വ്യത്യസ്തതകൾക്കപ്പുറം ഒരേ വികാരങ്ങളുള്ള വെറും മനുഷ്യരാണ് നമ്മൾ
സമകാലിക സിംഹള സാഹിത്യത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായി ഉയർന്നുവരുന്ന എഴുത്തുകാരിയാണ് മനുഷ പ്രഭാനി ദിസ്സനായകെ. ആവര്‍ത്തിച്ചുപോരുന്ന എഴുത്തുശൈലികളില്നിന്ന് വേറിട്ടാണ് മനുഷയുടെ സഞ്ചാരം. മനുഷയുടെ എഴുത്തുശൈലി ലളിതമാണ്. എന്നിരുന്നാലും, ആ ലാളിത്യത്തിൽ ആഴത്തിലുള്ള വികാരങ്ങളും ചിന്തകളും ഒളിഞ്ഞിരിക്കുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടും. സങ്കീർണമായ വാക്കുകൾക്കുപകരം യഥാർഥമായ വികാരങ്ങൾ പകര്‍ന്ന് വായനക്കാരെ ആകർഷിക്കാൻ തക്കതായ...
സമകാലിക സിംഹള സാഹിത്യത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായി ഉയർന്നുവരുന്ന എഴുത്തുകാരിയാണ് മനുഷ പ്രഭാനി ദിസ്സനായകെ. ആവര്‍ത്തിച്ചുപോരുന്ന എഴുത്തുശൈലികളില്നിന്ന് വേറിട്ടാണ് മനുഷയുടെ സഞ്ചാരം. മനുഷയുടെ എഴുത്തുശൈലി ലളിതമാണ്. എന്നിരുന്നാലും, ആ ലാളിത്യത്തിൽ ആഴത്തിലുള്ള വികാരങ്ങളും ചിന്തകളും ഒളിഞ്ഞിരിക്കുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടും. സങ്കീർണമായ വാക്കുകൾക്കുപകരം യഥാർഥമായ വികാരങ്ങൾ പകര്‍ന്ന് വായനക്കാരെ ആകർഷിക്കാൻ തക്കതായ ശക്തി അവരുടെ എഴുത്തിനുണ്ട്. അതുകൊണ്ടാണ് പ്രായഭേദമില്ലാതെ എല്ലാ വായനക്കാരെയും അവരുടെ കഥകൾ ആകർഷിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ആന്തരിക സൗന്ദര്യവും ബലഹീനതകളും പകർത്തുന്ന സാക്ഷ്യങ്ങളാണ് അവരുടെ കഥകൾ. അവ വായനക്കാരെ രസിപ്പിക്കുക മാത്രമല്ല, സ്വന്തം ജീവിതത്തെയും ബന്ധങ്ങളെയും പുനഃപരിശോധിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സ്നേഹം, സൗഹൃദം, കുടുംബം, ആഗ്രഹങ്ങൾ, നഷ്ടങ്ങൾ, ഓർമകൾ, പ്രതീക്ഷകൾ തുടങ്ങിയ പൊതുവായ മനുഷ്യാനുഭവങ്ങൾ അവരുടെ കൃതികളുടെ സത്തയായതിനാൽ, അവ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും സഞ്ചരിക്കുന്നു. മനുഷ പ്രഭാനി ദിസ്സനായകെയുമായി അവരുടെ എഴുത്തുജീവിതത്തെക്കുറിച്ച് സംസാരിക്കാം.
സാഹിത്യ കൃതികളുടെ കൈയെഴുത്തു പ്രതികൾക്ക് നൽകുന്ന വിദർശന സാഹിത്യ പുരസ്കാരത്തിന്റെ ഏറ്റവും മികച്ച ഏഴു കൃതികളിൽ ഒന്നായി താങ്കളുടെ കഥാസമാഹരം ഇടം പിടിച്ചതു മുതലാണ് സിംഹള സാഹിത്യ ലോകം താങ്കളുടെ എഴുത്തുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതുവരെ ഏതെങ്കിലുമൊരു സൃഷ്ടി പ്രസിദ്ധീകരിക്കാൻ നൽകുകയോ ചെയ്തിട്ടില്ല. എഴുത്തിലേക്ക് വരാനുള്ള സാഹചര്യത്തെക്കുറിച്ച് പറയാമോ?
▲ കുട്ടിക്കാലം മുതൽ ഞാൻ എഴുതുന്നുണ്ട്. എന്നാല്‍, പുരസ്കാരത്തിനു സമര്‍പ്പിച്ച കൃതിയിലെ മിക്ക കഥകളും 2015നും 2018നുമിടയിൽ എഴുതിയവയാണ്. അവയിൽ ചിലത് പത്തു വർഷത്തോളം തൊടാതെ കിടന്നിരുന്നു. 2024ന്റെ തുടക്കത്തിൽ പ്രഥമ വിദർശന സാഹിത്യ പുരസ്കാരവുമായി ബന്ധപ്പെട്ട ഒരു അറിയിപ്പ് കണ്ടു. രസകരമെന്തെന്നാല്‍ പെട്ടെന്ന് അത് എന്റെ രചനകളെക്കുറിച്ചല്ല ഓർമിപ്പിച്ചത്. മറിച്ച്, ജോലിസ്ഥലത്തെ എന്റെ സഹപ്രവർത്തകയും കവിയുമായ സച്ചിനിയാണ് എന്റെ ഓർമയില്‍ വന്നത്. ഇക്കാര്യം അവളെ അറിയിച്ചപ്പോള്‍ ‘ഞാൻ എന്റെ രചനകള്‍ സമർപ്പിക്കാം, നീയും ചെറുകഥകൾ എഴുതാറുണ്ടല്ലോ’യെന്ന് അവള് ചോദിക്കുകയും ചെയ്തു. ലളിതമായ ആ ചോദ്യം അടുത്ത ഇരുപത്തിനാല് മണിക്കൂർ നേരം എന്റെ മനസ്സിൽ കറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ, ഇത് നല്ലൊരു അവസരമായിരിക്കുമെന്ന് എനിക്കു തോന്നി.
ആ സമയത്ത്, ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ എനിക്കൊട്ടും ഉദ്ദേശ്യമില്ലായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് വളരെയേറെ തിരക്കിലായിരുന്നു ഞാന്‍. എന്റെ ഒഴിവുസമയങ്ങളിൽപോലും ഒരു സമാഹാരമായി പുറത്തിറക്കണമെന്ന ചിന്ത എന്റെ മനസ്സിൽ ഒരിക്കലും കടന്നുവന്നിരുന്നില്ല. മത്സരവുമായി ബന്ധപ്പെട്ട് എന്നെ ഏറ്റവും ആകർഷിച്ചത് അതിന്റെ അജ്ഞാതമായ വിധിനിർണയ പ്രക്രിയയായിരുന്നു. എന്റെ കൈയെഴുത്തുപ്രതിക്ക് പരിഗണനാ പട്ടികയില്‍ ഇടം ലഭിച്ചാല്‍തന്നെ എന്റെ എഴുത്തിന് യഥാർഥമായ സാഹിത്യമൂല്യമുണ്ടെന്ന അംഗീകാരമായിരിക്കുമെന്ന് ഞാൻ കരുതി. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രചന അയച്ചുകൊടുത്തെന്ന കാര്യം പോലും ആരുമറിയില്ല. അതിനാൽ നാണക്കേടുണ്ടാകില്ല. 2024 ഫെബ്രുവരിയില്‍ പുരസ്കാരത്തെക്കുറിച്ചുള്ള അറിയിപ്പ് വരുന്നതുവരെ ഏകദേശം എട്ടു വർഷങ്ങള്‍ക്കുമുമ്പ് എഴുതിവെച്ചിരുന്ന ചുരുക്കം ചില കഥകൾ മാത്രമേ എന്റെ പക്കലുണ്ടായിരുന്നുള്ളൂ. കൃതികള്‍ സമർപ്പിക്കേണ്ട സമയപരിധി മേയ് അവസാനമായിരുന്നു.
അതിനാൽ നാലു മാസത്തിനുള്ളിൽ ഞാൻ മൂന്നു പുതിയ കഥകൾ കൂടി എഴുതി. അതിലൊന്നാണ് പപുവ (അകം) എന്ന കഥ. ഞാൻ അത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു ചെറുകഥയേക്കാൾ ഒരു നോവലായി എഴുതാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവസാനം സാധാരണ ചെറുകഥയേക്കാളും ദൈർഘ്യമുള്ളതും ഒരു ലഘുനോവല്‍ എന്നു പറയാവുന്നതുമായ ഒന്നായി പരിണമിക്കുകയായിരുന്നു അത്. എന്നാല്‍, സമാഹാരത്തില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായി പൂർത്തിയാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. 2024 ആഗസ്റ്റിൽ വിദർശന സാഹിത്യ പുരസ്കാരത്തിന്റെ പരിഗണനാപട്ടിക പ്രഖ്യാപിച്ചപ്പോൾ എന്റെ കൈയെഴുത്തുപ്രതി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് ആ പട്ടികയിലെ 105 സമാഹാരങ്ങളില്‍നിന്ന് അവസാനത്തെ ഏഴ് സമാഹാരങ്ങളില്‍ ഒന്നായി അത് ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ആ പട്ടികയിലെ ഏക പുതുമുഖ എഴുത്താള്‍ ഞാനായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ആ അംഗീകാരമായിരുന്നു യഥാർഥ വിജയം. വീണ്ടും സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും തോന്നി. നിർദേശം ചെയ്യപ്പെട്ട 105 സമാഹാരങ്ങളില്‍നിന്ന് അവസാനത്തെ ഏഴു കൈയെഴുത്തു പ്രതികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതുതന്നെ എന്റെ എഴുത്ത് അതിന്റെ വായനക്കാരെയും അതിന്റെ ഇടവും കണ്ടെത്തി എന്ന ആത്മവിശ്വാസവും എനിക്ക് നൽകുകയുണ്ടായി.
ചാരു നിവേദിത,എം. റിഷാൻ ഷരീഫ്
‘പപുവ’ എന്ന പേരിലുള്ള ലഘുനോവലിനെക്കുറിച്ച് പറഞ്ഞല്ലോ. ആ സൃഷ്ടി ധീരമായ പ്രവൃത്തി പോലെയാണ് തോന്നിയത്. പ്രത്യേകിച്ചും അതിലെ ആഖ്യാനം പുരുഷന്റെ വീക്ഷണകോണിൽ നിന്നാണെങ്കിലും മികച്ചയൊരു സ്ത്രീപക്ഷ കഥയായിട്ടാണ് എനിക്കു തോന്നിയത്. അതേക്കുറിച്ച് എന്തു പറയുന്നു?
▲ ആ സമാഹാരത്തിലെ ‘പപുവ’ എന്ന കഥക്ക് അതിന്റേതായ ഒരു അപ്രതീക്ഷിത യാത്രയുണ്ടായിരുന്നു. പ്രശസ്ത വിവര്‍ത്തകനായ എം. റിഷൻ ഷരീഫ് ‘പപുവ’ എന്ന നീണ്ടകഥ ‘ആകം’ എന്ന പേരില്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് ആ കഥ മാത്രം പ്രത്യേകം പുസ്തകമായി ഇറക്കിയപ്പോള്‍ തമിഴ്നാട്ടിലെ പുരുഷന്മാരായ വായനക്കാർക്കിടയിൽ വളരെയേറെ ശ്രദ്ധേ നേടിയിരുന്നു. കൂടാതെ അവരുടെ പ്രതികരണം എന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയും ചെയ്തു. ആ കഥയിലെ കേന്ദ്ര കഥാപാത്രമായ പുരുഷന്റെ വൈകാരികവും മാനസികവുമായ ലോകം ആഴത്തിലുള്ളതും ആധികാരികവുമാണെന്നാണ് ഇതിനെക്കുറിച്ച് എഴുതിയ മിക്കവാറും പുരുഷന്മാരായ എല്ലാ വായനക്കാരും പറഞ്ഞത്.
‘ആകം’ വായിച്ച് തമിഴ് എഴുത്തുകാരന് ചാരു നിവേദിത പറഞ്ഞത്, ആ കഥ തന്നെ നടുക്കിക്കളഞ്ഞു എന്നാണ്. പുരുഷന്റെ ആന്തരിക ലോകത്തേക്ക് ഇത്രയും സൂക്ഷ്മതയോടെയും വൈകാരിക കണിശതയോടെയും ഒരു സ്ത്രീക്ക് പ്രവേശിക്കാൻ സാധിച്ചതിൽ താൻ ആശ്ചര്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമ്പതോ അറുപതോ പ്രായമുള്ള ഒരു സ്ത്രീയിൽനിന്നാണ് സാധാരണയായി അത്തരം പക്വത പ്രതീക്ഷിക്കേണ്ടതെന്നും അതുകൊണ്ടുതന്നെ ആ കഥ കൂടുതൽ അത്ഭുതപ്പെടുത്തിയെന്നുമാണ് ചാരു നിവേദിത അഭിപ്രായപ്പെട്ടത്.
ഒരു സ്ത്രീക്ക് പുരുഷന്റെ ആന്തരിക ജീവിതം ഇത്രയും വിശദമായി ചിത്രീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമുള്ളതിനാൽ ആ കഥയെഴുതിയ എഴുത്താള്‍ യഥാർഥത്തിലൊരു സ്ത്രീയുടെ നാമത്തിലെഴുതുന്ന പുരുഷനായിരിക്കണമെന്നാണ് ചില വായനക്കാർ തമാശ പറഞ്ഞത്. നിങ്ങൾക്കെങ്ങനെയാണ് ഒരു പുരുഷന്റെ മനസ്സിലേക്ക് ഇവ്വിധം പ്രവേശിക്കാൻ സാധിച്ചതെന്നാണ് പലപ്പോഴും ഞാന്‍ നേരിട്ട ചോദ്യം. സത്യസന്ധമായി പറഞ്ഞാൽ, അത്തരമൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കഴിയുന്നിടത്തോളം സത്യസന്ധമായാണ് ഞാനെഴുതിയത്. ഇത്രയധികം വായനക്കാർ, പ്രത്യേകിച്ചും പുരുഷന്മാർ, ആ കഥയുമായി വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നത് കാണുമ്പോള്‍ എന്റെ എഴുത്തു സഞ്ചാരത്തിലെ ഏറ്റവും പ്രതിഫലദായകമായ നിമിഷങ്ങളിലൊന്നായി ഞാന്‍ അതിനെ കാണുന്നു.
ലോകവാസി സഹ വനവാസി (വനദേവതയും ഭൗതികവാദിയും) എന്ന കഥയെക്കുറിച്ചും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. സ്ത്രീ-പുരുഷ വീക്ഷണകോണിലൂടെ പറയുന്ന ആഖ്യാനഘടനയാണ് ഈ കഥ അവലംബിച്ചിരിക്കുന്നത്. ആത്യന്തികമായി പരസ്പരം ബന്ധിതമാണെങ്കിലും രണ്ടും വ്യത്യസ്തമായ രണ്ടു കഥകൾ വായിക്കുന്ന അനുഭവമാണ് പകർന്നത്. പ്രകൃതി, ഉദ്വേഗം, ആസക്തി, വിരക്തി എന്നിങ്ങനെ പല ഘടകങ്ങളും വിഷയീഭവിക്കുന്നതായിട്ടാണ് ഈ കഥ വായിച്ചപ്പോൾ തോന്നിയത്. ഈ കഥയുടെ രചനയെക്കുറിച്ച് പറയാമോ?
▲ വായനക്കാർക്ക് വളരെ വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കാവുന്ന കഥയാണ് ‘ലോകവാസി സഹ വനവാസി’. അത്തരത്തില്‍ കാണാനുമാണ് ഞാനിഷ്ടപ്പെടുന്നതും. സ്വന്തമായൊരു വ്യാഖ്യാനം ചമയ്ക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കാരണം അത് അനുവാചകന്റെ വായനാനുഭവത്തില്‍ ഇടപെടുമെന്നും അവർ സ്വയം കണ്ടെത്തിയേക്കാവുന്ന അർഥങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, മനുഷ്യർ പ്രകൃതിയുടെ ഭാഗമാണ്. നമ്മുടെ മനുഷ്യത്വത്തിന്റെ ചില വശങ്ങള് നമുക്ക് മറികടക്കാൻ കഴിയും.
എന്നാല്‍, നമുക്കൊരിക്കലും പ്രകൃതിയെ മറികടക്കാൻ കഴിയില്ല. നമുക്ക് നമ്മുടെ പ്രവൃത്തികൾ മറ്റുള്ളവരിൽനിന്ന് മറയ്ക്കാന്‍ സാധിക്കും, അല്ലെങ്കിൽ സ്വയം കള്ളം പറയാന്‍ കഴിയും. പക്ഷേ, പ്രകൃതിക്ക് എല്ലായ്പ്പോഴും സത്യമറിയാം. നമ്മൾ പ്രകൃതിയോട് സത്യസന്ധരാണെങ്കിൽ തിരിച്ച് പ്രകൃതിയും നമ്മോട് സത്യസന്ധത പുലർത്തും. പ്രതീകാത്മകതയാൽ നിറഞ്ഞിരിക്കുന്നതാണ് കഥകള്‍. പക്ഷേ, എല്ലാ വായനക്കാരനും എല്ലാ പ്രതീകത്തെയും ആഴത്തില്‍ വ്യഖ്യാനിക്കുമെന്ന് ഞാൻ കരുതുന്നില്ല. വായനക്കാര്‍ക്ക് അവയിലെ ധ്വന്യാത്മക പ്രതീകങ്ങള്‍ കണ്ടെത്താനും അവരുടേതായ അർഥം സൃഷ്ടിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതേസമയം, കഥ ഒരു കഥയായി ആസ്വദിക്കാൻ കഴിയുമെന്നും ഞാൻ കരുതുന്നു. ആരെങ്കിലും അതിന്റെ പ്രതീകങ്ങളെ ബോധപൂർവം തിരിച്ചറിയുന്നില്ലെങ്കിലും വൈകാരികവും മാനുഷികവുമായ കാതൽ സാർവത്രികമായി നിലനിൽക്കുന്നുവെന്നും വായനക്കാരുമായി ബന്ധപ്പെടാൻ അത് പര്യാപ്തമാണെന്നും ഞാൻ വിശ്വസിക്കുന്നു.
താങ്കളുടെ കഥകളിലെല്ലാം ധ്യാനത്തിന്റെ സൗന്ദര്യവും മൗനത്തിന്റെ സംഗീതവും അന്തര്‍ലീനമായി കിടക്കുന്നതായിട്ടാണ് ഞാന്‍ അനുഭവിച്ചത്. ഇവ രണ്ടും ബുദ്ധിസത്തിലെ പ്രധാന ഘടകവുമാണല്ലോ. പക്ഷേ മതം ഇന്ന് വ്യവസ്ഥാപിതമായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. താങ്കളുടെ കഥകളിലെ ആത്മീയത അത്തരം വ്യവസ്ഥാപിത ഘടനയുമായി ഏറ്റുമുട്ടുന്നതായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. താങ്കള്‍ക്ക് എന്തു തോന്നുന്നു?
▲ താങ്കള്‍ അത് ശ്രദ്ധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇതൊരു മനോഹരമായ ചോദ്യമാണ്. എന്നെ സംബന്ധിച്ച് ബുദ്ധമതമെന്നാല്‍ ആഴത്തിലുള്ള, സമാധാനപരമായ ഒരു ജീവിത തത്ത്വചിന്തയാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ അത് നമ്മെ പഠിപ്പിക്കുന്നു. ഒരു വ്യക്തിയുടെ മൂല്യം നിർണയിക്കുന്നത് ജനനമല്ല, പകരം പ്രവൃത്തികളാണെന്ന പാഠമാണ് ഞാന്‍ എപ്പോഴും കൊണ്ടുനടക്കുന്നത്. അതുകൊണ്ട് ബുദ്ധമതത്തെ ഒരു നിയമവ്യവസ്ഥയായിട്ടല്ല മറിച്ച് വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെയും ആന്തരിക സമാധാനത്തിന്റെയും പാതയായിട്ടാണ് ഞാന്‍ കാണുന്നത്.
ധാർമിക തത്ത്വങ്ങൾ പാലിക്കുമ്പോൾ ആരെങ്കിലും നമ്മെ നിരീക്ഷിക്കുന്നതുകൊണ്ടോ ശിക്ഷയെ ഭയപ്പെടുന്നതുകൊണ്ടോ അല്ല നമ്മൾ അങ്ങനെ ചെയ്യുന്നത്. നമ്മുടെ മനസ്സിന് അതിലൂടെ സമാധാനം ലഭിക്കുന്നതുകൊണ്ടാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്. ആന്തരികമായ ആ സഞ്ചാരമാണ് എന്റെ കഥകളിൽ പ്രതിഫലിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. പല സാധാരണക്കാരും മതസ്ഥാപനങ്ങളിലുള്ളവരെ അപേക്ഷിച്ച് അവരുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ ആത്മാർഥതയോടെ ഈ പാഠങ്ങള്‍ അനുവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അതെന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാണ്. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ യഥാർഥത്തിൽ നമ്മൾ എവിടെയാണ് എന്നതല്ല, മറിച്ച് നമ്മൾ എത്ര സത്യസന്ധമായി ജീവിക്കുന്നു എന്നതാണ് പ്രധാനം.
ഭർത്താവും മകനുമൊപ്പം ഒരു കുടുംബ സെൽഫി
താങ്കളുടെ രചനകള്‍ റിഷാന് ഷരീഫ് തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കാര്യം സൂചിപ്പിച്ചിരുന്നല്ലോ. തമിഴില്‍ അവ മൂന്നു പുസ്തകങ്ങളായി പുറത്തുവരുകയും ചെയ്തു. രസകരമായ സംഗതിയെന്തെന്നാല്‍ മൂലകൃതി പുസ്തകമായി വരുന്നതിനുമുമ്പേ മറ്റൊരു ഭാഷയില്‍ പുസ്തകങ്ങളായി വരുകയും ആ ഭാഷയിലെ വായനക്കാര്‍ ഏറ്റെടുക്കുകയും ചെയ്തുവെന്നതാണ്. ഇപ്പോള്‍ മൂലകൃതി ‘വിസിഹായ വെനി മൂന’ എന്ന പേരില്‍ പുസ്തകമായി വരുകയും ചെയ്തു. ഈയൊരു അനുഭവത്തെ എങ്ങനെ നോക്കിക്കാണുന്നു?
▲ സത്യം പറയാമല്ലോ, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന കാര്യം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത്, റിഷാൻ ഷരീഫും ഞാനും അത്രകണ്ട് പരിചയമുണ്ടായിരുന്നില്ല. എന്റെ കഥകൾ തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുവെന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി. ഒരു വിവർത്തകനെന്ന നിലയിൽ റിഷാനെ ആഴത്തിൽ വിശ്വസിച്ചതുകൊണ്ടാണ് തമിഴ് വായനക്കാർ എന്റെ കൃതികളെ സ്വീകരിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ സങ്കൽപിച്ചതിനപ്പുറമായിരുന്നു അവരുടെ സ്നേഹവും സ്വീകാര്യതയും. ശ്രീലങ്കക്കും തമിഴ്നാടിനുമിടയില് സങ്കീർണമായ ചരിത്രവും സംഘര്ഷങ്ങളുമുണ്ടായിരുന്നുവെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാമല്ലോ.
എന്നിട്ടും ചില വായനക്കാർ എന്നോട് പറഞ്ഞു, ഈ പുസ്തകം നമ്മൾക്കിടയിലെ സ്നേഹത്തിന്റെ ചെറിയൊരു പാലമായി മാറിയിരിക്കുന്നുവെന്ന്. എന്റെ രചനകളിലൂടെ ഒരു സിംഹള സ്ത്രീയുടെ ചിന്തയും അനുഭവവും എങ്ങനെയാണെന്നു മനസ്സിലാക്കാൻ സഹായിച്ചുവെന്നും അവർ പറഞ്ഞു. അതാണ് എനിക്ക് ലഭിച്ച ഏറ്റവും അർഥവത്തായ പ്രതികരണങ്ങളിൽ ഒന്ന്. എന്റെ മൂലകൃതിയുടെ സമാഹാരം അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്.
അതിനാൽ എന്റെ സ്വന്തം ഭാഷയിൽ ഞാൻ ഇപ്പോഴും ഒരു പുതിയ എഴുത്തുകാരിയാണ്. ഇവിടെനിന്നുള്ള വായനക്കാരുടെ പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ. പക്ഷേ അത് തികച്ചും സ്വാഭാവികമാണ്. തമിഴിലെ ഉദാരമതികളായ വായനക്കാരിലൂടെയാണ് എന്റെ യാത്ര ആരംഭിച്ചത് എന്നതിൽ എനിക്കേറെ നന്ദിയുണ്ട്. ഒരുപക്ഷേ ആ യാത്രയിലെ ഏറ്റവും അപ്രതീക്ഷിതമായ ഭാഗം ഈ സംഭാഷണം തന്നെയാണ്. റിഷാനിലൂടെ, എന്റെ എഴുത്ത് ഇപ്പോൾ നിങ്ങളിലേക്കും എത്തിയിരിക്കുന്നു. എന്നെ സംബന്ധിച്ച് അത് മനോഹരമായ മറ്റൊരു അത്ഭുതമാണ്.
അതെ, റിഷാന് ഷരീഫിന്റെ തമിഴ് മൊഴിമാറ്റത്തിലൂടെയാണ് താങ്കളുടെ സൃഷ്ടികള്‍ ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് അത് നമ്മള് തമ്മിലുള്ള സൗഹൃദത്തിനും തുടക്കം കുറിച്ചു. താങ്കളുടെ കഥകളെക്കുറിച്ചൊക്കെ നമ്മള് ചര്‍ച്ച ചെയ്തിട്ടുമുണ്ട്. ശ്രീലങ്കക്കും തമിഴ്നാടിനും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞു. ഞങ്ങള്‍ മലയാളികളെ സംബന്ധിച്ച് ശ്രീലങ്ക എന്നു കേള്‍ക്കുമ്പോള്‍ രണ്ടുതരം ഓര്‍മകളാണ് മുന്നില്‍ വരുന്നത്.ഒന്ന് കേരളവും പഴയ സിലോണുമായുള്ള ബന്ധം. പണ്ട് മലയാളികളുടെ പ്രവാസഭൂമിയായിരുന്നു സിലോണ്‍.
മലയാളത്തിന്റെ അതികായനായ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരുടെ സൃഷ്ടികളില്‍ പഴയ സിലോണ്‍ കടന്നുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായ ‘കഡുഗണ്ണാവ: ഒരു യാത്രാക്കുറിപ്പ്’ എന്ന ചെറുകഥ ഇപ്പോഴും വായിക്കപ്പെടുന്നുണ്ട്. അതേപോലെ സമകാലിക എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന് കേരളവും ശ്രീലങ്കയും തമ്മിലുള്ള ബന്ധം പറയുന്ന ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്നൊരു നോവലും രചിച്ചിട്ടുണ്ട്. ശ്രീലങ്ക എന്നു പറയുമ്പോള്‍ രണ്ടാമതായി കടന്നുവരുന്നത് ആഭ്യന്തരയുദ്ധമാണ്. ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായ വിലാപങ്ങളെയും നെടുവീര്പ്പുകളെയുമെല്ലാം നോക്കിക്കണ്ടവരാണ് മലയാളികള്‍. എന്തെല്ലാം ഓര്‍മകളെക്കുറിച്ചാണ് താങ്കള്‍ക്ക് പറയാനുള്ളത്?
▲ സത്യത്തിൽ, കേരളവും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താങ്കളിൽനിന്നാണ് ഞാൻ കൂടുതലും അറിഞ്ഞിട്ടുള്ളത്. അത് വളരെയേറെ ആകർഷകമായി തോന്നിയിട്ടുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ശരിക്കും അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ദുരിതമനുഭവിച്ച സിംഹളരെക്കുറിച്ചും തമിഴരെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചുമോര്ക്കുമ്പോള് എന്റെ ഹൃദയം വേദനിക്കുന്നു. വേദനക്ക് വംശീയതയില്ല. കേരളത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞതു കേട്ടപ്പോൾ, ഈ രണ്ടു പ്രദേശങ്ങള്‍ തമ്മില്‍ എത്രത്തോളം അടുത്ത ബന്ധമാണുള്ളതെന്ന് ഞാനോര്‍ത്തുപോയി. ഇന്ത്യയും ശ്രീലങ്കയും അയൽക്കാരെപ്പോലെയല്ല, കൂടപ്പിറപ്പുകള്‍ തമ്മിലുള്ള ബന്ധംപോലെയാണ് ഞാന്‍ കരുതുന്നത്.
ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മളൊരു കുടുംബമാണ്. എല്ലാ കുടുംബങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. നമ്മള് അതെങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം. ആളുകൾക്ക് കടന്നുപോകാനും പരസ്പരം കണ്ടുമുട്ടാനും അവരുടെ കഥകൾ പരസ്പരം പങ്കിടാനും ഉതകുന്നതായ രീതിയിൽ, പുരാണത്തില്‍ പറഞ്ഞതുപോലെയുള്ള രാമസേതു ഉണ്ടായിരുന്നെങ്കിലെന്നാണ് ചിലപ്പോൾ ഞാനാഗ്രഹിക്കുന്നത്. എന്നാലും സാഹിത്യത്തിനും വിവർത്തനത്തിനും സൗഹൃദത്തിനും അത്തരത്തില്‍ പാലങ്ങളായി വര്‍ത്തിക്കാന്‍ കഴിയും. ആത്യന്തികമായി, നാമെല്ലാവരും ചെറിയൊരു ഗ്രഹത്തിലാണ് ജീവിക്കുന്നത്. നാളെ ഭൂമിക്ക് പുറത്തുനിന്നുള്ള ഒരു അജ്ഞാത ശക്തി നമ്മെ ഭീഷണിപ്പെടുത്തുന്നുവെന്ന് സങ്കൽപിക്കുക. പൊടുന്നനെ, എല്ലാ അതിരുകളും എല്ലാ വാദങ്ങളും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നിസ്സാരമായി തോന്നും. കാരണം നാമെല്ലാവരും മനുഷ്യരായി ഒരുമിച്ചുനിൽക്കും. നമ്മള് പങ്കിടുന്ന മനുഷ്യത്വം എപ്പോഴും നമ്മുടെ അഭിപ്രായ വ്യത്യാസങ്ങളേക്കാൾ വലുതാണെന്ന ലളിതമായ ആ ചിന്ത ഞാനോര്‍ക്കുന്നു.
കുട്ടിക്കാലം മുതലേ എഴുതുകയും വായിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക് ഇന്നത്തെ സിംഹള സാഹിത്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
▲ അമ്മ സ്കൂൾ അധ്യാപികയായിരുന്നു. അവരാണ് വളരെ ചെറുപ്പത്തിൽ തന്നെ പുസ്തകങ്ങളുടെ ലോകം പരിചയപ്പെടുത്തിത്തന്നത്. ഞാനൊരിക്കലും നഴ്സറി സ്കൂളിൽ പോയിട്ടില്ല. വീട്ടിൽ ഒറ്റക്കുവിടാൻ കഴിയാത്തതിനാൽ മൂന്നു വയസ്സ് മുതൽ അമ്മ എന്നെ സ്കൂളിലേക്ക് കൂടെകൊണ്ടുപോയിരുന്നു. അമ്മ പഠിപ്പിച്ചിരുന്നത് മൂന്നാം ക്ലാസിലായിരുന്നെങ്കിലും ഒന്നാം ക്ലാസിലെ കുട്ടികളോടൊപ്പമാണ് എന്നെ ഇരുത്തിയത്. അവിടെ എല്ലാവരേക്കാളും വളരെ ഇളയവളായിരുന്നു ഞാൻ. വളരെ ലജ്ജാശീലയായിരുന്നതുകൊണ്ടുതന്നെ ആരോടും സംസാരിക്കുക പതിവില്ലായിരുന്നു. ഞാന്‍ വളരെ ചെറുതായിരുന്നതിനാൽ ഇടവേളകളിൽ അവര്‍ എന്നെ ചെറിയ കുട്ടികളുടെ കൂടെ കളിക്കാൻ വിടുമായിരുന്നു. ആ പ്രായത്തിൽ ഔപചാരികമായി വായിക്കാനോ എഴുതാനോ പഠിപ്പിച്ചിരുന്നില്ല. ശ്രീലങ്കയിൽ, ഒന്നാം ക്ലാസിലെ കുട്ടികൾ പെട്ടെന്ന് എഴുതാൻ തുടങ്ങാറില്ല.
എന്നാൽ, ആ ക്ലാസ് മുറികളിൽ ഏകദേശം മൂന്നുവർഷം ചെലവഴിച്ചതിനുശേഷം, മിക്കവാറും എല്ലാ കുട്ടികളേക്കാളും വളരെ നേരത്തെതന്നെ ഞാൻ അക്ഷരമാല പഠിച്ചു. രണ്ടാം ക്ലാസായപ്പോഴേക്കും ഞാൻ നാലുവരി കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. ഒരു ദിവസം, അഞ്ചാം ക്ലാസിലെ ഒരു അധ്യാപിക ആനയെക്കുറിച്ച് ഞാനെഴുതിയ ചെറിയൊരു കവിത കണ്ട് മുതിർന്ന വിദ്യാർഥികൾക്ക് വായിക്കാൻ ക്ലാസ് മുറിയിലെ ചുമരിൽ ഒട്ടിച്ചുവെച്ചു. അതെന്നെ എത്രമാത്രം ആനന്ദിപ്പിച്ചുവെന്ന് എനിക്കിപ്പോഴും ഓർമയുണ്ട്. ഞാൻ വളരെ ശാന്തശീലയും ഏകാകിനിയുമായ കുട്ടിയായിരുന്നതിനാൽ, പുസ്തകങ്ങളെന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറി. അമ്മ എനിക്ക് പുസ്തകങ്ങൾ വാങ്ങിക്കൊണ്ടുവന്ന് തന്നുകൊണ്ടിരുന്നു, പക്ഷേ അവ എനിക്കൊരിക്കലും മതിയായിരുന്നില്ല. എന്റെ സ്കൂൾ ലൈബ്രറിയിലും എന്റെ നാട്ടിലെ പബ്ലിക് ലൈബ്രറിയിലും ഞാൻ അംഗത്വമെടുത്തു. തിരിഞ്ഞുനോക്കുമ്പോൾ, സ്കൂൾ കാലഘട്ടമായിരുന്നു വായനാജീവിതത്തിലെ സുവർണ കാലഘട്ടം.
സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാനെത്ര പുസ്തകങ്ങൾ വായിച്ചുവെന്ന് എനിക്കോർമയില്ല. ശ്രീലങ്കയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായ മാർട്ടിൻ വിക്രമസിംഗെയെ വായിച്ചാണ് ഞാൻ വളർന്നത്. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും അദ്ദേഹം വിവർത്തനം ചെയ്ത പുസ്തകങ്ങൾ പോലും ഞാൻ വായിച്ചു. റഷ്യന്‍ സാഹിത്യത്തിലെയും പാശ്ചാത്യ സാഹിത്യത്തിലെയും ഏഷ്യൻ സാഹിത്യത്തിലെയും അത്ഭുതകരമായ വിവർത്തനങ്ങളും സിംഹള ഭാഷയില്‍ വന്നിരുന്നു. ഞങ്ങളുടെ സ്വന്തം എഴുത്തുകാരുടെ കൃതികൾക്കൊപ്പം ആ പുസ്തകങ്ങളും എന്റെ ഭാവനയെ പോഷിപ്പിക്കുകയും എന്നിലെ ഇന്നത്തെ എഴുത്തുകാരിയെ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഞാൻ ജോലിയില്‍ പ്രവേശിക്കുകയും വിവാഹിതയാവുകയും ചെയ്തതിനുശേഷം വായിക്കാനുള്ള സമയം കുറച്ചു മാത്രമാണ് എനിക്ക് ലഭിച്ചത്.
പക്ഷേ, ആ മഹത്തായ പുസ്തകങ്ങളുടെ നിഴലുകൾ എന്നെ ഒരിക്കലും വിട്ടുപോയിട്ടില്ല. ഇന്നത്തെ സിംഹള സാഹിത്യ ലോകം വളരെ വ്യത്യസ്തമാണ്. സാമൂഹിക മാധ്യമവും വാട്ട്പാഡും പുതിയൊരു വായനാസംസ്കാരം സൃഷ്ടിച്ചിട്ടുണ്ട്. ചിന്താശേഷിയുള്ളവരും പരിചയസമ്പന്നരുമായ എഴുത്തുകാർ ചിലപ്പോൾ ഒരു പുസ്തകത്തിന്റെ അഞ്ഞൂറ് കോപ്പികൾ പോലും വിൽക്കാൻ പാടുപെടുമ്പോൾ, വ്യാജനാമത്തിലെഴുതുന്ന ഒരാളുടെ വാട്ട്പാഡ് നോവല്‍ ഓൺലൈനിൽ പ്രസിദ്ധീകരിച്ച് ജനപ്രീതി നേടിയതിനുശേഷം അയ്യായിരം കോപ്പികൾ വിൽക്കാൻ കഴിയുമെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. സോഷ്യൽ മീഡിയയുടെ ദൃശ്യപരത വലിയ ശക്തിയായി മാറിയിരിക്കുന്നുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും, സിംഹളയില്‍ ഇപ്പോഴും മികച്ച വിവർത്തകരും ശ്രദ്ധേയരായ യഥാർഥ എഴുത്തുകാരുമുണ്ട്.
നിർഭാഗ്യവശാൽ, വളരെ കുറച്ച് പ്രസാധകർ മാത്രമാണ് അറിയപ്പെടാത്ത ഒരു എഴുത്താളിന് അവസരം നല്കാന് തയാറാകുന്നത്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, ശ്രീലങ്കയിലെ സാഹിത്യ ലോകം വളരെ ചെറുതാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം സാമൂഹിക മാധ്യമങ്ങളില്‍ സാഹിത്യ വിഭജനങ്ങൾ കൂടുതൽ ദൃശ്യമാകുന്നത്. എങ്കില്‍ പോലും, ആത്മാർഥതയുള്ള നിരവധി എഴുത്തുകാരും എഴുത്തിനെ ഗൗരവമായി കാണുന്ന വായനക്കാരും സജീവമാണ്. ഞാനേറെ ഇഷ്ടപ്പെടുന്ന ശ്രീലങ്കൻ എഴുത്തുകാരിൽ ഒരാളാണ് സുനേത്ര രാജകരുണനായകെ. ശാന്തവും അതേസമയം ശക്തവും ഭദ്രവുമായ എഴുത്തുമായി അവർ തന്റെ സാഹിത്യസഞ്ചാരം തുടരുന്നുണ്ട്. ജീവിക്കുന്നത് വായനയുടെ സുവർണ കാലഘട്ടത്തിലാണെന്ന് ഞാൻ കരുതുന്നില്ല. കൂടുതൽ ശ്രദ്ധയോടെയാണ് ഞാനിപ്പോള്‍ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നത്. അറിവ് നേടാൻ നമുക്കിപ്പോൾ നിരവധി മാർഗങ്ങളുണ്ട്. എന്നാല്‍, കൈയിലൊരു പുസ്തകവും കൊണ്ടുനടക്കുന്ന വികാരത്തെ മാറ്റിസ്ഥാപിക്കാൻ ഒരു സാങ്കേതികവിദ്യക്കും സാധ്യമല്ല.
സുനേത്രയുടെ ‘പൊതു പുരുഷായ’എന്ന നോവൽ വായിച്ച ഒരാളെന്ന നിലയില്‍ അവരൊരു അതിഗംഭീര എഴുത്തുകാരിയാണെന്ന് പറയാൻ സാധിക്കും. താങ്കളുടെ രചനകളിലെ ഘടനപോലെ ആൺ-പെൺ ആഖ്യാനങ്ങളിലൂടെ കഥ പറയുന്ന ആ നോവൽ ഞാൻ വായിച്ചിട്ടുള്ളതില്‍ ശക്തമായ സ്ത്രീപക്ഷ രചനയായിട്ടാണ് തോന്നിയത്. നല്ലൊരു വായനാനുഭവം നൽകിയ സൃഷ്ടി കൂടിയാണ് അത്. അവരുടെ രചനകൾ താങ്കളുടെ എഴുത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറയാൻ സാധിക്കുമോ?
▲ തീർച്ചയായും. ആണ് - പെണ് മനസ്സുകളെക്കുറിച്ച് അവർക്കുള്ള ധാരണ അന്യസാധാരണമാണ്. അതൊരു അപൂർവ സിദ്ധിയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അവരുടെ ചില പുസ്തകങ്ങൾ വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയം, ആസക്തി, ലൈംഗികത എന്നിവയെക്കുറിച്ച് സൗന്ദര്യാത്മകമായും ധീരമായും എഴുതിയ ചുരുക്കം ചില സ്ത്രീ എഴുത്തുകാരിൽ ഒരാളാണ് അവർ. സമീപ വർഷങ്ങളിൽ അവരുടെ എഴുത്ത് ആഴത്തിലുള്ള ദാർശനികവും ആത്മീയവുമായ ഭാവുകത്വത്തിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് പതിവായി യാത്ര ചെയ്യുന്ന എഴുത്തുകാരിയാണ് അവർ. അവരുടെ കഥകളുടെ പെട്ടി ഒരിക്കലും ശൂന്യമല്ലെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സിംഹള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ശരിക്കുമൊരു നിധിയാണ് അവർ. സിംഹളയിൽ മാത്രമാണ് എഴുതാൻ ഇഷ്ടപ്പെടുന്നതെങ്കിലും ഇംഗ്ലീഷിലും രചനകള്‍ നിര്‍വഹിച്ചിട്ടുള്ള ശ്രദ്ധേയ എഴുത്തുകാരി കൂടിയാണ് അവർ. ഞാൻ അവരുടെ ഏറ്റവും വലിയ ആരാധകരിലൊരാളാണ്. ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന അവരുടെ എല്ലാ പുതിയ പുസ്തകവും ഞാൻ വാങ്ങാറുണ്ട്.
താങ്കളുടെ ആദ്യ പുസ്തകം വായനക്കാര്‍ക്കിടയില്‍ മെല്ലെമെല്ലെ പ്രചാരം നേടുന്നതായിട്ടാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അവരില്‍ നിന്നുള്ള പ്രതികരണങ്ങളെക്കുറിച്ചും പുതിയ രചനകളെക്കുറിച്ചും പറയാമോ?
▲ എന്റെ സ്വന്തം ഭാഷയില്‍ പുസ്തകമായി പിറക്കുന്നതിനുമുമ്പേ മറ്റൊരു ഭാഷയില്‍ സമാഹാരമായി ഇറങ്ങാനായിരുന്നു എന്റെ സൃഷ്ടികളുടെ നിയോഗമെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. റിഷാൻ ഷെരീഫ് അവ വിവർത്തനം ചെയ്ത് മൂന്നു പുസ്തകങ്ങളായി പുറത്തിറക്കിയപ്പോള്‍ പ്രതീക്ഷിച്ചതിലുമേറെ ശ്രദ്ധ അവക്ക് ലഭിക്കുകയുണ്ടായി. കഥകള്‍ വായിച്ച് നിരവധി വായനക്കാർ എനിക്കെഴുതുകയും ഇ-മെയിലുകൾ അയക്കുകയും ചിന്തനീയമായ ആസ്വാദനക്കുറിപ്പുകളെഴുതുകയുംചെയ്തു. അവയിൽ ‘പാപുവ’ എന്ന കഥയാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.
ഒരു പുരുഷന്റെ വീക്ഷണകോണില്‍നിന്ന് എഴുതിയതുകൊണ്ടായിരിക്കാമത്. ഞാനൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ഒരു രാജ്യത്തുള്ള ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ആളുകൾ, എന്റെ എഴുത്തിലൂടെ മാത്രം ഞാനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇപ്പോഴുമെന്നെ അതിശയിപ്പിക്കുന്നു. അതെനിക്ക് സ്വച്ഛമായ സന്തോഷം പകരുന്നു. യുദ്ധകഥകളാൽ രൂപപ്പെടുത്തിയിട്ടുള്ള ശ്രീലങ്കയെക്കുറിച്ചുള്ള ഓർമകൾ നിരവധി വായനക്കാരുടെയുള്ളിൽ കിടക്കുമ്പോൾ ഈ പുസ്തകങ്ങൾ അവരുടെ ആദ്യത്തെ സ്നേഹസമാഗമമായിരിക്കാമെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. സാധാരണക്കാർക്ക് പരസ്പരം മനസ്സിലാക്കാനോ ശ്രദ്ധിക്കാനോ കഴിയാത്തതുകൊണ്ടല്ല, മറിച്ച് തെറ്റിദ്ധാരണയും മോശമായ ആശയവിനിമയയും രാഷ്ട്രീയ അജണ്ടകളും കാരണമാണ് ജനങ്ങൾ കഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം ഒരേ വികാരങ്ങളുള്ള വെറും മനുഷ്യരാണ് നമ്മൾ. എന്റെ കഥകളിലെ ശ്രീലങ്കൻ പശ്ചാത്തലം കൂടാതെ അവ വഹിക്കുന്ന സാർവത്രികമായ വികാരങ്ങളുമായും വായനക്കാർ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടു കൂടിയായിരിക്കാമത്. സിംഹള ഭാഷയിലെ സമാഹാരം അടുത്തിടെയാണ് ഇറങ്ങിയതെങ്കിലും പതിയെപ്പതിയെ വായനക്കാരുടെ ശ്രദ്ധ നേടുന്നുണ്ട്. സിംഹളയിലെ വായനക്കാരുടെ കൂടുതൽ പ്രതികരണങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പുതിയ സൃഷ്ടികൾ പുസ്തകങ്ങളായി എപ്പോൾ പുറത്തുവരുമെന്ന അന്വേഷണങ്ങൾ വായനക്കാരുടെ ഭാഗത്തുനിന്ന് ഇടക്കിടെ ഉണ്ടാകാറുണ്ട്. എഴുത്തിൽ നിരന്തരം ഏർപ്പെടാൻ അതും എനിക്ക് പ്രചോദനമാണ്. കഹ പാട മരണായക് (ഒരു മഞ്ഞ മരണം) എന്ന പുതിയ നോവൽ പുസ്തകരൂപത്തില്‍ ഉടൻ പുറത്തുവരും. അതേസമയം അതിന്റെ തമിഴ് പരിഭാഷ പുസ്തകമായി ഈ മാസം വന്നുകഴിഞ്ഞു.
ഇരുപതു വര്‍ഷം പരസ്യ നിര്‍മാണ രംഗത്ത് ജോലി ചെയ്ത താങ്കള്‍ ഒരു കമ്പനിയുടെ ക്രിയേറ്റിവ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ സ്വയം പിരിഞ്ഞുപോവുകയായിരുന്നു. പരസ്യ മേഖലയിലെ അനുഭവത്തെക്കുറിച്ചും താങ്കളുടെ ജന്മസ്ഥലം, കുടുംബം എന്നിവയെക്കുറിച്ചും പറഞ്ഞുകൊണ്ട് സംഭാഷണം അവസാനിപ്പിക്കാമെന്നു തോന്നുന്നു.
▲ ഇരുപതു വർഷത്തോളം പരസ്യരംഗത്ത് പ്രവർത്തിച്ച ശേഷം മുഴുവൻ സമയ ജോലിയിൽനിന്നും സ്വയം വിരമിക്കുകയാണുണ്ടായത്. ഡെന്ട്സു ഗ്രാന്‍ഡ് എന്ന പരസ്യ കമ്പനിയില്‍ ക്രിയേറ്റിവ് റൈറ്ററായും ക്രിയേറ്റിവ് ഡയറക്ടറായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ തീരുമാനത്തിലെത്തുന്നത്. എങ്കിലും ഇപ്പോഴും ഞാനൊരു ഫ്രീലാൻസ് ക്രിയേറ്ററായി ജോലി ചെയ്യുന്നുണ്ട്. കോവിഡിനുശേഷം ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു. അതിനുശേഷവും ഞങ്ങള്‍ വര്‍ക്ക് ഫ്രം ഹോം തുടരുകയാണ് ചെയ്തത്. ഇന്ധനക്ഷാമം അനുഭവപ്പെടുകയും ദൈനംദിന ജീവിതം വളരെ ദുഷ്കരമായി മാറുകയും ചെയ്തു.
ആ കാലയളവിൽ എനിക്ക് ഗുരുതരമായ അസുഖം പിടിപെട്ടു. ആ അനുഭവങ്ങളിൽ ചിലതാണ് പുതിയ നോവലായ കഹ പാട മരണായക് എന്ന നോവലിൽ കടന്നുവന്നത്. സുഖം പ്രാപിച്ചതിനുശേഷം എല്ലാ ദിവസവും ഓഫിസിലേക്കുള്ള ട്രെയിന്‍യാത്ര ക്ഷീണമുണ്ടാക്കി. തീവണ്ടിയാത്രകൾ എനിക്കെപ്പോഴും ഇഷ്ടമാണെങ്കിലും ട്രെയിന്‍ പിടിക്കാനുള്ള തിരക്കുകൂട്ടലും ദീർഘനേരത്തെ നിൽപും എന്നില്‍ മടുപ്പുണ്ടാക്കി. ഇപ്പോള്‍ ഞാൻ വളരെ ശാന്തമായ ജീവിതം ആസ്വദിക്കുകയും ഗാർഹിക ജീവിതം സന്തുലിതമാക്കുന്നതോടൊപ്പം ക്രിയേറ്റിവായി അൽപം ഫ്രീലാൻസ് പ്രോജക്ടുകളും ചെയ്തുപോരുന്നു. ശ്രീലങ്കയിലെ മനോഹരമായ ചെറിയൊരു പട്ടണമായ മിരിഗമയിലാണ് ഞാൻ ജനിച്ചത്. ഞങ്ങള്‍ മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണ്.
എന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾതന്നെ എന്റെ രണ്ടു മൂത്ത സഹോദരിമാര്‍ അസുഖം ബാധിച്ച് ഈ ലോകം വിട്ടുപോയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ആഴമേറിയ ദുഃഖങ്ങളിലൊന്നാണ് അത്. പിന്നീട് എന്റെ മാതാപിതാക്കളെയും എനിക്ക് നഷ്ടപ്പെട്ടു. മറ്റെല്ലാവരെയും പോലെ, വേദനയും നഷ്ടവും ഞാനും അനുഭവിച്ചിട്ടുണ്ട്. ആ അനുഭവങ്ങൾ എന്റെ ജീവിതത്തെയും എഴുത്തിനെയും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. വളരെയേറെ പിന്തുണ നൽകുന്ന ഭർത്താവും പതിനഞ്ച് വയസ്സുള്ള ഒരു മകനുമടങ്ങിയതാണ് എന്റെ കുടുംബം. അവരാണ് എന്റെ ഏറ്റവും വലിയ ശക്തിയുടെ ഉറവിടം. കേരളത്തിലെ മികച്ച മലയാള വിവർത്തകരിൽ ഒരാളുമായി ഈ സംഭാഷണം നടത്താൻ കഴിഞ്ഞതിൽ ഞാന്‍ സന്തോഷവതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.