ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ പുതുവഴി
മോദി സര്‍ക്കാറിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ അടുത്തകാലത്ത് യുവത ഡല്‍ഹി ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. അതില്‍ പ്രധാനമായും ഉയര്‍ന്നുകേട്ട പേരാണ് നേഹ ബോറയുടേത്. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഫാഷിസത്തിനെതിരായ പുതിയ കാമ്പയിനുകളെ കുറിച്ചും നേഹ സംസാരിക്കുന്നു. ഫാഷിസത്തിനെതിരായ പ്രക്ഷോഭങ്ങളിലെ മുന്‍നിരയിലുള്ള ഇന്ത്യന്‍ ആക്ടിവിസ്റ്റാണ് നേഹ ബോറ. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ആര്‍ട്സ്...
മോദി സര്‍ക്കാറിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ അടുത്തകാലത്ത് യുവത ഡല്‍ഹി ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. അതില്‍ പ്രധാനമായും ഉയര്‍ന്നുകേട്ട പേരാണ് നേഹ ബോറയുടേത്. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഫാഷിസത്തിനെതിരായ പുതിയ കാമ്പയിനുകളെ കുറിച്ചും നേഹ സംസാരിക്കുന്നു.
ഫാഷിസത്തിനെതിരായ പ്രക്ഷോഭങ്ങളിലെ മുന്‍നിരയിലുള്ള ഇന്ത്യന്‍ ആക്ടിവിസ്റ്റാണ് നേഹ ബോറ. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ആര്‍ട്സ് ആൻഡ് എയ്സ്തറ്റിക്സില് ഗവേഷകയാണവർ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്, ലെനിനിസ്റ്റ്) ലിബറേഷന്റെ വിദ്യാർഥി പ്രസ്ഥാനമായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എ.ഐ.എസ്.എ) ദേശീയ പ്രസിഡന്റാണ് നേഹ ഇപ്പോള്‍. ഇന്ത്യയിലെ ജെൻസി പ്രസ്ഥാനങ്ങളില്‍ സജീവ പ്രവര്‍ത്തകയുമാണ്.
നേഹ ഉത്തരാഖണ്ഡിലെ ഖതിമയിലാണ് ജനിച്ചത്. അച്ഛന് ഇന്ത്യന്‍ ആര്‍മിയില്‍ ജോലിയായിരുന്നതിനാല്‍ കുട്ടിക്കാലത്തുതന്നെ വിവിധ നഗരങ്ങളില്‍ മാറി മാറി താമസിക്കേണ്ടിവന്നിട്ടുണ്ട്. പഠനത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍തന്നെ നാടക അഭിനയത്തിലേക്കും നേഹ കടന്നു. അങ്ങനെ ആക്ടിവിസ്റ്റും ആക്ട്രസുമായി. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബി.എയും അംബേദ്കര്‍ സര്‍വകലാശാലയില്‍നിന്ന് എം.എയും പൂര്‍ത്തിയാക്കിയശേഷമാണ് ജെ.എന്‍.യുവില്‍ എത്തുന്നത്. ഈ കാമ്പസാണ് നേഹയുടെ ചിന്തയെ മാറ്റിമറിച്ചത്.
ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിലൂടെയാണ് നേഹ ദേശീയ ശ്രദ്ധ നേടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം, ചോദ്യപേപ്പര്‍ ചോര്‍ച്ച, നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ച് സോനം വാങ്ചുക്കിനൊപ്പം, നേഹ ഡല്‍ഹിയില്‍ 23 ദിവസത്തെ നിരാഹാര സമരം നടത്തി. കോക്രോച്ച് ജനത പാര്‍ട്ടി നടത്തിയ വിദ്യാർഥി പ്രതിഷേധത്തിലും നേഹ പങ്കെടുത്തു. വിദ്യാഭ്യാസ സ്വകാര്യവത്കരണം, ആള്‍ക്കൂട്ട കൊലപാതകം, പേപ്പര്‍ ചോര്‍ച്ച, ബില്‍ക്കിസ് ബാനുവിന് നീതി, ഫലസ്തീൻ വംശഹത്യ, ഗസ്സയിലെ മാനുഷിക പ്രതിസന്ധി എന്നിവയെക്കുറിച്ച് വിവിധയിടങ്ങളില്‍ നിരന്തരം സംസാരിക്കുന്നു. ഝാര്‍ഖണ്ഡ് വിദ്യാർഥി പ്രതിഷേധത്തിലും പങ്കുചേര്‍ന്നു.
ഇവിടെ തൊഴില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കവെയാണ് ദേശവിരുദ്ധ എന്നു വിളിച്ചുകൊണ്ട് നേഹയുടെ മുഖത്ത് സംഘ്പരിവാര്‍ അനുകൂലികള്‍ മഷി എറിഞ്ഞത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം തിഹാര്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരനായ ഷര്‍ജീല്‍ ഇമാമിന്റെയും ഉമർ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെയും മോചനത്തിനുള്ള പ്രവര്‍ത്തനങ്ങളിലും നേഹ പങ്കാളിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെ സമരങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യാത്രചെയ്യുന്ന നേഹക്ക് ഫാഷിസ്റ്റുകളുടെ ഭീഷണിയുമുണ്ട്.
2026 ആഗസ്റ്റില്‍ ദേശീയ മാനവികതാ വേദിയും വേക് അപ്പ് കേരളയും ചേര്‍ന്ന് സംഘടിപ്പിച്ച സെക്കുലര്‍ ഫെസ്റ്റില്‍ മുഖ്യാതിഥിയായി നേഹ പങ്കെടുത്തിരുന്നു. ജാതി അധിക്ഷേപത്തിലും ഗവേഷണത്തിന് അനുമതി നല്‍കാത്തതിലും പ്രതിഷേധിച്ച് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ വിദ്യാർഥി അനഘ സര്‍വകലാശാലക്ക് മുന്നില്‍ നടത്തിയ സമരത്തിന് അവിടെയെത്തി പൂര്‍ണ പിന്തുണ നല്കിയ ശേഷമാണ് നേഹ കോഴിക്കോട്ട് എത്തിയത്. ഏതു നിമിഷവും ഭരണകൂടത്താല്‍ വേട്ടയാടപ്പെടാമെന്ന സാഹചര്യത്തിലാണ് നേഹ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നത്. നേഹ സംസാരിക്കുന്നു:
നേഹ ബോറ
ജന്തര്‍മന്തര്‍ സമരത്തെ തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ സുപ്രധാന മാറ്റം എന്താണ്? സോനം വാങ്ചുക്കിനൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്തയാളെന്ന നിലയില്‍, ആ സമയത്തെ ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യം വിവരിക്കുമോ?
ജന്തര്‍മന്തര്‍ പ്രസ്ഥാനം ഭയത്തെയും നിരാശയെയും പരാജയപ്പെടുത്തി. തങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ക്ക് അതീതരാണെന്ന് കരുതിയിരുന്ന മോദി സര്‍ക്കാറിനെ വെല്ലുവിളിക്കാന്‍, 12 വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ നിരാശയെ മറികടന്നുകൊണ്ട് വിദ്യാർഥികളും യുവാക്കളും ഒന്നിച്ചുചേര്‍ന്നു. നിരാഹാരസമരം ആ പോരാട്ടത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു; മാറ്റത്തിനായുള്ള മുറവിളികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍, വിദ്യാർഥികളുടെ യഥാർഥ രോഷവും അനിശ്ചിതകാല സമരവും ഒത്തുചേര്‍ന്നാണ് ആ മുന്നേറ്റം രൂപപ്പെട്ടത്. അതിന് വലിയ ജനകീയ പിന്തുണ ലഭിക്കുകയും ചെയ്തു. ആ സമരം വിജയിക്കാന്‍ കാരണമായതും അതുകൊണ്ടാണ്. ആ സമയത്ത് അധികാരത്തിന്റെ ഭീകരമായ മുഖത്തെയാണ് ഡല്‍ഹി സാക്ഷ്യംവഹിച്ചത്.
താങ്കളെയും ഐഷി ഘോഷിനെയും ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തി ഭരണകൂടം നടത്തുന്ന പ്രചാരണങ്ങളെ എങ്ങനെയാണ് നേരിടാനാകുന്നത്?
ഇത്തരം പ്രചാരണങ്ങളെ നേരിടുന്നത് ജനങ്ങള്‍തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. മോദി സര്‍ക്കാറിനു കീഴിലുണ്ടായ തുടര്‍ച്ചയായ ദുരന്തങ്ങളും അഴിമതിയും ഭരണപരാജയവും സര്‍ക്കാറിന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തിക്കഴിഞ്ഞു; ഇപ്പോള്‍ ജനങ്ങള്‍ സത്യം തേടുകയാണ്. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആഖ്യാനങ്ങളെ തള്ളിക്കളയുകയാണ് അവര്‍, സ്വാതന്ത്ര്യസമരത്തില്‍നിന്നും അതിലെ നായക/നായികമാരില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ഈ രാജ്യം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ്. തീര്‍ച്ചയായും ഇത്തരം പ്രചാരണങ്ങള്‍കൊണ്ട് സമരവീര്യത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. അത് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പി നടത്തിയ സമരം
ഇന്ത്യയില്‍ നിലവില്‍ ഒരു അർധ അടിയന്തരാവസ്ഥ നിലനില്ക്കുന്നു എന്നതിന് മോദി സര്‍ക്കാറിന്റെ വിവിധ ഇടപെടലുകള്‍ തെളിവല്ലേ?
തീര്‍ച്ചയായും, ഞങ്ങളും മറ്റ് പുരോഗമന ശക്തികളും വര്‍ഷങ്ങളായി ഉന്നയിക്കുന്ന കാര്യമാണിത്. ജനങ്ങളോട് ഒരുവിധ ഉത്തരവാദിത്തബോധവും ഈ സര്‍ക്കാറിനില്ല; പകരം, പൊതുബോധത്തെയും ജനങ്ങളെയും നിയന്ത്രിക്കുന്നതിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, പ്രഖ്യാപിക്കപ്പെടാത്ത ഈ അടിയന്തരാവസ്ഥാ സാഹചര്യത്തിനൊപ്പം, ഇതിനെതിരെ നിലകൊള്ളേണ്ട ജനാധിപത്യത്തിന്റെ തൂണുകള്തന്നെ ഇത്തരം നടപടികളോട് പൂര്‍ണമായി വിധേയത്വം പുലര്‍ത്തുകയും പരസ്യമായി പിന്തുണക്കുകയും ചെയ്യുന്നു എന്നത് ഖേദകരമാണ്.
സംവരണവിരുദ്ധ മുദ്രാവാക്യങ്ങളുമായി ജെ.എന്‍.യു പോലുള്ള കാമ്പസുകളില്‍നിന്ന് ഉയര്‍ന്നു വരുന്നവരെ എ.ഐ.എസ്.എസ് എങ്ങനെ നേരിടും?
സംവരണവിരുദ്ധ മുദ്രാവാക്യങ്ങള്‍ പുതിയ കാര്യമല്ല. ജാതിവ്യവസ്ഥയുടെ സ്വാധീനം എല്ലാ കാലഘട്ടത്തിലും സ്ഥിരമായി നിലനില്‍ക്കുന്നത് നാം കാണുന്നുണ്ട്. ജാതി ഉന്മൂലനം ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ പോരാട്ടം തുടരും. ഇതിനായി, ജെ.എന്‍.യുവില്‍ ഒ.ബി.സി സംവരണം നടപ്പിലാക്കാന്‍ എ.ഐ.എസ്.എ നടത്തിയ ഇടപെടലുകള്‍ പോലെ കാമ്പസുകള്‍ക്കുള്ളിലും, രോഹിത് വെമുല പ്രക്ഷോഭം, യു.ജി.സി മാര്ഗനിർദേശങ്ങള്ക്കെതിരായ സമരം എന്നിവയിലേതുപോലെ കാമ്പസിന് പുറത്തേക്കും ഞങ്ങള്‍ ഈ പോരാട്ടം വ്യാപിപ്പിക്കും. അതിലൂടെ മാത്രമേ ഇത്തരം പിന്തിരിപ്പന് നിലപാടുകളെ മറികടക്കാന്‍ സാധിക്കൂ.
ഫാഷിസത്തെ ചെറുക്കാന്‍ ഇടതുപക്ഷ ഐക്യം മാത്രമാണോ ഏക മാര്‍ഗം? ഇത് സാധ്യമാക്കുന്നതില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് എന്ത് പങ്കാണ് വഹിക്കാനാവുക? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ താങ്കള്‍ യാത്രചെയ്യുമ്പോഴല്ലേ ആക്രമണം നടന്നത്? കൂടുതല്‍ ശക്തമായ ചെറുത്തുനില്പ് ആവശ്യമായ ഒരു സമയമല്ലേ ഇത്?
കൂടുതല്‍ ശക്തമായ ചെറുത്തുനിൽപിന് രാജ്യത്തെ എല്ലാ ജനാധിപത്യപുരോഗമന ശക്തികള്‍ക്കിടയിലും വലിയ തോതിലുള്ള ഐക്യദാര്‍ഢ്യവും യോജിപ്പും ആവശ്യമാണ്. ഈ ഐക്യം കെട്ടിപ്പടുക്കുന്നതിനും പോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നതിനും എ.ഐ.എസ്.എ പ്രതിജ്ഞാബദ്ധമാണ്. ഈ വിശാലമായ ഐക്യദാര്‍ഢ്യം കെട്ടിപ്പടുക്കാനുള്ള കേന്ദ്രബിന്ദു വിദ്യാർഥി പ്രസ്ഥാനമാണ്.
ഇന്ത്യയിലെ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ ആരെയൊക്കെയാണ് തങ്ങളുടെ മാതൃകകളായി ഉയര്‍ത്തിക്കാട്ടുന്നത്?
ഈ രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളാണ് ഞങ്ങളുടെ മാതൃകകള്‍. അശ്ഫാഖുല്ല ഖാന്, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവര്‍ പോരാട്ടത്തിനിടയില്‍ ജീവന് ബലിയര്‍പ്പിച്ചവരാണ്; അതേസമയം, മതേതരവും സോഷ്യലിസ്റ്റും ജനാധിപത്യപരവുമായ ഒരു റിപ്പബ്ലിക് കെട്ടിപ്പടുക്കാനായി തങ്ങളുടെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച അംബേദ്കറെപ്പോലുള്ളവരും ഞങ്ങളുടെ മാതൃകകളാണ്. ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നതും ഇവരുടെയൊക്കെ സ്വപ്നങ്ങളെയാണ്.
സോനം വാങ്ചുക് നിരാഹാര സമരത്തിൽ
ഒരു വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍, ഫാഷിസത്തെ നേരിടാന്‍ എ.ഐ.എസ്.എ (AISA) എന്ത് ഭാവി പരിപാടികളാണ് മുന്നോട്ടുവെക്കുന്നത്? ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ബ്രാഹ്മണിസത്തിന്റെ ആധിപത്യത്തിലല്ലേ? സംവരണ നയങ്ങളെപ്പോലും അട്ടിമറിക്കാന്‍ ഇത്തരം ശക്തികള്‍ക്ക് കഴിയും. സമീപകാലത്തെ ചില കോടതിവിധികള്‍ ഇതിന്റെ സൂചനയല്ലേ?
ഈ സുപ്രധാന ചോദ്യങ്ങള്‍ക്കെല്ലാം തെരുവുകളിലെ പോരാട്ടങ്ങളിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഫാഷിസത്തെ നേരിടുക എന്നതിനർഥം, ഈ രാജ്യത്തെ ജനങ്ങളുടെ പൊതുവായ പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയും, ഫാഷിസത്തിന്റെ ഫാക്ടറി ഉൽപാദിപ്പിക്കുന്ന വിദ്വേഷത്തിന്റെ പ്രചാരണങ്ങളെ അതിജീവിച്ചുകൊണ്ടും ഒരു ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഞങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്ന Gen Z Rising (ജെന്‍സി റൈസിങ്) എന്ന കാമ്പയിൻ ഈ പോരാട്ടത്തിന്റെ അടുത്തഘട്ടമാണ്. പല കോടതി വിധികളും ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമായി മാറുന്നുണ്ട്. ഞങ്ങളുടെ പ്രക്ഷോഭത്തില്‍ ഇത്തരം കാര്യങ്ങളും ഉയര്‍ത്തും.
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നിരന്തരം ഇസ്ലാം ഭീതി (Islamophobia) വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉമര്‍ ഖാലിദിനെപ്പോലുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലില്‍ അടച്ചു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിചാരണ കൂടാതെ തടവിലാക്കിയിട്ടുണ്ട്. നിരവധി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഭരണകൂടം അത് പരിഗണിക്കുന്നില്ല?
അതെ, എല്ലാ അവസരങ്ങളിലും അവര്‍ ആശ്രയിക്കുന്ന ഒരേയൊരു ആയുധം വിദ്വേഷം മാത്രമാണ്. മുസ്ലിംകള്ക്കും ദലിതര്‍ക്കും ഫാഷിസത്തെ വിമര്‍ശിക്കുന്ന എല്ലാം ജനാധിപത്യവാദികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ വിദ്വേഷത്തിന്റെ രാഷ്ട്രീയം മാത്രമാണ് ഈ രാജ്യത്തിന് നല്കാന് അവരുടെ പക്കലുള്ളത്. അധികാരം നിലനിര്‍ത്താന്‍ വിദ്വേഷം മതിയെന്ന് അവര്‍ കരുതുന്നു; എന്നാല്‍, ആ വിദ്വേഷത്തെ നേരിടാന്‍ സാമൂഹിക നീതിക്കും നമ്മുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനം ഞങ്ങള്‍ കെട്ടിപ്പടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.