പേ​ന​കൊ​ണ്ട് വെ​ട്ടി​യും തി​രു​ത്തി​യും പി. ​ജ​യ​രാ​ജ​ൻ

സി.​പി.​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ ഇ​പ്പോ​ൾ എ​ഴു​ത്തി​ലാ​ണ്. സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്ത​ന്നെ ​ശ്ര​ദ്ധേ​യ പു​സ്ത​ക​ങ്ങ​ൾ അ​ദ്ദേ​ഹം അ​ടു​ത്തി​ടെ എ​ഴു​തി. ആ ​എ​ഴു​ത്തു​കാ​ര​നാ​യ ജ​യ​രാ​ജ​നോ​ട് സം​സാ​രി​ക്കു​ക​യാ​ണ് ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ ലേ​ഖി​ക.പാട്യ​ത്തെ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ പു​റ​ത്തെ ത​ന്റെ സ​ന്ദ​ർ​ശ​ക​മു​റി​യി​ൽ വാ​യ​ന​യി​ലാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ൻ. ചു​റ്റു​മു​ള്ള ഷെ​ൽ​ഫു​ക​ളി​ലും മേ​ശ​പ്പു​റ​ത്തും നി​റ​യെ പു​സ്ത​ക​ങ്ങ​ൾ. ഒ​ന്നും കാ​ഴ്ച​ക്കോ ഭം​ഗി​ക്കോ ഉ​ള്ള​ത​ല്ലെ​ന്ന് വ്യ​ക്തം. നി​ര​ന്ത​രം...

സി.​പി.​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ ഇ​പ്പോ​ൾ എ​ഴു​ത്തി​ലാ​ണ്. സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്ത​ന്നെ ​ശ്ര​ദ്ധേ​യ പു​സ്ത​ക​ങ്ങ​ൾ അ​ദ്ദേ​ഹം അ​ടു​ത്തി​ടെ എ​ഴു​തി. ആ ​എ​ഴു​ത്തു​കാ​ര​നാ​യ ജ​യ​രാ​ജ​നോ​ട് സം​സാ​രി​ക്കു​ക​യാ​ണ് ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ ലേ​ഖി​ക.

പാട്യ​ത്തെ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ പു​റ​ത്തെ ത​ന്റെ സ​ന്ദ​ർ​ശ​ക​മു​റി​യി​ൽ വാ​യ​ന​യി​ലാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ൻ. ചു​റ്റു​മു​ള്ള ഷെ​ൽ​ഫു​ക​ളി​ലും മേ​ശ​പ്പു​റ​ത്തും നി​റ​യെ പു​സ്ത​ക​ങ്ങ​ൾ. ഒ​ന്നും കാ​ഴ്ച​ക്കോ ഭം​ഗി​ക്കോ ഉ​ള്ള​ത​ല്ലെ​ന്ന് വ്യ​ക്തം. നി​ര​ന്ത​രം അ​വ ച​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന​തി​ന്റെ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ട്. ത​ന്റെ പു​തി​യ പു​സ്ത​ക​മാ​യ ‘സ​നാ​ത​നി​ക​ളു​ടെ ഹി​ന്ദു​ത്വ​വ​ഴി​ക​ൾ’ ആ​ണ് മു​ന്നി​ൽ നി​വ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ ​പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന അ​വ​ത​ര​ണ​ത്തി​നാ​യി കു​റി​പ്പു​ക​ൾ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തേ പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കും വി.​എ​സ് അ​നു​സ്മ​ര​ണ​ത്തി​നു​മാ​യി ന​ട​ത്തി​യ യു.​എ.​ഇ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​തേ ഉ​ള്ളൂ. അ​തു​കൊ​ണ്ട് വി​ശ്ര​മ​ത്തി​ലാ​ണ്.

സ​ന്ദ​ർ​ശ​ക​ർ കു​റ​വ്. അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ്, ദു​ബൈ​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്കി​ടെ കൈ​യൊ​പ്പ് വാ​ങ്ങാ​ൻ വ​ന്ന ഒ​രു യു​വാ​വി​ന്റെ വൈ​റ​ലാ​യ റീ​ൽ ക​ണ്ട​ത്. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വ​ട​ക​ര​യി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ഴു​ള്ള പി. ​ജ​യ​രാ​ജ​ന്റെ​യും പാ​ർ​ട്ടി ചി​ഹ്ന​ത്തി​ന്റെ​യും ചി​ത്രം പ​തി​ച്ച ടീ​ഷ​ർ​ട്ട് അ​ണി​ഞ്ഞു​വ​ന്ന യു​വാ​വി​ന് ഒ​പ്പു​വേ​ണ്ട​ത് അ​തി​ലാ​ണ്. പ്രി​യ​സ​ഖാ​വ് അ​തി​ൽ ഒ​പ്പി​ടു​ന്ന​ത് കാ​ണു​ന്ന അ​ണി​ക​ൾ ക​മ​ൻ​റ് ബോ​ക്സി​ൽ ആ​വേ​ശ​ത്തി​ലാ​ണ്.

പി. ​ജ​യ​രാ​ജ​ൻ എ​ന്നും അ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യ നേ​താ​വാ​ണെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. പാ​ർ​ട്ടി​യാ​വ​ട്ടെ പാ​ർ​ല​മെ​ന്റ​റി​യാ​വ​ട്ടെ, ജ​യ​മാ​വ​ട്ടെ തോ​ൽ​വി​യാ​വ​ട്ടെ, അം​ഗീ​കാ​ര​മാ​വ​ട്ടെ ഒ​ഴി​വാ​ക്ക​ലു​ക​ളാ​വ​ട്ടെ, ഏ​ത് പ​ദ​വി​യി​ലാ​ണെ​ങ്കി​ലും സി.​പി.​എ​മ്മു​കാ​ർ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത നേ​താ​വാ​ണ്. ആ​ശ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്ക് വ്യ​തി​ച​ല​ന​മു​ണ്ടാ​യാ​ലും പി. ​ജ​യ​രാ​ജ​ന് ച​ല​ന​മു​ണ്ടാ​വി​ല്ലെ​ന്ന വി​ശ്വാ​സം അ​ണി​ക​ൾ​ക്കു​ണ്ട്, എ​ല്ലാ കാ​ല​ത്തും. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തോ​ൽ​വി​ക്കു​ശേ​ഷ​വും പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ സു​പ്ര​ധാ​ന നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് ഇ​തി​നോ​ട് കൂ​ട്ടി​വാ​യി​ക്ക​ണം.

ക​ണ്ണൂ​രി​ലെ കി​ഴ​ക്കെ ക​തി​രൂ​രി​ൽ കാ​രാ​യി കു​ഞ്ഞി​രാ​മ​ന്റെ​യും പാ​റാ​യി ദേ​വി​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം സി.​പി.​എ​മ്മി​ന്റെ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. ദീ​ർ​ഘ​കാ​ലം കൂ​ത്തു​പ​റ​മ്പ് ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. 1986ൽ ​ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്കും 90ൽ ​ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2001, 2006 വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ത്തു​പ​റ​മ്പി​ൽ​നി​ന്ന് നി​യ​മ​സ​ഭാം​ഗ​മാ​യി. 2011 മു​ത​ൽ 2019 വ​രെ ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി. 1998 മു​ത​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്.

ഈ ​സം​ഭാ​ഷ​ണം പ​ക്ഷേ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ പി. ​ജ​യ​രാ​ജ​നോ​ടു​ള്ള​ത​ല്ല, എ​ഴു​ത്തു​കാ​ര​നാ​യ പി. ​ജ​യ​രാ​ജ​നോ​ടു​ള്ള​താ​ണ്. ത​ന്റെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ദീ​ർ​ഘ​കാ​ല​ത്തെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും പ​ഠ​ന​ങ്ങ​ളി​ലൂ​ടെ​യും ച​ർ​ച്ച​ക​ളി​ലൂ​ടെ​യു​മെ​ല്ലാം ആ​ർ​ജി​ച്ച അ​റി​വു​ക​ളാ​ണ് അ​ദ്ദേ​ഹം എ​ഴു​തു​ന്ന​ത്. പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് പു​സ്ത​ക​ങ്ങ​ളും അ​ത്ത​ര​ത്തി​ൽ ശ്ര​ദ്ധേ​യം. ചി​ന്ത പ​ബ്ലി​ഷേ​ഴ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ‘സം​ഘ​ർ​ഷ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം’ (2008), മാ​തൃ​ഭൂ​മി ബു​ക്സ് പു​റ​ത്തി​റ​ക്കി​യ ‘കേ​ര​ളം: മു​സ്‍ലിം രാ​ഷ്ട്രീ​യം രാ​ഷ്ട്രീ​യ ഇ​സ്‍ലാം’ (2024), ചി​ന്ത പ​ബ്ലി​ഷേ​ഴ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ‘സ​നാ​ത​നി​ക​ളു​ടെ ഹി​ന്ദു​ത്വ​വ​ഴി​ക​ൾ’ (2026) എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ പു​സ്ത​ക​ങ്ങ​ൾ. 2013ൽ ​അ​ദ്ദേ​ഹം എ​ഡി​റ്റ​റാ​യി ‘ഉ​ത്ത​ര​കേ​ര​ളം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ​മ​കാ​ലീ​ന പ്ര​വ​ണ​ത​ക​ളും’ എ​ന്ന പു​സ്ത​കം ചി​ന്ത പു​റ​ത്തി​റ​ക്കു​ക​യു​ണ്ടാ​യി. തി​ര​ക്കി​ട്ട പു​സ്ത​ക ച​ർ​ച്ച​ക​ളി​ലും അ​വ​ത​ര​ണ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ് ഇ​പ്പോ​ൾ അ​ദ്ദേ​ഹം. എ​ഴു​ത്തി​ന്റെ വ​ഴി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്നെ പ​റ​യു​ന്നു.

രാ​ഷ്ട്രീ​യ​ക്കാ​ര​ന്റെ കു​പ്പാ​യ​ത്തി​ന് ഇ​ട​വേ​ള ന​ൽ​കി മു​ഴു​സ​മ​യ എ​ഴു​ത്തു​കാ​ര​നാ​യ​തി​ന്റെ സൂ​ച​ന​യാ​യാ​ണോ ഷ​ർ​ട്ട് മാ​റ്റി ജ​യ​രാ​ജേ​ട്ട​ൻ ജു​ബ്ബ​യി​ലേ​ക്ക് മാ​റി​യ​ത്. ഇ​പ്പോ​ൾ സ്ഥി​ര​മാ​യി കാ​ണു​ന്ന​ത് ഈ ​വേ​ഷ​ത്തി​ലാ​ണ​ല്ലോ.

▲ (ചി​രി​ച്ചു​കൊ​ണ്ട്) രാ​ഷ്ട്രീ​യ​ത്തി​ന് ന​മു​ക്ക​ങ്ങ​നെ ഇ​ട​വേ​ള​യി​ല്ല​ല്ലോ. ജു​ബ്ബ ഞാ​ൻ മു​മ്പേ ധ​രി​ക്കാ​റു​ള്ള​താ​ണ്. ഒ​രു ആ​ർ.​എ​സ്.​എ​സു​കാ​ര​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ട് യു.​എ.​പി.​എ കേ​സി​ൽ ജ​യി​ലി​ൽ കി​ട​ന്ന സ​മ​യ​ത്താ​ണ് ആ​ദ്യ​മാ​യി ജു​ബ്ബ ധ​രി​ക്കു​ന്ന​ത്. അ​ന്ന് റി​മാ​ൻ​ഡ് ത​ട​വി​ലാ​ണ്. അ​പ്പോ​ൾ ഏ​ത് വ​സ്ത്ര​വും ധ​രി​ക്കാം. അ​ങ്ങ​നെ ജ​യി​ലി​ൽ​വെ​ച്ച് ധ​രി​ക്കാ​ൻ ഭാ​ര്യ യ​മു​ന കൊ​ണ്ടു​ത​ന്ന​താ​ണ് ജു​ബ്ബ. പി​ന്നെ അ​തൊ​രു ശീ​ല​മാ​യി. ഷ​ർ​ട്ട് ഇ​പ്പോ​ഴും ഇ​ട​ക്ക് ധ​രി​ക്കാ​റു​ണ്ട്. പ​ക്ഷേ, അ​ധി​ക​വും ഈ ​വ​സ്ത്ര​മാ​ണ്.

പ​ക്ഷേ, എ​ഴു​ത്തു​കാ​ര​ന് ചേ​രു​ന്ന​ത് ജു​ബ്ബ​യാ​ണ്.

▲ പു​സ്ത​ക​മെ​ഴു​ത്ത് തു​ട​ങ്ങി​യ​തു​കൊ​ണ്ട് ജു​ബ്ബ ധ​രി​ച്ച​ത​ല്ല. ജു​ബ്ബ ധ​രി​ച്ച​തു​കൊ​ണ്ട് എ​ഴു​ത്തു​കാ​ര​നാ​വു​ന്നു​മി​ല്ല​ല്ലോ. എ​ഴു​ത്ത് അ​തി​നു​മു​മ്പേ തു​ട​ങ്ങി​യ​താ​ണ്.


 



രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ എ​പ്പോ​ഴാ​ണ് എ​ഴു​ത്തി​നെ​ക്കു​റി​ച്ച് ആ​ലോ​ച​ന വ​രു​ന്ന​ത്. എ​ഴു​ത​ണ​മെ​ന്നും പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ചി​ന്ത മു​മ്പേ ഉ​ള്ള​താ​ണോ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഒ​രു സ​ന്ദ​ർ​ഭ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​ന​മാ​ണോ?

▲ എ​ഴു​ത്ത് വി​ദ്യാ​ർ​ഥി​പ്ര​സ്ഥാ​ന​ത്തി​ലാ​യ കാ​ലം​തൊ​ട്ടേ ഉ​ണ്ട്. ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ എ​സ്.​എ​ഫ്.​ഐ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ഴു​താ​റു​ണ്ടാ​യി​രു​ന്നു. എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ആ​യി​രു​ന്ന സ​മ​യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ ക​ഴി​ഞ്ഞ് സ​മ്മേ​ള​നം ന​ട​ക്കു​മ്പോ​ഴൊ​ക്കെ ദേ​ശാ​ഭി​മാ​നി​യി​ൽ ലേ​ഖ​നം വ​ന്നി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷ​വും ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ സ്ഥി​ര​മാ​യി എ​ഴു​താ​റു​ണ്ടാ​യി​രു​ന്നു. മാ​ധ്യ​മം പ​ത്രം എ​ഡി​റ്റോ​റി​യ​ൽ പേ​ജി​ലും ഇ​ട​ക്കാ​ല​ത്ത് സ്ഥി​ര​മാ​യി എ​ഴു​തി​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ വീ​ക്ഷ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പം​ക്തി​യെ​ന്ന നി​ല​യി​ൽ. പി​ന്നെ എ​നി​ക്ക​ത് തു​ട​രാ​നാ​യി​ല്ല. ഏ​തൊ​ക്കെ​യോ സാ​ഹ​ച​ര്യ​ങ്ങ​ൾ​കൊ​ണ്ട് ഞാ​ൻ ത​ന്നെ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പു​സ്ത​ക​മെ​ഴു​ത്ത് എ​ന്ന​തി​ലേ​ക്ക് വ​രു​ന്ന​തെ​ങ്ങ​നെ​യാ​ണ്.

▲ ആ​ർ.​എ​സ്.​എ​സ് എ​ന്നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ല്ലോ. 1999 ആ​ഗ​സ്റ്റ് 25 തി​രു​വോ​ണ​ത്തി​നാ​ണ് അ​തു​ണ്ടാ​കു​ന്ന​ത്. ഈ ​ആ​ഗ​സ്റ്റ് 25 ആ​കു​മ്പോ​ൾ 27 വ​ർ​ഷം പൂ​ർ​ത്തി​യാ​വും. പ​രി​ശീ​ല​നം നേ​ടി​യ ക്രി​മി​ന​ലു​ക​ളാ​യി​രു​ന്നു അ​ന്ന് വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​യ​ത്. വ​ല​തു​കൈ പൂ​ർ​ണ​മാ​യി വെ​ട്ടി​മു​റി​ക്ക​പ്പെ​ട്ടു. ഇ​ട​തു​കൈ​യി​ലെ ത​ള്ള​വി​ര​ൽ ന​ഷ്ട​പ്പെ​ട്ടു. എ​ന്തൊ​ക്കെ​യാ​ണ് വെ​ട്ടി​മു​റി​ക്ക​പ്പെ​ട്ട​തെ​ന്ന് അ​റി​യു​ന്നി​ല്ല. വീ​ട്ടി​ൽ​നി​ന്ന് എ​ല്ലാം വാ​രി പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക്കാ​യി പോ​യ​ത് ത​ല​ശ്ശേ​രി കോ​ഓ​പ​റേ​റ്റി​വ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. അ​വി​ടു​ന്ന് എ​ല്ലാം പാ​ക്ക് ചെ​യ്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​യി.

അ​ന്ന് കേ​ര​ള​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലൊ​ന്നും മൈ​ക്രോ വാ​സ്കു​ല​ർ സ​ർ​ജ​റി ഇ​ല്ല. അ​ങ്ങ​നെ അ​വി​ട​ന്നെ​ല്ലാം റീ​പാ​ക്ക് ചെ​യ്ത് എ​റ​ണാ​കു​ള​ത്തെ സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഉ​ട​നെ​ത​ന്നെ അ​വി​ടെ​യെ​ത്തി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു. ഹെ​ലി​കോ​പ്ട​റി​ൽ കൊ​ണ്ടു​പോ​വാ​ൻ പ​റ്റു​മോ എ​ന്നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു. പ​ക്ഷേ, അ​ന്ന​ത് കി​ട്ടി​യി​ല്ല. പി​ന്നെ അ​തി​വേ​ഗം ആം​ബു​ല​ൻ​സി​ലാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്. അ​വി​ടു​ന്നാ​ണ് സ​ർ​ജ​റി ന​ട​ക്കു​ന്ന​ത്. കൃ​ത്യം മൂ​ന്നു​മാ​സം അ​വി​ടെ​യാ​യി​രു​ന്നു ചി​കി​ത്സ. പി​ന്നെ ഞാ​ൻ തി​രി​ച്ചെ​ത്തു​ന്ന​ത് ന​വം​ബ​ർ 25നാ​ണ്.

മു​റി​വു​ക​ൾ ഉ​ണ​ങ്ങി. പ​ക്ഷേ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​തു​കൊ​ണ്ട് വീ​ണ്ടും ചി​കി​ത്സ വേ​ണ്ടി​വ​ന്നു. ന​ട്ടെ​ല്ലി​ന്റെ താ​ഴെ​ഭാ​ഗ​ത്തേ​റ്റ മു​റി​വ് അ​ൽ​പം കൂ​ടി ആ​ഴ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ൽ ന​ട​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് അ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ അ​തി​ന്റെ ചി​കി​ത്സ​ക്കു​വേ​ണ്ടി ഫി​സി​യോ​തെ​റ​പ്പി ചെ​യ്യാ​ൻ ത​ല​ശ്ശേ​രി കോ​ഓ​പ​റേ​റ്റി​വ് ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും അ​ഡ്മി​റ്റ് ചെ​യ്തു. ആ ​സ​മ​യ​ത്താ​ണ് പു​സ്ത​കം എ​ഴു​ത​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​ന്ന​ത്. ആ​ർ.​എ​സ്.​എ​സി​ന്റെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് എ​ഴു​ത​ണ​മെ​ന്നാ​ണ് തീ​രു​മാ​നി​ച്ച​ത്.

ഈ ​അ​ക്ര​മ​ത്തി​ന്റെ മാ​ത്രം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണോ, മ​റ്റ് കാ​ര​ണ​ങ്ങ​ളു​മു​ണ്ടോ.

▲ ആ ​സ​മ​യ​ത്ത് പ​ല നേ​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ൽ എ​ന്നെ കാ​ണാ​ൻ വ​ന്നി​രു​ന്നു. നാ​യ​നാ​ർ, വി.​എ​സ്, ലോ​റ​ൻ​സ്, പി​ണ​റാ​യി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ. ഞാ​നേ​റെ ബ​ഹു​മാ​നി​ക്കു​ന്ന നേ​താ​വാ​ണ് സി. ​ക​ണ്ണ​ൻ. സി ​വ​ന്ന് എ​ന്നെ ക​ണ്ട് സം​സാ​രി​ച്ച സ​മ​യ​ത്ത് ഒ​രു കാ​ര്യം പ​റ​ഞ്ഞു. ആ ​സം​ഭ​വ​ത്തി​നു​ശേ​ഷം അ​വ​ർ​ക്കൊ​ക്കെ ഒ​രു ല​ഘു​ലേ​ഖ കി​ട്ടി. ആ​രാ​ണ് പി. ​ജ​യ​രാ​ജ​ൻ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ഒ​രു ല​ഘു​ലേ​ഖ. അ​തി​ൽ ആ​ക്ര​മി​ക്ക​പ്പെ​ടേ​ണ്ട​യാ​ളാ​ണ് പി. ​ജ​യ​രാ​ജ​ൻ എ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ചു​വെ​ച്ചി​രു​ന്നു. ആ​ർ.​എ​സ്.​എ​സ് ആ​സൂ​ത്രി​ത​മാ​യി ത​യാ​റാ​ക്കി​യ ഒ​രു പ്ര​ചാ​ര​ണ​വേ​ല​യാ​ണ​ത്.

കാ​ര​ണം വീ​ട്ടി​ൽ ക​യ​റി​യാ​ണ​ല്ലോ അ​വ​രെ​ന്നെ ആ​ക്ര​മി​ക്കു​ന്ന​ത്. അ​ന്ന് ഞാ​ൻ ദേ​ശാ​ഭി​മാ​നി ക​ണ്ണൂ​ർ യൂ​നി​റ്റ് മാ​നേ​ജ​റാ​ണ്, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും. അ​പ്പോ​ൾ എ​ന്നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​തി​നെ​തി​രാ​യി പൊ​തു​വി​ൽ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളി​ൽ​നി​ന്നും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ആ ​പ്ര​തി​ഷേ​ധം മ​റി​ക​ട​ക്കാ​ൻ വേ​ണ്ടി​യാ​ണ് ആ ​ല​ഘു​ലേ​ഖ ഇ​റ​ക്കു​ന്ന​ത്. എ​ക്കാ​ല​ത്തും ആ​ർ.​എ​സ്.​എ​സ് ചെ​യ്ത​തു​പോ​ലെ നു​ണ​പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്ത​ന്നെ. ആ​വ​ർ​ത്തി​ച്ച് നു​ണ പ്ര​ച​രി​പ്പി​ച്ച് അ​ത് സ​ത്യ​മാ​ണെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക്ക​ലാ​ണ​ല്ലോ അ​വ​രു​ടെ രീ​തി. ‘ഇ​യാ​ൾ അ​ക്ര​മ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന ആ​ളാ​ണ്. സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ന്ന ആ​ളാ​ണ്’ എ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കി വ​ലി​യ പ്ര​ചാ​ര​ണം അ​വ​ർ ന​ട​ത്തി. ല​ഘു​ലേ​ഖ​യും അ​തി​ന്റെ ഭാ​ഗം ത​ന്നെ.

അ​ത് പി​ന്നീ​ട് ഞാ​ൻ സം​ഘ​ടി​പ്പി​ച്ചു. അ​പ്പോ​ൾ തോ​ന്നി​യ​താ​ണ്, ആ​ർ.​എ​സ്.​എ​സി​ന്റെ ഈ ​മോ​ഡ് ഓ​ഫ് ഓ​പ്പ​റാ​ണ്ടി​യെ കു​റി​ച്ചും അ​തു​പോ​ലെ ആ ​സം​ഘ​ട​ന​യെ കു​റി​ച്ചും ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു പു​സ്ത​കം ത​യാ​റാ​ക്ക​ണ​മെ​ന്ന്. പ​ക്ഷേ, അ​ന്ന് തു​ട​ങ്ങി​യ ശ്ര​മം പൂ​ർ​ത്തി​യാ​വു​ന്ന​ത് 2008ലാ​ണ്. അ​തു​വ​രെ ഇ​തി​നു​വേ​ണ്ട വ​സ്തു​ത​ക​ൾ ശേ​ഖ​രി​ച്ചു.

ആ ​വ​സ്തു​താ ശേ​ഖ​ര​ണം എ​ങ്ങ​നെ​യാ​യി​രു​ന്നു.

▲ അ​വ​രു​ടെ താ​ത്ത്വി​ക അ​ടി​സ്ഥാ​ന​മെ​ന്താ​ണ് എ​ന്ന​ത് ആ​ദ്യം പ​ഠി​ച്ചു. വി​ചാ​ര​ധാ​ര പോ​ലെ​യു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും മ​റ്റും. അ​തു​പോ​ലെ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ എ​ന്തെ​ല്ലാം പ​ദ്ധ​തി​ക​ളാ​ണ് ആ​ർ.​എ​സ്.​എ​സ് ന​ട​പ്പാ​ക്കി​യ​ത് എ​ന്ന അ​ന്വേ​ഷ​ണം ന​ട​ത്തി. അ​ത് നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ലാ​പ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും 1971 ഡി​സം​ബ​ർ 28ന് ​ആ​രം​ഭി​ച്ച ത​ല​ശ്ശേ​രി വ​ർ​ഗീ​യ ക​ലാ​പ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ച്ചു.

അ​ത് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​മാ​യി​രു​ന്നു. ആ ​ക​ലാ​പ​ത്തി​ന്റെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​ൽ ക​ലാ​പം കൃ​ത്യ​മാ​യും അ​വ​രു​ടെ പ്ലാ​നി​ങ്ങാ​ണെ​ന്ന് മ​ന​സ്സി​ലാ​യി. അ​ന്ന​ത്തെ പ​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ക​ലാ​പ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ജ​സ്റ്റി​സ് ജോ​സ​ഫ് വി​ത​യ​ത്തി​ൽ ക​മീ​ഷ​ന്റെ റി​പ്പോ​ർ​ട്ട് പ​ഠി​ച്ചു. ക​ലാ​പ​ത്തി​നു​മു​മ്പേ ത​ന്നെ മു​സ്‍ലിം വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടാ​ക്കാ​നു​ള്ള മ​ണ്ണ് ആ​ർ.​എ​സ്.​എ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​തി​ൽ നി​ന്ന് വ്യ​ക്ത​മാ​യി. മു​സ്‍ലിം​ക​ളു​ടെ ഗ​ൾ​ഫ് കു​ടി​യേ​റ്റ​വും അ​വ​ർ സാ​മ്പ​ത്തി​ക​മാ​യി മെ​ച്ച​പ്പെ​ടു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​വും അ​വ​ർ ഇ​തി​നു​വേ​ണ്ടി ന​ട​ത്തി. അ​തു​പോ​ലെ ലീ​ഗി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ മു​സ്‍ലിം വി​രു​ദ്ധ പ്ര​ചാ​ര​ണ​മാ​ക്കി അ​വ​ർ മാ​റ്റി. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം വെ​ച്ചു​കൊ​ണ്ട് അ​വ​ർ വ​ർ​ഗീ​യ​ക​ലാ​പ​മു​ണ്ടാ​ക്കി.

ഒ​ട്ടേ​റെ പ​ള്ളി​ക​ളും വീ​ടു​ക​ളും അ​ന്ന് ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ത​ല​ശ്ശേ​രി​യി​ൽ ചു​രു​ക്കം ചി​ല ഹി​ന്ദു​ക്ക​ളു​ടെ ക​ട​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ക്ഷേ, മ​ഹാ​ഭൂ​രി​പ​ക്ഷ​വും ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത് മു​സ്‍ലിം വി​ഭാ​ഗ​ത്തി​നാ​ണ്. ക​ലാ​പ​ത്തി​നു​ശേ​ഷം സി.​പി.​എം മാ​ത്ര​മാ​ണ് മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി​യ​ത്. അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ൻ, ക​ലാ​പം മാ​ർ​ക്സി​സ്റ്റ് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. അ​ത്ത​ര​ത്തി​ൽ ത​ല​ശ്ശേ​രി ക​ലാ​പ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ പ​ല​നി​ല​ക്കു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. വ്യ​​ക്തി​​പ​​ര​​മാ​​യ ഒ​​രു അ​​നു​​ഭ​​വ​​വും അ​​തി​​നോ​​ടൊ​​പ്പം ഉ​​ണ്ട്. അ​​ന്ന് കൂ​​ത്തു​​പ​​റ​​മ്പ് എം​​എ​​ൽ​​എ ആ​​യി​​രു​​ന്ന പി​​ണ​​റാ​​യി വി​​ജ​​യ​​നും മ​​റ്റ് പാ​​ർ​​ട്ടി നേ​​താ​​ക്ക​​ൾ​​ക്കു​​മൊ​​പ്പം ത​​ല​​ശ്ശേ​​രി​​യി​​ലേ​​ക്ക് ന​​ട​​ത്തി​​യ കാ​​ർ യാ​​ത്ര. ഇ​​തെ​​ല്ലാം ത​​ല​​ശ്ശേ​​രി ക​​ലാ​​പ​​ത്തെ കു​​റി​​ച്ച് എ​​ഴു​​താ​​ൻ പ്രേ​​രി​​പ്പി​​ച്ചു. ‘സം​ഘ​ർ​ഷ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം’ എ​ന്ന പു​സ്ത​ക​ത്തി​ൽ വി​ശ​ദ​മാ​യി ഇ​തി​നെ​ക്കു​റി​ച്ച് പ​റ​യു​ന്നു​മു​ണ്ട്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ അ​നേ​ക വ​ർ​ഷ​ത്തെ അ​നു​ഭ​വ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് എ​ഴു​ത്ത് സം​ഭ​വി​ക്കു​ന്ന​ത്. അ​തു മാ​ത്ര​മ​ല്ല, കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​വും ഗ​വേ​ഷ​ണ​വും പ​ഠ​ന​വും വാ​യ​ന​യും ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ പു​സ്ത​ക​ത്തി​ലു​മു​ണ്ട്. എ​ങ്ങ​നെ​യാ​ണ് എ​ഴു​ത്തു​രീ​തി? വ​ല​തു​കൈ കൊ​ണ്ട് എ​ഴു​താ​നാ​വി​ല്ല. അ​പ്പോ​ൾ സ്വ​യ​മെ​ഴു​താ​ൻ എ​ന്തെ​ങ്കി​ലും മാ​ർ​ഗ​ങ്ങ​ളു​ണ്ടോ, അ​തോ പ​റ​ഞ്ഞു​കൊ​ടു​ത്ത് എ​ഴു​തി​ക്കു​ക​യാ​ണോ?

▲ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം ക്രോ​ഡീ​ക​രി​ക്കും. മു​മ്പ് പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നും പ​ത്ര​ങ്ങ​ളി​ൽ​നി​ന്നും മ​റ്റ് രേ​ഖ​ക​ളി​ൽ നി​ന്നു​മൊ​ക്കെ​യാ​യി​രു​ന്നു വി​വ​ര​ശേ​ഖ​ര​ണം. ഇ​പ്പോ​ൾ ഇ​ന്റ​ർ​നെ​റ്റി​ന്റെ സ​ഹാ​യ​വു​മു​ണ്ട്. എ​നി​ക്ക് സ്വ​ന്ത​മാ​യി എ​ഴു​താ​നാ​വി​ല്ല. പ​റ​ഞ്ഞു​കൊ​ടു​ത്ത് എ​ഴു​തി​ക്കും. ആ​ദ്യ​ത്തെ പു​സ്ത​കം പ​റ​ഞ്ഞു​കൊ​ടു​ത്ത് എ​ഴു​തി പി​ന്നെ ടൈ​പ്പ് ചെ​യ്യു​ക​യാ​ണ് ചെ​യ്ത​ത്. ഇ​പ്പോ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത് നേ​രി​ട്ട് ഡി.​ടി.​പി ചെ​യ്യും.

അ​തി​നു​ശേ​ഷം തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​മോ. എ​ഡി​റ്റി​ങ് പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ എ​പ്ര​കാ​ര​മാ​ണ്.

▲ തീ​ർ​ച്ച​യാ​യും ഒ​ട്ടേ​റെ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​റു​ണ്ട്. ഞാ​നൊ​രു പ്ര​ഫ​ഷ​ന​ൽ എ​ഴു​ത്തു​കാ​ര​ൻ അ​ല്ലാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ തി​രു​ത്താ​നു​ണ്ടാ​വും. മാ​ത്ര​മ​ല്ല, സി.​പി.​എ​മ്മി​ന്റെ പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ ഞാ​നെ​ഴു​തു​ന്ന ഓ​രോ​ന്നി​ലും വി​വാ​ദ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​റ​ത്തു​നി​ന്നു​ണ്ടാ​വും. അ​തു​കൊ​ണ്ട് എ​ഴു​തു​ക, തി​രു​ത്ത​ൽ വേ​ണ്ട​ത് വ​രു​ത്തു​ക എ​ന്ന​താ​ണ് ശൈ​ലി. ശേ​ഷം എ​ഡി​റ്റ് ചെ​യ്യാ​നാ​യി ആ​ർ​ക്കെ​ങ്കി​ലും ന​ൽ​കാ​റു​ണ്ട്. ‘സം​ഘ​ർ​ഷ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം’ എ​ഡി​റ്റ് ചെ​യ്ത​ത് ദേ​ശാ​ഭി​മാ​നി​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പി.​എം. മ​നോ​ജാ​ണ്. സ​മീ​പ​കാ​ല​ത്ത് ഇ​റ​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത​ത് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സി​സ്റ്റ​ൻ​റ് പ്രൊ​ഫ​സ​റാ​യ ഡോ.​ടി.​പി. ശി​ഹാ​ബു​ദ്ദീ​നാ​ണ്. ഒ​ട്ടേ​റെ അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രു​ടെ പി​ന്തു​ണ ര​ണ്ട് പു​സ്ത​ക​ങ്ങ​ൾ​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ട്.


 


പി. ജയരാജൻ ഭാര്യക്കും മകനും പേരക്കുട്ടിക്കുമൊപ്പം

പു​സ്ത​ക​ങ്ങ​ൾ​ക്കു​വേ​ണ്ടി ജ​യ​രാ​ജേ​ട്ട​ൻ കേ​ര​ള​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഫീ​ൽ​ഡ് സ്റ്റ​ഡി ന​ട​ത്തി​യി​ട്ടു​ണ്ട്. ‘സ​നാ​ത​നി​ക​ളു​ടെ ഹി​ന്ദു​ത്വ​വ​ഴി​ക​ൾ’ പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത്ത​ര​ത്തി​ൽ ഒ​രു ക്ഷേ​ത്ര​സ​ന്ദ​ർ​ശ​നം വി​വാ​ദ​മാ​വു​ക​യു​ണ്ടാ​യി. പു​സ്ത​ക​ര​ച​ന​ക്ക് ഫീ​ൽ​ഡ് സ്റ്റ​ഡി എ​ത്ര​ത്തോ​ളം പ്ര​ധാ​ന​മാ​ണ്.

▲ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ ഞാ​ൻ ഒ​രു കാ​ര്യ​മെ​ഴു​തി ഒ​രു നി​ഗ​മ​ന​ത്തി​ലെ​ത്തി​യാ​ൽ മാ​ർ​ക്സി​സ്റ്റു​കാ​ർ തെ​റ്റാ​യ കാ​ര്യം പ്ര​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​വും. അ​തു​കൊ​ണ്ട് എ​ഴു​തു​ന്ന കാ​ര്യ​ത്തി​ന് തെ​ളി​വു​കൂ​ടി കൊ​ടു​ക്കു​ക എ​ന്ന​ത് എ​ന്റെ മൂ​ന്ന് പു​സ്ത​ക​ത്തി​നും ഞാ​ൻ ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്. എ​ഡി​റ്റ് ചെ​യ്ത പു​സ്ത​ക​ത്തി​ലും അ​ത് ഞാ​ൻ പാ​ലി​ച്ചി​ട്ടു​ണ്ട്. 2013ലാ​ണ് ‘ഉ​ത്ത​ര​കേ​ര​ളം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ​മ​കാ​ലീ​ന പ്ര​വ​ണ​ത​ക​ളും’ എ​ന്ന പു​സ്ത​കം എ​ഡി​റ്റ് ചെ​യ്യു​ന്ന​ത്. അ​ന്ന് ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ്, പാ​ട്യം ഗോ​പാ​ല​ൻ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ ഡ​യ​റ​ക്ട​റും. ക​ണ്ണൂ​ർ ജി​ല്ല ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ച​രി​ത്രം, പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യി​രു​ന്നു. അ​തു​മാ​ത്രം പോ​രാ, ജ​ന​ങ്ങ​ളെ കൂ​ടി പ​ഠി​ക്ക​ണ​മെ​ന്നൊ​രു ആ​ശ​യം ഞാ​ന​ന്ന് മു​ന്നോ​ട്ടു​വെ​ച്ചു. അ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ആ​ചാ​ര​ങ്ങ​ൾ, പ്രാ​ദേ​ശി​ക സം​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് പാ​ർ​ട്ടി കൃ​ത്യ​മാ​യി പ​ഠി​ക്ക​ണ​മെ​ന്ന് ഒ​രു നി​ർ​ദേ​ശം. പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്റെ ചു​മ​ത​ല​ക്കാ​രു​മാ​യി ഈ ​ആ​ശ​യം ച​ർ​ച്ച​ചെ​യ്ത് അ​തി​നാ​യി ഫീ​ൽ​ഡ് സ്റ്റ​ഡി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലു​ള്ള എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ഫീ​ൽ​ഡ് സ്റ്റ​ഡി ന​ട​ത്താ​ൻ ആ​ളു​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​വ​രു​ടെ റി​പ്പോ​ർ​ട്ട് ശേ​ഖ​രി​ച്ചു. ച​ർ​ച്ച ചെ​യ്തു. വി​ശ്വാ​സ​ത്തി​ന്റെ കാ​ര്യ​മാ​യ​തു​കൊ​ണ്ട് സൂ​ക്ഷ്മ​മാ​യി പ​ഠി​ച്ചു. ഇ​ല്ലെ​ങ്കി​ൽ മ​ത​വി​കാ​രം ഇ​ള​ക്കി​വി​ടാ​നാ​ണെ​ന്ന ത​ര​ത്തി​ൽ വി​മ​ർ​ശ​നം ഉ​ണ്ടാ​കാം. ക്ഷേ​ത്രം, കാ​വു​ക​ൾ, മ​ട​പ്പു​ര​ക​ൾ, പ​തി​ക​ൾ, കോ​ട്ട​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം സം​ബ​ന്ധി​ച്ച് വേ​ർ​തി​രി​ച്ച് പ​ഠി​ച്ചു. അ​ത് വ​ലി​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ ഫീ​ൽ​ഡ് സ്റ്റ​ഡി വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നാ​ണ് ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. അ​ത് പി​ന്നീ​ടു​ള്ള ര​ണ്ട് പു​സ്ത​ക​ങ്ങ​ളി​ലും തു​ട​ർ​ന്നി​ട്ടു​മു​ണ്ട്.

വാ​യ​ന​ക്കു​ള്ള സ​മ​യ​മെ​ങ്ങ​നെ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്? യാ​ത്ര​യി​ൽ വാ​യ​ന​യു​ണ്ടോ. വാ​യ​ന​യു​ടെ രീ​തി​ക​ൾ എ​ത്ത​ര​ത്തി​ലാ​ണ്?

▲ പു​ല​ർ​ച്ചെ​യാ​ണ് വാ​യ​ന. രാ​വി​ലെ അ​ഞ്ചു​മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് വാ​യി​ക്കും. ആ ​നേ​ര​ത്ത് ഫോ​ണും കൂ​ടി​ക്കാ​ഴ്ച​ക​ളു​മൊ​ന്നു​മു​ണ്ടാ​വി​ല്ല. സ്വ​സ്ഥ​മാ​യി വാ​യി​ക്കാം. പ​ക്ഷേ, ചെ​റി​യ സ​മ​യ​മേ കി​ട്ടൂ. യാ​ത്ര​യി​ലും ചി​ല​പ്പോ​ഴെ​ല്ലാം വാ​യി​ക്കാ​റു​ണ്ട്.

പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച​ത് കേ​ൾ​ക്കു​ന്ന ശീ​ല​മു​ണ്ടോ.

▲ ഇ​തു​വ​രെ അ​ത് തു​ട​ങ്ങി​യി​ട്ടി​ല്ല. ആ ​രീ​തി ന​ല്ല​താ​ണ്. അ​തൊ​ന്ന് ശ്ര​മി​ച്ചു​നോ​ക്ക​ണം.

പു​സ്ത​ക​ ര​ച​ന​ക്ക് വേ​ണ്ടി​യ​ല്ലാ​ത്ത വാ​യ​ന​ക​ളു​ണ്ടോ? ക​ഥ​യും നോ​വ​ലും ഒ​ക്കെ വാ​യി​ക്കാ​റു​ണ്ടോ?

▲ ചെ​റു​പ്പ​ത്തി​ൽ കാ​ര്യ​മാ​യി ഡി​റ്റ​ക്ടി​വ് നോ​വ​ലു​ക​ൾ വാ​യി​ക്കു​മാ​യി​രു​ന്നു. ക​ഥ​ക​ൾ വാ​യി​ക്കു​മാ​യി​രു​ന്നു. എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ടും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റു​മാ​യി​രു​ന്നു ഇ​ഷ്ട​പ്പെ​ട്ട എ​ഴു​ത്തു​കാ​ർ. നാ​ട്ടി​ലെ ക​ഥ​ക​ളും നാ​ട​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണ് അ​വ​രു​ടെ പു​സ്ത​ക​ങ്ങ​ളി​ൽ കാ​ണാ​നാ​വു​ക. നാ​ട്ടി​ൽ ക​ണ്ട് പ​രി​ച​യി​ച്ച പ​ല​രെ​യും വാ​യ​ന​യി​ൽ കാ​ണാം. ഇ​പ്പോ​ൾ ഫി​ക്ഷ​ൻ വാ​യി​ക്കു​ന്ന​ത് കു​റ​വാ​ണ്.

ത​മാ​ശ​യെ​ന്താ​ണെ​ന്നു​വെ​ച്ചാ​ൽ മു​മ്പ് ഞാ​നൊ​രു ക​ഥ എ​ഴു​തി​യി​ട്ടു​ണ്ട്. ദേ​ശാ​ഭി​മാ​നി ആ​ഴ്ച​പ്പ​തി​പ്പി​ൽ അ​ത് പ്ര​സി​ദ്ധീ​ക​രി​ച്ചും വ​ന്നു. 1994 കാ​ല​ത്ത് ഒ​രു കേ​സി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന് മാ​റി​നി​ന്ന കാ​ല​ത്താ​ണ് അ​തെ​ഴു​തി​യ​ത്. അ​ന്ന് സി​ദ്ധാ​ർ​ഥ​ൻ പ​രു​ത്തി​ക്കാ​ടി​നാ​യി​രു​ന്നു ആ​ഴ്ച​പ്പ​തി​പ്പി​ന്റെ ചു​മ​ത​ല. എ​ഴു​തി​യ​പ്പോ​ൾ വെ​റു​തേ അ​യ​ച്ച​താ​ണ്. പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നൊ​ന്നും ക​രു​തി​യി​ല്ല. സി​ദ്ധാ​ർ​ഥ​ൻ പ​രു​ത്തി​ക്കാ​ടി​ന്റെ ക​ത്ത് വ​രു​ന്നു, നി​ങ്ങ​ളു​ടെ ക​ഥ കൊ​ടു​ക്കു​ന്നു​ണ്ട്, ഫോ​ട്ടോ അ​യ​ക്ക​ണ​മെ​ന്നു​പ​റ​ഞ്ഞ്.

ക​ഥ​യു​ടെ പേ​രോ​ർ​മ​യു​ണ്ടോ.

▲ പ​ത​നം

എ​ന്തി​നെ കു​റി​ച്ചാ​യി​രു​ന്നു.

▲ ഒ​റ്റ​ക്കി​രി​ക്കു​ന്ന ഒ​രാ​ളു​ടെ ഭീ​തി (ചി​രി​ക്കു​ന്നു). അ​താ​ണ് എ​ന്റെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ക​ഥ. പ​റ​ഞ്ഞു​വ​ന്ന​ത് പു​സ്ത​ക​ര​ച​ന​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളാ​ണ് അ​ധി​ക​വും വാ​യി​ക്കു​ന്ന​ത്. ഇ​ട​യി​ൽ വാ​യി​ച്ച ഒ​രു നോ​വ​ൽ എ​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചു. വി​നോ​ദ് കൃ​ഷ്ണ​യു​ടെ 9 എം.​എം ബ​രേ​റ്റ. ച​രി​ത്ര​ത്തെ ആ​വി​ഷ്ക​രി​ച്ചു​കൊ​ണ്ടു​ള്ള നോ​വ​ലാ​ണ്. ഗാ​ന്ധി​വ​ധ​ത്തി​ലേ​ക്കെ​ത്തി​യ സ​ന്ദ​ർ​ഭ​ങ്ങ​ളെ​യാ​ണ് അ​തി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. പി​ന്നെ തി​ര​ക്കി​നി​ട​യി​ൽ വാ​യ​ന​ക്ക് സ​മ​യ​പ​രി​ധി​യു​ണ്ട്.

പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​ സ​മ​യ​ത്ത് ക​വ​റു​ക​ൾ ജ​യ​രാ​ജേ​ട്ട​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ടോ.

▲ തീ​ർ​ച്ച​യാ​യും. അ​ത് ശ്ര​ദ്ധി​ക്കാ​റു​ണ്ട്. പു​സ്ത​ക​ത്തി​ന്റെ ആ​ശ​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന, അ​ത്ത​ര​ത്തി​ൽ നീ​തി പു​ല​ർ​ത്തു​ന്ന ക​വ​ർ പേ​ജു​ക​ളാ​വ​ണ​മെ​ന്നു​ണ്ട്. ‘കേ​ര​ളം: മു​സ്‍ലിം രാ​ഷ്ട്രീ​യം രാ​ഷ്ട്രീ​യ ഇ​സ്‍ലാം’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ ക​വ​ർ രൂ​പ​ക​ൽ​പ​ന സൈ​നു​ൽ ആ​ബി​ദാ​ണ്. പ​ള്ളി​യു​ടെ മി​നാ​ര​വും ബാ​ങ്കു​വി​ളി​ക്കു​ന്ന കോ​ളാ​മ്പി​യും ഒ​രു​മി​ച്ച് ചി​ത്രീ​ക​രി​ക്കു​ന്ന ഒ​രു ക​വ​റാ​യി​രു​ന്നു. ‘സ​നാ​ത​നി​ക​ളു​ടെ ഹി​ന്ദു​ത്വ​വ​ഴി​ക​ൾ’​ക്ക് ഗാ​ന്ധി​യും നാ​രാ​യ​ണ​ഗു​രു​വും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം ചി​ത്രീ​ക​രി​ച്ച ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യു​ടെ ശി​ൽ​പ​മാ​ണ് ക​വ​റാ​യി ന​ൽ​കി​യ​ത്. ഡി​സൈ​ൻ ചെ​യ്ത​ത് കെ.​ടി. വി​നോ​ദാ​ണ്. അ​തി​ന്റെ ഏ​ഴാം പ​തി​പ്പ് സൈ​നു​ൽ ആ​ബി​ദി​ന്റെ ക​വ​റോ​ടെ ഈ ​മാ​സം ത​ന്നെ പു​റ​ത്തി​റ​ങ്ങും.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലാ​ണെ​ങ്കി​ലും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലാ​ണെ​ങ്കി​ലും എ​ഴു​ത്തു​കാ​രാ​യ രാ​ഷ്ട്രീ​യ​ക്കാ​ർ പ​ല​രു​മു​ണ്ട്. ഒ​രു രാ​ഷ്ട്രീ​യ​നേ​താ​വ് എ​ഴു​തേ​ണ്ട​ത് എ​ന്തു​കൊ​ണ്ടാ​ണ് ? എ​ഴു​ത്തു​കാ​ര​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​ന്റെ പ്ര​സ​ക്തി​യും സാ​ധ്യ​ത​യു​മെ​ന്താ​ണ് ?

▲ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ഒ​രു ആ​ശ​യ​സം​വാ​ദം ന​ട​ക്കും. എ​ന്നെ​പ്പോ​ലെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ഴു​തു​ന്ന​തൊ​ക്കെ ശ്ര​ദ്ധി​ക്കാ​ൻ പ​ല​രും ത​യാ​റാ​വു​ന്നു​ണ്ട്. ‘കേ​ര​ളം: മു​സ്‍ലിം രാ​ഷ്ട്രീ​യം രാ​ഷ്ട്രീ​യ ഇ​സ്‍ലാം’ എ​ന്ന പു​സ്ത​കം ഇ​റ​ങ്ങി​യ​പ്പോ​ൾ പ​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഇ​പ്പോ​ഴും അ​ത് തു​ട​രു​ന്നു. പു​തി​യ പു​സ്ത​ക​ത്തെ​ക്കു​റി​ച്ചും നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. സി.​പി.​എ​മ്മി​ന് അ​ക​ത്തു​ള്ള​വ​ർ​ക്കും പു​റ​ത്ത് അ​തി​നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​മി​ട​യി​ൽ പു​സ്ത​ക​ങ്ങ​ൾ ഒ​രേ​പോ​ലെ ച​ർ​ച്ച​യാ​വു​ന്നു എ​ന്ന​താ​ണ് അ​തി​ൽ കാ​ണു​ന്ന​ത്. ‘സ​നാ​ത​നി​ക​ളു​ടെ ഹി​ന്ദു​ത്വ​വ​ഴി​ക​ൾ’ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് മു​സ്‍ലിം ലീ​ഗ് നേ​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ എം.​കെ. മു​നീ​ർ എ​ന്നെ വി​ളി​ച്ചു. പു​സ്ത​കം വാ​യി​ച്ചു, ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞു. ക​മ്യൂ​ണി​സ്റ്റ് ഇ​ത​ര​ർ​ക്കി​ട​യി​ലും പു​സ്ത​കം വാ​യി​ക്ക​പ്പെ​ടു​ന്നു, ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. ആ ​പു​സ്ത​ക​ത്തി​ലേ​ക്ക് വ​രാം. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ​ല്ലോ അ​തി​ന് ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ര​വ​ധി വേ​ദി​ക​ളി​ൽ ച​ർ​ച്ച ന​ട​ക്കു​ന്നു, യു.​എ.​ഇ​യി​ൽ ച​ർ​ച്ച ന​ട​ന്നു.

പു.​ക.​സ പോ​ലെ​യു​ള്ള സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, സി.​പി.​എ​മ്മി​ന്റെ മ​റ്റ് പോ​ഷ​ക​സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി പ​ല​രും ച​ർ​ച്ച​ക്ക് മു​ൻ​കൈ​യെ​ടു​ക്കു​ന്നു. കേ​ര​ള​ത്തി​ന്റെ പാ​ര​മ്പ​ര്യം പ​രി​ശോ​ധി​ച്ചാ​ൽ സാ​ഹി​ത്യ​ത്തി​ലൂ​ടെ​യും നാ​ട​ക​ത്തി​ലൂ​ടെ​യു​മൊ​ക്കെ രാ​ഷ്ട്രീ​യം വ​ള​ർ​ന്ന പാ​ര​മ്പ​ര്യം കാ​ണാ​നാ​വും. ആ ​നി​ല​ക്ക് നോ​ക്കി​യാ​ൽ ഈ ​പു​സ്ത​കം പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഹി​ന്ദു​ത്വ വി​മ​ർ​ശ​ന​ത്തി​ന് എ​ത്ര​ത്തോ​ളം ക​രു​ത്തു പ​ക​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്? സി.​പി.​എം ഹി​ന്ദു​ത്വ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്നി​ല്ല എ​ന്നൊ​രു വി​മ​ർ​ശ​നം ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി ഉ​ണ്ട​ല്ലോ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി അ​തി​നെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ങ്ക​ളു​ടെ പു​സ്ത​കം വ​രു​ന്ന​ത്.

▲ സി.​പി.​എം ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു എ​ന്ന ആ​ഖ്യാ​ന​മൊ​ന്നും ശ​രി​യ​ല്ല. അ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​നം വേ​ണ്ടി​യി​രു​ന്നി​ല്ലേ എ​ന്ന വി​ഷ​യം മാ​ത്ര​മേ​യു​ള്ളൂ. ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​ക്കും മ​ത​നി​ര​പേ​ക്ഷ​ത​ക്കും സാ​മൂ​ഹി​ക​നീ​തി​ക്കും ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യം വ​രു​ത്തു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ പ​റ്റി ലെ​ഫ്റ്റി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത് സി.​പി.​എ​മ്മി​നെ പോ​ലു​ള്ള പാ​ർ​ട്ടി​ക​ളാ​ണ്. കോ​ൺ​ഗ്ര​സി​ന് അ​തി​ൽ ച​ഞ്ച​ല​മ​ന​സ്സാ​ണ്. കേ​ര​ള​ത്തി​ന്റെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ചാ​ൽ ആ​ർ.​എ​സ്.​എ​സി​നെ എ​ക്കാ​ല​ത്തും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച​ത് സി.​പി.​എ​മ്മും ഇ​ട​തു​പ​ക്ഷ​വു​മാ​ണെ​ന്ന് കാ​ണാം.

അ​തി​ൽ പാ​ർ​ട്ടി പി​ന്നോ​ട്ട് പോ​യി​ട്ടി​ല്ലേ. പാ​ർ​ട്ടി സം​വി​ധാ​നം ഹി​ന്ദു​ത്വ​യെ വേ​ണ്ട​വി​ധം വി​മ​ർ​ശി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ, ആ​ർ.​എ​സ്.​എ​സി​നോ​ട് നി​ര​ന്ത​രം പോ​രാ​ടി​യ നേ​താ​വി​ന്റെ പു​സ്ത​കം ച​ർ​ച്ച​യാ​വേ​ണ്ട​തു​ണ്ട് എ​ന്ന അ​ണി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഈ ​പു​സ്ത​ക ച​ർ​ച്ച​ക​ളെ കാ​ണാ​നാ​വു​മോ?

▲ ആ ​അ​ഭി​പ്രാ​യം ശ​രി​യ​ല്ല. കേ​ര​ളീ​യ സ​മൂ​ഹം ഇ​പ്പോ​ഴും ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ആ​ശ​യ​പ​ര​മാ​യ സ്വാ​ധീ​ന​മു​ള്ള ഇ​ട​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ സം​ര​ക്ഷി​ത​തു​രു​ത്താ​യി ഇ​പ്പോ​ഴു​മ​ത് നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഒ​രാ​പ​ൽ​സൂ​ച​ന​യു​ണ്ട്. അ​താ​ണ് ബി.​ജെ.​പി​ക്ക് കി​ട്ടി​യ മൂ​ന്നു​സീ​റ്റു​ക​ൾ. സം​ഘ്പ​രി​വാ​റി​ന്റെ​യും ആ​ർ.​എ​സ്.​എ​സി​ന്റെ​യും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഒ​രു വി​ഭാ​ഗം ആ​ളു​ക​ളി​ൽ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട് എ​ന്നാ​ണ് അ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു തി​രി​ച്ച​റി​വ് പൊ​തു​സ​മൂ​ഹ​ത്തി​നു​ണ്ടാ​യി​ട്ടു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ൽ​വി​യേ​ക്കാ​ളും, ബി.​ജെ.​പി​യു​ടെ വി​ജ​യ​ത്തെ​യും അ​വ​രു​ടെ വോ​ട്ടു​ശ​ത​മാ​നം വ​ർ​ധി​ച്ച​തി​നെ​യും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​താ​യി ഇ​ട​തു​പ​ക്ഷ മ​ന​സ്സു​ള്ള​വ​ർ കാ​ണു​ന്നു, മ​ത​നി​ര​പേ​ക്ഷ​മ​ന​സ്സു​ള്ള​വ​ർ കാ​ണു​ന്നു. അ​തി​ന്റെ ഭാ​ഗ​മാ​യി ഈ ​പു​സ്ത​ക​ത്തി​ന് സ്വീ​കാ​ര്യ​ത വ​രു​ന്നു. കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു. അ​ത​ല്ലാ​തെ സി.​പി.​എം ആ ​വി​ഷ​യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്ത​തി​ന്റെ ഫ​ല​മാ​യി​ട്ട​ല്ല.

ഇ​ത്ത​വ​ണ​ത്തെ തോ​ൽ​വി​യെ താ​ങ്ക​ൾ വി​ല​യി​രു​ത്തു​ന്ന​തെ​ങ്ങ​നെ​യാ​ണ്? പു​തി​യ സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​ങ്ങ​നെ കാ​ണു​ന്നു? ഇ​ട​തു​പ​ക്ഷം തി​രി​ച്ചു​വ​രു​മോ.

▲ തീ​ർ​ച്ച​യാ​യും. സി.​പി.​എ​മ്മും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളും മാ​ത്ര​മേ രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നാ​നാ​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു​ള്ളൂ. അ​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. സം​ഘ്പ​രി​വാ​ർ രാ​ജ്യം മു​ഴു​വ​ൻ പി​ടി​മു​റു​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​ന്നും പ​റ​യാ​തി​രി​ക്കു​ക, അ​തി​നോ​ട് ഒ​ത്തു​പോ​വു​ക, എ​ന്നി​ട്ട് ഭ​ര​ണം നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് യു.​ഡി.​എ​ഫി​ന്റെ ന​യം. നി​ല​പാ​ട് ഉ​ണ്ടാ​യി​ട്ടും ഇ​ട​തു​പ​ക്ഷം എ​ന്തു​കൊ​ണ്ട് പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന ചോ​ദ്യം അ​പ്പോ​ൾ പ്ര​സ​ക്ത​മാ​ണ്. പ​ത്തു​കൊ​ല്ല​ത്തെ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം നോ​ക്കു​മ്പോ​ൾ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ൽ അ​ഴി​മ​തി​യി​ല്ലെ​ന്ന് കാ​ണാം. പു​ക​മ​റ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്, ചി​ല കേ​സു​ക​ളി​ൽ കു​ടു​ക്കാ​നും നോ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ , തെ​ളി​വു​ക​ളി​ല്ല.

ര​ണ്ടാ​മ​ത്, വ​ലി​യ വി​ക​സ​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി. എ​ന്നി​ട്ടും തോ​റ്റു, അ​വി​ടെ​യാ​ണ് ക​മ്യൂ​ണി​സ്റ്റു​കാ​ർ മ​ന​സ്സി​ലാ​ക്കേ​ണ്ട പ്ര​ധാ​ന പാ​ഠ​മു​ള്ള​ത്. വി​ക​സ​ന നേ​ട്ട​ങ്ങ​ൾ കൊ​ണ്ടോ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടോ രാ​ഷ്ട്രീ​യ​മാ​യ വോ​ട്ട് വ​രി​ല്ല. 2021ൽ ​രാ​ഷ്ട്രീ​യ​മാ​യ തു​ട​ർ​ഭ​ര​ണ​ത്തി​നാ​ണ് ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തി​യ​ത്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം 2026ലു​ണ്ടാ​യി​ല്ല. 2021ൽ ​എ​ൽ.​ഡി.​എ​ഫി​ന് വോ​ട്ടു​ചെ​യ്ത ചെ​റി​യൊ​രു വി​ഭാ​ഗം യു.​ഡി.​എ​ഫി​ന് ഇ​ത്ത​വ​ണ വോ​ട്ടു​ചെ​യ്തു. ഇ​ട​തു​പ​ക്ഷ​വോ​ട്ടി​നു​ത​ന്നെ ശോ​ഷ​ണം സം​ഭ​വി​ച്ചു.


 



മു​സ്‍ലിം വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം എ​ന്നൊ​രു വാ​ദ​മു​ണ്ട​ല്ലോ.​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടും ദ​ലി​ത്, ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളോ​ടു​മു​ള്ള സ​മീ​പ​ന​ത്തി​ൽ സി.​പി.​എം മാ​റ്റം വ​രു​ത്തേ​ണ്ട​താ​യി തോ​ന്നു​ന്നു​ണ്ടോ?

▲ അ​തി​ലൊ​ന്നും സി.​പി.​എ​മ്മി​ന്റെ നി​ല​പാ​ടു​ക​ൾ​ക്ക് യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ല. പ​ക്ഷേ, അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ല​തു​പ​ക്ഷ​ത്തി​ന്റെ രാ​ഷ്ട്രീ​യ​മാ​യ ഏ​കീ​ക​ര​ണ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​ത്. മു​സ്‍ലിം ഏ​കീ​ക​ര​ണ​വും ഹി​ന്ദു ഏ​കീ​ക​ര​ണ​വും സം​ഭ​വി​ച്ചു.

പാ​ർ​ട്ടി​ക്ക​ക​ത്തെ പ്ര​ശ്ന​ങ്ങ​ൾ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടോ? സം​ഘ​ട​ന​ക്ക​ക​ത്തെ വി​മ​ർ​ശ​ന​ങ്ങ​ളെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പാ​ർ​ട്ടി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ?

▲ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. അ​തി​ന്റെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ൽ വ​ല്ല പോ​രാ​യ്മ​യും വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് തി​രു​ത്താ​നു​ള്ള സം​വി​ധാ​ന​വും ഈ ​പാ​ർ​ട്ടി​ക്ക​ക​ത്ത് ത​ന്നെ​യു​ണ്ട്. ഇ​പ്പോ​ൾ ത​ന്നെ നോ​ക്കൂ, തോ​ൽ​വി​ക്കു​ശേ​ഷം പാ​ർ​ട്ടി​യെ​ടു​ത്ത തീ​രു​മാ​നം സ്വ​ത​ന്ത്ര​വും ഉ​ള്ളു​തു​റ​ന്ന​തു​മാ​യ ച​ർ​ച്ച​യാ​ണ്. അ​ത് അ​ടി​വ​ര​യി​ട്ട് പ​റ​യു​ന്നു. ഓ​രോ പാ​ർ​ട്ടി അം​ഗ​ത്തി​നും പ​റ​യാ​നു​ള്ള​ത് പ​റ​യാം. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ കേ​ന്ദ്ര ക​മ്മി​റ്റി, തെ​ര​ഞ്ഞെ​ടു​പ്പ് റി​വ്യൂ റി​പ്പോ​ർ​ട്ട് അ​ന്തി​മ​മാ​യി അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ആ ​രേ​ഖ ഇ​ന്ന് പ​ബ്ലി​ക്ക് ഡൊ​മൈ​നി​ൽ കി​ട്ടും. അ​ത് വാ​യി​ച്ചാ​ൽ സി.​പി.​എ​മ്മി​ന്റെ സ​വി​ശേ​ഷ​ത എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​വും. എ​ന്നു​പ​റ​ഞ്ഞാ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച രേ​ഖ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി സ്വ​യം​വി​മ​ർ​ശ​നം ന​ട​ത്തി​യാ​ണ് ആ ​രേ​ഖ വ​ന്നി​രി​ക്കു​ന്ന​ത്. അ​ത് ഉ​ൾ​പ്പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഫ​ല​മാ​ണ്. അ​തി​ൽ കൃ​ത്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് വീ​ഴ്ച​ക​ളെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ല​തു​പ​ക്ഷ​ത്തെ അ​തി​ജീ​വി​ച്ച് ഇ​ട​തു​പ​ക്ഷ​ത്തി​ന് രാ​ഷ്ട്രീ​യ​മാ​യി മേ​ൽ​ക്കൈ ഉ​ണ്ടാ​യി​ല്ല എ​ന്ന​ത് അ​തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

രാ​ഷ്ട്രീ​യ ബ​ലാ​ബ​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷം ഇ​പ്പോ​ഴും പി​ന്നി​ലാ​ണ്. അ​തി​ന് രാ​ഷ്ട്രീ​യ​വും ആ​ശ​യ​പ​ര​വു​മാ​യ സ​മ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ഇ​പ്പോ​ഴ​തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. കാ​ര​ണം, മേ​യ് 18ന് ​അ​ധി​കാ​ര​ത്തി​ലേ​റി​യ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ത്ത​ര​മൊ​രു ഭ​ര​ണ​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്. വ​ഖ​ഫ് വി​ഷ​യ​ത്തി​ലും പി.​എം ശ്രീ​യി​ലും അ​വ​ർ പി​ന്നോ​ട്ടു​പോ​യി. പ്ര​ള​യ​സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ൽ അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു. അ​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് സ​മ​ര​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്.

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ന്റെ ല​ക്കം 1489ൽ ​തു​ട​രും

Tags:    
News Summary - P. Jayarajan From Political Activist to Writer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.