ആ കായികാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തിട്ടുണ്ട്

സി.പി.എം നേതാവ് പി. ജയരാജൻ ഇപ്പോൾ എഴുത്തിലാണ്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിതന്നെ ​ശ്രദ്ധേയ പുസ്തകങ്ങൾ അദ്ദേഹം അടുത്തിടെ എഴുതി. എഴുത്തുകാരനായ ജയരാജനോട് സംസാരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ ലേഖിക. ‘മാധ്യമം’ വാർഷികപ്പതിപ്പിൽനിന്ന് തുടർച്ച. എഴുത്തിലേക്ക് തന്നെ വരാം. താങ്കളുടെ രണ്ടാമത്തെ പുസ്തകമായ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം എഴുതാനുണ്ടായ പശ്ചാത്തലം എന്തായിരുന്നു. കേരളത്തിലെ ഇസ്‌ലാം മതത്തെ കുറിച്ച് പഠിക്കാനുണ്ടായ കാരണം? അതിന് പല കാരണങ്ങളുണ്ട്. ഒന്ന് ചെറുപ്പത്തിലെ ഒരോർമയാണ്. കതിരൂർ സ്കൂളിലാണ് ഞാൻ പഠിച്ചത്. കതിരൂർ ടൗണിൽ അച്ഛന് കൈരളി...

സി.പി.എം നേതാവ് പി. ജയരാജൻ ഇപ്പോൾ എഴുത്തിലാണ്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിതന്നെ ​ശ്രദ്ധേയ പുസ്തകങ്ങൾ അദ്ദേഹം അടുത്തിടെ എഴുതി. എഴുത്തുകാരനായ ജയരാജനോട് സംസാരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ ലേഖിക. ‘മാധ്യമം’ വാർഷികപ്പതിപ്പിൽനിന്ന് തുടർച്ച.

എഴുത്തിലേക്ക് തന്നെ വരാം. താങ്കളുടെ രണ്ടാമത്തെ പുസ്തകമായ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം എഴുതാനുണ്ടായ പശ്ചാത്തലം എന്തായിരുന്നു. കേരളത്തിലെ ഇസ്‌ലാം മതത്തെ കുറിച്ച് പഠിക്കാനുണ്ടായ കാരണം?

അതിന് പല കാരണങ്ങളുണ്ട്. ഒന്ന് ചെറുപ്പത്തിലെ ഒരോർമയാണ്. കതിരൂർ സ്കൂളിലാണ് ഞാൻ പഠിച്ചത്. കതിരൂർ ടൗണിൽ അച്ഛന് കൈരളി എന്നൊരു ഹോട്ടലുണ്ടായിരുന്നു. അവിടെ സ്ഥിരമായി ഭക്ഷണം കഴിക്കാൻ ശങ്കരൻ നമ്പ്യാർ എന്നൊരാൾ വരും. നെറ്റിയിലാകെ ഭസ്മം പൂശി നടുക്കൊരു തിലകവുമണിഞ്ഞാണ് അയാൾ എപ്പോഴും നടക്കുക. മുസ്‌ലിം വിരുദ്ധമായ കാര്യങ്ങൾ ഇടക്കിടെ അയാൾ പറഞ്ഞുകൊണ്ടിരിക്കും. ഗാന്ധിജിക്കും അയാൾ എതിരാണ്. ഗാന്ധി ഇന്ത്യയെ മാന്തി പുണ്ണാക്കി എന്നാണ് പറയുക. ‘ഗാന്ധി’യാണ്, ‘ജി’ ഇല്ല. വിഭജനത്തിന് കാരണം ഗാന്ധിയാണെന്നാണ് വാദം.

മാത്രവുമല്ല, മുസ്‌ലിംകളെ ഗാന്ധി പ്രീണിപ്പിച്ചു എന്നുപറയും. അതുപോലെ ഖിലാഫത്ത് പ്രസ്ഥാനം ഖിൽ ആഫത്ത്, ആപത്താണ് എന്നാണ് പറയുക. മുസ്‌ലിംകൾ നിർബന്ധിത പരിവർത്തനം നടത്തി എന്നതാണ് മറ്റൊരു ആക്ഷേപം. കടുത്ത ബ്രിട്ടീഷ് ഭക്തനുമാണ് ഇയാൾ. അപ്പോൾ അവര് പറയുംപോലെ മുസ്‌ലിംകൾ ജന്മനാ കുറ്റവാളികളാണെന്നാണ് വേറൊരു വാദം. ഇങ്ങനെ പലതരത്തിലുള്ള മുസ്‌ലിം വിരോധം കേട്ടതിന്റെ ഭാഗമായി അന്നുതൊട്ടേ മുസ്‌ലിംകളെ കുറിച്ച് പഠിക്കണമെന്ന് ഉള്ളിലുണ്ട്.

രണ്ടാമത് മലബാർ കലാപവുമായി ബന്ധപ്പെട്ടതാണ്. ഇ.എം.എസിന്റെ ‘ആഹ്വാനവും താക്കീതും’ എന്ന ലേഖനം വായിച്ചതോടെ മലബാർ കലാപത്തെ കുറിച്ച് കൂടുതൽ പഠിക്കണമെന്ന് തോന്നി. അതിന്റെ ഭാഗമായി കുറേ വായനകൾ നടത്തി. അങ്ങനെയും കേരളത്തിലെ മുസ്‌ലിംകളെ കുറിച്ച് പഠിക്കണമെന്ന ആഗ്രഹമുണ്ടായി.

മൂന്നാമത്തെ കാരണം കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടതാണ്. ഹിന്ദുവിഭാഗങ്ങളിലുള്ളതു പോലുള്ള സ്വാധീനം എന്തുകൊണ്ട് പാർട്ടിക്ക് മുസ്‌ലിം വിഭാഗങ്ങളിലില്ല എന്ന അന്വേഷണം. അതിന്റെ കാരണങ്ങളെ കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടായി. എങ്ങനെയാണ് കേരളത്തിൽ മുസ്‌ലിംകൾ വന്നത്, വളർന്നത് തുടങ്ങിയ കാര്യങ്ങളിൽ വായന വേണമെന്ന് തോന്നി. അതിന്റെ കൂടെ തന്നെയുണ്ടായ മറ്റൊരു സംഗതിയാണ് 2013ൽ കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കേ നടത്തിയ ഒരു സെമിനാർ. അന്ന് ഡോ. ഹുസൈൻ രണ്ടത്താണിയുടെ ‘മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും’ എന്ന പുസ്തകത്തെ മുൻനിർത്തി കണ്ണൂർ ജില്ലയിലെ മുസ്‌ലിം സാംസ്കാരിക സംഘടനകളുടെ കോഒാഡിനേഷൻ കമ്മിറ്റിയാണ് ആ സെമിനാർ നടത്തിയത്. അതിൽ പങ്കെടുത്തപ്പോഴുള്ള അനുഭവം. ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെ കേരളത്തിലെ മുസ്‌ലിംകളെ കുറിച്ച് കൂടുതൽ പഠിക്കണമെന്ന് ആഗ്രഹമുണ്ടായെങ്കിലും അത് സാധ്യമാവുന്നത് 2019ന് ശേഷമാണ്.

2019ലെ ലോക്സഭ തെരഞ്ഞടുപ്പിൽ സ്ഥാനാർഥിയായപ്പോൾ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കി. പിന്നീട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഭാരിച്ച ഉത്തരവാദിത്തങ്ങളില്ലാതെ അൽപം സമയംകിട്ടി. ആ സമയമാണ് ആ പുസ്തകത്തിന്റെ രചനക്കുള്ള വായനക്കായി ഉപയോഗിച്ചത്. ആ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ചു. സെബാസ്റ്റ്യൻ ഫ്രാങ്കേയുടെ ‘മൺസൂൺ ഇസ്‌ലാം’ എന്ന പുസ്തകമൊക്കെ ആ കാലയളവിലാണ് വായിക്കുന്നത്. ഇസ്‌ലാമിന്റെ വരവിനെ കുറിച്ചുള്ള നല്ലൊരു ആഖ്യാനമാണ് ആ പുസ്തകം. അതുപോലെ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ‘തുഹ്ഫത്തുൽ മുജാഹിദീൻ’. പ്രസ്തുത പുസ്തകരചനയിൽ ഏറെ ആകർഷിച്ച മറ്റൊരു പുസ്തകമാണ് സിയാവുദ്ദീൻ സർദാറിന്റെ ‘Desperately Seeking Paradise’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ ‘സ്വർഗംതേടി നിരാശയോടെ’. അതിലെ ജിഹാദിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഇവിടെ എത്രമാത്രം തെറ്റിദ്ധാരണകളാണ് അതിന്മേൽ സൃഷ്ടിക്കപ്പെടുന്നതെന്ന് ആ വായനയിലൂടെ തിരിച്ചറിഞ്ഞു.

ആ പുസ്തകരചനയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു?

മുന്നേ പറഞ്ഞതുപോലെ ഒരുപാട് വായന നടത്തി. വിവിധ മുസ്‌ലിം സംഘടനയിലെ ആളുകളുമായി ചർച്ച നടത്തി. അവരെനിക്ക് പുസ്തകങ്ങളെത്തിച്ച് തന്നു. ഇസ്‌ലാമിക ആദർശങ്ങളെ കുറിച്ച് പഠിക്കുന്നത് ഈ പുസ്തകത്തിന് വേണ്ടിയാണ്. മുസ്‌ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്‌ലാമിനെയും രണ്ടായി കാണുക എന്നതാണ് ഈ പുസ്തകത്തിൽ ഞാൻ സ്വീകരിച്ച സമീപനം. വിശ്വാസികൾക്കിടയിൽ കമ്യൂണിസ്റ്റുകാർക്ക് സ്വീകാര്യത നേടാനാവണം. അതിന് അവരുടെ സാംസ്കാരിക, വിശ്വാസ പരിസരങ്ങൾ മനസ്സിലാക്കണം.

സലഫിസത്തിന്റെ വരവോടെ ഇവിടെ ഇല്ലാതായ നേർച്ചകളെ കുറിച്ചും മറ്റുമൊക്കെ വായനകൾ നടത്തി. 1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം ഇന്നുവരെയുള്ള കേരളത്തിലെ മുസ്‌ലിം സാഹചര്യങ്ങളെയും സംഘടനകളെയും കുറിച്ച് പഠിക്കാനായി പൊലീസ് രേഖകളും വിശകലനം ചെയ്തു. അത്തരത്തിൽ പലതും കണ്ടെത്താനായി.

ആ പുസ്തകത്തോടുള്ള മുസ്‌ലിംകളുടെ സമീപനം എങ്ങനെയായിരുന്നു. വായനക്കാരുടെ പ്രതികരണങ്ങൾ എങ്ങനെയാണ്?

മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പി.ഡി.പിയും മദനിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുമുണ്ടായി. രാഷ്ട്രീയ ഇസ്‌ലാമുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. ആ പുസ്തകവുമായി ബന്ധപ്പെട്ട് സന്തോഷമുള്ള അനുഭവം കഴിഞ്ഞമാസം വന്ന ഒരു കത്താണ്. കണ്ണൂർ ജയിലിൽ യു.എ.പി.എ തടവിൽ കഴിയുന്ന ഒരു സഹോദരന്റെ കത്തായിരുന്നു അത്. അയാളുടെ കേസിനെ പറ്റിയുള്ള വിവരങ്ങളറിയില്ല. എൻ.ഐ.എ കോടതി 14 വർഷത്തേക്ക് ശിക്ഷിച്ച അയാൾ പത്ത് വർഷമായി ജയിലിലാണ്. അദ്ദേഹം ഈ പുസ്തകം വായിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തു. പുസ്തകത്തിലെ ‘സ്വർഗംതേടി നിരാശയോടെ’ എന്ന ഒരു ഉദ്ധരണി വായിച്ചതിലൂടെ ആ പുസ്തകം തേടിപ്പിടിച്ച് അദ്ദേഹം വായിച്ചു. ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ അയച്ചുനൽകാമോ എന്നും കത്തിൽ ചോദിച്ചിരുന്നു. അങ്ങനെ ജയിൽ സൂപ്രണ്ട് മുഖാന്തരം ആ പുസ്തകം എത്തിച്ചുനൽകി. ആ കത്ത് ഒരെഴുത്തുകാരൻ എന്നനിലയിൽ വളരെ സന്തോഷം നൽകി.

മാർക്സിസ്റ്റ് കാഴ്ചപ്പാടിലാണ് താങ്കൾ ജാതിയെയും സനാതനധർമത്തെയും നോക്കിക്കാണുന്നത്. ജാതിക്കെതിരെ നിരന്തരം സംവദിക്കുന്ന അംബേദ്കറൈറ്റ് ആശയം പിന്തുടരുന്ന പലരും കേരളത്തിലുണ്ട്. അവർ പലപ്പോഴും സി.പി.എമ്മിന്റെ ജാതിസമീപനത്തെ വിമർശനാത്മകമായി സമീപിക്കുന്നവരുമാണ്. ജാതിയെക്കുറിച്ചുള്ള അവരുടെ വിമർശനത്തെ എങ്ങനെയാണ് കാണുന്നത്?

അംബേദ്കർ ആദ്യകാലത്തെ കമ്യൂണിസ്റ്റ് രീതികളോട് വിയോജിച്ചിട്ടുണ്ട്. കാരണം അദ്ദേഹം ജാതിയുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളിലാണ് ഇടപെട്ടത്. ജാതി ഉന്മൂലനമായിരുന്നു അദ്ദേഹത്തിന്റെ അജണ്ട. അതേസമയം, കമ്യൂണിസ്റ്റുകാരാണെങ്കിൽ വർഗസമരത്തിലൂന്നി. ഇത് രണ്ടും തമ്മിൽ ആദ്യകാലത്ത് പൊരുത്തക്കേടുകളുണ്ടായിട്ടുണ്ട്. സ്വത്വ പ്രശ്നങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി ഇടപെടണം. അതാണ് ഏറ്റവും പ്രധാനം. സ്വത്വബോധമുള്ള സമൂഹത്തിൽ വർഗസമരങ്ങൾ നടത്തിയാൽ മതി, വർഗസംഘടന മാത്രമുണ്ടാക്കിയാൽ മതി എന്നതായിരുന്നു പഴയകാല കാഴ്ചപ്പാട്. അംബേദ്കറുടെ കാഴ്ചപ്പാടുമായുള്ള പൊരുത്തക്കേട് അതാണ്. പിൽക്കാലത്ത് സി.പി.എം തന്നെ അതിനുതകുന്ന തരത്തിൽ സ്വത്വപ്രശ്നങ്ങളിലും വർഗപ്രശ്നങ്ങളിലും ഇടപെടണമെന്ന തിരുത്തൽ വരുത്തി. ഒരു വ്യക്തിയുടെ വർഗനിലയിൽ ജാതി സ്വാധീനിക്കുന്നുണ്ട്. സ്വത്വവാദം സ്വത്വരാഷ്ട്രീയമായി പരിവർത്തിക്കുമ്പോൾ അത് പലപ്പോഴും കമ്യൂണിസ്റ്റ് വിരുദ്ധമാവുന്നു. വലതുപക്ഷത്തോടൊപ്പം ചേർന്നുനിൽക്കുന്നു.

കേരളത്തിലെ ജാതി അടിമത്തവും വിവേചനവും നിലനിന്നിരുന്ന സമൂഹത്തിലാണ് 1930കളോടെ ട്രേഡ് യൂനിയൻ പ്രസ്ഥാനങ്ങളുണ്ടാവുന്നത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ ഇങ്ങനെയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഫലമായി ജാതിക്കതീതമായ ഒരു സാമൂഹികബോധം വന്നു. അതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് അയ്യൻകാളിയുടേത്. ജാതിക്കതീതമായ സാമൂഹികബോധത്തിൽനിന്ന് വർഗബോധത്തിലേക്ക് പരിവർത്തിപ്പിച്ചതാരാണ് എന്ന ചോദ്യത്തിന് സ്വത്വരാഷ്ട്രീയക്കാർക്ക് പലപ്പോഴും മറുപടിയില്ല. ആ മറുപടി കമ്യൂണിസ്റ്റുകാർക്കുണ്ട്. വർഗബോധത്തിലേക്കും വർഗരാഷ്ട്രീയത്തിലേക്കും അതിനെ വളർത്തിയെടുത്തത് ഇടതുപക്ഷമാണ്.

മറ്റ് സംസ്ഥാനങ്ങളിലെ പട്ടികജാതിക്കാരുടെ അവസ്ഥയുമായി കേരളത്തെ താരതമ്യംചെയ്താൽ കൃത്യമായി ഇതിനുള്ള ഉത്തരം മനസ്സിലാവും. അംബേദ്കറും ജ്യോതിറാവു ഫൂലെയും ഇ.വി. രാമസ്വാമി നായ്കരുമൊക്കെ ജാതിക്കെതിരെ പ്രവർത്തിച്ച മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമൊക്കെ ഇപ്പോഴും ജാതിവിവേചനങ്ങൾ പ്രകടമാണ്. പൊതുകിണറ്റിൽനിന്ന് വെള്ളമെടുക്കാൻ പോലും കഴിയാത്ത സ്ഥലങ്ങളുണ്ട്. ആ സ്ഥിതി എന്തുകൊണ്ടാണ് കേരളത്തിൽ ഇല്ലാത്തത്? അതിന് ഉത്തരം പറഞ്ഞാൽ കമ്യൂണിസ്റ്റുകാർ നടത്തിയ പോരാട്ടങ്ങളുടെ പ്രാധാന്യം കൃത്യമായി മനസ്സിലാവും.

മറ്റിടങ്ങളിൽ ജാതിക്കെതിരായ പോരാട്ടത്തിന് തുടർച്ചകളുണ്ടായില്ല. ജാതിക്കതീതമായ സാമൂഹികബോധത്തിൽനിന്ന് വർഗബോധത്തിലേക്ക് മാറ്റമുണ്ടായില്ല. കേരളത്തിലത് ഉണ്ടായതുകൊണ്ടാണ് ഇവിടെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലാത്തത്. എന്നാൽ, സ്വത്വപ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങളിൽ ഇടപെടാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനങ്ങളാണ് പട്ടികജാതി ക്ഷേമ സമിതിയും ആദിവാസി ക്ഷേമ സമിതിയുമൊക്കെ. അതൊരിക്കലും ജാതിസംഘടനയല്ല. പട്ടികജാതിയിലെയും ഗോത്രവിഭാഗങ്ങളിലെയും പല വിഭാഗങ്ങൾക്ക് അണിനിരന്ന് സ്വത്വപ്രശ്നങ്ങളിൽ ഇടപെടാനുള്ള പൊതുവേദി. ഒരു വ്യക്തിയുടെ ജാതിയും വർഗവും അങ്ങോട്ടും ഇങ്ങോട്ടും പ്രവർത്തിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് സ്വത്വപ്രശ്നങ്ങളിൽ ഇടപെട്ട് അവരെ വർഗരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഇടതുപക്ഷം ചെയ്യുന്നത്. സ്വത്വപ്രശ്നങ്ങളിൽ ഇടപെട്ട് അവരെ സ്വത്വരാഷ്ട്രീയത്തിലേക്ക് വളർത്തി വലതുപക്ഷത്തിന് ആളുകളെ ഉണ്ടാക്കുക എന്നതാണ് സ്വത്വരാഷ്ട്രീയവാദികൾ ചെയ്യുന്നത്. അതാണ് വ്യത്യാസം.

 

പിണറായി വിജയൻ, പാലോളി മുഹമ്മദ് കുട്ടി, ടി.കെ. ഹംസ എന്നിവർക്കൊപ്പം

ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിലെ ഹിന്ദുക്കളെ ഹിന്ദുത്വ എന്ന ഒറ്റ കുടക്കീഴിൽ അണിനിരത്തിയാണ് മുതലെടുപ്പ് നടത്തുന്നത്. ജാതിയെ അവർ യഥാർഥത്തിൽ അഭിമുഖീകരിക്കുന്നുണ്ടോ? അവരുടെ കാഴ്ചപ്പാട് ഇപ്പോൾ എത്തരത്തിലാണ്?

ജാതീയതയെ ഉദ്ദീപിപ്പിച്ച് മതവർഗീയതയുടെ കുടക്കീഴിൽ അണിനിരത്തുക എന്നതാണ് ആർ.എസ്.എസിന്റെ രീതി. അത്തരത്തിലുള്ള അവരുടെ ആസൂത്രിതമായ മുദ്രാവാക്യമാണ് നായാടി മുതൽ നമ്പൂതിരി വരെ യോജിക്കുക എന്നത്. വെള്ളാപ്പള്ളി അതിന് എക്സ്റ്റൻഷൻ നൽകി, നസ്രാണി വരെ എന്നാക്കിയിട്ടുണ്ട്. ചരിത്രപരമായി ഈ ജാതികൾ ആർജിച്ചെടുത്ത സാമൂഹികബോധത്തെ റദ്ദുചെയ്യുന്ന നിലക്കാണ് ആർ.എസ്.എസ് ഹിന്ദുത്വവത്കരണം നടത്തുന്നത്. അത് ചരിത്രവിരുദ്ധമായ സമീപനമാണ്.

ആർ.എസ്.എസിനെതിരെ എക്കാലത്തും ശക്തമായ നിലപാടെടുത്ത നേതാവാണ് താങ്കൾ. തുറന്നയുദ്ധം എന്നുതന്നെ പറയാം. താങ്കളുടെ ആദ്യ പുസ്തകമായ ‘സംഘർഷങ്ങളുടെ രാഷ്ട്രീയം’ ആ സംഘടനയെ തുറന്നുകാട്ടുന്നതായിരുന്നു. ഇത്തരത്തിൽ കായികമായും ബൗദ്ധികമായും അവരോട് നിരന്തരം ഏറ്റുമുട്ടിയ, ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന വ്യക്തി എന്നനിലയിൽ ആർ.എസ്.എസിൽ കഴിഞ്ഞ 25 കൊല്ലത്തിനിടെയുണ്ടായ മാറ്റങ്ങളെ വിലയിരുത്താമോ?

ചോദ്യത്തിൽ ‘കായികമായി ഏറ്റുമുട്ടി’ എന്ന് പറഞ്ഞതുകൊണ്ട് കൗതുകകരമായ ഒരു കാര്യം ആദ്യം പറയാം. 2001ൽ ഞാൻ നിയമസഭാംഗമായപ്പോൾ എ.കെ. ആന്‍റണിയാണ് മുഖ്യമന്ത്രി. ഒരു നിവേദനം കൊടുക്കാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞത്, നിയമസഭയിൽ വരുന്നതിന് മുന്നേ ജയരാജനെ കുറിച്ച് വേറൊരു ചിത്രമായിരുന്നു എന്റെ മനസ്സിൽ എന്നതാണ്. ഞാൻ വാളുമെടുത്ത് തെരുവിലൂടെ പോകുന്ന ചിത്രമാവും നിങ്ങളുടെ മനസ്സിലെന്ന് അപ്പോൾ ഞാനതിന് മറുപടി പറഞ്ഞു. ചിരിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി തന്നത്.

ഇനി ഉത്തരത്തിലേക്ക് വരാം. കായികമായി അവരെ നേരിടാൻ ഞാൻ പോയിട്ടില്ല. അതേസമയം ആർ.എസ്.എസിനെ ഒറ്റപ്പെടുത്തേണ്ട ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനയായി നേരത്തേതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങളെ അണിനിരത്തിയിട്ടുമുണ്ട്. ആർ.എസ്.എസിനെ നിരീക്ഷിക്കുമ്പോൾ പഴയ ശൈലിയിൽനിന്ന് അവർ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കാണാം. മുമ്പ് അവരിൽനിന്ന് നേരിട്ടത് കായിക ആക്രമണങ്ങളായിരുന്നു. കായിക ആക്രമണങ്ങളിലൂടെ സി.പി.എമ്മിനെ പോലുള്ള ഒരു പാർട്ടിയെ ദുർബലപ്പെടുത്തിയാൽ കേരളത്തിൽ ആർ.എസ്.എസിന്റെ സ്വാധീനം ഉറപ്പിക്കൽ എളുപ്പമാവും. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അവർ നടത്തിയ ഹത്യകളെത്രയാണ്. കേരളത്തിൽ ആർ.എസ്.എസ് സ്വാധീനം ഉറപ്പിക്കണമെങ്കിൽ സി.പി.എമ്മിനെ ഇല്ലാതാക്കണമെന്നാണ് അവരുടെ അഖിലേന്ത്യ നേതൃത്വം തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ 14ൽ 13 ജില്ലകളിലും സി.പി.എം പ്രവർത്തകർ കൊലചെയ്യപ്പെട്ടു.

‘സംഘർഷങ്ങളുടെ രാഷ്ട്രീയം’ പരിഷ്കരിച്ച പതിപ്പ് ഇറക്കിയപ്പോൾ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ ലിസ്റ്റ് അതിൽ ഞാൻ ചേർത്തിരുന്നു. മൊത്തം 209 സി.പി.എം പ്രവർത്തകരാണ് ആർ.എസ്.എസിന്റെ കൊലക്കത്തിക്ക് ഇരയായത്. കേരളത്തിൽ മറ്റേതെങ്കിലും പാർട്ടിക്കാർ ആർ.എസ്.എസുകാരാൽ ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടുണ്ടോ? കോൺഗ്രസിനെ അതിവേഗം വിഴുങ്ങാം. ലീഗിനെ ഭയപ്പെടുത്തി നിർത്താം. സി.പി.എമ്മിനെ തകർത്താൽ മാത്രമേ അവർക്ക് മുന്നോട്ടുപോകാനാവൂ എന്നവർക്ക് അറിയാം. ആ കായികാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തിട്ടുണ്ട്. അതിന് എന്നെപ്പോലുള്ള കമ്യൂണിസ്റ്റുകാർ ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്.

ആ ആക്രമണശൈലി അവർ ഇപ്പോൾ മാറ്റി. ഇപ്പോ പതിയെ പതിയെ വീടകങ്ങളിലേക്ക് ഹിന്ദുത്വ വർഗീയതയുടെ ആശയങ്ങൾ കുത്തിച്ചെലുത്താൻ വേണ്ടിയുള്ള ഒട്ടേറെ പരിപാടികൾ അവർ ആവിഷ്കരിക്കുന്നുണ്ട്. അതിലൊന്ന് നാലമ്പല യാത്രകളാണ്. സ്ത്രീകളെ യാത്രക്ക് കൊണ്ടുപോവുക, അവിടെ വിഷകല ടീച്ചറുടെ പ്രഭാഷണം കേൾപ്പിക്കുക, ഇതരമത വിരോധം സൃഷ്ടിക്കുക. മറ്റൊന്ന് ക്ഷേത്രങ്ങളിലും മറ്റും ഭാഗവത സപ്താഹങ്ങൾ നടത്തുന്നതാണ്. അതിന്റെ ഭാഗമായി ആത്മീയപ്രഭാഷണങ്ങൾ നടത്താൻ ആർ.എസ്.എസ് ഐഡിയോളജിയുള്ളവരെ തയാറാക്കുക.

കണ്ണൂർ ചിറക്കൽ അമ്പലത്തിൽ ഒരു സ്വാമി വന്ന് പ്രഭാഷണം നടത്തിയ കാര്യം പുസ്തകത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഭാഗവതത്തിലെ ശ്ലോകം ചൊല്ലുക. എന്നിട്ടതിനെ വ്യാഖ്യാനിക്കുക. അതിനുശേഷം പിണറായി വിജയനെ കുറിച്ച് പറയുക. അപ്പോൾ വിശ്വാസിയായ ഒരു സ്ത്രീ എഴുന്നേറ്റുനിന്ന് ചോദിച്ചു, ഭാഗവതത്തിലെ ശ്ലോകങ്ങളിലെവിടെയെങ്കിലും പിണറായി വിജയനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്ന്. എന്നുപറഞ്ഞാൽ ഇത്തരത്തിലാണ് ആർ.എസ്.എസിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് കുത്തിയിറക്കുന്നത്. ഇത്തരത്തിൽ ഓൺലൈൻ പ്രഭാഷണങ്ങളുമുണ്ട്.

ഞാൻ ചില ക്ലാസുകളിലൊക്കെ ചോദിച്ചു, ഈ മാസത്തിന്റെ പ്രത്യേകതയെന്താണ് എന്ന്. അപ്പോൾ ചിലർ പറയും രാമായണമാസം. അങ്ങനെയൊരു മലയാളമാസമുണ്ടോ... ഇവിടെ കർക്കടക മാസമേ ഉണ്ടായിരുന്നുള്ളൂ. പഞ്ഞമാസം. പക്ഷേ അതിനെ രാമായണമാസമാണെന്ന തോന്നലുണ്ടാക്കി മാറ്റാൻ അവർക്കായി. ജോലിയില്ലാതെ, വരുമാനമില്ലാതെ കോരിച്ചൊരിയുന്ന മഴയത്ത് വീട്ടിൽതന്നെയിരിക്കുന്ന സമയത്ത് ആളുകൾ രാമായണവും മറ്റ് ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. 1982ൽ കൊച്ചിയിൽ ചേർന്ന വിശാല ഹിന്ദു സമ്മേളനത്തിൽവെച്ച് അവരൊരു തീരുമാനമെടുത്തിട്ടുണ്ട്. കർക്കടക മാസം രാമായണമാസമായി ആചരിക്കാനും ആ സമയത്ത് രാമായണപ്രഭാഷണങ്ങൾ നടത്താനും. രാമായണത്തിന്റെ വ്യാഖ്യാനം നടത്തുന്നതാവട്ടെ ആർ.എസ്.എസിന്റെ ആശയങ്ങൾക്കനുസരിച്ചുള്ള വ്യാഖ്യാനമാണ്.

മറ്റൊന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള അവരുടെ പ്രവർത്തനങ്ങളാണ്. ആർ.എസ്.എസിന്റെ പഴയൊരു പ്രചാരകനായ പി. മാധവന്റെ ഒരു പുസ്തകമുണ്ട്, ‘ക്ഷേത്രചൈതന്യരഹസ്യം’. ക്ഷേത്രചൈതന്യം മാലോകരെ അറിയിക്കാനല്ല അദ്ദേഹം ഈ പുസ്തകമെഴുതിയത്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളെ ആർ.എസ്.എസിലെത്തിക്കാനുള്ള പദ്ധതിയാണ് അതിൽ ആവിഷ്കരിച്ചത്. അത് എന്റെ പുസ്തകത്തിൽ തുറന്നുകാട്ടുന്നുണ്ട്. ഈയിടെ ഒരു പ്രചാരണമുണ്ടായി. ഹൈന്ദവ മുന്നേറ്റത്തിന് എല്ലാവരും വൈകുന്നേരം ഏഴു മണി മുതൽ ഏഴര വരെ ക്ഷേത്രങ്ങളിലെത്തണം. ഒരു വിശ്വാസിക്ക് ആരാധനാലയത്തിൽ പോകാൻ അങ്ങനെ സമയനിബന്ധനയുടെ ആവശ്യമില്ല. ഇഷ്ടമുള്ള സമയത്ത് പോകാമല്ലോ. പിന്നെ സമയം നിഷ്കർഷിക്കുന്നത് എന്തിനാണ്. വിശ്വാസികളെ ആർ.എസ്.എസിന്റെ ശാഖയിലേക്ക് എത്തിക്കാനുള്ള കൃത്യമായ പദ്ധതിയുടെ ഭാഗമാണത്.

ഇതു വന്നപ്പോഴാണ് അവർ വേറൊരു നുണ പ്രചരിപ്പിച്ചത്. സി.പി.എം ക്ഷേത്രങ്ങളിലും കമ്മിറ്റികളിലും പിടിമുറുക്കുന്നു, അതിന്റെ സംസ്ഥാന ചുമതല പി. ജയരാജന് നൽകിയിരിക്കുന്നു എന്നുള്ളത്. കാരണം ഈ പുസ്തകം കേരളത്തിലെ വിശ്വാസി സമൂഹങ്ങളിൽ ചലനമുണ്ടാക്കും, തങ്ങളുടെ ഗൂഢപദ്ധതികൾ ചോദ്യംചെയ്യപ്പെടുമെന്ന തോന്നലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം നുണപ്രചാരണങ്ങളുണ്ടാവുന്നത്. ഇതിനെ പ്രതിരോധിക്കാൻ എന്താണ് വഴി? വിശ്വാസികളെ കൂടി വർഗീയതക്കെതിരായ പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും കൂടെ നിർത്തണം എന്ന സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടത്.

മതം, സമൂഹം, രാഷ്ട്രീയം എന്നതിലുപരി എഴുതാൻ താൽപര്യമുള്ള മറ്റ് മേഖലകളുണ്ടോ? ചരിത്രം, നിരീക്ഷണം എന്നുതുടങ്ങി പല മേഖലകളുണ്ടല്ലോ?

എനിക്കെന്റെ പരിമിതികളെ കുറിച്ച് നല്ല ധാരണയുണ്ട്. രാഷ്ട്രീയപ്രവർത്തകനെന്ന നിലക്കുള്ള അന്വേഷണങ്ങളാണ് എന്റെ പുസ്തകങ്ങൾ. അന്വേഷണം ചെറുപ്പംതൊട്ടയുള്ള ശീലമാണ്. ഒന്ന് കണ്ടെത്തിയാൽ അതിന് പിന്നിലുള്ളത് തേടിപ്പോവുക. കഴിയാവുന്നിടത്തോളം അന്വേഷിക്കുക, സമൂഹത്തോട് തുറന്നുപറയുക. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ അതെന്റെ ഉത്തരവാദിത്തമായാണ് കാണുന്നത്. സ്വാഭാവികമായും അതിൽ പോരായ്മകളുണ്ടാവും. ഒരിക്കലും അക്കാദമിക് പണ്ഡിതന്മാർ എഴുതുംപോലെ എനിക്കെഴുതാനാവുമെന്ന തോന്നലില്ല. എന്നാൽ അക്കാദമിക് മേഖലയിലുള്ള പലരും എന്നെ പുസ്തകങ്ങൾ വായിച്ച് അഭിനന്ദിച്ചിട്ടുണ്ട്. അതിലെനിക്ക് അഭിമാനവുമുണ്ട്.

മറ്റൊന്ന്, ഞാൻ എഴുതുന്നത് പാർട്ടിയുടെ നിലപാടായി കരുതേണ്ടതില്ല. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലക്ക് മാർക്സിസത്തിന്റെയും ലെനിനിസത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ഞാൻ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ്. അതിന് വിമർശനങ്ങൾ വരട്ടെ. സംവാദങ്ങൾ ഉണ്ടാവണമെന്നും അതിൽ പങ്കെടുക്കണമെന്നുമാണ് എന്റെ താൽപര്യം.

അടുത്തതായി എഴുതാൻ പോകുന്ന പുസ്തകമേതാണ്? പുസ്തകങ്ങളേതാണ്?

സമീപകാലത്തെഴുതിയ രണ്ട് പുസ്തകങ്ങളുടെയും രചനക്കുവേണ്ടി തയാറാക്കിയ ചില പഠനങ്ങളിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട് എന്നാണ് കരുതുന്നത്. വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരങ്ങളും നമ്മുടെ നാട്ടിലുടനീളമുണ്ട്. അതിനെക്കുറിച്ച് കഴിയാവുന്നിടത്തോളം വിവരങ്ങൾ ശേഖരിക്കണമെന്നാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി കഴിയാവുന്ന ആളുകളെ സഹകരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

 

കേരളത്തിലെ പ്രധാന മതവിഭാഗങ്ങളായ ഹിന്ദുക്കളെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും അവരിലെ വിശ്വാസികളെ പാർട്ടിയോട് ചേർത്തുനിർത്തേണ്ടതിനെ കുറിച്ചും ജയരാജേട്ടൻ പുസ്തകമെഴുതി. അപ്പോൾ ക്രിസ്ത്യാനികളെ കുറിച്ചും ഒരു പുസ്തകം പ്രതീക്ഷിക്കാമോ?

തീർച്ചയായും. അതും പഠിക്കേണ്ട ഒരു മേഖലയാണ്. കാരണം, 2019 മുതൽ ക്രിസ്തീയ സമൂഹത്തിൽ മുമ്പില്ലാത്തവിധം ഒരു കൂടിച്ചേരലുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി. അതിന്റെ പേരാണ് ‘കാസ’. അവർ തുടക്കത്തിൽ നടത്തിയത് ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് പോലുള്ള മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളാണ്. അത് പിന്നീട് കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലേക്ക് എത്തി. ക്രിസ്ത്യൻ സമൂഹത്തിലും സ്വത്വരാഷ്ര്ടീയത്തിന്റെ അപകടം വരുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ അത് സംബന്ധിച്ചും പഠിക്കണം.

ആത്മകഥാപരമായ പുസ്തകം പ്രതീക്ഷിക്കാമോ? കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനവ്യക്തിത്വമെന്ന നിലക്ക് തീർച്ചയായും അങ്ങനൊന്ന് ജയരാജേട്ടൻ എഴുതണമെന്ന് ആഗ്രഹമുണ്ട്?

ഈ എഴുതിയ പുസ്തകങ്ങളിലെല്ലാം ആത്മാംശങ്ങളുണ്ട്.

അത് പല വിഷയങ്ങളിലായി നടത്തിയ അന്വേഷണങ്ങളാണല്ലോ. അങ്ങനെയല്ലാതെ പാർട്ടി, കുടുംബം, കൊലപാതക ശ്രമം, തിരിച്ചുവരവ്, പോരാട്ടങ്ങൾ... അതേപ്പറ്റി അറിയാൻ ആളുകൾക്ക് ആഗ്രഹമുണ്ടാവുമല്ലോ?

നമുക്ക് ജീവിതകാലത്ത് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ നോക്കാം. ഇപ്പോൾ ഒന്നും ആത്യന്തികമായി തീരുമാനിച്ചിട്ടില്ല. ആത്മകഥയുടെ കാര്യം പലരും സൂചിപ്പിച്ചിട്ടുണ്ട്. അത് നമുക്ക് നോക്കാം.

വ്യക്തിപരമായ ഒരു ചോദ്യം. ’99ലെ ഓണദിവസത്തെ കുറിച്ച് തുടക്കത്തിൽതന്നെ പറഞ്ഞല്ലോ. ആ സംഭവത്തിനുശേഷം ജീവിതം മാറി. അത്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. ആ അവസ്ഥയെ മറികടക്കാനുള്ള ഊർജം എന്തായിരുന്നു? ആ സംഭവത്തിനു മുമ്പും പിമ്പുമുള്ള പി. ജയരാജനെക്കുറിച്ച് പറയാമോ?

പാർട്ടിയുടെ പ്രവർത്തകനായി മാറുമ്പോൾ സ്വാഭാവികമായും നമ്മളേത് ആദർശത്തിനുവേണ്ടിയാണോ നിലകൊള്ളുന്നത് അതിഷ്ടപ്പെടാത്ത ആളുകൾ നമ്മളെ പരാജയപ്പെടുത്താൻ നോക്കും. പക്ഷേ, അങ്ങനെ പരാജയപ്പെടാൻ മനസ്സില്ല. പരമാവധി അതിനെ എതിർക്കുമെന്ന മനോഭാവം തുടക്കത്തിലേ ഉണ്ടായിരുന്നു. അത് സ്വാഭാവികമായും അവർ തിരിച്ചറിയും, നമ്മളെ കൂടുതൽ എതിർക്കും. അത് എന്റെ മാത്രം ഒറ്റക്കുള്ള പ്രവർത്തനമല്ല. പാർട്ടിയുടെ നിലപാടും തീരുമാനവുമാണ്. അതിനെ അടിസ്ഥാനപ്പെടുത്തി അവരെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനുള്ള തീരുമാനങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, അതൊരിക്കലും ആർ.എസ്.എസുകാരായ ഏതെങ്കിലും വ്യക്തികളോടുള്ള വിരോധമായിട്ടല്ല ഞാൻ കണ്ടിട്ടുള്ളത്. ആ ആശയത്തെ എതിർക്കുക എന്നതാണ്. അത് എല്ലാകാലത്തും അങ്ങനെതന്നെയാണ്.

അവസാന ചോദ്യം താങ്കളിലെ വായനക്കാരനോടാണ്. വായിച്ച പുസ്തകങ്ങളിൽ മറ്റുള്ളവർക്ക് നിർദേശിക്കുന്ന കുറച്ച് പുസ്തകങ്ങൾ ഏതെല്ലാമാണ്?

പെട്ടെന്ന് ഓർമയിൽ വരുന്ന ചില പുസ്തകങ്ങൾ പറയാം. ഒന്ന്, സിയാവുദ്ദീൻ സർദാറിന്റെ ‘സ്വർഗം തേടി നിരാശയോടെ’ എന്ന പുസ്തകംതന്നെ. പിന്നെ ഫാ. ജോസഫ് വടക്കന്റെ ആത്മകഥയായ ‘എന്റെ കുതിപ്പും കിതപ്പും’ എന്ന പുസ്തകം. പി.കെ. ബാലകൃഷ്ണന്റെ ‘ജാതിവ്യവസ്ഥയും കേരളചരിത്രവും’, ‘നാരായണഗുരു’ എന്നീ പുസ്തകങ്ങൾ. റൊമീലാ ഥാപ്പറിന്റെ ‘ആദിമ ഇന്ത്യാ ചരിത്രം’, കെ.പി. അപ്പന്റെ ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’.

(അവസാനിച്ചു)

Tags:    
News Summary - P Jayarajan On Islam Politics And RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.