വാഷിംങ്ടൺ: യു.എസിനു പുറത്ത് നിർമിക്കുന്ന സിനിമകൾക്ക് 100ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള നിർദേശം ജെയിംസ് ബോണ്ട് സിനിമകളെ ബാധിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോണ്ട് ആരാധകർക്ക് ഉറപ്പ് നൽകി.
‘ജെയിംസ് ബോണ്ട് ഇതിൽ വിഷമിക്കേണ്ട ഒരു കാര്യവുമില്ലെന്ന്’ ട്രംപ് പത്രസമ്മേളനത്തിൽ പറഞ്ഞതായി യു.എസ് വിനോദ മാഗസിനായ ‘വെറൈറ്റി’ റിപ്പോർട്ട് ചെയ്തു. ‘നിങ്ങൾക്കറിയാമോ? ഷോൺ കോണറി എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം ഒരു മികച്ച വ്യക്തിയായിരുന്നു’ എന്നും ട്രംപ് പറഞ്ഞതായി വെറൈറ്റി റിപ്പോർട്ട് ചെയ്തു. ഇയാൻ ഫ്ലെമിംഗിന്റെ ബോണ്ട് നോവലുകളുടെ ചലച്ചിത്രാവിഷ്കാരങ്ങളിൽ ‘ഏജന്റ് 007’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ നടൻ ഷോൺ കോണറി ആയിരുന്നു. 2020 ഒക്ടോബർ 31 അദ്ദേഹം അന്തരിച്ചു.
അമേരിക്കക്ക് പുറത്ത് നിർമിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഹോളിവുഡ് സിനിമാ മേഖലയിൽ കരിനിഴൽ വീഴ്ത്തിയിരുന്നു. മറ്റ് രാജ്യങ്ങളുടെ ഏകീകൃത ശ്രമം മൂലമാണ് താരിഫുകൾ അനിവാര്യമായതെന്നും തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് അവകാശപ്പെട്ടു. വാണിജ്യ വകുപ്പ് ഏജൻസികൾ ഇത് നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.
താരിഫുകൾ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് വ്യാപിപ്പിക്കുമോ നിർമാണ ചെലവുകളും വരുമാനവും കണക്കാക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ആശയക്കുഴപ്പം വർധിച്ചുകൊണ്ടിരിക്കുമ്പോൾ സിനിമകൾക്ക് താരിഫ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല എന്ന് വൈറ്റ് ഹൗസ് പ്രസ്താവന പുറപ്പെടുവിച്ചു. നമ്മുടെ രാജ്യത്തിന്റെ ദേശീയവും സാമ്പത്തികവുമായ സുരക്ഷ സംരക്ഷിക്കുന്നതിനും ഹോളിവുഡിനെ വീണ്ടും മികച്ചതാക്കുന്നതിനുമുള്ള പ്രസിഡന്റ് ട്രംപിന്റെ നിർദേശം നടപ്പിലാക്കാനുള്ള എല്ലാ നടപടികളും ഭരണകൂടം പരിശോധിക്കുന്നതായി ഒരു വക്താവ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആമസോൺ എം.ജി.എം സ്റ്റുഡിയോസ്, ദീർഘകാല നിർമാതാക്കളായ ഇയോൺ പ്രൊഡക്ഷൻസിൽ നിന്ന് ജെയിംസ് ബോണ്ട് ഫിലിം ഫ്രാഞ്ചൈസിയുടെ കലാപരമായ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പുതിയ കരാർ പ്രകാരം ആമസോണിന് അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിന്റെ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നൽകുന്നുവെന്ന് ‘വെറൈറ്റി’യുടെ റിപ്പോർട്ട് പറയുന്നു. 1953ൽ ഇയാൻ ഫ്ലെമിംഗ് സൃഷ്ടിച്ച ജെയിംസ് ബോണ്ട്, 1962 മുതൽ ഹോളിവുഡ് ചലച്ചിത്ര മേഖലയുടെ ഒരു പ്രധാന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.