ആ​​ദി​​വാ​​സി​​ക​​ളെ ക്രി​​മി​​ന​​ലൈ​​സ് ചെ​​യ്യാ​നു​ള്ള താ​ൽ​പ​ര്യ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ കാ​ണി​ച്ച​ത്

മു​​ത്ത​​ങ്ങ​​ക്കേ​​സി​​ലു​​ണ്ടാ​​യ കോ​​ട​​തി​​വി​​ധി​​യു​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മു​​ത്ത​​ങ്ങ സ​​മ​​ര​​ത്തെ​​യും വ​​ർ​​ത്ത​​മാ​​ന​​കാ​​ല ദ​​ലി​​ത്-​​ആ​​ദി​​വാ​​സി യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ​​യും പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​ണ് സ​​മ​​ര​​നേ​​താ​​വു​കൂ​​ടി​​യാ​​യ ഗീ​താ​ന​ന്ദ​ൻ –ക​ഴി​ഞ്ഞ​ല​ക്കം തു​ട​ർ​ച്ച. മു​​ത്ത​​ങ്ങ സം​​ഭ​​വ​​ത്തി​​ന്റെ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ൽ നി​​യ​​മ​​വ്യ​​വ​​സ്ഥ​​യു​​ടെ ഇ​​ട​​പെ​​ട​​ൽ എ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് നി​​ങ്ങ​​ളു​​ടെ അ​​നു​​ഭ​​വം? പ്ര​​ത്യേ​​കി​​ച്ച് ആ​​ദി​​വാ​​സി സ്ത്രീ​​ക​​ളും...

മു​​ത്ത​​ങ്ങ​​ക്കേ​​സി​​ലു​​ണ്ടാ​​യ കോ​​ട​​തി​​വി​​ധി​​യു​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മു​​ത്ത​​ങ്ങ സ​​മ​​ര​​ത്തെ​​യും വ​​ർ​​ത്ത​​മാ​​ന​​കാ​​ല ദ​​ലി​​ത്-​​ആ​​ദി​​വാ​​സി യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ​​യും പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​ണ് സ​​മ​​ര​​നേ​​താ​​വു​കൂ​​ടി​​യാ​​യ ഗീ​താ​ന​ന്ദ​ൻ –ക​ഴി​ഞ്ഞ​ല​ക്കം തു​ട​ർ​ച്ച.

മു​​ത്ത​​ങ്ങ സം​​ഭ​​വ​​ത്തി​​ന്റെ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ൽ നി​​യ​​മ​​വ്യ​​വ​​സ്ഥ​​യു​​ടെ ഇ​​ട​​പെ​​ട​​ൽ എ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് നി​​ങ്ങ​​ളു​​ടെ അ​​നു​​ഭ​​വം? പ്ര​​ത്യേ​​കി​​ച്ച് ആ​​ദി​​വാ​​സി സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രോ​​ട് ജു​​ഡീ​​ഷ്യ​​റി സ്വീ​​ക​​രി​​ച്ച സ​​മീ​​പ​​ന​​ത്തെ എ​​ങ്ങ​​നെ​​യാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്?

ജു​​ഡീ​​ഷ്യ​​റി​​യു​​ടെ ഏ​​ക​​പ​​ക്ഷീ​​യ​​ത അ​​വി​​ടെ​​നി​​ന്നൊ​​ന്നും തു​​ട​​ങ്ങി​​യ​​ത​​ല്ല. സം​​ഭ​​വം ന​​ട​​ന്ന ആ​​ദ്യ​​ഘ​​ട്ടം മു​​ത​​ൽ​ത​​ന്നെ അ​​തു​​ണ്ടാ​​യി​​രു​​ന്നു. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ജാ​​നു​​വി​​ന്റെ മു​​ഖം ക​​ണ്ടാ​​ൽ​ത​​ന്നെ അ​വ​ര​ന്ന് എ​​ത്ര​​ത്തോ​​ളം ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്ന് മ​​ന​​സ്സി​​ലാ​​കുമായിരുന്നു. എ​​ന്റെ പ​​രി​​ക്കു​​ക​ളെ​ല്ലാം അ​​ക​​ത്താ​​യി​​രു​​ന്നു. വാ​​രി​​യെ​​ല്ലു​​ക​​ൾ പൊ​​ട്ടി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ജാ​​നു​​വി​​നോ​​ട് “നി​​ങ്ങ​​ളെ മ​​ർ​​ദി​​ച്ചി​​ട്ടു​​ണ്ടോ?” എ​​ന്ന് ചോ​​ദി​​ക്കേ​​ണ്ട കാ​​ര്യ​​മൊ​​ന്നു​​മി​​ല്ല. ചോ​​ദി​​ച്ചാ​​ൽ ത​​ന്നെ ജാ​​നു ‘‘യെ​​സ്’’ എ​​ന്ന് മ​​റു​​പ​​ടി പ​​റ​​യു​​ന്നു.

അ​​തൊ​​ക്കെ കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​ന്റെ മു​​ന്നി​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ളാ​​ണ്. പ​​ക്ഷേ, ജു​​ഡീ​​ഷ്യ​​റി​​ക്ക് അ​​ന്ന് അ​​തൊ​​ന്നും തോ​​ന്നി​​യി​​ട്ടി​​ല്ല. 157 കു​​ട്ടി​​ക​​ളെ ജ​​യി​​ലി​​ല​​ട​​ച്ചി​​രു​​ന്നു എ​​ന്നാ​​ണ് ഓ​​ർ​​മ. എ​​ന്ത​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഈ ​​ചെ​​റി​​യ കു​​ട്ടി​​ക​​ളെ ക​​ണ്ണൂ​​ർ ജ​​യി​​ലി​​ലും സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ലു​​മൊ​​ക്കെ അ​​ട​​ച്ച​​ത്? ഒ​​രു ജു​​ഡീ​​ഷ്യ​​ൽ ഓ​​ഫി​സ​​റാ​​ണ് അ​​തി​​ന് അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​ത്. കു​​ട്ടി​​ക​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​ന്നു. അ​​വ​​രു​​ടെ അ​​ച്ഛ​​നും അ​​മ്മ​​യു​​മൊ​​ന്നു​​മി​​ല്ല. അ​​വ​​ർ എ​​വി​​ടെ​​യാ​​ണ്, ഏ​​തൊ​​ക്കെ ജ​​യി​​ലി​​ലാ​​ണ്, ഏ​​തൊ​​ക്കെ കാ​​ട്ടി​​ലാ​​ണ് എ​​ന്നൊ​​ന്നും അ​​റി​​യി​​ല്ല. കി​​ട്ടി​​യ കു​​ട്ടി​​ക​​ളെ​​യെ​ല്ലാം കി​​ട്ടി​​യ ആ​​ണു​​ങ്ങ​​ളു​​ടെ​​യും പെ​​ണ്ണു​​ങ്ങ​​ളു​​ടെ​​യും കൂ​​ടെ ജ​​യി​​ലി​​ലേ​​ക്ക് ക​​യ​​റ്റി​​വി​​ടു​​ക​​യാ​​ണ് ചെ​​യ്ത​​ത്.

മാ​​ര​​ൻ എ​​ന്ന് പ​​റ​​യു​​ന്ന, ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​യാ​​ളു​​ടെ കൂ​​ടെ ര​​ണ്ട് കു​​ട്ടി​​ക​​ളു​ണ്ടാ​​യി​​രു​​ന്നു. വേ​​റൊ​​രു വ​​ള്ളി എ​​ന്ന​​യാ​​ളു​​ടെ കൂ​​ടെ​​യും കു​​ട്ടി​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ആ​​ൺ​​കു​​ട്ടി​​ക​​ളും പെ​​ൺ​​കു​​ട്ടി​​ക​​ളും അ​​ട​​ക്കം ജ​​യി​​ലി​​ലാ​​യി. സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ലൊ​​ന്നും കു​​ട്ടി​​ക​​ളെ അ​​യ​​ക്കാ​​ൻ പാ​​ടി​​ല്ലാ​​ത്ത​​താ​​ണ്. കു​​ട്ടി​​ക​​ളെ സം​​ര​​ക്ഷി​​ക്കാ​നു​​ള്ള നി​​യ​​മ​​വ്യ​​വ​​സ്ഥ​​ക​​ളെ​​ക്കു​​റി​​ച്ച് അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ ധാ​​ര​​ണ​​പോ​​ലും ഇ​​ല്ലാ​​ത്ത ഒ​​രു സ​​മീ​​പ​​ന​​മാ​​ണ് അ​​ന്നു​ണ്ടാ​യ​ത്.തൊ​രു അ​​ബ​​ദ്ധ​​മാ​​യി എ​​ന്ന് അ​​വ​​ർ​​ക്ക് തോ​​ന്നു​​ക​പോ​​ലു​​മി​​ല്ല.

700ഓ​​ളം സ്ത്രീ​​ക​​ളെ ജ​​യി​​ലി​​ലി​​ട്ടി​​രു​​ന്നു. അ​​ത് പി​​ന്നീ​​ട് വ​​ലി​​യ ദേ​​ശീ​​യ പ്ര​​ശ്ന​​മാ​​യി. സ്ത്രീ​​ക​​ളെ​​യും കു​​ട്ടി​​ക​​ളെ​​യും ജ​​യി​​ലി​​ല​​ട​​ച്ചു എ​​ന്ന​​ത് വ​​ലി​​യ വി​​വാ​​ദ​​മാ​​യ​​തി​​നു​ശേ​​ഷം, 15 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം സ്ത്രീ​​ക​​ളെ മു​​ഴു​​വ​​ൻ മോ​​ചി​​പ്പി​​ക്കു​​ന്ന കൂ​​ട്ട​​ത്തി​​ൽ ഈ ​​കു​​ട്ടി​​ക​​ളെ​​യും അ​​യ​​ച്ചു.​ അ​​ന്ന് ഞാ​​നും ജാ​​നു​​വു​​മെ​ല്ലാം കോ​​ഴി​​ക്കോ​​ട് ജ​​യി​​ലി​​ലാ​​ണ്. അ​​വി​​ടെ ര​​ണ്ട് കു​​ട്ടി​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​ർ അ​​മ്മ​​യു​​ടെ കൂ​​ടെ​​യാ​​യി​​രു​​ന്നു. എ​ങ്കി​​ലും കു​​ട്ടി​​ക​​ളെ ജ​​യി​​ലി​​ല​​ട​​ക്കാ​​നു​​ള്ള വ്യ​​വ​​സ്ഥ​​യൊ​​ന്നു​​മി​​ല്ല. അ​​വ​​രെ ചൈ​​ൽ​​ഡ് ലൈ​​ൻ സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്കോ ജു​​വ​​നൈ​​ൽ ജ​​സ്റ്റി​​സ് സം​​വി​​ധാ​​ന​​ത്തി​​ന് കീ​​ഴി​​ലു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കോ മാ​​റ്റേ​​ണ്ട​​താ​​യി​​രു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ അ​​വ​​രു​​ടെ ഊ​​രു​​ക​​ളി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യി എ​​ത്തി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു.

​ റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ടി​​ൽ ഇ​​ന്ന ആ​​ളു​​ക​​ളു​​ടെ കൂ​​ടെ ഇ​​ന്ന കു​​ട്ടി​​ക​​ൾ എ​​ന്നൊ​​ക്കെ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​ന്ന് എ​​ത്ര കു​​ട്ടി​​ക​​ളെ ജ​​യി​​ലി​​ല​​ട​​ച്ചു എ​​ന്ന​​ത് പി​​ന്നീ​​ട് കൃ​​ത്യ​​മാ​​യി ക​​ണ്ടെ​​ത്താ​​ൻ​പോ​​ലും ബു​​ദ്ധി​​മു​​ട്ടാ​​യി​​രു​​ന്നു. കാ​​ര​​ണം, കു​​ട്ടി​​ക​​ളെ​​യും മു​​തി​​ർ​​ന്ന​​വ​​രെ​​യും ഒ​​രു​​മി​​ച്ചാ​​ണ് പ​​ല​​പ്പോ​​ഴും ക​​സ്റ്റ​​ഡി​​യി​​ലും ജ​​യി​​ലി​​ലും എ​​ത്തി​​ച്ചി​​രു​​ന്ന​​ത്.

പൊ​​തു​​വി​​ൽ ന​​മു​​ക്ക് പ​​റ​​യാ​​ൻ പ​​റ്റു​​ന്ന​​ത്, ഈ ​​ജു​​ഡീ​​ഷ്യ​​ൽ സി​​സ്റ്റം ത​​ന്നെ കീ​​ഴാ​​ള​വി​​ഭാ​​ഗ​​ങ്ങ​​ളെ ക്രി​​മി​​ന​​ലൈ​​സ് ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ് എ​​ന്ന​​താ​​ണ്. കീ​​ഴാ​​ള വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ സം​​ഭ​​വ​​ങ്ങ​​ളി​​ൽ അ​​വ​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട നി​​യ​​മ​​വ്യ​​വ​​സ്ഥ​​ക​​ളെ​​ല്ലാം ഫ​​ല​​ത്തി​​ൽ നേ​​രെ തി​​രി​​ച്ചു​​വെ​​ച്ച് അ​​വ​​ർ​​ക്കെ​​തി​​രെ​​യു​​ള്ള ഉ​​പാ​​ധി​​ക​​ളാ​​ക്കി മാ​​റ്റു​​ന്ന ഒ​​രു ദേ​​ശീ​​യ സാ​​ഹ​​ച​​ര്യം ഇ​​ന്ത്യ​​യി​​ലു​​ണ്ട്. അ​​തി​​നെ​​യാ​​ണ് ഞാ​​ൻ ‘ക്രി​​മി​​ന​​ലൈ​​സി​​ങ് ജു​​ഡീ​​ഷ്യ​​ൽ പ്രോ​​സ​​സ്’ എ​​ന്ന് പ​​റ​​യു​​ന്ന​​ത്. അ​​വി​​ടെ ന​​മ്മ​​ൾ കു​​റ്റ​​വാ​​ളി​​ക​​ളാ​​യി​​ട്ട് മാ​​ത്ര​​മേ ഇ​​വ​​രെ കാ​​ണു​​ന്നു​​ള്ളൂ.​

മു​​ത്ത​​ങ്ങ​​യു​​ടെ അ​​നു​​ഭ​​വം​ത​​ന്നെ എ​​ടു​​ത്തു​​പ​​റ​​യാം. മു​​ത്ത​​ങ്ങ സം​​ഭ​​വ​​ത്തി​​നു​മു​​മ്പ് ന​​ട​​ന്ന ദ​​ശ​​ക​​ങ്ങ​​ളാ​​യു​​ള്ള ഭൂ​​സ​​മ​​ര​​വും ഗ​​വ​​ൺ​​മെ​​ന്റു​​മാ​​യി ന​​ട​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ളും എ​ല്ലാ​​വ​​ർ​​ക്കു​മ​റി​​യാം. സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ൾ ന​​ട​​ത്തു​​ക​​യും അ​​ഡ്വ​​ക്ക​​സി വ​​ർ​​ക്ക് ന​​ട​​ത്തു​​ക​​യും ചെ​​യ്ത ആ​​ളു​​ക​​ളാ​​ണ് ന​​മ്മ​​ളൊ​​ക്കെ. അ​​പ്പോ​​ൾ മു​​ത്ത​​ങ്ങ ഇ​​ൻ​​സി​​ഡ​​ന്റ് എ​​ന്ന് പ​​റ​​യു​​ന്ന​​ത് അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ഒ​​രു സാ​​മൂ​​ഹി​​ക പ്ര​​ശ്ന​​മാ​​ണ്. എ​​ന്നാ​​ൽ സാ​​മൂ​​ഹി​​ക പ​​ശ്ചാ​​ത്ത​​ല​​മു​​ണ്ടെ​​ന്ന മാ​​ന​​ത്തി​​ൽ അ​​ല്ല ജു​​ഡീ​​ഷ്യ​​റി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ അ​​തി​​നെ കാ​​ണു​​ന്ന​​ത്. അ​​വ​​ർ അ​​ങ്ങ​​നെ കാ​​ണാ​ൻ ശ്ര​മി​ക്കു​ന്ന​തേ​യി​ല്ല.

ആ​​ദി​​വാ​​സി​​ക​​ൾ കാ​​ട്ടി​​ൽ ക​​യ​​റി​​യാ​​ൽ അ​​വ​​ർ എ​​ൻ​​ക്രോ​​ച്ചേ​​ഴ്സ് ആ​​ണ്. പ​​ക്ഷേ, അ​​ത് അ​​വ​​രു​​ടെ നാ​​ച്ചു​​റ​​ൽ ഹാ​​ബി​​റ്റാ​​റ്റ് കൂ​​ടി​​യാ​​ണ​​ല്ലോ. മു​​ത്ത​​ങ്ങ സ​​മ​​രം ന​​ട​​ക്കു​​ന്ന അ​​തേ കാ​​ല​​ത്തും വ​​യ​​നാ​​ട്ടി​​ൽ ഇ​​ങ്ങ​​നെ കു​​ടി​​ൽ​കെ​​ട്ടി കാ​​ട്ടി​​ൽ ക​​ഴി​​യു​​ന്ന ധാ​​രാ​​ള​മാ​ളു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. സ​​മ​​ര​​ത്തി​​ന്റെ രൂ​​പ​​ത്തി​​ൽ​ത​​ന്നെ​​യാ​​യി​​രു​​ന്നു അ​​ത്.

അ​വി​​ടെ മാ​​ത്ര​​മ​​ല്ല, സി.​​പി.​​എ​​മ്മി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​തേ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഷെ​​ഡ് കെ​​ട്ടി താ​​മ​​സി​​ച്ചി​​രു​​ന്ന ധാ​​രാ​​ളം ആ​​ളു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു.​ അ​​തി​​ന് തൊ​​ട്ടു​​മു​​മ്പ് കേ​​ര​​ള​​ത്തി​​ൽ ന​​ട​​ന്ന അ​​തി​​ദീ​​ർ​​ഘ​​ ഭൂ​​സ​​മ​​ര​​വും അ​​തി​​ന്റെ ക​​രാ​​റു​​ക​​ളും ഗ​​വ​​ൺ​​മെ​​ന്റു​​മാ​​യു​​ള്ള ച​​ർ​​ച്ച​​ക​​ളു​മെ​ല്ലാം ഒ​​രു വ​​ശ​​ത്തു​​ണ്ട്. അ​​ങ്ങ​​നെ​​യൊ​​രു സാ​​മൂ​​ഹി​​ക പ​​ശ്ചാ​​ത്ത​​ല​​മു​​ണ്ടെ​​ന്നു​​ള്ള​​ത് ജു​​ഡീ​​ഷ്യ​റി കാ​​ണേ​​ണ്ട​​ത​​ല്ലേ? എ​​ക്സി​​ക്യൂ​​ട്ടി​​വി​​ന് അ​​വ​​രു​​ടെ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ കാ​​ണും. ജു​​ഡീ​​ഷ്യ​റി കാ​​ണേ​​ണ്ട​​ത് അ​​താ​​ണ്. അ​​ങ്ങ​​നെ​​യൊ​​ന്നും ഇ​​വ​​ർ കാ​​ണു​​ന്നി​​ല്ല. ഇ​​തൊ​​ന്നും ത​​ങ്ങ​​ളെ ബാ​​ധി​​ക്കു​​ന്ന​​ത​​ല്ല എ​​ന്ന മ​​ട്ടി​​ലു​​ള്ള ഒ​​രു പൊ​​തു​​സ​​മീ​​പ​​ന​​മാ​​ണ് അ​​വ​​ർ​​ക്കു​​ള്ള​​ത്. മു​​ത്ത​​ങ്ങ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ, നി​​യ​​മ​​വ്യ​​വ​​സ്ഥ​​യു​​ടെ ഈ ​​സ​​മീ​​പ​​ന​​ത്തി​​ന്റെ ഏ​​റ്റ​​വും മൂ​​ർ​​ത്ത​​മാ​​യ ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് കു​​ട്ടി​​ക​​ളെ ജ​​യി​​ലി​​ല​​ട​​ച്ച സം​​ഭ​​വം.

മുത്തങ്ങയിലെ പൊലീസ് അതിക്രമം

 

മു​​ത്ത​​ങ്ങ സം​​ഭ​​വ​​ത്തി​​ലേ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ എ​​ത്തു​​ന്ന​​തി​​ന് പി​​ന്നി​​ൽ രാ​​ഷ്ട്രീ​​യ​​വും ഭ​​ര​​ണ​​പ​​ര​​വു​​മാ​​യ പ​​ല താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യു​​ന്നു​​ണ്ട്. അ​​ന്ന​​ത്തെ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​വും ഇ​​തു​​മാ​​യി എ​​ങ്ങ​​നെ​​യാ​​ണ് ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്ന​​ത്?

മു​​ത്ത​​ങ്ങ സം​​ഭ​​വ​​ശേ​​ഷം അ​​ന്ന​​ത്തെ വ​​നം മ​​ന്ത്രി കെ. ​​സു​​ധാ​​ക​​ര​​ൻ ന​​ട​​ത്തി​​യ വാ​ർ​ത്ത​സ​​മ്മേ​​ള​​നം ഉ​​ൾ​​പ്പെ​​ടെ വ​​ലി​​യ തോ​​തി​​ൽ വം​​ശീ​​യ​​ത നി​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​ത് സു​​ധാ​​ക​​ര​​ന്റേ​​ത് മാ​​ത്ര​​മ​​ല്ല. മു​​ത്ത​​ങ്ങ സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം, 21ാം തീ​​യ​​തി ആ​​ദ്യ​​മാ​​യി ഞാ​​ൻ പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ ക​​ണ്ട പ​​ത്രം മ​​നോ​​ര​​മ​​യാ​​യി​​രു​​ന്നു. ആ ​​പ​​ത്രം ഞാ​​ൻ ഇ​​പ്പോ​​ഴും സൂ​​ക്ഷി​​ച്ചു​​വെ​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​ലെ പ്ര​​ധാ​​ന വാ​​ർ​​ത്ത​ത​​ന്നെ, ‘മ​​ന്ത്രി മാ​​ണി​​യെ​​യും മ​​ന്ത്രി കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യെ​​യും ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കാ​​ൻ ഗോ​​ത്ര​​സ​​ഭ​​ക്കാ​​രു​​ടെ പ​​ദ്ധ​​തി’ എ​​ന്നാ​​ണ്. അ​​തി​​ന്റെ പി​​ന്നി​​ൽ എ​​ൽ.​​ടി.​​ടി.​​ഇ തീ​​വ്ര​​വാ​​ദി​​ക​​ളും ആ​​ന്ധ്ര​​യി​​ലെ മാ​​വോ​​വാ​ദി തീ​​വ്ര​​വാ​​ദി​​ക​​ളു​​മു​​ണ്ടെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള വാ​​ർ​​ത്ത​​ക​​ളും വ​​ന്നു. ജാ​​നു​​വും ഗീ​​താ​​ന​​ന്ദ​​നും ര​​ക്ഷ​​പ്പെ​​ട്ട് അ​​ങ്ങോ​​ട്ട് പോ​​യി​​ട്ടു​​ണ്ടാ​​കാ​​മെ​​ന്നൊ​​ക്കെ​​യു​​ള്ള ക​​ഥ​​ക​​ളും പ്ര​​ച​​രി​​ച്ചു.

ഇ​​തെ​​ല്ലാം കൃ​​ത്യ​​മാ​​യി പൊ​ലീ​സ് ന​​ൽ​​കി​​യ വി​​വ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു. എ​​ക്സി​​ക്യൂ​​ട്ടി​വും പൊ​ലീ​സും ഭ​​ര​​ണ​​സം​​വി​​ധാ​​ന​​വും മാ​​ധ്യ​​മ​​ങ്ങ​​ളും ചേ​​ർ​​ന്നാ​​ൽ കേ​​ര​​ള​​ത്തി​​ൽ ഏ​​തൊ​​രു മ​​നു​​ഷ്യ​​നെ​​യും വം​​ശീ​​യ​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ത്താ​​ൻ എ​​ളു​​പ്പ​​മാ​​ണ്. അ​​ത് സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​കൊ​​ണ്ട് സാ​​ധി​​ക്കും. കെ. ​​സു​​ധാ​​ക​​ര​​നാ​​ണ് ഈ ​​ക്രി​​മി​​നാ​​ലി​​റ്റി നി​​റ​​ഞ്ഞ സം​​ഭ​​വ​​ത്തി​​ലേ​​ക്ക് കാ​​ര്യ​​ങ്ങ​​ളെ എ​​ത്തി​​ക്കു​​ന്ന​​തി​​ന്റെ പ്ര​​ധാ​​ന സൂ​​ത്ര​​ധാ​​ര​​ൻ എ​​ന്ന് ഞാ​​ൻ ക​​രു​​തു​​ന്നു. അ​​തി​​ന് പ​​ല കാ​​ര​​ണ​​ങ്ങ​​ളു​​ണ്ട്. ഈ ​​സാ​​മൂ​​ഹി​​ക പ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും കാ​​ടി​​ന്റെ യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അ​​ദ്ദേ​​ഹ​​ത്തി​​ന് വേ​​ണ്ട​​ത്ര അ​​റി​​വി​​ല്ലാ​​യി​​രു​​ന്നു. റൂ​​ട്ടീ​​നാ​​യ കോ​​ൺ​​ഗ്ര​​സ്-​​സി.​​പി.​​എം രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ തി​​ണ്ണ​​ബ​​ലം കാ​​ണി​​ക്കു​​ന്ന ഒ​​രു രാ​​ഷ്ട്രീ​​യ​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്റേ​​ത്. അ​​തി​​ന്റേ​​താ​​യ പ​​രി​​മി​​തി​​ക​​ളും അ​​ദ്ദേ​​ഹ​​ത്തി​​നു​​ണ്ടാ​​യി​​രി​​ക്കാം.

2001ൽ ​​ആ​​ദി​​വാ​​സി ഭൂ​​മി സം​​ബ​​ന്ധി​​ച്ച് ഒ​​രു ക​​രാ​​ർ ഉ​​ണ്ടാ​​യി. ഭൂ​​ര​​ഹി​​ത​​ർ​​ക്ക് ഭൂ​​മി ന​​ൽ​​കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു അ​​തി​​ന്റെ ല​​ക്ഷ്യം. 2002 ജ​​നു​​വ​​രി ഒ​​ന്നു​​മു​​ത​​ൽ അ​​ത് ന​​ട​​പ്പാ​​ക്കി​​ത്തു​​ട​​ങ്ങി. അ​​തി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഭൂ​​മി ക​​ണ്ടെ​​ത്തി​​യ​​ത് ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലാ​​ണ്. അ​​ന്ന​​ത്തെ ഇ​​ടു​​ക്കി ജി​​ല്ല ക​​ല​ക്ട​​ർ ആ​​ത്മാ​​ർ​​ഥ​​മാ​​യി ഇ​​ട​​പെ​​ട്ട​​തു​​കൊ​​ണ്ട് കു​​റെ​​യ​​ധി​​കം സ്ഥ​​ല​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി. മ​​റ​​യൂ​​ർ, പൂ​​പ്പാ​​റ, ചി​​ന്ന​​ക്ക​​നാ​​ൽ തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വ​​ലി​​യ തോ​​തി​​ൽ ഭൂ​​മി ക​​ണ്ടെ​​ത്തി. അ​​ങ്ങ​​നെ 50,000 ഏ​​ക്ക​​റി​​ല​​ധി​​കം ഭൂ​​മി ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. അ​​തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു പ്ര​​ദേ​​ശ​​മാ​​യി​​രു​​ന്നു സൂ​​ര്യ​​നെ​​ല്ലി​​ക്ക​​ടു​​ത്തു​​ള്ള മ​​തി​​കെ​​ട്ടാ​​ൻ ചോ​​ല​വ​​ന​​ത്തി​​ലെ ഏ​​ക​​ദേ​​ശം 2200 ഏ​​ക്ക​​ർ ഭൂ​​മി.

ഞ​​ങ്ങ​​ൾ ഈ ​​ഭൂ​​മി​ കാ​​ണ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ അ​​ത് കാ​​ണി​​ച്ചു​​ത​​ന്നു. പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും കൃ​​ഷി​​യോ​​ഗ്യ​​മാ​​യ ഭൂ​​മി കാ​​ണി​​ച്ചു. എ​​ന്നാ​​ൽ മ​​തി​​കെ​​ട്ടാ​​നി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ഞ​​ങ്ങ​​ൾ ക​​ണ്ട കാ​​ഴ്ച ഞെ​​ട്ടി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു. അ​​വി​​ടെ വ​​ലി​​യ തോ​​തി​​ൽ കൈ​യേ​റ്റം ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. 150 മു​​ത​​ൽ 300 ഏ​​ക്ക​​ർ വ​​രെ​​യു​​ള്ള വ​​ലി​​യ ഏ​​ല​​ത്തോ​​ട്ട​​ങ്ങ​​ൾ അ​​വി​​ടെ​യു​ണ്ട്. മ​​നോ​​ഹ​​ര​​മാ​​യ ചോ​​ല​​വ​​ന​​വും മ​​ഞ്ഞു​​മൂ​​ടി​​യ മ​​ല​​നി​​ര​​ക​​ളു​​മു​​ള്ള പ്ര​​ദേ​​ശ​​മാ​​യി​​രു​​ന്നു അ​​ത്. ചി​​ല​​ർ അ​​വി​​ടെ കു​​രി​​ശു​​പോ​​ലും സ്ഥാ​​പി​​ച്ചി​​രു​​ന്നു.​

അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ൾ ഇ​​ത് ര​​ണ്ട് വ​​കു​​പ്പു​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്ന​​മാ​​ണെ​​ന്ന് മ​​ന​​സ്സി​​ലാ​​യി –റ​​വ​​ന്യൂ വ​​കു​​പ്പും വ​​നം ​വ​​കു​​പ്പും. ഇ​​ത് ആ​​രു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള​താ​ണെ​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​രു​​കൂ​​ട്ട​​രും പ​​ര​​സ്പ​​രം ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ത്തി​​ൽ​നി​​ന്നു ഒ​​ഴി​​വാ​​കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​രു​​വി​​ഭാ​​ഗ​​ത്തി​​ന്റെ​​യും അ​​റി​​വോ​​ടെ​​യും സ​​മ്മ​​ത​​ത്തോ​​ടെ​​യു​​മാ​​ണ് ആ ​​ഭൂ​​മി​​യി​​ൽ വ​​ലി​​യ കൈ​യേ​​റ്റം ന​​ട​​ന്ന​​തെ​​ന്നാ​​ണ് ഞ​​ങ്ങ​​ളു​​ടെ ആ​​രോ​​പ​​ണം. ഞ​​ങ്ങ​​ൾ ഇ​​ത് വ​​ലി​​യ വി​​വാ​​ദ​​മാ​​ക്കി. കൈ​യേ​റ്റ​​ക്കാ​​രെ ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്നും ഭൂ​​മി ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് ന​​ൽ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഈ ​​വി​​ഷ​​യം പി​​ന്നീ​​ട് വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ ഏ​​റ്റെ​​ടു​​ത്തു. അ​​തോ​​ടെ അ​​തൊ​രു വ​​ലി​​യ രാ​​ഷ്ട്രീ​​യ വി​​വാ​​ദ​​മാ​​യി. പ്ര​​തി​​പ​​ക്ഷം വി​​ഷ​​യം നി​​യ​​മ​​സ​​ഭ​​യി​​ൽ ഉ​​ന്ന​​യി​​ച്ച​​പ്പോ​​ൾ മ​​ന്ത്രി മാ​​ണി​​യും മ​​ന്ത്രി സു​​ധാ​​ക​​ര​​നും ത​​ർ​​ക്ക​​മു​​ണ്ടാ​​യി. മാ​​ണി പ​​റ​​യു​​ന്ന​​ത് ഇ​​ത് വ​​നം​ വ​​കു​​പ്പി​​ന്റെ വി​​ഷ​​യ​​മാ​​ണെ​​ന്നാ​​യി​​രു​​ന്നു. സു​​ധാ​​ക​​ര​​ൻ തി​​രി​​ച്ചും ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ചു. ഉ​​ട​​മ​​സ്ഥ​​ത​​യും ക​​സ്റ്റോ​​ഡി​​യ​​ൻ​​ഷി​​പ്പും സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​മാ​​യി വി​​ഷ​​യം മ​​ന്ത്രി​​സ​​ഭ​​യി​​ലെ​​ത്തി. അ​​വ​​സാ​​നം ഈ ​​ഭൂ​​മി വ​​നം​​വ​​കു​​പ്പി​​ന് വി​​ട്ടു​​കൊ​​ടു​​ക്കാ​​മെ​​ന്നും ഇ​​നി അ​​ത് ആ​​ർ​​ക്കും പ​​തി​​ച്ചു​​കൊ​​ടു​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും തീ​​രു​​മാ​​നി​​ക്ക​​പ്പെ​​ട്ടു. മ​​തി​​കെ​​ട്ടാ​​ൻ ഷോ​​ല​​വ​​നം ദേ​​ശീ​​യ ഉ​​ദ്യാ​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ടു.

അ​​തി​​ന് പു​​റ​​മെ, 2002 മേ​യി​ലാ​​ണ് മ​​തി​​കെ​​ട്ടാ​​ൻ സം​​ഭ​​വം ന​​ട​​ക്കു​​ന്ന​​ത്. അ​​തേ കാ​​ല​​ത്ത് വ​​ന​​ഭൂ​​മി ക​​ണ്ടെ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഞ​​ങ്ങ​​ൾ വ​​നം​​വ​​കു​​പ്പു​​മാ​​യി വ​​ലി​​യ ത​​ർ​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു.​ ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ലാ​​ണ്, എ​​ന്റെ ഓ​​ർ​​മ ശ​​രി​​യാ​​ണെ​​ങ്കി​​ൽ, മാ​​ന​​ന്ത​​വാ​​ടി​​യി​​ൽ ഏ​​ക​​ദേ​​ശം ര​​ണ്ടാ​​യി​​ര​​ത്തോ​​ളം ആ​​ദി​​വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത ഒ​​രു ‘ആ​​ദി​​വാ​​സി കോ​​ട​​തി’ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഊ​​രു​​കൂ​​ട്ട​​ങ്ങ​​ളി​​ലെ മൂ​​പ്പ​​ന്മാ​​രെ​ല്ലാം ചേ​​ർ​​ന്നാ​​യി​​രു​​ന്നു അ​​ത്.

പ്ര​​തീ​​കാ​​ത്മ​​ക​​മാ​​യൊ​രു വി​​ചാ​​ര​​ണ​​യാ​​യി​​രു​​ന്നു അ​ത്. ആ​​ദി​​വാ​​സി​​ക​​ളെ കു​​ടി​​യി​​റ​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ ​വ​​നം​ വ​​കു​​പ്പി​​ന്റെ ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രെ ഒ​​രു കു​​റ്റ​​പ​​ത്ര​​വും ത​​യാ​​റാ​​ക്കി. ഇ​​തും മ​​ന്ത്രി സു​​ധാ​​ക​​ര​​ൻ വ്യ​​ക്തി​​പ​​ര​​മാ​​യി എ​​ടു​​ത്തി​​ട്ടു​​ണ്ടാ​​കാം എ​​ന്ന് ഞാ​​ൻ ക​​രു​​തു​​ന്ന​ത്. കാ​​ര​​ണം, ഒ​​രു ഘ​​ട്ട​​ത്തി​​ൽ വ​​നം​ വ​​കു​​പ്പ് പി​​രി​​ച്ചു​​വി​​ട​​ണം എ​​ന്നു​​പോ​​ലും ഞ​​ങ്ങ​​ൾ പ​​റ​​ഞ്ഞി​​രു​​ന്നു. അ​​ത്ര​​യും ആ​​ദി​​വാ​​സി​ വി​​രു​​ദ്ധ​​മാ​​യ സ​​മീ​​പ​​ന​​മാ​​ണ് വ​​നം ​വ​​കു​​പ്പ് സ്വീ​​ക​​രി​​ച്ചി​​രു​​ന്ന​​ത് എ​​ന്നാ​​ണ് ഞ​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട്.

മ​​റ്റൊ​​രു കാ​​ര്യം, ഇ​​തി​​ന്റെ ക്ലൈ​​മാ​​ക്സി​​ലേ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ ‘ഗ്ലോ​​ബ​​ൽ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്റ് മീ​​റ്റ്’ എ​​ന്ന പ​​ദ്ധ​​തി​​ക്കും പ​​ങ്കു​​ണ്ടാ​​യി​​രു​​ന്നു. ആ​​ന്റ​​ണി സ​​ർ​​ക്കാ​​റി​​ന്റെ കാ​​ല​​ത്ത് ആ​​ദ്യ​​മാ​​യി ന​​ട​​ന്ന ആ ​​നി​​ക്ഷേ​​പ​​ക സം​​ഗ​​മ​​ത്തി​​ൽ വി​​വി​​ധ മേ​​ഖ​​ല​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ൾ വ​​ന്നി​​രു​​ന്നു. അ​​തി​​ൽ ഇ​​ക്കോ-​​ടൂ​​റി​​സ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ര​​ണ്ടു, മൂ​​ന്ന് പ​​ദ്ധ​​തി​​ക​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​ലൊ​​ന്ന് മു​​ത്ത​​ങ്ങ​​യെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള​​താ​​യി​​രു​​ന്നു. വൈ​​ൽ​​ഡ്‌​​ലൈ​​ഫ് സാ​​ങ്ച്വ​​റി​​യി​​ൽ വ​​ലി​​യ ഹെ​​ലി​​പാ​​ഡും ടൂ​​റി​​സ്റ്റ് ഹ​​ബും ഉ​​ൾ​​പ്പെ​​ടു​​ന്ന പ​​ദ്ധ​​തി​​യെ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു അ​​ത്.

മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള വ​​ലി​​യൊ​​രു സം​​ഘ​​മാ​​ണ് അ​​തി​​ന് പി​​ന്നി​​ലെ​​ന്നാ​​ണ് പി​​ന്നീ​​ട് ഞ​​ങ്ങ​​ൾ​​ക്ക് ല​​ഭി​​ച്ച വി​​വ​​രം. തെ​​ന്മ​​ല​​യി​​ലും ആ​​ല​​പ്പു​​ഴ​​യി​​ലും സ​​മാ​​ന​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. 2002 ഡി​​സം​​ബ​​ർ-2003 ജ​​നു​​വ​​രി​യി​ലാ​​യി​​രു​​ന്നു ആ ​​നി​​ക്ഷേ​​പ​​ക സം​​ഗ​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ന​​ട​​പ​​ടി​​ക​​ൾ. ഞ​​ങ്ങ​​ൾ മു​​ത്ത​​ങ്ങ​​യി​​ൽ സ​​മ​​രം ന​​ട​​ത്തു​​മ്പോ​​ൾ ആ ​​പ​​ദ്ധ​​തി​​യും പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. സ​​മ​​രം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ജി​​മ്മി​​ന്റെ ചെ​​ക്ക്‌​​ലി​​സ്റ്റി​​ൽ​​നി​​ന്ന് മു​​ത്ത​​ങ്ങ​​യെ പി​​ൻ​​വ​​ലി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം വ​​നം ​വ​​കു​​പ്പി​​നു​​ണ്ടാ​​യി.

അ​​ങ്ങ​​നെ​​യാ​​ണ് മു​​ത്ത​​ങ്ങ ഒ​​രു ക​​ച്ച​​വ​​ട പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ഞ​​ങ്ങ​​ൾ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളു​​ടെ​​യും ജി​​ല്ല ക​​മ്മി​​റ്റി​​യു​​ടെ​​യും ഭാ​​ഗ​​ത്തു​​നി​​ന്ന് ‘മു​​ത്ത​​ങ്ങ എ​​ന്തു​​വി​​ല​​കൊ​​ടു​​ത്തും ടൂ​​റി​​സം ഹ​​ബാ​​ക്കും’ എ​​ന്ന ത​​ര​​ത്തി​​ലു​​ള്ള പ്ര​​സ്താ​​വ​​ന​​ക​​ളും വ​​ന്നി​​രു​​ന്നു. ‘ജി​​മ്മി’​​ൽ​​നി​​ന്ന് അ​​ത് പി​​ൻ​​വ​​ലി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല എ​​ന്ന നി​​ല​​പാ​​ടു​​ക​​ളും ഉ​​ണ്ടാ​​യി. അ​​ങ്ങ​​നെ പ​​ല കാ​​ര്യ​​ങ്ങ​​ളും ഒ​​ന്നി​​ച്ചു​​വ​​ന്ന​​പ്പോ​​ഴാ​​ണ് മ​​ന്ത്രി സു​​ധാ​​ക​​ര​​ൻ ഇ​​തി​​നെ വ്യ​​ക്തി​​പ​​ര​​മാ​​യ വൈ​​രാ​​ഗ്യ​​മാ​​യി ക​​ണ്ടി​​രി​​ക്കാ​​മെ​​ന്ന് ഞാ​​ൻ പ​​റ​​യു​​ന്ന​​ത്.

 

മുത്തങ്ങയിലെ പൊലീസ് വേട്ട

ജിം ​​ക​​ഴി​​ഞ്ഞ ഉ​​ട​​ൻ​​ത​​ന്നെ മു​​ത്ത​​ങ്ങ​​യി​​ൽ എ​​ന്തെ​​ങ്കി​​ലും അ​​നി​​ഷ്ട​​സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്ന് ചി​​ല മാ​ധ്യ​മ​പ്ര​​വ​​ർ​​ത്ത​​ക​​ർ ഞ​​ങ്ങ​​ൾ​​ക്ക് സൂ​​ച​​ന ന​​ൽ​​കി​​യി​​രു​​ന്നു. ഞ​​ങ്ങ​​ൾ അ​​ത്ര പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നി​​ല്ല. എ​​ന്താ​​യാ​​ലും, ഫെ​​ബ്രു​​വ​​രി 13ന് ​​അ​​ദ്ദേ​​ഹം മു​​ത്ത​​ങ്ങ​​യി​​ൽ വ​​ന്നു​​പോ​​യ​​താ​​യി ഞ​​ങ്ങ​​ൾ അ​​നൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​ഞ്ഞി​​രു​​ന്നു. പി​​ന്നീ​​ട് 15ന് ​​അ​​ദ്ദേ​​ഹം പാ​​ല​​ക്കാ​​ട്ടേ​​ക്ക് പോ​​യി. അ​​വി​​ടെ പ്രാ​​ദേ​​ശി​​ക വ​​നം​ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി യോ​​ഗം ചേ​​ർ​​ന്ന​​ശേ​​ഷം കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​ൽ ന​​ട​​പ​​ടി​​യെ​​ക്കു​​റി​​ച്ച് ഒ​​രു പ്ര​​സ്താ​​വ​​ന​​യും ന​​ട​​ത്തി​​യി​​രു​​ന്നു.

അ​​തി​​നു​​ശേ​​ഷം, 17ന് ​​അ​​ദ്ദേ​​ഹം തി​​രി​​ച്ചു​​പോ​​യ ഉ​​ട​​ൻ​​ത​​ന്നെ മു​​ത്ത​​ങ്ങ​​യി​​ലെ മൂ​​ന്ന് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വ​​ലി​​യ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ അ​​റി​​വി​​ല്ലാ​​തെ അ​​ത്ത​​ര​​മൊ​​രു തീ​​പി​​ടി​​ത്തം ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് എ​​ന്റെ ഉ​​റ​​ച്ച വി​​ശ്വാ​​സം. ക​​ണ്ണൂ​​ർ രാ​​ഷ്ട്രീ​​യ​​ത്തി​​ൽ ക​​ണ്ടി​​ട്ടു​​ള്ള നി​​ഗൂ​​ഢ​​വും അ​​ക്ര​​മ​​സ്വ​​ഭാ​​വ​​മു​​ള്ള​​തു​​മാ​​യ ചി​​ല രീ​​തി​​ക​​ൾ അ​​വി​​ടെ​​യും പ്ര​​യോ​​ഗി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നാ​​ണ് ഞാ​​ൻ ക​​രു​​തു​​ന്ന​​ത്.​ കു​​ടി​​യൊ​​ഴി​​പ്പി​​ക്കേ​​ണ്ട ദി​​വ​​സം ക​​ണ്ണൂ​​രി​​ൽ​​നി​​ന്ന് കു​​റെ ആ​​ളു​​ക​​ൾ വ​​ന്നി​​രു​​ന്നു. തീ​​പ്പൊ​​ള്ള​​ലേ​​റ്റ് ത​​ല​​ശ്ശേ​​രി, ധ​​ർ​​മ​​ടം ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ കി​​ട​​ന്ന​​വ​​രെ​​ക്കു​​റി​​ച്ചും എ​​നി​​ക്ക് അ​​റി​​യാം. അ​​ഴീ​​ക്കോ​​ട് ഭാ​​ഗ​​ത്തു​​ള്ള ആ​​ളു​​ക​​ളും അ​​തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു.

മു​​ത്ത​​ങ്ങ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള പൊ​​തു​​ബോ​​ധം രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഹി​​ച്ച പ​​ങ്കി​​നെ നി​​ങ്ങ​​ൾ എ​​ങ്ങ​​നെ​​യാ​​ണ് കാ​​ണു​​ന്ന​​ത്? ആ​​ദി​​വാ​​സി സ​​മ​​ര​​ത്തെ ഒ​​രു സാ​​മൂ​​ഹി​​ക-​രാ​​ഷ്ട്രീ​​യ പ്ര​​ശ്ന​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നു​​പ​​ക​​രം, അ​​തി​​നെ ക്രി​​മി​​ന​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​യും തീ​​വ്ര​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​മു​​ള്ള​​തു​​മാ​​യാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​തെ​​ന്ന് നി​​ങ്ങ​​ൾ​​ക്ക് തോ​​ന്നി​​യി​​ട്ടു​​ണ്ടോ?

മു​​ത്ത​​ങ്ങ സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ സ​​മീ​​പ​​ന​​വും ന​​മ്മ​​ൾ അ​​നു​​ഭ​​വി​​ച്ച ഏ​​ക​​പ​​ക്ഷീ​​യ​​ത​​യു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്നു. ന​​മ്മ​​ളോ​​ട് അ​​ടു​​ത്ത ബ​​ന്ധ​​മു​​ള്ള, ന​​മ്മ​​ളെ വ്യ​​ക്തി​​പ​​ര​​മാ​​യി അ​​റി​​യു​​ന്ന നി​​ര​​വ​​ധി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​വി​​ടെ വ​​ന്നു​​പോ​​യി​​രു​​ന്നു. പ​​ക്ഷേ, പൊ​​തു​​വി​​ൽ പു​​റ​​ത്തു​​വ​​ന്ന വാ​​ർ​​ത്ത​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ആ​​ദി​​വാ​​സി​​ക​​ളെ ക്രി​​മി​​ന​​ലൈ​​സ് ചെ​​യ്യു​​ന്ന ത​​ര​​ത്തി​​ലു​​ള്ള​​താ​​യി​​രു​​ന്നു.

ഒ​​രു ഉ​​ദാ​​ഹ​​ര​​ണം പ​​റ​​യാം. ഫെ​​ബ്രു​​വ​​രി 17ലെ ​​തീ​​വെ​​പ്പ്. അ​​വി​​ടെ ഒ​​രു സ്വ​​കാ​​ര്യ ടാ​​ക്സി ജീ​​പ്പ് കൊ​​ണ്ടു​​വ​​ന്നി​​രു​​ന്നു. അ​​തി​​ന​​ക​​ത്ത് ഉ​​ണ​​ങ്ങി​​യ ആ​​ന​​പ്പി​​ണ്ട​​വും പെ​​ട്രോ​​ളും ക​​ത്തി​​ക്കാ​​നു​​ള്ള മ​​റ്റ് സാ​​ധ​​ന​​ങ്ങ​​ളു​​മൊ​​ക്കെ ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ത് അ​​വി​​ടെ​​നി​​ന്ന് ഞ​​ങ്ങ​​ൾ പി​​ടി​​ച്ചു​​വെ​​ച്ചി​​രു​​ന്നു. പി​​റ്റേ ദി​​വ​​സം ഒ​​രു പ​​ത്ര​​വും അ​​ത് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ല്ല. ര​​ണ്ടാ​​ഴ്ച ക​​ഴി​​ഞ്ഞാ​​ണ് മാ​​ധ്യ​​മം ഒ​​രു അ​​ക​​ത്തു​​പേ​​ജി​​ൽ ‘വ​​നം​ വ​​കു​​പ്പും പ്ര​​തി​​ക്കൂ​​ട്ടി​​ലാ​​യേ​​ക്കും’ എ​​ന്ന ത​​ര​​ത്തി​​ൽ ഒ​​രു വാ​​ർ​​ത്ത ന​​ൽ​​കി​​യ​​ത്.​ അ​​തേ​​സ​​മ​​യം, ഫെ​​ബ്രു​​വ​​രി 18ന് ​​അ​​മ്പും വി​​ല്ലു​​മൊ​​ക്കെ​​യാ​​യി നി​​ൽ​​ക്കു​​ന്ന ആ​​ദി​​വാ​​സി​​ക​​ളു​​ടെ ചി​​ത്രം പ​​ത്ര​​ങ്ങ​​ൾ ഒ​​ന്നാം പേ​​ജി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ത് ഒ​​രു യാ​​ദൃ​​ച്ഛി​​ക​​മാ​​യ ഫോ​​ട്ടോ​​ഗ്രാ​​ഫാ​​യി​​രി​​ക്കാം. പ​​ക്ഷേ, ആ ​​ചി​​ത്ര​​ത്തെ മാ​​വോ​​യി​​സ്റ്റു​​ക​​ളെ​​പ്പോ​​ലെ പോ​​രാ​​ടാ​​ൻ ത​​യാ​​റാ​​യ ഒ​​രു സം​​ഘ​​ത്തി​​ന്റെ പ്ര​​തീ​​ക​​മാ​​യാ​​ണ് പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന് മു​​ന്നി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

‘22 വ​​നം​ വ​​കു​​പ്പ് വ​​ന​​പാ​​ല​​ക​​രെ​​യും ഒ​​രു ആ​​ർ.​​ആ​​ർ.​​ടി സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​റെ​​യും ഗോ​​ത്ര​​സ​​ഭ​​ക്കാ​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി’ എ​​ന്ന​​താ​​യി​​രു​​ന്നു മ​​റ്റൊ​​രു പ്ര​​ധാ​​ന വാ​​ർ​​ത്ത മ​​ല​​യാ​​ള മ​​നോ​​ര​​മ ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​വാ​​രം ‘മു​​ത്ത​​ങ്ങ സ്വ​​യം​​ഭ​​ര​​ണ​​ത്തി​​ലേ​​ക്ക്’ എ​​ന്ന ത​​ര​​ത്തി​​ൽ വ​​ലി​​യൊ​​രു വാ​​ർ​​ത്ത ന​​ൽ​​കി​​യി​​രു​​ന്നു. അ​​തി​​ന്റെ സ​​ന്ദേ​​ശം ആ​​ദി​​വാ​​സി​​ക​​ൾ പ്ര​​ത്യേ​​ക ഭ​​ര​​ണ​പ്ര​​ദേ​​ശം സൃ​​ഷ്ടി​​ക്കു​​ന്നു എ​​ന്നാ​​യി​​രു​​ന്നു. ​െഫ​​ബ്രു​​വ​​രി 19ന്റെ ​​കു​​ടി​​യി​​റ​​ക്ക് സം​​ഭ​​വ​​ത്തി​​നി​​ട​​യി​​ൽ എം. ​​ഗീ​​താ​​ന​​ന്ദ​​ൻ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു എ​​ന്നു ‘രാ​​ഷ്ട്ര​​ദീ​​പി​​ക’​​യി​​ൽ വാ​​ർ​​ത്ത ന​​ൽ​കി​യ സം​​ഭ​​വ​​വും ഉ​​ണ്ട്.

ഇ​​തെ​​ല്ലാം ചേ​​ർ​​ന്നു​​ണ്ടാ​​ക്കി​​യ ചി​​ത്രം എ​​ന്താ​​യി​​രു​​ന്നു? ന​​മ്മ​​ളെ, എ​​ന്നെ​​യൊ​​ക്കെ ഒ​​രു ക്രി​​മി​​ന​​ലാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ക. മു​​ത്ത​​ങ്ങ​​ക്കു​​ശേ​​ഷം എ​​ന്റെ കാ​​രി​​ക്കേ​​ച്ച​​ർ ചി​​ത്ര​​ങ്ങ​​ളി​​ലേ​​റെ​​യും ത​​ല​​യി​​ലൊ​​രു തു​​ണി​​കെ​​ട്ടി​​യ, വീ​​ര​​പ്പ​​നെ​​പ്പോ​​ലെ​​യു​​ള്ള ഒ​​രാ​​ളു​​ടെ രൂ​​പ​​ത്തി​​ലാ​​ണ് വ​​ന്ന​​ത്. വേ​​റൊ​​രു ഫോ​​ട്ടോ​​ഗ്രാ​​ഫ് ന​​ൽ​​കാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്നി​​ട്ടും അ​​ത്ത​​രം ചി​​ത്ര​​ങ്ങ​​ൾ ത​​ന്നെ തു​​ട​​ർ​​ച്ച​​യാ​​യി ഉ​​പ​​യോ​​ഗി​​ച്ചു.​ അ​​ത് അ​​റി​​യാ​​തെ സം​​ഭ​​വി​​ച്ച​​ത​​ല്ല, മ​​നഃ​​പൂ​​ർ​​വം ചെ​​യ്ത​​താ​​ണെ​​ന്നാ​​ണ് തോ​​ന്നു​​ന്ന​​ത്. സ​​മ​​ര​​ഭൂ​​മി​​യി​​ൽ​​നി​​ന്ന് പു​​റ​​ത്തു​​വ​​ന്ന ദൃ​​ശ്യ​​ങ്ങ​​ളെ​​യും അ​​ങ്ങ​​നെ​​ത്ത​​ന്നെ​​യാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.​ ഒ​​രു സം​​ഭ​​വം പ​​റ​​യാം. ഒ​​രു ദി​​വ​​സം ‘ദീ​​പി​​ക’​​യി​​ൽ​നി​​ന്നു​​ള്ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഒ​​രു ഇ​​ന്റ​​ർ​​വ്യൂ​പോ​​ലെ സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ, ഞാ​​ന​​റി​​യാ​​തെ ഒ​​രു ആ​​ദി​​വാ​​സി യു​​വാ​​വി​​നോ​​ട് ഒ​​രു വെ​​ട്ടു​​ക​​ത്തി ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച് നി​​ൽ​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചു.

മ​​റ്റ് ആ​​ദി​​വാ​​സി​​ക​​ൾ ഇ​​ത് ക​​ണ്ട​​പ്പോ​​ൾ എ​​ന്റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി. അ​​വ​​ർ ഉ​​ദ്ദേ​​ശി​​ച്ച ത​​ര​​ത്തി​​ലു​​ള്ള ഫോ​​ട്ടോ​​ഗ്രാ​​ഫ് ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശം എ​​ന്താ​​യി​​രി​​ക്കു​​മെ​​ന്ന് ഊ​​ഹി​​ക്കാ​​മ​​ല്ലോ.​ ന​​മ്മ​​ളോ​​ട് സ​​ഹാ​​നു​​ഭൂ​​തി​​യും സ്നേ​​ഹ​​വു​​മു​​ള്ള ഒ​​രു ചെ​​റി​​യ വി​​ഭാ​​ഗം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ണ്ടാ​​യി​​രു​​ന്നു. ന​​മ്മ​​ൾ ആ​​രാ​​ണെ​​ന്നും ന​​മ്മു​​ടെ പ​​ശ്ചാ​​ത്ത​​ലം എ​​ന്താ​​ണെ​​ന്നും അ​​റി​​യു​​ന്ന​​വ​​രാ​​യി​​രു​​ന്നു അ​​വ​​ർ. ട്രൈ​​ബ​​ൽ മൂ​​വ്മെ​​ന്റി​​ലേ​​ക്കു വ​​രു​​ന്ന​​തി​​നു​​മു​​മ്പ് ത​​ന്നെ എ​​നി​​ക്ക് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധ​​ങ്ങ​​ളാ​​ണ് അ​​തി​​ന് കാ​​ര​​ണം.

അ​​വ​​രി​​ൽ പ​​ല​​രും അ​​ന്നു​​ത​​ന്നെ തെ​​രു​​വി​​ലി​​റ​​ങ്ങി പി​​ന്തു​​ണ​​ച്ചി​​രു​​ന്നു.​ പ​​ക്ഷേ, പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്റെ മ​​ന​​സ്സി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത് ഈ ​​മെ​​ഷി​​ന​​റി ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശ​​മാ​​ണ്. മാ​​ധ്യ​​മ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന വാ​​ർ​​ത്ത​​ക​​ളും എ​​ക്സി​​ക്യൂ​​ട്ടി​വി​​ന്റെ ന​​ട​​പ​​ടി​​ക​​ളും രാ​​ഷ്ട്രീ​​യ​​ക്കാ​​രു​​ടെ പ്ര​​സ്താ​​വ​​ന​​ക​​ളു​​മൊ​​ക്കെ ചേ​​ർ​​ന്നാ​​ണ് ആ ​​പൊ​​തു​​ബോ​​ധം രൂ​​പ​​പ്പെ​​ടു​​ന്ന​​ത്. അ​​തി​​ന്റെ പൊ​​തു​​സ​​ന്ദേ​​ശം പ​​ല​​പ്പോ​​ഴും ന​​മ്മ​​ളെ ക്രി​​മി​​ന​​ലൈ​​സ് ചെ​​യ്യു​​ക എ​​ന്ന​​താ​​യി​​രു​​ന്നു.

ഇ​​തി​​ൽ ഒ​​രു ച​​രി​​ത്ര​​പ​​ര​​മാ​​യ തു​​ട​​ർ​​ച്ച​​യു​​മു​​ണ്ട്. ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​കാ​​ല​​ത്ത് ‘ക്രി​​മി​​ന​​ൽ ട്രൈ​​ബ്സ്’ എ​​ന്നൊ​​രു വി​​ഭാ​​ഗീ​​ക​​ര​​ണം ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ലേ. അ​​തി​​ന്റെ മ​​റ്റൊ​​രു രൂ​​പം​ത​​ന്നെ​​യാ​​ണ് ഇ​​പ്പോ​​ഴും തു​​ട​​രു​​ന്ന​​തെ​​ന്ന് എ​​നി​​ക്ക് തോ​​ന്നു​​ന്നു. ഒ​​രു വി​​ഭാ​​ഗ​​ത്തെ ആ​​ദ്യം​ത​​ന്നെ സം​​ശ​​യ​​ത്തി​​ന്റെ ക​​ണ്ണി​​ലൂ​​ടെ കാ​​ണു​​ക; പി​​ന്നീ​​ട് അ​​വ​​രു​​ടെ രാ​​ഷ്ട്രീ​​യ ആ​​വ​​ശ്യ​​ങ്ങ​​ളെ​​യും സാ​​മൂ​​ഹി​​ക അ​​വ​​കാ​​ശ​​ങ്ങ​​ളെ​​യും ക്രി​​മി​​ന​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ക.​ അ​​തേ​​സ​​മ​​യം, സം​​സ്ഥാ​​ന​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന ഉ​​ത്ത​​ര​​വാ​​ദി​​ത്തം എ​​ന്താ​​ണ്? ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് ഭൂ​​മി ന​​ൽ​​കു​​ക, അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​രാ​​റു​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ക, ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ക –ഇ​​തൊ​​ക്കെ​​യ​​ല്ലേ? ദി​​ലീ​​പ് സി​ങ് ഭൂ​​രി​​യ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട്, പെ​​സ നി​​യ​​മം, വ​​നാ​​വ​​കാ​​ശ നി​​യ​​മം തു​​ട​​ങ്ങി​​യ നി​​യ​​മ-​ഭ​​ര​​ണ​​ഘ​​ട​​നാ സം​​വി​​ധാ​​ന​​ങ്ങ​​ളൊ​​ക്കെ ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

പ​​ക്ഷേ, മ​​ന്ത്രി സു​​ധാ​​ക​​ര​​ൻ എ​​ല്ലാ​​വ​​രെ​​യും അ​​വി​​ടെ​​നി​​ന്ന് അ​​ടി​​ച്ചി​​റ​​ക്കു​​ക​​യും എ​​ല്ലാം ചു​​ട്ടു​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​ശേ​​ഷം ആ ​​സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച് ‘മു​​ത്ത​​ങ്ങ ഭൂ​​മി തി​​രി​​ച്ചു​​പി​​ടി​​ച്ചു’ എ​​ന്ന് പ​​റ​​ഞ്ഞു​​വെ​​ന്നാ​​ണ് ഞാ​​ൻ ഓ​​ർ​​ക്കു​​ന്ന​​ത്. കാ​​ർ​​ഗി​​ൽ തി​​രി​​ച്ചു​​പി​​ടി​​ച്ച​​തു​​പോ​​ലെ​​യാ​​യി​​രു​​ന്നു ആ ​​പ്ര​​യോ​​ഗം.​ ആ​​ദി​​വാ​​സി​​ക​​ളെ അ​​വ​​രു​​ടെ ഭൂ​​മി​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്കി​​യി​​ട്ട് ‘ഭൂ​​മി തി​​രി​​ച്ചു​​പി​​ടി​​ച്ചു’ എ​​ന്ന് പ​​റ​​യു​​ന്ന​​ത് എ​​ന്താ​​ണ് സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്? ആ ​​ഭൂ​​മി ആ​​ദി​​വാ​​സി​​ക​​ൾ ത​​ട്ടി​​യെ​​ടു​​ത്ത​​തും അ​​വി​​ടെ​​നി​​ന്ന് വേ​​റൊ​​രു രാ​​ഷ്ട്രം ഉ​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തു​​മാ​​ണെ​​ന്നൊ​​രു ധാ​​ര​​ണ അ​​തി​​നു പി​​ന്നി​​ലു​​ണ്ട്. അ​​ത്ത​​ര​​മൊ​​രു രാ​​ഷ്ട്രീ​​യ കാ​​ഴ്ച​​പ്പാ​​ടാ​​ണ് അ​​ന്ന് ആ ​​പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ പു​​റ​​ത്തു​​വ​​ന്ന​​ത് എ​​ന്നാ​​ണ് ഞാ​​ൻ ക​​രു​​തു​​ന്ന​​ത്. എ​​ന്നാ​​ൽ, അ​​തി​​നെ​​ക്കു​​റി​​ച്ച് ഒ​​രു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും ചോ​​ദ്യം ഉ​​ന്ന​​യി​​ച്ചി​​ല്ല.

ഇ​​തേ പ്ര​​ശ്നം ജു​​ഡീ​​ഷ്യ​​റി​​യി​​ലും കാ​​ണാം. ഇ​​ന്ത്യ​​യി​​ലെ നി​​യ​​മ​​നി​​ർ​​മാ​​ണ​​ത്തി​​ൽ ആ​​ദി​​വാ​​സി​​ക​​ളു​​ടെ വ​​നാ​​വ​​കാ​​ശം, പെ​​സ നി​​യ​​മം, സ്വ​​യം​​ഭ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ച് വ​​ലി​​യ അ​​ജ്ഞ​​ത നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്.​ കേ​​ര​​ളം സ്വ​​യം മ​​ത​​നി​​ര​​പേ​​ക്ഷ​​വും പു​​രോ​​ഗ​​മ​​ന​​പ​​ര​​വു​​മാ​​ണെ​​ന്ന് പ​​റ​​യു​​മ്പോ​​ഴും, ആ​​ദി​​വാ​​സി​​ക​​ളു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ളെ അം​​ഗീ​​ക​​രി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ വ​​ലി​​യൊ​​രു പ​​രി​​മി​​തി​​യു​​ണ്ട്. കേ​​ര​​ളം മ​​ല​​യാ​​ളി​​ക​​ളു​​ടെ മാ​​തൃ​​ഭൂ​​മി​​യാ​​ണ് എ​​ന്ന ബോ​​ധ​​ത്തി​​ന​​ക​​ത്ത് ആ​​ദി​​വാ​​സി​​ക​​ൾ​​ക്കും ഇ​​വി​​ടെ ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തി​​ന് ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ സം​​ര​​ക്ഷ​​ണ​​മു​​ണ്ടെ​​ന്നും ദ​​ലി​​ത​​ർ​​ക്കും പ്ര​​ത്യേ​​ക അ​​വ​​കാ​​ശ​​ങ്ങ​​ളും സം​​വ​​ര​​ണ​​വും ഉ​​ണ്ടെ​​ന്നും തി​​രി​​ച്ച​​റി​​യാ​​ത്ത ഒ​​രു സാ​​മൂ​​ഹി​​ക മ​​നോ​​ഭാ​​വം ഇ​​പ്പോ​​ഴും നി​​ല​​നി​​ൽ​​ക്കു​​ന്നു.

ഈ ​​വൈ​​വി​​ധ്യ​​ത്തെ അം​​ഗീ​​ക​​രി​​ക്കാ​​ൻ അ​​വ​​ർ​​ക്ക് ക​​ഴി​​യു​​ന്നി​​ല്ല. ഒ​​രു ചെ​​റി​​യ ന്യൂ​​ന​​പ​​ക്ഷ​​മാ​​ണെ​​ങ്കി​​ലും അ​​വ​​ർ​​ക്ക് ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്നും സ്വ​​ന്തം സ്വ​​ത്വം പ്ര​​ക​​ടി​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്നും അ​​വ​​ർ​​ക്കു​​വേ​​ണ്ടി സം​​സാ​​രി​​ക്കാ​​നും അ​​വ​​രെ പ്ര​​തി​​നി​​ധാ​നം​ചെ​യ്യാ​​നും അ​​വ​​ർ​​ക്കു​​ത​​ന്നെ അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്നും ഇ​​ന്ന് ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ളാ​​ണ്. എ​​ന്നാ​​ൽ, അ​​തി​​നോ​​ടു​​ള്ള അ​​സ​​ഹി​​ഷ്ണു​​ത​​യാ​​ണ് പ​​ല​​പ്പോ​​ഴും സം​​വ​​ര​​ണ​​വി​​രു​​ദ്ധ​​ത​​യി​​ലേ​​ക്കും എ​​ത്തു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ന്റെ സാ​​മൂ​​ഹി​​ക ച​​രി​​ത്ര​​ത്തി​​ൽ അ​​ദൃ​​ശ്യ​​രാ​​ക്ക​​പ്പെ​​ട്ട ഒ​​രു​​പാ​​ട് മ​​നു​​ഷ്യ​​രു​​ണ്ട്. ഇ.​​എം.​​എ​​സ് ഒ​​രി​​ക്ക​​ലും മ​​ഹാ​​ത്മാ അ​​യ്യ​​ൻ​കാ​​ളി​​യെ ക​​ണ്ടി​​ട്ടി​​ല്ല, കേ​​ട്ടി​​ട്ടി​​ല്ല എ​​ന്നൊ​​ക്കെ പ​​റ​​യേ​​ണ്ടി​​വ​​രു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഒ​​രു അ​​ദൃ​​ശ്യ​​ത. പൊ​​യ്ക​​യി​​ൽ അ​​പ്പ​​ച്ച​​നും ജോ​​ൺ ജോ​​സ​​ഫും അ​​യ്യ​​ൻ​കാ​ളി​​യും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ളും സ​​മ​​ര​​ങ്ങ​​ളും വ​​ലി​​യ സാ​​മൂ​​ഹി​​ക വി​​പ്ല​​വ​​ങ്ങ​​ളാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, അ​​ത്ത​​ര​​മൊ​​രു ച​​രി​​ത്രം കേ​​ര​​ള​​ത്തി​​ന്റെ പൊ​​തു​​ബോ​​ധ​​ത്തി​​ൽ ഇ​​പ്പോ​​ഴും വേ​​ണ്ട​​ത്ര പ്ര​​ത്യ​​ക്ഷ​​മ​​ല്ല. 2001ൽ ​​സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് പ​​ടി​​ക്ക​​ൽ ആ​​ദി​​വാ​​സി​​ക​​ൾ കു​​ടി​​ൽ​കെ​​ട്ടി മാ​​സ​​ങ്ങ​​ളോ​​ളം ന​​ട​​ത്തി​​യ ധാ​​ർ​​മി​​ക സ​​മ​​ര​​ത്തി​​നി​​ട​​യി​​ൽ എ.​​കെ.​​ജി സെ​​ന്റ​​റി​​ൽ​​നി​​ന്ന് ഒ​​രു പ്ര​​സ്താ​​വ​​ന വ​​ന്നി​​രു​​ന്നു. ‘ഇ​​വ​​റ്റ​​ക​​ളെ അ​​ടി​​ച്ചോ​​ടി​​ച്ച് ന​​ഗ​​ര​​ത്തെ വൃ​​ത്തി​​കേ​​ടി​​ൽ​​നി​​ന്ന് മോ​​ചി​​പ്പി​​ക്ക​​ണം’ എ​​ന്നാ​​യി​​രു​​ന്നു ആ ​​പ്ര​​സ്താ​​വ​​ന​​യു​​ടെ ഉ​​ള്ള​​ട​​ക്കം. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ആ​​ദി​​വാ​​സി​​ക​​ൾ സ്വ​​ന്തം കാ​​ലി​​ൽ​​നി​​ന്ന് ഒ​​രു സ​​മ​​രം ചെ​​യ്ത് വി​​ജ​​യി​​പ്പി​​ക്കു​​ന്ന​​ത്. അ​​ത് അം​​ഗീ​​ക​​രി​​ക്കാ​​ൻ അ​​വ​​ർ​​ക്ക് ക​​ഴി​​യു​​മാ​​യി​​രു​​ന്നി​​ല്ല.

 

മു​​ത്ത​​ങ്ങ​​യി​​ലെ വെ​​ടി​​വെ​​പ്പി​​നും തു​​ട​​ർ​​ന്നു​​ണ്ടാ​​യ പൊ​ലീ​സ് ന​​ട​​പ​​ടി​​ക​​ൾ​​ക്കും ശേ​​ഷം നി​​ങ്ങ​​ൾ​​ക്കും ജാ​​നു​​വി​​നും നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത് എ​​ന്താ​​യി​​രു​​ന്നു?

മു​​ത്ത​​ങ്ങ​​യി​​ൽ​​നി​​ന്ന് തി​​രി​​ച്ചു​​വ​​ന്ന​​ശേ​​ഷം ഞാ​​നും ജാ​​നു​​വും ര​​ണ്ടു​​ദി​​വ​​സ​​ത്തോ​​ളം സ​​മീ​​പ​​ത്തെ ഊ​​രു​​ക​​ളി​​ൽ ഒ​​ളി​​ച്ചു​​ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. പു​​റ​​ത്തു​​ള്ള സാ​​ഹ​​ച​​ര്യ​​മെ​​ന്താ​​ണെ​​ന്നോ മു​​ത്ത​​ങ്ങ​​യി​​ൽ സം​​ഭ​​വി​​ച്ച​​തി​​ന്റെ വ്യാ​​പ്തി എ​​ത്ര​​ത്തോ​​ള​​മാ​​ണെ​​ന്നോ ഞ​​ങ്ങ​​ൾ​​ക്ക് വ്യ​​ക്ത​​മാ​​യി അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു. വെ​​ടി​​വെ​​പ്പി​​നു​​ശേ​​ഷം ആ​​ളു​​ക​​ളെ​​ല്ലാം പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കാ​​യി കാ​​ട്ടി​​ലേ​​ക്ക് ഓ​​ടി​​പ്പോ​​യി​​രു​​ന്നു. രാ​​ത്രി​​യി​​ൽ അ​​വ​​രി​​ൽ പ​​ല​​രെ​​യും അ​​ന്വേ​​ഷി​​ച്ച് ക​​ണ്ടെ​​ത്തി ഞ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ചു​​കൂ​​ടി. അ​​റു​​പ​​തി​​ല​​ധി​​കം പേ​​രു​​ണ്ടാ​​യി​​രു​​ന്നു.

രാ​​ത്രി പ​​തി​​നൊ​​ന്നോ​​ടെ ത​​ക​​ര​​പ്പാ​​ടി​​യി​​ൽ​​നി​​ന്ന് ഞ​​ങ്ങ​​ൾ പു​​റ​​പ്പെ​​ട്ടു. മു​​ത്ത​​ങ്ങ​​യി​​ൽ ക​​ത്തി​​ക്ക​​രി​​ഞ്ഞ മ​​ര​​ങ്ങ​​ൾ​​ക്കും കാ​​ടി​​ന്റെ ചാ​​മ്പ​​ലി​​നു​​മി​​ട​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു യാ​​ത്ര. തീ​​പി​​ടി​​ത്ത​​ത്തെ തു​​ട​​ർ​​ന്ന് വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളും ആ ​​പ്ര​​ദേ​​ശ​​ത്തു​​നി​​ന്ന് മാ​​റി​​യി​​രു​​ന്നു. ര​​ണ്ടു​​മൂ​​ന്ന് കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ, ജാ​​നു നേ​​ര​​ത്തേ താ​​മ​​സി​​ച്ചി​​രു​​ന്ന ഒ​​രു മ​​ല​​പ്ര​​ദേ​​ശ​​ത്തെ​​ത്തി. അ​​വി​​ടെ​​യും എ​​ല്ലാം ക​​ത്തി​​ക്ക​​രി​​ഞ്ഞ് ആ​​ളൊ​​ഴി​​ഞ്ഞ നി​​ല​​യി​​ലാ​​യി​​രു​​ന്നു.

അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ഒ​​രു ഷെ​​ഡി​​ലാ​​ണ് ജാ​​നു​​വി​​നെ ക​​ണ്ടെ​​ത്തി​​യ​​ത്. വെ​​ളു​​പ്പി​​ന് മൂ​​ന്നു​​മ​​ണി​​യോ​​ടെ അ​​വി​​ടെ​​നി​​ന്ന് പു​​റ​​പ്പെ​​ട്ട് പു​​ലി​​തൂ​​ക്കി​​യി​​ലെ​​ത്തി. രാ​​വി​​ലെ അ​​വി​​ടെ​​യെ​​ത്തു​​മ്പോ​​ൾ ആ​​ളു​​ക​​ളെ​​ല്ലാം ഭ​​യ​​ന്നു​​നി​​ൽ​​ക്കു​​ന്ന അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു. അ​​ധി​​കം വൈ​​കാ​​തെ പൊ​ലീ​സി​​ന്റെ സാ​​ന്നി​​ധ്യം മ​​ന​​സ്സി​​ലാ​​യ​​തോ​​ടെ ഞ​​ങ്ങ​​ൾ വീ​​ണ്ടും കാ​​ട്ടി​​ലേ​​ക്ക് മാ​​റി. അ​​വി​​ടെ​​യെ​​ത്തി​​യ പ​​ല​​രെ​​യും പൊ​ലീ​സ് പി​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​യെ​​ന്നും ചോ​​ദ്യം ചെ​​യ്തെ​​ന്നും പി​​ന്നീ​​ട് അ​​റി​​ഞ്ഞു. “ജാ​​നു​​വും ഗീ​​താ​​ന​​ന്ദ​​നും വ​​ന്നി​​രു​​ന്നോ?” എ​​ന്നൊ​​ക്കെ അ​​വ​​രോ​​ട് ചോ​​ദി​​ച്ചി​​രു​​ന്ന​​താ​​യും വി​​വ​​രം ല​​ഭി​​ച്ചു.

ഒ​​രു രാ​​ത്രി മു​​ഴു​​വ​​ൻ ഞ​​ങ്ങ​​ൾ കാ​​ട്ടി​​ലാ​​യി​​രു​​ന്നു. പി​​ന്നീ​​ട് പ​​ല വ​​ഴി​​ക​​ളാ​​യി പി​​രി​​ഞ്ഞാ​​ണ് സ​​ഞ്ച​​രി​​ച്ച​​ത്. ഒ​​ടു​​വി​​ൽ പ​​ത്തോ പ​​തി​​നെ​​ട്ടോ പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘം, ഞാ​​നും ജാ​​നു​​വും ഉ​​ൾ​​പ്പെ​​ടെ, തീ​​ണൂ​​രി​​ലെ​​ത്തി. അ​​വി​​ടെ ര​​ണ്ടു രാ​​ത്രി​​യും ഒ​​രു പ​​ക​​ലും ക​​ഴി​​ഞ്ഞെ​​ന്നാ​​ണ് ഓ​​ർ​​മ. അ​​വി​​ടെ​​വെ​​ച്ചാ​​ണ് ആ​​ദ്യ​​മാ​​യി ഒ​​രു പ​​ത്രം ല​​ഭി​​ക്കു​​ന്ന​​ത്. അ​​പ്പോ​​ഴാ​​ണ് പു​​റ​​ത്തു​​ന​​ട​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളു​​ടെ ഭീ​​ക​​ര​​ത​​യെ​​ക്കു​​റി​​ച്ച് കു​​റ​​ച്ചെ​​ങ്കി​​ലും മ​​ന​​സ്സി​​ലാ​​യ​​ത്. പൊ​ലീ​സ് റെ​​യ്ഡ് ന​​ട​​ക്കു​​മെ​​ന്ന വി​​വ​​രം ല​​ഭി​​ച്ച​​തോ​​ടെ അ​​വി​​ടെ​​നി​​ന്നും മാ​​റി. ഊ​​രി​​ലു​​ള്ള​​വ​​ർ പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും റെ​​യ്ഡു​​ക​​ൾ ന​​ട​​ക്കു​​ന്ന​​താ​​യി പ​​റ​​ഞ്ഞു.

പൊ​ലീ​സി​​ന്റെ വി​​സി​​ൽ​​ശ​​ബ്ദ​​ങ്ങ​​ൾ പോ​​ലും കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ പൊ​ലീ​സി​​ന് കീ​​ഴ​​ട​​ങ്ങ​​ണ​​മെ​​ന്ന് ജാ​​നു തീ​​രു​​മാ​​നി​​ച്ചു. ഞാ​​ൻ നി​​യ​​മ​​സ​​ഹാ​​യ​​ത്തി​​നാ​​യി ചി​​ല​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജാ​​നു അ​​ങ്ങ​​നെ തീ​​രു​​മാ​​നി​​ച്ച​​പ്പോ​​ൾ ഞാ​​നും അ​​തി​​നൊ​​പ്പം നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.​ അ​​വ​​സാ​​ന​​മാ​​യി അ​​വി​​ടെ​​വെ​​ച്ച് ഒ​​രു ഫോ​​ൺ​​വി​​ളി ന​​ട​​ത്താ​​ൻ ക​​ഴി​​ഞ്ഞു. അ​​ന്ന് ഞ​​ങ്ങ​​ളു​​ടെ കൈ​​യി​​ൽ ര​​ണ്ടു​ പേ​​ർ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ഫോ​​ണു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​ൽ ഒ​​ന്ന് പി​​ന്നീ​​ട് പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യി.

ന​​മ്പി​​ക്കൊ​​ല്ലി​​യി​​ൽ ഞ​​ങ്ങ​​ൾ ന​​ട​​ന്നു​​വ​​രു​​ക​​യാ​​യി​​രു​​ന്നു. ജാ​​നു മു​​ന്നി​​ലും ഞാ​​ൻ പി​​ന്നി​​ലു​​മാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​ർ ഞ​​ങ്ങ​​ളെ തി​​രി​​ച്ച​​റി​​ഞ്ഞ് വി​​വ​​രം പൊ​ലീ​സി​​നെ അ​​റി​​യി​​ച്ചു. ഉ​​ട​​ൻ​​ത​​ന്നെ ര​​ണ്ട് ജീ​​പ്പു​​ക​​ളി​​ലാ​​യി പൊ​ലീ​സെ​​ത്തി ഞ​​ങ്ങ​​ളെ വ​​ള​​ഞ്ഞു. ജാ​​നു​​വി​​നെ മു​​ന്നി​​ലും എ​​ന്നെ പി​​ന്നി​​ലെ സീ​​റ്റി​​ലു​​മാ​​ണ് ഇ​​രു​​ത്തി​​യ​​ത്. വ​​ണ്ടി പു​​റ​​പ്പെ​​ട്ട നി​​മി​​ഷം മു​​ത​​ൽ ത​​ന്നെ ജാ​​നു​​വി​​ന്റെ നി​​ല​​വി​​ളി കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ന്നെ​​യും അ​​വ​​ർ മ​​ർ​​ദി​​ച്ചു. ഞാ​​ൻ സീ​​റ്റി​​ൽ​​നി​​ന്ന് ത​​റ​​യി​​ലേ​​ക്ക് വീ​​ഴു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു. ജാ​​നു​​വി​​നെ ഷൂ​​സ് ധ​​രി​​ച്ച കാ​​ലു​​കൊ​​ണ്ട് ച​​വി​​ട്ടു​​ക​​യും മ​​ർ​​ദി​​ക്കു​​ക​​യും ചെ​​യ്തു. മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഞ​​ങ്ങ​​ളെ പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലൂ​​ടെ കൊ​​ണ്ടു​​ന​​ട​​ന്നു. ഒ​​ടു​​വി​​ൽ മു​​ത്ത​​ങ്ങ​​യി​​ലെ ഫോ​​റ​​സ്റ്റ് ഐ.​​ബി​​യി​​ലേ​​ക്കാ​​ണ് കൊ​​ണ്ടു​​വ​​ന്ന​​ത്.

ഫോ​​റ​​സ്റ്റ് ഐ.​​ബി​​യു​​ടെ പ​​രി​​സ​​ര​​ത്ത് വ​​ലി​​യൊ​​രു പൊ​ലീ​സ് സ​​ന്നാ​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​ന​​കം പൊ​ലീ​സി​​നി​​ട​​യി​​ൽ ഒ​​രു പ്ര​​ത്യേ​​ക മാ​​ന​​സി​​കാ​​വ​​സ്ഥ രൂ​​പ​​പ്പെ​​ട്ടി​​രു​​ന്നു എ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നി​​യ​​ത്. മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ച്ചി​​രു​​ന്ന പൊ​ലീ​സു​​കാ​​ര​​ന്റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​ത്ര​​ങ്ങ​​ളും വി​​വ​​ര​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ച് ആ​​ദി​​വാ​​സി​​ക​​ൾ​​ക്കെ​​തി​​രാ​​യ പ്ര​​തി​​കാ​​ര മ​​നോ​​ഭാ​​വം പൊ​ലീ​സു​​കാ​​ർ​​ക്കി​​ട​​യി​​ൽ വ​​ള​​ർ​​ത്തി​​യി​​രു​​ന്നു. ല​​ഘു​​ലേ​​ഖ​​ക​​ളും പോ​​സ്റ്റ​​റു​​ക​​ളും പൊ​ലീ​സു​​കാ​​ർ ഇ​​റ​​ക്കി​​യി​​രു​​ന്നു. പൊ​ലീ​സു​​കാ​​ര​​ന്റെ മൃ​​ത​​ദേ​​ഹ​​ത്തി​​ന്റെ പോ​​സ്റ്റ്മോ​​ർ​​ട്ടം ചി​​ത്ര​​ങ്ങ​​ൾ വ​​രെ ഉ​​പ​​യോ​​ഗി​​ച്ച് ല​​ഘു​​ലേ​​ഖ ഇ​​റ​​ക്കി​​യ​​താ​​യി ഞാ​​ൻ ക​​ണ്ടി​​ട്ടു​​ണ്ട്. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സം​​ഭ​​വ​​ത്തി​​ന്റെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം വ്യ​​ക്ത​​മാ​​യി നി​​ർ​​ണ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​ന് മു​​മ്പു​​ത​​ന്നെ പൊ​ലീ​സു​​കാ​​രെ മു​​ഴു​​വ​​ൻ ഒ​​രു ആ​​ദി​​വാ​​സി​​വി​​രു​​ദ്ധ സൈ​​ന്യ​​ത്തി​​ന്റെ മ​​നോ​​ഭാ​​വ​​ത്തി​​ലേ​​ക്ക് മാ​​റ്റു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു​​ണ്ടാ​​യ​​ത്.

ഫോ​​റ​​സ്റ്റ് ഐ.​​ബി​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ എ​​ന്നെ ആ ​​കൂ​​ട്ട​​ത്തി​​ലേ​​ക്കാ​​ണ് എ​​റി​​ഞ്ഞു​​കൊ​​ടു​​ത്ത​​ത്. ജാ​​നു​​വി​​നെ അ​​ക​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​യി. അ​​വ​​രു​​ടെ നി​​ല​​വി​​ളി ഉ​​ച്ച​​ത്തി​​ൽ കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ന്നെ പു​​റ​​ത്തു​​വെ​​ച്ച് പ​​ത്തോ പ​​തി​​ന​​ഞ്ചോ മി​​നി​​റ്റോ​​ളം പൊ​ലീ​സു​​കാ​​രു​​ടെ ഒ​​രു കൂ​​ട്ട​​ത്തി​​നി​​ട​​യി​​ലാ​​ക്കി. ത​​റ​​യി​​ൽ വീ​​ണു​​കി​​ട​​ന്ന എ​​ന്നെ അ​​വ​​ർ ച​​വി​​ട്ടു​​ക​​യും തോ​​ക്കി​​ന്റെ പാ​​ത്തി​​കൊ​​ണ്ട് കു​​ത്തു​​ക​​യും ചെ​​യ്തു. ഞാ​​ൻ കി​​ട​​ന്നി​​രു​​ന്ന​​തി​​നാ​​ൽ അ​​തി​​ന​​പ്പു​​റം വ​​ലി​​യ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യി​​ല്ലെ​​ന്ന് തോ​​ന്നു​​ന്നു. ഭാ​​ഗ്യ​​വ​​ശാ​​ൽ ത​​ല​​ക്ക് വ​​ലി​​യ പ​​രി​​ക്കു​​ണ്ടാ​​യി​​ല്ല. നെ​​ഞ്ചി​​ലും പു​​റ​​ത്തു​​മൊ​​ക്കെ​​യാ​​ണ് കൂ​​ടു​​ത​​ൽ മ​​ർ​​ദ​​ന​​മേ​​റ്റ​​ത്.

അ​​തി​​നു​​ശേ​​ഷ​​മാ​​ണ് എ​​ന്നെ പൊ​ലീ​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യ​​ത്. ഫോ​​റ​​സ്റ്റ് ഐ.​​ബി​​യി​​ൽ​​നി​​ന്ന് പൊ​ലീ​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ സ​​മ​​യ​​വും അ​​വി​​ടെ ക​​ഴി​​ഞ്ഞ സ​​മ​​യ​​വും കൃ​​ത്യ​​മാ​​യി ഓ​​ർ​​മി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു. പൊ​ലീ​സ് സ്റ്റേ​​ഷ​​നി​​ൽ​​വെ​​ച്ചാ​​ണ് സു​​രേ​​ന്ദ്ര​​ൻ മാ​​ഷി​​നെ കാ​​ണു​​ന്ന​​ത്. പി​​ന്നീ​​ട് ക്രൈം​​ബ്രാ​​ഞ്ച് എ​​സ്.​​പി ഉ​​ൾ​​പ്പെ​​ടെ ഒ​​ന്നു​​ര​​ണ്ട് പൊ​ലീ​സു​​കാ​​ർ വ​​ന്ന് ചി​​ല കാ​​ര്യ​​ങ്ങ​​ൾ ചോ​​ദി​​ച്ചു.

എ​​ന്നാ​​ൽ, അ​​ത് യ​​ഥാ​​ർ​​ഥ ചോ​​ദ്യം​​ചെ​​യ്യ​​ലാ​​യി​​രു​​ന്നി​​ല്ലെ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നി​​യ​​ത്. എ​​സ്.​​പി മു​​റി​​യി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​യ ഉ​​ട​​ൻ​​ത​​ന്നെ എ​​ന്റെ പി​​ന്നി​​ൽ നി​​ന്നി​​രു​​ന്ന പൊ​ലീ​സു​​കാ​​ർ എ​​ന്നെ വീ​​ണ്ടും മ​​ർ​​ദി​​ച്ചു. ര​​ണ്ടു​​വ​​ശ​​ത്തും പൊ​ലീ​സു​​കാ​​രെ നി​​ർ​​ത്തി​​യി​​രു​​ന്നു. ബൂ​​ട്ട് ധ​​രി​​ച്ച കാ​​ലു​​കൊ​​ണ്ട് ച​​വി​​ട്ടു​​ക​​യാ​​യി​​രു​​ന്നു. ഞാ​​ൻ ഉ​​രു​​ണ്ടു​​വീ​​ണു. ആ ​​മ​​ർ​​ദ​​ന​​ത്തി​​ലാ​​ണ് എ​​ന്റെ നാ​​ല് വാ​​രി​​യെ​​ല്ലു​​ക​​ൾ പൊ​​ട്ടി​​യ​​ത്. അ​​തി​​നു​​ശേ​​ഷം റി​​മാ​​ൻ​​ഡ് ചെ​​യ്ത് കോ​​ഴി​​ക്കോ​​ട് സ​​ബ് ജ​​യി​​ലി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി. എ​​ന്നെ ഒ​​റ്റ​​പ്പെ​​ട്ട സെ​​ല്ലി​​ലാ​​ണ് പാ​​ർ​​പ്പി​​ച്ച​​ത്.

അ​​വി​​ടെ​​നി​​ന്നാ​​ണ് പി​​ന്നീ​​ട് ഇ​​ത് ഒ​​രു വി​​ഭാ​​ഗീ​​യ​​മാ​​യ വി​​ചാ​​ര​​ണ​​യാ​​ണ് എ​​ന്നു ഞാ​​ൻ അ​​റി​ഞ്ഞ​​ത്. കാ​​ൽ​​നൂ​​റ്റാ​​ണ്ടോ​​ളം ഒ​​രു ആ​​ദി​​വാ​​സി ഭൂ​​സ​​മ​​ര​​ത്തി​​ന്റെ പേ​​രി​​ൽ വി​​ചാ​​ര​​ണ നീ​​ണ്ടു​​പോ​​കു​​ന്ന​​ത് ത​​ന്നെ അ​​തി​​ന്റെ തെ​​ളി​​വാ​​ണ്. “കേ​​സ് ന​​ട​​ക്ക​​ട്ടെ, കോ​​ട​​തി ക​​യ​​റി​​വ​​ര​​ട്ടെ” എ​​ന്ന സ​​മീ​​പ​​ന​​മാ​​ണ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​യ​​ത്. ഇ​​നി​​യും ഇ​​ത് അ​​ടു​​ത്ത കാ​​ൽ​​നൂ​​റ്റാ​​ണ്ടി​​ലേ​​ക്ക് നീ​​ണ്ടു​​പോ​​കു​​മോ എ​​ന്നു​​പോ​​ലും എ​​നി​​ക്ക് തോ​​ന്നി​​യി​​ട്ടു​​ണ്ട്. ഇ​​ത്ര​​യും കാ​​ല​​മാ​​യി​​ട്ടും എ​​ക്സി​​ക്യൂ​​ട്ടി​വി​​ന്റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഒ​​രു കു​​റ്റ​​സ​​മ്മ​​തം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. ഇ​​ത് വേ​​ണ്ടാ​​ത്ത​​താ​​യി​​രു​​ന്നു, സം​​ഭ​​വി​​ച്ച​​തി​​ൽ തെ​​റ്റു​​ണ്ടാ​​യി എ​​ന്ന നി​​ല​​പാ​​ടും അ​​വ​​ർ സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. അ​​തു​​ത​​ന്നെ​​യാ​​ണ് ഈ ​​സ​​മീ​​പ​​ന​​ത്തി​​ന്റെ വം​​ശീ​​യ സ്വ​​ഭാ​​വം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ എ​​ല്ലാ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും പ​​ല​​പ്പോ​​ഴും ജാ​​തി-​​മ​​ത കൂ​​ട്ടു​​കെ​​ട്ടു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഒ​​രു പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​ത്തെ ഒ​​റ്റ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് എ​​ല്ലാ​​വ​​രും ഒ​​രു​​മി​​ച്ച് തീ​​രു​​മാ​​നി​​ച്ചാ​​ൽ അ​​തി​​ന് വ​​ലി​​യ വേ​​ഗ​​ത​​യു​​ണ്ടാ​​കും.

മു​​ത്ത​​ങ്ങ സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സു​​ക​​ളു​​ടെ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ പി​​ന്നീ​​ട് എ​​ങ്ങ​​നെ​​യാ​​ണ് മു​​ന്നോ​​ട്ടു​​പോ​​യ​​ത്? അ​​ന്വേ​​ഷ​​ണം മു​​ത​​ൽ വി​​ചാ​​ര​​ണ​​വ​​രെ​​യു​​ള്ള ഘ​​ട്ട​​ങ്ങ​​ളി​​ൽ നി​​ങ്ങ​​ൾ​​ക്ക് എ​​ന്തൊ​​ക്കെ​​യാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്?

ന​​മ്മ​​ൾ പ​​റ​​ഞ്ഞ​​തു​​പോ​​ലെ, വി​​വി​​ധ കേ​​സു​​ക​​ളാ​​ണ് ഞ​​ങ്ങ​​ൾ​​ക്കെ​​തി​​രെ എ​​ടു​​ത്ത​​ത്. വി​​വി​​ധ കു​​റ്റ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി എ​​ഫ്.​​ഐ.​​ആ​​റു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. പി​​ന്നീ​​ട് അ​​ന്വേ​​ഷ​​ണം സി.​​ബി.​​ഐ​​ക്ക് കൈ​​മാ​​റി. സി.​​ബി.​​ഐ അ​​ന്വേ​​ഷ​​ണ​​ത്തി​​നു​​ശേ​​ഷം കു​​റ്റ​​പ​​ത്ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ച്ചു.

ഇ​​തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു കേ​​സ് 2003 ഫെ​​ബ്രു​​വ​​രി 19ന് ​​മു​​ത്ത​​ങ്ങ​​യി​​ൽ ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണ്. പൊ​ലീ​സ് കോ​​ൺ​​സ്റ്റ​​ബി​​ൾ കെ.​​വി. വി​​നോ​​ദി​​ന്റെ മ​​ര​​ണ​​വും അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ഭ​​വ​​ങ്ങ​​ളു​​മാ​​ണ് കേ​​സി​​ന്റെ കേ​​ന്ദ്രം. സി.​​ബി.​​ഐ സ​​മ​​ർ​​പ്പി​​ച്ച കു​​റ്റ​​പ​​ത്ര​​ത്തി​​ൽ 57 പേ​​രെ പ്ര​​തി​​ക​​ളാ​​ക്കി. പി​​ന്നീ​​ട് വ​​ർ​​ഷ​​ങ്ങ​​ൾ നീ​​ണ്ട വി​​ചാ​​ര​​ണ​​ക്കി​ടെ ചി​​ല പ്ര​​തി​​ക​​ൾ മ​​ര​​ണ​​പ്പെ​​ട്ടു. 2018ലാ​​ണ് ക​​ൽ​​പ​​റ്റ സെ​​ഷ​​ൻ​​സ് കോ​​ട​​തി​​യി​​ൽ വി​​ചാ​​ര​​ണ ആ​​രം​​ഭി​​ച്ച​​ത്. 300ല​​ധി​​കം ആ​​ളു​​ക​​ൾ ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഏ​​ത് അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കേ​​സ് 57 പേ​​രി​​ലേ​​ക്ക് ചു​​രു​​ക്കി​​യ​​തെ​​ന്ന​​തു​ത​​ന്നെ ദു​​രൂ​​ഹ​​മാ​​യി​​രു​​ന്നു. സി.​​ബി.​​ഐ ദൃ​​ശ്യ​​ങ്ങ​​ളി​​ൽ തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന​​വ​​രെ​​യും പൊ​ലീ​സി​​നോ വ​​നം​ വ​​കു​​പ്പി​​നോ തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന​​വ​​രെ​​യും ക​​ണ്ടെ​​ത്തി പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി കേ​​സ് കെ​​ട്ടി​​പ്പ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് ഞ​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട്.

300-500 ആ​​ളു​​ക​​ളു​​ള്ള ഒ​​രു ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​നി​​ട​​യി​​ൽ​​നി​​ന്ന് വ്യ​​ക്തി​​ക​​ളെ കൃ​​ത്യ​​മാ​​യി തി​​രി​​ച്ച​​റി​​യു​​ക എ​​ളു​​പ്പ​​മു​​ള്ള കാ​​ര്യ​​മ​​ല്ല. മു​​മ്പ് പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത ആ​​ളു​​ക​​ളാ​​യി​​രു​​ന്നു അ​​വ​​രി​​ൽ പ​​ല​​രും. വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ത്തി​​യ പൊ​ലീ​സു​​കാ​​രും വ​​നം​ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​ണ് അ​​വി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡി​​ലും ഞ​​ങ്ങ​​ൾ പ​​ല ക്ര​​മ​​ക്കേ​​ടു​​ക​​ളും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രു​​ന്നു. സം​​ശ​​യി​​ക്കു​​ന്ന​​വ​​രെ​​യും മ​​റ്റു​​ള്ള​​വ​​രെ​​യും നി​​ര​​യി​​ൽ നി​​ർ​​ത്തു​​മ്പോ​​ൾ, ആ​​ദി​​വാ​​സി​​ക​​ളെ​​യും ആ​​ദി​​വാ​​സി​​ക​​ള​​ല്ലാ​​ത്ത​​വ​​രെ​​യും വ്യ​​ത്യ​​സ്ത​​മാ​​യി തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന രീ​​തി​​യി​​ലാ​​ണ് ആ​​ളു​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നാ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടെ പ​​രാ​​തി. മു​​ത്ത​​ങ്ങ​​യി​​ൽ നേ​​ര​​ത്തേ ഉ​​ണ്ടാ​​യി​​രു​​ന്ന, പൊ​ലീ​സി​​നും വ​​നം​ വ​​കു​​പ്പി​​നും പ​​രി​​ച​​യ​​മു​​ള്ള ആ​​ദി​​വാ​​സി​​ക​​ളെ​​യും ഇ​​ത്ത​​രം തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​ങ്ങ​​നെ ചെ​​യ്താ​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യും പ്ര​​തി​​ക​​ളെ തി​​രി​​ച്ച​​റി​​യു​​ന്ന​​ത് എ​​ളു​​പ്പ​​മാ​​കും.

അ​​തി​​നു​ പു​​റ​​മെ, അ​​ന്വേ​​ഷ​​ണ​​ത്തി​​ന്റെ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ൽ​ത​​ന്നെ ഞ​​ങ്ങ​​ൾ മ​​ർ​​ദ​​ന​​വും ക​​സ്റ്റ​​ഡി പീ​​ഡ​​ന​​വും ആ​​രോ​​പി​​ച്ചി​​രു​​ന്നു. നി​​ര​​വ​​ധി പേ​​ർ മ​​ർ​​ദി​​ക്ക​​പ്പെ​​ട്ട​​താ​​യി പ​​രാ​​തി​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ചി​​ല​​ർ പി​​ന്നീ​​ട് മ​​ര​​ണ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ട്ര​​യ​​ലി​​ന്റെ എ​​ല്ലാ ഘ​​ട്ട​​ങ്ങ​​ളി​​ലും, അ​​ന്വേ​​ഷ​​ണ​​ത്തി​​ന്റെ ഘ​​ട്ടം മു​​ത​​ൽ ത​​ന്നെ, ന​​ട​​പ​​ടി​​ക​​ൾ ഏ​​ക​​പ​​ക്ഷീ​​യ​​വും മാ​​നി​​പ്പു​​ലേ​​റ്റ് ചെ​​യ്ത​​തു​​മാ​​യി​​രു​​ന്നു എ​​ന്നാ​​ണ് ഞ​​ങ്ങ​​ളു​​ടെ അ​​നു​​ഭ​​വം. കോ​​ട​​തി​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ഴും കു​​റ്റ​​പ​​ത്രം അ​​ത്ര ശ​​ക്ത​​മാ​​യി​​രു​​ന്നി​​ല്ല.​ ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഒ​​രു അ​​ന​​ധി​​കൃ​​ത സം​​ഘം ചേ​​ർ​​ന്ന് ഒ​​രു കു​​റ്റ​​കൃ​​ത്യം ചെ​​യ്യാ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്ന​​ത് തെ​​ളി​​യി​​ക്ക​​ണ​​മെ​​ങ്കി​​ൽ അ​​തി​​ന് വ്യ​​ക്ത​​മാ​​യ തെ​​ളി​​വു​​ക​​ൾ വേ​​ണം.

ഒ​​രു കൊ​​ല​​പാ​​ത​​ക​​ത്തി​​ന് ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ണ്ടെ​​ന്ന് പ​​റ​​യു​​മ്പോ​​ൾ അ​​തി​​ന് ഒ​​രു ല​​ക്ഷ്യ​​വും അ​​തി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന ആ​​സൂ​​ത്ര​​ണ​​വും തെ​​ളി​​യി​​ക്കേ​​ണ്ട​​തു​​ണ്ട്.​ എ​​ന്നാ​​ൽ, മു​​ത്ത​​ങ്ങ​​യി​​ൽ അ​​ങ്ങ​​നെ​​യൊ​​രു കു​​റ്റ​​കൃ​​ത്യം ചെ​​യ്യു​​ന്ന​​തി​​നാ​​യി മു​​ൻ​​കൂ​​ട്ടി ആ​​സൂ​​ത്ര​​ണം ചെ​​യ്ത് സം​​ഘം​ചേ​​ർ​​ന്ന ആ​​ളു​​ക​​ളാ​​യി​​രു​​ന്നി​​ല്ല അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഭൂ​​മി​​ക്കു​​വേ​​ണ്ടി​​യു​​ള്ള സ​​മ​​ര​​ത്തി​​നാ​​യി ഒ​​ത്തു​​കൂ​​ടി​​യ​​വ​​രും പി​​ന്നീ​​ട് ഉ​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഭീ​​തി​​യോ​​ടെ ഓ​​ടി​​ക്കൂ​​ടി​​യ​​വ​​രു​​മാ​​യി​​രു​​ന്നു അ​​വ​​രി​​ൽ വ​​ലി​​യൊ​​രു വി​​ഭാ​​ഗം. അ​​താ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടെ വാ​​ദം.

പൊ​ലീ​സു​​കാ​​ര​​ന് പ​​രി​​ക്കേ​​റ്റു, ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി എ​​ന്നൊ​​ക്കെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ​പോ​​ലും പ്ര​​തി​​ക​​ളെ കൃ​​ത്യ​​മാ​​യി തി​​രി​​ച്ച​​റി​​ഞ്ഞ് പ​​റ​​യു​​ന്ന സാ​​ക്ഷി​​മൊ​​ഴി​​ക​​ളി​​ൽ പ​​ല വൈ​​രു​​ധ്യ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ന്റെ സാ​​ന്നി​​ധ്യം​പോ​​ലും കൃ​​ത്യ​​മാ​​യി പ​​റ​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് എ​​ന്നെ ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നാ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടെ വാ​​ദം.​ അ​​വ​​സാ​​നം, ഗൂ​​ഢാ​​ലോ​​ച​​ന ആ​​രോ​​പ​​ണം തെ​​ളി​​യി​​ക്കാ​​ൻ പ്രോ​​സി​​ക്യൂ​​ഷ​​ന് ക​​ഴി​​ഞ്ഞി​​ല്ല.

വി​​നോ​​ദി​​ന്റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രാ​​യ കൊ​​ല​​പാ​​ത​​ക​​ക്കു​​റ്റ​​വും കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ചി​​ല്ല. എ​​ന്നാ​​ൽ, മു​​ത്ത​​ങ്ങ​​യി​​ലെ മ​​റ്റൊ​​രു സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ബ്ദു​​ൽ സ​​ലാ​​മി​​നെ​​തി​​രാ​​യ വ​​ധ​​ശ്ര​​മ​​ക്കേ​​സി​​ൽ എ​​ന്നെ​​യും മ​​റ്റു​ മൂ​​ന്നു​പേ​​രെ​​യും കോ​​ട​​തി കു​​റ്റ​​ക്കാ​​രാ​​യി ക​​ണ്ടെ​​ത്തി അ​​ഞ്ച് വ​​ർ​​ഷ​​ത്തെ ക​​ഠി​​ന​​ത​​ട​​വി​​ന് ശി​​ക്ഷി​​ച്ചു.​ അ​​തി​​നാ​​ൽ ഈ ​​കേ​​സി​​ന്റെ ച​​രി​​ത്രം നോ​​ക്കു​​മ്പോ​​ൾ, അ​​ന്വേ​​ഷ​​ണം മു​​ത​​ൽ വി​​ചാ​​ര​​ണ​​വ​​രെ​​യു​​ള്ള ഓ​​രോ ഘ​​ട്ട​​ത്തി​​ലും ഉ​​ണ്ടാ​​യി​​രു​​ന്ന ഏ​​ക​​പ​​ക്ഷീ​​യ​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള ഞ​​ങ്ങ​​ളു​​ടെ സം​​ശ​​യ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

മു​​ത്ത​​ങ്ങ കേ​​സി​​ന്റെ വി​​ചാ​​ര​​ണ​​യും വി​​ധി​​യും പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ, കോ​​ട​​തി ഉ​​യ​​ർ​​ത്തി​​യ നി​​യ​​മ​​പ​​ര​​മാ​​യ ക​​ണ്ടെ​​ത്ത​​ലു​​ക​​ളെ നി​​ങ്ങ​​ൾ എ​​ങ്ങ​​നെ​​യാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്? പ്ര​​ത്യേ​​കി​​ച്ച്, നി​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ കു​​റ്റ​​ങ്ങ​​ളും ശി​​ക്ഷ​​യും സം​​ബ​​ന്ധി​​ച്ച് എ​​ന്താ​​ണ് നി​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട്?

സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഞ​​ങ്ങ​​ൾ അ​​വി​​ടെ സം​​ഘം ചേ​​ർ​​ന്ന​​ത് ഒ​​രു പ്ര​​ത്യേ​​ക കു​​റ്റ​​കൃ​​ത്യം ചെ​​യ്യാ​​നാ​​യി​​രു​​ന്നു​​വെ​​ന്ന് തെ​​ളി​​യി​​ക്കാ​​ൻ പ്രോ​​സി​​ക്യൂ​​ഷ​​ന് ക​​ഴി​​ഞ്ഞി​​ല്ല. പൊ​ലീ​സു​​കാ​​ര​​നെ ആ​​ക്ര​​മി​​ച്ചു​​വെ​​ന്ന് പ​​റ​​യു​​ന്ന സാ​​ക്ഷി​​മൊ​​ഴി​​ക​​ളി​​ലും കൃ​​ത്യ​​മാ​​യ തി​​രി​​ച്ച​​റി​​യ​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. മൊ​​ഴി​​ക​​ളി​​ൽ​ത​​ന്നെ പ​​ല വൈ​​രു​​ധ്യ​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്റെ സാ​​ന്നി​​ധ്യം​പോ​​ലും പ​​ല സാ​​ക്ഷി​​മൊ​​ഴി​​ക​​ളി​​ലും കൃ​​ത്യ​​മാ​​യി പ​​റ​​ഞ്ഞി​​രു​​ന്നി​​ല്ല. എ​​ന്നി​​ട്ടും എ​​ന്നെ ഈ ​​കേ​​സി​​ൽ ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. അ​​തി​​ൽ​ത​​ന്നെ ഒ​​രു വ​​ലി​​യ പൊ​​രു​​ത്ത​​ക്കേ​​ടു​​ണ്ട്. ഒ​​രു സം​​ഭ​​വ​​ത്തി​​ന് പി​​ന്നി​​ൽ ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ണ്ടെ​​ന്ന് പ​​റ​​യു​​മ്പോ​​ൾ അ​​തി​​ന് വ്യ​​ക്ത​​മാ​​യ തെ​​ളി​​വു​​ക​​ൾ വേ​​ണ​​മ​​ല്ലോ. എ​​ന്നാ​​ൽ വി​​ചാ​​ര​​ണ​​യു​​ടെ അ​​വ​​സാ​​നം ജ​​ഡ്ജി ത​​ന്നെ ‘പ്ര​​ഥ​​മ​​ദൃ​​ഷ്ട്യാ ഗൂ​​ഢാ​​ലോ​​ച​​ന’ എ​​ന്ന രീ​​തി​​യി​​ലു​​ള്ള പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യ​​താ​​ണ് ഞ​​ങ്ങ​​ൾ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ചോ​​ദ്യം ചെ​​യ്തി​​ട്ടു​​ള്ള​​ത്.

‘പ്ര​​ഥ​​മ​​ദൃ​​ഷ്ട്യാ’ എ​​ന്ന​​ത് ഒ​​രു കേ​​സി​​ന്റെ പ്രാ​​ഥ​​മി​​ക ഘ​​ട്ട​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഒ​​രു നി​​യ​​മ​​പ​​ര​​മാ​​യ വി​​ല​​യി​​രു​​ത്ത​​ലാ​​ണ്. എ​​ന്നാ​​ൽ ഒ​​രു ക്രി​​മി​​ന​​ൽ കേ​​സി​​ന്റെ വി​​ചാ​​ര​​ണ പൂ​​ർ​​ത്തി​​യാ​​ക്കി ഒ​​രാ​​ളെ ശി​​ക്ഷി​​ക്കു​​മ്പോ​​ൾ കു​​റ്റം സം​​ശ​​യാ​​തീ​​ത​​മാ​​യി തെ​​ളി​​യി​​ക്കേ​​ണ്ട​​തു​​ണ്ട്. ഒ​​രാ​​ളു​​ടെ ജീ​​വി​​ത​​ത്തെ ബാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ ശി​​ക്ഷ വി​​ധി​​ക്കു​​മ്പോ​​ൾ ആ ​​നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള തെ​​ളി​​വ് ആ​​വ​​ശ്യ​​മാ​​ണ്. അ​​താ​​ണ് ഞ​​ങ്ങ​​ൾ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​ത്.

എ​​നി​​ക്ക് ഈ​​യി​​ടെ വി​​ധി​​ച്ച ശി​​ക്ഷ അ​​ഞ്ച് വ​​ർ​​ഷ​​ത്തെ ക​​ഠി​​ന​​ത​​ട​​വാ​​ണ്. വി​​വി​​ധ കു​​റ്റ​​ങ്ങ​​ൾ​​ക്ക് വേ​​ർ​​തി​​രി​​ച്ച് ശി​​ക്ഷ​​ക​​ൾ വി​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​വ ഒ​​രേ​​സ​​മ​​യം അ​​നു​​ഭ​​വി​​ച്ചാ​​ൽ മ​​തി​​യെ​​ന്ന​​തി​​നാ​​ൽ ഫ​​ല​​ത്തി​​ൽ അ​​ഞ്ച് വ​​ർ​​ഷ​​ത്തെ ത​​ട​​വാ​​ണ്. അ​​തി​​നൊ​​പ്പം പി​​ഴ​​യും വി​​ധി​​ച്ചി​​ട്ടു​​ണ്ട്.​ ഞ​​ങ്ങ​​ൾ നാ​​ലു​​പേ​​രാ​​ണ് ഈ ​​കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​ത്. അ​​തി​​ൽ എ​​ന്റെ പ​​ങ്ക് ഗൂ​​ഢാ​​ലോ​​ച​​ന​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ ഒ​​രാ​​ളു​​ടേ​​താ​​ണെ​​ന്ന രീ​​തി​​യി​​ലാ​​ണ് കോ​​ട​​തി വി​​ല​​യി​​രു​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ഈ ​​മു​​ഴു​​വ​​ൻ സം​​ഭ​​വ​​വും ന​​ട​​ന്ന​​ത് ഒ​​രേ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്. അ​​തി​​ന​​ക​​ത്ത് ഒ​​രു പ്ര​​ത്യേ​​ക ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ണ്ടെ​​ന്ന് തെ​​ളി​​യി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, അ​​തി​​ന്റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന മ​​റ്റൊ​​രു സം​​ഭ​​വ​​ത്തി​​നു​​വേ​​ണ്ടി മാ​​ത്രം പ്ര​​ത്യേ​​ക ഗൂ​​ഢാ​​ലോ​​ച​​ന സ്ഥാ​​പി​​ക്കു​​ന്ന​​ത് എ​​ങ്ങ​​നെ സാ​​ധ്യ​​മാ​​കും എ​​ന്ന​​താ​​ണ് ഞ​​ങ്ങ​​ളു​​ടെ ചോ​​ദ്യം.

ഞ​​ങ്ങ​​ൾ ന​​ൽ​​കി​​യ അ​​പ്പീ​​ൽ കോ​​ട​​തി ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. വി​​ചാ​​ര​​ണ​​ക്കോ​​ട​​തി വി​​ധി​​ച്ച അ​​ഞ്ച് വ​​ർ​​ഷ​​ത്തെ ശി​​ക്ഷ​​യും ഹൈ​​കോ​​ട​​തി പി​​ന്നീ​​ട് മ​​ര​​വി​​പ്പി​​ച്ചു. അ​​തു​​കൊ​​ണ്ടാ​​ണ് ഇ​​പ്പോ​​ൾ ഞാ​​ൻ ജാ​​മ്യ​​ത്തി​​ൽ പു​​റ​​ത്തു​​ള്ള​​ത്. കേ​​സി​​ന്റെ അ​​ന്തി​​മ അ​​പ്പീ​​ൽ പി​​ന്നീ​​ട് പ​​രി​​ഗ​​ണി​​ക്കും.

വി​​നോ​​ദി​​ന്റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ ഞ​​ങ്ങ​​ളെ കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി​​യി​​ട്ടു​​ണ്ട്. ആ ​​കേ​​സി​​ൽ 57 പേ​​രാ​​ണ് പ്ര​​തി​​ക​​ളാ​​യി​​രു​​ന്ന​​ത്. വി​​ചാ​​ര​​ണ നീ​​ണ്ടു​​പോ​​യ കാ​​ല​​യ​​ള​​വി​​ൽ 15 പേ​​ർ മ​​ര​​ണ​​പ്പെ​​ട്ടു. ശേ​​ഷി​​ച്ച പ്ര​​തി​​ക​​ളെ​​യെ​​ല്ലാം കോ​​ട​​തി കു​​റ്റ​​മു​​ക്ത​​രാ​​ക്കി. വി​​നോ​​ദി​​ന്റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കൊ​​ല​​പാ​​ത​​ക​​വും ഗൂ​​ഢാ​​ലോ​​ച​​ന​​യും പ്രോ​​സി​​ക്യൂ​​ഷ​​ന് സം​​ശ​​യാ​​തീ​​ത​​മാ​​യി തെ​​ളി​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നാ​​ണ് കോ​​ട​​തി ക​​ണ്ടെ​​ത്തി​​യ​​ത്. അ​​തേ​​സ​​മ​​യം, അ​​ബ്ദു​​ൽ സ​​ലാം എ​​ന്ന പൊ​ലീ​സു​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രാ​​യ വ​​ധ​​ശ്ര​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ലാ​​ണ് ഞ​​ങ്ങ​​ൾ നാ​​ലു​​പേ​​ർ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​ത്. ആ ​​വി​​ധി​​ക്കെ​​തി​​രെ​​യാ​​ണ് ഇ​​പ്പോ​​ൾ ഹൈ​​കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് ഒ​​രു സാ​​മൂ​​ഹി​​ക വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ​​മ​​ര​​മാ​​യി​​രു​​ന്നു.

പ്ര​​ത്യേ​​കി​​ച്ചും സ​​മൂ​​ഹ​​ത്തി​​ലെ ഏ​​റ്റ​​വും ദു​​ർ​​ബ​​ല​​രാ​​യ മ​​നു​​ഷ്യ​​രെ സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ത്തി​​ൽ, അ​​റ​​സ്റ്റ് ചെ​​യ്യു​​ക, ജ​​യി​​ലി​​ലാ​​ക്കു​​ക, വ​​ർ​​ഷ​​ങ്ങ​​ളോ​​ളം വി​​ചാ​​ര​​ണ ന​​ട​​ത്തു​​ക എ​​ന്ന രീ​​തി​​യി​​ലു​​ള്ള നീ​​ണ്ട നി​​യ​​മ​​പ്ര​​ക്രി​​യ ത​​ന്നെ പ​​ല​​പ്പോ​​ഴും ഒ​​രു ശി​​ക്ഷ​​യാ​​യി മാ​​റു​​ന്നു​​ണ്ട്.​ ന​​മ്മു​​ടെ കേ​​സി​​ലും അ​​തു​​ത​​ന്നെ​​യാ​​ണ് സം​​ഭ​​വി​​ച്ച​​ത്. കാ​​ൽ​​നൂ​​റ്റാ​​ണ്ടോ​​ളം ആ​​ളു​​ക​​ൾ ഈ ​​കേ​​സി​​ന്റെ പി​​ന്നാ​​ലെ ന​​ട​​ക്കു​​ക​​യാ​​ണ്. അ​​തി​​നി​​ട​​യി​​ൽ പ​​ല​​രും മ​​രി​​ച്ചു. പ​​ല​​രും സാ​​മ്പ​​ത്തി​​ക​​മാ​​യും സാ​​മൂ​​ഹി​​ക​​മാ​​യും വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേ​​രി​​ട്ടു.​ ഗോ​​ത്ര​​മ​​ഹാ​​സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത നി​​ര​​വ​​ധി ആ​​ളു​​ക​​ൾ ഇ​​ന്നും ഈ ​​നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ര​​മാ​​ണ് വ​​ഹി​​ക്കു​​ന്ന​​ത്. പ​​ല​​രും ഒ​​റ്റ​​ക്കൊ​റ്റ​​ക്കാ​​ണ് കേ​​സു​​ക​​ൾ നേ​​രി​​ടു​​ന്ന​​ത്. തു​​ട​​ക്ക​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന സം​​ഘ​​ടി​​ത​​മാ​​യ രാ​​ഷ്ട്രീ​​യ-​​സാ​​മൂ​​ഹി​​ക പി​​ന്തു​​ണ പി​​ന്നീ​​ട് അ​​തേ രീ​​തി​​യി​​ൽ നി​​ല​​നി​​ന്നി​​ല്ല.

മു​​ത്ത​​ങ്ങ സ​​മ​​ര​​ത്തി​​നു​​ശേ​​ഷം അ​​തി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രോ​​ടും കേ​​സു​​ക​​ളി​​ൽ​​പ്പെ​​ട്ട​​വ​​രോ​​ടു​​മു​​ള്ള നേ​​തൃ​​ത്വ​​ത്തി​​ന്റെ​​യും പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്തം എ​​ങ്ങ​​നെ​​യാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്?

ജാ​​നു പി​​ന്നീ​​ട് ഏ​​ത് രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​യി​​ലേ​​ക്കാ​​ണ് പോ​​യ​​തെ​​ന്ന​​ത് വേ​​റൊ​​രു രാ​​ഷ്ട്രീ​​യ വി​​ഷ​​യ​​മാ​​ണ്. അ​​വ​​ർ ബി.​​ജെ.​​പി മു​​ന്ന​​ണി​​യി​​ലാ​​യാ​​ലും കോ​​ൺ​​ഗ്ര​​സി​​നൊ​​പ്പ​​മാ​​യാ​​ലും അ​​ത​​ല്ല ഇ​​വി​​ടെ പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​ര്യം. മു​​ത്ത​​ങ്ങ കേ​​സി​​ലെ ഇ​​ര​​ക​​ളോ​​ടും കേ​​സു​​ക​​ളി​​ൽ കു​​ടു​​ങ്ങി​​യ മ​​നു​​ഷ്യ​​രോ​​ടു​​മു​​ള്ള ഒ​​രു ധാ​​ർ​​മി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്തം നേ​​താ​​ക്ക​​ൾ​​ക്കു​​ണ്ട​​ല്ലോ. ആ ​​ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​ഞ്ഞു​​മാ​​റാ​​ൻ പാ​​ടി​​ല്ലെ​​ന്നാ​​ണ് എ​​ന്റെ അ​​ഭി​​പ്രാ​​യം. ജാ​​നു ബി.​​ജെ.​​പി​​യി​​ലേ​​ക്ക് പോ​​യ​​പ്പോ​​ഴും അ​​വ​​രു​​ടെ പ​​ഴ​​യ​​കാ​​ല രാ​​ഷ്ട്രീ​​യ ച​​രി​​ത്ര​​ത്തെ ഞാ​​ൻ പ്ര​​തി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​ർ​​ക്കെ​​തി​​രെ വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ധി​​ക്ഷേ​​പ​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​പ്പോ​​ൾ അ​​തി​​നെ ഞാ​​ൻ വി​​മ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ട്.

അ​​വ​​രു​​ടെ രാ​​ഷ്ട്രീ​​യ തീ​​രു​​മാ​​ന​​ങ്ങ​​ളോ​​ട് എ​​നി​​ക്ക് യോ​​ജി​​പ്പി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും അ​​വ​​രു​​ടെ പ​​ഴ​​യ​​കാ​​ല പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ഞാ​​ൻ നി​​ഷേ​​ധി​​ച്ചി​​ട്ടി​​ല്ല. എ​​ന്നാ​​ൽ മു​​ത്ത​​ങ്ങ കേ​​സി​​ൽ ഞ​​ങ്ങ​​ൾ ജ​​യി​​ലി​​ൽ പോ​​യ​​പ്പോ​​ൾ, ഞ​​ങ്ങ​​ളെ കാ​​ണാ​​നോ ഞ​​ങ്ങ​​ളു​​ടെ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളി​​ൽ ഇ​​ട​​പെ​​ടാ​​നോ അ​​വ​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് കാ​​ര്യ​​മാ​​യ ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​യി​​ല്ലെ​​ന്ന​​ത് പ​​റ​​യാ​​തി​​രി​​ക്കാ​​നാ​​വി​​ല്ല. അ​​ത് എ​​നി​​ക്ക് വ​​ലി​​യ വി​​ഷ​​മ​​മു​​ണ്ടാ​​ക്കി​​യ കാ​​ര്യ​​മാ​​ണ്. എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്, ഒ​​രു സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക എ​​ന്ന​നി​​ല​​യി​​ൽ താ​​ൻ ഇ​​ത്ര​​യും കാ​​ലം പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ഒ​​രു മേ​​ഖ​​ല​​യെ അ​​വ​​ർ ഉ​​പേ​​ക്ഷി​​ച്ചു​​വെ​​ന്നാ​​ണ്.

രാ​​ഷ്ട്രീ​​യ അ​​ധി​​കാ​​ര​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​നി ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​രം കാ​​ണേ​​ണ്ട​​ത് എ​​ന്നൊ​​രു നി​​ല​​പാ​​ടി​​ലേ​​ക്കാ​​ണ് അ​​വ​​ർ മാ​​റി​​യ​​തെ​​ന്ന് അ​​വ​​രു​​ടെ ഇ​​പ്പോ​​ഴ​​ത്തെ രാ​​ഷ്ട്രീ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ൽ​​നി​​ന്ന് തോ​​ന്നു​​ന്നു. അ​​ധി​​കാ​​ര​​രാ​​ഷ്ട്രീ​​യ​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് തെ​​റ്റാ​​ണെ​​ന്ന് ഞാ​​ൻ പ​​റ​​യു​​ന്നി​​ല്ല. പ​​ക്ഷേ, ന​​മ്മ​​ളെ വി​​ശ്വ​​സി​​ച്ച് ഈ ​​സ​​മ​​ര​​ത്തി​​ലേ​​ക്ക് വ​​ന്ന മ​​നു​​ഷ്യ​​രോ​​ടു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്തം അ​​തു​​കൊ​​ണ്ട് അ​​വ​​സാ​​നി​​ക്കു​​ന്നി​​ല്ല. അ​​വ​​രു​​ടെ കേ​​സു​​ക​​ളും അ​​വ​​രു​​ടെ ജീ​​വി​​ത​​വും മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കാ​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്തം മ​​ര​​ണം​ വ​​രെ ന​​മ്മ​​ൾ ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്.

മു​​ത്ത​​ങ്ങ​​ക്കു​ശേ​​ഷം ആ​​ദി​​വാ​​സി രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ സ്വ​​ത​​ന്ത്ര​​മാ​​യ അ​​സ്തി​​ത്വം വി​​വി​​ധ രാ​​ഷ്ട്രീ​​യ ധാ​​ര​​ക​​ൾ എ​​ങ്ങ​​നെ​​യാ​​ണ് സ​​മീ​​പി​​ച്ച​​തെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്?

ഞാ​​നും എ​​ല്ലാം ചെ​​യ്തു എ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ആ ​​മ​​നു​​ഷ്യ​​ർ അ​​നു​​ഭ​​വി​​ച്ച അ​​ന്യ​​താ​​ബോ​​ധം എ​​നി​​ക്ക് മ​​ന​​സ്സി​​ലാ​​കു​​ന്നു​​ണ്ട്. കാ​​ൽ​​നൂ​​റ്റാ​​ണ്ട് എ​​ന്ന​​ത് ഒ​​രു മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തി​​ൽ വ​​ള​​രെ നീ​​ണ്ട കാ​​ല​​മാ​​ണ്.​ ജാ​​നു​​വി​​ന്റെ രാ​​ഷ്ട്രീ​​യ തീ​​രു​​മാ​​ന​​ങ്ങ​​ളോ​​ട് എ​​നി​​ക്ക് എ​​തി​​ർ​​പ്പു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും, അ​​വ​​രു​​ടെ പ​​ഴ​​യ​​കാ​​ല ച​​രി​​ത്ര​​ത്തെ ഞാ​​ൻ ഒ​​രി​​ക്ക​​ലും നി​​ഷേ​​ധി​​ച്ചി​​ട്ടി​​ല്ല. അ​​വ​​ർ നേ​​രി​​ട്ട രാ​​ഷ്ട്രീ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ഞാ​​ൻ സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ മു​​ത്ത​​ങ്ങ​​യി​​ലെ ഇ​​ര​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ രാ​​ഷ്ട്രീ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​മു​​ള്ള ധാ​​ർ​​മി​​ക നി​​ല​​പാ​​ടാ​​ണ് വേ​​ണ്ട​​ത്.

കോ​​ൺ​​ഗ്ര​​സ് ഇ​​പ്പോ​​ൾ ജാ​​നു​​വി​​നെ സ്വീ​​ക​​രി​​ച്ച​​തി​​ന്റെ രാ​​ഷ്ട്രീ​​യ സ​​ന്ദേ​​ശം എ​​ന്താ​​ണെ​​ന്ന​​ത് വേ​​റെ ച​​ർ​​ച്ച​​യാ​​ണ്. ദ​​ലി​​ത്-​​ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടെ കൂ​​ടെ​​യു​​ണ്ടെ​​ന്ന സ​​ന്ദേ​​ശം ന​​ൽ​​കാ​​നു​​ള്ള രാ​​ഷ്ട്രീ​​യ താ​​ൽ​​പ​​ര്യം മു​​ന്ന​​ണി​​ക​​ൾ​​ക്കു​​ണ്ടാ​​കാം. എ​​ന്നാ​​ൽ, സ്വ​​ത​​ന്ത്ര​​മാ​​യി സ്വ​​ന്തം സ​​മൂ​​ഹ​​ത്തി​​ന്റെ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന ആ​​ളു​​ക​​ളെ യ​​ഥാ​​ർ​​ഥ അ​​ധി​​കാ​​ര​​ഘ​​ട​​ന​​യി​​ൽ ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ രാ​​ഷ്ട്രീ​​യ മു​​ന്ന​​ണി​​ക​​ൾ എ​​ത്ര​​ത്തോ​​ളം ത​​യാ​​റാ​​ണ് എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന​​പ്പെ​​ട്ട ചോ​​ദ്യം. ഇ​​ത് കോ​​ൺ​​ഗ്ര​​സി​​നു​​മാ​​ത്ര​​മു​​ള്ള പ്ര​​ശ്ന​​മ​​ല്ല. കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ രാ​​ഷ്ട്രീ​​യ മു​​ന്ന​​ണി​​ക​​ളെ​​യും ഈ ​​മാ​​ന​​ദ​​ണ്ഡ​​ത്തി​​ൽ പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട്.

എ​​ന്നാ​​ൽ, ഇ​​ട​​തു​​പ​​ക്ഷ​​ത്തെ സം​​ബ​​ന്ധി​​ച്ച് എ​​നി​​ക്ക് കൂ​​ടു​​ത​​ൽ ഗു​​രു​​ത​​ര​​മാ​​യ വി​​മ​​ർ​​ശ​​ന​​മു​​ണ്ട്. പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ സ്വ​​ത​​ന്ത്ര​​മാ​​യ രാ​​ഷ്ട്രീ​​യ അ​​സ്തി​​ത്വ​​ത്തെ അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് വ​​ലി​​യ പ​​രി​​മി​​തി​​യു​​ണ്ടെ​​ന്നാ​​ണ് എ​​ന്റെ അ​​നു​​ഭ​​വം. ന​​മ്മ​​ളെ ഒ​​രു ച​​ർ​​ച്ച​​ക്കു​​പോ​​ലും വി​​ളി​​ക്കാ​​തി​​രി​​ക്കു​​ക, സ്വ​​ത​​ന്ത്ര​​മാ​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ​​ക്ക് ഇ​​ടം ന​​ൽ​​കാ​​തി​​രി​​ക്കു​​ക –ഇ​​തെ​​ല്ലാം അ​​തി​​ന്റെ ഭാ​​ഗ​​മാ​​ണ്.

കോ​​ൺ​​ഗ്ര​​സി​​നും പ​​രി​​മി​​തി​​ക​​ളു​​ണ്ട്. ജാ​​തി-​​മ​​ത കൂ​​ട്ടു​​കെ​​ട്ടു​​ക​​ളു​​ടെ രാ​​ഷ്ട്രീ​​യ​​മാ​​ണ് അ​​വി​​ടെ​​യു​​ള്ള​​ത്. അ​​തു​​കൊ​​ണ്ട് കീ​​ഴാ​​ള വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന പു​​തി​​യൊ​​രു ബാ​​ർ​​ഗ​യ്​​നി​ങ് ഗ്രൂ​​പ് അ​​വ​​രു​​ടെ അ​​ധി​​കാ​​ര​​ഘ​​ട​​ന​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് അ​​വ​​ർ​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. പ​​ക്ഷേ, സ​​മ​​രം​ചെ​​യ്ത് ആ​​വ​​ശ്യ​​ങ്ങ​​ളു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​യാ​​ൽ അ​​ത് കേ​​ൾ​​ക്കാ​​നു​​ള്ള ഒ​​രു രാ​​ഷ്ട്രീ​​യ സാ​​ധ്യ​​ത അ​​വി​​ടെ​​യു​​ണ്ട്. അ​​താ​​ണ് ര​​ണ്ടി​​നു​​മി​​ട​​യി​​ലെ പ്ര​​ധാ​​ന വ്യ​​ത്യാ​​സം. ജാ​​നു​​വി​​നെ​​തി​​രാ​​യ രാ​​ഷ്ട്രീ​​യ ആ​​ക്ര​​മ​​ണം പു​​തി​​യ കാ​​ര്യ​​മ​​ല്ല.

ന​​ക്സ​​ലൈ​​റ്റ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​പോ​​ലും ജാ​​നു​​വി​​നെ​​തി​​രെ ശ​​ക്ത​​മാ​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. 1990ക​​ളു​​ടെ തു​​ട​​ക്ക​​ത്തി​​ൽ​ത​​ന്നെ അ​​വ​​ർ​ക്കെ​തി​രെ സാ​​മ്രാ​​ജ്യ​​ത്വ​​ത്തി​​ന്റെ ചാ​​ര​​നെ​​ന്നൊ​​ക്കെ​​യു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നി​​രു​​ന്നു. പി​​ന്നീ​​ട് ഈ ​​വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ മ​​റ്റു ഇ​​ട​​തു​​പ​​ക്ഷ രാ​​ഷ്ട്രീ​​യ വി​​ഭാ​​ഗ​​ങ്ങ​​ളും ഏ​​റ്റെ​​ടു​​ത്തു.​ ആ​​ദി​​വാ​​സി രാ​​ഷ്ട്രീ​​യം സ്വ​​ത​​ന്ത്ര​​മാ​​യി വ​​ള​​രു​​ന്ന​​തി​​നെ പ​​ല രാ​​ഷ്ട്രീ​​യ ധാ​​ര​​ക​​ളും സ്വ​​ന്തം രാ​​ഷ്ട്രീ​​യ​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കാ​​ണാ​​ൻ ശ്ര​​മി​​ച്ചി​​ട്ടു​​ണ്ട്. അ​​താ​​ണ് അ​​ടി​​സ്ഥാ​​ന പ്ര​​ശ്നം.

മാ​​വോ​​യി​​സ്റ്റു​​ക​​ളെ​​ക്കു​​റി​​ച്ചും ഇ​​തേ രീ​​തി​​യി​​ൽ എ​​നി​​ക്ക് വി​​മ​​ർ​​ശ​​ന​​മു​​ണ്ട്. ആ​​ദി​​വാ​​സി​​ക​​ളു​​ടെ യ​​ഥാ​​ർ​​ഥ സാ​​മൂ​​ഹി​​ക-​​രാ​​ഷ്ട്രീ​​യ അ​​ടി​​ത്ത​​റ​​യി​​ൽ ദീ​​ർ​​ഘ​​കാ​​ലം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഒ​​രു രാ​​ഷ്ട്രീ​​യ​​ത്തി​​ന് പ​​ക​​രം, പ​​ല​​പ്പോ​​ഴും അ​​വ​​രു​​ടെ പോ​​രാ​​ട്ട​​ങ്ങ​​ളെ സ്വ​​ന്തം സാ​​യു​​ധ രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​ക്കു​​ക​​യാ​​ണ് സം​​ഭ​​വി​​ക്കു​​ന്ന​​ത്. വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലെ പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കോ​​ർ​​പ​​റേ​​റ്റ് താ​​ൽ​​പ​​ര്യ​​ങ്ങ​​ളും ഭ​​ര​​ണ​​കൂ​​ട​​വും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ആ​​ദി​​വാ​​സി​​ക​​ൾ കു​​ടു​​ങ്ങി​​പ്പോ​​കു​​ന്നു​​ണ്ട്. മാ​​വോ​​യി​​സ്റ്റു​​ക​​ൾ ചി​​ല​​പ്പോ​​ൾ അ​​വ​​രു​​ടെ ര​​ക്ഷ​​ക​​രാ​​യി പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു. എ​​ന്നാ​​ൽ ആ ​​സാ​​യു​​ധ പോ​​രാ​​ട്ട​​ത്തി​​ന്റെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ര​​ക​​ൾ പ​​ല​​പ്പോ​​ഴും ആ​​ദി​​വാ​​സി​​ക​​ൾ ത​​ന്നെ​​യാ​​കു​​ന്നു എ​​ന്ന​​താ​​ണ് എ​​ന്റെ വി​​മ​​ർ​​ശ​​നം.

സാ​​യു​​ധ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഒ​​രു വി​​ഭാ​​ഗം മ​​നു​​ഷ്യ​​രെ മ​​നു​​ഷ്യ​​ക​​വ​​ച​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ല. ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ ഭീ​​ക​​ര​​ത​​യും അ​​തി​​നെ​​തി​​രാ​​യ പ്ര​​തി​​ഭീ​​ക​​ര​​ത​​യും അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തെ ത​​ക​​ർ​​ക്കു​​ന്ന​​വ​​യാ​​ണ്. അ​​തി​​നി​​ട​​യി​​ൽ പെ​​ട്ടു​​പോ​​കു​​ന്ന​​ത് സാ​​ധാ​​ര​​ണ​​യാ​​യി ഏ​​റ്റ​​വും ദു​​ർ​​ബ​​ല​​രാ​​യ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളാ​​ണ്. ഈ ​​അ​​ർ​​ഥ​​ത്തി​​ൽ മാ​​വോ​​യി​​സം കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട ഒ​​രു രാ​​ഷ്ട്രീ​​യ​​മാ​​ണ് എ​​ന്നാ​​ണ് എ​​ന്റെ അ​​ഭി​​പ്രാ​​യം. ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് സ്വ​​ന്തം രാ​​ഷ്ട്രീ​​യ അ​​സ്തി​​ത്വ​​വും സ്വ​​ന്തം നേ​​തൃ​​ത്വ​​വും സ്വ​​ന്തം തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​വും ന​​ൽ​​കു​​ന്ന ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്ട്രീ​​യ​​മാ​​ണ് മു​​ന്നോ​​ട്ടു​​പോ​​കേ​​ണ്ട​​ത്.

മു​​ത്ത​​ങ്ങ​​യു​​ടെ പാ​​ഠ​​വും അ​​തു​​ത​​ന്നെ​​യാ​​ണ്. ആ​​ദി​​വാ​​സി​​ക​​ൾ മ​​റ്റാ​​രു​​ടെ​​യെ​​ങ്കി​​ലും രാ​​ഷ്ട്രീ​​യ പ​​ദ്ധ​​തി​​യു​​ടെ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള​​ല്ല. അ​​വ​​ർ​​ക്ക് സ്വ​​ന്തം ഭൂ​​മി​​യെ​​ക്കു​​റി​​ച്ചും സ്വ​​ന്തം ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ചും സ്വ​​ന്തം ഭാ​​വി​​യെ​​ക്കു​​റി​​ച്ചും തീ​​രു​​മാ​​നി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​മു​​ണ്ട്. ആ ​​അ​​വ​​കാ​​ശ​​ത്തെ അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തി​​ലാ​​ണ് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ യ​​ഥാ​​ർ​​ഥ പ​​രീ​​ക്ഷ​​ണം.

ഈ​​യി​​ടെ സ​​ണ്ണി എം. ​​ക​​പി​​ക്ക​ാ​ടി​​നെ​​തി​​രെ അ​​യ്യ​​പ്പ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ ഉ​​ണ്ടാ​​യ ഹി​​ന്ദു​​ത്വ സൈ​​ബ​​ർ ആ​​ക്ര​​മ​​ണ​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ഭി​​പ്രാ​​യം എ​​ന്താ​​ണ്?

സ​​ണ്ണി എം. ​​ക​​പി​​ക്കാ​​ടി​​ന്റെ ബ്രാ​​ഹ്മ​​ണീ​​യ​​താ വി​​മ​​ർ​​ശ​​ന​​ത്തോ​​ട് എ​​നി​​ക്ക് പൂ​​ർ​​ണ​​മാ​​യും എ​​തി​​ർ​​പ്പി​​ല്ല. സാ​​മൂ​​ഹി​​ക വ്യ​​വ​​സ്ഥ​​യി​​ലെ സ​​വ​​ർ​​ണ മൂ​​ല്യ​​ങ്ങ​​ളെ​​യും വി​​ശ്വാ​​സ​​ധാ​​ര​​ക​​ളെ​​യും നി​​ര​​ന്ത​​രം ചോ​​ദ്യം​ചെ​​യ്യു​​ന്ന​​ത് പ്ര​​സ​​ക്ത​​മാ​​ണ്. പ​​ക്ഷേ, അ​​തി​​ൽ മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന ഒ​​രു രാ​​ഷ്ട്രീ​​യ​​ത്തോ​​ട് എ​​നി​​ക്ക് വി​​യോ​​ജി​​പ്പു​​ണ്ട്. കേ​​ര​​ളം ഒ​​രു​​പാ​​ട് മാ​​റി​​യി​​ട്ടു​​ണ്ട്. ന​​മ്മ​​ൾ നി​​ര​​ന്ത​​രം പ​​റ​​യേ​​ണ്ട​​ത് ശൂ​​ദ്ര​​വി​​രു​​ദ്ധ​​ത മാ​​ത്ര​​മ​​ല്ല. ന​​മ്മു​​ടെ വി​​ഷ​​യം അ​​ധി​​കാ​​ര​​ത്തി​​ന്റെ പ്ര​​ശ്ന​​മാ​​ണ്; പ്രാ​​തി​​നി​​ധ്യ​​ത്തി​​ന്റെ പ്ര​​ശ്ന​​മാ​​ണ്; ദ​​ലി​ത്-​​ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ സാ​​മൂ​​ഹി​​ക​​വും സാ​​മ്പ​​ത്തി​​ക​​വു​​മാ​​യ ശാ​​ക്തീ​​ക​​ര​​ണ​​ത്തി​​ന്റെ പ്ര​​ശ്ന​​മാ​​ണ്.

സ​​വ​​ർ​​ണ​​വി​​രു​​ദ്ധ​​ത മാ​​ത്രം ഒ​​രു രാ​​ഷ്ട്രീ​​യ അ​​ജ​​ണ്ട​യാ​​യി സ്വീ​​ക​​രി​​ച്ച് മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​ത് പ​​ല​​പ്പോ​​ഴും കൗ​​ണ്ട​​ർ പ്രൊ​​ഡ​​ക്ടി​​വാ​​കാം. അ​​തു​​വ​​ഴി ന​​മ്മ​​ൾ എ​​തി​​ർ​​ക്കു​​ന്ന സാ​​മൂ​​ഹി​​ക വി​​ഭാ​​ഗ​​ത്തെ​ത​​ന്നെ കൂ​​ടു​​ത​​ൽ ഏ​​കീ​​ക​​രി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കാം.​ ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ലും ഇ​​തേ പ്ര​​ശ്ന​​മു​​ണ്ട്. ശ​​ബ​​രി​​മ​​ല​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യും അ​​വ​​കാ​​ശ​​വു​​മാ​​ണ് ആ​​ദി​​വാ​​സി പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചി​​രു​​ന്ന അ​​ടി​​സ്ഥാ​​ന ചോ​​ദ്യം. വി​​ല്ലു​​വ​​ണ്ടി യാ​​ത്ര​​ക​​ളി​​ലു​​ൾ​​പ്പെ​​ടെ ഉ​​ന്ന​​യി​​ക്ക​​പ്പെ​​ട്ട പ്ര​​ധാ​​ന ആ​​വ​​ശ്യ​​വും അ​​താ​​യി​​രു​​ന്നു. പി​​ന്നീ​​ട് ആ ​​വി​​ഷ​​യം ശൂ​​ദ്ര​​വി​​രു​​ദ്ധ​​ത​​യു​​ടെ ഒ​​രു ച​​ർ​​ച്ച​​യാ​​യി മാ​​റ്റ​​പ്പെ​​ട്ട​​ത് രാ​​ഷ്ട്രീ​​യ​​മാ​​യി ഗു​​ണ​​ക​​ര​​മ​​ല്ല. ശ​​ബ​​രി​​മ​​ല​​യി​​ൽ പ്ര​​ധാ​​ന പ​​ങ്കാ​​ളി​​ക​​ളാ​​യി ത​​ന്ത്രി​​യും ദേ​​വ​​സ്വം ബോ​​ർ​​ഡും ആ​​ദി​​വാ​​സി സ​​മൂ​​ഹ​​ങ്ങ​​ളും നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ൾ, നാ​​യ​​ർ-​​ശൂ​​ദ്ര വി​​ഭാ​​ഗ​​ങ്ങ​​ളെ ഒ​​രു പു​​തി​​യ രാ​​ഷ്ട്രീ​​യ പ​​ങ്കാ​​ളി​​യാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത് മ​​റ്റൊ​​രു രാ​​ഷ്ട്രീ​​യ കു​​രു​​ക്കാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ആ ​​കു​​രു​​ക്കി​​ൽ ദ​​ലി​​ത​​രും ആ​​ദി​​വാ​​സി​​ക​​ളും വീ​​ഴ​​രു​​ത്.

അം​​ബേ​​ദ്ക​​ർ ഹി​​ന്ദു​​മ​​ത​​ത്തെ​​ക്കു​​റി​​ച്ചും ജാ​​തി​​വ്യ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ചും വ​​ള​​രെ വ്യ​​ക്ത​​മാ​​യി എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. ആ ​​ച​​രി​​ത്ര​​ബോ​​ധം ന​​മു​​ക്ക് ആ​​വ​​ശ്യ​​മാ​​ണ്. പ​​ക്ഷേ, അ​​തി​​നു​​ശേ​​ഷം ചോ​​ദി​​ക്കേ​​ണ്ട​​ത് ന​​മ്മു​​ടെ അ​​ധി​​കാ​​ര​​ത്തി​​ന്റെ പ്ര​​ശ്ന​​മാ​​ണ്.​ ന​​മു​​ക്ക് ന​​മ്മു​​ടേ​​താ​​യ സി​​നി​​മ ചെ​​യ്യ​​ണം; മ​​റ്റു​​ള്ള​​വ​​ർ നി​​ർ​​മി​​ക്കു​​ന്ന സി​​നി​​മ​​യെ വി​​മ​​ർ​​ശി​​ക്കു​​ക​​യും വേ​​ണം. അ​​തു​​പോ​​ലെ​​ത​​ന്നെ രാ​​ഷ്ട്രീ​​യ​​ത്തി​​ൽ ന​​മ്മു​​ടെ പ്രാ​​തി​​നി​​ധ്യ​​ത്തി​​ന്റെ പ്ര​​ശ്ന​​വും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്റെ പ്ര​​ശ്ന​​വും അ​​ധി​​കാ​​ര​​ത്തി​​ന്റെ പ്ര​​ശ്ന​​വും ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​ര​​ണം. മ​​റ്റു​​ള്ള​​വ​​ർ നി​​ർ​​മി​​ച്ച ഒ​​രു രാ​​ഷ്ട്രീ​​യ ഉ​​പ​​ക​​ര​​ണ​​ത്തി​​ന്റെ പി​​ന്നാ​​ലെ മാ​​ത്രം ന​​മ്മ​​ൾ പോ​​കാ​​ൻ പാ​​ടി​​ല്ല.​ ഇ​​പ്പോ​​ൾ ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സ​​വ​​ർ​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഒ​​രു രാ​​ഷ്ട്രീ​​യ ഓ​​പ​​ണി​​ങ് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. സ​​ണ്ണി​​യെ ഒ​​രു രാ​​ഷ്ട്രീ​​യ ഉ​​പ​​ക​​ര​​ണ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ച് വീ​​ണ്ടും സ​​മ​​ര​​രം​​ഗ​​ത്തേ​​ക്ക് വ​​രാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ആ ​​കു​​രു​​ക്കി​​ൽ നാം ​​ചെ​​ന്നു​​ചാ​​ട​​രു​​തെ​​ന്നാ​​ണ് എ​​ന്റെ അ​​ഭി​​പ്രാ​​യം.

അ​​തി​​ന്റെ അ​​ർ​​ഥം ബ്രാ​​ഹ്മ​​ണീ​​യ​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള ന​​മ്മു​​ടെ വി​​മ​​ർ​​ശ​​നം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന​​ല്ല. യു​​വ​​തി​​ക​​ൾ​​ക്ക് ശ​​ബ​​രി​​മ​​ല​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്ന​​ത് ന​​മ്മു​​ടെ നി​​ല​​പാ​​ടാ​​യി​​രി​​ക്കും. എ​​ന്നാ​​ൽ, രാ​​ഷ്ട്രീ​​യ സ്ട്രാ​​റ്റ​​ജി എ​​ന്ന നി​​ല​​യി​​ൽ നി​​ര​​ന്ത​​രം ശൂ​​ദ്ര​​വി​​രു​​ദ്ധ​​ത മാ​​ത്രം പ്ര​​സം​​ഗി​​ക്കു​​ന്ന​​തി​​ൽ വ​​ലി​​യ രാ​​ഷ്ട്രീ​​യ കാ​​മ്പി​​ല്ല. അ​​ത് കൗ​​ണ്ട​​ർ പ്രൊ​​ഡ​​ക്ടി​വു​​മാ​​കാം.

 

മുത്തങ്ങയിലെ പൊലീസ് നടപടി

മു​​ത്ത​​ങ്ങ​​ക്കു​ശേ​​ഷ​​മു​​ള്ള ആ​​ദി​​വാ​​സി രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ മു​​ൻ​​ഗ​​ണ​​ന​​ക​​ൾ എ​​ന്താ​​യി​​രി​​ക്ക​​ണം എ​​ന്നാ​​ണ് നി​​ങ്ങ​​ൾ ക​​രു​​തു​​ന്ന​​ത്?

ഇ​​പ്പോ​​ൾ ന​​മ്മ​​ൾ ഭൂ​​മി​​യു​​ടെ വി​​ഷ​​യം​ത​​ന്നെ വീ​​ണ്ടും രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ ലൈം​​ലൈ​​റ്റി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ര​​ണം. മു​​ത്ത​​ങ്ങ​​യി​​ൽ​​നി​​ന്നും ജ​​യി​​ലി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങി​​യ സ​​മ​​യ​​ത്ത് ഞാ​​ൻ പ​​റ​​ഞ്ഞ​​ത്, ‘ര​​ണ്ടാം ഭൂ​​പ​​രി​​ഷ്ക​​ര​​ണം’ എ​​ന്ന പേ​​രി​​ൽ യു.​​ഡി.​​എ​​ഫ് സ​​ർ​​ക്കാ​​ർ കേ​​ര​​ള​​ത്തി​​ലെ തോ​​ട്ട​​ഭൂ​​മി വ്യാ​​പ​​ക​​മാ​​യി വാ​​ണി​​ജ്യ​​വ​​ത്ക​രി​​ക്കാ​​ൻ പോ​​കു​​ന്ന​​തി​​ന്റെ അ​​പ​​ക​​ട​​ത്തെ​​ക്കു​​റി​​ച്ചാ​​ണ്.​ കേ​​ര​​ള​​ത്തി​​ലെ ദ​​ളി​​ത്-​​ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ ‘ര​​ണ്ടാം ഭൂ​​പ​​രി​​ഷ്ക​​ര​​ണം’ എ​​ന്ന പേ​​രി​​ലു​​ള്ള ന​​യ​​ങ്ങ​​ളു​​ടെ യ​​ഥാ​​ർ​​ഥ സ്വ​​ഭാ​​വം തു​​റ​​ന്നു​​കാ​​ട്ട​​ണം. ഭൂ​​പ​​രി​​ധി എ​​ടു​​ത്തു​​ക​​ള​​ഞ്ഞ് തോ​​ട്ട​​ഭൂ​​മി വ​​ലി​​യ തോ​​തി​​ൽ വാ​​ണി​​ജ്യ​​വ​​ത്ക​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യെ എ​​തി​​ർ​​ക്ക​​ണം.

കൃ​​ഷി​​ഭൂ​​മി​​ക്ക് ഭൂ​​പ​​രി​​ധി​​യു​​ണ്ട്. 12 ഏ​​ക്ക​​ർ, 15 ഏ​​ക്ക​​ർ, 20 ഏ​​ക്ക​​ർ എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ പ​​രി​​ധി​​ക​​ൾ നി​​ല​​വി​​ലു​​ണ്ട്. തോ​​ട്ട​​ഭൂ​​മി​​യു​​ടെ കാ​​ര്യ​​ത്തി​​ലും ഭൂ​​മി​​യു​​ടെ കേ​​ന്ദ്രീ​​ക​​ര​​ണം ത​​ട​​യു​​ന്ന അ​​ടി​​സ്ഥാ​​ന ത​​ത്ത്വം നി​​ല​​നി​​ർ​​ത്ത​​ണം. പ​​ഴ​​യ ജ​​ന്മി​​ത്ത വ്യ​​വ​​സ്ഥ​​ക്ക് പ​​ക​​രം ഒ​​രു കോ​​ർ​​പ​​റേ​​റ്റ് ജ​​ന്മി​​ത്തം കേ​​ര​​ള​​ത്തി​​ൽ പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​ത്.​ ഇ​​പ്പോ​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ടേ​​ണ്ട വി​​ഷ​​യ​​ങ്ങ​​ളി​​ലൊ​​ന്ന് അ​​താ​​ണ്. അ​​തോ​​ടൊ​​പ്പം മു​​ത്ത​​ങ്ങ​​യി​​ൽ ജോ​​ഗി​​യു​​ടെ മ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും വേ​​ണം. ആ​​ദി​​വാ​​സി സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ എ​​ന്ന അ​​ടി​​സ്ഥാ​​ന സാ​​മൂ​​ഹി​​ക പ്ര​​ശ്ന​​ത്തെ അ​​തി​​ന്റെ മ​​ർ​​മ​​സ്ഥാ​​ന​​ത്തേ​​ക്ക് കൊ​​ണ്ടു​​വ​​ര​​ണം. ഭൂ​​മി, വി​​ഭ​​വാ​​ധി​​കാ​​രം, വി​​ദ്യാ​​ഭ്യാ​​സം, ട്രൈ​​ബ​​ൽ ഓ​​ട്ടോ​​ണ​​മി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ കേ​​ര​​ള രാ​​ഷ്ട്രീ​​യ​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​ര​​ണം. അ​​താ​​ണ് ഇ​​പ്പോ​​ൾ പ​​റ​​യാ​​നു​​ള്ള​​ത്.

(അ​വ​സാ​നി​ച്ചു)

Tags:    
News Summary - Muthanga Case Verdict and Aftermath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.