ഒമ്പത് ദിവസത്തിന് ശേഷം പുതുജീവൻ; നേപ്പാൾ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി, കൂടുതൽ ശബ്ദങ്ങൾ കേട്ടതിൽ പ്രതീക്ഷ
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ജലവൈദ്യുത തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ തുരങ്കത്തിനുള്ളിൽനിന്ന് കൂടുതൽ ശബ്ദങ്ങൾ കേട്ടതായും കാണാതായ തൊഴിലാളികളിൽ ചിലർ ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷയും രക്ഷാപ്രവർത്തകർ പങ്കുവെച്ചു.
നേപ്പാൾ മിന്നൽ പ്രളയത്തിന് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ ജീവനോടെ കണ്ടെത്തിയത്. ആഗസ്റ്റ് 26നാണ് നേപ്പാളിൽ കനത്ത നാശം വിതച്ച് വൻ പ്രളയവും മണ്ണിടിച്ചിലുമുണ്ടായത്. വീടുകളും പാലങ്ങളും റോഡുകളും ജലവൈദ്യുത പദ്ധതികളും വ്യാപകമായി തകർന്നു. ത്രിശൂലി നദീതടത്തിലെ നിരവധി ജലവൈദ്യുത പദ്ധതികൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. നിരവധി തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങുകയും ചെയ്തു.
ത്രിശൂലി 3എ പദ്ധതിയിലെ തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് അകത്തുനിന്ന് മനുഷ്യരുടെ ശബ്ദം കേട്ടത്. ശബ്ദം കേട്ടതോടെ നേപ്പാൾ സൈന്യത്തിന്റെയും സായുധ പൊലീസ് സേനയുടെയും സംഘങ്ങൾ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയായിരുന്നു. തുരങ്കത്തിനുള്ളിലേക്ക് ചെളിയും പാറകളും മറ്റ് അവശിഷ്ടങ്ങളും കയറിയതിനാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമായിരുന്നു.
ശബ്ദം കേട്ടതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് രണ്ട് തൊഴിലാളികളെ പുറത്തെത്തിച്ചത്. മെക്കാനിക്കൽ ഫോർമാൻ സഞ്ജയ് സാഹയെയും മെക്കാനിക്കൽ സൂപ്പർവൈസർ കബീർ മഹാർജനെയുമാണ് തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. പ്രളയവും മണ്ണിടിച്ചിലുമുണ്ടായി ഒമ്പത് ദിവസത്തിന് ശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സഞ്ജയ് സാഹിന്റെ പരിക്ക് ഗുരുതരമല്ലെന്നും കബീർ മഹാർജന്റെ ശരീരത്തിലെ ചില ഭാഗങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ത്രിശൂലി നദീതടത്തിലെ വിവിധ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ കുടുങ്ങിയിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ചില തുരങ്കങ്ങളിൽ വായു ലഭിക്കുന്ന ഇടങ്ങളും വെള്ളം കയറാത്ത ഭാഗങ്ങളും ഉള്ളതിനാൽ കൂടുതൽ പേരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം. രക്ഷാപ്രവർത്തകർ തുരങ്കങ്ങളിലേക്ക് കടന്ന് ചെളിയും പാറകളും നീക്കം ചെയ്യുകയാണ്. തുരങ്കത്തിനുള്ളിൽ നിന്ന് ആളുകൾ സംസാരിക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്നും എൻജിനീയറും രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നിയമസഭാംഗവുമായ ശ്രീ റാം ന്യൂപാനെ പ്രത്യാശ പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സംഘങ്ങൾ തുരങ്കത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.