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

ഓൺലൈൻ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണതയും സ്വയം മുറിവേൽപ്പിക്കാനുള്ള സാധ്യതയും നാല് മടങ്ങ് അധികമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. എന്നാൽ ഭയവും ലജ്ജയും കാരണം ഒരു ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമാണ് പോലീസിലോ ഹെൽപ്പ്‌ലൈനുകളിലോ പരാതിപ്പെടാൻ തയ്യാറാകുന്നത്. 57 ശതമാനം കേസുകളിലും കുട്ടികൾക്ക് നേരത്തെ പരിചയമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ പങ്കാളികളോ ആണ് അതിക്രമങ്ങൾക്ക് പിന്നിൽ എന്നത് ഞെട്ടലുളവാക്കുന്ന വസ്തുതയാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷ കർശനമാക്കാൻ ടെക് കമ്പനികളും സർക്കാരുകളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ ആവശ്യപ്പെട്ടു.

Tags:    
News Summary - UNICEF Estimates 20 Million Children Face Online Sexual Abuse in a Single Year: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.