അക്കാദമി സർക്കാറിന്റെ പി.ആർ പണി ചെയ്യില്ല
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൽപറ്റ നാരായണൻ തന്റെ നിലപാടുകൾ തുറന്നു പറയുന്നു. അക്കാദമി എങ്ങനെ നയിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്? അദ്ദേഹം ഇടതുപക്ഷത്തോ വലതുപക്ഷത്തോ? കൽപറ്റ നാരായണൻ മാഷിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി പ്രഖ്യാപിച്ചത് സെപ്റ്റംബർ 26 ശനിയാഴ്ചയാണ്. ഞായറാഴ്ച രാവിലെ ഏഴ് മണി. കൊയിലാണ്ടി കൊല്ലത്തെ ‘നൈഷധം’ വീട്ടിൽനിന്ന് മാഷ് തന്റെ പതിവ് നടത്തം തുടർന്നു.ഈ നടത്തമാണ് മാഷിന്‍റെ ആരോഗ്യ രഹസ്യം. അതാകട്ടെ, തൊട്ടടുത്ത പിഷാരികാവിന് സമീപത്തുകൂടി കടൽത്തീരത്തേക്ക്, അതുവഴി പാറോപ്പള്ളി മഖാം പരിസരത്തുകൂടി വീട്ടിലേക്ക്. ഇതാണ്...
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൽപറ്റ നാരായണൻ തന്റെ നിലപാടുകൾ തുറന്നു പറയുന്നു. അക്കാദമി എങ്ങനെ നയിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്? അദ്ദേഹം ഇടതുപക്ഷത്തോ വലതുപക്ഷത്തോ?
കൽപറ്റ നാരായണൻ മാഷിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി പ്രഖ്യാപിച്ചത് സെപ്റ്റംബർ 26 ശനിയാഴ്ചയാണ്. ഞായറാഴ്ച രാവിലെ ഏഴ് മണി. കൊയിലാണ്ടി കൊല്ലത്തെ ‘നൈഷധം’ വീട്ടിൽനിന്ന് മാഷ് തന്റെ പതിവ് നടത്തം തുടർന്നു.ഈ നടത്തമാണ് മാഷിന്‍റെ ആരോഗ്യ രഹസ്യം. അതാകട്ടെ, തൊട്ടടുത്ത പിഷാരികാവിന് സമീപത്തുകൂടി കടൽത്തീരത്തേക്ക്, അതുവഴി പാറോപ്പള്ളി മഖാം പരിസരത്തുകൂടി വീട്ടിലേക്ക്. ഇതാണ് വീട്ടിലുള്ളപ്പോഴുള്ള പതിവ്. 45 മിനിറ്റ് നടത്തം. ഇതിനിടയിൽ ആരെയും മാഷ് കൂടെക്കൂട്ടില്ല. കാരണം, ഇത് മാഷിന് വെറും നടത്തം മാത്രമല്ല, മറിച്ച് എഴുത്തുമേശയിലേക്കുള്ള വിരുന്നൊരുക്കുന്ന വേളകൂടിയാണ്. നാം വായിച്ച് തീർത്ത സാഹിത്യങ്ങൾ ഏറെ പിറന്നത്, രൂപപ്പെട്ടത് ഈ വഴിയിലാണ്. ഈ വഴിയിൽ ഒപ്പം കൂടി സംസാരിച്ചതാണ് ഈ എഴുത്ത്.
അതാകട്ടെ, പുതിയ പദവി, രാഷ്ട്രീയം, എഴുത്ത്, ജീവിതം അങ്ങനെ പലതായി. 74 വയസ്സായി മാഷിന്. കൽപറ്റയിൽനിന്നും കോഴിക്കോട്, കൊയിലാണ്ടിക്കാരനായിട്ട് പതിറ്റാണ്ടുകളായി. ’93ലാണ് വീട് പണിയുന്നത്. അതെല്ലാം ഇന്നലെയെന്നോണം ഓർത്ത് മാഷിന്‍റെ സാഹിത്യജീവിതത്തിന് താങ്ങും തണലുമായ ജീവിത സഖി റിട്ട. അധ്യാപികയായ ടി.സി. രാധയുണ്ട്. മാഷിന്‍റെ പ്രസംഗങ്ങളും മറ്റും സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് ചോദിപ്പോൾ ടീച്ചറുടെ മറുപടിയിങ്ങനെ: ‘‘ഭീഷണിയൊക്കെയുണ്ട്. അതിൽ പേടിയുണ്ട്. പക്ഷേ... ആരെങ്കിലും ഇങ്ങനെ പറയാൻ വേണ്ടേയെന്നാണ് ഞാൻ ചിന്തിക്കുന്നത്. മാഷിനെപ്പോഴും എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും മാത്രമാണ് ചിന്ത. അതിന് തടസ്സമായി ഞാനൊരിക്കലും നിന്നിട്ടില്ല...’’ മാഷ് നടത്തം തുടങ്ങി. ഇനി ചോദ്യവും ഉത്തരവും...
സാഹിത്യ അക്കാദമി നാളുകളിൽ കൽപറ്റയുടെ അക്കാദമിക് കാലമെന്ന് രേഖപ്പെടുത്തുമോ?
തീർച്ചയായും, അക്കാദമിയുടെ സാഹിത്യപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. തൃശൂരിൽ ഒതുങ്ങിനിൽക്കാതെ, കേരളം മുഴുവൻ വ്യാപിപ്പിക്കും. വയനാടും കണ്ണൂരും കാസർകോടും തിരുവനന്തപുരവുമെല്ലാം അക്കാദമിയുടെ പ്രവർത്തനമേഖലയാകും. ഇങ്ങനെ ആഗ്രഹിക്കുന്നത് വെറുതെയല്ല. ഉദാഹരണത്തിന്, ഇടതുപക്ഷം മറന്ന സി.എൻ. ശ്രീകണ്ഠൻ നായരെയും സി.ജെയെയും പോലുള്ള പലരുമുണ്ട്. സി.ജെ. തോമസിനെ കുറിച്ചുള്ള പരിപാടിയാണെങ്കിൽ കൂത്താട്ടുകുളം പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് അവിടെയൊരു ഏകദിന പരിപാടി നടത്തുക. അവിടെയുള്ള അദ്ദേഹത്തിന്‍റെ സൗഹൃദവും മറ്റും ഉപയോഗപ്പെടുത്തുക.
അങ്ങനെ നാടുനീളെ പരിപാടികൾ നടത്തും. ഇവിടത്തെ സമകാലിക കൃതികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണം അനിവാര്യമാണ്. അതിന് പറ്റിയ ആളെ കണ്ടെത്തണം. നമ്മുടെ സാഹിത്യം കുറെക്കൂടി പുറത്തെത്തിക്കണം. അതിനുവേണ്ടിയുള്ള പരിശ്രമമാണ് നടക്കുക. ഇതിന് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയൊന്നും തടസ്സമാകില്ല. പതിവിൽനിന്നും വിഭിന്നമായാണ് സാഹിത്യോത്സവം നടത്തുക. സമൂഹത്തിന് ഗുണകരമാവുന്ന വിധത്തിൽ പുനഃസംവിധാനം ചെയ്യും. ഇതിൽ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കും.
അക്കാദമി നന്നായി പ്രവർത്തിപ്പിക്കുക എന്നതാണ് ഈ സർക്കാറിനോട് ചെയ്യാവുന്ന നീതിപൂർവമായ പ്രവർത്തനം. അത് തന്നെയാണ് ഏറ്റവും ഉന്നതമായ പി.ആർ വർക്കായി കണക്കാക്കുന്നത്. അല്ലാതെ സർക്കാറിന്‍റെ പി.ആർ പണി ചെയ്തുകൊണ്ടല്ല അക്കാദമി സഞ്ചരിക്കുക. സർക്കാർ സർക്കാറിന്റെ ജോലിചെയ്യട്ടെ. നമ്മൾ നമ്മുടെ ജോലി ചെയ്താൽ മാത്രം മതി. പൂർണമായും സാഹിത്യകേന്ദ്രീകൃതമായിട്ടായിരിക്കും അക്കാദമി പ്രവർത്തിക്കുക. ഈ സർക്കാറിന്‍റെ കാലത്താണ് ഏറ്റവും സർഗാത്മകമായി അക്കാദമി പ്രവർത്തിച്ചതെന്ന് നാളെ രേഖപ്പെടുത്തപ്പെടും. കൊല്ലത്തിൽ അവാർഡ് കൊടുക്കുന്ന ഒരു സ്ഥലം മാത്രമല്ലാതായി മാറ്റും. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇടമായി മാറ്റും. ആരും അവഗണിക്കപ്പെടില്ല. കൊടിയുടെ നിറമല്ല. എഴുത്താണ് എന്‍റെ മാനദണ്ഡം. നിലവിൽ, സാഹിത്യ അന്തരീക്ഷം ഒട്ടും സജീവമല്ല കേരളത്തിൽ.
എഴുത്തുകാരൻ എന്നും ഇടതുപക്ഷത്താവണം എന്ന് പറയാറുണ്ട്. മാഷിന് ഇടതുപക്ഷവും വലതുപക്ഷവും എന്താണ്?
എന്താണ് ഇടത്? ഇന്ന് പറയപ്പെടുന്ന ഇടതിൽ അംബേദ്കറില്ല, ഗാന്ധിയില്ല, പക്ഷേ, സ്റ്റാലിനുണ്ട്. അപ്പോൾ ഇതെങ്ങനെ ഇടതാകും. ഞാനൊരിക്കലും വലതുപക്ഷമല്ല. ആ പ്രയോഗംതന്നെ ശരിയല്ല. ഒരുപക്ഷേ, തീവ്ര വലതുപക്ഷത്തിന് അത് ശരിയാകാം. ബി.ജെ.പിയെ വലതുപക്ഷമെന്ന് വിളിച്ചോളൂ. ഗാന്ധിജി നേതൃത്വം നൽകിയൊരു പ്രസ്ഥാനമാണ് കോൺഗ്രസ്. അതുകൊണ്ട് ഒരിക്കലും കോൺഗ്രസിനെ വലത് എന്ന് പറയാൻ പാടില്ല. കോൺഗ്രസുകാരൊക്കെ ആത്മാഭിമാനമുണ്ടെങ്കിൽ ഇടതെന്ന് പറയണം. ശരിക്കും കമ്യൂണിസ്റ്റുകാരുടെ വിചാരം വർഗസമരത്തിൽ വിശ്വസിക്കുന്നവരാണ് ഇടതെന്നാണ്. അതുകൊണ്ടാണ് സ്റ്റാലിൻ ഇടതും അംബേദ്കറും ഗാന്ധിയും വലതുമായി പോകുന്നത്. അത്, വലിയ തെറ്റായ കാര്യമാണ്.
വർഗസമരമല്ല അതിന്‍റെ അടിസ്ഥാനം. ചൂഷണങ്ങളെ തടഞ്ഞ്, പാവപ്പെട്ടവരോട് ആഭിമുഖ്യം വളർത്തുക എന്നതാണ് ശരിയായ ഇടത്. ഇവിടെയാണെങ്കിലും ലോകത്തിലെവിടെയും കമ്യൂണിസം വരാൻ കാരണം സാമ്പത്തികമായിട്ടുള്ള ഭീകരമായ ചൂഷണവും ദാരിദ്ര്യവുമാണ്. പക്ഷേ, ഒരു ഘട്ടം കഴിയുേമ്പാൾ അധികാരം ദുഷിച്ച് പതുക്കെ അപ്രസക്തമാവുകയാണ് ചെയ്യുക. കേരളത്തിൽ ’40കളിലും ’50കളിലുമാണ് കമ്യൂണിസം ഏറ്റവും ശക്തമായി പ്രവർത്തിച്ചത്. പിന്നെ പ്രവർത്തനരംഗത്ത് കമ്യൂണിസ്റ്റ് ആദർശങ്ങളോടുള്ള വിട്ടുവീഴ്ചയാണ് നാം കാണുന്നത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന് അന്ന് പറഞ്ഞിരുന്നത് ദുഷിച്ച ജന്മിത്വത്തോടും മുതലാളിത്തത്തോടുമുള്ള പ്രതികാരമായിട്ടാണ്.
സമത്വ സുന്ദരകാലം പ്രതീക്ഷിച്ചവർ, പതിയെ മാറി. ഓരോ വ്യക്തിയുടെയും മോഹം മുതലാളിയായി തീരണമെന്നായി. എല്ലാവരും ലോട്ടറി ടിക്കറ്റ് എടുക്കുകയും അവനവന്‍റെ ജീവിതം മാത്രമായി ചിന്തിക്കുകയും ചെയ്യുകയാണ്. കൂട്ടുചേർന്ന് പ്രവർത്തിക്കുേമ്പാഴും അതു തന്നെയാണിവിടെ നടക്കുന്നത്. അപ്പോൾ മുതലാളിത്തത്തെ അങ്ങേയറ്റം വെറുത്ത ഒരു ജനത ഓരോരുത്തരും മുതലാളിയാകുന്ന കാലത്തിലേക്ക് മാറിക്കഴിഞ്ഞു. ഇന്ന് കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുേമ്പാൾ അവസരങ്ങൾക്കു വേണ്ടിയൊക്കെ പാർട്ടിയുടെ ഭാഗമാവുകയാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന് വേണ്ടിയാണിന്ന് പ്രവർത്തിക്കുന്നത്. അപ്പോൾ ഇതെങ്ങനെ ഇടതാകും? അവരോട് വിയോജിക്കുന്നവരാണ് അവർക്ക് വലതുപക്ഷം.
ചെറുപ്പം മുതൽ മാഷ് സി.പി.എം വിരോധിയായിരുന്നുവെന്നറിയാം, എപ്പോൾ മുതലാണ് നിശിത വിമർശനം തുടങ്ങിയത്?
എനിക്ക് ചെറുപ്പം മുതൽ അനാർക്കിസം വളരെ ഇഷ്ടമാണ്. ഞാനൊരു അനാർക്കിസ്റ്റാണ്. എന്‍റെ ആദ്യത്തെ ലേഖനത്തിന്‍റെ തലവാചകം ‘സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണ്’ എന്നാണ്. അത്, 20ാം വയസ്സിലാണ് എഴുതിയത്. അപ്പോൾ മുതൽ ഇങ്ങനെ മാറിച്ചിന്തിക്കുക എന്നല്ലാതെ കോൺഗ്രസിനുവേണ്ടി ജീവിക്കണോ കമ്യൂണിസ്റ്റിനുവേണ്ടി ജീവിക്കണോ എന്ന് ചിന്തിച്ചിട്ടില്ല. അതെന്‍റെ വിഷയം ആയിരുന്നില്ല. മുഖ്യധാരയിൽനിന്നു മാറി മാത്രമാണ് ഞാൻ കടന്നുവന്നത്. അതുകൊണ്ടാണ് എനിക്ക് വായനക്കാരും കേൾവിക്കാരുമൊക്കെയുണ്ടായത്. എന്തുകൊണ്ട് ഞാൻ കോൺഗ്രസ് അനുഭാവിയായി എന്നതിന് ഉത്തരം കോൺഗ്രസ് ഒരു അശക്തമായ ജനാധിപത്യ പാർട്ടിയാണ്.
കമ്യൂണിസ്റ്റ് പാർട്ടി സുശക്തമായ ഏകാധിപത്യ പാർട്ടിയാണ്. ഈ ഏകാധിപത്യത്തോട് എനിക്ക് വിരോധമാണ്. അനാർക്കിസത്തോടാണ് എനിക്കിഷ്ടമെന്ന് പറഞ്ഞല്ലോ. അതാണ് ഞാൻ കോൺഗ്രസിനെ ഇഷ്ടപ്പെടാൻ കാരണം. അവരിൽ വൈരുധ്യമുണ്ട്. എപ്പോഴും പിണക്കങ്ങൾ. അധികാരത്തെ കൊണ്ടുനടക്കാനുള്ള ശേഷിയില്ലായ്മ. ഇതൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. ഭരിക്കാനും ഭരിക്കപ്പെടാനും ഇഷ്ടമല്ല. അതാണ് അരാജകത്വത്തെ കൂട്ടുപിടിക്കുന്നത്.
സാഹിത്യത്തിനോടുള്ള താൽപര്യമുള്ളതുകൊണ്ട് അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു. സാഹിത്യം അഗാധമായ തത്ത്വചിന്താപരമായ അരാജകത്വത്തെ അംഗീകരിക്കുന്നതാണ്. അതുകൊണ്ട് സാഹിത്യപ്രവർത്തനം എനിക്കെന്നും ഹരം പകരുന്നതാണ്. ഗാന്ധിജി, ബുദ്ധൻ, സോക്രട്ടീസ് എന്നിവരെല്ലാം അരാജകവാദികളാണ്. സിസ്റ്റത്തെ നവീകരിക്കാനും സിസ്റ്റത്തെ അയവുള്ളതാക്കാനുമുള്ളതാണ് ഈ അരാജകവാദം. ചോദ്യം ചെയ്യപ്പെടാവുന്നതാണ് ഏത് കാലത്തെയും ഭരണകൂടം എന്നതാണ് അരാജകവാദത്തിന്‍റെ അടിസ്ഥാനം.
വിമർശനം വ്യക്തിപരമായ ശത്രുതയിലേക്ക് മാറുന്നുണ്ടോ? പി. ജയരാജനും കെ.കെ. ശൈലജ ടീച്ചറും ഉൾപ്പെടെയുള്ളവരെ മാഷ് വിമർശിച്ചല്ലോ?
ജയരാജന് വലിയ അസ്വസ്ഥതയുണ്ടായിട്ടുണ്ട്. അത്ര സുഖകരമല്ലാത്ത പ്രതികരണങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ ശൈലജ ടീച്ചറെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിലുള്ള ഒരാൾക്ക് ആ പാർട്ടിയെ തള്ളിക്കളയാൻ കഴിയില്ല. കാരണം, ഇപ്പോൾ സ്വരാജ് ആണെങ്കിലും അവർക്ക് വളരെ പ്രിയങ്കരനായ നേതാവാണ്. പക്ഷേ, അയാൾക്കും ജനാധിപത്യബോധമില്ല. ഒരിക്കലും ടി.പി. ചന്ദ്രശേഖരൻ വധം ഞങ്ങൾക്ക് പറ്റിയ പിഴവാണെന്ന് പറയില്ല. ഒമ്പത് പാവം മാവോവാദികളെ കൊന്നത് തെറ്റുപറ്റിയതാണെന്ന് ഒരു കാലത്തും പറയില്ല. അതറിയാമെങ്കിലും പൊതുസമൂഹത്തിനു മുന്നിൽ ഏറ്റുപറയാൻ തയാറാവില്ല.
ഇങ്ങനെ നീതിയുടെ പക്ഷത്ത് നിൽക്കാൻ പാർട്ടി സമ്മതിക്കാത്ത ഒരവസ്ഥയുണ്ട്. ഭരണത്തിൽ നിലനിൽക്കുക. അധികാരത്തിന്‍റെ നിയന്ത്രണം സ്വന്തം കൈകളിലായിരിക്കുക അതൊക്കെയാണ് പാർട്ടി താൽപര്യം. അതുമായിട്ടാണ് അവർ ഐക്യപ്പെടുന്നത്. അല്ലാതെ മാർക്സിസവുമായിട്ടല്ല. ആ പാർട്ടി ഏകാധിപത്യത്തിനോടാണ് ഞാൻ എതിർപ്പ് പ്രകടിപ്പിക്കുന്നത്. വ്യക്തിപരമായ ഔന്നത്യം ഒരാൾക്കും പാർട്ടി അനുവദിക്കുന്നില്ല. പാർട്ടിസത്യമല്ലാത്ത സത്യം ഒരു സ്വരാജിനുമില്ല.
ഈ അരാജകവാദിക്കുള്ളിൽ ഒരു ആത്മീയവാദിയുണ്ടോ? ‘ഇത്രമാത്രം’ പോലുള്ള നോവലുകൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്?
പൊതുവെ അരാജകവാദിയാവാനുള്ള കാരണങ്ങളിൽ ഒന്ന് ചെറിയ ആത്മീയാഭിമുഖ്യമാണെന്ന് പറയാം. അത്, ഹിന്ദുമതത്തിനോട് മാത്രമുള്ള താൽപര്യമല്ല. ബുദ്ധൻ, മുഹമ്മദ് നബി എല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. മത വിരുദ്ധനല്ല ഞാൻ. ബൈബിളും ഖുർആനും ഉപനിഷത്തുക്കളുമൊന്നുമില്ലാത്ത ലോകം എത്ര ദരിദ്രം. മതങ്ങൾ തന്നതാണ് ബുദ്ധനെ, ക്രൈസ്റ്റിനെ, മുഹമ്മദ് നബിയെ ഒക്കെ. മതബോധം ഗാന്ധിയെ കൂടുതൽ കാഴ്ചപ്പാടുള്ളയാളാക്കി മാറ്റി. സുശക്തമായ മതം ഭരിക്കുന്നിടത്തെല്ലാം ഫാഷിസം തന്നെയാണുള്ളത്. അശക്തമായ ഭരണകൂടങ്ങളാണ് വേണ്ടത്. ഭരണകൂടങ്ങൾ ഇല്ലാതാവുക എന്നതാണ് മാക്സിന്റെപോലും സങ്കൽപം.
ഒരു അന്തരാളഘട്ടത്തിൽ സുശക്തമായ ഭരണകൂടം ഉണ്ടാകും പിന്നീടത് കൊഴിഞ്ഞുപോകുമെന്നാണ് മാർക്സിന്റെ ധാരണ. യഥാർഥത്തിൽ മാർക്സിലുണ്ടായിരുന്നത് അരാജകവാദിയാണ്. ഞാൻ ഭരിക്കപ്പെടില്ല. എന്‍റെ പ്രവൃത്തിക്ക് ആരുടെയും അനുമതിവേണ്ട. ഇതുതന്നെയാണ് സ്വരാജ്. നിങ്ങളുടെ ഇച്ഛക്ക് അനുസരിച്ച് നിങ്ങൾക്ക് ജീവിക്കാമെന്നും ജീവിക്കണമെന്നുമാണ് സ്വരാജ് അർഥമാക്കുന്നത്. ഇച്ഛാനുസരണം വ്യക്തികൾ ജീവിക്കുന്ന സാമൂഹിക ഘടനയെയാണ് സ്വരാജ് എന്ന് വിളിക്കുന്നത്.
മുൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദന്‍റെ ഭരണത്തുടർച്ചക്കെതിരായ നിലപാട് തുടർഭരണം നഷ്ടമാക്കാൻ കാരണമായെന്ന് സി.പി.എം വിലയിരുത്തുന്നുണ്ട്. അതെക്കുറിച്ച്?
സച്ചിദാനന്ദൻ പറഞ്ഞത് കമ്യൂണിസം ശക്തിപ്പെടണം അതിനൊരിടവേള വേണം എന്നാണ്. അല്ലാതെ ഈ ഭരണം നീണ്ടുപോയാൽ പ്രതിപക്ഷം ദുർബലപ്പെടുമെന്നല്ല, ഞാൻ പറഞ്ഞത് ഇക്കുറിയും സി.പി.എം അധികാരത്തിലെത്തിയാൽ ജനാധിപത്യം ഇല്ലാതാവുമെന്നാണ്. കേരളത്തിൽ ജനാധിപത്യമുണ്ടാവില്ല എന്ന് ആശങ്കപ്പെട്ടിരുന്ന ഒരു പാട് മനുഷ്യരുണ്ടായിരുന്നു. അത് കമ്യൂണിസ്റ്റ് ഭരണകൂടം നിലവിൽ വന്ന രാജ്യങ്ങളിൽപോലും നാം കണ്ടതാണ്. തുടർച്ചയായി ഭരിച്ചാൽ ജനാധിപത്യം ഉണ്ടാവില്ല. ഇടതുപക്ഷം എന്ന് പറയുന്നത് ഞാൻ നേരത്തേ പറഞ്ഞപോലെ കമ്യൂണിസ്റ്റുകളൊന്നുമല്ല. ആ ഭരണം തുടരുകയാണെങ്കിൽ പ്രയാസം സൃഷ്ടിക്കുമെന്ന് ജനത്തിന് ബോധ്യപ്പെട്ടു.
വി.ഡി. സതീശൻ സർക്കാറിന്‍റെ തുടക്കത്തിന് എത്ര മാർക്കിടും?
ഈ തുടക്കത്തിന് നല്ല മാർക്കിടും. നല്ല മാർക്കിടുമെന്ന് പറഞ്ഞാൽ, പ്രധാനപ്പെട്ട ഒന്ന് സ്ത്രീകൾക്ക് നൽകിയ സൗജന്യയാത്രയാണ്. അത്, ചരിത്രപരമായൊരു തീരുമാനമാണ്. പേഴ്സനൽ സ്റ്റാഫുകളുടെ നിയമന കാലാവധിയിലെ പുതിയ നീക്കം. അനുഭാവികൾക്കിടയിൽനിന്ന് എതിർപ്പുണ്ടാവാനിടയുണ്ടായിട്ടും എടുത്ത ധീരമായ തീരുമാനമാണത്. അത്, ജനപക്ഷത്തുനിന്നും നോക്കുേമ്പാൾ നല്ല തീരുമാനമാണ്. ആയമാരുടെ അലവൻസ് വർധന നാം കണ്ടു. പൊതുവെ, ജനത്തിന്‍റെ സങ്കടങ്ങൾക്ക് ചെവികൊടുക്കുന്ന സമീപനമാണുള്ളത്. പിന്നെ, സർക്കാറിനെ വിലയിരുത്താൻ ഈ കാലയളവ് പര്യാപ്തമല്ല. കൂടുതൽ കാര്യങ്ങൾ വരട്ടെ. സാമ്പത്തികമായി പ്രയാസങ്ങളുള്ള നാടാണ് കേരളം. കുറച്ചുകാലം കൂടി വേണം കൃത്യമായി വിലയിരുത്തൽ നടത്താൻ.
യു.ഡി.എഫ് അനുകൂല നിലപാടിന്‍റെ പേരിലും ഇപ്പോൾ അക്കാദമി ചെയർമാനായതിന്‍റെ പേരിലും അങ്ങേക്കെതിരെ നടക്കുന്ന സമൂഹമാധ്യമങ്ങളിലെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
തീർച്ചയായും. ഞാൻ അവഗണിക്കാറാണ് പതിവ്. അവർക്ക് സംവാദം അറിയില്ല. വിവാദങ്ങളോടാണ് താൽപര്യം. നിങ്ങൾ പറഞ്ഞതിൽ അവർക്ക് എതിരായി എന്തുണ്ട് എന്ന് നോക്കി ആ പറഞ്ഞതിന്‍റെ യാഥാർഥ്യം എന്താണെന്ന് മനസ്സിലാക്കാതെ ജനസമൂഹത്തിന് മുന്നിൽ നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ആ വിനാശത്തിന് കാതുകൊടുക്കാതിരിക്കാനാണ് ശ്രമിക്കുക.
പേരാമ്പ്രയിലുൾപ്പെടെ അങ്ങ് യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയല്ലോ, അന്ന് നേരിട്ട വിമർശനത്തിന് എന്ത് മറുപടി നൽകും?
വലിയ എതിർപ്പാണ് എന്നോട് ഉണ്ടായത്. ഞാൻ ഫാത്തിമ തഹ്‍ലിയക്കുവേണ്ടി പ്രചാരണ വാഹനത്തിൽ കയറിയല്ലോ. അത് തീരെ ദഹിച്ചില്ല. എന്നെ അതിന് പ്രേരിപ്പിച്ചതിന് കാരണം രണ്ടാണ്. അത്, കോൺഗ്രസ് ആഭിമുഖ്യമൊന്നുമല്ല. ഒരു സ്ത്രീ, ഒരു മുസ്ലിം വനിത... രണ്ടർഥത്തിലും ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവർ. അവർ അധികാരത്തിലേക്ക് വരണമെന്ന മോഹംകൊണ്ടാണ് അങ്ങനെ ചെയ്തത്. എനിക്ക് ഏറ്റവും സന്തോഷമുണ്ടായ വിജയംകൂടിയാണത്.
യു.ഡി.എഫ് തെരഞ്ഞെടുപ്പുവേളയിൽ ആരോപിച്ച സി.പി.എം-ബി.ജെ.പി ഡീൽ ഇപ്പോൾ ഇടത് മുന്നണി തിരിച്ചുപറയുന്നുണ്ടല്ലോ?
എൽ.ഡി.എഫ് ഭരിക്കുന്ന കാലത്ത് ബി.ജെ.പി ഡീൽ പറയുമായിരുന്നു. ബി.ജെ.പിയുടെ ആഗ്രഹം കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരരുത് എന്നുതന്നെയാണ്. ഇതേ ആഗ്രഹം പങ്കിടുന്നവരാണ് കമ്യൂണിസ്റ്റ് പാർട്ടികൾ. ഇതാണ് ഡീൽ. മറ്റ് പണം കൊടുക്കലോ ഒന്നുമല്ല. ഇപ്പോൾ ബി.ജെ.പിക്ക് കമ്യൂണിസ്റ്റ് പാർട്ടിയെയും കോൺഗ്രസിനെയും തകർക്കണം. എന്നിട്ട് അവർക്ക് വരണം. ബി.ജെ.പി ഇപ്പോൾ കേരളത്തിലെ ഹിന്ദു വിശ്വാസി സമൂഹവുമായിട്ടാണ് ഡീലുണ്ടാക്കാൻ ശ്രമിക്കുന്നത്.
വലിയ ദൈവവിശ്വാസികളാണ് ഹിന്ദുക്കൾ. ഇല്ലെന്ന് പറയുന്നവർ ഒക്കെ വിശ്വാസികളാണ്. ഹിന്ദുക്കളുടെ ദൈവവിശ്വാസം മുതലാക്കുകയാണവർ. അവരുടെ പാർട്ടി ഓഫിസുകൾ ക്ഷേത്രങ്ങളാണ്. ആ പാർട്ടി ഓഫിസിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ പോയതാണ് സി.പി.എമ്മിന്‍റെ വലിയ പരാജയം. എന്തിനാണവർ ക്ഷേത്ര സംരക്ഷണത്തിനു പോയത്. അയ്യപ്പസംഗമമൊക്കെ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയം അങ്ങേയറ്റം അന്യായമാണെന്ന് പറയേണ്ടതിന് പകരമാണ് ഈ ചേർത്തുപിടിക്കൽ നടത്തിയത്.
ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷവും ദുഃഖം തോന്നിയ നിമിഷവും ഉണ്ടോ?
അങ്ങനെയൊന്ന് പറയാൻ കഴിയില്ല. എന്‍റെ ജീവിതമെന്ന് പറയുന്നത് ഒരു വായനക്കാരന്‍റെ ജീവിതമാണ്. കുടുംബം, വ്യക്തിപരമായി ലഭിക്കുന്ന സന്തോഷങ്ങൾ എന്നിവയെക്കാൾ എനിക്ക് നല്ല കൃതികൾ വായിക്കുേമ്പാഴാണ് സന്തോഷം തോന്നാറ്. ആ സന്തോഷത്തിലൊക്കെ ദുഃഖമുണ്ട് താനും. ദസ്തയേവ്സ്കിയെ വായിക്കുേമ്പാൾ ഞാൻ നന്നായി ഉണരും. ആദ്യമായി എന്‍റെ ചുറ്റും ഉണരുന്നത് ദസ്തയേവ്സ്കിയെ വായിക്കുേമ്പാഴാണ്. അതാകട്ടെ, അസ്വസ്ഥകരമായ ഒരാനന്ദമാണ്. അല്ലാതെ നാം കരുതുന്ന ആനന്ദമല്ല. അതിനാൽ എന്‍റെ ആനന്ദങ്ങളിലെന്നും അസ്വസ്ഥതയുണ്ടാകും. നിരുപാധികമായ ആനന്ദമൊന്നും ഞാൻ അനുഭവിച്ചിട്ടില്ല. വയനാടുപോലെ ഏകാകികൾ താമസിക്കുന്ന സ്ഥലത്താണ് മൂന്ന് പതിറ്റാണ്ടിലേറെക്കാലം ജീവിച്ചത്. ഇന്നത്തെ വയനാടല്ല. അവിടെ ഏകാന്തതയായിരുന്നു എനിക്ക് കൂട്ട്. ഇപ്പോഴും ഏകാന്തതയാണിഷ്ടം.
സാഹിത്യ അക്കാദമി ചെയർമാൻ പദവി എഴുത്തുജീവിതത്തിന് വെല്ലുവിളിയാവില്ലേ?
സമയം ഒരു പ്രശ്നമായി മുന്നിലുണ്ട്. ധാരാളം സമയം കിട്ടിയാൽതന്നെ കുറച്ചുസമയം മാത്രമേ ക്രിയേറ്റിവായി ഉപയോഗിക്കാൻ പറ്റാറുള്ളൂ. അപ്പോൾ ആ സമയവും അപഹരിക്കപ്പെേട്ടക്കാം. അത്തരം ആശങ്ക ഉള്ളിലുണ്ട്. കുറെക്കൂടി നേരത്തേ ഉണരുക എന്ന പരിഹാരം മാത്രമേ കൈയിലുള്ളൂ. അസുഖത്തെയും പ്രായത്തെയും ഭയമില്ല. പക്ഷേ, ഓർമയുൾപ്പെടെയുള്ള കാര്യങ്ങൾ...
കഥ, കവിത, നോവൽ ഇതിൽ ഏത് മേഖലയിലാണ് മലയാള സാഹിത്യം മുൻപന്തിയിൽ നിൽക്കുന്നത്?
ചെറുകഥയാണ് ഒരു പരിധിവരെ മുൻപന്തിയിൽ നിൽക്കുന്നത്. പുതിയ കഥാകൃത്തുക്കൾ വരുന്നുണ്ട്. നോവൽ വളരെ സജീവമാണ്. ഗവേഷണ സ്വഭാവമുള്ള നോവലുകൾ വരുന്നുണ്ട്. അത്തരം നോവലുകളിൽ ഫിക്ഷന്റെ അംശം കുറയുകയും നോൺഫിക്ഷന്റെ അംശം കൂടുകയും ചെയ്യുന്നു. ഈ പ്രവണത നോവലിന് എത്രത്തോളം ഗുണംചെയ്യുമെന്നതിൽ എനിക്ക് സംശയമുണ്ട്. ഉദാഹരണത്തിന് ‘ഖസാക്കിന്‍റെ ഇതിഹാസം’ പോലൊരു കൃതി ഇപ്പോൾ ഉണ്ടാകുന്നില്ല.
പക്ഷേ, ‘ആൾക്കൂട്ടം’ പോലെയുള്ള കൃതികൾ ഉണ്ടാകുന്നുണ്ടെങ്കിലും അതിന്‍റെ പിന്നിലെ ദർശനത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഞാനൊരു ഉള്ളടക്കവാദിയല്ല. രൂപവാദിയാണ്. പല ഉള്ളടക്കങ്ങൾ ഉള്ള രൂപമാണ് ഒരു സാഹിത്യകൃതി. സാഹിത്യകൃതിയിൽ ഭാഷക്കും അവതരണരീതിക്കും പ്രാധാന്യം ഏറെയാണ്. പക്ഷേ, ആശയവും ഇതിന്‍റെ ഭാഗമായിട്ട് വരും.
സാഹിത്യമാണോ, പ്രഭാഷണമാണോ മാഷിന് ഏറ്റവും പ്രിയം?
പ്രഭാഷണം അല്ല. ചിലയാളുകൾ പറയാറുണ്ട് മാഷിന്‍റെ ഏറ്റവും നല്ല മീഡിയം പ്രഭാഷണമാണെന്ന്. അതിലൊരു കാര്യവുമില്ല. വളരെ ആലോചിച്ച് പുനഃപരിശോധന നടത്തിയാണ് സാഹിത്യകൃതികൾ ഉണ്ടാകുന്നത്. ഒരു കവിത ഒരു പക്ഷേ, മുപ്പതോ നാൽപതോ തവണ മാറ്റിയെഴുതി എന്നുവരാം. ലേഖനവും 10ലേറെ തവണ മാറ്റി എഴുതാം. അപ്പോൾ പ്രസംഗം എങ്ങനെയാ മാറ്റി എഴുതുക. പ്രസംഗം വന്ന വഴി, ആ സമയത്തിന്റെ ആനുകൂല്യം മാത്രം ഉപയോഗിച്ച് ചെയ്യുന്നതാണ്.
അതിനാൽ പ്രസംഗത്തെ കുറ്റമറ്റ കലാരൂപമായി ഞാൻ കാണുന്നില്ല. നന്നായി പ്രസംഗിക്കാൻ ശ്രമിക്കാറുണ്ട്. എഴുതുന്ന സമയത്തെ പ്രതിഭാ മിന്നലാട്ടമുണ്ടല്ലോ അത്, ഉപയോഗിക്കാറുണ്ട്. അതൊക്കെ യാദൃച്ഛികം മാത്രമാണ്. എഴുത്താണ് പ്രിയം. അതിൽ ചിലതിന് കവിതയാകണം, മറ്റ് ചിലതിന് നോവലാകണം, ലേഖനമാവണം. വിഷയത്തിനനുസരിച്ച് മാറി മാറി വരാം.
പുതിയ നോവൽ മനസ്സിലുണ്ടോ? എഴുതിത്തുടങ്ങിയോ?
ഉണ്ട്. നോവൽ എഴുതിത്തുടങ്ങി. ഉട്ടോപ്യയെക്കുറിച്ചാണ് ആ നോവൽ. എല്ലാം ഉട്ടോപ്യയാണെന്നാണ് നോവലിലൂടെ പറയുന്നത്. ഉട്ടോപ്യ എന്നുപറഞ്ഞാൽ സങ്കൽപം എന്നുമാത്രമല്ല. അടിസ്ഥാനമില്ലാത്തതാണെന്ന് മനസ്സിലാക്കുന്നുവെന്നാണ്. ഞാൻ പറഞ്ഞ അരാജകവാദത്തിന്‍റെ മാക്സിമം അതിൽ കാണാം. ഒരാൾ ഭൂമിയുടെ ഭാഗമാണെന്ന് കരുതി തിമിംഗലത്തിന്‍റെ പുറത്ത് ഇരിക്കുകയാണ്. അവിടെ തീകൂട്ടി പാചകം ചെയ്യാൻ ശ്രമിക്കുേമ്പാഴാണ് മനസ്സിലാവുക ഇത്, തിമിംഗലമാണെന്ന്.
ഇങ്ങനെയാണ് ഒാരോ കാര്യവും. ജീവിതത്തിന്‍റെ ചൂട് തട്ടുേമ്പാഴാണ് ഒാരോ പ്രതിഭാസവും ഉട്ടോപ്യയാണെന്ന് നാം തിരിച്ചറിയുക. ഇത്, ദർശനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എല്ലാം ബാധകമാണ്. ഉട്ടോപ്യയാണ് മാർക്സിസം. അതിന്‍റെ പേരിൽ എത്രപേരെയാണ് കൊന്നൊടുക്കിയത്. കണക്കെടുത്താൽ ഞെട്ടും. ഒരുപക്ഷേ, ഇതിന്‍റെ ഇരകൾക്ക് കാര്യങ്ങൾ മനസ്സിലാകും. കോൺഗ്രസും ഒരു ഉട്ടോപ്യയാണ്. ആ വിധത്തിലുള്ള ഭരണത്തെയും ജനാധിപത്യത്തെയും ഇണക്കി കൊണ്ടുപോകാൻ സാധ്യമല്ല.
പ്രണയം ഉട്ടോപ്യയാണ്. എന്തുകൊണ്ടെന്നാൽ, അത്, ദീർഘകാലം അതേ തീക്ഷ്ണതയോടെ തുടർന്ന് കൊണ്ടുപോകാൻ കഴിയില്ല. ചിലപ്പോൾ അവർ തമ്മിലാവും ഏറ്റവും വലിയ ശത്രുത. അപ്പോൾ ഉട്ടോപ്യ അല്ലാത്തതൊന്നും ഇവിടെ ഇല്ല. എഴുത്ത് എനിക്ക് എളുപ്പമല്ല. ഒരുപാട് എന്നെത്തന്നെ ഹോമിക്കണം. അതിനാൽ ഈ നോവൽ ഒര് വെല്ലുവിളിയായി മുന്നിലുണ്ട്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.