സഖ്യകക്ഷികൾ ആരാണെന്നതിനെക്കുറിച്ച എന്റെ കാഴ്ചപ്പാട് മാറിയിട്ടില്ല
പൗരത്വ പ്രക്ഷോഭ വേളയിൽ ശാഹീൻ ബാഗ് സമരത്തിന് തുടക്കം കുറിച്ച വിദ്യാർഥി നേതാവും ഗവേഷകനുമായ ശർജീൽ ഇമാം സംസാരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന അദ്ദേഹം ശാഹീൻ ബാഗ് സമരത്തെക്കുറിച്ച്, മതേതരത്വെത്തക്കുറിച്ച്, ന്യൂനപക്ഷ അവസ്ഥകളെക്കുറിച്ച്, തന്റെ വിശ്വാസദൃഢതയെക്കുറിച്ച് തുറന്നുപറയുന്നു. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായ ശാഹീൻ ബാഗ് സമരത്തിന് തുടക്കം കുറിച്ച വിദ്യാർഥി നേതാവും ഗവേഷകനുമായ ശർജീൽ ഇമാം, കഴിഞ്ഞ...
പൗരത്വ പ്രക്ഷോഭ വേളയിൽ ശാഹീൻ ബാഗ് സമരത്തിന് തുടക്കം കുറിച്ച വിദ്യാർഥി നേതാവും ഗവേഷകനുമായ ശർജീൽ ഇമാം സംസാരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന അദ്ദേഹം ശാഹീൻ ബാഗ് സമരത്തെക്കുറിച്ച്, മതേതരത്വെത്തക്കുറിച്ച്, ന്യൂനപക്ഷ അവസ്ഥകളെക്കുറിച്ച്, തന്റെ വിശ്വാസദൃഢതയെക്കുറിച്ച് തുറന്നുപറയുന്നു.
ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായ ശാഹീൻ ബാഗ് സമരത്തിന് തുടക്കം കുറിച്ച വിദ്യാർഥി നേതാവും ഗവേഷകനുമായ ശർജീൽ ഇമാം, കഴിഞ്ഞ ഏഴു വർഷമായി യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ്. വിചാരണപോലുമില്ലാതെ ഭരണകൂടം ഇരുമ്പഴിക്കുള്ളിലടച്ച ഒരു രാഷ്ട്രീയ തടവുകാരൻ, തന്റെ അതിജീവനത്തിനുള്ള കരുത്ത് കണ്ടെത്തുന്നത് എവിടെനിന്നാണ്? നിരന്തരമായ ഭരണകൂട വേട്ടയാടലുകൾക്കിടയിലും ഭയത്തെ എങ്ങനെയാണ് അദ്ദേഹം മറികടക്കുന്നത്?
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരകാലത്ത് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തപ്പെട്ട് ജയിലിലായ ശർജീൽ ഇമാം, തന്റെ ജയിൽ ജീവിതത്തെക്കുറിച്ചും പുതിയ രാഷ്ട്രീയബോധ്യങ്ങളെക്കുറിച്ചും ഈ അഭിമുഖത്തിൽ തുറന്നു സംസാരിക്കുന്നു. കേവലം ഒരു തടവുകാരന്റെ വൈകാരിക പ്രതികരണങ്ങൾക്കപ്പുറം, ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘മതേതര സമവായങ്ങളെയും’ മുഖ്യധാരാ ലിബറൽ ബുദ്ധിജീവികളുടെ കാപട്യങ്ങളെയും അക്കാദമികമായി അദ്ദേഹം ഇതിൽ പൊളിച്ചെഴുതുന്നുണ്ട്. വിചാരണപോലുമില്ലാതെ വർഷങ്ങൾ നീളുന്ന തടവ് ഭരണകൂടം ഒരു ആയുധമാക്കുമ്പോൾ, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ ആ ഭയത്തെ മറികടക്കാമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
ഇന്ത്യൻ ഭരണഘടനയുടെ അധികാര കേന്ദ്രീകരണ സ്വഭാവം, കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുടെ ചരിത്രപരമായ പങ്ക്, മുസ്ലിംകൾക്കും ദലിത്-ആദിവാസി വിഭാഗങ്ങൾക്കും നേരെ നടക്കുന്ന വ്യവസ്ഥാപിതമായ പാർശ്വവത്കരണം എന്നിവയെക്കുറിച്ച് ശർജീൽ നിശിതമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയിലെ നിലവിലെ ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് (FPTP) തെരഞ്ഞെടുപ്പ് സമ്പ്രദായം ന്യൂനപക്ഷങ്ങളെ സ്വാഭാവികമായും എങ്ങനെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുന്നുവെന്നും, അതിനുപകരം ആനുപാതിക പ്രാതിനിധ്യം (Proportional Representation) എന്തുകൊണ്ട് ആവശ്യമാണെന്നും അദ്ദേഹം വാദിക്കുന്നു.
ശാഹീൻ ബാഗ് സമരത്തിന്റെ യഥാർഥ ചരിത്രത്തിൽനിന്ന് തന്റെ പേര് ബോധപൂർവം മായ്ച്ചുകളഞ്ഞ ലിബറൽ പുരോഗമനവാദികളുടെ ബൗദ്ധികമായ പാപ്പരത്തത്തെയും ഈ അഭിമുഖത്തിൽ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഭരണകൂട ഭീകരതക്കും നീതിനിഷേധങ്ങൾക്കുമിടയിൽ, ഇന്ത്യൻ മുസ്ലിംകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും രാഷ്ട്രീയ ഭാവി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന ശർജീൽ ഇമാമുമായി നടത്തിയ സുദീർഘമായ അഭിമുഖമാണ് ചുവടെ. വ്യത്യസ്ത സമയങ്ങളിലായി ശർജീൽ ഇമാമിന്റെ അഭിഭാഷകനും സഹോദരനും മുഖേനയാണ് ഈ അഭിമുഖം പൂർത്തിയാക്കിയത്.
ശാഹീൻ ബാഗ് സമരത്തിന് തുടക്കം കുറിക്കുന്നതിൽ നിങ്ങൾ നിർണായക പങ്കുവഹിച്ചു. എന്നിരുന്നാലും, ശാഹീൻ ബാഗിനെക്കുറിച്ചുള്ള മുഖ്യധാരാ വിവരണങ്ങളും പുസ്തകങ്ങളും നിങ്ങളെയും മറ്റ് മുസ്ലിം സംഘാടകരെയും ബോധപൂർവം ഒഴിവാക്കുന്നതായി നിങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന് സി.എ.എ വിജ്ഞാപനം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ആ മുന്നേറ്റത്തിന്റെ യഥാർഥ പൈതൃകത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? നിങ്ങളുടെ പേരുകൾ ഒഴിവാക്കപ്പെട്ടത് എന്താണ് നമ്മോട് പറയുന്നത്?
ശാഹീൻ ബാഗ് റോഡ് ഉപരോധത്തിന്റെ യഥാർഥ ഉത്ഭവകഥയിൽനിന്ന് തുടങ്ങാം. ജെ.എൻ.യു, ജാമിഅ, ഐ.ഐ.ടി, പിന്നീട് അലീഗഢ് എന്നിവിടങ്ങളിൽനിന്നുള്ള ഒരുപിടി വിദ്യാർഥികളും, ആ പ്രധാന ഹൈവേ ഉപരോധിക്കാനുള്ള നിശ്ചയദാർഢ്യവും ഇല്ലായിരുന്നെങ്കിൽ ശാഹീൻ ബാഗ് ഉപരോധം ഉണ്ടാകുമായിരുന്നില്ല എന്ന് ഒരു അതിശയോക്തിയുമില്ലാതെ പറയാൻ കഴിയും. ഡിസംബർ 15ന്, CAA/NRCക്കെതിരെയും ഡിസംബർ 13ന് വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് ആക്രമണത്തിനെതിരെയും വലിയ രോഷമുണ്ടായിരുന്നു. എന്നാൽ, ഞാനും ആസിഫ് മുജ്തബയും നയിച്ച വിദ്യാർഥികൾ ഇല്ലായിരുന്നെങ്കിൽ അന്നത്തെ പ്രതിഷേധം വെറുമൊരു ഉച്ചതിരിഞ്ഞുള്ള ജാഥയായി മാറുമായിരുന്നു. തലേദിവസം രാത്രിതന്നെ ശാഹീൻ ബാഗിൽ പോയി ഹൈവേ ഉപരോധിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് അവിടത്തെ നിവാസികളോട് അഭ്യർഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഡിസംബർ 15ന് രാവിലെ ജാമിഅയിൽ പോയശേഷം ഞങ്ങൾ പള്ളിയിൽ പോയി നമസ്കരിച്ചു. വൈകുന്നേരം മടങ്ങിവരാൻ തീരുമാനിച്ചു, ആസിഫിന് ഐ.ഐ.ടിയിൽ പോകേണ്ടതിനാൽ അവൻ മടങ്ങി. ഞങ്ങൾ ശാഹീൻ ബാഗിലേക്ക് പോകാൻപള്ളിയുടെ പിൻവാതിലിലൂടെ പുറത്തിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം –നൂറുകണക്കിന് യുവാക്കളും തൊഴിലാളികളും– ബട്ല ഹൗസിൽനിന്ന് മുദ്രാവാക്യം വിളിച്ച് വരുന്നത് കണ്ടു. അവർ ഞങ്ങളെ തിരിച്ചറിഞ്ഞു, കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ ലഘുലേഖ വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അവരിലൊരാൾ എന്നെ തോളിലേറ്റി മൈക്ക് തന്നിട്ട് ‘ഞങ്ങൾ എന്ത് ചെയ്യണം?’ എന്ന് ചോദിച്ചു. ‘നമുക്ക് ആ കാണുന്ന ഹൈവേ ഉപരോധിക്കണം’ എന്ന് ഞാൻ മറുപടി നൽകി. ഞങ്ങൾ ഹൈവേയിൽ എത്തി ബാരിക്കേഡുകൾ വെച്ച് അത് ഉപരോധിച്ചു.
അൽപസമയത്തിനു ശേഷം, ഹൈവേയിൽ കുറച്ചകലെ എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാൻ സംസാരിക്കുന്ന ഒരു ജാഥയുണ്ടെന്നും, ഹൈവേ ഉപരോധം തുടർന്നുകൊണ്ട് തന്നെ നമുക്ക് അവരോടൊപ്പം ചേരാമെന്നും ഒരാൾ നിർദേശിച്ചു. അങ്ങനെ ഞങ്ങൾ ആ കൂട്ടത്തിൽ ചേർന്നു. അവിടെയാണ് പിന്നീട് ശാഹീൻ ബാഗ് വേദി ഉയർന്നത്. എം.എൽ.എ സംസാരിച്ചു, ഞാൻ സംസാരിച്ചു, ഇതിനിടെ തിരിച്ചെത്തിയ ആസിഫും സംസാരിച്ചു. കുറച്ചുകഴിഞ്ഞ് ജനങ്ങളോട് വീടുകളിലേക്ക് മടങ്ങാൻ എം.എൽ.എ ആവശ്യപ്പെട്ടു. ഞാൻ അതിനെ എതിർത്തു, മൈക്ക് വാങ്ങി രാത്രിയെങ്കിലും അവിടെ തുടരാൻ ആവശ്യപ്പെട്ടു, ‘നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം’ എന്ന് പറഞ്ഞു.
എം.എൽ.എയുടെ അനുയായികൾ എന്നെ ആക്രമിക്കുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു, പക്ഷേ ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. ജനങ്ങൾ എന്നെ വളയുകയും റോഡിന്റെ മറുവശത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ജനക്കൂട്ടം രണ്ടായി തിരിഞ്ഞു. പിന്നീട് എം.എൽ.എ ഞങ്ങളെ തിരികെ വിളിച്ചു, ഒരു ശബ്ദവോട്ടെടുപ്പിലൂടെ ജനങ്ങൾക്ക് അവിടെ തുടരാനാണ് താൽപര്യമെന്ന് വ്യക്തമായപ്പോൾ അദ്ദേഹം അവിടെനിന്ന് പോയി. പേക്ഷ, എന്റെ മൈക്ക് നഷ്ടപ്പെട്ടിരുന്നു. ഞാൻ ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു, പിന്നീട് ജാമിഅയിൽനിന്നുള്ള വിദ്യാർഥികൾ മൈക്ക് എത്തിച്ചുനൽകി.
ഒരു മണിക്കൂറിനുശേഷം മറ്റൊരു പ്രശ്നമുണ്ടായി. നീണ്ട താടിയും മൗലാനയുടെ വേഷവുമുള്ള ഒരാൾ കുറച്ചുപേർക്കൊപ്പം അവിടെ വന്നുനിന്നു. പിന്നീട് പൊലീസ് വന്ന് റോഡിന്റെ ഒരു വശം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ട്രാഫിക് പുനരാരംഭിച്ചയുടനെ ആ മൗലാന വേഷധാരിയും സംഘവും കാറുകൾക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ഞാൻ വേദിയിൽനിന്ന് ഇത് കാണുന്നുണ്ടായിരുന്നു. ഉടൻതന്നെ ജനങ്ങളോട് അടുത്തുള്ള ഇടവഴികളിലേക്ക് മാറിനിൽക്കാൻ ഞാൻ നിർദേശിച്ചു. ജനങ്ങൾ പിരിഞ്ഞുപോയപ്പോഴേക്കും പൊലീസ് ലാത്തിച്ചാർജ് തുടങ്ങിയിരുന്നു. ആ കല്ലെറിഞ്ഞത് പൊലീസിന്റെ ഏജന്റുമാരാണ്. ഞങ്ങൾ അവിടെനിന്ന് മാറിനിന്നു.
പുലർച്ചെയായപ്പോൾ വളന്റിയർമാർ വീണ്ടും ബാരിക്കേഡുകൾ വെച്ചുവെന്ന് വിളിച്ചുപറഞ്ഞു. ഫജ്ർ നമസ്കാരത്തിനു ശേഷം ഞാൻ വീണ്ടും പ്രസംഗിക്കാൻ തുടങ്ങി. സമരത്തെ സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാൻ ശരിയായ സമയത്ത് പിൻവാങ്ങുന്നത് എത്രത്തോളം പ്രധാനമാണെന്നാണ് ഞാൻ അന്ന് സംസാരിച്ചത്. അതാണ് ശാഹീൻ ബാഗ് റോഡ് ഉപരോധത്തിന്റെ രണ്ടാം ദിവസം ഡിസംബർ 16. ശാഹീൻ ബാഗ് പിറവിയെടുത്തിരുന്നു. ക്രമേണ ആളുകൾ കൂടിവന്നു, മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ സ്ത്രീകൾ വലിയ തോതിൽ പങ്കെടുക്കാൻ തുടങ്ങി. ഇതാണ് ശാഹീൻ ബാഗിന്റെ തുടക്കം, ഇതിന്റെ വിഡിയോകൾ എന്റെ ഫേസ്ബുക്ക് പേജിലുണ്ട്.
സി.എ.എ നിയമം നോട്ടിഫൈ ചെയ്യപ്പെട്ടെങ്കിലും എൻ.ആർ.സി ഇതുവരെ നടപ്പാക്കിയിട്ടില്ല. നമ്മുടെ സമരം കാരണം പന്ത്രണ്ടിലധികം സംസ്ഥാന നിയമസഭകൾ എൻ.ആർ.സിക്കെതിരെ പ്രമേയം പാസാക്കി. എൻ.ആർ.സി നടപ്പാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാറിന് വ്യക്തമാക്കേണ്ടി വന്നു. ഡൽഹിയിൽ ഈ സമരം ഉണ്ടായിരുന്നില്ലെങ്കിൽ 2024ന് മുമ്പ് തന്നെ എൻ.ആർ.സി നടപ്പാക്കുകയും തടങ്കൽപാളയങ്ങൾ നിർമിക്കപ്പെടുകയും ചെയ്യുമായിരുന്നു, ബി.ജെ.പിക്ക് എളുപ്പത്തിൽ ഭൂരിപക്ഷം ലഭിക്കുമായിരുന്നു. സമരം പരാജയപ്പെട്ടില്ല, ലോക്ഡൗൺ കാരണം ആളുകൾക്ക് വീടുകളിലേക്ക് മടങ്ങേണ്ടിവരുന്നതുവരെ നാലു മാസം രാജ്യത്തെ നൂറു കണക്കിന് ഇടങ്ങളിൽ അത് തുടർന്നു. ഡൽഹി കലാപത്തിനുപോലും അതിനെ തടയാനായില്ല. പിന്നീടുണ്ടായ കർഷക സമരങ്ങൾക്കുപോലും ഇതൊരു പ്രചോദനമായി. ഞങ്ങളിപ്പോൾ ജയിലിലാകാൻ കാരണം ആ സമരം വൻ വിജയമായതാണ്.
വിഭജനത്തിനുശേഷം മുസ്ലിം മധ്യമാർഗത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾ നയിച്ച ആദ്യത്തെ ചെറുത്തുനിൽപായിരുന്നു ഇത്. സ്ത്രീകൾ വലിയ തോതിൽ പങ്കെടുത്തത് അവർ എത്രത്തോളം രാഷ്ട്രീയബോധമുള്ളവരാണെന്ന് കാണിക്കുന്നു. ഞങ്ങളുടെ പുതിയ രാഷ്ട്രീയ വ്യവഹാരങ്ങൾ ദേശീയതലത്തിൽ ചർച്ചചെയ്യപ്പെട്ടു. ഗയയിലെ സ്കൂൾ കുട്ടികൾ മുതൽ അമേരിക്കയിലെ അക്കാദമിക്കുകൾ വരെയും, ചെന്നൈയിലും കൊൽക്കത്തയിലും വരെ ഞങ്ങളുടെ ആശയങ്ങൾ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു. മുസ്ലിം യുവാക്കൾക്കിടയിൽ ആരംഭിച്ച ഈ പുതിയ വ്യവഹാരങ്ങളാണ് സമരത്തിന്റെ യഥാർഥ പൈതൃകം. ഇൻസാർ സെയ്ഫി (ദി ഇന്ത്യ ഫോറം, 28-1-2026) എഴുതിയതുമായി ഞാൻ യോജിക്കുന്നു: ‘‘അതിന്റെ (ശാഹീൻ ബാഗിന്റെ) യഥാർഥ ഉത്ഭവം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.’’
ഫായിസിന്റെ ഒരു കവിതാശകലം കൊണ്ട് ഞാൻ ഈ ഭാഗം അവസാനിപ്പിക്കുന്നു:
‘‘ഞങ്ങളുടെ രക്തമോ ഹൃദയമോ
ആത്മാവോ അതിന് ഇന്ധനമായിരിക്കാം,
എങ്കിലും സഭയിൽ ചില വിളക്കുകൾ
ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്.’’
മുഖ്യധാരാ ലിബറലുകളും ബുദ്ധിജീവികളും ശാഹീൻ ബാഗിന്റെ ചരിത്രത്തിൽനിന്ന് എന്റെ പേര് മായ്ച്ചുകളയാൻ ശ്രമിച്ചതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്നാമതായി ബൗദ്ധികമായ ആഴമില്ലായ്മ. നമ്മുടെ വ്യവഹാരങ്ങളെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മയാണിത്. ഭരണഘടനയെ വിമർശിക്കുന്നത് ബി.ജെ.പിയെ അനുകൂലിക്കുന്നതിന് തുല്യമാണെന്ന് അവർ പെട്ടെന്ന് വിലയിരുത്തുന്നു. വിഭജനത്തിൽ കോൺഗ്രസിന്റെ പങ്കും, ബി.ജെ.പി കോൺഗ്രസിന്റെ അപകടകാരിയായ പിൻഗാമിയാണെന്ന സത്യവും അംഗീകരിക്കാൻ അവർ തയാറല്ല.
മതത്തെയും മതപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഏത് രാഷ്ട്രീയത്തെയും അവർ സംശയത്തോടെയാണ് കാണുന്നത്. രണ്ടാമതായി അവസരവാദം. സമരത്തിന്റെ മൂന്നാമത്തെ ആഴ്ചയായപ്പോഴേക്കും അത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു, എല്ലാവർക്കും അതിന്റെ ഭാഗമാകണമായിരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ടും വർഗീയ കലാപത്തിന് സാധ്യതയുള്ളതുകൊണ്ടും സമരം മറ്റ് നഗരങ്ങളിലേക്ക് മാറ്റാമെന്ന് ഞങ്ങൾ നിർദേശിച്ചപ്പോൾ, എന്നെ ബി.ജെ.പി ഏജന്റെന്ന് വിളിച്ച് അവർ അധിക്ഷേപിച്ചു. ഞാൻ അറസ്റ്റിലായപ്പോൾ എന്നെ തള്ളിപ്പറയാനും എന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും അവർക്ക് രണ്ടാമതൊരവസരം കൂടി ലഭിച്ചു.
അവരുടെ ഈ ബൗദ്ധികമായ ധൈര്യമില്ലായ്മയും അവസരവാദവുമാണ് എന്നെ ഒഴിവാക്കാനും ശാഹീൻ ബാഗിന്റെ ചരിത്രം വെറുമൊരു ‘മുത്തശ്ശിക്കഥ’ ആക്കി മാറ്റാനും അവരെ പ്രേരിപ്പിച്ചത്. ഞാൻ ഇവിടെ ഇൻസാർ സെയ്ഫിയെ വീണ്ടും ഉദ്ധരിക്കാം: ‘കഴിഞ്ഞ ഒന്നര ദശാബ്ദമായി, ജെ.എൻ.യു, ഡൽഹി സർവകലാശാല പോലുള്ള മികച്ച ലിബറൽ ആർട്സ് സ്ഥാപനങ്ങൾ കൃത്യമായ പാണ്ഡിത്യത്തിന്റെ ഇടങ്ങൾ എന്നതിലുപരി, ‘ആക്ടിവിസ്റ്റ്-ബ്രാൻഡുകൾ’ നിർമിക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു.’ പക്ഷേ അവർക്ക് ഞങ്ങളുടെ പേരുകൾ മായ്ച്ചുകളയാനായിട്ടില്ല. അവർ അവരുടെ ചെറിയ ലോകത്താണ് ജീവിക്കുന്നത്. എന്നാൽ, ഞങ്ങളുടെ വ്യവഹാരങ്ങൾ രാജ്യത്തുടനീളമുള്ള മുസ്ലിം യുവാക്കൾക്കിടയിൽ വളരുകയും അതിന്റേതായ ഒരു സ്വതന്ത്ര ജീവിതം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇക്ബാൽ ജവാബെ-ഷിഖ്വയിൽ പറഞ്ഞതുപോലെ: ‘ഹൃദയത്തിൽനിന്ന് വരുന്ന വാക്കുകൾക്ക് സ്വാധീനമുണ്ട്, അതിന് ചിറകുകളില്ലെങ്കിലും പറക്കാനുള്ള ശക്തിയുണ്ട്.’
ശർജീൽ ഇമാം പൊലീസ് കസ്റ്റഡിയിൽ
ജനങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും നിങ്ങൾക്ക് ലഭിച്ച അചഞ്ചലമായ പിന്തുണയും, തള്ളിപ്പറഞ്ഞ ‘ബുദ്ധിജീവി വർഗത്തിന്റെ’ വഞ്ചനയും തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞിട്ടുണ്ട്. മുഖ്യധാരാ പുരോഗമനവാദികൾ ഇത്രവേഗം നിങ്ങളുടെ കേസ് ഉപേക്ഷിക്കാൻ കാരണമെന്താണെന്നാണ് കരുതുന്നത്? ആരെയാണ് സഖ്യകക്ഷികളായി കാണുന്നത് എന്നതിനെ ഇത് മാറ്റിമറിച്ചിട്ടുണ്ടോ?
സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത വിഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് എന്നെ വിലയിരുത്തുന്നതിലെയും എന്റെ പ്രസംഗങ്ങളും ലേഖനങ്ങളും തെറ്റിദ്ധരിക്കുന്നതിലെയും അവയോട് സംവദിക്കാത്തതിലെയും പ്രശ്നങ്ങളുണ്ട്. മുഖ്യധാരാ പുരോഗമനവാദികൾ എന്തുകൊണ്ടാണ് ഇത്രവേഗം എന്നെ കൈവിട്ടതെന്ന് മനസ്സിലാക്കാൻ ഈ ഉത്തരങ്ങൾ സഹായിക്കും. അതുകൊണ്ട് തന്നെ എനിക്ക് ഇതിൽ അത്ഭുതമൊന്നും തോന്നിയിട്ടില്ല, നമ്മുടെ സഖ്യകക്ഷികൾ ആരാണെന്നതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയിട്ടുമില്ല. എന്നാൽ, ഈ വിഭാഗത്തിന്റെ ബൗദ്ധിക നിലവാരത്തെക്കുറിച്ച് വ്യക്തമാക്കാൻ ചില പൊതുവായ കാര്യങ്ങൾ കൂടി ഞാൻ കൂട്ടിച്ചേർക്കാം.
ഞാൻ മുമ്പ് എഴുതിയ ലേഖനങ്ങളിൽ സൂചിപ്പിച്ച ‘മതേതര സമവായം’ എന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നം കിടക്കുന്നത്. പെറി ആൻഡേഴ്സന്റെ ‘ഇന്ത്യൻ ഐഡിയോളജി’ എന്ന പുസ്തകത്തിൽനിന്നാണ് ഞാൻ തുടങ്ങുന്നത്. 2015ലാണ് ഞാൻ ഈ പുസ്തകം ആദ്യമായി വായിച്ചത്, എല്ലാവരും ഈ പുസ്തകത്തിന്റെ 2021ലെ ഏറ്റവും പുതിയ പതിപ്പ് വായിക്കണമെന്ന് ഞാൻ നിർദേശിക്കുന്നു. ഇന്ത്യൻ ലിബറലുകൾക്കിടയിലുള്ള സമവായങ്ങളെക്കുറിച്ചുള്ള ശക്തമായ ഒരു വിമർശനമാണിത്. ഞാൻ ഇത് ആദ്യമായി വായിച്ചപ്പോൾ, അത് എനിക്ക് അറിവ് നൽകുന്നതായിരുന്നെന്ന് മാത്രമല്ല, വളരെയധികം അർഥവത്തായും തോന്നി. ഒരു മുസ്ലിം എന്നനിലയിൽ ഇന്ത്യയിൽ ജീവിക്കുമ്പോൾ എനിക്ക് എപ്പോഴും തോന്നിയിരുന്ന കാര്യങ്ങളും, ഒരു ഗവേഷകൻ എന്നനിലയിൽ ഞാൻ കണ്ടെത്തിയ കാര്യങ്ങളുമാണ് അതിലുള്ളത്. ചുരുക്കത്തിൽ, അറിയപ്പെടുന്ന ഒരു മാർക്സിസ്റ്റ് ചരിത്രകാരനായ ആൻഡേഴ്സൺ, ‘ഇന്ത്യൻ ഐഡിയോളജി’യെ പൊളിച്ചെഴുതുകയും, ഇന്ത്യയുടെ പൗരാണികത, ഐക്യം, മതേതരത്വം എന്നിവക്കു പിന്നിലെ കെട്ടുകഥകൾ തുറന്നുകാട്ടുകയും ചെയ്യുന്നു.
കൂടാതെ, കോൺഗ്രസിനെ അടിസ്ഥാനപരമായി ഒരു ഹിന്ദു പാർട്ടിയാക്കി മാറ്റിയതിലും പൗരാണിക ജാതിവ്യവസ്ഥയെ ന്യായീകരിച്ചതിലും ഇന്ത്യക്ക് പൗരാണികമായ ഐക്യമുണ്ടായിരുന്നു എന്ന സാങ്കൽപിക ആശയങ്ങൾ പ്രചരിപ്പിച്ചതിലും ഗാന്ധിക്കും നെഹ്റുവിനുമുള്ള പങ്ക് അദ്ദേഹം അവരുടേത് തന്നെയായ വാക്കുകളിലൂടെ ഉദ്ധരിക്കുന്നു. പശുവിന്റെ പേരിൽ ആയിരക്കണക്കിന് മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും ഗാന്ധി ഗോസംരക്ഷണത്തെ പ്രോത്സാഹിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ വേണമെന്ന ആവശ്യത്തെ അവർ നിസ്സാരമായി തള്ളിക്കളയുകയും അതുവഴി വിഭജനത്തിന് നിർബന്ധിതരാക്കുകയും ചെയ്തു. ഡോ. അംബേദ്കറെ അവർ ബ്ലാക്ക് മെയിൽ ചെയ്തു (പുണെ പാക്ട്). അവർ ഇന്ത്യയെ മുഴുവൻ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവർതന്നെ ശഠിച്ചു. എന്നാൽ, യാഥാർഥ്യം അതായിരുന്നില്ല. ഈ പട്ടിക വളരെ വലുതാണ്, ഒരു പുസ്തകം എഴുതാനുള്ള കാര്യങ്ങൾ ഇതിലുണ്ട്. അതുകൊണ്ട് ‘ഇന്ത്യൻ ഐഡിയോളജി’ എന്ന പുസ്തകത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങൾ വായിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
എന്റെ ഗവേഷണത്തിൽനിന്നുള്ള ഒരു സംഭവംകൂടി ഞാൻ കൂട്ടിച്ചേർക്കാം. വട്ടമേശ സമ്മേളനത്തിനിടെ, മുസ്ലിം പ്രതിനിധി സംഘത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെങ്കിൽ ഗാന്ധി ഒരു വ്യവസ്ഥ മുന്നോട്ടുവെച്ചു, ‘അയിത്തജാതിക്കാരുടെ പ്രത്യേക ആവശ്യങ്ങളെ മുസ്ലിംകൾ പിന്തുണക്കരുത്.’ ഇതിന് ഇക്ബാൽ നിഷേധാത്മകമായാണ് മറുപടി നൽകിയത്. കോൺഗ്രസ് നേതൃത്വം മുസ്ലിം-ദലിത് ആവശ്യങ്ങളോട് കാട്ടിയ കാപട്യത്തിന്റെയും വഞ്ചനയുടെയും നിബന്ധനകളുടെയും നിരവധി ഉദാഹരണങ്ങൾ എന്റെ ഗവേഷണത്തിനിടയിൽ ഞാൻ കണ്ടിട്ടുണ്ട്.
ചില ഇന്ത്യൻ ബുദ്ധിജീവികൾ ആൻഡേഴ്സനെ ഖണ്ഡിക്കാൻ ശ്രമിച്ചെങ്കിലും, ആ ദുർബലമായ ശ്രമങ്ങളൊന്നും അത്രയും ശക്തമായ ഒരു കൃതിയെ അസാധുവാക്കുന്നില്ല. അതിനെല്ലാം ആൻഡേഴ്സൺ തന്റെ പുസ്തകത്തിന്റെ പിന്നീടുള്ള പതിപ്പുകളിൽ മറുപടി നൽകിയിട്ടുമുണ്ട്. ഞാൻ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുപോലെ, ജിന്നയോട് ഒട്ടും സ്നേഹമില്ലാതിരുന്ന മൗലാനാ ആസാദ് പോലും വിഭജനത്തിന് കുറ്റപ്പെടുത്തുന്നത് നെഹ്റുവിനെയാണ്. കൂടാതെ, അവസാന നിമിഷം വരെ കാബിനറ്റ് മിഷൻ പ്ലാനിനെ അദ്ദേഹം അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ: ‘പാകിസ്താൻ എന്ന ആശയത്തിന്റെ എല്ലാ ദൗർബല്യങ്ങളും ഒഴിവാക്കിയതും, എന്നാൽ അതിലെ ഗുണങ്ങളെല്ലാം ഉൾക്കൊള്ളുന്നതുമാണ് സി.എം.പി.’
ഗാന്ധിയെയും അദ്ദേഹത്തിന്റെ വിശ്വാസങ്ങളെയും കുറിച്ചുള്ള ‘ആദ്യത്തെ സൂക്ഷ്മമായ വിവരണം’ കാതറിൻ ടിഡ്റിക്കിന്റെ ‘ഗാന്ധി -എ പൊളിറ്റിക്കൽ ആൻഡ് സ്പിരിച്വൽ ലൈഫ്’ എന്ന പുസ്തകമാണെന്ന് ആൻഡേഴ്സൺ എഴുതുന്നു. എന്നാൽ, ഇന്ത്യയിൽ ഈ പുസ്തകം ഒരു ‘ബധിരമായ നിശ്ശബ്ദതയോടെയാണ്’ സ്വീകരിക്കപ്പെട്ടത്. ഇത് പ്രതീക്ഷിക്കാവുന്നതേയുള്ളൂ, കാരണം ‘ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ ചിന്താഗതിക്കാരും ഒരു ദേശീയ ബിംബത്തെ ഔദ്യോഗികമായി ആരാധിക്കാൻ ഒന്നിച്ചുനിൽക്കുന്ന ഒരു സാഹചര്യത്തിൽ, ഗാന്ധിയെക്കുറിച്ചുള്ള ഗൗരവമേറിയ വിമർശന പഠനങ്ങൾക്ക് വിലയുണ്ടാകില്ല’ എന്ന് അദ്ദേഹം പറയുന്നു.
കൂട്ടായ ഓർമക്കുറവും സഖ്യകക്ഷികളും
വ്യക്തിപരമായ ഒരു സംഭവംകൂടി പറയാം, പ്രമുഖനായ ഒരു ബുദ്ധിജീവിയോട് എന്റെ ഒരു സുഹൃത്ത് എന്നെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ബിഹാറിലെ മുസ്ലിംകൾക്കെതിരെ 1946ൽ നടന്ന ആക്രമണങ്ങളായിരുന്നു എന്റെ എം.ഫിൽ വിഷയം എന്ന് സുഹൃത്ത് പറഞ്ഞപ്പോൾ, അത് ബംഗാളിലെ നവഖാലി കലാപത്തിന് മുമ്പാണോ അതോ ശേഷമാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി. 1946 ഒക്ടോബറിൽ നവഖാലി, ടിപ്പേര ജില്ലകളിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 182 പേരാണ് കൊല്ലപ്പെട്ടത് –കൂടുതലും ഹിന്ദുക്കളായിരുന്നു. ഇതിന് പ്രതികാരമായി രണ്ടാഴ്ചക്കു ശേഷം ബിഹാറിൽ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തു; 1946 നവംബറിലെ ആ രണ്ടാഴ്ചക്കുള്ളിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 5000 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ അഭയാർഥികളാവുകയും ചെയ്തു.
കൃത്യം ഇതേ സമയത്താണ് സമാധാനം പുനഃസ്ഥാപിക്കാൻ ഗാന്ധിജി തന്റെ ലോകപ്രശസ്തമായ ബംഗാൾ യാത്ര നടത്തിയത്. ഇവിടെ ആളുകൾ നവഖാലി ഓർക്കുന്നു, ഗാന്ധിയുടെ ബംഗാൾ യാത്രയെക്കുറിച്ച് വാഴ്ത്തിപ്പാടുന്നു, പക്ഷേ അവർ ബിഹാർ മറന്നുപോയി. കൂട്ടക്കൊലകൾ ആരംഭിച്ച് ഒരാഴ്ചക്കു ശേഷം നെഹ്റു അവിടെയെത്തി അത് നിയന്ത്രിക്കാൻ ശ്രമിച്ചു എന്നത് ശരിയാണ്, പക്ഷേ അത് വളരെ വൈകിപ്പോയിരുന്നു. ഡാൽമിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ‘ടൈംസ് ഓഫ് ഇന്ത്യ’ അപ്പോഴേക്കും നവഖാലിയിലെ കണക്കുകൾ വലിയ തോതിൽ പെരുപ്പിച്ചുകാണിച്ചിരുന്നുവെന്ന് എന്റെ ഗവേഷണത്തിൽ കണ്ടെത്തി. ബിഹാർ കൂട്ടക്കൊലക്കു ശേഷം അവർ ഒരു കത്ത് പ്രസിദ്ധീകരിച്ചു: ‘നവഖാലിയെക്കുറിച്ചുള്ള സത്യം ആ സമയത്ത് അറിഞ്ഞിരുന്നെങ്കിൽ... ബിഹാറിലെ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നില്ല.’ ഇത് ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ വരികൾക്കിടയിലുള്ള ഒരു ക്ഷമാപണമായിരുന്നു.
മുസ്ലിംകളുടെ ദുരിതങ്ങൾ, വർഗീയ പ്രശ്നങ്ങൾ, ഭരണഘടനാ ചർച്ചകൾ എന്നിവയെല്ലാം മറന്നുപോകുന്നത്, ചരിത്രത്തിലെ സംഭവങ്ങളെ തങ്ങൾക്ക് വേണ്ടതുപോലെ മാത്രം ഓർമിക്കുന്നത്, ഗാന്ധിയെയും നെഹ്റുവിനെയും അന്ധമായി ആരാധിക്കുന്നത് –ഇതെല്ലാം ഭൂരിഭാഗം ലിബറലുകളുടെയും പുരോഗമനവാദികളുടെയും പ്രത്യേകതകളാണ്; അവയാണ് ‘മതേതര സമവായത്തിന്റെ’ അടിസ്ഥാന ഘടകങ്ങളും. ഇത്തരമൊരു സാഹചര്യത്തിൽ, ചിന്തിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരു മുസ്ലിമിന് സഹതാപം നിറഞ്ഞ ഒരു കേൾവിക്കാരനെ പ്രതീക്ഷിക്കാനാവില്ല, ഞാൻ പറയുന്നത് അവർക്ക് മതനിന്ദപോലെയാണ്. ഏറ്റവും നല്ല ഉദ്ദേശ്യമുള്ളവർപോലും നിർഭാഗ്യവശാൽ ഈ കെട്ടുകഥകളിൽ അന്ധമായി വിശ്വസിക്കുന്നവരാണ് -നിരന്തരം ആവർത്തിക്കുന്നതിലൂടെ അത് അവർക്ക് മാറ്റാനാവാത്ത സത്യമായി മാറിയിരിക്കുന്നു.
എന്നാൽ, മുസ്ലിം ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്നങ്ങളല്ല, സത്യത്തിൽ നമ്മൾ പറയുന്ന വ്യവഹാരങ്ങളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ അവർ സഹായിക്കും -നിങ്ങൾ അവരെ കേൾക്കാൻ തയാറാകണം എന്നു മാത്രം. ഇന്ത്യയിലെ രണ്ടാംകിട പൗരന്മാർ എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങൾ പുതിയതല്ല, നമ്മുടെ പിതാക്കന്മാരും മുത്തച്ഛന്മാരുമെല്ലാം ഇതുതന്നെയാണ് അനുഭവിച്ചത്. ജനങ്ങൾക്ക് ഈ ‘മതേതര സമവായം’ സംരക്ഷിക്കാൻ ഒരു താൽപര്യവുമില്ല. അക്ബർ ഇലാഹാബാദിയുടെ ഈ കവിതാശകലം അവരോട് പറഞ്ഞാൽ അവർ ചിരിച്ചുകൊണ്ട് അത് ശരിവെക്കും: ‘സഹോദരാ, ഗാന്ധിയുടേത് വളരെ പവിത്രമായ ഒരു ജോലിയാണ്, കയ്യിൽ ഒരു രാംപുരി കത്തിയുണ്ട്, ചുണ്ടിൽ രാമന്റെ നാമവും’
മുസ്ലിം ജനങ്ങൾക്കും ജെ.എൻ.യു, അലീഗഢ് മുസ്ലിം സർവകലാശാല, ഐ.ഐ.ടി തുടങ്ങിയിടങ്ങളിലെ മുസ്ലിം വിദ്യാർഥികൾക്കും പുറമെ ഞങ്ങളെ പിന്തുണക്കാൻ ആദ്യമെത്തിയ സംഘടിത ശക്തി BAPSAയും (ജെ.എൻ.യുവിലെ അംബേദ്കറൈറ്റ്), എന്റെ അറസ്റ്റിന് കുറച്ചുനാളുകൾക്കുശേഷം ജെ.എൻ.യുവിലെ മറ്റ് ഇടതുപക്ഷ സംഘടനകളുമായിരുന്നു. തുടക്കം മുതൽ തന്നെ ബോംബെ ഐ.ഐ.ടിയിലെയും മറ്റ് ഐ.ഐ.ടിയിലെയും എന്റെ സുഹൃത്തുക്കൾ എന്നെ പിന്തുണച്ചിരുന്നു;
അവർക്ക് എന്നെ വ്യക്തിപരമായി അറിയാമെന്നതുകൊണ്ട് മാത്രമല്ല, കൃത്യമായ തെളിവുകളില്ലാതെ ഞാൻ സംസാരിക്കില്ലെന്ന് അവർക്കറിയാമായിരുന്നു. ഞാൻ അറസ്റ്റിലായ സമയത്ത് പിന്തുണയറിയിച്ചുകൊണ്ട് പലരും എനിക്ക് കത്തെഴുതി -ഡൽഹിയിലെ ‘പുരോഗമനവാദികൾക്കിടയിൽ’ ആരും എനിക്കൊപ്പം ഇല്ലാതിരുന്ന സമയത്തും ബംഗാളിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് വർഷങ്ങൾക്കുമുമ്പ് ബംഗാളിൽനിന്നുള്ള ഒരു സുഹൃത്ത് എനിക്ക് കത്തെഴുതിയിരുന്നു; സമാനമായ ഒരു സന്ദേശം തമിഴ്നാട്ടിൽനിന്നും വന്നു.
അതുകൊണ്ടുതന്നെ രാജ്യത്തുടനീളമുള്ള വിവിധ സമുദായങ്ങളിൽനിന്ന് ഞങ്ങൾക്ക് സ്വാഭാവികമായിത്തന്നെ സഖ്യകക്ഷികളെ ലഭിച്ചു, എന്നാൽ, മുസ്ലിം യുവാക്കളും ജനങ്ങളുമാണ് പ്രധാന ശക്തിയായി ഉയർന്നുവന്നത് -കൂടാതെ നൂറുകണക്കിന് യുവ ഗവേഷകരും (മുസ്ലിംകൾ, ദലിതർ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാവരും) ഞങ്ങളോടൊപ്പമുണ്ട്. ഇനി നമ്മൾ ചെയ്യേണ്ടത് മറ്റ് അടിച്ചമർത്തപ്പെട്ട സമൂഹങ്ങളിലെ ജനങ്ങളുമായി ബന്ധംസ്ഥാപിക്കുക എന്നതാണ് -ഗാന്ധി, നെഹ്റു, കോൺഗ്രസ് തുടങ്ങിയവരെക്കുറിച്ചുള്ള ഈ കെട്ടുകഥകളിൽ അവർക്ക് വിശ്വാസമില്ല;
അതുകൊണ്ട് തന്നെ ഒരു പൊതു മുന്നണി രൂപവത്കരിക്കാൻ നമുക്ക് സാധിക്കും; ഒപ്പം ഇതിനെക്കുറിച്ച് പുതിയ ചിന്താഗതികൾ പര്യവേക്ഷണം ചെയ്യാൻ തയാറുള്ള എല്ലാ സമുദായങ്ങളിലെയും വിമർശനാത്മകമായി ചിന്തിക്കുന്ന ഗവേഷകരെയും മുമ്പ് സൂചിപ്പിച്ചതുപോലെ തങ്ങൾ പഠിച്ചുവെച്ച കാര്യങ്ങൾ തിരുത്തി നമ്മോടൊപ്പം പ്രവർത്തിക്കാൻ തയാറുള്ള നല്ല ഉദ്ദേശ്യമുള്ള ലിബറലുകളെയും മതേതരവാദികളെയും നമുക്ക് ഒപ്പം നിർത്താം.
നിങ്ങൾ കോൺഗ്രസ് പോലുള്ള പാർട്ടികൾ നയിക്കുന്ന ‘മതേതര സമവായത്തെ’ ശക്തമായി വിമർശിക്കുകയും, ഭൂരിപക്ഷാധിപത്യം തടയുന്നതിനുള്ള ഘടനാപരമായ മാറ്റങ്ങളെ അവഗണിക്കുന്ന ഒരു ‘നുണയും കെണിയുമാണ്’ ഇതെന്ന് വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള ലിബറൽ ഘടകങ്ങൾ സ്വീകരിച്ചിട്ടുള്ള ‘മതേതരത്വം’ എന്ന ആശയത്തെ സംഘ്പരിവാർ ‘മുസ്ലിം പ്രീണനം’ ആയി ചിത്രീകരിക്കുന്നു. ഇതുവഴി ഈ ആശയം മുസ്ലിംകളോട് അനുഭാവം കാണിക്കുന്നതാണെന്ന് വരുത്തിത്തീർക്കുകയും, വർധിച്ചുവരുന്ന ശത്രുതാപരമായ അന്തരീക്ഷത്തിൽ അതിജീവനത്തിനായി അതിനെ ആശ്ലേഷിക്കാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ഈ ചുരുങ്ങിയ ഇടത്തിലേക്ക് ഒതുങ്ങാതെ സമൂഹത്തിന് എങ്ങനെ ഇതിൽനിന്ന് സ്വയം മോചിതരാകാനും ഈ ആശയത്തെ വിമർശിക്കാനും കഴിയുമെന്ന് നിങ്ങൾ കരുതുന്നു?
ഇതുകൊണ്ടാണ് ഞാൻ ഇതിനെ ഒരു കെണി എന്ന് വിളിച്ചത്. ഇത് ഒരു പരിഹാരമായി അവതരിപ്പിക്കപ്പെടുന്നു; എന്നാൽ വാസ്തവത്തിൽ ഇത് നമ്മെ ഒരു വിഷമവൃത്തത്തിൽ കുടുക്കുകയും നിലവിലെ അവസ്ഥയെ ബലപ്പെടുത്തുകയും ബൗദ്ധികമായി നമ്മെ തടവിലാക്കുകയും കൂടുതൽ അർഥവത്തായ തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിൽനിന്ന് നമ്മെ തടയുകയും ചെയ്യുന്നു. ആദ്യപടി ധാർമികവും ബൗദ്ധികവുമായ വ്യക്തതയാണ്. ഇവിടെ എന്താണ് സംഭവിച്ചതെന്ന് നമുക്ക് പരിശോധിക്കാം, അധികാര കേന്ദ്രീകരണത്തിന് വേണ്ടി കോൺഗ്രസ് മുസ്ലിംകളുടെ ന്യായമായ ജനാധിപത്യ-ഭരണഘടനാ ആവശ്യങ്ങൾ നിരസിക്കുകയും, വിഭജനത്തിന് നിർബന്ധിതരാക്കുകയും മുസ്ലിംകൾക്ക് നിയമപരമായ ഉറപ്പുകളൊന്നും നൽകാത്ത ഒരു ഘടന രൂപകൽപന ചെയ്യുകയും ചെയ്തു.
റിപ്പബ്ലിക്കിന്റെ ചരിത്രം എന്നത് മുസ്ലിംകൾക്കെതിരായ അക്രമങ്ങളുടെയും രാഷ്ട്രീയ പാർശ്വവത്കരണത്തിന്റെയും ചരിത്രമാണ്. കോൺഗ്രസ് തകർന്ന ചില പ്രദേശങ്ങളിൽ (തമിഴ്നാട്, ’90കളിൽ യു.പി, ബിഹാർ) മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം ലഭിച്ചത്. എന്നാൽ, കോൺഗ്രസ് ഉണ്ടാക്കിയ ഘടന വളരെ ശക്തമായിരുന്നതിനാൽ, പിന്നാക്ക ജാതിക്കാരും മുസ്ലിംകളും നടത്തിയ ഈ ശ്രമങ്ങൾ താൽക്കാലികമായി മാറുകയും അധികാര വികേന്ദ്രീകരണത്തിലോ സമുദായ അവകാശങ്ങളിലോ ശാശ്വതമായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞില്ല (മണ്ഡൽ കമീഷൻ ഒഴികെ). രണ്ട് പതിറ്റാണ്ടിനുള്ളിൽ, കോൺഗ്രസിന്റെ പിൻഗാമിയായ ബി.ജെ.പി പ്രബല ശക്തിയായി മാറി. അവർ കൂടുതൽ കേന്ദ്രീകൃതവും അപകടകരവും മുസ്ലിം വിരുദ്ധവുമാണ്.
ഈ ഘടന മുസ്ലിംകളെ ഒഴിവാക്കാൻ രൂപകൽപന ചെയ്തിട്ടുള്ളതാണെന്ന സത്യം ബി.ജെ.പി എല്ലാവർക്കും കാണിച്ചുകൊടുത്തു. ഇപ്പോൾ, ഈ അനുഭവങ്ങളിൽനിന്ന് പഠിച്ച് പുതിയ ജനാധിപത്യ വ്യവഹാരങ്ങൾ വികസിപ്പിക്കുന്നതിന് പകരം, 1990കൾക്ക് മുമ്പുള്ള അതേ അടിച്ചമർത്തൽ കാലഘട്ടത്തിലേക്ക് അന്ധമായി മടങ്ങാനാണ് നമ്മളോട് ആവശ്യപ്പെടുന്നത്. കോൺഗ്രസ് നയിക്കുന്ന ഒരു സർക്കാർ താൽക്കാലിക ആശ്വാസം നൽകിയേക്കാം, പക്ഷേ അത് നമ്മുടെ പ്രശ്നം പരിഹരിക്കില്ല.
ആ ഘടനയുടെ മുസ്ലിം വിരുദ്ധ സ്വഭാവം മാറ്റുകയുമില്ല, നമ്മൾ ഈ ബി.ജെ.പി-കോൺഗ്രസ് വിഷമവൃത്തത്തിൽ കുടുങ്ങിക്കിടക്കും. ക്രിയാത്മക രാഷ്ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വികസിപ്പിക്കുക എന്നതാണ് ഏക പോംവഴി. അധികാരവികേന്ദ്രീകരണം, ആനുപാതിക പ്രാതിനിധ്യം, സ്വയംഭരണ സ്ഥാപനങ്ങൾ, ദലിത് മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളെ അംഗീകരിക്കൽ, മുസ്ലിം സംവരണം (പിന്നാക്ക ജാതിക്കാർക്ക് വിഹിതം നൽകിക്കൊണ്ട്) എന്നിവയാണ് ഈ ക്രിയാത്മക രാഷ്ട്രീയത്തിന്റെ പ്രധാന ആവശ്യങ്ങൾ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻ ബാഗിൽ നടന്ന പ്രതിഷേധം
കോൺഗ്രസിന്റെയും മതേതര പാർട്ടികളുടെയും നിലപാടുകൾ
ഇന്ത്യയിൽ ഏകദേശം 250 ദശലക്ഷം മുസ്ലിംകളുണ്ട്. ഇവിടത്തെ ജനാധിപത്യത്തിൽ ഒരു സ്വാധീനവുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനവിഭാഗങ്ങളിൽ ഒന്നാണിത്. ഇവിടെ രാഷ്ട്രീയവും ബൗദ്ധികവുമായ നേതൃത്വത്തിന്റെ ഒരു ശൂന്യതയുണ്ട്. ഈ ശൂന്യത കോൺഗ്രസും (മതേതര പാർട്ടികളും) മറുവശത്ത് ആർ.എസ്.എസും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നികത്താൻ ആഗ്രഹിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. ഡി.എം.കെ പോലുള്ള ഒന്നോ രണ്ടോ പാർട്ടികളൊഴികെ മറ്റെല്ലാ മതേതര പാർട്ടികളും മുസ്ലിംകളെ ഒരു വോട്ട് ബാങ്ക് മാത്രമായി കാണാൻ ആഗ്രഹിക്കുന്നു. മുസ്ലിംകളുടെ രാഷ്ട്രീയ മുന്നേറ്റത്തെ അവർ നിരുത്സാഹപ്പെടുത്തുകയും, ബി.ജെ.പിയോടുള്ള ഭയം കാരണം നമ്മൾ അവർക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
ഘടനാപരമായ മാറ്റങ്ങളുടെ കാര്യത്തിൽ, ദ്രാവിഡ-ലോഹ്യ ശക്തികൾ കോൺഗ്രസിനേക്കാൾ അനുഭാവപൂർവം പെരുമാറുന്നവരാണ്. സാമ്പത്തികമായി നോക്കിയാൽ, കോൺഗ്രസ് നവഉദാരവത്കരണത്തിന് തുടക്കം കുറിച്ചവരാണ്, ബി.ജെ.പിയുടെ ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് വലിയ വ്യത്യാസമൊന്നും അവർക്കില്ല. കോൺഗ്രസിന് മാത്രമുള്ള രണ്ട് പ്രധാന പ്രശ്നങ്ങളുണ്ട്. ഒന്നാമതായി, അവർ ദ്വികക്ഷി സമ്പ്രദായം ആഗ്രഹിക്കുന്നു, പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഇത് മുസ്ലിംകളെ സംബന്ധിച്ച് അപകടകരമാണ്, കാരണം പ്രാദേശിക പാർട്ടികളാണ് മുസ്ലിംകൾക്ക് കുറച്ചെങ്കിലും രാഷ്ട്രീയ പ്രാതിനിധ്യം നൽകിയിട്ടുള്ളത്. രണ്ടാമതായി, കോൺഗ്രസിന് വളരെ മോശമായ ഒരു ഭൂതകാലമുണ്ട്. വിഭജനം, ഒ.ബി.സി സംവരണത്തെ എതിർത്തത്, അടിയന്തരാവസ്ഥ, മുസ്ലിം-ദലിത് കൂട്ടക്കൊലകൾ തുടങ്ങി നിരവധി കാര്യങ്ങൾ ഇതിൽ പെടുന്നു.
നമ്മൾ കോൺഗ്രസിനെ അന്ധമായി പിന്തുണക്കുമ്പോൾ, അത് ബി.ജെ.പിക്കൊരു ആയുധമായി മാറുന്നു. നമ്മൾ നമ്മളെ അടിച്ചമർത്തുന്നവരെത്തന്നെ ന്യായീകരിക്കാൻ നിർബന്ധിതരാകുന്നു. ഒരു മാതൃകാ മുസ്ലിം ഒരിക്കലും തങ്ങളുടെ ഭൂതകാലത്തെ ചോദ്യം ചെയ്യരുതെന്നും കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടുവന്നാൽ മാത്രം മതിയെന്നുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വരുന്നത് ആർ.എസ്.എസ്-ബി.ജെ.പി ആഗ്രഹിക്കാത്തതിനാൽ, മുസ്ലിംകൾക്കിടയിൽനിന്ന് തന്നെ അവർക്ക് ഗുണകരമാകുന്ന ഒരാളെയോ പാർട്ടിയെയോ അവർ തിരഞ്ഞെടുക്കും. അവർക്ക് താഴെ പറയുന്ന സ്വഭാവങ്ങൾ ഉണ്ടായിരിക്കും:
കോൺഗ്രസ്, ഡി.എം.കെ, എസ്.പി, ആർ.ജെ.ഡി, സി.പി.ഐ തുടങ്ങിയവയെല്ലാം മുസ്ലിംകൾക്ക് ഒരുപോലെ ഹാനികരമാണെന്ന് അവർ പറയും (ഇത് തികച്ചും തെറ്റാണ്).
ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് അവർക്ക് യാതൊരു കാഴ്ചപ്പാടും ഉണ്ടാകില്ല. ജനങ്ങളെ ആകർഷിക്കാൻ അവർ വൈകാരികവും മതപരവുമായ പ്രസംഗങ്ങൾ ഉപയോഗിക്കും. അവർക്ക് സംഘടനാശേഷി ഉണ്ടാകില്ല. അവർ തെരഞ്ഞെടുപ്പ് സമയത്തു മാത്രം പ്രത്യക്ഷപ്പെടുകയും വിജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത സ്ഥലങ്ങളിൽ ബി.ജെ.പിയെ സഹായിക്കാൻവേണ്ടി മാത്രം മത്സരിക്കുകയും ചെയ്യും. തെരുവുസമരങ്ങളിൽ അവർ മുൻപന്തിയിൽ ഉണ്ടാകില്ല.
ഇത്തരം പാർട്ടികൾ നമ്മെ ഈ മതേതര കെണിയിൽനിന്ന് രക്ഷിക്കാനെന്ന വ്യാജേന വലിയ കുഴിയിലാണ് ചാടിക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് മുസ്ലിംകളുടെ ഉത്തരവാദിത്തമല്ലെന്നത് വളരെ അപകടകരമായ ഒരു പ്രസ്താവനയാണ്. ബി.ജെ.പിയെയും ഫാഷിസ്റ്റുകളെയും പരാജയപ്പെടുത്തുക എന്നത് നമ്മുടെ ക്രിയാത്മക രാഷ്ട്രീയത്തിന്റെ പ്രധാന ഭാഗമാണ്.
മുന്നോട്ടുള്ള വഴി
ബി.ജെ.പി-ആർ.എസ്.എസ് കോൺഗ്രസിനേക്കാൾ വളരെ അപകടകാരികളാണെന്നത് വ്യക്തമാണ്. എന്നാൽ ദ്രാവിഡ പാർട്ടികൾ, കമ്യൂണിസ്റ്റുകൾ, ലോൈഹ്യറ്റുകൾ, അംബേദ്കറൈറ്റുകൾ, മറ്റ് പ്രാദേശിക പാർട്ടികൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് അപകടകാരിയാണ്. സാധ്യമാകുന്നിടത്തെല്ലാം കോൺഗ്രസിനെക്കാൾ ഉപരിയായി നമ്മൾ ഈ പാർട്ടികളുമായി സഖ്യമുണ്ടാക്കണം. അധികാര വികേന്ദ്രീകരണത്തിൽ നമുക്ക് അവരെ പിന്തുണക്കാം, പകരം ന്യൂനപക്ഷ-മുസ്ലിം വിഷയങ്ങളിൽ അവരുടെ പിന്തുണ തേടാം. അധികാര വികേന്ദ്രീകരണവും സമുദായ അടിസ്ഥാനത്തിലുള്ള നിയമപരമായ സുരക്ഷയും ഉറപ്പാക്കുന്ന ഒരു യഥാർഥ വിമോചന-ജനാധിപത്യ വ്യവഹാരം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ നമ്മുടെ സമുദായം ഈ ‘മതേതര’ ഇടത്തിലേക്ക് ചുരുങ്ങിപ്പോകുന്നതിൽനിന്ന് തടയാനാകൂ. ധാർമികവും ബൗദ്ധികവുമായ വ്യക്തതയിലധിഷ്ഠിതമായ ഒരു വ്യവഹാരമാണിത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.