ബശ്ശാര്‍ അധികാരമൊഴിയണമെന്ന് ഒബാമ

മനില: സിറിയയില്‍ നാലര വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് സ്ഥാനമൊഴിയണമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ.  സ്ഥാനമൊഴിയുന്ന പക്ഷം  ബശ്ശാര്‍ അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും ഒബാമ ആവശ്യപ്പെട്ടു. സിറിയയില്‍ അസദ് അധികാരത്തില്‍ തുടരുകയാണെങ്കില്‍ ആഭ്യന്തരയുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ബശ്ളാര്‍ അധികാരമൊഴിയണമെന്ന് സിറിയന്‍ ജനത ആഗ്രഹിക്കുന്നുണ്ട്.  ഇക്കാര്യം ബശ്ശാറിനെ പിന്തുണക്കുന്ന ഇറാനും റഷ്യയും മനസ്സിലാക്കണം. മനിലയില്‍ നടക്കുന്ന അപെക് വ്യാപാര ഉച്ചകോടിക്കിടെയായിരുന്നു ഒബാമയുടെ പ്രഖ്യാപനം. സിറിയയില്‍ ഐ.എസിനെതിരെ ആക്രമണത്തിന്  റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഒബാമയുടെ പ്രസ്താവന. ബശ്ശാറിനെ പുറത്താക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു റഷ്യ.
അതിനിടെ അടുത്ത വര്‍ഷത്തോടെ ഗ്വാണ്ടാനമോ തടവറയിലെ തടവുകാരുടെ എണ്ണം നൂറില്‍ താഴെയാക്കുമെന്നും  ഒബാമ വ്യക്തമാക്കി.  അതിന്‍െറ ഭാഗമായി തടവുകാരെ രാജ്യത്തെ മറ്റ് ജയിലുകളിലേക്കോ അല്ളെങ്കില്‍ മറ്റ് രാജ്യങ്ങളിലെ ജയിലുകളിലേക്കോ മാറ്റാനുള്ള നടപടികള്‍ വൈറ്റ്ഹൗസ് ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. നിലവില്‍ 107 തടവുകാരാണ് തടവറയിലുള്ളത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിനുശേഷം അമേരിക്ക തീവ്രവാദബന്ധമെന്ന് സംശയിക്കുന്നവരെയടക്കം ഗ്വാണ്ടാനമോ തടവറയില്‍ ക്രൂരമായ മര്‍ദനമുറകള്‍ക്ക് വിധേയമാക്കിയിരുന്നു. ലോകത്തിന്‍െറ വിവിധ കോണിലുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.ഗ്വാണ്ടാനമോ അടച്ചുപൂട്ടുമെന്നത് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
എന്നാല്‍ തടവറ അടച്ചുപൂട്ടുന്നതിനോട് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് കടുത്ത വിയോജിപ്പാണ്. അടച്ചുപൂട്ടല്‍ തീരുമാനവുമായി ഒബാമ മുന്നോട്ടുപോയാല്‍ തടയുമെന്നാണ് അവരുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.