ഗൂഢാലോചന നടന്നത് ആദിവാസികൾക്കെതിരെ, തിരിച്ചല്ല

മു​ത്ത​ങ്ങ​ക്കേ​സി​ലു​ണ്ടാ​യ കോ​ട​തി​വി​ധി​ക്കെ​തി​രെ പ​ല കോ​ണു​ക​ളി​ൽനി​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ശിക്ഷ മരവി​പ്പിച്ചുവെങ്കിലും എം. ഗീതാനന്ദനു തടവുശിക്ഷ വിധിച്ചു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ത്ത​ങ്ങ സ​മ​ര​ത്തെ​യും വ​ർ​ത്ത​മാ​ന​കാ​ല ദ​ലി​ത്-​ആ​ദി​വാ​സി യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും പ​രി​ശോ​ധി​ക്കു​ക​യാ​ണ് സ​മ​ര​നേ​താ​വുകൂ​ടി​യാ​യ ഗീതാനന്ദൻ. ജ​യി​ലി​ലെ നി​ങ്ങ​ളു​ടെ അ​നു​ഭ​വ​ം ഓ​ർ​ക്കു​മ്പോ​ൾ, അ​വി​ടെ​യെ​ത്തു​ന്ന മ​നു​ഷ്യ​രു​ടെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്? സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും...

മു​ത്ത​ങ്ങ​ക്കേ​സി​ലു​ണ്ടാ​യ കോ​ട​തി​വി​ധി​ക്കെ​തി​രെ പ​ല കോ​ണു​ക​ളി​ൽനി​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ശിക്ഷ മരവി​പ്പിച്ചുവെങ്കിലും എം. ഗീതാനന്ദനു തടവുശിക്ഷ വിധിച്ചു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ത്ത​ങ്ങ സ​മ​ര​ത്തെ​യും വ​ർ​ത്ത​മാ​ന​കാ​ല ദ​ലി​ത്-​ആ​ദി​വാ​സി യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും പ​രി​ശോ​ധി​ക്കു​ക​യാ​ണ് സ​മ​ര​നേ​താ​വുകൂ​ടി​യാ​യ ഗീതാനന്ദൻ.

ജ​യി​ലി​ലെ നി​ങ്ങ​ളു​ടെ അ​നു​ഭ​വ​ം ഓ​ർ​ക്കു​മ്പോ​ൾ, അ​വി​ടെ​യെ​ത്തു​ന്ന മ​നു​ഷ്യ​രു​ടെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്?

സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും ദു​ർ​ബ​ല​രാ​യ​വ​ർമാ​ത്രം പെ​ട്ടു​പോ​കു​ന്ന ഒ​രു കേ​ന്ദ്ര​മാ​ണ് ജ​യി​ൽ. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ, അ​ല്ലെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ​വ്യ​വ​ഹാ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ശേ​ഷി​യി​ല്ലാ​ത്ത​തു​കൊ​ണ്ടോ, ഒ​രു മി​നി​മം നി​യ​മ​പ​രി​ര​ക്ഷപോ​ലും ല​ഭി​ക്കാ​തെ വി​ചാ​ര​ണ​ക്ക് ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വ​ലി​യ താ​വ​ള​മാ​ണ് ജ​യി​ൽ. തീ​ർ​ച്ച​യാ​യും, അ​തി​ന​ക​ത്ത് ക്രി​മി​ന​ൽകൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​രു​ണ്ടാ​കാം. പ​ക്ഷേ, ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും സ്വ​യം ഡി​ഫ​ൻ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​തെ അ​ക​പ്പെ​ട്ടു​പോ​കു​ന്ന​വ​രാ​ണ്.

ഞാ​ൻ 2003ൽ ​മു​ത്ത​ങ്ങ സ​മ​ര​ത്തി​നു​ശേ​ഷം കോ​ഴി​ക്കോ​ട് ജ​യി​ലി​ലെ​ത്തു​മ്പോ​ൾ, കാ​ഴ്ച​യി​ൽ തോ​ന്നി​യ​ത​നു​സ​രി​ച്ച് അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ദ​ലിത​രാ​യി​രു​ന്നു. അ​ന്ന് കോ​ഴി​ക്കോ​ട് ജ​യി​ലി​ൽ 14ാം വ​യ​സ്സി​ൽ കൊ​ണ്ടു​വ​ന്ന ഒ​രു ദ​ലി​ത്-​ആ​ദി​വാ​സി പ​യ്യ​നു​ണ്ടാ​യി​രു​ന്നു. ഒരു കുപ്പി ചാരായം പി​ടി​ച്ച​തി​ന്റെ പേ​രി​ലാ​ണ് അ​വ​നെ കൊ​ണ്ടു​വ​ന്ന​ത്. അ​വ​ൻ ജ​യി​ലി​ൽ വ​രു​മ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. ശ​രി​ക്കും അ​വ​ൻ ജു​വ​നൈ​ൽ ഹോ​മി​ൽ പോ​കേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ, പൊലീസു​കാ​ർ ക​ള്ള​ത്ത​ര​ത്തി​ൽ അ​വ​ന്റെ പ്രാ​യം കൂ​ടു​ത​ലാ​യി കാ​ണി​ച്ച് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. ഒ​രു ജ​ഡ്ജിയും അ​വ​ന്റെ രേ​ഖ​ക​ൾ ക്രോ​സ് ചെ​ക്ക് ചെ​യ്തില്ല. അ​ന്ന് അ​വ​ന് ജാ​മ്യ​മെ​ടു​ക്കാ​ൻ ആ​രു​മി​ല്ലാ​യി​രു​ന്നു. ബാ​ബു എ​ന്നാ​യി​രു​ന്നു പേ​രെ​ന്ന് ർ​മ​യു​ണ്ട്. അ​ങ്ങ​നെ നി​ര​വ​ധി ആ​ളു​ക​ൾ അ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്നു.

അ​ന്ന് കൂ​ടു​ത​ലും ദ​ലിത​രാ​യി​രു​ന്നു ജ​യി​ൽ ഇ​ൻ​മേ​റ്റ്സ് എ​ങ്കി​ൽ, ഇ​ന്ന് അ​തി​ലൊരു മാ​റ്റം കാ​ണു​ന്നു​ണ്ട്. ഇ​പ്പോ​ൾ ക​ണ്ണൂ​ർ ജ​യി​ലി​ൽ 39 കൊ​ല്ല​ത്തോ​ള​മാ​യി റി​മാ​ൻ​ഡി​ൽ പെ​ട്ടു​കി​ട​ക്കു​ന്ന ഒ​രു ആ​ദി​വാ​സി യു​വാ​വു​ണ്ട്. അ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​തു​കൊ​ണ്ട് ആ​രും ഏ​റ്റെ​ടു​ക്കു​ന്നി​ല്ല എ​ന്നാ​ണ് കേ​ട്ട​ത്. പി​ന്നെ ഒ​രാ​ൾ കൊ​ല​ക്കു​റ്റ​ത്തി​ന് വ​ന്ന​താ​ണ്. പ​ക്ഷേ, ശി​ക്ഷാ​കാ​ലം ക​ഴി​ഞ്ഞി​ട്ട് കു​റെ കാ​ല​മാ​യി. പോ​കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ജ​യി​ലി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്.

ക​ണ്ണൂ​ർ ജ​യി​ലി​ൽ ഞാ​ൻ ക​ണ്ട വി​ചി​ത്ര​മാ​യ സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്ന് പോക്സോ കേ​സി​ൽ വ​ന്നി​രി​ക്കു​ന്ന ഒ​ട്ടേ​റെ ആ​ളു​ക​ളെയാ​ണ്. പ​ല​രും വേ​ണ്ട​വി​ധം സ്വ​യം ഡി​ഫൻ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ആ​ളു​ക​ളാ​ണ്. ജു​ഡീ​ഷ്യ​റി​യു​ടെ ഏ​ക​പ​ക്ഷീ​യ​വി​ചാ​ര​ണ​രീ​തി​യു​ടെ ഇ​ര​ക​ളാ​ണ് പോക്സോ കേ​സി​ന്റെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന ആ​ദി​വാ​സി യു​വാ​ക്ക​ളി​ൽ ഏ​റെ​യും.

 

സി.കെ. ജാനുവും എം. ഗീതാനന്ദനും

പോക്സോ നി​യ​മം നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ ഈ ​നി​യ​മ​ത്തി​ന്റെ പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ എ​ന്താ​ണ്?

2012ലാ​ണ​ല്ലോ പോക്സോ നി​യ​മം വ​രു​ന്ന​ത്. ഈ ​നി​യ​മം കേ​ര​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്റ്റേ​റ്റി​ന്റെ ഭാ​ഗ​മാ​യ പൊലീസ്, ജു​ഡീ​ഷ്യ​റി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ പാ​വ​പ്പെ​ട്ട ആ​ദി​വാ​സി​ക​ളെ പി​ടി​ച്ച് അ​ക​ത്താ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ല​പ്പോ​ഴും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ആ​ദി​വാ​സി​ക​ൾക്കിട​യി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി പി​ന്തു​ട​ർ​ന്നു​വ​ന്ന ഒ​രു രീ​തി​യു​ണ്ട് -പ്രാ​യ​പൂ​ർ​ത്തി​യാ​കു​ം മു​മ്പു​ത​ന്നെ വി​വാ​ഹം ക​ഴി​ക്കു​ക. പ​ണ്ടൊ​ക്കെ ഇ​തൊ​രു ആ​ചാ​ര​മാ​യി ന​ട​ന്നി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ആ​ചാ​ര​മാ​യി ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും, പ്രാ​യ​പൂ​ർ​ത്തി​യാ​കു​ംമു​മ്പ്, മെ​ൻ​സ്ട്രു​വേ​ഷ​ൻ ക​ഴി​ഞ്ഞാ​ൽ വി​വാ​ഹം ക​ഴി​ക്കാം എ​ന്നൊ​രു സാ​മൂ​ഹി​കബോ​ധം അ​വ​രു​ടെ ഇ​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, 16ാം വ​യ​സ്സി​ലും 17ാം വ​യ​സ്സി​ലു​മൊ​ക്കെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ക​യും കു​ട്ടി​ക​ളു​ണ്ടാ​കു​ക​യും ചെ​യ്യു​ന്ന​ത് അ​വി​ടെ സാ​ധാ​ര​ണ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ൾ ഭാ​ര്യ​യും ഭ​ർ​ത്താ​വു​മാ​യി ജീ​വി​ക്കു​ന്നു. ചി​ല​ർ വീ​ട്ടു​കാ​ര​റി​യാ​തെ ഒ​ളി​ച്ചോ​ടി​പ്പോ​യി വി​വാ​ഹം ക​ഴി​ക്കു​ന്നു. എ​ന്താ​യാ​ലും പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ക്കാ​നാ​യി ചെ​ല്ലു​മ്പോ​ഴാ​ണ് പ​ല​പ്പോ​ഴും പ്ര​ശ്നം തു​ട​ങ്ങു​ന്ന​ത്. അ​വ​ർ​ക്കൊ​ന്നും നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​കി​ല്ല.

പെ​ൺകു​ട്ടി​യു​ടെ ആ​ധാ​ർ പ​രി​ശോ​ധി​ക്കു​മ്പോഴാണ് 16 ക​ഴി​ഞ്ഞ് 17 ആ​യി​ട്ടേ​യു​ള്ളൂ എ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത്. 18 വ​യ​സ്സ് തി​ക​യാ​ൻ ഒ​രു മാ​സം കു​റ​വാ​യി​രി​ക്കാം, അ​ല്ലെ​ങ്കി​ൽ ഒ​രു ദി​വ​സം കു​റ​വാ​യി​രി​ക്കാം. ഉ​ട​ൻ അ​വ​ർ കു​ട്ടി​യെ ത​ട​ഞ്ഞു​വെ​ക്കു​ക​യും ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്യും. ചൈ​ൽ​ഡ് ലൈ​നി​ലെ ആ​ളു​ക​ൾ ആ​ദ്യം കു​ട്ടി​യു​ടെ സ്റ്റേ​റ്റ്മെ​ന്റ് രേ​ഖ​പ്പെ​ടു​ത്തും. ഭ​ർ​ത്താ​വ് ഇ​തൊ​ന്നും അ​റി​യു​ന്നു​ണ്ടാ​കി​ല്ല.

അ​യാ​ൾ മ​രു​ന്ന് വാ​ങ്ങാൻ പോ​യി​രി​ക്കു​ക​യാ​യി​രി​ക്കും. മ​രു​ന്ന് വാ​ങ്ങി തി​രി​ച്ചു​വ​രു​മ്പോ​ഴേ​ക്കും കു​ട്ടി​യെ പി​ന്നെ കാ​ണാ​ൻ ക​ഴി​യി​ല്ല. കാ​ര​ണം, പോക്സോ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ പെ​ൺ​കു​ട്ടി വി​ക്ടി​മാ​ണ്; ഭ​ർ​ത്താ​വ് കേ​സി​ലെ പ്ര​തി​യു​മാ​കും.​ അ​യാ​ൾ തി​രി​ച്ചു​വ​രു​മ്പോ​ൾ പൊലീസ് ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കും. ഉട​ൻ​ത​ അ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യും. അ​യാ​ളു​ടെ പേ​രി​ൽ ഭീകര കുറ്റങ്ങൾ വരെ ചുമത്തും. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ പോ​ലു​ള്ള കു​റ്റ​ങ്ങ​ൾ വരെ അതിൽപെടും. പെ​ൺ​കു​ട്ടി​യെ കു​ടും​ബ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​ൽ​നി​ന്ന് കൊ​ണ്ടു​പോ​യി എ​ന്ന ത​ര​ത്തി​ലു​ള്ള കു​റ്റ​ങ്ങ​ളും, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും, ബ​ലാ​ത്സം​ഗ​ക്കു​റ്റ​വും ചേ​ർ​ക്കും. പോക്സോ നി​യ​മ​ത്തി​ലെ പെ​നി​ട്രേ​റ്റി​വ് സെ​ക്ഷ്വ​ൽ അ​സോ​ൾ​ട്ട് പോ​ലു​ള്ള ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളും ചു​മ​ത്തും.

ഇ​തി​ൽ ഏ​റ്റ​വും വ​ലി​യൊ​രു വി​ഷ​യ​മാ​ക്കു​ന്ന​ത് പെ​നി​ട്രേ​റ്റി​വ് സെ​ക്ഷ്വ​ൽ അ​സോ​ൾ​ട്ടാ​ണ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന കു​റ്റം. ഇതുകൂ​ടി വ​രു​മ്പോ​ൾ ശി​ക്ഷ​യു​ടെ ഗൗ​ര​വം വ​ർ​ധി​ക്കും. പെ​നി​ട്രേ​ഷ​ൻ ന​ട​ന്ന​തു​കൊ​ണ്ടാ​ണ​ല്ലോ ഗ​ർ​ഭി​ണി​യാ​കു​ന്ന​ത്. ഇ​തു​പോ​ലു​ള്ള ഇ​രു​പ​തോ​ളം കേ​സു​ക​ളു​ടെ കേ​സ് ഹി​സ്റ്റ​റിയെങ്കി​ലും ഞാ​ൻ നോ​ക്കി​യി​ട്ടു​ണ്ട്. പ​ല​തി​ലും ഇ​തു​ത​ന്നെ​യാ​യി​രി​ക്കും അവസ്ഥ. പെ​നി​ട്രേ​ഷ​ൻ ന​ട​ന്നി​ട്ടു​ണ്ട്, ശ​രീ​ര​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും ഒ​രു ഇ​ൻ​ജു​റി​യു​ണ്ടെ​ന്ന് കാ​ണി​ക്കും. അ​തി​നെ ബ​ലാ​ത്സം​ഗ​ത്തി​ന്റെ തെ​ളി​വാ​യി ക​ണ​ക്കാ​ക്കും. 2012, 2013, 2014, 2015, 2016 എ​ന്നീ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പോക്സോ കേ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പാ​വ​പ്പെ​ട്ട ഇ​രു​പ​തി​ല​ധി​കം ആ​ദി​വാ​സി യു​വാ​ക്ക​ളെ​യാ​ണ് പിടികൂടിയതെന്നാണ് എ​ന്റെ അ​റി​വ്. ഇ​പ്പോ​ഴും ക​ണ്ണൂ​ർ ജ​യി​ലി​ൽ അ​ത്ത​ര​ത്തി​ലു​ള്ള ധാ​രാ​ളം പേ​രു​ണ്ട്.

ഇ​ന്ത്യ​യി​ൽ ബാ​ല​വി​വാ​ഹം വ്യാ​പ​ക​മാ​യി ന​ട​ന്നി​രു​ന്ന​ല്ലോ. മ​ഹാ​ത്മാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​രും കു​ട്ടി​ക്കാ​ല​ത്ത് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. ഈ ​നി​യ​മ​ങ്ങ​ൾ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ ന​വോ​ത്ഥാ​ന നേ​താ​ക്ക​ളും ദേ​ശീ​യ നേ​താ​ക്ക​ളു​മെ​ല്ലാം ജ​യി​ലി​ൽ പോ​യേ​നെ; മ​ഹാ​ത്മാ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ. അ​താ​ണ് ഇ​തി​ന്റെ ഒ​രു സാ​മൂ​ഹി​ക സാ​ഹ​ച​ര്യം.

ക​ണ്ണൂ​ർ ജ​യി​ലി​ൽ ഇ​ങ്ങ​നെ കി​ട​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ളു​ണ്ട്. ചി​ല​പ്പോ​ൾ കു​ടും​ബ​വ​ഴ​ക്കി​ൽ ഭാ​ര്യ​മാ​ർ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന കേ​സു​ക​ളു​മു​ണ്ട്. സ്വ​ന്തം മ​ക്ക​ളെ പീ​ഡി​പ്പി​ച്ചു എ​ന്നാരോ​പി​ച്ച് കേ​സു​ക​ളു​ണ്ടാ​കാ​റു​ണ്ട്. പോക്സോ കേ​സ് നോ​ൺ-​ആ​ദി​വാ​സി ആ​ളു​ക​ളു​ടേ​താ​ണെ​ങ്കി​ൽപോ​ലും, അ​തി​ന്റെ ട്ര​യ​ൽരീ​തി​യി​ലും അ​ന്വേ​ഷ​ണ​ത്തി​ലും വ​ലി​യ വൈ​ക​ല്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഒ​രു വ്യ​ക്തി ചെ​യ്ത കു​റ്റ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി​രി​ക്ക​ണം അ​യാ​ൾ​ക്ക് ല​ഭി​ക്കു​ന്ന ശി​ക്ഷ. അ​ങ്ങ​നെ​യ​ല്ല ഈ ​കേ​സു​ക​ളി​ൽ പ​ല​പ്പോ​ഴും സം​ഭ​വി​ക്കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ഒ​രാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ച്ചാ​ലും പി​ന്നീ​ട് ഇ​ള​വു​ക​ളും റെ​മി​ഷ​നും ല​ഭി​ക്കും. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 16 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽപോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യും. ഇ​വ​ർ​ക്കൊ​ന്നും അ​തി​ല്ല.

നോ ​റെ​മി​ഷ​ൻ എ​ന്ന രീ​തി​യി​ലാ​ണ്. 20 വ​ർ​ഷ​ത്തെ ശി​ക്ഷ​യാ​ണെ​ങ്കി​ൽപോ​ലും, കു​റ​ഞ്ഞ​ത് 10 വ​ർ​ഷ​മെ​ങ്കി​ലും ശി​ക്ഷ അ​നു​ഭ​വി​ച്ച​ശേ​ഷം വ​ല്ല ബോ​ർ​ഡി​ന്റെ മു​മ്പാകെ അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സ​ര​മെ​ങ്കി​ലും ഉ​ണ്ടാ​ക​ണം. ഇ​ങ്ങ​നെ പെ​ട്ടു​കി​ട​ക്കു​ന്ന​വ​രി​ൽ ന​ല്ലൊ​രു ഭാ​ഗ​വും പാ​വ​പ്പെ​ട്ട ആ​ദി​വാ​സി​ക​ളും ദ​ലിത​രു​മാ​ണ്.​ അ​വ​ർ പി​ന്നെ എ​ങ്ങ​നെ​യൊ​ക്കെ​യോ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലെ ഡോ. ഹ​രി​യെ​പ്പോ​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട​തു​കൊ​ണ്ടും മ​റ്റു​മാ​ണ് ചി​ല​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​ത്.

 

മുത്തങ്ങയിൽ പൊലീസ് നടത്തിയ നരനായാട്ട്

മു​ത്ത​ങ്ങ സ​മ​ര​ത്തെ​ക്കു​റി​ച്ച് പി​ന്നീ​ട് രൂ​പ​പ്പെ​ട്ട പൊ​തു​വാ​യ വി​വ​ര​ണ​ങ്ങ​ളും നേ​രി​ട്ട് ക​ണ്ട അ​നു​ഭ​വ​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് നി​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്. മു​ത്ത​ങ്ങ​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്നാ​ണ് നി​ങ്ങ​ൾ പ​റ​യു​ന്ന​ത്?

മു​ത്ത​ങ്ങ സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത് ഭൂ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്. അ​ല്ലാ​തെ കൊ​ലചെ​യ്യാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ക്രി​മി​ന​ലു​ക​ളാ​യി​രു​ന്നി​ല്ല ആ​ദി​വാ​സി​ക​ൾ. അ​വ​രു​ടെ സാ​മൂ​ഹി​ക​മാ​യ പ​ശ്ചാ​ത്ത​ലം മു​ഴു​വ​ൻ ചോ​ർ​ത്തി​ക്ക​ള​ഞ്ഞു. അ​വ​രെ വെ​റും അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​വ​രാ​യി/​ക്രി​മി​ന​ലു​ക​ളാ​യി മാ​ത്ര​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഹൈ​കോട​തി​യി​ൽ മു​ത്ത​ങ്ങ കേ​സ് ന​ട​ക്കു​മ്പോ​ൾ ഒ​രു ജ​ഡ്ജി, “ട്രെ​സ്പാ​സേ​ഴ്സി​ന് എ​ന്ത് ഹ്യൂ​മ​ൻ റൈ​റ്റ്സ്?” എ​ന്നാ​ണ് ഞ​ങ്ങ​ളോ​ടു ചോ​ദി​ച്ച​ത്. പേ​ര് ഞാ​ൻ പ​റ​യു​ന്നി​ല്ല. അ​പ്പോ​ൾ ഇ​തൊ​ക്കെ ട്രെ​സ്പാ​സിങ് ആ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ട്രെ​സ്പാ​സ് ആ​ണെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യൊ​ന്നും അ​വ​രു​ടെ കൈ​യി​ലി​ല്ല.

മു​ത്ത​ങ്ങ വ​ന​ഭൂ​മി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ളു​ടെ പേ​രി​ൽ ചു​മ​ത്തി​യ പ​ല വ​നം​ കേ​സു​ക​ളും പി​ന്നീ​ട് നി​ല​നി​ന്നി​ല്ല; പ​ല​തും ത​ള്ളി​പ്പോ​യി​ട്ടു​ണ്ട്. ശ​രി​ക്കും മു​ത്ത​ങ്ങ സ​മ​രമെന്ന് പ​റ​യു​ന്ന​ത് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന ഒ​രു സ​ത്യ​ഗ്ര​ഹ സ​മ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ഇ​പ്പോ​ൾ ന​മ്മ​ൾ ‘ന​രി​വേ​ട്ട’ സിനിമ​യി​ലൊ​ക്കെ കാ​ണു​ന്ന​തു​പോ​ലെ ഒ​രു സ്റ്റേ​ജ് ചെ​യ്ത സ​മ​ര​വു​മ​ല്ല അ​ത്. അ​വി​ടെ വ​ലി​യ ഗ്രാ​മ​ങ്ങ​ളാ​യി​രു​ന്നു. എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ പ​ണി​യെ​ടു​ത്തും പു​ര​യി​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്തും ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ംഗൻവാ​ടി​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ പൊലീസ് വ​രി​ക​യോ എ​ന്തെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ ആ​രും ഇ​റ​ങ്ങി​പ്പോ​ക​രു​തെ​ന്നും, ന​മ്മ​ൾ പ​തി​വാ​യി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഞ​ങ്ങ​ൾ ന​ൽ​കി​യ പൊ​തു​നി​ർ​ദേ​ശം.

അ​വി​ടെ ഏ​ക​ദേ​ശം 28 ഊ​രു​കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഊ​രു​കൂ​ട്ട​ങ്ങ​ളു​ടെ കൗ​ൺ​സി​ൽ ചേ​ർ​ന്ന് തീ​രു​മാ​നി​ച്ച ചി​ല സ​ർ​ക്കു​ല​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മുത്ത​ങ്ങ​യി​ലെ ആ​ദി​വാ​സി കൗ​ൺ​സി​ൽ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളും സ​ർ​ക്കു​ല​റു​ക​ൾ ഇ​റ​ക്കി​യി​രു​ന്നു. പൊലീസ് വ​രി​ക​യോ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ ആ​രും ഇ​റ​ങ്ങി​പ്പോ​ക​രു​തെ​ന്നും, പൊലീസ് അ​റ​സ്റ്റ് ചെ​യ്യു​ന്നു​വെ​ങ്കി​ൽ അ​റ​സ്റ്റ് വ​രി​ച്ച് പോ​ക​ണ​മെ​ന്നും ആ​യി​രു​ന്നു നി​ർ​ദേ​ശം. അ​ല്ലെ​ങ്കി​ൽ അ​വ​ര​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​തം തു​ട​ര​ണ​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്.

2003 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ പൊ​ലീ​സു​കാ​ർ​ക്ക് കു​ടി​ൽ കെ​ട്ടി താ​മ​സി​ച്ച​തി​ന് ഞ​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കാ​മാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ർ അ​ത​ല്ല ചെ​യ്ത​ത്. ആ​ളു​ക​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്കു​ക​യും വീ​ടു​ക​ൾ​ക്ക് തീ ​വെ​ക്കു​ക​യും ചെ​യ്ത് അ​വ​രെ റൂ​ട്ട് ഔ​ട്ട് ചെ​യ്യു​ക എ​ന്ന രീ​തി​യാണ് സ്വീകരിച്ചത്.​ ഇ​തി​നി​ട​യി​ൽ ആ​ളു​ക​ളെ വ്യ​ക്തി​ക​ളാ​യി അ​റ​സ്റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു പ​ക​രം, റ​ബ​ർ ബു​ള്ള​റ്റു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും ഗ്ര​നേ​ഡു​ക​ളും പെ​ല്ല​റ്റു​ക​ളും യ​ഥാ​ർ​ഥ വെ​ടി​യു​ണ്ട​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൊലീസ് ന​ട​പ​ടി ന​ട​ത്തി​യ​തെ​ന്ന് ഞ​ങ്ങ​ൾ ക​ണ്ടു. തീ​വെ​ച്ച് പ​ല​തും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ മു​ത്ത​ങ്ങ​യി​ലെ പൊലീസ് വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ച് ഇ​ട​പെ​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും ഡി.​ജി.​പി​യു​ടെ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ മാ​ത്രം ആ​ശ്ര​യി​ച്ച് സം​ഭ​വ​ത്തെ വി​ല​യി​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി, സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പൊലീസ് തെ​ളി​വി​നു​വേ​ണ്ടി​യെ​ങ്കി​ലും അ​വി​ടെ​നി​ന്ന് വൈ​ക്കോ​ൽ​ക്കു​ടി​ലും അ​വ​രു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ളും ക​ണ്ടു​കെ​ട്ടി സൂ​ക്ഷി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ അ​വ ക​ത്തി​ച്ചു​ക​ള​ഞ്ഞു. അ​ങ്ങ​നെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പോ​യ ആ​ളു​ക​ൾ പൊലീസ് ന​ട​പ​ടി​യെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ ഒ​രു സ്ഥ​ല​മാ​ണ് കൗ​ണ്ട​ൻ​ വ​യ​ൽ. അ​വി​ടെ​വെ​ച്ചാ​ണ് പി​ന്നീ​ട് പൊലീസ് വെ​ടി​വെ​പ്പ് ന​ട​ന്ന​ത്.

പ​ല ഭാ​ഗ​ത്തു​നി​ന്നും ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ അ​വി​ടെ ഒ​ത്തു ചേ​ർ​ന്നു. രാ​വി​ലെ പ​ത്തുമു​ത​ൽ, പ​തി​നൊ​ന്ന്, പ​ന്ത്ര​ണ്ട് മ​ണി​യാ​കു​മ്പോ​ഴേ​ക്കും അ​വി​ടെ മു​ന്നൂ​റി​ല​ധി​കം പേ​രാ​യി. വ​ലി​യൊ​രു ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നു അ​ത്. അ​വ​ർ പ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളും വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. “പൊലീസ് ഗോ ​ബാ​ക്ക്” എ​ന്നൊ​ക്കെ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, പൊലീസി​ലെ ചി​ല​ർ കാ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യി​രു​ന്നു. അ​വ​രി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​രാ​ണ് എ​വി​ടെ പ​രി​ക്കേ​റ്റ​ത്, എ​ങ്ങ​നെ​യാ​ണ് പ​രി​ക്കേ​റ്റ​ത് എ​ന്നൊ​ന്നും ഞ​ങ്ങ​ൾ​ക്കപ്പോ​ൾ അ​റി​യി​ല്ലാ​യി​രു​ന്നു. അ​ത് സം​ഘ​ർ​ഷ​മാ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും, അ​പ്പോ​ഴ​ത്തെ പ​ല കാ​ര്യ​ങ്ങ​ളും ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ പ​രി​ക്കേ​റ്റ മൂ​ന്ന് പൊലീസു​കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു വി​നോ​ദ്. ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ വെ​ടി​വെ​പ്പ് ന​ട​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹം അ​വി​ടെയുണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ അ​റി​വ്. ഒ​രു ഫോ​റ​സ്റ്റ​ർ ശ​ശി​ധ​ര​നും അ​ബ്ദു​ൽ സ​ലാ​മും അ​വി​ടെയുണ്ടാ​യി​രു​ന്നു. രാ​വി​ലെ ന​ട​ന്ന പൊലീസ് ന​ട​പ​ടി​ക്കി​ടെ കാ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഇ​വ​ർ പി​ന്നീ​ട് ആ​ദി​വാ​സി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഷെ​ഡി​ന്റെ പ​രി​സ​ര​ത്ത് എ​ത്തി​പ്പെ​ട്ടു. അ​വ​രെ ആ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തൊ​ന്നു​മ​ല്ല. അ​വ​ർ അ​വി​ടെ എ​ങ്ങ​നെയാണ്​ എ​ത്തി​പ്പെ​ട്ട​തെ​ന്ന് ഞ​ങ്ങ​ൾ​ക്കും അ​പ്പോ​ൾ അ​റി​യി​ല്ലാ​യി​രു​ന്നു. അ​വ​ർ ന​ട​ന്നുവ​ന്ന​താ​ണെ​ന്ന് ഒ​രാ​ളു​ടെ മൊ​ഴി​യു​ണ്ട്. ഏ​താ​നും ആ​ദി​വാ​സി​ക​ളു​ടെ തോ​ളി​ൽ കൈ​വെ​ച്ച് താ​ങ്ങി​യാ​ണ് താ​ൻ അ​വി​ടെ എ​ത്തി​യ​തെ​ന്ന് ഒ​രു ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യും മൊ​ഴി​യു​ണ്ട്.

അ​പ്പോ​ഴാ​ണ് കാ​ട്ടി​ൽ റെ​യ്ഡി​ന് പോ​യവരു​ടെ എ​ണ്ണ​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ഏ​ക​ദേ​ശം 40 പേ​രെ കാ​ണാ​നി​ല്ലെ​ന്നും പൊലീസ് ക​ണ്ടെ​ത്തു​ന്ന​ത്. അ​വ​രെ തി​ര​യാനാ​യി ര​ണ്ടാ​മ​തൊ​രു വ​ലി​യ സേ​ന രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ ആ ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി.​ അ​പ്പോ​ഴേ​ക്കും രാ​വി​ലെ മു​ത​ൽ ന​ട​ന്ന പൊലീസ് ന​ട​പ​ടി​യു​ടെ ഭീ​ക​ര​ത മ​നു​ഷ്യ​ർ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും പൊലീസ് വെ​ടി​വെ​ക്കു​മോ എ​ന്നൊ​രു സം​ശ​യം അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പൊലീസു​കാ​ർ ത​ന്നെ “ഞ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്” എ​ന്ന് വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് ഞ​ങ്ങ​ൾ അ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ബ​ന്ദി​യാ​ക്കി​യെ​ന്ന മ​ട്ടി​ലു​ള്ള ക​ഥ​യാ​ണ് രൂ​പ​പ്പെ​ട്ട​ത്. എ​ന്നാ​ൽ അ​വി​ടെ​വെ​ച്ചു​ത​ന്നെ ആ ​സം​ഭ​വം അ​വ​സാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. കാ​ര​ണം പി​ന്നീ​ട് ഞ​ങ്ങ​ൾ അ​വ​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ വ​ന്ന ഡിവൈ.​എ​സ്.​പി ഉ​ണ്ണി​യു​മാ​യി സം​ഭാ​ഷ​ണം ന​ട​ന്നു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വ​ന്ന ആ​യു​ധ​ധാ​രി​ക​ളാ​യ പൊലീസു​കാ​രെ​യൊ​ക്കെ മാ​റ്റി​നി​ർ​ത്തി. അ​ദ്ദേ​ഹ​വും ന​മ്മു​ടെ പ്ര​തി​നി​ധി​ക​ളും ത​മ്മി​ലാ​ണ് സം​സാ​രി​ച്ച​ത്.

അ​വി​ടെ മു​റി​വേ​റ്റ ആ​ദി​വാ​സി​ക​ളും വെ​ടി​യേ​റ്റ ആ​ളു​ക​ളും പ​രി​ക്കേ​റ്റ മൂ​ന്ന് പൊലീസു​കാ​രു​മു​ണ്ടാ​യി​രു​ന്നു. ഒ​രു ഷെ​ഡി​ന്റെ ര​ണ്ട് വ​ശ​ങ്ങ​ളി​ലാ​യി അ​വ​ർ കി​ട​ക്കു​ക​യാ​യി​രു​ന്നു.​ സ്വാ​ഭാ​വി​ക​മാ​യും, ഈ ​സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ സം​ഭ​വം സ​മാ​ധാ​ന​പ​ര​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​തയുണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ ആ​വ​ശ്യം വ​ള​രെ വ്യ​ക്ത​മാ​യി​രു​ന്നു: പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം, അ​ത് ആ​ദി​വാ​സി​ക​ളാ​യാ​ലും പൊലീസു​കാ​രാ​യാ​ലും. പൊലീസ് വെ​ടി​വെ​പ്പ് നി​ർ​ത്ത​ണം. തീ​വെ​ച്ച സം​ഭ​വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും അ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും വേ​ണം. ഈ ​മൂ​ന്ന് കാ​ര്യ​ങ്ങ​ളാ​ണ് ഞ​ങ്ങ​ൾ സം​സാ​രി​ച്ചത്.

ഇ​ത് ഉ​ണ്ണി എ​ന്ന ഡിവൈ.​എ​സ്.​പി ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള അ​ശോ​ക​നായിരു​ന്നു അ​ന്ന് ഗോ​ത്ര​സ​ഭ​യു​ടെ സെ​ക്ര​ട്ട​റി. അദ്ദേഹമാ​ണ് ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് സം​സാ​രി​ച്ചത്. ജാ​നു​വൊ​ക്കെ അ​ന്ന് വേ​റൊ​രു സ്ഥ​ല​ത്താ​യി​രു​ന്നു. ഇ​ത് പ​തി​നൊ​ന്ന് മ​ണി​യോ​ടെ തു​ട​ങ്ങി. പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ൾ വ​ന്ന​പ്പോ​ൾ, സം​ഭ​വം കാ​ണ​ണ​മെ​ന്ന് ന​മ്മു​ടെ ആ​ളു​ക​ൾ പ​റ​ഞ്ഞു. അ​ങ്ങ​നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ വ​ന്നു. അ​വ​ർ പൊലീസു​കാ​രു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളെടു​ത്തു, എ​ല്ലാ​വ​രെ​യും കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. പൊലീസു​കാ​ർ സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ഭ​യ​പ്പെ​ട്ടു​പോ​യി​രു​ന്നു എ​ന്നൊ​ക്കെ ചി​ല​ർ പ​റ​ഞ്ഞി​രു​ന്നു. അ​വ​ർ വെ​ള്ളം കു​ടി​ക്കു​ന്ന​തും മ​റ്റു​മൊ​ക്കെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ വ​ന്നി​ട്ടു​ണ്ട്.

സം​ഭാ​ഷ​ണം അ​ങ്ങ​നെ നീ​ണ്ടു​പോ​യി. സ്വാ​ഭാ​വി​ക​മാ​യും പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു​പോ​കാ​നു​ള്ള സം​വി​ധാ​നം അ​വ​ർ ഒ​രു​ക്കി​യി​ല്ല. അ​ത് രാ​ഷ്ട്രീ​യ​ക്കാ​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു.​ പൊലീസു​കാ​രെ ഒ​ന്നു​കി​ൽ അ​ങ്ങോ​ട്ട് കൊ​ണ്ടു​പോ​ക​ണം, അ​ല്ലെ​ങ്കി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​ങ്ങോ​ട്ട് വ​ര​ണം. ഇ​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ആ​വ​ശ്യം. “നി​ങ്ങ​ൾ പോ​യി ഡോ​ക്ട​ർ​മാ​രെ കൊ​ണ്ടു​വ​ന്നോ​ളൂ” എ​ന്ന് പ​റ​ഞ്ഞു. അ​ങ്ങ​നെ ഞമ്മ​ൾ ഒ​രു ടീ​മി​നെ റോ​ഡി​ലേ​ക്ക് അ​യ​ച്ചു. റോ​ഡി​ൽ മെ​ഡി​ക്ക​ൽ ടീം ​ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ നാ​ലു​പേ​ർ റോ​ഡി​ലേ​ക്ക് പോ​യ​പ്പോ​ൾ അ​വ​രെ നാ​ട്ടു​കാ​രെ​ന്ന പേ​രി​ൽ ചി​ല രാ​ഷ്ട്രീ​യ​ക്കാ​ർ ത​ട​ഞ്ഞു. അ​വ​ർ ഇ​ട​പെ​ട്ടി​ട്ട്, “സാ​ർ, നി​ങ്ങ​ൾ പോ​യാ​ൽ അ​വ​രെ അ​വി​ടെ പി​ടി​ച്ചു​വെ​ക്കി​ല്ലെ​ന്ന് എ​ന്താ​ണ് ഉ​റ​പ്പ്?” എ​ന്ന് ചോ​ദി​ച്ചു. അ​ങ്ങ​നെ അ​വ​രെ പി​ന്തി​രി​പ്പി​ച്ചു.​ ഇതിന് ഇടക്കുണ്ടായ സം​ഭ​വ​ങ്ങ​ളി​ലാ​ണ് പി​ന്നീ​ട് പൊലീസ് ഗൂ​ഢാ​ലോ​ച​ന​യു​ടെ ക്ലൈ​മാ​ക്സി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തു​ന്ന​ത്.

പൊലീസി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഞ​ങ്ങ​ൾ പൊ​ലീ​സു​കാ​രെ കി​ഡ്നാ​പ്പ് ചെ​യ്ത് കൊ​ണ്ടു​പോ​യി എ​ന്നു​ള്ള ക​ഥ​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് സു​രേ​ഷ് രാ​ജ് പു​രോ​ഹ​തി​നെപോ​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തു​വ​രു​ന്ന​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു കെ.​എ.​പി ക​മാ​ൻ​ഡ​ന്റ്. അ​ങ്ങ​നെ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി വ​രെ കാ​ര്യ​ങ്ങ​ൾ നീ​ണ്ടു​പോ​യി. അ​ഞ്ചു​മ​ണി​യോ​ടെ കെ.​എ.​പി ബ​റ്റാ​ലി​യ​ൻ ചീ​ഫ് അ​വി​ടേക്ക് വ​ന്നു. അ​വി​ടെ​യാ​ണ് ആ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ ഒ​രു ഇ​ട​നാ​ഴി രൂ​പ​പ്പെ​ടു​ന്ന​ത്. ഞങ്ങൾക്ക് അ​റി​യാ​ൻ പ​റ്റി​യി​ട​ത്തോ​ളം, ചി​ല പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദി​വാ​സി​ക​ളെ ആ​ക്ര​മി​ക്ക​രു​ത് എ​ന്ന നി​ല​പാ​ട് തു​റ​ന്ന് പ​റ​ഞ്ഞ​താ​യും കേ​ൾ​ക്കു​ന്നു​ണ്ട്. ശ​ങ്ക​ർ റെ​ഡ്ഡി​യെ​പ്പോ​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​ങ്ങ​നെ പ​റ​ഞ്ഞ​താ​യാ​ണ് അ​റി​വ്.​ എ​ന്താ​യാ​ലും, വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ, വേ​റൊ​രു വലിയ ബ​റ്റാ​ലി​യ​ൻ ആ​യു​ധ​ധാ​രി​ക​ളാ​യി അ​ങ്ങോ​ട്ടേ​ക്ക് മാ​ർ​ച്ച് ചെ​യ്തു​ വന്നു.

വെ​ടി​വെ​പ്പി​നു​വേ​ണ്ടി​യാ​ണ് അ​വ​ർ വ​രു​ന്ന​തെ​ന്ന തോ​ന്ന​ൽ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ർ അ​മ്പ​ത് മീ​റ്റ​ർ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ത​ന്നെ ചാ​ർ​ജ് ചെ​യ്തു. പി​ന്നീ​ട് മു​ന്നൂ​റോ​ളം വ​രു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രെ​യാ​ണ് വെ​ടി​വെ​ച്ച​ത്. യ​ഥാ​ർ​ഥ വെ​ടി​യു​ണ്ട​ക​ളാ​ണ് വ​രു​ന്ന​തെ​ന്ന് ക​ണ്ട​പ്പോ​ൾ ആ​ളു​ക​ൾ ഓ​ടാ​ൻ തു​ട​ങ്ങി. അ​താ​ണ് ന​മ്മ​ൾ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന രം​ഗം. അ​വ​ർ ഇ​ര​ച്ചു​വ​ന്ന​തി​നു​ശേ​ഷം അ​വി​ടെ വീ​ണ​വ​രെ​യൊ​ക്കെ ഭ​യ​ങ്ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്തു. ജോ​ഗി അ​വി​ടെ​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. പൊലീസ് കോ​ൺ​സ്റ്റ​ബി​ൾ കെ.​വി. വി​നോ​ദും കൊ​ല്ല​പ്പെ​ട്ടു. വി​നോ​ദി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ന്നീ​ട് വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളും കേ​സു​ക​ളും ഉ​യ​ർ​ന്നു​വ​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ആ​രാ​ണ് എ​ങ്ങ​നെ പ​രി​ക്കേ​ൽ​പിച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്നും സം​ശ​യ​ങ്ങ​ളു​ണ്ട്്

ജ​ന​ക്കൂ​ട്ടം ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് പൊലീസു​കാ​ര​ന് വീ​ണ്ടും മു​റി​വേ​റ്റ​തെ​ന്നും അ​താ​ണ് മ​രി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അ​ത് ശ​രി​യാ​ണെ​ന്നാണ് തോ​ന്നു​ന്നത്. പ​ക്ഷേ, ആ​രാ​ണ് അ​യാ​ളെ പ​രി​ക്കേ​ൽപി​ച്ച​തെ​ന്നു​ള്ള​ത് ഇ​പ്പോ​ഴും ദു​രൂ​ഹ​മാ​ണ്. അ​താ​ണ് പൊലീസ് അ​ന്വേ​ഷി​ക്കേ​ണ്ടി​യി​രു​ന്ന​ത്. കാ​ര​ണം, അ​വി​ടത്തെ ദൃ​ശ്യ​ങ്ങ​ളും സാ​ധ​ന​സാ​മ​ഗ്രി​ക​ളും പ​രി​ശോ​ധി​ച്ചാ​ൽ ആ​രെ​ങ്കി​ലും അ​യാ​ളെ പ​രി​ക്കേ​ൽ​പി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണു​ന്നി​ല്ല. ജ​ന​ക്കൂ​ട്ടം ഓ​ടു​ന്ന​താ​ണ് കാ​ണു​ന്ന​ത്.

 

മു​ത്ത​ങ്ങ​ക്കുശേ​ഷം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ​ ന​ട​പ​ടി​ആ​രം​ഭി​ച്ച​പ്പോ​ൾ, അ​തി​നെ നേ​രി​ടാ​നും അ​വ​ർ​ക്കു​വേ​ണ്ടി നി​യ​മ​പ​ര​മാ​യും മ​നു​ഷ്യാ​വ​കാ​ശ​പ​ര​മാ​യും ഇ​ട​പെ​ടാ​നും എ​ന്തു​ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്?

മു​ത്ത​ങ്ങ സം​ഭ​വ​ത്തി​നു​ശേ​ഷം എ​ന്നെ 68 ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്തു. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ എ​നി​ക്ക് വ​യ​നാ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​നാ​കാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു ജാ​മ്യ​വ്യ​വ​സ്ഥ. ഇ​ത് ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെയുള്ള നി​യ​മ ന​ട​പ​ടി​ ത​ടയാനാ​യി​രു​ന്നു. കാ​ര​ണം, ഈ ​നി​യ​മ​പോ​രാ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യ ഏ​കോ​പ​നം ന​ട​ത്താ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന വ്യ​ക്തി, ഞാ​നാ​ണെ​ന്ന് അ​വ​ർ​ക്ക് ന​ന്നാ​യി​ട്ട​റി​യാം. വ​യ​നാ​ട്ടി​ൽ ഞാ​ൻ പ്ര​വേ​ശി​ക്കരുത് എ​ന്ന​ത് പൊലീസി​ന്റെ ആ​വ​ശ്യ​മാ​യി​രു​ന്നു.

അ​വ​ർ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ആ​ദി​വാ​സി​ക​ൾ​ക്കുവേ​ണ്ടി നി​യ​മ​പ​ര​മാ​യി പ്ര​തി​നി​ധാനം ചെയ്യുകയോ, അ​വ​രെ ലീ​ഗ​ൽ സ​പ്പോ​ർ​ട്ട് മെ​ക്കാ​നി​സ​ത്തി​ലേ​ക്ക് ഏ​കോ​പി​പ്പി​ക്കു​ക​യോ ചെ​യ്യാ​ൻ എ​നി​ക്കാ​യി​രു​ന്നു ക​ഴി​യു​ക. ജാ​നു ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, അ​തി​ന്റെ കാ​ര്യ​ത്തി​ൽ ജാ​നു​വി​നും ഒ​രു​പാ​ട് പ​രി​മി​തി​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ളു​ക​ളെല്ലാം പ​ല നാ​ടു​ക​ളി​ലേ​ക്ക് ചി​ത​റി​പ്പോ​യ അ​വ​സ്ഥ​യാ​യി​രു​ന്നു മുത്തങ്ങയിൽ. ഭ​യ​ന്നും ഭീ​തി​യി​ലു​മാ​യി​രു​ന്ന അ​വ​ർ​ക്ക് തൊ​ഴി​ൽ​ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. അവ​രെ​യെ​ല്ലാം ഏ​കോ​പി​പ്പി​ച്ച് നി​യ​മ​വേ​ദി​ക​ളി​ലും മ​നു​ഷ്യാ​വ​കാ​ശ വേ​ദി​ക​ളി​ലും-​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ, ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​ൻ, വ​നി​ത ക​മീ​ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെല്ലാം പരാതികൾ നൽകാനുണ്ടായിരുന്നു. ഞാ​ൻ കോ​ഴി​ക്കോ​ട് വ​ന്നാ​ണ് അ​തൊ​ക്കെ ചെയ്തുതീർത്തത്.

ഗ്രോ ​വാ​സു​വേ​ട്ട​ന്റെ കേ​ന്ദ്ര​ത്തി​ൽ ഞ​ങ്ങ​ളു​ടെ ചി​ല പ്ര​വ​ർ​ത്ത​ക​ർ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചും, ജീ​പ്പി​ൽ ആ​ളു​ക​ളെ ബാ​ച്ചു​ക​ളാ​യി വ​യ​നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്നു​മാ​ണ് അ​പേ​ക്ഷ​ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. അ​ങ്ങ​നെ 700 പേ​രു​ടെ പരാതികൾ സ​മാ​ഹ​രി​ച്ചു. ഞങ്ങൾ നേ​രി​ട്ട പ്ര​ധാ​ന​പ്പെ​ട്ട വെല്ലുവിളി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു. അങ്ങനെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീഷ​നിലും വ​നി​ത ക​മീ​ഷ​നിലും ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മീഷ​നിലുമെല്ലാം പരാതിക​ൾ ന​ൽ​കി.

പ​ക്ഷേ, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കേ​ണ്ടി​യി​രു​ന്ന സി.​ബി.​ഐ ത​ന്നെ​യാ​യി​രു​ന്നു ക്രി​മി​ന​ൽ കേ​സു​ക​ളും അ​ന്വേ​ഷി​ച്ച ഏ​ജ​ൻ​സി എ​ന്ന​ത് പ്ര​ശ്നമായി. അ​വ​രു​ടെ പ്ര​ധാ​ന ദൗ​ത്യം ഞ​ങ്ങ​ൾ​ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സ് ഏ​റ്റ​വും മോ​ശ​പ്പെ​ട്ട നി​ല​യി​ൽ ഞ​ങ്ങ​ൾക്കെ​തി​രെ നീക്കുക എ​ന്ന​താ​യി​രു​ന്നു. ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം എ​ങ്ങ​നെ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് ന​മു​ക്ക് കൃ​ത്യ​മാ​യി അ​റി​യി​ല്ലാത്തതുകൊണ്ടാണ് “മോ​ശ​പ്പെ​ട്ട നി​ല​യി​ൽ” എ​ന്ന് പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും, ദൃ​ശ്യ​ങ്ങ​ളും മ​റ്റ് തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ചും പ്ര​തി​ക​ള​ല്ലാ​ത്ത​വ​രെ പ്ര​തി​ക​ളാ​ക്കി​യും ഒ​ക്കെ​യു​ള്ള രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്.

മു​ത്ത​ങ്ങ​യി​ൽ ന​ട​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യ​തോ​ടെ ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മ​ല ദേ​ശ്പാ​ണ്ഡെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി പ​രി​ഗ​ണി​ച്ച് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീഷ​ൻ കേ​സെടു​ത്തു. മു​ത്ത​ങ്ങ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഒ​രു ഏ​ജ​ൻ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും സി.​ബി.​ഐ അ​തി​ന് അ​നു​യോ​ജ്യ​മാ​യി​രി​ക്കു​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മീഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​ത് അം​ഗീ​ക​രി​ച്ചു​സം​സ്ഥാ​ന സ​ർ​ക്കാ​റും ഉ​ത്ത​ര​വി​റ​ക്കി.​ എ​ന്നാ​ൽ, ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പേത​ന്നെ ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ ക്രി​മി​ന​ൽ കേ​സു​ക​ളും ആ​രും ആ​വ​ശ്യ​പ്പെ​ടാ​തെ ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സി.​ബി.​ഐ​ക്ക് കൈ​മാ​റി.

ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​സ്തു​ത കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് കൈ​മാ​റി​യ​ത് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​യി​രു​ന്നു. ഞ​ങ്ങ​ളിത് ഹൈ​കോ​ട​തി​യി​ൽ ച​ല​ഞ്ച് ചെ​യ്തു. അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​വും വി​ഭാ​ഗീ​യ​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഏ​ഴ് എ​ഫ്.​ഐ.​ആ​റു​ക​ളി​ൽ അ​വ​സാ​ന​ത്തേ​ത് ജോ​ഗി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. ജോ​ഗി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല.​ അ​തൊരു അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി​ട്ടാ​ണ് അ​ന്നും ഇ​ന്നും കി​ട​ക്കു​ന്ന​ത്. അ​ന്ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക്രി​മി​ന​ൽ പ്രൊ​സീ​ജ​ർ കോ​ഡി​ലെ 174ാം വ​കു​പ്പു​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​യി അ​ത് തു​ട​രു​ക​യാ​ണ്. ആ ​കേ​സി​ൽ അ​ന്വേ​ഷ​ണ​വും ന​ട​ന്നി​ട്ടി​ല്ല. മ​റ്റ് കേ​സു​ക​ൾ മാ​ത്ര​മേ അ​ന്വേ​ഷി​ച്ചി​ട്ടു​ള്ളൂ എ​ന്ന് പ​റ​ഞ്ഞ​വ​ർ കു​റ്റ​പ​ത്രം എ​റ​ണാ​കു​ളം സി.​ബി.​ഐ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ആ​റ് എ​ഫ്.​ഐ.​ആ​റു​ക​ൾ മൂ​ന്ന് ചാ​ർ​ജ് ഷീ​റ്റു​ക​ളാ​യാ​ണ് ന​ൽ​കി​യ​ത്. ഞ​ങ്ങ​ൾ ഹൈ​കോട​തി​യി​ൽ ച​ല​ഞ്ച് ചെ​യ്തത് അം​ഗീ​ക​രി​ച്ചി​ല്ല. അ​വി​ടെ​യെ​ല്ലാം ജു​ഡീ​ഷ്യ​റി​യു​ടെ ഒ​രു ഏ​ക​പ​ക്ഷീ​യ​ത ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

(തുടരും)

Tags:    
News Summary - Muthanga Verdict and the Adivasi Reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.