കാഠ്മണ്ഡു: ജെൻ സി പ്രതിഷേധങ്ങൾക്ക് ശേഷം നേപ്പാളിലെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 540 ഇന്ത്യൻ പൗരന്മാർ ഒളിവിൽ പോയതായി ജയിൽ മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 5,000 നേപ്പാളി പൗരന്മാരെങ്കിലും ഇപ്പോഴും ഒളിവിലാണെന്നും 540 ഇന്ത്യൻ പൗരന്മാരും 108 മറ്റ് രാജ്യങ്ങളിലെ തടവുകാരും ഉണ്ടെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. രാജ്യത്ത് ജെൻ സി പ്രക്ഷോഭം തുടങ്ങി രണ്ടാം ദിവസം നേപ്പാളിലെ വിവിധ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടത് 13,000ത്തിലധികം തടവുകാരാണെന്നാണു വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടവരെ നിരീക്ഷിക്കാൻ സർക്കാർ രാജ്യമെമ്പാടും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന തടവുകാരോട് അതത് ജയിലുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്.
പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 10 തടവുകാർ മരിച്ചിരുന്നു. അതേസമയം രക്ഷപ്പെട്ട 7,735 തടവുകാരെ തിരികെ എത്തിച്ചതായി അധികൃതർ സെപ്റ്റംബർ 28ന് അറിയിച്ചു. ഇന്ത്യയും നേപ്പാളും 1751 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്നുണ്ട്. വേലികളോ മറ്റ് തടസ്സങ്ങളോ ഇല്ല. ഭൂട്ടാനുമായി സമാനമായ 699 കിലോമീറ്റര്‍ അതിര്‍ത്തിയുമുണ്ട്. തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഇവിടെ ഇതര നടപടിക്രമങ്ങളുടെ തടസമില്ലാതെ അതിര്‍ത്തി കടക്കാം. വിവിധ സേനകളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ നിരീക്ഷണം തുടരുകയാണ്. പിടിയിലായവരെ ലോക്കല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി സുശീല കർക്കി അറിയിച്ചിരുന്നു. മൂന്ന് പൊലീസുകാരുൾപ്പെടെ 72 പേരാണ് രണ്ട് ദിനങ്ങളിലായി കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഓലി രാജിവെച്ചിരുന്നു. പ്രധാന രാഷ്ട്രീയ നേതാക്കളുടെ വസതികൾ, പ്രധാന സർക്കാർ മന്ദിരങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഷോപ്പിങ് സമുച്ചയങ്ങൾ എന്നിവ അഗ്നിക്കിരയാക്കപ്പെട്ടു.
ജെൻ സി പ്രക്ഷോഭം ഭരണ സിരാകേന്ദ്രങ്ങളെ തകർക്കുകയും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്‍റെയും രാജിയിലേക്ക് നയിക്കുകയും ചെയ്തത് അതി വേഗമാണ്. 26 പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പ്രാദേശികമായി രജിസ്റ്റർ ചെയ്യാൻ സർക്കാർ ഉത്തരവിടുകയും അത് അനുസരിക്കാത്ത ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്, എക്സ് (ട്വിറ്റർ), ടിക്-ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തതാണ് തെരുവിനെ പ്രക്ഷുബ്ധമാക്കിയത്. യാഥാർഥത്തിൽ രാഷ്ട്രീയ വ്യവസ്ഥയോടും ഭരണകൂടത്തോടുമുള്ള യുവതയുടെ അതൃപ്തിയും അമർഷവുമാണ് യുവജനങ്ങളാൽ സമ്പന്നമായ നേപ്പാളിലും പ്രകടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.