പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം; ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി

ഇസ്‌ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം. പി.ടി.ഐ ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവരുന്നതിനിടെ, ബലൂചിസ്താൻ പ്രവിശ്യയിലെ പല ആർമി ചെക്ക് പോസ്റ്റുകളുടെയും നിയന്ത്രണം വിഘടനവാദികളായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയുടെ നിയന്ത്രണം പൂർണമായും ബി.എൽ.എ പിടിച്ചെടുത്തെന്നാണ് അവകാശവാദം.

കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ സൈന്യത്തിന് നേരെ ബലൂചിസ്താനിൽ വൻതോതിൽ ആക്രമണം നടന്നിരുന്നു. ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ, ബി.എൽ.എ മേഖലയിൽ വിമോചന സമരം ശക്തമാക്കി. വ്യാഴാഴ്ച രാത്രിയോടെ ബി.എൽ.എ ക്വറ്റ നിയന്ത്രണത്തിലാക്കുകയായിരുന്നു. ബലൂചിസ്താനിലെ വിഘനവാദം നേരത്തെ തന്നെ പാകിസ്താന് തലവേദനയായിരുന്നു. വിമത നീക്കത്തെ അടിച്ചമർത്താൻ പാക് സൈന്യം നിരന്തരമായി ശ്രമിച്ചുവന്നെങ്കിലും സമീപകാലത്ത് വലിയ തിരിച്ചടിയാണ് നേരിട്ടത്ത്. തുടർച്ചയായ ഐ.ഇ.ഡി ആക്രമണങ്ങളിൽ നിരവധി സൈനികർ കൊല്ലപ്പെട്ടു.

അതേസമയം ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിരികെ അധികാരത്തിൽ വരണമെന്നാണ് പി.ടി.ഐ ആവശ്യപ്പെടുന്നത്. അഴിമതി ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇമ്രാൻ ഖാൻ നിലവിൽ ജയിൽവാസം അനുഭവിച്ചുവരികയാണ്. നിലവിൽ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും മന്ത്രിമാരും തുടർച്ചയായി പ്രകോപനപരമായ പരാമർശങ്ങളുമായി രംഗത്തുവരുന്ന പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാൻ തിരികെ വരണമെന്ന് പി.ടി.ഐ ആവശ്യപ്പെടുന്നത്.

ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ഗ്രാമങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ട് പാകിസ്താൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലുമാണ് ഡ്രോൺ, ഷെൽ ആക്രമണങ്ങൾ നടത്തിയത്. വെള്ളിയാഴ്ച രാവിലെ ജയ്‍സാൽമീറിലെ ബി.എസ്.എഫ് ക്യാമ്പിന് നേരെയാണ് ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചത്. രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള ഉറി, ജമ്മു, ഉധംപൂർ, സാംബ, അഖ്നൂർ, നഗ്രോട്ട, പത്താൻകോട്ട് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്‍റെ ആക്രമണം. അമ്പതോളം ഡ്രോണുകളാണ് പാക് സൈന്യം തൊടുത്തുവിട്ടത്. ഇവ ഫലപ്രദമായി പ്രതിരോധിച്ചെന്ന് സൈന്യം അറിയിച്ചു.

Tags:    
News Summary - Amid India-Pakistan Conflict, BLA Captures Key Army Posts In Balochistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.