ഈ രാജ്യത്തിന് ഒരു സെക്കുലർ മോഡൽ നൽകാൻ കേരളത്തിനു പറ്റും
മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. മാധ്യമം വാർഷികപ്പതിപ്പിൽനിന്നുള്ള തുടർച്ചയാണിത്. ‘മാധ്യമം’ എഡിറ്ററുമായുള്ള ഈ സംഭാഷണത്തിൽ വിശ്വാസം, മതം, മതേതരത്വം, നിലപാടുകൾ, വായന എന്നിവയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു. വായിക്കുന്നവന്‍റെ രാഷ്ട്രീയ പ്രവർത്തനംഗൗരവതരമായ വായനയും പൊതുപ്രവർത്തനവും രാഷ്ട്രീയജീവിതവുമായി ഒത്തുപോകുന്നത് എങ്ങനെയാണ്? സാധാരണക്കാരെ കാണുമ്പോഴാണ് നമുക്ക് ആ ഫീൽ ഉണ്ടാകുന്നത്. ഞങ്ങൾ ഒരുപാട് പേരെ കാണുന്നു. ഒരേ വിഷയവുമായി വരുന്ന ഒരു പത്തുപേരെ കണ്ടാൽ ബോധ്യമായി, ഇത് ഒരു വ്യക്തിയുടെ വിഷയമല്ല. നമ്മൾ ഇടപെടേണ്ട ഒരു...
മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. മാധ്യമം വാർഷികപ്പതിപ്പിൽനിന്നുള്ള തുടർച്ചയാണിത്. ‘മാധ്യമം’ എഡിറ്ററുമായുള്ള ഈ സംഭാഷണത്തിൽ വിശ്വാസം, മതം, മതേതരത്വം, നിലപാടുകൾ, വായന എന്നിവയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു.
വായിക്കുന്നവന്‍റെ രാഷ്ട്രീയ പ്രവർത്തനം
ഗൗരവതരമായ വായനയും പൊതുപ്രവർത്തനവും രാഷ്ട്രീയജീവിതവുമായി ഒത്തുപോകുന്നത് എങ്ങനെയാണ്?
സാധാരണക്കാരെ കാണുമ്പോഴാണ് നമുക്ക് ആ ഫീൽ ഉണ്ടാകുന്നത്. ഞങ്ങൾ ഒരുപാട് പേരെ കാണുന്നു. ഒരേ വിഷയവുമായി വരുന്ന ഒരു പത്തുപേരെ കണ്ടാൽ ബോധ്യമായി, ഇത് ഒരു വ്യക്തിയുടെ വിഷയമല്ല. നമ്മൾ ഇടപെടേണ്ട ഒരു പൊതുപ്രശ്നമാണ്. കുതിരമുഖത്തുനിന്നു തന്നെ നേരിട്ട് നാം സങ്കടവും പരാധീനതകളും കാണുകയാണ്.
ആദ്യ എം.എൽ.എയായിരുന്ന കാലത്ത് ഒരു ദിവസം പ്രദേശത്തെ പാടവരമ്പിലൂടെ നടക്കുമ്പോൾ വിരമിച്ച ഒരു വനിത കർഷകത്തൊഴിലാളിയെ കണ്ടു. കുശലാന്വേഷണത്തിനിടെ, സാമൂഹിക സുരക്ഷ പെൻഷനൊക്കെ കിട്ടുന്നില്ലേ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. കാരണം തിരക്കിയപ്പോൾ അവർ പറഞ്ഞു: ‘‘എനിക്ക് രണ്ട് ആൺപിള്ളേരാണ്.’’ ആൺമക്കളുണ്ടെങ്കിൽ പെൻഷൻ കിട്ടില്ലെന്ന കാര്യം അന്നെനിക്കറിയില്ല. ‘‘മൂത്ത മോന് എന്നെ സഹായിക്കണമെന്നുണ്ട്. എന്നാൽ അവന് അതിനുള്ള കെൽപില്ല. രണ്ടാമത്തെയാൾക്ക് കാശൊക്കെയുണ്ട്, എന്നാൽ അവൻ സഹായിക്കില്ല.’’ ഇതു രണ്ടും അന്നു ഞാൻ പഠിച്ച പാഠങ്ങളാണ്.
ഞാൻ വിഷയം നിയമസഭയിൽ ഉന്നയിച്ചു. മന്ത്രി എന്തോ പറഞ്ഞെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാർ അത് ശ്രദ്ധിച്ചു. അദ്ദേഹം വിഷയം അന്വേഷിച്ചപ്പോൾ ഞാൻ ശക്തമായിതന്നെ കാര്യം പറഞ്ഞു. ‘‘ഈ സെക്രട്ടേറിയറ്റിൽ നാളെ വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ആൺമക്കളുണ്ടെന്ന ന്യായത്തിൽ പെൻഷൻ നിഷേധിക്കുമോ?’’ –ഞാൻ ചോദിച്ചു. അങ്ങനെ ഉമ്മൻ ചാണ്ടിയാണ് അവർക്ക് പെൻഷൻ പുനഃസ്ഥാപിച്ചത്. 40-45 വർഷം പാടത്തു പണിയെടുത്ത് ജീവിതസായാഹ്നത്തിൽ കരക്കു കയറേണ്ടിവന്ന അവർക്ക് സുരക്ഷ പദ്ധതികളുടെ ആനുകൂല്യം വേണ്ടേ?
അതാണ് പറഞ്ഞത്, ഒരുപാടു പേരുടെ അനുഭവങ്ങളിൽനിന്ന് കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. വായന നമ്മെ മനുഷ്യനാക്കുകകൂടി ചെയ്യും. ഒരു മനുഷ്യന്റെ സങ്കടം കേൾക്കാൻ, പ്രയാസം കേൾക്കാൻ നമുക്ക് പ്രേരണയാകും. ആദ്യകാലത്ത് വായിച്ചിരുന്ന പുസ്തകങ്ങളിൽ പട്ടിണി, ദാരിദ്ര്യം, വിഷമം ഒക്കെയുള്ള എത്ര കഥാപാത്രങ്ങളാണ് മുന്നിലൂടെ കടന്നുപോയത്. ഇതൊക്കെ നമ്മുടെ വീടുകളിലെതന്നെ അനുഭവമായിരുന്നില്ലേ? കൊയ്ത്തു കഴിഞ്ഞ പാടത്തു ചെന്ന് പകൽ മുഴുവൻ നെല്ല് പെറുക്കിക്കൂട്ടി, വീട്ടിലെത്തി കുത്തി അരിയാക്കി കഞ്ഞിവെച്ച്, അതിലെ വറ്റു മുഴുവൻ വറ്റിച്ചെടുത്ത് കുഞ്ഞുങ്ങളെ ഊട്ടി ബാക്കിയുള്ള കഞ്ഞിവെള്ളം മാത്രം കുടിച്ചു കിടക്കുന്ന അമ്മമാരുണ്ട്. അതൊരു റിയാലിറ്റിയായിരുന്നു. മനുഷ്യരുടെ പച്ചയായ അവസ്ഥകളെ ഉൾക്കൊള്ളാൻ അവസരമൊരുക്കിയത് വായനയാണ്. അത് വലിയൊരു കരുത്തായി തന്നെ ഞാൻ കരുതുന്നു. അതിനാൽ, ഏതു തീരുമാനമെടുക്കുമ്പോഴും നമ്മിലെ മനുഷ്യൻ ഉണരും. ഒരു തീരുമാനമെടുക്കുമ്പോൾ അത് ആരെയൊക്കെ ബാധിക്കും, ആർക്കൊക്കെ നേട്ടമുണ്ടാകും എന്നു മൂന്നുവട്ടം ആലോചിക്കും.
എം.എൽ.എയായപ്പോൾ വായനക്കാരൻ എന്ന നിലയിൽ നിയമസഭ ലൈബ്രറിയൊക്കെ വലിയ മട്ടിൽ ഉപകാരപ്പെട്ടു കാണും?
നിയമസഭ ലൈബ്രറി അസ്സലായി ഉപയോഗിച്ചു. അത് ഏറ്റവും കൂടുതൽ ഉപയോഗിച്ചവരിൽ ഒരാളായിരിക്കും ഞാൻ. ആദ്യകാല സാമാജികരുടെ പ്രസംഗങ്ങളായിരുന്നു ആദ്യ വായനയിൽ. ഇ.എം.എസ്, സി. അച്യുതമേനോൻ, സി. നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദ മേനോൻ, പട്ടം താണുപിള്ള തുടങ്ങിയ പ്രഗല്ഭരുടെയെല്ലാം പ്രസംഗങ്ങൾ വായിച്ചു പഠിച്ചു.
തോമസ് ഐസക്കിന്റെ മർമം
വിവരവും ധാരണയും ആധികാരികമായി തന്നെയുള്ളയാളായിരിക്കണം എന്ന വാശി ഏതുകാലത്തും ഉണ്ടായിരുന്നു, അല്ലേ?
അതുണ്ടാവണം എന്നൊരു വാശിയുണ്ട്. ആധികാരികതയില്ലാത്തതൊക്കെ പാഴാണ്. ഒരാൾ പ്രസംഗം തുടങ്ങി മൂന്നു മിനിറ്റ് മുന്നോട്ടുപോയാലറിയാം, അയാൾക്ക് വായനയുണ്ടോ, ആ വിഷയത്തിൽ വല്ലതും കൈയിലുണ്ടോ എന്നൊക്കെ. നമ്മളെ ഇങ്ങനെ ആളുകൾ വിലയിരുത്തില്ലേ എന്നതാണ് എന്റെ പ്രശ്നം. ഒരിക്കലും ആൾക്കൂട്ടത്തെയല്ല അഭിസംബോധന ചെയ്യുന്നത്. ആ കൂട്ടത്തിലെ അഭിപ്രായ രൂപീകർത്താക്കളായ ആളുകൾ നമ്മെ കേൾക്കുന്നുണ്ടോ എന്ന കരുതലും പേടിയുമാണ് ഉള്ളിലുണ്ടാവുക. മുമ്പ് ചാനലുകളിൽ ചർച്ചക്ക് പോയിരുന്ന കാലത്തും ആൾക്കൂട്ടത്തെയല്ല, ഒപീനിയൻ മേക്കേഴ്സിനെയാണ് ഉന്നംവെച്ചിരുന്നത്. ഇപ്പോഴും എന്റെ ബോധ്യം അതുതന്നെയാണ്.
തോമസ് ഐസക്
ഇക്കണോമിക്സിൽ താൽപര്യമില്ലാതിരുന്നിട്ടും തോമസ് ഐസക്കിനെ ശ്രദ്ധിക്കാൻ തോന്നിയത് അതുകൊണ്ടായിരിക്കാം?
അദ്ദേഹത്തെ ശ്രദ്ധിക്കുകയും നിയമസഭയിൽ ഭരണഘടന വ്യവഹാരംപോലെ പ്രധാനമാണ് സാമ്പത്തിക വിഷയ വ്യവഹാരവും എന്നു തിരിച്ചറിഞ്ഞ് അങ്ങനെ ഫിനാൻസ് പഠിക്കുവാൻ തുടങ്ങുകയും ചെയ്തതാണ്. അതിനുമുമ്പ് ആ വിഷയം ഒട്ടുമേ അറിയില്ലായിരുന്നു. ഇപ്പോൾ ലോകത്ത് നടക്കുന്ന എല്ലാ സാമ്പത്തിക ചലനങ്ങളും വസ്തുനിഷ്ഠമായി പഠിച്ച് വിലയിരുത്താറുണ്ട്.
ലോട്ടറി സംവാദത്തിലൊക്കെ അത് ഗുണം ചെയ്തു?
അത് പക്ഷേ, വിഷയം കൂടുതലും ലീഗൽ ആയിരുന്നല്ലോ. അതിനാൽ ഞാൻ അതിന് സർവഥാ തയാറായിരുന്നു. ഐസക്കിന്റെ മർമമറിയാം എനിക്ക്. അദ്ദേഹത്തിന് ലീഗൽ ബാക്ക്ഗ്രൗണ്ടില്ല. ഇക്കണോമിക്സ് ആണ് അദ്ദേഹത്തിന്റെ വിഷയം. മൗലികമായി ഒരു സംവാദകനല്ല ഐസക്. ഞാൻ അങ്ങനെയാണ്. അദ്ദേഹം സാമ്പത്തികകാര്യ പണ്ഡിതനാണ്, ആ വിഷയത്തിലെ അതോറിറ്റിയാണ്. ഞാൻ അതല്ല. ആ ദൗർബല്യത്തെക്കുറിച്ച് ബോധ്യവുമുണ്ട്. SWOT അനാലിസിസ് പോലെ കരുത്തും ദൗർബല്യവും ഞാൻ സ്വയം വിശകലനം ചെയ്യാറുണ്ട്. മർമമൊക്കെ അറിയാം എന്നു നർമമായി ഐസക്കിനോട് പറയാറുണ്ട്. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്.
ഹിന്ദുമത വിശ്വാസിയായ സതീശൻ
വിശ്വാസിയാണ് സതീശൻ. വിശ്വാസത്തെ പലരും പലതായി കാണുന്നതാണ് നടപ്പുശീലം. ഹിന്ദുമതവിശ്വാസിയായ താങ്കൾ സ്വയം വിലയിരുത്തുന്നതെങ്ങനെ?
ജീവിച്ചുവന്ന സാഹചര്യമാണ് മതവിശ്വാസവും ദൈവവിശ്വാസവും നിർണയിക്കുന്നത്. അത് രണ്ടു തലമുറക്കപ്പുറം നിന്നു വരുന്നതാണ്, നമ്മുടെ പിതാമഹന്മാരിലൂടെ. അങ്ങനെ ഞാൻ ഹിന്ദുമതത്തിൽ പെട്ടയാളാണ്. അമ്പലങ്ങളിൽ പോകും, പ്രാർഥിക്കും. അതുകഴിഞ്ഞു വളർച്ചയുടെ ഒരു ഘട്ടമുണ്ട്. ആ വളർച്ചയിലാണ് ഈ സെക്കുലർ എന്ന വാക്ക് ഏറെ സ്വാധീനിക്കുന്നത്. ഗാന്ധിയെയും നെഹ്റുവിനെയും പഠിക്കുമ്പോഴാണ് അത് കൂടുതൽ ഗ്രഹിക്കാൻ കഴിഞ്ഞത്. ഞാൻ മനസ്സിലാക്കിയ മതേതരത്വം rejection of religion എന്ന പാശ്ചാത്യ മതനിരാസ കാഴ്ചപ്പാടിലുള്ളതല്ല.
ഇവിടെ ഗാന്ധിയും നെഹ്റുവും കൂടിയുണ്ടാക്കിയ മതേതരത്വം എല്ലാവരെയും ഉൾക്കൊള്ളുന്ന inclusion of religions ആണ്. അതിനാൽ എല്ലാ മതങ്ങളെയും പഠിക്കാൻ ശ്രമം നടത്തി. ആ പഠനത്തിനിടെ എന്നെ ഏറ്റവുമധികം സ്വാധീനിച്ചതാണ് മക്കയിൽനിന്നു മദീനയിലെത്തിയ പ്രവാചകൻ മുഹമ്മദ് ഒരു ഭരണഘടനയുണ്ടാക്കിയത്. യസ്‍രിബിൽ അദ്ദേഹം ഉണ്ടാക്കിയ ഭരണഘടന മുസ്‍ലിംകൾക്കു മാത്രമായിരുന്നില്ല. ക്രൈസ്തവർക്കും ജൂതർക്കും കൂടി പ്രാർഥിക്കാനും ദൈവവിശ്വാസമനുവർത്തിക്കാനും അവസരമൊരുക്കുന്നതായിരുന്നു.
നമ്മൾ മതവിശ്വാസിയായിരിക്കെ തന്നെ മറ്റുള്ളവരുടെ മതവിശ്വാസത്തെ ആരെങ്കിലും ഹനിക്കാൻ ശ്രമിച്ചാൽ, അതു സംരക്ഷിക്കാൻ ഇറങ്ങിച്ചെല്ലണം. ഞാൻ എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു സംഭവമുണ്ട്. വിഭജന സംഘർഷ കാലത്ത് ഡൽഹിയിൽ ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയുടെ കരോൾബാഗിലെ സ്ഥാപനങ്ങൾ ആളുകൾ കൈയേറുകയും കൊള്ളിവെപ്പിനു ശ്രമിക്കുകയും ചെയ്തപ്പോൾ ജവഹർലാൽ നെഹ്റു അക്രമികളെ തടയാൻ നേരിട്ട് ഇറങ്ങിച്ചെന്ന കഥ. സ്വന്തം സുരക്ഷ നോക്കാതെ നെഹ്റു ലാത്തി വീശി അക്രമികളെ ആട്ടിപ്പായിക്കുകയായിരുന്നു. അതൊക്കെ വായിച്ചു വളർന്നതാണ് നമ്മൾ. അതിനാൽ ഒരു മതവിശ്വാസിയായിരിക്കെ തന്നെ മറ്റുള്ളവരുടെ മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും ബഹുമാനിക്കാൻ പഠിക്കണം. ഗാന്ധിയുടെ പല ആശയങ്ങളെയും ക്രിസ്തു സ്വാധീനിച്ചിരുന്നതായി സ്റ്റാൻലി ജോൺസ് തന്റെ കൃതിയിൽ പറയുന്നുണ്ട്. ക്രിസ്തുവിന്റെ അക്രമരാഹിത്യം, ട്രസ്റ്റിഷിപ് കൺസപ്റ്റ് ഇതൊക്കെ ഗാന്ധിയെ സ്വാധീനിച്ചു.
ബൈബിൾ ഞാൻ നേരത്തേ വായിച്ചുതുടങ്ങിയതാണ്. അത് പല ഭാഗത്തും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതാർക്കും അറിയില്ലായിരുന്നു. ഒന്നു രണ്ടിടങ്ങളിൽ പ്രസംഗത്തിന് അവസരം കിട്ടിയപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. പിന്നെ എല്ലാവരും പല ഭാഗത്തുനിന്നായി വിളിച്ചുതുടങ്ങി. ഒരു ബിഷപ്പോ വൈദികനോ ബൈബിളിനെ കാണുന്ന ആംഗിളിലായിരിക്കില്ല ഞാൻ അതിനെ കാണുന്നത്. ഒരു ഇസ്‍ലാമിക പണ്ഡിതൻ ഖുർആനെ കാണുന്നതു പോലല്ല അതിനെ വിലയിരുത്തുന്നത്. ഞാൻ കേട്ടുവളർന്നത്, അറു യാഥാസ്ഥിതിക മതമാണ് ഇസ്‍ലാം, സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല, മറ്റു പലതുമില്ല എന്നൊക്കെയാണ്. എന്നാൽ, വായിച്ചു പഠിച്ചപ്പോൾ എനിക്കു കണ്ടെത്താൻ കഴിഞ്ഞത് പ്രോഗ്രസിവായ ഒരു മതദർശനമാണ് അതെന്നാണ്. വിയർപ്പാറുന്നതിനുമുമ്പ് പ്രതിഫലം കൊടുക്കുക, ഒരാളുടെ കായികശേഷി അനുസരിച്ചു ജോലി നിർണയിച്ചു കൊടുക്കുക എന്നതടക്കമുള്ള തൊഴിൽ നിയമങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ ഒക്കെ ഇസ്‍ലാമിന്റെ പ്രതിപാദ്യങ്ങളാണ്. അതൊക്കെ വായിച്ചു പഠിക്കുന്നതിലൂടെ ഇതരവിഭാഗങ്ങളുമായി ഒത്തുപോകാനും അവരെയൊക്കെ ചേർത്തുപിടിക്കാനും സാധിക്കും.
ദൈവവിശ്വാസികൾക്കിടയിൽ ഈ സഹാനുഭൂതിയും സഹവർത്തിത്വവും അതിന്റെ സ്വാഭാവികതയിൽ നിലനിൽക്കും?
ദൈവം എന്ന സങ്കൽപത്തിൽ തന്നെ ഈ ഗുണങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്. ഞാനൊരു ഉദാഹരണം പറയാം. തീരെ പാവപ്പെട്ട ഒരാൾ, ഒരു സ്ത്രീയോ വല്ലാതെ ദൈന്യത അനുഭവിക്കുന്നയാളോ എന്റെ മുന്നിൽ വന്നാൽ, അത് ദൈവം എന്നെ പരീക്ഷിക്കാനായി വിട്ടയാളാണ് എന്നൊരു ഫീൽ ചെറുപ്പം തൊട്ടേ ഉള്ളിലുള്ളതാണ്. അമ്മ പറഞ്ഞു തന്ന വല്ല കഥയിൽനിന്നുമാവാം ഈ വിചാരം മനസ്സിൽ കടന്നുകൂടിയത്. എംപതി അഥവാ അനുതാപം ദൈവവിശ്വാസത്തിന്റെ അടിസ്ഥാന ഭാവമാണ്. Governance with Empathy (അനുതാപത്തിലുള്ള ഭരണം) ആണ് ഞങ്ങളുടെ മുദ്രാവാക്യം. മറ്റുള്ളവരോട് കരുണ കാണിക്കുക, അവരുടെ സങ്കടം കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറയുക, മനസ്സൊന്ന് വിതുമ്പുക -അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വിശ്വാസവും വായനയും അതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. ആദ്യ എം.എൽ.എയായപ്പോൾ എനിക്ക് പേടിയായിരുന്നു. ഒരുപാട് മരണവീടുകളിൽ പോകുമ്പോൾ മനസ്സ് മരവിച്ചുപോകുമെന്ന്. എന്നാൽ, ചില വീടുകളിൽ ചെല്ലുമ്പോൾ കാണുന്ന അനുഭവങ്ങൾ കണ്ണുതുറപ്പിക്കും. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ കുഞ്ഞുങ്ങൾ മരിക്കുക, വരുമാനമുള്ള കുടുംബനാഥൻ പെട്ടെന്നു മരിച്ചുപോകുക, അപ്പോൾ വീടുകളിൽനിന്നു നിലവിളിയുയരും. അത് കാണുന്ന നമ്മുടെ കണ്ണുകൾ നിറയും. ഞാൻ അപ്പോൾ ദൈവത്തോട് നന്ദി പറയും, മനസ്സ് മരവിച്ചുപോയില്ലല്ലോ എന്നോർത്ത്.
എന്നെക്കുറിച്ച് അങ്ങനെ പറയാറുണ്ട്. മോളാണ് എന്നെ സിനിമ കാണിക്കാറ്. വികാരസാന്ദ്രമായ രംഗങ്ങൾ വരുമ്പോൾ അവൾ എന്നെ നോക്കും, എനിക്ക് കണ്ണുനിറയുന്നോ, ഞാൻ കരയുന്നോ എന്നൊക്കെ. പണ്ട് ‘ആകാശദൂത്’ കണ്ടു തിയറ്ററിൽ നിന്നിറങ്ങി ഭക്ഷണം കഴിക്കാനിരുന്നപ്പോഴും എനിക്ക് കരച്ചിലടക്കാനായില്ല. അതൊക്കെ നമുക്ക് വേണമെന്നേ... അതൊക്കെയുണ്ടാകുമ്പോഴല്ലേ നാം മനുഷ്യരാകൂ? സങ്കടം വരിക, ഒരു ദുഃസ്ഥിതി കാണുമ്പോൾ വിഷമമുണ്ടാകുക എന്നതൊക്കെ മാനുഷികമല്ലേ?
കാർക്കശ്യവും കാരുണ്യവും തമ്മിൽ
എങ്കിലും ഒരു ഭരണാധികാരിയാകുമ്പോൾ അയാൾ കർക്കശക്കാരനാകേണ്ടി വരില്ലേ?
അതു വേണ്ടിവരും.
അപ്പോൾ ആ കാർക്കശ്യവും ഈ കാരുണ്യവും എങ്ങനെ ഒത്തുപോകും?
ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം, ഇതു നടപ്പാക്കിയാലുള്ള ഫലം എന്താകും എന്നൊക്കെ നിശ്ചയിച്ചുറച്ച് ഒരു അന്തിമതീർപ്പിലെത്തുന്നു. അതു നമ്മുടെ ഉറച്ചബോധ്യമാണ്. കൃത്യമായി കാര്യകാരണ സഹിതം ഒരാൾ കറക്ട് ചെയ്താൽ അത് അംഗീകരിക്കും. അല്ലാതെ, നേരത്തേ പറഞ്ഞതുപോലുള്ള വെറും ബഹളവും കലഹവുമായി വന്നാൽ നോ കോംപ്രമൈസ്; ശക്തമായി തന്നെ മുന്നോട്ടുപോകും. അത് നമ്മുടെ നിശ്ചയദാർഢ്യമാണ്. ലക്ഷ്യബോധമാണ്. ഏതു പ്രവർത്തനവും റിസൽറ്റ് ഓറിയന്റഡ് ആയിരിക്കണം. വർത്തമാനംകൊണ്ട് റിസൽറ്റ് ഉണ്ടാവില്ല. കഴിഞ്ഞ രണ്ടുമാസമായി ഒരു പാട് പുതിയ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഇനിയൊരു മൂന്നുമാസം കഴിയുമ്പോൾ മുതൽ അതിനു റിസൽറ്റ് ഉണ്ടാവണം.
അതിൽ ദൈവവിശ്വാസത്തിന്റെ കരുത്ത് പിൻബലമായുണ്ടാകും?
തീർച്ചയായും. ചെയ്യുന്നത് നല്ലതാണെങ്കിൽ അതിന് സഹായം കിട്ടും. എല്ലാ അമ്മമാരും മക്കളോട് പറയുന്നത്, ദൈവഭയമുള്ളവരായി വളരാനാണ്. ചെറുപ്പത്തിൽ അമ്മയോട് ഞാൻ തിരിച്ചുചോദിച്ചിട്ടുണ്ട്, ദൈവത്തെ എന്തിനു പേടിക്കണമെന്ന്. അതിനു അമ്മയുടെ മറുപടി, നമ്മൾ ചെയ്യുന്ന എല്ലാ കാര്യവും അവൻ കാണുന്നു എന്നാണ്. തെറ്റു ചെയ്യുമ്പോൾ, അരുതാത്തതു ചെയ്യുമ്പോൾ നമ്മൾ വിശ്വസിക്കുന്ന ആ ശക്തി അതു കാണുന്നുണ്ട്.
‘ആദം നീ എവിടെയാകുന്നു’ എന്നത് ദൈവത്തിന്റെ ചോദ്യമാണ്. ഞാൻ അതിനു നൽകുന്ന വ്യാഖ്യാനം മറ്റൊരു തലത്തിലാണ്. ഒരു രക്ഷാകർതൃ സുരക്ഷാബോധമുണ്ട് അതിനകത്ത്. വീട്ടിൽനിന്നു നാം പുറത്തുപോകുമ്പോൾ, നീ എവിടേക്കാണ് എന്നു ചോദ്യം വരും. സമയത്തിനു തിരിച്ചുകാണാതെ വരുമ്പോൾ, എവിടെയാ ചുറ്റിക്കറങ്ങുന്നത് എന്നു പിന്നെയും ചോദ്യം. വീട്ടിൽ കയറിവരുമ്പോൾ എവിടെയായിരുന്നു എന്നും. പുറത്തുപോയ മക്കളെ മാതാപിതാക്കൾ ശ്രദ്ധിക്കുന്നുണ്ട്, അവരെക്കുറിച്ച് കൂടക്കൂടെ ചിന്തിക്കുന്നുണ്ട്. എന്നതുപോലെ ദൈവവിശ്വാസിയായ ഒരാളെ ദൈവം നോക്കുന്നുണ്ട്. അതൊരു ഫീലാണ്, അരുതാത്തത് ചെയ്യാതിരിക്കാൻ ആ വിശ്വാസത്തിന്റെ കരുത്ത് പ്രയോജനപ്പെടും. ഞാൻ ജനപ്രതിനിധികളായി വന്ന ആളുകളോട് പറയാറുണ്ട്, ദൈവഭയംപോലെ തെരഞ്ഞെടുത്തയച്ച ജനങ്ങളെക്കുറിച്ച ഭയവും വേണമെന്ന്. വോട്ടു ചെയ്ത ജനം നിങ്ങളെ നോക്കുന്നുണ്ടെന്ന ബോധം വേണം.
ഈ കരുതലാണ് വാസ്തവത്തിൽ വിശ്വാസം. ഇപ്പോൾ അതിൽ നിന്നു മാറി, ഹിന്ദുവിനു പകരം ഹിന്ദുത്വ വരുന്നു. ഇടതുപക്ഷ രാഷ്ട്രീയമുള്ളവർപോലും വലതുപക്ഷ സാംസ്കാരിക മനസ്സ് പേറുന്നു. അപ്പോൾ ദൈവവിശ്വാസം എന്നത് മറ്റു പല വഴികളിലേക്കും തിരിയുന്നു.
നമ്മൾ നടത്തുന്ന പോരാട്ടം അതാണ്. ഹിന്ദുവും ഹിന്ദുത്വയും രണ്ടാണ്. ഹിന്ദുത്വ ഒരു പൊളിറ്റിക്കൽ അജണ്ടയാണ്. ഏതാനും വ്യക്തികളുടെ അജണ്ട. ഹിന്ദു എന്നത് ഒരു way of life ആണ്. കുറേയാളുകൾ ജീവിക്കുന്ന വിശ്വാസധാരയാണ്. അതിനപ്പുറം ദൈവവും മതവും എന്നൊക്കെ പറയുന്നത് ഓരോ ക്ലാസിഫിക്കേഷനാണ്. ഹൈന്ദവ ദർശനത്തിൽ പൊരുൾ തേടിപ്പോകുക എന്നു പറയും. പൊരുൾ സത്യമാണ്. നമ്മൾ വിശ്വസിക്കുന്ന, നമുക്ക് മീതെ നിൽക്കുന്ന സത്യമാണത്. കണ്ടും മനസ്സിലാക്കിയും അനുഭവിച്ചും തിരിച്ചറിഞ്ഞ ഒരു വിശ്വാസചൈതന്യം.
അതിനെ രാഷ്ട്രീയവത്കരിക്കാനോ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനോ ശ്രമിക്കരുത്. അതുകൊണ്ടാണ് ഞാൻ ഒരു തെരഞ്ഞെടുപ്പിലും ഒരു രാഷ്ട്രീയ നേതാവും സ്വീകരിക്കാത്ത ഉറച്ച സെക്കുലർ നിലപാട് എടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചിയിലെത്തി നിൽക്കുമ്പോഴും പറഞ്ഞു, ഞങ്ങളുടെ കൈയിൽ വോട്ടുബാങ്ക് ഉണ്ട് എന്നു പറഞ്ഞ് ആരും പേടിപ്പിക്കാൻ വരേണ്ട. വോട്ടുബാങ്കുണ്ടെങ്കിൽ കൈയിൽ വെച്ചാൽ മതി. പക്ഷേ, വർഗീയത പറഞ്ഞുകൊണ്ട് വിലപേശാൻ വരേണ്ട; ആ വോട്ടു വേണ്ട. കേരളത്തെ കുറിച്ച വിശ്വാസത്തിൽനിന്നുകൂടിയാണ് അത് പറയുന്നത്.
കേരളം സെക്കുലർ ആണ് എന്നാണ് എന്റെ വിശ്വാസം. നമ്മൾ കുറേ മതനേതാക്കളും രാഷ്ട്രീയനേതാക്കളും കൂടി കേരളത്തെ വർഗീയവത്കരിക്കാൻ നോക്കുകയാണ്. ഞങ്ങളുടെ കേരളം സെക്കുലറാണ് എന്നു നമുക്ക് നമ്മുടെ രാജ്യത്തോട് വിളിച്ചുപറയാൻ പറ്റും. ഈ രാജ്യത്തിന് ഒരു സെക്കുലർ മോഡൽ നൽകാൻ കേരളത്തിനു പറ്റും. ഓണത്തിന്റെ പായസം ഞങ്ങളുടെ അപ്പുറവും ഇപ്പുറവുമുള്ള മുസ്‍ലിം, ക്രൈസ്തവ വീടുകളിൽ കൊടുക്കും. പെസഹ വ്യാഴത്തിന് അപ്പമുണ്ടാക്കി അയലത്തെ ക്രിസ്ത്യൻ വീട്ടിൽനിന്നു കൊണ്ടുവന്നിരുന്നത് ഇപ്പോഴും ഓർമയുണ്ട്.
തൊട്ടപ്പുറത്തെ മുസ്‍ലിം വീട്ടിൽനിന്ന് ഈദുൽ ഫിത്റിനും ബക്രീദിനും മാംസവിഭവമോ ബിരിയാണിയോ കൊണ്ടുവരും. ഞങ്ങൾ മൂന്നുവീട്ടുകാരും ഒരൊറ്റ വീടുപോലെയാണ് കഴിഞ്ഞിരുന്നത്. ഞാൻ മുഖ്യമന്ത്രിയായി വീട്ടിലെത്തിയപ്പോൾ ഇപ്പോൾ ദൂരെ താമസിക്കുന്ന അവരെല്ലാം കാണാനും ആശംസ നേരാനും എത്തിയിരുന്നു. അമ്പതു വർഷം മുമ്പുള്ള കാര്യമാണ് ഞാൻ പറയുന്നത്. ഇപ്പോഴും അതേ അനുഭവം ഉണ്ട്. നമ്മൾ സൗഹൃദങ്ങൾ പണിതുയർത്തിയത് പേരു ചോദിച്ചല്ല, മതവും ജാതിയും ചികഞ്ഞല്ല.
അച്ഛനെ ഓർത്തു പറയേണ്ടതു തന്നെ
സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് സ്വാഭാവികമായി പറഞ്ഞതോ, അതോ ബോധപൂർവം ഒരു അടയാളപ്പെടുത്തൽ നടത്തിയതോ?
അച്ഛന്റെ പേര് അഭിമാനത്തോ ടെ പറഞ്ഞതുതന്നെ. മുമ്പ് പറഞ്ഞപോലെ, അമ്മയുടെ പേര് പറയാനുള്ള സ്കോപ് ഇല്ലാത്തതു കൊണ്ടാണ്. അല്ലെങ്കിൽ അതും പറഞ്ഞേനെ. അതൊരു ലെഗസിയാണ്. അതിൽ ഒരു സന്ദേശംകൂടിയുണ്ട്. മാതാപിതാക്കളെ കുറിച്ച് ഓർക്കുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുകയെന്നത് വലിയൊരു കാര്യമാണിന്ന്. ഇന്ന് വലിയൊരു ഡമോഗ്രാഫിക്കൽ ചെയ്ഞ്ച് കേരളത്തിൽ സംഭവിക്കുന്നുണ്ട്. മാതാപിതാക്കളും മക്കളും തമ്മിൽ അകലുകയാണ്. അവർക്ക് സ്നേഹമില്ലെന്നല്ല. അവർ ദൂരെ താമസം. മാതാപിതാക്കൾ തനിച്ചു വേറെയും. എന്നിരിക്കെ, നമ്മുടെ മാതാപിതാക്കളെ മറക്കാനാവില്ല. കേരള രാഷ്ട്രീയത്തിൽ ഒരാൾക്ക് എത്തിപ്പിടിക്കാവുന്ന ഏറ്റവും ഉയർന്ന പദവി കൈവരുമ്പോൾ ദൈവത്തെ ഓർക്കുന്നതുപോലെ തന്നെ മാതാപിതാക്കളെയും അനുസ്മരിക്കുകയെന്നത് വലിയ സന്ദേശമാണ്. സത്യപ്രതിജ്ഞ വേദിയിലിരിക്കുമ്പോൾ ഓർത്തെടുത്തതാണത്. നേരത്തേ പ്ലാൻ ചെയ്തു പറഞ്ഞതൊന്നുമല്ല.
മുഖ്യമന്ത്രി പദത്തിനുള്ള തയാറെടുപ്പുകൾ
എം.എൽ.എയാകുമ്പോഴും പ്രതിപക്ഷ നേതാവാകുമ്പോഴുമൊക്കെ മികവിൽ മുന്തിനിൽക്കണമെന്ന് നിർബന്ധമുള്ളയാളാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾതന്നെ വരും കേരളത്തിന്റെ സാധ്യതകളെക്കുറിച്ചു വസ്തുനിഷ്ഠമായി പഠിച്ചും റിപ്പോർട്ടുകൾ ശേഖരിച്ചും തയാറാക്കിയും ആസൂത്രണങ്ങൾക്കു മുൻകൈയെടുക്കുകയും ചെയ്ത് മുഖ്യമന്ത്രിപദത്തിലേക്കുള്ള തയാറെടുപ്പുകൾ നടത്തുകയായിരുന്നില്ലേ?
പ്രതിപക്ഷത്തിരുന്ന സമയത്ത് രൂക്ഷമായി സർക്കാറിനെ വിമർശിക്കുകയും ഗവൺമെന്റ് പരാജയപ്പെട്ടു എന്നു നിരന്തരം വിളിച്ചുപറയുകയും ചെയ്യുമ്പോൾ എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നത്, അവർ പരാജയപ്പെട്ടിടത്ത് നിങ്ങൾക്ക് എന്ത് ബദൽ എന്ന മറു ചോദ്യമായിരുന്നു. ഞാൻ എന്നല്ല, ഞങ്ങളുടെ മുന്നണി വന്നാൽ എന്തുചെയ്യും എന്ന ചോദ്യം. അതിനു തയാറെടുപ്പ് വേണ്ടേ? അതിനാണ് ഞങ്ങൾ എജുക്കേഷൻ, ഹെൽത്ത് കോൺക്ലേവുകൾ നടത്തിയത്. അങ്ങനെ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ വമ്പിച്ച ആത്മവിശ്വാസമായി. മുഖ്യമന്ത്രിയായാൽ വേണമെങ്കിൽ ആ പദവി ആസ്വദിച്ച് അതിന്റെ ആഡംബരത്തിലും പത്രാസിലും അഭിരമിച്ച് ജീവിക്കാം. പിന്നെ വേണമെങ്കിൽ കുറേ അഴിമതിയൊക്കെ നടത്തി പണമുണ്ടാക്കാം. ഇതു വേണോ?
ഞാൻ കണ്ട വഴി മറ്റൊന്നാണ്. പരമ്പരാഗത രീതിയിൽനിന്നു വ്യത്യസ്തമായി, കേരളത്തിന്റെ യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കി അതിന് പരിഹാരം കണ്ട് റിസൽട്ട് ഓറിയന്റഡായി മുന്നോട്ടുപോവുക. ഇനി പ്രഖ്യാപനങ്ങളിൽനിന്നു പതിയെ പിൻവാങ്ങുകയാണ്. ഇനി റിസൽട്ട് ഉണ്ടാക്കണം. അതിന് അധികകാലം കാത്തുനിൽക്കാനില്ല. ഭരണത്തിനു മൂന്നു മാസം കഴിയുന്നതു മുതൽ റിസൽറ്റുണ്ടാക്കണമെന്ന വല്ലാത്ത ഒരു വാശി എന്റെയുള്ളിലുണ്ട്. ഞാൻ ഏറ്റവുമധികം ഡിബേറ്റ് നടത്താറുള്ളത് എന്റെ സ്വന്തം മനഃസാക്ഷിയോടാണ്. ചെയ്യുന്ന കാര്യങ്ങളോട് നീ നീതിപുലർത്തുന്നുണ്ടോ എന്നു കണ്ണാടിയിൽ നോക്കിയെന്നപോലെ തന്നത്താൻ ചോദിക്കാറുണ്ട്. തെറ്റുചെയ്താൽ അത് തെറ്റാണ് എന്നു സമ്മതിച്ച് കറക്ട് ചെയ്യാം എന്നാണ് നിലപാട്. ബോധ്യമുള്ളതിൽ ഉറച്ചുനിൽക്കണമെന്നും. എല്ലാവരെയും ചേർത്തുനിർത്തി ടീം ഉണ്ടാക്കി നന്നായി മുന്നോട്ടുപോകാൻ പറ്റും. ഒറ്റക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല. ഒരുമിച്ചു കൂടിയേ ചെയ്യാൻ പറ്റൂ. അതിനു ബുദ്ധിപൂർവകമായി കഠിനാധ്വാനം ചെയ്യണം.
പണത്തിലോ പത്രാസിലോ അഭിരമിക്കാതിരിക്കുക. എന്തുചെയ്യണം, എങ്ങനെ പോകണം എന്നതിലൊക്കെ തീരുമാനങ്ങൾ സ്വന്തമായെടുത്തിട്ടുണ്ട്. ഒരുതരത്തിലും അക്കാര്യത്തിൽ എന്നെ സ്വാധീനിക്കാൻ പറ്റില്ല. അതിലൊന്നിലും എന്നെ തളച്ചിടാൻ പറ്റില്ല എന്നു ഞാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ ഉള്ളിൽ നടക്കുന്ന ഒരു സംവാദമാണിത്. മറ്റുള്ളവരോട് ഇന്ററാക്ട് ചെയ്തുകൊണ്ടിരിക്കണം. എന്റെ ആഗ്രഹവും പ്രാർഥനയും സ്വയം വിലയിരുത്തലും അതാണ്. കൂടുതൽ കൂടുതൽ കാര്യങ്ങൾ അറിയണം. കൂടുതൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്നുള്ള ചിന്തയാണ്.
അത് അങ്ങു പറഞ്ഞപോലെ, മനസ്സിലുള്ള ദൈവവിശ്വാസവും ഒപ്പം വായനയുമാണ് അതിനു കരുത്തുപകരുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർക്ക് ദൈവം നൽകിയ വരദാനത്തിലൂടെ സമൂഹത്തിനു അവർ നൽകിയത് വായിച്ചുണ്ടായ അനുഭവം എനിക്ക് ശക്തിപകരുന്നു. അതിൽ ഞാൻ അവരോടൊക്കെ കടപ്പെട്ടിരിക്കുന്നു. ഇനിയും അതു തുടർന്നുപോകണമെന്നാണ് എന്റെ ആഗ്രഹം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.