ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഇന്ത്യൻ വംശജ അനിത ആനന്ദ്. ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിലും താൽപര്യമില്ലെന്ന് അവർ വ്യക്തമാക്കി. ലിബറല്‍ പാര്‍ട്ടി തലവനായിരുന്ന ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച രാജിവെച്ചതിന് പിന്നാലെ ഇരു പദവികളിലേക്കും നിലവിൽ ഗതാഗത മന്ത്രിയായ അനിതയെ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അനിതക്കു മുമ്പ് വിദേശകാര്യ മന്ത്രി മെലാനി ജോളിയും ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കും മത്സരത്തിൽനിന്ന് വിട്ടുനിന്നിരുന്നു.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അനിത നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിനും കമ്യൂണിറ്റിക്കും അർഥവത്തായ സംഭാവന നൽകുന്നതിനാണ് രാഷ്ട്രീയ രംഗത്തെത്തിയത്. മന്ത്രിപദവി ജീവിതത്തിൽ കടുത്ത വെല്ലുവിളിയായിരുന്നു. വീണ്ടും പാർലമെന്റിലേക്ക് മത്സരിക്കാനില്ല. ലിബറൽ പാർട്ടിയുടെ നേതൃത്വത്തിലേക്കുമില്ല. അക്കാദമിക മേഖലയിലേക്കു മടങ്ങുകയാണ്. അടുത്ത തെരഞ്ഞെടുപ്പു വരെ നിലവിലെ ചുമതലയിൽ തുടരുമെന്നും അവർ പറഞ്ഞു. ട്രൂഡോക്കും പാർലമെന്റംഗങ്ങൾക്കും സ്വന്തം മണ്ഡലമായ ഓക്വില്ലയിലെ ജനങ്ങൾക്കും അനിത നന്ദി പറഞ്ഞു.
2019ൽ ഒന്റാറിയോയിലെ ഓക് വില്ലിൽനിന്നുള്ള എം.പിയായി രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ടൊറന്റോ സര്‍വകലാശാലയിലെ നിയമ പഠന വകുപ്പിൽ പ്രഫസര്‍ ആയിരുന്നു അനിത. യു.എസിലെ യേൽ യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് ലെക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള എസ്.വി. ആനന്ദിന്റെയും പഞ്ചാബുകാരിയായ സരോജ് രാമിന്റെയും മകളാണ് അനിത. 2021ല്‍ പ്രതിരോധമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.