അന്താരാഷ്ട്ര മേളയെ ജനകീയമാക്കും
കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായ രവീന്ദ്രൻ സംസാരിക്കുന്നു –ഭാവി പദ്ധതികെളപ്പറ്റി, ചലച്ചിത്രമേളയെപ്പറ്റി, സിനിമകളെപ്പറ്റി. മലയാള, തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമാണ് രവീന്ദ്രന്‍. 1980കളിലാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. തിരക്കഥാകൃത്ത്, ഇന്‍റീരിയര്‍ ഡിസൈനര്‍, അവതാരകന്‍, അഭിനയ പരിശീലകന്‍, ചലച്ചിത്രമേളകളുടെ സംവിധായകന്‍, കാന്‍ ഉള്‍പ്പെടെ ലോക ചലച്ചിത്രമേളകളില്‍ പങ്കെടുത്ത വ്യക്തി എന്നീ നിലകളില്‍ പ്രശസ്തനാണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനിച്ചത്. ചെന്നൈയിലെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറില്‍നിന്ന് രണ്ട് വര്‍ഷത്തെ അഭിനയ കോഴ്സ് പൂര്‍ത്തിയാക്കിയ...
കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായ രവീന്ദ്രൻ സംസാരിക്കുന്നു –ഭാവി പദ്ധതികെളപ്പറ്റി, ചലച്ചിത്രമേളയെപ്പറ്റി, സിനിമകളെപ്പറ്റി.
മലയാള, തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമാണ് രവീന്ദ്രന്‍. 1980കളിലാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. തിരക്കഥാകൃത്ത്, ഇന്‍റീരിയര്‍ ഡിസൈനര്‍, അവതാരകന്‍, അഭിനയ പരിശീലകന്‍, ചലച്ചിത്രമേളകളുടെ സംവിധായകന്‍, കാന്‍ ഉള്‍പ്പെടെ ലോക ചലച്ചിത്രമേളകളില്‍ പങ്കെടുത്ത വ്യക്തി എന്നീ നിലകളില്‍ പ്രശസ്തനാണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനിച്ചത്.
ചെന്നൈയിലെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറില്‍നിന്ന് രണ്ട് വര്‍ഷത്തെ അഭിനയ കോഴ്സ് പൂര്‍ത്തിയാക്കിയ രവീന്ദ്രന്‍ പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് ബിരുദ കോഴ്സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചലച്ചിത്ര മേഖലയില്‍ സജീവമാവുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഭിനയ രംഗത്തുനിന്നും കുറെക്കാലം മാറിനിന്നെങ്കിലും രണ്ടായിരത്തോടെ വീണ്ടും സിനിമാരംഗത്തെത്തി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്രന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയെക്കുറിച്ചും തന്‍റെ സിനിമാ വഴികളെക്കുറിച്ചും സംസാരിക്കുന്നു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി താങ്കള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ. ആദ്യ ഉത്തരവാദിത്തം എന്നനിലയില്‍ മുന്നില്‍ എത്തിയിരിക്കുന്നത് രാജ്യാന്തര ചലച്ചിത്രമേളയാണ്. താങ്കള്‍ ഒരുപാട് മേളകള്‍ കണ്ടിട്ടുണ്ട്. ചിലതിന്‍റെയൊക്കെ ക്യുറേറ്ററായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പുതിയ മേളയെ വ്യത്യസ്തമാക്കുന്ന എന്താണ് മനസ്സിലുള്ളത്?
അന്താരാഷ്ട്ര മേളയെ ജനകീയമാക്കുക എന്നതാണ് പ്രധാനം. അതിന് ഈ വര്‍ഷം മുതല്‍ ഡേ ആൻഡ് നൈറ്റ് ഷോ നടത്താനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. തിരുവനന്തപുരത്തെ ഉറങ്ങാത്ത ചലച്ചിത്രനഗരമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഞാന്‍ കാന്‍ മേളയില്‍ പങ്കെടുക്കുന്ന സമയത്താണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്. അതായത്, രാത്രി 2.30നും രാവിലെ 7.30നുമൊക്കെ അവിടെ പ്രദര്‍ശനങ്ങളുണ്ട്.
നിറഞ്ഞ പ്രേക്ഷക പങ്കാളിത്തമാണുള്ളത്. കാനില്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. മിഡിൽഈസ്റ്റിലും പാരിസിലുമൊക്കെ ഇത്തരത്തില്‍ സ്ക്രീനിങ് നടത്തിയിട്ടുണ്ട്. ഇവിടെയും ഇത്തരം മാറ്റങ്ങള്‍ ആകാവുന്നതാണ്. നമ്മുടെ സിനിമകള്‍ രാജ്യത്തിന് പുറത്തുള്ള മേളകളില്‍ എത്തിക്കുക എന്നതാണ് പ്രധാനം. അതിന് അക്കാദമിക്ക് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കാം. ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ക്കാണ് അക്കാദമി ഇക്കുറി ലക്ഷ്യമിടുന്നത്. മേള കൂടുതല്‍ ജനകീയമാക്കുക എന്നതാണ് അക്കാദമി ആഗ്രഹിക്കുന്നത്. അതിന് കൂടുതല്‍ പ്രേക്ഷക പങ്കാളിത്തം ഉറപ്പാക്കണം.
നിലവില്‍ പതിനായിരം പേര്‍ക്കാണ് ഡെലിഗേറ്റ് പാസ് നല്‍കുന്നത്. ഇത്രയും ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തിയറ്റര്‍ സംവിധാനം നമുക്കില്ലല്ലോ. ഗോവ ഉള്‍പ്പെടെ മേളകളില്‍ കൃത്യമായ സ്ക്രീനിങ്ങിനു ശേഷമാണ് ഡെലിഗേറ്റ് പാസ് അനുവദിക്കുന്നത്?
ആള്‍ക്കാര്‍ സിനിമ കാണാന്‍ വരുന്നതിനെ നമുക്ക് തടയാനാകില്ല. അവര്‍ക്ക് അതിനുവേണ്ട സംവിധാനം ഒരുക്കുകയാണ് അക്കാദമി ഉള്‍പ്പെടെ ചെയ്യേണ്ടത്. ഇത്തവണ സ്ക്രീനിങ്ങിന്‍റെ എണ്ണം കൂട്ടുന്ന കാര്യം പരിഗണനയിലാണ്. ഒപ്പം കൂടുതല്‍ തിയറ്ററുകള്‍കൂടി മേളയുടെ ഭാഗമാക്കും. സീനിയര്‍ സിറ്റിസണ്‍ ഉള്‍പ്പെടെ സവിശേഷമായി പരിഗണിക്കേണ്ടവര്‍ക്ക് പ്രത്യേകം സീറ്റിങ് സംവിധാനം ഒരുക്കും. രാത്രി ഷോ കഴിഞ്ഞ് പോകുന്നതിന് യാത്രാസംവിധാനം ഒരുക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യങ്ങളെല്ലാം വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും.
രാജ്യാന്തര ചലച്ചിത്ര മേളക്ക് മാത്രമായി തിയറ്റര്‍ കോംപ്ലക്സ് എന്ന ആവശ്യം കുറെ കാലങ്ങളായി ഉയരുന്നു. അതിന് അതത് കാലത്തെ ഭരണാധികാരികള്‍ ഉടന്‍ എന്ന് മറുപടി നല്‍കാറുമുണ്ട്. എന്നാല്‍, ഇത് ഇതുവരെ യാഥാർഥ്യമായിട്ടില്ല?
ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതും അഭിപ്രായം പറയേണ്ടതും ഗവണ്‍മെന്‍റാണ്. എനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ കഴിയില്ല. അങ്ങനെയൊരു സംവിധാനം വരുന്നത് സ്വാഗതാര്‍ഹമാണ്.
വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രം നടത്തുന്ന ചലച്ചിത്രമേള എന്നതിനപ്പുറം അക്കാദമിക്ക് പുതുതായി എന്താണ് ചെയ്യാന്‍ സാധിക്കുന്നത്?
ചലച്ചിത്രമേളയിലെ മാറ്റങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ. ഇനിയും ഒരുപാട് കാര്യങ്ങള്‍ കൊണ്ടുവരാനുണ്ട്. അതിന് സമയമുണ്ടല്ലോ. കേരളത്തിലങ്ങോളമിങ്ങോളം ഫിലിം ലിറ്ററസി പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാം ഗ്രാമങ്ങളിലും സാധാരണക്കാര്‍ക്ക് സിനിമ കാണാനുള്ള അവസരമൊരുക്കും. സ്കൂളുകളിലെയും കോളജുകളിലെയും ഫിലിം ക്ലബുകളെ കൂടുതല്‍ സജീവമാക്കും. സിനിമയെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സിനിമ ഈസ് ഫോര്‍ യൂത്ത് എംപവര്‍മെന്‍റ്, വിമണ്‍ എംപവര്‍മെന്‍റ്, സോഷ്യല്‍ റിഫോര്‍മേഷന്‍. ഇത്തരം കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുക. ബൗദ്ധികമായും ഇന്‍റലിജന്‍റായും യൂട്ടിലിറ്റി രീതിയിലും സിനിമയെ സമീപിക്കാം.
തിയറ്ററുകളില്‍ റിലീസ് ചെയ്തതും വാണിജ്യ വിജയം നേടിയതുമായ സിനിമകള്‍ വീണ്ടും ചലച്ചിത്രമേളയുടെ ഭാഗമാകുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കലാമൂല്യമുള്ള സിനിമകള്‍ക്ക് ഇടം നല്‍കണമെന്ന സങ്കല്‍പത്തിനെ അട്ടിമറിക്കുന്നതല്ലേ ഇത്?
വലിയ താരങ്ങളുടെ സാന്നിധ്യമില്ലാത്ത നിരവധി നല്ല സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍, പല കാരണങ്ങളാല്‍ അവക്ക് തിയറ്ററുകളില്‍ എത്തിപ്പെടാന്‍ കഴിയുന്നില്ല. ചലച്ചിത്രമേളാ ജൂറിയുടെ മുമ്പാകെ ഇത്തരം ചിത്രങ്ങള്‍ വരുകയും അത് അവര്‍ തെരഞ്ഞെടുക്കുകയും ചെയ്താന്‍ അത് സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ല. വാണിജ്യ വിജയം നേടിയതാണെങ്കിലും ജൂറിയുടെ തീരുമാനം അംഗീകരിക്കേണ്ടി വരും. ഫെസ്റ്റിവലില്‍ എല്ലാത്തരം സിനിമകളും കാണിക്കണം. എല്ലാ വിഭാഗത്തിലുമുള്ളവ ഉണ്ടാകണം. അതായത്, നമ്മുടെ മേളയില്‍ എല്ലാത്തരം ജോണറുകളുമുണ്ടാകണം.
ഈ വര്‍ഷത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സിനിമകളുടെ സ്ക്രീനിങ്ങും തിരഞ്ഞെടുപ്പും പൂര്‍ത്തിയായോ?
പ്രോസസ് ആരംഭിച്ചു. സിനിമകളുടെ എണ്ണം കൂടാനാണ് സാധ്യത. പരീക്ഷണാത്മക സ്വഭാവമുള്ള, വ്യത്യസ്തമായ ആശയങ്ങള്‍ പങ്കുവെക്കുന്ന സിനിമകള്‍ ഇക്കുറിയുണ്ടാകും. പുതിയ കാലത്തെ അഡ്രസ് ചെയ്യുന്ന ഒരുപാട് ചലച്ചിത്രങ്ങള്‍ ലോകത്ത് നിർമിക്കപ്പെടുന്നുണ്ട്. പരമാവധി അവയെല്ലാം മേളയില്‍ എത്തിക്കാനാണ് ശ്രമം.
രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിം മാര്‍ക്കറ്റിങ് കാര്യക്ഷമമായി നടക്കുന്നില്ല എന്ന വിമര്‍ശനം എല്ലാ തവണയും ഉയരാറുണ്ട്. ഇതിന് എന്താണ് പോംവഴി?
ലോകത്തെ ഒട്ടുമിക്ക ചലച്ചിത്രമേളകളും കഴിഞ്ഞിട്ടാണ് ഐ.എഫ്.എഫ്.കെ നടക്കുന്നത്. ഗോവന്‍ മേള കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ മേള തുടങ്ങും. അതായത് സമയം ഒരു പ്രശ്നമാണ്. മറ്റ് മേളകള്‍ കണ്ടിട്ട് വരുന്നവര്‍ ഇവിടുത്തെ മാര്‍ക്കറ്റിങ്ങില്‍ സഹകരിക്കണമെന്നില്ല. കാരണം, അവര്‍ പങ്കെടുക്കുന്ന മേളകളില്‍നിന്നു തന്നെ ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ടാകാം. അത് ഇവിടെയും പ്രദര്‍ശിപ്പിക്കുന്നുണ്ടാകും. നമ്മുടെ വിന്‍റോ ഒന്നു പുനര്‍ക്രമീകരിക്കേണ്ടതുണ്ട്.
ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേക്ക് മേള മാറ്റിയാല്‍ പരിഹരിക്കാന്‍ സാധിച്ചേക്കും. ഈ കാര്യം ജനറല്‍ കൗണ്‍സിലുമായി ചര്‍ച്ച ചെയ്യുന്നതാണ്. ഇതിനൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. നമ്മുടെ സിനിമ മറ്റു രാജ്യത്തുള്ളവര്‍ വാങ്ങുന്ന രീതിയിലേക്ക് വളര്‍ന്നവയുമായിരിക്കണം. അങ്ങനെ ഇപ്പോള്‍ സിനിമ ഇല്ല എന്നല്ല അതിനർഥം. നിരവധി മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്.
ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റ് വന്നതിനുശേഷം അവയുടെ പ്രദര്‍ശനാനുമതി നിഷേധിക്കുന്ന രീതി മിക്ക മേളയിലും കാണാവുന്നതാണ്. ഇത് എങ്ങനെ പരിഹരിക്കാന്‍ സാധിക്കും?
ഇക്കാര്യത്തില്‍ നമുക്ക് നിലവില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രതിഷേധിക്കാം. തിരുത്താന്‍ ആവശ്യപ്പെടാം. അല്ലാെത അക്കാദമിക്ക് നിലവിലെ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ നിലപാട് മാറ്റാന്‍ അവര്‍ തയാറാകും. സത്യത്തില്‍ കലയില്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കല വിശാല ലോകത്തെ തുറന്നിടുന്ന ഇടമല്ലേ.
ചലച്ചിത്രമേളയുടെ ഭാഗമായി ലഹരി വിരുദ്ധ കാമ്പയില്‍ ഉള്‍പ്പെടെ പരിപാടികള്‍ പരിഗണനയിലുണ്ടോ?
അത് പ്രധാനമാണ്. ഇത്തവണത്തെ മേളയില്‍ തൂഫാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. തിയറ്റര്‍ പരിസരങ്ങളില്‍ ഷാഡോ പൊലീസ് സംവിധാനമുണ്ടാകും. ടാഗോറിന്‍റെ പരിസരം ഉത്സവസമാനമായിരിക്കും. ജനകീയ പങ്കാളിത്തത്തില്‍ ഓപണ്‍ ഫോറം, കലാപരിപാടികള്‍, പുസ്തക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ പരിഗണനയിലാണ്.
ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്ന് ആർക്കൈവിന്‍റെ വിപുലീകരണമാണ്. പഴയ സിനിമകളുടെ പ്രിന്‍റ് കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ഇപ്പോള്‍ അക്കാദമികമായി സിനിമയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ കഴിയുന്നത് അക്കാദമിയെയാണ്. എന്താണ് നിലവിലെ അവസ്ഥ?
ആദ്യകാലത്തെ പല സിനിമകളുടെയും പ്രിന്‍റുകള്‍ ലഭ്യമല്ല. പ്രസാദ്, വാഹിനി സ്റ്റുഡിയോകളിലുണ്ടായിരുന്നവ വീണ്ടെടുക്കാന്‍ കഴിയാത്ത തരത്തില്‍ നഷ്ടപ്പെട്ടു. കുറെയൊക്കെ ശേഖരിച്ചിട്ടുണ്ട്. ഇപ്പോള്‍ പതിനായിരത്തിലധികം സിനിമകളുടെ പ്രിന്‍റ് നമ്മുടെ കൈവശമുണ്ട്. അവ വേണ്ടവിധം റീസ്റ്റോര്‍ ചെയ്ത് സംരക്ഷിക്കും. ചെലവേറിയതാണ് ഈ കാര്യമെങ്കിലും പ്രധാനമാണല്ലോ.
ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് സെല്ലിനു മുന്നിലെ തിരക്ക് (ഫയൽ ചിത്രം)
നിർമിതബുദ്ധിയും സിനിമയിലെ മാറ്റങ്ങളും
‘ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ആൻഡ് ദ ഫ്യൂച്ചര്‍ ഓഫ് സിനിമ’ എന്ന പുസ്തകം താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ. എ.ഐയുടെ വരവ് സിനിമയെ അപ്പാടെ മാറ്റിമറിക്കുമെന്ന വാദം ചലച്ചിത്ര മേഖലയില്‍ ഉയരുന്നുണ്ട്. സംവിധായകന്‍റെ ആവശ്യമില്ലാത്ത സിനിമകളാണ് ഭാവിയുടേത് എന്നുവരെയുള്ള ചര്‍ച്ചകള്‍ വരെ സജീവമാണ്. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
നിർമിതബുദ്ധിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വളര്‍ച്ച പ്രത്യേകിച്ചും സിനിമക്ക് അസാധ്യമാണ്. കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇത്തരം ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. മൂല്യബോധത്തോടെ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്നത് നാം പഠിക്കണം. മലയാള സിനിമ കാര്യക്ഷമമായ രീതിയില്‍ ടെക്നോളജിയെ പ്രായോഗികമാക്കും. കാരണം, മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും അത് സാങ്കേതികവിദ്യയുമായി ചേര്‍ന്നാണ് എക്കാലത്തും സഞ്ചരിച്ചിട്ടുള്ളതെന്ന്. അതായത്, സിനിമ എന്ന കലയെ സാങ്കേതിക വിദ്യയില്‍നിന്നും മാറ്റിനിര്‍ത്തി ആലോചിക്കാനേ കഴിയില്ല.
എണ്‍പതുകളിലാണ് താങ്കള്‍ മലയാള സിനിമയില്‍ സജീവമാകുന്നത്. ഇടക്കാലത്ത് കുറച്ചുനാള്‍ ഈ മേഖലയില്‍നിന്നും മാറിനിന്നു. തുടര്‍ന്ന് രണ്ടായിരത്തോടെ ന്യൂ ജനറേഷന്‍ എന്ന് വ്യവഹരിക്കുന്ന രീതിയിലുള്ള സിനിമകള്‍ വന്നുതുടങ്ങി. താങ്കള്‍ അത്തരമൊരു സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായി. ഓരോ കാലഘട്ടത്തിലെയും സിനിമയിലെ ഭാവുകത്വ പരിണാമത്തെ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്?
നമ്മുടെ രൂപം, ഭാവം, സാമൂഹികാവസ്ഥ, വേഷവിധാനങ്ങള്‍, കാഴ്ചപ്പാടുകള്‍, ഭക്ഷണം എല്ലാം മാറുന്നില്ലേ. എന്താണ് സിനിമ, രണ്ട് രീതിയിലാണ് സംവിധായകന്‍റെ കാഴ്ചപ്പാടില്‍ സിനിമ തെളിയുന്നത്. നമുക്ക് ചുറ്റുമുള്ള ലോകത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ കടന്നുപോയ പലതരം വിഷയങ്ങളെ, കാഴ്ചകളെ അവതരിപ്പിക്കുന്ന രീതിയാണ് ഒന്ന്. മറ്റൊന്ന് നമ്മള്‍ കാണാത്ത, സംവിധായക മനോഗതത്തില്‍ കാണുന്ന ലോകത്തെ കാണിച്ചുതരുന്ന സര്‍ക്കോവ്സ്കി ചിത്രങ്ങള്‍ പോലെ. ഒരു ചിന്തയെ നമ്മളിലേക്ക് എത്തിക്കുക എന്നതുകൂടിയാണ് ഒരു സംവിധായകന്‍റെ ദൗത്യം.
പുരാണകഥകളെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന മലയാളി സമൂഹത്തിന് മുന്നിലേക്ക് സാമൂഹിക പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ അവതരിപ്പിച്ച നാടാണിത്. ഇവിടത്തെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ മലയാള സിനിമയില്‍ കാണാനാകും. അമ്പതുകളോടെയാണ് മലയാളത്തില്‍ ഭാവുകത്വപരമായ മാറ്റങ്ങള്‍ക്ക് തുടക്കമാകുന്നത്. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും സമാന്തര, വാണിജ്യ, മധ്യവര്‍ത്തി എന്ന രീതിയില്‍ പുറത്തുവന്ന സിനിമകളെല്ലാം ഭാവുകത്വമാറ്റത്തെ സ്വീകരിക്കുന്നുണ്ട്. തോപ്പില്‍ ഭാസി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഹരിഹരന്‍, കെ.ജി. ജോര്‍ജ്, എം.ടി, അരവിന്ദന്‍, ഐ.വി. ശശി, ജോഷി, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, ടി.വി. ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ മാറ്റത്തെ ഉള്‍ക്കൊണ്ടവരാണ്. അങ്ങനെ ഒരുപാട് പേരുണ്ട്. ഞാന്‍ കുറച്ച് ആള്‍ക്കാരുടെ പേര് പറഞ്ഞന്നേയുള്ളൂ.
പഴയ കാലങ്ങളില്‍ മനുഷ്യരുടെ മുഖ്യ വിനോദോപാധി സിനിമയായിരുന്നു. അതും തിയറ്ററില്‍ പോയി സിനിമ കാണുക. ഇന്ന് അതല്ല അവസ്ഥ. നിമിഷങ്ങള്‍ക്കുള്ളില്‍ മാറുകയാണ്. വീട്ടിനുള്ളിലിരുന്ന് ലോക സിനിമകള്‍ കാണാവുന്ന അവസ്ഥയിലെത്തി. നിരവധി സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍, വെര്‍ട്ടിക്കല്‍ പ്ലാറ്റ്ഫോമുകളിലൂടെ അതിവേഗം സഞ്ചരിക്കുന്ന സിനിമ, അങ്ങനെ മാറുന്നു. സിനിമക്കാരും ആ ഒഴുക്കിനെ അംഗീകരിച്ചുകൊണ്ട് അതിനൊപ്പം ചേരുകയാണ് വേണ്ടത്. പുതുതലമുറയുടെ കാഴ്ചപ്പാടിലൂടെ നമ്മള്‍ ലോകത്തെ കാണാന്‍ ശ്രമിക്കണം. നമ്മള്‍ മാറാതെ നിന്നാലാണ് അവര്‍ തന്തവൈബ് എന്നൊക്കെ വിളിക്കുന്നത്.
എണ്‍പതുകള്‍ മുതല്‍ ഒരുപാടുപേര്‍ക്ക് ഒപ്പം അഭിനയിക്കുന്നുണ്ടല്ലോ? പുതു തലമുറയോടൊപ്പവും താങ്കള്‍ അഭിനയിക്കുന്നു. എന്തു തോന്നുന്നു?
ശിവാജി ഗണേശന്‍, നസീര്‍, മധു, രജനീകാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭാശാലികള്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരുമായി നല്ല സൗഹൃദവുമുണ്ട്. ഇവര്‍ക്കൊപ്പം അഭിനയിച്ച ഞാന്‍ ഏറ്റവും പുതിയ തലമുറയിലെ ഹാഷിറിനൊപ്പവും അഭിനയിക്കുന്നു. എനിക്കൊരു പ്രശ്നവുമില്ല. ഞാന്‍ അവരുമായി ജെല്ലായി പോകുന്നുണ്ട്. എനിക്ക് വ്യത്യസ്ത തലമുറയിലുള്ളവരുമായി ഒരുമിച്ച് അഭിനയിക്കാന്‍ അങ്ങനെയൊരു ഭാഗ്യം ലഭിച്ചു. അതുകൊണ്ട് ഓരോ കാലഘട്ടത്തിലെയും മാറ്റങ്ങള്‍ തിരിച്ചറിയാന്‍ എനിക്ക് വേഗം സാധിക്കുന്നു.
തെരുക്കൂത്തും ഗദ്ദറും തമിഴ്പുലികളും പൂര്‍ത്തിയാക്കാത്ത സിനിമയും
കുറച്ചുകാലം തമിഴ്നാട്ടിലെ പരമ്പരാഗത തെരുവ് നാടക കലയായ തെരുക്കൂത്ത് സംബന്ധിച്ച ഗവേഷണവുമായി ബന്ധപ്പെട്ട് അവിടെ താമസിച്ചിരുന്നല്ലോ. ഈ കലയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയോ. ആ പഠനം എന്തിനുവേണ്ടിയായിരുന്നു?
തെരുക്കൂത്ത് എന്ന കലയെക്കുറിച്ച് പഠിക്കാനാണ് തമിഴ്നാട്ടിലെ കാഞ്ചിപുരത്തിന് അടുത്തുള്ള ദൂശി എന്ന ഗ്രാമത്തില്‍ ഞാന്‍ പോയത്. ജനങ്ങളുടെ പങ്കാളിത്തത്തില്‍ നടക്കുന്ന ഒരു കലാപ്രകടനമാണിത്. അതായത് ദ്രാവിഡ സമൂഹത്തിന്‍റെ കല. കൂത്ത് നടക്കുന്ന ഗ്രാമത്തിലുള്ള ഒരു റോഡിന്‍റെ ഒരു വശത്ത് ബ്രാഹ്മണരും മറുവശത്ത് വണ്ണിയാര്‍ സമുദായത്തിലുള്ളവരും താമസിക്കുന്നു. ഇവിടെയാണ് തെരുക്കൂത്ത് നടക്കുന്നത്. മഹാഭാരത കഥയാണ് തെരുക്കൂത്തിന്‍റെ ഇതിവൃത്തം.
ഒരു സംസ്കൃത കൃതി ദ്രാവിഡന്‍റെ കൈകളില്‍ എത്തുമ്പോഴുണ്ടാകുന്ന ആഖ്യാനത്തിലെ മാറ്റമാണ് ഇതില്‍ എന്നെ ആകര്‍ഷിച്ചത്. തെരുക്കൂത്തില്‍ ദ്രൗപദിയാണ് കേന്ദ്ര കഥാപാത്രം. തെങ്ങില്‍തീര്‍ത്ത പതിനെട്ട് പടികള്‍ക്കൊണ്ട് പ്രത്യേകം ഉണ്ടാക്കിയതാണ് സ്റ്റേജ്. അതിലെ ഓരോ പടികളില്‍നിന്നാണ് കൂത്ത് അവതരിപ്പിക്കുന്നത്. ആ നാട്ടിലെ ദ്രാവിഡ മിത്തും അവരുടെ വിശ്വാസവുമായി മഹാഭാരത കഥയെ ഇടകലര്‍ത്തി അവതരിപ്പിക്കുന്ന രീതി കൂത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. കൂത്തിന് ഉപയോഗിക്കുന്ന വിഷുപ്പലക എന്ന പേരിലുള്ള െബഞ്ച് കിടക്കയാകും സിംഹാസനമാകും അങ്ങനെ എല്ലാമാകും.
കൂത്തിനായി നിർമിച്ച കൊട്ടാരത്തിലേക്കു കൂത്ത് കടന്നുവരുമ്പോള്‍ അവിടെ കൂടിയിരിക്കുന്നവര്‍തന്നെ അവിരുടെ ഇടയില്‍നിന്നും ഒരാളെ രാജാവാക്കി സിംഹാസനത്തിലിരുത്തുന്നു. ‘മക്കള്‍പങ്കേര്‍പ്പ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. കാണി നടനായി മാറുന്ന അവസ്ഥ ഇവിടെ ഉണ്ടാകുന്നു. പടുകളം എന്നൊരു സംഗതിയുണ്ട്. ദുര്യോധനന്‍റെ വലിയ രൂപം മണലുകൊണ്ട് ഉണ്ടാക്കും. അവിടേക്ക് അര്‍ജുനന്‍ എത്തും. അങ്ങനെ അവര്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം ആരംഭിക്കും. അവസാനം കാണികള്‍ മണല്‍ രൂപത്തിലേക്ക് ഓടിക്കയറും. അവിടത്തെ മണ്ണ് ചവിട്ടി കുഴച്ചശേഷം ആ മണ്ണെടുത്ത് പാടത്തിടും.
ഇവിടത്തെ ഗ്രാമീണ കൊയ്ത്തിനുശേഷമാണ് കൂത്ത് അവതരിപ്പിക്കുന്നത്. കൂത്ത് കഴിഞ്ഞാല്‍ ഈ മണ്ണ് അടുത്തവര്‍ഷം നല്ല വിളവു തരും എന്നാണ് അവരുടെ വിശ്വാസം. അവിടത്തെ ദ്രാവിഡരായ മനുഷ്യരുമായി ഈ കലാരൂപം വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു. മഹാഭാരതത്തെ പുതുതായി ആഖ്യാനം ചെയ്തതാണ് എനിക്ക് ഇഷ്ടമായതും അത് പഠിക്കാന്‍ പ്രേരണയായതും. കല എങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവിടെ നടത്തിയ ഗവേഷണത്തില്‍നിന്നുമാണ് ഞാന്‍ പഠിക്കുന്നത്. ഈ അറിവാണ് ഞാന്‍ എല്ലാ വശത്തേക്കും സിനിമയെ ബന്ധപ്പെടുത്താന്‍ കാരണമായ ഘടകം. ആര്യനും ദ്രാവിഡനും ഉപയോഗിച്ച ആശയം ഞാനും എന്‍റെ രീതിയില്‍ പറയാന്‍ ശ്രമിച്ചു.
തെരുക്കൂത്ത് മുന്‍നിര്‍ത്തി സിനിമ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നല്ലോ. അതിന് പിന്നീട് എന്താണ് സംഭവിച്ചത്?
ദൂശിയില്‍ പോയി കൂത്ത് കണ്ടപ്പോൾ ആദ്യം അതൊരു ഡോക്യുമെന്‍ററി ആക്കണമെന്ന ആഗ്രഹമാണുണ്ടായത്. അതിന്‍റെ ഭാഗമായി ഞാനും പി.സി. ശ്രീറാമും അവിടേക്ക് പോയി. ആ സമയത്താണ് ഇതൊരു പരീക്ഷണാത്മക സിനിമയാക്കിയാലോ എന്ന മറ്റൊരു ആലോചന വരുന്നത്. അങ്ങനെ ഞങ്ങള്‍ അതിലേക്ക് കടന്നു. അതിനിടയിലാണ് വിപ്ലവ കവി ഗദ്ദറിനെ പരിചയപ്പെടുന്നത്. ഗദ്ദറിന്‍റെ പാട്ടും അതിന്‍റെ താളത്തിനൊത്തുള്ള ചുവടുവെപ്പും എനിക്ക് ഇഷ്ടപ്പെട്ടു. ഗദ്ദറിനെ ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തെവെച്ച് കുറച്ചു ഭാഗം ഷൂട്ടും ചെയ്തു. അങ്ങനെ ഗദ്ദര്‍ അടുത്ത സുഹൃത്തായി മാറി.
ഈ സമയത്താണ് തമിഴ് ഈഴത്തിനായി പോരാടുന്ന എല്‍.ടി.ടി.ഇയെക്കുറിച്ചും ചില കാര്യങ്ങള്‍ സിനിമയില്‍ ചേര്‍ക്കണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ ആ വഴിക്കുള്ള യാത്ര ആരംഭിച്ചു. അന്ന് എല്‍.ടി.ടി.ഇയുടെ പ്രവര്‍ത്തനം ശ്രീലങ്കയില്‍ കത്തിനില്‍ക്കുന്ന സമയമാണ്. തമിഴ്നാട്ടിലും ഇവര്‍ക്ക് അനുകൂലമായ കുറെ ആള്‍ക്കാരുണ്ടായിരുന്നു. ഞാന്‍ ഈ സിനിമയുടെ ഭാഗമായി ജാഫ്നയിലൊക്കെ പോവുകയും തമിഴ് പുലികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. മരിച്ചു കിടക്കുന്ന മകന്‍റെ മുന്നില്‍ കരയാന്‍ പറ്റാതെ നില്‍ക്കുന്ന അമ്മ. അതെല്ലാം അന്നത്തെ തമിഴ്പുലികളുടെ പോരാട്ടക്കാഴ്ചകളായിരുന്നു. അക്കാലത്ത് ശ്രീലങ്കയില്‍നിന്നുള്ള അഭയാർഥികള്‍ തമിഴ്നാടിന്‍റെ ചില ഭാഗങ്ങളില്‍ താമസിച്ചിരുന്നു. അവരുടെ തീഷ്ണമായ ജീവിതങ്ങളും കവിതകളിലും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ എല്‍.ടി.ടി.ഇയുടെ ഒരു പോസ്റ്ററില്‍നിന്നും ലഭിച്ച പാട്ട് ഉള്‍പ്പെടുത്തിയിരുന്നു.
‘‘എന്നെയെന്‍ മണ്ണില്‍ പുതയ്പായ്
പകയ്വനെ എന്‍ മണ്ണിനെ
എങ്കേയ് പുതയ്പായ്
എന്നെ നീ ഈ മണ്ണില്‍ കുഴിച്ചിടും
പക്ഷേ എന്‍റെ ഈ മണ്ണ് നീ എവിടെ കുഴിച്ചിടും.’’ ഇതാണ് ആ പാട്ടിന്‍റെ അർഥം. എന്തൊരു ചോദ്യമാണിതെന്ന് നോക്കൂ. ഇതില്‍ നമ്മള്‍ വീണുപോയി. അത് കണക്ട് ചെയ്താണ് പടം മുന്നോട്ടുപോയത്. ആ സമയത്താണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. അതോടെ മുക്കാല്‍ ഭാഗം ഷൂട്ട് ചെയ്ത എന്‍റെ പരീക്ഷണാത്മക സിനിമ എന്ന ആഗ്രഹം അവസാനിക്കുകയായിരുന്നു. ‘വന്തേനെ’ എന്നായിരുന്നു ആ സിനിമക്ക് പേരിട്ടത്. സിനിമ പുറത്തുവന്നില്ലെങ്കിലും അതിനായുള്ള യാത്ര വലിയ അനുഭവമായിരുന്നു. എന്നില്‍തന്നെ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് അത് കാരണമായി. അന്നത്തെ ആശയം വെച്ച് ഇന്നും സിനിമ ചെയ്യാവുന്നതാണ്. അത്ര തീക്ഷ്ണമാണ് അതിലെ ആശയം.
കുറച്ചുകാലം സിനിമയില്‍നിന്നു മാറിനിന്നല്ലോ. ആ സമയത്ത് മറ്റുചില മേഖലകളിലേക്ക് പ്രവര്‍ത്തനം മാറ്റിയിരുന്നല്ലോ?
വിവാഹം കഴിഞ്ഞതോടെ വീട്ടുകാര്‍ക്ക് പേടിയായി. ഞാന്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു ഇമോഷനല്‍ മാന്‍ ആണല്ലോ. അങ്ങനെ ഞാന്‍ താല്‍ക്കാലികമായി സിനിമ വിട്ടു. സ്റ്റീല്‍ കമ്പനിയുമായി ബന്ധപ്പെട്ട ജോലിയാണ് പിന്നീട് ചെയ്തത്. കലയിലൂടെ കച്ചവടം എങ്ങനെ നടത്താം എന്ന പരീക്ഷണമാണ് അവിടെ നടത്തിയത്. കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ റൂഫ് നിർമിക്കുന്ന പദ്ധതിക്ക് പിന്നില്‍ എന്‍റെ കൈകളാണുള്ളത്. ടാറ്റയുടെ റിസര്‍ച്ച് സെന്‍ററില്‍നിന്നും ഇത്തരം കാര്യങ്ങളൊക്കെ ഞാന്‍ പഠിച്ചിട്ടുണ്ട്.
തെരുക്കൂത്ത് മുതല്‍ ഇങ്ങോട്ട് മിക്ക യൂനിവേഴ്സിറ്റികളിലെയും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കുമൊപ്പം സഞ്ചരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പല അറിവുകള്‍ എന്നില്‍ വന്നുചേര്‍ന്നു. അങ്ങനെ ഞാന്‍ മറ്റൊരാളായി മാറുകയായിരുന്നു. ദൃശ്യപഠന മാതൃകയിലൂടെയാണ് ഞാന്‍ എല്ലാത്തിനെയും നോക്കിക്കണ്ടത്. അത് മാര്‍ക്കറ്റിങ്ങിന് ഞാന്‍ ഉപയോഗിച്ചു. വിജയിക്കുകയും ചെയ്തു. അങ്ങനെ സ്റ്റീല്‍ വില്‍ക്കുന്ന ജോലിചെയ്തിരുന്ന സമയത്ത് കാവാലത്തിന്‍റെ ആര്‍ട്ടിസ്റ്റുകളെ കൂട്ടി മഹാഭാരതത്തെ മുന്‍നിര്‍ത്തി ഒരു നാടകം ചെയ്തു.
അത് മാര്‍ക്കറ്റിങ്ങിന്‍റെ ഭാഗമായ പരസ്യമായാണ് ഉപയോഗിച്ചത്. ടാറ്റയുടെയും ബിര്‍ളയുടെയും കമ്പനികളില്‍ സെയില്‍സ് പ്രമോട്ടറായി ജോലിചെയ്യുന്ന സമയത്ത് അവിടെയും ഈ വിദ്യ പ്രയോഗിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, രണ്ടായിരത്തില്‍ 500 വര്‍ഷത്തെ കേരള ചരിത്രം പറയുന്ന ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊച്ചി രൂപതയില്‍ നടത്തി. ലോകധർമിയിലെ നൂറോളം വിദ്യാർഥികളെ വെച്ചാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.
സിനിമയും ടൂറിസവും സിനിമാ പോളിസിയും
സിനിമയെയും ടൂറിസത്തെയും ബന്ധിപ്പിച്ച് പുതിയ പദ്ധതി മുന്നോട്ടുവെക്കാവുന്ന തരത്തിലുള്ള ആശയം ഇപ്പോള്‍ മനസ്സിലുണ്ടോ?
തീര്‍ച്ചയായും. കേരളത്തില്‍ ഇത്തരം ഒരുപാട് സാധ്യതകളുണ്ട്. അത് കണ്ടെത്തുകയാണ് വേണ്ടത്. എജുക്കേഷനല്‍ ടൂറിസം എന്നരീതിയില്‍ നമ്മുടെ ആര്‍ട്ടിനെ ബന്ധിപ്പിക്കുന്ന ഒരു ടൂറിസം സംസ്കാരത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. അതിനുള്ള പദ്ധതിയുടെ രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിക്കും.
പുതിയൊരു ചലച്ചിത്ര നയം രൂപവത്കരിക്കുന്ന കാര്യം വന്നാല്‍ അതില്‍ അക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ എന്ത് നിലപാട് സ്വീകരിക്കും?
സര്‍ക്കാറാണ് പോളിസി ഉണ്ടാക്കുന്നത്. അത് നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് അക്കാദമിക്കുള്ളത്. ആശയങ്ങളും അഭിപ്രായങ്ങളും അതിനോട് കൂട്ടിച്ചേര്‍ക്കാം എന്നേയുള്ളൂ.
മലയാളത്തില്‍ ഓരോ വര്‍ഷവും നിരവധി സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. അതില്‍ ഏതാണ്ട് എഴുപത്തഞ്ച് ശതമാനവും തിയറ്ററില്‍ വിജയം നേടുന്നില്ല. ഈ പ്രതിസന്ധിക്ക് കാരണമെന്തായിരിക്കും?
വര്‍ഷത്തിലിറങ്ങുന്ന അഞ്ചോ ആറോ സിനിമകളൊഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിലാണ്. ഇത് വലിയൊരു പ്രതിസന്ധിയാണ്. ചലച്ചിത്ര സംഘടനകളുമായി കൂടി ആലോചിച്ച് നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. വെര്‍ച്വല്‍ സിനിമാ നിർമാണം, എ.ഐ സാങ്കേതികവിദ്യ ഇവയെല്ലാം ഇതിന്‍റെ ഭാഗമാക്കണം. സിനിമാ വ്യവസായത്തിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് നിർമാതാക്കള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കണം. ക്രിയേറ്റിവ് ഇക്കോണമിയുടെ ഭാഗമാക്കി സിനിമാ വ്യവസായത്തെ മാറ്റേണ്ടതുണ്ട്. ചലച്ചിത്ര മേഖലയിലെ എല്ലാവരുമായി ആലോചിച്ച് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കും..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.