നമുക്ക് പുതിയൊരു ആശയം കണ്ടെത്തേണ്ട ആവശ്യമില്ല
പൗരത്വ പ്രക്ഷോഭ വേളയിൽ ശാഹീൻ ബാഗ് സമരത്തിന് തുടക്കം കുറിച്ച വിദ്യാർഥി നേതാവും ഗവേഷകനുമായ ശർജീൽ ഇമാം സംസാരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന അദ്ദേഹം ശാഹീൻ ബാഗ് സമരത്തെക്കുറിച്ച്, മതേതരത്വെത്തക്കുറിച്ച്, ന്യൂനപക്ഷ അവസ്ഥകളെക്കുറിച്ച്, തന്റെ വിശ്വാസദൃഢതയെക്കുറിച്ച് തുറന്നുപറയുന്നു. കഴിഞ്ഞ ലക്കം തുടർച്ച. ബിഹാറിൽ താങ്കളുടെ പിതാവിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ഭരണഘടനാ അസംബ്ലി ചർച്ചകളെക്കുറിച്ചും വിലയിരുത്തുമ്പോൾ,...
പൗരത്വ പ്രക്ഷോഭ വേളയിൽ ശാഹീൻ ബാഗ് സമരത്തിന് തുടക്കം കുറിച്ച വിദ്യാർഥി നേതാവും ഗവേഷകനുമായ ശർജീൽ ഇമാം സംസാരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന അദ്ദേഹം ശാഹീൻ ബാഗ് സമരത്തെക്കുറിച്ച്, മതേതരത്വെത്തക്കുറിച്ച്, ന്യൂനപക്ഷ അവസ്ഥകളെക്കുറിച്ച്, തന്റെ വിശ്വാസദൃഢതയെക്കുറിച്ച് തുറന്നുപറയുന്നു. കഴിഞ്ഞ ലക്കം തുടർച്ച.
ബിഹാറിൽ താങ്കളുടെ പിതാവിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ഭരണഘടനാ അസംബ്ലി ചർച്ചകളെക്കുറിച്ചും വിലയിരുത്തുമ്പോൾ, നിലവിലുള്ള ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് തെരഞ്ഞെടുപ്പ് സമ്പ്രദായം മുസ്ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സ്വാഭാവികമായും പാർശ്വവത്കരിക്കുന്നുവെന്നും, അതിനുപകരം ആനുപാതിക പ്രാതിനിധ്യം വേണമെന്നും നിങ്ങൾ വാദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമ്പ്രദായം മാറ്റുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണെന്നിരിക്കെ, നിലവിലെ വ്യവസ്ഥിതിക്കുള്ളിൽ രാഷ്ട്രീയ അധികാരം കെട്ടിപ്പടുക്കാൻ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ ഉടനടി സ്വീകരിക്കേണ്ട പ്രായോഗിക നടപടികൾ എന്തൊക്കെയാണെന്നാണ് നിങ്ങൾ കരുതുന്നത്?
ആദ്യം തന്നെ ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് സമ്പ്രദായത്തെ അനുകൂലിക്കുന്നവർ ആനുപാതിക പ്രാതിനിധ്യത്തിന് എതിരെ ഉന്നയിക്കുന്ന ചില വാദങ്ങൾക്ക് മറുപടി നൽകാം. ഭരണഘടനാ അസംബ്ലി ചർച്ചകളുടെ സമയത്ത്, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം പ്രത്യേക സമുദായങ്ങൾക്കായുള്ള പാർട്ടികളുടെ രൂപവത്കരണത്തിലേക്ക് നയിക്കുമെന്നും, ഇത് വിഭജനം വർധിപ്പിക്കുമെന്നും ചിലർ വാദിച്ചിരുന്നു (ഇതിനെ അവർ ‘വർഗീയ ഭൂരിപക്ഷം’ എന്ന് വിളിച്ചു). എന്നാൽ, ഈ വാദം കാലഹരണപ്പെട്ടതാണ്.
നിയമപരമായ സുരക്ഷകളില്ലാത്ത ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് സമ്പ്രദായം മുസ്ലിംകളുടെ ശാശ്വതമായ പാർശ്വവത്കരണത്തിലേക്ക് നയിക്കുമെന്ന് ഇഖ്ബാലും ജിന്നയും മുൻകൂട്ടി കണ്ടിരുന്നു. ചരിത്രം അവരെ ശരിവെച്ചു. നിലവിലെ വ്യവസ്ഥ മുസ്ലിംകളെ പൂർണമായും മാറ്റിനിർത്തുന്നു. ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് വഴി വലിയ പാർട്ടികളുടെ ഏകീകരണത്തിലൂടെ സൃഷ്ടിച്ചെടുത്ത ഒരു ‘വർഗീയ ഒലിഗാർക്കി’ അല്ലെങ്കിൽ ശാശ്വതമായ ‘വർഗീയ ഭൂരിപക്ഷ’ത്തിന് കീഴിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇതിനുപകരം, ചർച്ചകളെയും വിട്ടുവീഴ്ചകളെയും പ്രോത്സാഹിപ്പിക്കുന്ന ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെയുള്ള ഒരു പ്രതിനിധി പാർലമെന്റാണ് കൂടുതൽ അഭികാമ്യം.
സ്ഥിരതയുള്ള സർക്കാറുകൾ ഉണ്ടാകില്ലെന്ന വാദമാണ് മറ്റൊന്ന്. എന്നാൽ, സ്ഥിരത എന്നാൽ ജനാധിപത്യം എന്നല്ല അർഥം. ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കും സ്ഥിരതയുണ്ട്! ജർമനിയിലെ സമ്മിശ്ര സമ്പ്രദായം പോലുള്ള ശക്തമായ ജനാധിപത്യ സംവിധാനങ്ങൾ നോക്കുക, അവിടെ നിരന്തരമായ ചർച്ചകളിലൂടെയാണ് ജനാധിപത്യം കരുത്താർജിക്കുന്നത്. ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് സമ്പ്രദായം ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ അസ്ഥിരതയിലേക്കും കുഴപ്പങ്ങളിലേക്കുമാണ് നയിക്കുക. കാരണം, അത് മുസ്ലിംകളെ മാറ്റിനിർത്തുകയും തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നതിൽനിന്ന് അവരെ തടയുകയും ചെയ്യുന്നു. ജനസംഖ്യാ വളർച്ച കുറഞ്ഞ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നതാണ് മറ്റൊരു വാദം. ഇതിന് ലളിതമായ ഒരു പരിഹാരമുണ്ട്: സംസ്ഥാനങ്ങളുടെ ഇപ്പോഴത്തെ സീറ്റുകൾ (ഉദാഹരണത്തിന് തമിഴ്നാടിന് 40 സീറ്റുകൾ) അതുപോലെ നിലനിർത്തുകയും, ആ സീറ്റുകൾ സംസ്ഥാനത്തെ വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്ക് ആനുപാതികമായി വിഭജിച്ച് നൽകുകയും ചെയ്യുക.
സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കൃത്യമായ പ്രാതിനിധ്യത്തേക്കാൾ സർക്കാറിന്റെ സ്ഥിരതക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ, 75 വർഷങ്ങൾക്കുശേഷം ആ വാദത്തിന് പ്രസക്തിയില്ല. ഇപ്പോൾ ‘ഗണിതശാസ്ത്രപരമായി കൃത്യമായ പ്രാതിനിധ്യം’ ഇല്ലാത്തത് കൂടുതൽ മുസ്ലിംകളെയും മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഈ ജനാധിപത്യ സംവിധാനത്തിൽനിന്ന് അകറ്റും. കാൻഷിറാമിന്റെയും ബി.എസ്.പിയുടെയും ഉദാഹരണം നോക്കുക. അവർ വലിയ വോട്ടു വിഹിതം നേടിയിട്ടും സീറ്റുകൾ ലഭിക്കാതെ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായി. ദലിത് വോട്ടുകൾ പിന്നീട് മറ്റുള്ളവർ കവർന്നെടുക്കുന്നതാണ് ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റിന്റെ രീതി. മുസ്ലിംകളുടെ അവസ്ഥ ഇതിലും ദയനീയമാണ്. 20 ശതമാനം വോട്ട് നേടിയാൽപോലും സീറ്റുകളൊന്നും ലഭിക്കാത്ത അവസ്ഥ ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റിലുണ്ട്. ഇത് വലിയ പാർട്ടികൾക്ക് അമിത പ്രാതിനിധ്യം നൽകുകയും, ചെറിയ പരീക്ഷണങ്ങളെ ‘വോട്ട് വെട്ടുന്നവർ’ എന്ന് മുദ്രകുത്തുകയും ചെയ്യുന്നു.
ഉന്നത ജാതിക്കാരുടെ വർഗീയവും കേന്ദ്രീകൃതവുമായ സ്വഭാവം തുറന്നുകാട്ടുന്ന, അധികാര വികേന്ദ്രീകരണത്തിനും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിലുള്ള അധികാര പങ്കാളിത്തത്തിനും മുൻഗണന നൽകുന്ന ഒരു പുതിയ വ്യവഹാരം നാം കെട്ടിപ്പടുക്കണം. ഇതാണ് നമ്മുടെ പുതിയ രാഷ്ട്രീയത്തിന്റെ കാതൽ. മുസ്ലിംകളും മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും ഈ ആശയം കാത്തുസൂക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംഘടനകൾ രൂപവത്കരിക്കണം. ഇതുമായി ബന്ധപ്പെട്ട് മറ്റ് പാർശ്വവത്കരിക്കപ്പെട്ടവരുമായി സഖ്യമുണ്ടാക്കുകയും തെരഞ്ഞെടുപ്പുകളിലും സംഘടനാപരമായും കരുത്ത് നേടുകയും വേണം. വ്യവഹാരം, തെരഞ്ഞെടുപ്പ്, സമാഹരണം എന്നിവയാണ് ഒരു രാഷ്ട്രീയ സംഘടനയുടെ ഉടനടിയുള്ള മൂന്ന് ചുമതലകൾ.
ഇത്തരത്തിൽ സംഘടിക്കാൻ ശ്രമിക്കുമ്പോൾ മുസ്ലിംകൾ, ദലിതർ, സിഖുകാർ, ക്രിസ്ത്യാനികൾ, ആദിവാസികൾ എന്നിവർ യു.എ.പി.എ എന്ന ഭീഷണി നേരിടേണ്ടിവരും. 2008-09ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറാണ് ഭീകരവാദ പ്രവർത്തനങ്ങളെ കൂടി ഇതിൽ ഉൾപ്പെടുത്തി ഈ നിയമം ഭേദഗതി ചെയ്തത്. മുമ്പ് ഇത് രാഷ്ട്രീയ കുറ്റകൃത്യങ്ങളെ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ഭീമ കൊറേഗാവ് സമരം, ഡൽഹി കലാപം (CAA/NRC വിരുദ്ധ സമരങ്ങൾ), പി.എഫ്.ഐ നിരോധനം എന്നിവയിലൂടെ ബി.ജെ.പി ഇത് എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് നാം കണ്ടു. രാഷ്ട്രീയ പ്രവർത്തനങ്ങളെ ക്രിമിനൽവത്കരിക്കുന്ന ഈ ക്രൂരമായ നിയമത്തിനെതിരെ നാം ശബ്ദമുയർത്തേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ ഒരിക്കലും ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് മോഡലിൽ ബി.ജെ.പിക്ക് ഒരു സഹായിയാകാൻ പാടില്ല. അതിനാൽ, മുസ്ലിം ജനസംഖ്യ 40-50 ശതമാനത്തിന് മുകളിലുള്ള, നമുക്ക് വിജയിക്കാൻ കഴിയുന്ന സീറ്റുകളിലോ അല്ലെങ്കിൽ ബി.ജെ.പിയോ അവരുടെ സഖ്യകക്ഷികളോ മത്സരിക്കാത്ത സീറ്റുകളിലോ മാത്രം നമ്മൾ മത്സരിക്കണം. ബി.ജെ.പിക്ക് വലിയ വോട്ട് വിഹിതമുള്ള ഇടങ്ങളിൽ നമ്മൾ ബി.ജെ.പി വിരുദ്ധശക്തികളെ പിന്തുണക്കണം.
2025ലെ ബിഹാർ തെരഞ്ഞെടുപ്പ് നമുക്കൊരു പാഠമാണ്. അവിടെ പ്രാദേശിക കക്ഷികൾ ബി.ജെ.പിയെ എക്കാലത്തും നിയന്ത്രിച്ചു നിർത്തിയിരുന്നു. ബിഹാറിൽ മുസ്ലിംകൾക്ക് മികച്ച വിലപേശൽ ശേഷിയുമുണ്ടായിരുന്നു. എന്നാൽ, ഒരു ‘മുസ്ലിം’ പാർട്ടി അവിടെ ഒറ്റക്ക് വിജയിക്കാൻ കഴിയാത്തതും ബി.ജെ.പിയോ സഖ്യകക്ഷികളോ മത്സരിക്കുന്നതുമായ സീറ്റുകളിൽ മത്സരിക്കുകയും അതിലൂടെ എട്ട് സീറ്റുകളിൽ ബി.ജെ.പി സഖ്യത്തിന്റെ വിജയം ഉറപ്പാക്കുകയും ചെയ്തു. ഇത് ബി.ജെ.പിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റുകയും മുസ്ലിംകളുടെ വിലപേശൽ ശേഷി കുറക്കുകയും ചെയ്തു. ഈ മുസ്ലിം പാർട്ടിയുടെ അശ്രദ്ധമായ നീക്കം വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്ന ഇത്തരം വൈകാരിക പാർട്ടികളെക്കുറിച്ച് നാം കരുതിയിരിക്കണം
നവ-ഉദാരവത്കരണ നയങ്ങൾ ക്ഷേമരാഷ്ട്രത്തെ തകർക്കുമ്പോൾ ദലിതർക്കും ആദിവാസികൾക്കും അവരുടെ വിലപേശൽ ശേഷി നഷ്ടപ്പെടും. ഭരണകൂടത്തിൽനിന്നും മുതലാളിത്ത വ്യവസ്ഥയിൽനിന്നും ഇതിനകംതന്നെ പുറത്താക്കപ്പെട്ടതിനാൽ മുസ്ലിംകളെ ഇത് വലിയ തോതിൽ ബാധിക്കില്ല. അതിനാൽ ദലിതരും ആദിവാസികളും നഗരത്തിലെ ദരിദ്രരും അവകാശങ്ങൾക്കായി പ്രക്ഷോഭങ്ങൾ തുടങ്ങുമ്പോൾ, ചർച്ചകൾ നടക്കാൻ സാധ്യതയുണ്ട്. ആ സമയത്ത് മുസ്ലിംകൾ തയാറെടുപ്പില്ലാതെ ഇരിക്കരുത്.
അടിയന്തരാവസ്ഥക്കു ശേഷം, ഒരു മുസ്ലിം പ്രതിനിധി സംഘം ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മൊറാർജി ദേശായിയെ സന്ദർശിച്ചപ്പോൾ, അത് ‘വർഗീയ ശത്രുത’ ഉണ്ടാക്കുമെന്ന് പറഞ്ഞ് അദ്ദേഹം ആ ആവശ്യം തള്ളിക്കളഞ്ഞു. ജനങ്ങൾ ഇതിനായി തയാറെടുക്കാതിരുന്നതിനാൽ പ്രതിനിധി സംഘത്തിന് വെറും കൈയോടെ മടങ്ങേണ്ടിവന്നു. ഈ സംഭവം നമുക്കൊരു പാഠമാകണം. ചരിത്രം പ്രവചനാതീതമാണ്, അടുത്ത തവണ ഇത്തരമൊരു അവസരം ലഭിക്കുമ്പോൾ വ്യക്തമായ നിലപാടുകളോടെ ചില അവകാശങ്ങൾ നേടിയെടുക്കാൻ നമ്മുടെ ജനങ്ങൾ തയാറായിരിക്കണം.
സി.എ.എ വിരുദ്ധ സമരകാലത്ത് മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂടവും അലീഗഢിൽ നിങ്ങൾ നടത്തിയ പ്രസംഗത്തിൽ, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ‘വെട്ടിമാറ്റുക’ എന്ന് പറഞ്ഞതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. താൽക്കാലികമായ വഴിതടയലിനെ സൂചിപ്പിക്കാൻ ‘വെട്ടിമാറ്റുക’ എന്നതിന് പകരം ‘തടയുക’ എന്ന വാക്ക് ഉപയോഗിച്ചിരുന്നെങ്കിൽ, നിങ്ങളെ അറസ്റ്റ് ചെയ്യാനുള്ള കാരണം മാറുമായിരുന്നിരിക്കാം. എന്നാൽ, ഭരണകൂടത്തിന്റെ ഉദ്ദേശ്യം മാറുമായിരുന്നില്ല എന്ന് നിങ്ങൾ അടുത്തിടെ പറഞ്ഞിരുന്നു. സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത ആ 10 സെക്കൻഡ് വിഡിയോ ക്ലിപ്പ് ഉപയോഗിച്ച് നിങ്ങളിൽനിന്ന് അകലം പാലിച്ച ലിബറലുകളോടും ബുദ്ധിജീവികളോടും നിങ്ങൾക്കെന്താണ് പറയാനുള്ളത്?
ആ പ്രസംഗം കേട്ട ആർക്കും മനസ്സിലാകുന്ന കാര്യമാണ്, ഫലപ്രദമായ ഒരു സമരമാർഗം എന്ന നിലയിൽ ഞാൻ ‘ചക്കാ ജാം’ (വഴിതടയൽ) എന്നതിനെക്കുറിച്ചാണ് സംസാരിച്ചതെന്നും, താൽക്കാലികമായി റോഡ് ഉപരോധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞതെന്നും. കൂടാതെ, പ്രകൃതിദുരന്തങ്ങൾ (ഉദാഹരണത്തിന് വെള്ളപ്പൊക്കം) വഴിയോ മറ്റോ റോഡുകൾ തടസ്സപ്പെടുന്നതിനെ സൂചിപ്പിക്കാൻ ഉർദു, ഹിന്ദി ഭാഷകളിൽ ‘കാട്ട്’ (വെട്ടിമാറ്റുക) എന്ന വാക്ക് സാധാരണയായി ഉപയോഗിക്കാറുണ്ട്.
‘അപേക്ഷകൻ ആരെയും ആയുധമെടുക്കാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും, അതിന്റെ ഫലമായി യാതൊരു അക്രമവും ഉണ്ടായിട്ടില്ലെന്നതും തർക്കമില്ലാത്ത കാര്യമാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷകന്റെ വാക്കുകൾ ഉണ്ടാക്കിയ കൃത്യമായ സ്വാധീനവും മറ്റും ഇനി നടക്കാനിരിക്കുന്ന വിചാരണയിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ മൂന്ന് വർഷമാണെന്നിരിക്കെ, ഒരു വർഷവും രണ്ട് മാസവും തടവിൽ കഴിഞ്ഞു എന്ന ഒറ്റ കാരണത്താൽ തന്നെ അദ്ദേഹം ജാമ്യത്തിന് അർഹനാണ്.’ ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് ജാമ്യം അനുവദിച്ച് നടത്തിയ പരാമർശം. എനിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈകോടതി ജസ്റ്റിസ് പറഞ്ഞ കാര്യങ്ങളാണിത്. എന്റെ ആഹ്വാനം തികച്ചും അഹിംസാപരമായിരുന്നു എന്ന് നിയമപരമായി തന്നെ അതിൽ വ്യക്തമാണ്.
ഇനി രാജ്യദ്രോഹക്കുറ്റം കണ്ടെത്തിയാൽപോലും ലഭിക്കാവുന്ന പരമാവധി ശിക്ഷ മൂന്ന് വർഷമാണ്. മാത്രമല്ല, ഞാൻ അലീഗഢിൽ പ്രസംഗിക്കുന്നതിനുമുമ്പ് തന്നെ ഡൽഹിയിൽ എനിക്കെതിരെ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ശാഹീൻ ബാഗ് ഉപരോധം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, അതായത് ഡിസംബർ 13ന് ജാമിഅയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ ‘ചക്കാ ജാമി’ന് ആഹ്വാനം ചെയ്തതിനായിരുന്നു അത്. അതുകൊണ്ട് ഞാൻ ‘വെട്ടിമാറ്റുക’ എന്നതിന് പകരം ‘തടയുക’ എന്ന് പറഞ്ഞിരുന്നെങ്കിലും, അവർ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്യുമായിരുന്നു. കാരണം മാറിയേക്കാം, പക്ഷേ അറസ്റ്റിന്റെ യഥാർഥ കാരണം ഒന്നാണ്: ശാഹീൻ ബാഗ് സമരത്തിന് നേതൃത്വം നൽകിയതിനും ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ സംസാരിച്ചതിനും സമാധാനപരവും എന്നാൽ ഫലപ്രദവുമായ ഒരു സമരമാർഗം സ്വീകരിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തതിനുമാണ് എന്നെ അറസ്റ്റ് ചെയ്തത്.
ഈ അറസ്റ്റുകളുടെ പശ്ചാത്തലവും സാഹചര്യവും അവഗണിച്ചുകൊണ്ട്, വലതുപക്ഷ പേജുകൾ പ്രചരിപ്പിച്ച വെറും 10 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ സ്വന്തം അഭിപ്രായം രൂപവത്കരിക്കുന്ന ഏതൊരു ലിബറലോ ബുദ്ധിജീവിയോ ഒന്നുകിൽ പക്വതയില്ലാത്തവരാണ്, അല്ലെങ്കിൽ സത്യസന്ധരല്ല. മുഴുവൻ പ്രസംഗമോ എന്റെ മറ്റ് പ്രസംഗങ്ങളോ കേൾക്കാൻപോലും അവർ മെനക്കെട്ടില്ല. ശത്രുപക്ഷത്തിന്റെ പ്രചാരണങ്ങൾക്ക് നിങ്ങളെ നയിക്കാൻ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, ഈ പോരാട്ടത്തിന് നിങ്ങൾ ഇനിയും യോഗ്യരായിട്ടില്ല. എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ ഒരു പണ്ഡിതനെതിരെ നടക്കുന്ന ഇത്തരം വേട്ടയാടലുകൾക്ക് മുന്നിൽ ഉറച്ചുനിൽക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളെത്തന്നെ ലിബറൽ എന്ന് വിളിക്കരുത്. ആ വിഡിയോ ക്ലിപ്പ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, അത് അഹിംസാപരവും വിദ്വേഷം പടർത്താത്തതുമാണെങ്കിൽ, അത് പറയാനുള്ള എന്റെ അവകാശത്തെ സംരക്ഷിക്കേണ്ടതും എന്നെ ക്രിമിനലായി ചിത്രീകരിക്കുന്നതിനെ അപലപിക്കേണ്ടതും ഒരു ലിബറൽ എന്ന നിലയിൽ നിങ്ങളുടെ കടമയാണ്. അഹിംസാപരവും വിദ്വേഷം പടർത്താത്തതുമായ എല്ലാ ആശയങ്ങൾക്കും ഇടമുള്ള, കൂടുതൽ സ്വതന്ത്രവും തുറന്നതുമായ ഒരു പൊതുഇടം സൃഷ്ടിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ പോരാടുന്നത്?
രണ്ടാമത്തെ വിഭാഗം ബുദ്ധിജീവികൾ/ലിബറലുകൾ എനിക്കെതിരെയുള്ള പ്രോസിക്യൂഷനെ അപലപിച്ചെങ്കിലും, അവർ എന്നോട് വലിയൊരു ഔദാര്യം കാണിക്കുന്നതുപോലെയാണ് പെരുമാറിയത്. അവരുടെ അഭിപ്രായത്തിൽ ഞാൻ അശ്രദ്ധനും ഭ്രാന്തനും അല്ലെങ്കിൽ ഒരു ബി.ജെ.പി ഏജന്റുമായിരുന്നു. ഞാൻ മുന്നോട്ടുവെച്ച പുതിയ വ്യവഹാരങ്ങൾ, നെഹ്റു, ഗാന്ധി, കോൺഗ്രസ് എന്നിവരോടുള്ള എന്റെ വിമർശനം, അധികാര വികേന്ദ്രീകരണത്തിനും സമുദായ അവകാശങ്ങൾക്കും ഊന്നൽ നൽകുന്ന ഭരണഘടനാപരമായ റിപ്പബ്ലിക്കനിസത്തിനുവേണ്ടി ദേശീയതയെ ഞാൻ തള്ളിക്കളഞ്ഞത്, വിഭജനത്തിന് നിർബന്ധിതരാക്കിയത് കോൺഗ്രസാണെന്ന എന്റെ വിശ്വാസം, ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിംകളുടെ മികച്ച ജനാധിപത്യ നേതാവായി ജിന്നയെ ഞാൻ വിലയിരുത്തിയത്, ഭരണഘടനയുടെ അധികാര കേന്ദ്രീകരണ സ്വഭാവത്തെയും മുസ്ലിംകൾക്ക് സുരക്ഷ നിഷേധിച്ചതിനെയും ഞാൻ വിമർശിച്ചത് -ഇതൊക്കെയാണ് അവർക്ക് എന്നോടുള്ള അതൃപ്തിക്ക് കാരണം.
അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്: മുസ്ലിം ജനസാമാന്യത്തോട് ഞാൻ പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ സങ്കീർണമാണ്. അത് നിങ്ങൾക്ക് പുതിയതായി തോന്നാം, മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും വരാം. പക്ഷേ എന്റെ ജീവിതവും കരിയറും ഒന്ന് നോക്കുക. ഇന്ത്യയിലെ മുസ്ലിം പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനാണ് ഞാൻ എന്റെ ജീവിതം ചെലവഴിച്ചത്. ബിഹാറിലെ ഒരു ഗ്രാമീണ രാഷ്ട്രീയക്കാരന്റെ മകനായി, പിന്നീട് വളരെ അപൂർവമായൊരു മുസ്ലിം ഐ.ഐ.ടി വിദ്യാർഥിയായി, അതിനുശേഷം കോർപറേറ്റ് ലോകത്തിന്റെ ഭാഗമായി, പിന്നീട് മുസ്ലിംകൾക്കെതിരായ ആസൂത്രിത അക്രമങ്ങളെക്കുറിച്ചും വിഭജനത്തിന്റെ കാരണങ്ങളെക്കുറിച്ചും പഠിക്കുന്ന ഒരു ഗവേഷകനും ചരിത്രകാരനുമായി ഞാൻ മാറി.
ജയിലിൽ വരുന്നതിനു മുമ്പുള്ള ഒരു വ്യാഴവട്ടക്കാലം ഞാൻ വായിക്കുകയും ഗവേഷണം നടത്തുകയും ചർച്ചചെയ്യുകയും എഴുതുകയുമായിരുന്നു. എന്റെ പ്രസംഗങ്ങൾ ആ നിരന്തരമായ പ്രയത്നത്തിന്റെ രത്നച്ചുരുക്കമാണ്. അവ വെറും ജൽപനങ്ങളല്ല, എന്റെ ജീവിതത്തിന്റെ അധ്വാനമാണ്. നിങ്ങൾ എന്റെ ജീവിതത്തെക്കുറിച്ചോ ഞാൻ എഴുതിയവയോ വായിച്ചിട്ടില്ലെങ്കിൽ, എന്നെ ശ്രദ്ധയോടെ കേട്ടിട്ടില്ലെങ്കിൽ, എന്റെ വാക്കുകൾ നിങ്ങൾക്ക് മനസ്സിലാകില്ല. അങ്ങനെയിരിക്കെ നിങ്ങൾ പ്രതികരിക്കുന്നത് വിഡ്ഢിത്തവും നിരുത്തരവാദപരവുമാണ്. അത് നിങ്ങളുടെ സത്യസന്ധതയില്ലായ്മ ആയിരിക്കില്ല, പക്ഷേ, നിരുത്തരവാദപരമാണ്.
നേരത്തേ സൂചിപ്പിച്ച കാരണങ്ങളാലും എന്റെ പ്രസംഗങ്ങളിൽ പറഞ്ഞിട്ടുള്ളതുകൊണ്ടും, ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും അന്തസ്സോടെയുള്ള നിലനിൽപിന് ഭരണഘടന ഒരു തടസ്സമാണെന്നാണ് എന്റെ വിശ്വാസം. അതിനാൽ ഞാൻ ആ ‘ഭരണഘടന സംരക്ഷിക്കുക’ എന്ന ക്ലബിന്റെ ഭാഗമല്ല. എന്റെ പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഞാൻ പ്രധാനമായും അഭിസംബോധന ചെയ്യുന്നത് വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെയും എന്റെ സമുദായത്തെയുമാണ്. 1947 മുതൽ റിപ്പബ്ലിക്കിൽ അവർക്ക് എങ്ങനെയാണ് അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് എന്നതിന്റെ യഥാർഥ ചരിത്രം അവരെ ബോധ്യപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. ലളിതമായ ഭാഷയിൽ പുതിയതും സങ്കീർണവുമായ ചില കാര്യങ്ങൾ ഞാൻ അവരോട് പറയാൻ ശ്രമിക്കുന്നു. അവരുടെ അനുഭവങ്ങളിലൂടെ അത് ശരിയാണെന്ന് തെളിഞ്ഞതാണെങ്കിലും, നിലവിലെ വ്യവസ്ഥിതിയിൽ താൽപര്യമുള്ള അധികാരവർഗവും ‘ബുദ്ധിജീവി’കളും (അതിൽ വിധേയരായ മുസ്ലിം ബുദ്ധിജീവികളും, നേതാക്കളും, രാഷ്ട്രീയക്കാരും ഉൾപ്പെടുന്നു) ചേർന്ന് രാജ്യത്തിന്റെ കൂട്ടായ ഓർമയിൽനിന്ന് അത് മായ്ച്ചുകളഞ്ഞിരിക്കുകയാണ്.
ഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ചും, ഭരണഘടനയിൽ മുസ്ലിംകൾക്ക് രാഷ്ട്രീയ അവകാശങ്ങളും സംവരണവും നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും, എല്ലാ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും ദോഷകരമായ അധികാര കേന്ദ്രീകരണത്തെക്കുറിച്ചും മുസ്ലിംകൾക്കിടയിൽ ബോധവത്കരണം നടത്തുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം. അതുവഴി അവരെയും, അവരിലൂടെ ഇന്ത്യയിലെ മറ്റ് പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും അവരുടെ ബൗദ്ധികമായ ഉറക്കത്തിൽനിന്ന് ഉണർത്തുകയെന്നതും എന്റെ ലക്ഷ്യമാണ്. ഭാഗ്യവശാൽ, ലക്ഷക്കണക്കിന് ആളുകൾ അത് കേൾക്കുകയും പ്രതികരിക്കുകയും ചെയ്തു. നിലവിലെ വ്യവസ്ഥിതിയെ അനുകൂലിക്കുന്ന ബുദ്ധിജീവികൾക്കും, ‘ഭരണഘടന സംരക്ഷിക്കുക’ എന്ന് പറയുന്ന ലിബറലുകൾക്കും, ‘മതേതര’ ദേശീയവാദികൾക്കും തങ്ങൾ പഠിച്ചുവെച്ച കാര്യങ്ങൾ തിരുത്താനും നമ്മളെ കേൾക്കാനും തയാറാണെങ്കിൽ മാത്രമേ നമ്മെ സഹായിക്കാൻ കഴിയൂ. അല്ലാത്തപക്ഷം, അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് നമ്മുടെ സമയവും ഊർജവും പാഴാക്കലായിരിക്കും.
ഇന്ത്യയിലെ മുസ്ലിംകളുടെ ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നിങ്ങളുടെ പങ്ക് എന്തായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?
ജയിൽ മോചിതനായാൽ, മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ രാജ്യത്തുടനീളമുള്ള സമാന ചിന്താഗതിക്കാരുമായി ചേർന്ന് ഒരു പ്രസ്ഥാനമോ സംഘടനയോ രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നു. കൂടാതെ, മറ്റ് ജനാധിപത്യ-വികേന്ദ്രീകരണ ശക്തികളുമായി സഖ്യമുണ്ടാക്കാനും ഞാൻ ശ്രമിക്കും.
നമ്മുടെ വ്യവഹാരങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് ഗവേഷണം നടത്തുക, എഴുതുക, സംസാരിക്കുക -ഇവയാണ് ഉടനടി ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. നമ്മുടെ ആശയങ്ങളെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഈ വ്യവഹാരത്തിൽ മതപരവും രാഷ്ട്രീയവുമായ വശങ്ങൾ അനിവാര്യമാണ്. നമ്മുടെ രാജ്യത്തെ യുവ മതപണ്ഡിതരുമായി ചേർന്ന്, യുക്തിസഹവും സഹാനുഭൂതി നിറഞ്ഞതും വിമോചനപരവുമായ ഒരു മതവ്യവഹാരം നമ്മൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. നമ്മുടെ ശ്രദ്ധ ഖുർആനിലേക്കും പ്രവാചകന്റെ സുന്നത്തിലേക്കും തിരിക്കണം. പൗരാണികവും ആധുനികവുമായ എല്ലാത്തരം അടിച്ചമർത്തലുകൾക്കുമെതിരെ പോരാടുമ്പോൾ, ഈ കാലഘട്ടത്തിനും തലമുറക്കും വേണ്ടി ‘തൗഹീദ്’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് നമ്മൾ കണ്ടെത്തേണ്ടതുണ്ട്.
നേരത്തേ പറഞ്ഞതുപോലെ ഇതിനോട് അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളും മറ്റ് അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളിലേക്കുള്ള നമ്മുടെ കടന്നുചെല്ലലും. ചുരുക്കത്തിൽ, നമ്മുടെ മതപരവും രാഷ്ട്രീയവുമായ ആശയങ്ങളെ കൂടുതൽ വ്യക്തമാക്കുക, അവ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക, സംഘടന കെട്ടിപ്പടുക്കുക, തെരഞ്ഞെടുപ്പിലും പ്രക്ഷോഭങ്ങളിലും കരുത്ത് നേടുക -ഇതിലെല്ലാമോ അല്ലെങ്കിൽ ഏതെങ്കിലുമൊന്നിലോ എന്റെ കഴിവിന്റെ പരമാവധി പങ്കുവഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആത്യന്തികമായി, എല്ലാം ദൈവത്തിന്റെ തീരുമാനമാണ്, എനിക്കായുള്ള അവന്റെ പദ്ധതി അവന് മാത്രമേ അറിയൂ: ‘അവർക്ക് മുമ്പുള്ളവരും തന്ത്രങ്ങൾ മെനഞ്ഞിരുന്നു; എന്നാൽ, എല്ലാ കാര്യങ്ങളുടെയും ആസൂത്രകൻ ദൈവമാണ്’ (ഖുർആൻ 13:42).
മുതലാളിത്തം, പരിണാമം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ മാർക്സിനേക്കാളും ഡാർവിനേക്കാളും മുഹമ്മദ് ഇഖ്ബാൽ, ജമാലുദ്ദീൻ അഫ്ഘാനി, അലി ശരീഅത്തി തുടങ്ങിയ ചിന്തകർക്കാണ് നിങ്ങൾ പ്രാധാന്യം നൽകുന്നത്. ന്യൂട്ടോണിയൻ ശാസ്ത്രത്തെ വിശ്വാസവുമായി സംയോജിപ്പിക്കാൻ ഇഖ്ബാൽ നിങ്ങളെ സഹായിച്ചുവെന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ട്. പരമ്പരാഗത മാർക്സിസ്റ്റ് അല്ലെങ്കിൽ മതേതര കാഴ്ചപ്പാടുകൾ പരാജയപ്പെടുന്നിടത്ത്, ഇസ്ലാമിക് ആധുനികതയുടെ ഈ ബൗദ്ധിക പാരമ്പര്യം ഇന്ത്യൻ ഭരണകൂടത്തെ വിമർശിക്കാൻ നിങ്ങളെ എങ്ങനെയാണ് സജ്ജമാക്കുന്നത്?
ഈ ബൗദ്ധിക പാരമ്പര്യവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന വശങ്ങളുണ്ട്: ഒന്ന് ഇസ്ലാമിക ആധുനികതയുടെ അടിസ്ഥാന ആശയങ്ങൾ ഖുർആനിലേക്കും പ്രവാചകചര്യയിലേക്കും മടങ്ങുക, നൂറ്റാണ്ടുകളായി കടന്നുകൂടിയ അന്ധവിശ്വാസങ്ങളെയും തെറ്റായ ആചാരങ്ങളെയും നിരാകരിക്കുക, മതപണ്ഡിതന്മാരുടെ അന്ധമായ അനുകരണം ഉപേക്ഷിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. അറിവിനെ മതപരമെന്നും മതേതരമെന്നും വിഭജിക്കുന്നതിനെ ഇത് വിമർശിക്കുന്നു. ശാസ്ത്രത്തെയും ചരിത്രത്തെയും ‘മതപരമായ’ അറിവായി കാണുകയും, ചരിത്രത്തെ ശിർക്കിൽ (ബഹുദൈവാരാധന/ദൈവത്തിന് പങ്കുകാരെ സങ്കൽപിക്കൽ) നിന്നുള്ള മോചനത്തിനായുള്ള പോരാട്ടമായി വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രത്തെ ദൈവത്തിന്റെ സൃഷ്ടികളിലൂടെ അവനെ അറിയാനുള്ള ഒരു ആത്മീയ പ്രക്രിയയായിട്ടാണ് ഇത് കണക്കാക്കുന്നത്.
അന്ധവിശ്വാസം, സ്വേച്ഛാധിപത്യം, ദേശീയത, ഭൗതികവാദം, ജാതീയത തുടങ്ങിയവയെല്ലാം ‘ശിർക്കിന്റെ’ ഭാഗമാണെന്നും, മനുഷ്യചരിത്രത്തിലെ എല്ലാ അടിച്ചമർത്തലുകളുടെയും അടിസ്ഥാന കാരണം ഈ ശിർക്കാണെന്നും ഈ കാഴ്ചപ്പാട് വിലയിരുത്തുന്നു. സ്വാതന്ത്ര്യം, നീതി, സമത്വം, നീതിപൂർവകമായ രാഷ്ട്രീയ ക്രമം എന്നിവയുടെയെല്ലാം അടിസ്ഥാനം ‘തൗഹീദ്’ (ഏകദൈവ വിശ്വാസം) ആണ്. വേദക്കാരുമായും, മറ്റ് ഏകദൈവ വിശ്വാസികളുമായും, പരിഷ്കർത്താക്കളുമായും സഖ്യത്തിലേർപ്പെടാൻ ഖുർആൻ തന്നെ ആവശ്യപ്പെടുന്നുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ മതത്തിനുള്ള പ്രധാന പങ്ക്, മതപരവും രാഷ്ട്രീയവുമായ അധികാരങ്ങളുടെ വികേന്ദ്രീകരണം, സാമ്പത്തിക നീതിയും ക്ഷേമവും ഉറപ്പാക്കൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.
ഇവിടെ ന്യൂനപക്ഷമാണെങ്കിലും, ലോക മുസ്ലിം ജനസംഖ്യയുടെ മൂന്നിലൊന്ന് ദക്ഷിണേഷ്യയിലാണുള്ളത്. അതിനാൽ അവർ ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനവിഭാഗമാണ്. മറ്റുള്ളവരുടെ ഇടപെടലുകളില്ലാതെ സാംസ്കാരിക, വിദ്യാഭ്യാസ, മത, രാഷ്ട്രീയ സ്ഥാപനങ്ങൾ സ്വതന്ത്രമായി വികസിപ്പിക്കുന്നതിന് അവർക്ക് പ്രത്യേക ഭരണഘടനാപരമായ ക്രമീകരണങ്ങൾ ആവശ്യമായിരുന്നു. ദക്ഷിണേഷ്യൻ മുസ്ലിംകളുടെ രണ്ട് തലമുറകളിലായി നടന്ന ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകളും ഇസ്ലാമിക ആധുനികതാ വ്യവഹാരത്തിന്റെ അവിഭാജ്യഘടകമാണെന്നാണ് എന്റെ മനസ്സിലാക്കൽ.
ജമാലുദ്ദീൻ അഫ്ഘാനി, ശൈഖ് അബ്ദു, റഷീദ് റിദ, അല്ലാമാ ഇഖ്ബാൽ, അക്ബർ ഇലാഹാബാദി, അലി ശരീഅത്തി, അബ്ദുള്ള യൂസുഫ് അലി എന്നിവരാണ് ഇസ്ലാമിക ആധുനിക ചിന്തകളുടെ വികാസത്തിലെ പ്രധാന വ്യക്തിത്വങ്ങൾ. ഇതിൽ ദക്ഷിണേഷ്യൻ മുസ്ലിംകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തത് അല്ലാമാ ഇഖ്ബാലായിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അവസാന ഇരുപത് വർഷങ്ങളിൽ. അതുകൊണ്ട് തന്നെ എന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ ഇഖ്ബാലിന്റെ ആശയങ്ങൾക്ക് വലിയ പങ്കുണ്ട്. ഇതിനുപുറമെ, കൊളോണിയൽ-പോസ്റ്റ് കൊളോണിയൽ കാലഘട്ടത്തിൽ മുസ്ലിംകൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള എന്റെ എം.ഫിൽ, പി.എച്ച്ഡി ഗവേഷണങ്ങളും ഇതിന് സഹായിച്ചിട്ടുണ്ട്.
നമുക്ക് പുതിയൊരു ആശയം കണ്ടെത്തേണ്ട ആവശ്യമില്ല, 1947ൽ നിർത്തിവെച്ച ആ നവോത്ഥാന-ജനാധിപത്യ പദ്ധതിയിൽനിന്ന് തന്നെ നമുക്ക് വീണ്ടും തുടങ്ങാം. കോൺഗ്രസ്, ഹിന്ദു മഹാസഭ എന്നിവയെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലുകളിൽനിന്ന് നമ്മൾ പഠിക്കണം. ദലിതർ, ആദിവാസികൾ, ദ്രാവിഡർ തുടങ്ങിയ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുമായി ചേർന്ന് കോൺഗ്രസിനെതിരെയും ആർ.എസ്.എസിനെതിരെയും കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമങ്ങൾ നമ്മൾ തുടരണം. മതപണ്ഡിതരുടെ നേതൃത്വത്തിന് ഈ ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവോ താൽപര്യമോ ഇല്ല. കർമശാസ്ത്രപരമായ ചർച്ചകളിലും പഴയ ചിന്താഗതികളിലുമാണ് അവരുടെ ശ്രദ്ധ. അവരുടെ ഈ നിഷ്ക്രിയത്വത്തെ അവർ ‘ക്ഷമ’ ആയി ചിത്രീകരിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ സമൂഹത്തെ ഈ വിഭജനാനന്തര ആഘാതത്തിൽനിന്ന് മോചിപ്പിക്കേണ്ട ഉത്തരവാദിത്തം വീണ്ടും യുവതലമുറയിലാണ് -കോളജുകളിലെയും മദ്രസകളിലെയും വിദ്യാർഥികൾ, പ്രഫഷനലുകൾ, പണ്ഡിതർ, അഭിഭാഷകർ, ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, വ്യാപാരികൾ തുടങ്ങി സമൂഹത്തിലെ മധ്യവർഗം. ഈ പ്രശ്നത്തിന്റെ യഥാർഥ സ്വഭാവം സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുക്കാനും, മുസ്ലിംകളുടെയും അല്ലാത്തവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഇസ്ലാമിക വ്യവഹാരം വികസിപ്പിച്ചെടുക്കാനും, നല്ലൊരു ഭാവിക്ക് വേണ്ടി സ്വയം ത്യാഗംചെയ്യാനും അവർ തയാറാകണം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.