യു.എസിലെ മുസ്ലിം വിരുദ്ധ സംഘടനകള്‍ക്ക് ലഭിച്ചത് 1300 കോടി

കലിഫോര്‍ണിയ: 2008നും 2013നുമിടയില്‍ യു.എസിലെ മുസ്ലിംവിരുദ്ധ സംഘടനകള്‍ക്ക് 1300 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സും കലിഫോര്‍ണിയ സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ റേസ് ആന്‍ഡ് ജന്‍ഡറും സംയുക്തമായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മുസ്ലിംകള്‍ക്കെതിരെ വിദ്വേഷവും തെറ്റിദ്ധാരണയും പ്രചരിപ്പിക്കുന്ന യു.എസിലെ 33 സംഘടനകള്‍ക്കാണ് സംഭാവന ലഭിച്ചത്. 2013നും 2015നുമിടയില്‍ 10 സംസ്ഥാനങ്ങളില്‍ 81 ഇസ്ലാം വിരുദ്ധ ബില്ലുകളും ഭേദഗതികളും പാസാക്കി. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങളാണ് മിക്ക ബില്ലുകളും അവതരിപ്പിച്ചത്.
2015ല്‍ മുസ്ലിംകളെ ലക്ഷ്യം വെച്ച് 78 ആക്രമണങ്ങള്‍ നടന്നതായി രേഖപ്പെടുത്തി. 2014ല്‍ 20 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രം മുസ്ലിം പള്ളികള്‍ക്കുനേരെ 17 ആക്രമണങ്ങളുണ്ടായി. പാരിസിലും കാലിഫോര്‍ണിയയിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ മുസ്ലിംവിരുദ്ധ ആക്രമണങ്ങള്‍ യു.എസില്‍ വര്‍ധിച്ചിട്ടുണ്ട്. 2014ല്‍ ഏതാനും സംസ്ഥാനങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ മുസ്ലിംവിമുക്ത സ്ഥാപനങ്ങളായി സ്വയം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബോധവത്കരണത്തിലൂടെ മാത്രമേ സമൂഹത്തില്‍ വിവേചനങ്ങള്‍ അവസാനിപ്പിച്ച് സാമൂഹിക നീതി സ്ഥാപിക്കാനാവൂവെന്ന് റിപ്പോര്‍ട്ട് തയാറാക്കിയവരില്‍ ഒരാളായ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ഹാത്വിം ബസിയാന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.