‘ദലിത്, ആദിവാസി വിഭാഗങ്ങളെ ഒരു രാഷ്ട്രീയ മുന്നേറ്റമായി ഏകീകരിക്കണം’
മുത്തങ്ങ കേസിലുണ്ടായ കോടതിവിധിക്കെതിരെ പല കോണുകളിൽനിന്നും വിമർശനം ഉയർന്നു. ഈ പശ്ചാത്തലത്തിൽ മുത്തങ്ങ സമരത്തെയും വർത്തമാനകാല ദലിത്-ആദിവാസി യാഥാർഥ്യങ്ങളെയും പരിശോധിക്കുകയാണ് സമരനേതാവു കൂടിയായ സി.കെ. ജാനു. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനും സമരത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾക്കും കോടതി തടവുശിക്ഷ വിധിച്ചിരുന്നു. പൊലീസ് ഓഫിസർ അബ്ദുൽ സലാമിനെയും ഫോറസ്റ്റ് ഓഫിസർ ശശിധരനെയും അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് ഗീതാനന്ദനും കൂട്ടർക്കും എതിരെ വിധിവന്നത്. പിന്നീട് അത് സ്റ്റേ ചെയ്യപ്പെട്ടു. അതേസമയം, 2003ലെ മുത്തങ്ങ സമരത്തിനിടെയുണ്ടായ പൊലീസ്...
മുത്തങ്ങ കേസിലുണ്ടായ കോടതിവിധിക്കെതിരെ പല കോണുകളിൽനിന്നും വിമർശനം ഉയർന്നു. ഈ പശ്ചാത്തലത്തിൽ മുത്തങ്ങ സമരത്തെയും വർത്തമാനകാല ദലിത്-ആദിവാസി യാഥാർഥ്യങ്ങളെയും പരിശോധിക്കുകയാണ് സമരനേതാവു കൂടിയായ സി.കെ. ജാനു.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനും സമരത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾക്കും കോടതി തടവുശിക്ഷ വിധിച്ചിരുന്നു. പൊലീസ് ഓഫിസർ അബ്ദുൽ സലാമിനെയും ഫോറസ്റ്റ് ഓഫിസർ ശശിധരനെയും അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് ഗീതാനന്ദനും കൂട്ടർക്കും എതിരെ വിധിവന്നത്. പിന്നീട് അത് സ്റ്റേ ചെയ്യപ്പെട്ടു. അതേസമയം, 2003ലെ മുത്തങ്ങ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗി എന്ന ആദിവാസി യുവാവിന്റെ മരണത്തിനും ഇന്നും നീതി ലഭിച്ചിട്ടില്ല. മുത്തങ്ങ സമരത്തിന്റെ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും ആദിവാസി സമൂഹം നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് സമരനേതാവും ആദിവാസി ഗോത്രമഹാസഭ നേതാവുമായിരുന്ന, ഇപ്പോൾ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായ സി.കെ. ജാനുവുമായി സംസാരിക്കുന്നത്.
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആദിവാസി സമരത്തിന്റെ പ്രസക്തിയെക്കുറിച്ചും മുത്തങ്ങ സമര ചരിത്രത്തെയും അതിന്റെ തുടർഫലങ്ങളെയും കുറിച്ചും ആദിവാസി സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സി.കെ. ജാനു സംസാരിക്കുന്നു. ആദിവാസികളുടെ അതിജീവനത്തിനായുള്ള പോരാട്ടം അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെകൂടി സമരമാണെന്നും അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും ജാനു ഓർമിപ്പിക്കുന്നു. ആദിവാസികൾക്കൊപ്പം പൊതുസമൂഹവും നിൽക്കേണ്ടതിന്റെ ആവശ്യകതയും അവർ മുന്നോട്ടുവെക്കുന്നു.
മുത്തങ്ങ സമരത്തിലേക്ക് എത്തിച്ചേരുന്നതിനു മുമ്പ് നടന്ന സമരങ്ങളുടെയും സർക്കാറുമായുണ്ടായ ധാരണകളുടെയും പശ്ചാത്തലം എന്തായിരുന്നു?
മുത്തങ്ങ സമരം 2003ലാണ് ആരംഭിച്ചത്. സമരം ആരംഭിക്കുന്നതിന് ഒരുപാട് കാരണങ്ങളുമുണ്ട്. 2001ൽ സെക്രട്ടേറിയറ്റിന് മുന്നിൽ കുടിൽകെട്ടൽ സമരം നടത്തി. അതിലൂടെ കേരളത്തിലെ മുഴുവൻ ഭൂരഹിതരായ ആദിവാസികൾക്കും ഭൂമി –ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ, ഭൂമിയുടെ ലഭ്യത അനുസരിച്ച്– കൊടുക്കുമെന്ന് ഗവൺമെന്റും ഗോത്രമഹാസഭയും തമ്മിൽ കരാർ ഉണ്ടാക്കി. ഈ കരാർ കൃത്യമായി രണ്ടുവർഷം നന്നായി നടപ്പിലാക്കി. ഭൂരഹിതരായ ആദിവാസികളെ കണ്ടെത്തുക, ഭൂമി കണ്ടെത്തുക, അത് വിതരണം ചെയ്യുക –ഇങ്ങനെയുള്ള പ്രക്രിയ രണ്ടു വർഷം വളരെ സജീവമായി നടന്നു. ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ ഒരു ട്രൈബൽ മിഷൻ രൂപവത്കരിച്ചിരുന്നു.
ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നത്തിൽ മാത്രം ഇടപെടുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ട്രൈബൽ മിഷന് രൂപംനൽകിയത്. തുടർന്ന് ഭൂരഹിതരായ ആളുകളെയും ഭൂമിയും കണ്ടെത്താനും അത് വിതരണം ചെയ്യാനുമൊക്കെ ആ ട്രൈബൽ മിഷൻ വളരെ സജീവമായി ഇടപെട്ടിരുന്നു. കേരളത്തിൽ മുപ്പത്തയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾക്ക് ഇതിനകം ഭൂമി കിട്ടിയിട്ടുമുണ്ട്. അങ്ങനെ രണ്ടു വർഷക്കാലം ഭൂമി വിതരണം സജീവമായി നടത്തി. ഭൂരഹിതരായ ആദിവാസികളെയും ഭൂമിയും കണ്ടെത്തി വിതരണംചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്തു. അങ്ങനെ ചെയ്യുമ്പോഴും കുറെ ഭൂമിയൊക്കെ താമസയോഗ്യമല്ലാത്തതായും വന്നു. അതൊക്കെ ആ സമയത്തുതന്നെ ഞങ്ങൾ ചൂണ്ടിക്കാണിച്ചു. അതിന് ബദൽ സംവിധാനം ചെയ്യാനുള്ള അപേക്ഷകളൊക്കെ അവർ വാങ്ങി. അങ്ങനെയുള്ള കാര്യങ്ങളൊക്കെ വളരെ സജീവമായി നടന്നിരുന്നു.
പക്ഷേ, 2003ലേക്ക് വരുമ്പോഴേക്കും ഈ ട്രൈബൽ മിഷൻ നിർജീവമായി. അതിനകത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വേറെ വേറെ വകുപ്പുകളിലേക്ക് മാറ്റി. ട്രൈബൽ മിഷൻ പ്രവർത്തിക്കാത്ത ഒരു സംവിധാനമായി മാറി. അതോടെ ഭൂമി വിതരണം എന്ന കാര്യത്തിൽനിന്ന് പൂർണമായും ഗവൺമെന്റ് പിന്മാറുന്ന ഒരു അവസ്ഥയിലേക്ക് വന്നു.
അങ്ങനെയൊരു സാഹചര്യത്തിലാണോ മുത്തങ്ങയിൽ സമരം ആരംഭിക്കുന്നത്?
അങ്ങനെ വന്നപ്പോഴാണ് ബാക്കിയുള്ള ഭൂരഹിതർക്കും കൂടി ഭൂമി കിട്ടണം എന്നുപറഞ്ഞ് പ്രതീകാത്മകമായി മുത്തങ്ങയിലെ സമരം ആരംഭിക്കുന്നത്. മുത്തങ്ങയിലെ ഈ സമരം ആരംഭിച്ചപ്പോൾ സാധാരണ എല്ലാവരും ചെയ്യുന്ന ഒരു ജനാധിപത്യ സമരരീതിതന്നെയാണ് ഞങ്ങൾ സ്വീകരിച്ചത്. അവിടെ ഞങ്ങൾ പോയിട്ട് മരം മുറിക്കുകയോ ആ പ്രകൃതി നശിപ്പിക്കുകയോ അത്തരം കാര്യങ്ങളൊന്നും ചെയ്തില്ല. ചെറിയ അടിക്കാടുകൾ വെട്ടി കൃഷിയിറക്കുക, ആദിവാസികൾ അവിടെ താമസിക്കുക, അതിൽ ഉണ്ടാകുന്ന വരുമാനങ്ങൾ എടുക്കുക –ഇങ്ങനെയുള്ള ഒരു സമരമായിരുന്നു ഞങ്ങൾ നടത്തിയത്. അവിടെ ഞങ്ങളുടെ ആളുകൾ കപ്പ, കാച്ചിൽ, വെജിറ്റബിൾ, പയർവർഗങ്ങൾ ഇതുപോലുള്ള ഭക്ഷ്യസാധനങ്ങളുടെ ഒരു കൃഷിയായിരുന്നു അതിനകത്ത് ചെയ്തത്.
മുത്തങ്ങ സമരം അക്രമത്തിലേക്ക് പോകുന്ന ഒരു സമരമായിരുന്നില്ല എന്നാണ് നിങ്ങൾ പറയുന്നത്. സമരത്തിന്റെ സ്വഭാവം എങ്ങനെയായിരുന്നു?
മുത്തങ്ങയിൽ ഒരു വയലൻസിലേക്ക് പോകേണ്ട ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. ആ ഭൂമിയിൽ സമരം ചെയ്ത്, ജനം കുടിൽകെട്ടൽ സമരം നടത്തി പിടിച്ച ഭൂമിയാണത്. അതിനുമുമ്പ് സമരംചെയ്ത സമാധാനപരമായ രീതിതന്നെയാണ് മുത്തങ്ങയിലും പിന്തുടർന്നത്. മുമ്പ് കുടിൽകെട്ടി സമരം ചെയ്യുമ്പോൾ പൊലീസുകാർ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും. അതിനുശേഷം 14 ദിവസത്തെ റിമാൻഡ് കഴിയുമ്പോൾ ഞങ്ങൾ വീണ്ടും തിരിച്ചുവരും. സർക്കാറുമായി ചർച്ച നടക്കും. ഇങ്ങനെയായിരുന്നു അതിനുമുമ്പ് നടന്ന എല്ലാ സമരങ്ങളിലും നടന്നത്. മുത്തങ്ങ സമരത്തിൽ ഗവൺമെന്റിന്റെ ആളുകളോ ഏതെങ്കിലുമാളുകളോ ‘നിങ്ങളുടെ ആവശ്യം എന്താണ്?’ എന്ന രീതിയിൽ ഒരു ചർച്ചക്കും തയാറായി വന്നില്ല. മുത്തങ്ങയുടെ സമരരൂപം മാറുന്നത് അത്തരം ചർച്ചകളൊന്നുമില്ലാതെ ഭരണകൂടം ഞങ്ങളെ ആക്രമിച്ചതുകൊണ്ടാണ്.
വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതലുള്ള അനുഭവങ്ങളിൽ, അവരുടെ അടിസ്ഥാന പ്രശ്നമായി നിങ്ങൾ തിരിച്ചറിഞ്ഞത് എന്താണ്?
1987 മുതൽ വയനാട്ടിലെ ഏകദേശം എല്ലാ ആദിവാസി കോളനികളിലും ഞാൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തിരുനെല്ലി മുതൽ വൈത്തിരി, ലക്കിടി വരെയുള്ള കോളനികളിൽ പോവുകയും അവിടെ യോഗങ്ങൾ വിളിച്ച് ആളുകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഭൂമിയില്ലായ്മയാണ് അവർ അനുഭവിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് അന്ന് വ്യക്തമായി. പല കോളനികളിലും അടുത്തടുത്ത് നിരവധി വീടുകളുണ്ടാകും. എന്നാൽ, ആ വീടുകളിലുള്ളവർ അയൽവാസികളോട് പരസ്പരം സംസാരിക്കാറില്ല. എല്ലാവർക്കും സ്വസ്ഥമായി ജീവിക്കാനുള്ള സൗകര്യം ഈ വീടുകളിൽ ഇല്ലായിരുന്നു. തർക്കങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അപ്പുറത്തെ വീട്ടുകാർ പാത്രം കഴുകിയ വെള്ളം ഇപ്പുറത്തെ വീട്ടിലെ തിണ്ണയിലേക്ക് ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കുകളാകും കാണാൻ സാധിക്കുക. മറ്റു ചിലപ്പോൾ അപ്പുറത്തെ വീട്ടിലെ വലിയമ്മ മുറുക്കിത്തുപ്പിയത് ഞങ്ങളുടെ ഇളന്തിണ്ണയിലേക്കാണ് തെറിച്ചതെന്ന് പറഞ്ഞ് ആൾക്കാർ തമ്മിൽ തർക്കത്തിലേർപ്പെടും. ഇത്തരം നിസ്സാര പ്രശ്നങ്ങൾ വലിയ വഴക്കുകളായി മാറാറുണ്ട്.
ഇതിന്റെയൊക്കെ അടിസ്ഥാന കാരണം നിന്നുതിരിയാൻ പോലും സ്ഥലമില്ലാത്തതാണ്. ഭൂമിയില്ലായ്മ തന്നെയാണ് ഊരുകളിലെ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം. മനുഷ്യർക്ക് നടക്കാനും പെരുമാറാനും സ്വസ്ഥമായി ശ്വാസമെടുക്കാനും അവിടെ സ്ഥലമില്ല. ദമ്പതികൾ തമ്മിൽ പിണങ്ങി നിൽക്കുന്ന അവസ്ഥ പോലും ഉണ്ടാകാറുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു കുടുംബമായി ജീവിക്കുന്നവർക്ക് സ്വകാര്യമായി ഒന്നിച്ചിരുന്ന് സംസാരിക്കാൻപോലും അവിടെ ഒരു ഇടമില്ല (space) എന്ന് മനസ്സിലാകും. ഭാര്യയും ഭർത്താവും കുറച്ചുസമയം മാറിനിന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ കാണൂ. എന്നാൽ, അതിനുള്ള സ്ഥലം ഇല്ലാത്തതുകൊണ്ട് മനസ്സിൽ ദേഷ്യം കെട്ടിക്കിടക്കുകയും, അത് വലിയ വഴക്കുകളിലേക്ക് നയിച്ച് ദാമ്പത്യബന്ധംപോലും തകരുകയും ചെയ്യുന്നു.
അതുകൊണ്ട് ആദിവാസികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെങ്കിൽ അവർക്ക് ഭൂമി നൽകിയേ തീരൂ. കുടിവെള്ളത്തിനായി കിണർ കുഴിക്കാൻപോലും സ്ഥലമില്ലാത്തതുകൊണ്ടാണ് അവർ കിലോമീറ്ററുകളോളം ദൂരെ നിന്ന് വെള്ളം ചുമന്നുകൊണ്ടുവരുന്നത്. തൊട്ടടുത്ത് ഒരു കിണർ കുഴിക്കണമെങ്കിൽപോലും ആദ്യം സ്ഥലം വേണ്ടേ?
നിങ്ങൾ നടത്തിയ ആദ്യകാല ഭൂസമരങ്ങളെക്കുറിച്ച് പറയാമോ? ആദിവാസി ജനതയുടെ ഭൂമിക്കായുള്ള സമരത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?
1989ൽ വെള്ളമുണ്ട പഞ്ചായത്തിലെ കോളിക്കാംപാളിയിലാണ് ഞാൻ ആദ്യമായി ഒരു ഭൂസമരത്തിന് നേതൃത്വം നൽകുന്നത്. അന്ന് പാടത്തിന്റെ അതിരിൽ ഉണ്ടായിരുന്ന മൂന്ന് കുടിലുകളിലായി 26 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. കാൽനീട്ടി കിടക്കാൻപോലും ഇടമില്ലാതിരുന്ന ഈ ആദിവാസി കുടുംബങ്ങളുടെ ഭൂപ്രശ്നം പരിഹരിക്കാനാണ് ഞങ്ങൾ സമരം ആരംഭിച്ചത്.
ഇവരുടെയും വീടിന്റെ തൊട്ടുമുകളിലായി ഏകദേശം ഒരേക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ആ ഭൂമിയെക്കുറിച്ച് വില്ലേജ് ഓഫിസറോട് അന്വേഷിച്ചപ്പോൾ അത് കേസിൽ കിടക്കുന്ന സ്ഥലമാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, താമസിക്കാൻ വേറെ ഇടമില്ലാതിരുന്നതിനാൽ ഞങ്ങൾ അത് കാര്യമാക്കിയില്ല. എവിടെയെങ്കിലും കയറി കുടിൽകെട്ടി സമരം ചെയ്യുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലായിരുന്നു. ശരിക്കും അത് മിച്ചഭൂമിയായിരുന്നു.
അങ്ങനെ ആ ഒരേക്കർ ഭൂമിയിൽ പ്രവേശിച്ച് കാടുവെട്ടി ചെറിയ ഷെഡ് കെട്ടി ഞങ്ങൾ സമരം തുടങ്ങി. കനത്ത കാറ്റും മഴയുമുള്ള കർക്കടക മാസത്തിലെ കറുത്തവാവ് ദിവസങ്ങളിലായിരുന്നു അത്. വേറെ വഴിയില്ലാത്തതിനാൽ പ്രതികൂല കാലാവസ്ഥയിലും ആളുകൾ അവിടെത്തന്നെ ഉറച്ചുനിന്നു. തുടർന്ന് പൊലീസും വില്ലേജ് അധികാരികളും എത്തി തർക്കിച്ചെങ്കിലും, ‘‘ഞങ്ങൾക്ക് താമസിക്കാൻ വീടില്ല, കാൽനീട്ടി കിടക്കാൻ പോലും സൗകര്യമില്ല’’ എന്ന് ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ, സമരത്തിന്റെ ഫലമായി മൂന്ന് മാസത്തിനകം അവിടെ കുടിൽകെട്ടിയ 10 കുടുംബങ്ങൾക്ക് 10 സെന്റ് വീതം ഭൂമി നൽകാൻ തീരുമാനമായി.
ആദ്യത്തെ ഭൂസമരത്തിൽ ഭൂമി ലഭിച്ചതിനുശേഷം ഇത്തരം സമരങ്ങളുടെ തുടർച്ച എങ്ങനെയാണ് ഉണ്ടായത്?
ഇത്തരം ഭൂസമരങ്ങൾക്ക് തുടർച്ചയുണ്ടാകുന്നത് സ്വാഭാവികമാണ്. കുടിൽകെട്ടൽ സമരം നടത്തുമ്പോൾ ഞങ്ങളാരും അക്രമസ്വഭാവത്തോടെയോ പ്രകോപനപരമായോ ഇടപെട്ടിരുന്നില്ല. ആദ്യ സമരത്തിലൂടെ ഭൂമി ലഭിച്ചതോടെ ആദിവാസികൾക്ക് വലിയ രീതിയിലുള്ള ആത്മവിശ്വാസമുണ്ടായി. ഒന്നിച്ച് സമരം ചെയ്താൽ മാത്രമേ ഭൂമി ലഭിക്കൂ എന്ന ചിന്ത ആദിവാസി സമൂഹത്തിനുള്ളിൽ ശക്തമായി.
തുടർന്ന് മാനന്തവാടി അമ്പുകുത്തിയിലാണ് ഞങ്ങൾ സമരം നടത്തിയത്. മുന്നൂറിലധികം കുടുംബങ്ങൾ പങ്കെടുത്ത ആ സമരത്തിൽ പക്ഷേ ഭൂമി ലഭിച്ചില്ല. കേസും മറ്റു നിയമനടപടികളും ഉണ്ടായിരുന്നെങ്കിലും പിന്നീട് അത്തരം കേസുകളെല്ലാം തള്ളിപ്പോയി. അതിനുശേഷം അമ്പലവയലിലെ ചിങ്ങേരിയിലുള്ള ആദിവാസി പ്രോജക്ട് ഭൂമിയിൽ കുടിൽകെട്ടി സമരം നടത്തി. അങ്ങനെ തുടർന്നിങ്ങോട്ട് ഭൂമിക്കായുള്ള വിവിധങ്ങളായ സമരങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചു.
മുത്തങ്ങയിലും നേരത്തേ നടത്തിയ ഭൂസമരങ്ങളുടെ അതേ രീതിയാണ് പിന്തുടർന്നതെന്ന് നിങ്ങൾ പറയുന്നുണ്ട്. അവിടെ സമരം എങ്ങനെയാണ് മുന്നോട്ടുപോയത്?
മുത്തങ്ങയിലും ഞങ്ങൾ മുമ്പ് പിന്തുടർന്ന സമാധാനപരമായ അതേ സമരരീതിതന്നെയാണ് സ്വീകരിച്ചത്. അവിടെ ആളുകൾ പ്രവേശിച്ച് അടിക്കാടുകൾ വെട്ടിത്തെളിച്ച് കത്തിക്കുകയും കൃഷിയിറക്കുകയുമാണ് ചെയ്തത്. മരങ്ങൾ വെട്ടുകയോ മറ്റു നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആരെങ്കിലും ചർച്ചക്ക് തയാറായിരുന്നെങ്കിൽ മുത്തങ്ങ സമരം ഇത്തരമൊരു ദുരന്തത്തിൽ കലാശിക്കില്ലായിരുന്നു. എന്നാൽ, സർക്കാറിന്റെ ഭാഗത്തുനിന്ന് ചർച്ചക്കുള്ള ഒരു ശ്രമവുമുണ്ടായില്ല. സമരത്തിൽ പങ്കെടുത്ത അറുനൂറോളം കുടുംബങ്ങൾ അവിടെ ചെറിയ കുടിലുകൾ കെട്ടി സ്ഥിരമായി താമസിക്കുകയാണുണ്ടായത്. അത്രയധികം കുടുംബങ്ങൾ ഉണ്ടായിരുന്നതിനാൽ കുട്ടികൾക്കായി സമരഭൂമിയിൽതന്നെ അംഗൻവാടി അടക്കമുള്ള സൗകര്യങ്ങൾ ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. അങ്ങനെ 48 ദിവസത്തോളം ഞങ്ങൾ അവിടെ സമാധാനപരമായി താമസിച്ചു. 48ാം ദിവസത്തിന് ശേഷമാണ് മുത്തങ്ങയിൽ ആ ദാരുണമായ വെടിവെപ്പ് നടക്കുന്നത്.
മുത്തങ്ങയിൽ വെടിവെപ്പിലേക്ക് നയിച്ച സംഭവങ്ങൾ എങ്ങനെയാണ് ഉണ്ടായത്?
മുത്തങ്ങ സമരഭൂമിയിൽ ഫോറസ്റ്റുകാരും വാച്ചർമാരും തീയിടുന്നതോടുകൂടിയാണ് വെടിവെപ്പിലേക്ക് നയിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നത്. സമരഭൂമി കത്തുന്ന അവസ്ഥ ഉണ്ടായി. ഞങ്ങൾ ഒരു കാരണവശാലും തീയിട്ടിട്ടില്ല, തീയിടുകയുമില്ല. കാരണം ഞങ്ങളുടെ ആളുകൾ അവിടെയല്ലേ താമസിക്കുന്നത്. തീ പടർന്നാൽ ഞങ്ങളുടെ ആളുകളെത്തന്നെയാണ് ബാധിക്കുക. ആദിവാസികളെ അവിടെനിന്ന് തുരത്തുക എന്നതായിരുന്നു ഭരണകൂടത്തിന്റെ ഉദ്ദേശ്യം. തീയിട്ട് കുടിലുകളെല്ലാം കത്തിനശിക്കുമ്പോൾ പിന്നെ ആളുകൾ അവിടെ നിൽക്കില്ലല്ലോ. ഫോറസ്റ്റുകാർ തീയിട്ടുകഴിഞ്ഞ് ഞങ്ങൾ തീയിട്ടു എന്ന പ്രതീതി ഉണ്ടാക്കുക എന്നതായിരുന്നു അവരുടെ പ്ലാൻ. അപ്പോൾ ഞങ്ങൾക്കെതിരെയല്ലേ കേസ് വരിക. അത് മനസ്സിലാക്കി ഞങ്ങളല്ല തീയിട്ടത് എന്ന് തെളിയിക്കാൻ വേണ്ടി തീയിട്ട ആളുകളെ തടഞ്ഞുവെച്ച് കലക്ടറെ വിളിച്ച്, അവരെ കലക്ടർക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങൾ ചെയ്തത്.
2003 ഫെബ്രുവരി മാസത്തിൽ തീയിട്ടപ്പോൾ അടുത്തുപോലും നിൽക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് തീ കെടുത്താനും പറ്റിയില്ല. അപ്പോൾ ഞങ്ങളന്വേഷിച്ചത് ആരാണ് തീയിട്ടത്, എവിടെനിന്നാണ് തീ വരുന്നത് എന്നുള്ളതായിരുന്നു. തീ ഉയരുന്ന ഭാഗത്തേക്ക് ആളുകൾ പോയി നോക്കിയപ്പോഴാണ് വനപാലകരും വാച്ചർമാരും ഉണങ്ങിയ ആനപ്പിണ്ടം കത്തിച്ച് കാട്ടിലേക്ക് എറിയുന്നത് കണ്ടത്. അത് വീഴുന്നയിടങ്ങളിലെല്ലാം തീ ആളിക്കത്തുകയായിരുന്നു. അത് ഞങ്ങൾ തടഞ്ഞു. പിറ്റേദിവസം ഞങ്ങളെ അറസ്റ്റ് ചെയ്യാനായി പൊലീസ് മുത്തങ്ങ മുഴുവൻ വളഞ്ഞു. എന്നാൽ, ഞങ്ങൾ എതിർക്കാൻ നിന്നില്ല; സമാധാനപരമായി അറസ്റ്റ് വരിച്ച് ജയിലിലേക്ക് പോകാം എന്നായിരുന്നു തീരുമാനം. ഞങ്ങളുടെ സമരമുറകൾ എപ്പോഴും അങ്ങനെയായിരുന്നു.
ആളുകളെല്ലാം കൃഷിയിടത്തും അവരുടെ വീടിന്റെ പരിസരത്തുമൊക്കെ പണിയെടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. അവിടെ ഞങ്ങൾക്ക് മൂന്നുനാല് അംഗൻവാടികളുണ്ടായിരുന്നു. കുട്ടികളെ പതിവായി അംഗൻവാടിയിലേക്ക് വിടുമായിരുന്നു. അംഗൻവാടി പരിസരത്ത് മുറിയുന്ന സൈസുള്ള ഒരുതരം കാട്ടുപുല്ലുണ്ട്. കുടിലുകൾ മേയാനുപയോഗിച്ചിരുന്ന പുല്ലായിരുന്നു അത്. അന്ന് അവിടെ ആ പുല്ല് ഉണക്കി, പിടികെട്ടി അട്ടിയിട്ട് വെച്ചിരുന്നു. ഫോറസ്റ്റുകാർ വന്ന് ആ ഉണക്കപ്പുല്ലിനാകെ തീയിട്ടു. പെട്ടെന്നുതന്നെ തീ ആളിക്കത്തി. അംഗൻവാടിയിലേക്ക് അതിന്‍റെ ചൂട് പടരുന്നുണ്ടായിരുന്നു. ചൂട് അസഹ്യമായപ്പോൾ കുട്ടികൾ അലറിക്കരയാൻ തുടങ്ങി.
ഇതുകണ്ട് കുട്ടികളുടെ രക്ഷിതാക്കൾ അവിടേക്ക് ഒാടിവന്നു. അവരെല്ലാവരും അവിടെയുള്ള വിവിധ ഇടങ്ങളിൽ ജോലികളിലായിരുന്നു.
കുട്ടികളെ രക്ഷിക്കാനായി വന്ന ആളുകളെ കണ്ടപ്പോൾ പൊലീസിനെ ആക്രമിക്കാൻ വരുന്നവരാണെന്ന് കരുതി പൊലീസ് അവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. അങ്ങനെയാണ് മുത്തങ്ങ സംഭവം വെടിവെപ്പിലേക്ക് നയിക്കുന്നത്. യൂനിഫോമിൽ അല്ലാതെ വന്ന ആളുകളും സ്ത്രീകളെയും പുരുഷൻമാരെയും അതിക്രമിച്ചിരുന്നു. മുത്തങ്ങ സംഭവത്തിന്റെ വിഡിയോ നോക്കിയാൽ ഇക്കാര്യം ബോധ്യപ്പെടും. എന്താണ് നടന്നതെന്ന കൃത്യമായ കാര്യം ആ വിഡിയോകളിലുണ്ട്.
കാണുന്നവരെയൊക്കെ പൊലീസ് അടിച്ചിടുകയായിരുന്നു. കണ്ണിൽ ചോരയില്ലാത്ത മർദനമുറകളാണ് പൊലീസ് അന്നവിടെ നടപ്പാക്കിയത്. ഇത്തരമൊരു രീതിയിലാണ് കാര്യങ്ങൾ വെടിവെപ്പിലേക്ക് നീങ്ങിയത്. പൊലീസുകാർ വന്ന് ആക്രമിക്കും എന്ന് ഞങ്ങളാരും അന്ന് വിചാരിച്ചിരുന്നില്ല. അവർ വരും, അറസ്റ്റ് ചെയ്യും, അപ്പോൾ എല്ലാവരും പൊലീസ് ജിപ്പിൽ കയറിേപ്പാകും അങ്ങനെയൊരു തീരുമാനത്തിലാണ് ഞങ്ങൾ അന്ന് അവിടെ നിന്നിരുന്നത്.
മുത്തങ്ങ സംഭവത്തിനിടെ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് പലവിധ വിവാദങ്ങളുണ്ടായിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
വിനോദ് എന്ന പൊലീസുകാരൻ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്കാർക്കും അറിയില്ല. ഞങ്ങളുടെ ഇടയിൽ ആദിവാസികളായിട്ടുള്ള ആളുകൾ ആരെങ്കിലും ആക്രമിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്താൽ, അവർ പിന്നീട് അത് തുറന്നുപറയും. ഞങ്ങളൊക്കെ ഇങ്ങനെ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴെങ്കിലും ഇവർ ഈ കാര്യങ്ങൾ തുറന്നുപറയും.
പക്ഷേ, വിനോദ് എന്ന പൊലീസുകാരൻ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് ഒരാൾക്കും അറിയില്ല. ഞങ്ങൾ തന്നെ പലപ്രാവശ്യം യോഗം ചേർന്ന് ഇതിനകത്തുള്ള ആളുകളൊക്കെയായിട്ട് സംസാരിച്ചിട്ടുണ്ട്. ‘‘ഞങ്ങൾക്കും അറിയില്ല, ഞങ്ങൾക്കും അറിയില്ല, എങ്ങനെ സംഭവിച്ചു എന്നുള്ളത് അറിയില്ല’’ എന്നാണ് ഞങ്ങളുടെ ആളുകൾ പറഞ്ഞത്.
മുത്തങ്ങ വെടിവെപ്പിൽ 25 പേർ കൊല്ലപ്പെട്ടുവെന്ന തരത്തിൽ നിങ്ങൾ പറഞ്ഞു എന്ന വാർത്തകളുണ്ട്. മുത്തങ്ങയിലെ മരണസംഖ്യയെക്കുറിച്ച് പറയാനുള്ളത് എന്താണ്?
മുത്തങ്ങ വെടിവെപ്പിൽ 25 പേർ കൊല്ലപ്പെട്ടു എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ, സമരത്തിന് ശേഷം 25ഓളം പേർ മരണപ്പെട്ടിട്ടുണ്ട്. അതുപക്ഷേ, ഈ സ്പോട്ടിൽ അല്ല മരിച്ചത്. പൊലീസ് അതിക്രമവും മർദനവും ഏറ്റ ഒരുപാട് പേർ ആശുപത്രികളിലായിരുന്നു. അതിൽ ചിലരാണ് പിന്നീട് മരണപ്പെട്ടത്. മുത്തങ്ങ സംഭവസമയത്ത് ജോഗിയേട്ടൻ മാത്രമാണ് മരിച്ചത്.
മുത്തങ്ങയിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് പറയുമ്പോൾ, അന്നത്തെ പൊലീസ് നടപടിയെ നിങ്ങൾ എങ്ങനെയാണ് ഓർക്കുന്നത്?
പൊലീസ് ശരിക്കും മനുഷ്യരായിരുന്നില്ല. എന്നാൽ മൃഗങ്ങളുടെ ഒപ്പം പോലും കൂട്ടാൻ പറ്റാത്ത ആളുകളായിരുന്നു. മൃഗങ്ങൾപോലും ഇങ്ങനെ ആക്രമിക്കില്ല. മൃഗങ്ങൾ, അവരെ ആക്രമിക്കാൻ ആരെങ്കിലും വരുന്നു എന്ന് തോന്നുന്ന ഒരാളെ മാത്രമേ ആക്രമിക്കൂ. അല്ലാത്ത ആരെയും മൃഗങ്ങൾ ആക്രമിക്കില്ല. ആ സമയത്ത് സത്യത്തിൽ ഈ കാക്കിയിട്ട പൊലീസുകാരുടെ ഇടയിൽ ഒരു മനുഷ്യനെ പോലും ഞാൻ കണ്ടില്ല.
മുത്തങ്ങ സംഭവത്തിനുശേഷം നിങ്ങളെയും ഗീതാനന്ദനെയും അറസ്റ്റ് ചെയ്തിരുന്നല്ലോ. അന്ന് നേരിട്ട പൊലീസ് മർദനം എങ്ങനെയായിരുന്നു?
മുത്തങ്ങ സംഭവത്തിനുശേഷം എന്നെയും ഗീതാനന്ദനെയും അറസ്റ്റ് ചെയ്തു. ഒരു പൊലീസ് വണ്ടിയിലേക്കാണ് ഞങ്ങളെ കയറ്റിയത്. നാലു മണിക്കൂർ നേരം അതിന്റെ ഷട്ടറൊക്കെ താഴ്ത്തിയിട്ടിട്ട് അതിന്റെ ഉള്ളിലിട്ടാണ് ഞങ്ങളെ ഏറ്റവും കൂടുതൽ മർദിച്ചത്. പിന്നെ ഫോറസ്റ്റിന്റെ െഗസ്റ്റ്ഹൗസിൽ, പൊലീസ് സ്റ്റേഷനിൽ വന്നിട്ടും അങ്ങനെ തുടർച്ചയായി മർദനം നടന്നു. പക്ഷേ ഏറ്റവും കൂടുതൽ മർദിച്ചത് വണ്ടിക്കകത്താണ്. നാലു മണിക്കൂർ നേരം അവരേതൊക്കെയോ കാട്ടുവഴിയിലൂടെ ഈ വണ്ടി നിർത്താതെ ഓടിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.
പിന്നീട് വൈകീട്ടാണ് സ്റ്റേഷനിൽ കൊണ്ടുവന്ന് ഹാജരാക്കിയത്. തേനീച്ചക്കൂട്ടിലേക്ക് കല്ലെറിയുമ്പോൾ ഈച്ചകൾ ഇളകുകയില്ലേ? അതുപോലെയായിരുന്നു. ആര് എവിടന്ന് ഏതുവിധത്തിൽ എങ്ങനെ തല്ലുന്നു എന്നൊന്നും ഞങ്ങൾക്ക് കാണാൻ പറ്റാത്ത ഒരവസ്ഥ. ‘ഇവരൊക്കെ വിഷമാണ്, ഇപ്പോഴേ തീർക്കണം’ എന്ന് പ്രതികാരബുദ്ധിയോടെ അവർ പറയുന്നുണ്ടായിരുന്നു. ‘ഇല്ലെങ്കിൽ നാടിന് ആപത്ത്’ എന്ന രീതിയിലൊക്കെയുള്ള വാക്കുകൾ പറഞ്ഞുകൊണ്ടുള്ള ആക്രമണമായിരുന്നു അവർ നടത്തിയത്.
മുത്തങ്ങ സമരത്തിനുശേഷം ആദിവാസി സമൂഹത്തോടുള്ള പൊതുസമൂഹത്തിന്റെ സമീപനം എങ്ങനെ ആയിരുന്നു?
കമ്യൂണിസ്റ്റുകാരും ബി.ജെ.പിക്കാരും കോൺഗ്രസുകാരും മൈസൂർ ഹൈവേ മൂന്നു ദിവസം ഉപരോധിച്ചിട്ടുണ്ട്. ‘സമരക്കാരായ ആദിവാസികളെ ഇവിടന്ന് കുടിയിറക്കിയാലേ ഞങ്ങൾ ഈ റോഡിന്റെ ഗതാഗതം നടത്താൻ സമ്മതിക്കൂ’ എന്നു പറഞ്ഞാണ് അവർ ഉപരോധം നടത്തിയത്. അതിനകത്ത് ആദിവാസിയല്ലാത്ത മുഴുവൻ ആളുകളും ഉണ്ടായിരുന്നു.
പൊതുസമൂഹം അക്കാലത്ത് പൂർണമായും ആദിവാസികൾക്ക് എതിരായിരുന്നു. ടൗണുകളിലേക്ക് വരുന്ന ആദിവാസികളെ ‘‘ഇവരും മുത്തങ്ങ സമരത്തിന് പോയവരാണ്’’ എന്നാരോപിച്ച് ആക്രമിക്കുകയും പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയുമാണ് ആളുകൾ ചെയ്തത്. മുത്തങ്ങ സമരസ്ഥലത്ത് പോകാതിരുന്ന നിരപരാധികളായ ആദിവാസികൾപോലും കൊലപാതകക്കേസുകളിൽ പ്രതികളാക്കപ്പെട്ടു.
ജോഗിയേട്ടനെ പൊലീസ് വെടിവെച്ചു കൊന്നു എന്നറിഞ്ഞ് മുത്തങ്ങയിൽ താമസിച്ചിരുന്ന രഘു എന്ന വ്യക്തി മൃതദേഹം ഏറ്റുവാങ്ങാനായി പോയിരുന്നു. മൃതദേഹം സ്വീകരിച്ച് തിരികെ പോരുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. രഘുവും അദ്ദേഹത്തോടൊപ്പം പോയ ഏഴോളം പേരും പിന്നീട് കൊലപാതകക്കേസിൽ പ്രതികളാക്കപ്പെട്ടു; അവരാരും സമരത്തിൽ പങ്കെടുത്തവരായിരുന്നില്ല. കേസിൽ പ്രതികളായ അവർ പലരും പിന്നീട് മരണപ്പെടുകയും ചെയ്തു.
ആദിവാസികൾ ഇനി മേലിൽ ഇത്തരം ഭൂസമരങ്ങളുമായി മുന്നോട്ടുവരരുത് എന്ന കർശനമായ നിലപാടാണ് പൊതുസമൂഹം സ്വീകരിച്ചത്. പനമരത്തുകാരനായ ജവനൻ എന്നയാളുടെ അനുഭവവും ഇതിന് തെളിവാണ്. കർണാടകയിൽ ജോലി കഴിഞ്ഞ് സുൽത്താൻ ബത്തേരിയിൽ ബസിറങ്ങിയ അദ്ദേഹത്തെ, ആദിവാസിയാണെന്ന ഒറ്റക്കാരണത്താൽ മുത്തങ്ങ സമരത്തിൽ പങ്കെടുത്തു എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസിൽ പ്രതിയാക്കുകയും ചെയ്തു. ഇങ്ങനെ മുത്തങ്ങയിൽ പോവുകപോലും ചെയ്യാത്ത നിരപരാധികളായ ഒട്ടേറെ ആദിവാസികളാണ് കേസിൽ പ്രതികളായത്.
മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിയുടെ മരണത്തെക്കുറിച്ച് ഒരു കേസ് പോലും ശരിയായ രീതിയിൽ അന്വേഷിക്കപ്പെട്ടില്ലെന്നാണ് പറയുന്നത്?
മുത്തങ്ങ വെടിവെപ്പിൽ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ട വ്യക്തിയാണ് ജോഗിയേട്ടൻ. അതിനാൽ അദ്ദേഹത്തിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടായിരുന്നു. അയാൾ സമരത്തിൽ പങ്കെടുത്ത ആളാണോ അല്ലയോ എന്നതിനപ്പുറം ഒരു മനുഷ്യനാണെന്ന പരിഗണനയെങ്കിലും ഭരണകൂടവും നിയമസംവിധാനവും നൽകണമായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അതുണ്ടാകാതെ വലിയൊരു വിവേചനമാണ് നടന്നത്. എം. ഗീതാനന്ദൻ മാഷിനെയും കൂട്ടരെയും ശിക്ഷിക്കുകയും ജോഗിയേട്ടന്റെ കൊലപാതകം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നത് വ്യക്തമായ നീതികേടാണ്.
ജോഗിയേട്ടന്റെ കേസുമായി ഞങ്ങൾ നിയമപരമായി ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഹൈകോടതിയിൽ ഹരജി നൽകി. ആറു വർഷത്തോളം ഹൈകോടതിയിൽ ഇതിന്റെ വിചാരണ നടന്നു. എന്നാൽ, മനുഷ്യാവകാശ കമീഷൻപോലുള്ള ഏജൻസികളെ സമീപിക്കാനാണ് ഹൈകോടതി അവസാനം ഉത്തരവിട്ടത്. ഇത്തരം ഒരു വിധിയായിരുന്നില്ല അവിടെ ഉണ്ടാകേണ്ടിയിരുന്നത്. ഒരു സാധാരണ മനുഷ്യന്റെ ജീവന് നൽകേണ്ട പരിഗണന നൽകി കേസ് അന്വേഷിക്കാനും ഉത്തരവാദികളെ ശിക്ഷിക്കാനുമായിരുന്നു കോടതി തയാറാകേണ്ടിയിരുന്നത്. എത്ര വർഷങ്ങൾ കഴിഞ്ഞാലും ജോഗിയേട്ടന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണം എന്നാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്.
ആദിവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളും കേരളത്തിലെ ഭൂപരിഷ്കരണവും നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്? നിലവിലുള്ള നിയമങ്ങൾ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണം എന്നാവശ്യപ്പെട്ട് 1975ൽ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമമുണ്ട്. ആ നിയമത്തെപ്പോലും അട്ടിമറിക്കുന്നത് ഇടതുപക്ഷമാണ്. കൂടാതെ, 2006ൽ പ്രാബല്യത്തിൽ വന്ന വനാവകാശ നിയമത്തെയും അട്ടിമറിക്കുന്നത് ഇടതുപക്ഷം പോലെയുള്ള പ്രസ്ഥാനങ്ങളാണ്. ഇതേ ഇടതുപക്ഷം കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമങ്ങളിൽ ആദിവാസികളെയും ദലിതരെയും ശരിക്കും ഉൾപ്പെടുത്തിയിരുന്നേയില്ല; മറ്റു ജനവിഭാഗങ്ങളെ മാത്രമാണ് അതിൽ പരിഗണിച്ചത്. അതിലുപരി, വിസ്തൃതമായ തോട്ടം ഭൂമി ഈ ഭൂപരിഷ്കരണത്തിന്റെ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കുകയും ചെയ്തു.
ആദിവാസികൾക്കും ദലിതർക്കും അവകാശപ്പെട്ട ഭൂമി തോട്ടങ്ങളാക്കി മാറ്റി നൽകുന്ന പണിയാണ് ഇവർ ഭൂപരിഷ്കരണത്തിലൂടെ ചെയ്തത്. മറ്റു ജനവിഭാഗങ്ങൾക്ക് ഒരു കുടുംബത്തിന് 15 ഏക്കർ എന്ന പരിധി നിശ്ചയിച്ച് ഭൂമി നൽകിയപ്പോഴും തോട്ടം ഭൂമികളെ ഭൂപരിഷ്കരണ നിയമത്തിൽ ഉൾപ്പെടുത്തിയില്ല. കൂടാതെ ട്രസ്റ്റുകളുടെ ഭൂമി, പള്ളികളുടെയും അമ്പലങ്ങളുടെയും അധീനതയിലുള്ള ഭൂമി എന്നിവയെയും ഇതിൽനിന്ന് ഒഴിവാക്കി. ദലിതരെയും ആദിവാസികളെയും പുറന്തള്ളുകയും വലിയ ഭൂവുടമകളെ സംരക്ഷിക്കുകയും ചെയ്തതിനാൽ ആ ഭൂപരിഷ്കരണം അടിസ്ഥാനപരമായിത്തന്നെ ശരിയല്ല എന്നാണ് ഇതിന്റെ അർഥം.
ബി.ജെ.പിയുമായുള്ള രാഷ്ട്രീയ ബന്ധത്തിലേക്ക് പോകാനുള്ള സാഹചര്യം എന്തായിരുന്നു? പിന്നീട് ആ ബന്ധം ഉപേക്ഷിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്?
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇവിടത്തെ മറ്റെല്ലാ സമുദായങ്ങളും ഏതെങ്കിലും ഒരു മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കാണാം. അതുകൊണ്ടുതന്നെ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരവും ഉണ്ടാകുന്നുണ്ട്. എന്നാൽ, കേരളത്തിലെ പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങൾ ഇത്തരം മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമല്ല. അതിനാലാണ് നൂറ്റാണ്ടുകളായി അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നത്.
അതിനാൽ ഈ ജനവിഭാഗങ്ങൾ ഒരു മുന്നണി സഖ്യമായി രാഷ്ട്രീയത്തിൽ വളർന്നുവരേണ്ടത് അത്യാവശ്യമാണ്. യഥാർഥത്തിൽ കോൺഗ്രസും ഇടതുപക്ഷവുമാണ് ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിയിരുന്നത്. എന്നാൽ അവർ അതിന് തയാറാകാത്തതുകൊണ്ടാണ് ബി.ജെ.പി നയിക്കുന്ന മുന്നണിയെ ഒരു രാഷ്ട്രീയ ബദലായി സ്വീകരിക്കാൻ ഞങ്ങൾ തയാറായത്. പക്ഷേ, ഏതൊരു മുന്നണിയിൽ ചേർന്നാലും ഒരു ഘടകകക്ഷിയെന്ന നിലയിലുള്ള അർഹമായ പരിഗണനയും അവകാശങ്ങളും പങ്കാളിത്തവും ലഭിക്കേണ്ടതുണ്ട്. ആ പരിഗണന ബി.ജെ.പി നൽകാതിരുന്നതുകൊണ്ടാണ് പിന്നീട് ഞങ്ങൾ ആ ബന്ധം ഉപേക്ഷിച്ചത്.
മുത്തങ്ങയിലെ ജോഗി സ്മാരക സ്തൂപം,ജോഗി
പുതിയ കാലത്ത് ആദിവാസി സമൂഹം എങ്ങനെ പരിവർത്തനപ്പെടണം എന്നാണ് നിങ്ങൾ പറയുന്നത്?
സാഹചര്യങ്ങൾക്കും കാലഘട്ടത്തിനും അനുസരിച്ച് മനുഷ്യരിൽ പരിവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, ആ മാറ്റം സ്വന്തം സ്വത്വത്തെയും ഐഡന്റിറ്റിയെയും നശിപ്പിച്ചുകൊണ്ടാകരുത്. തങ്ങളുടെ സ്വത്വവും അസ്തിത്വവും തനിമയോടെ നിലനിർത്തിക്കൊണ്ടുള്ള മാറ്റങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ; അല്ലാത്തപക്ഷം അത് ജനതയുടെ നിലനിൽപിന് തന്നെ അപകടകരമായി തീരും. അതുകൊണ്ട്, നിലവിലുള്ള സാമൂഹിക സംവിധാനങ്ങളെ ഉൾക്കൊള്ളുമ്പോൾതന്നെ ആദിവാസി സമൂഹത്തിന്റെ തനതായ സ്വത്വം, അസ്തിത്വം, ആചാരാനുഷ്ഠാനങ്ങൾ എന്നിവ െവച്ചുപുലർത്തിക്കൊണ്ടുള്ള ഒരു പരിവർത്തനത്തിന് നമ്മൾ വിധേയരാകേണ്ടതുണ്ട്.
മുത്തങ്ങ സമരത്തിനു ശേഷമുള്ള നിൽപുസമരം ഒരു ആദിവാസി ഭൂസമരം എന്നതിനപ്പുറം, പൊതുസമൂഹത്തിന്റെകൂടി സമരമായി മാറിയിരുന്നു?
ആദിവാസികൾ ഒറ്റക്കല്ല, പൊതുസമൂഹം ഒന്നടങ്കമാണ് ഇത്തരം പോരാട്ടങ്ങളിൽ പങ്കാളികളാകേണ്ടത്. അതിനായി എല്ലാവർക്കും ഇടപെടാൻ സാധിക്കുന്ന ഒരു പൊതു ഇടം (space) രൂപപ്പെടണം. ആദിവാസികൾ ഭൂമിക്കുവേണ്ടി സമരം നടത്തുമ്പോൾ, അത് കേവലം ആദിവാസികൾക്കുവേണ്ടി മാത്രമുള്ള പോരാട്ടമല്ല; മറിച്ച് ഈ ഭൂമിയിൽ ജനിച്ച മുഴുവൻ മനുഷ്യരുടെയും അവകാശ സംരക്ഷണത്തിനായുള്ള ഭൂസമരമാണ്.
എന്നാൽ, ആദിവാസികളാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നതുകൊണ്ട് മാത്രം ഇതിനെ ‘ആദിവാസി സമരം’ എന്ന് വിശേഷിപ്പിച്ച് ചുരുക്കാനും ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുമാണ് പൊതുസമൂഹം ശ്രമിക്കുന്നത്. ആദിവാസികൾ ഭൂമിയിൽ കൃഷിചെയ്ത് ഉൽപാദിപ്പിക്കുന്ന വരുമാനം അവർ തനിയെ അനുഭവിക്കുകയല്ല ചെയ്യുന്നത്. ആ ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിലെത്തുമ്പോൾ അതിന്റെ സാമ്പത്തിക പ്രയോജനം സമൂഹത്തിലെ മറ്റു മനുഷ്യരിലേക്കും എത്തുന്നു. അതായത്, സമരം ചെയ്തു നേടിയ ഭൂമിയുടെ നേട്ടം നാടിനാകെ ലഭിക്കുകയാണ്.
അതുകൊണ്ട് പ്രകൃതിയെയും ലോകത്തിലെ എല്ലാ സംവിധാനങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ആദിവാസി സമരങ്ങൾ. ഇതിനെ കേവലമൊരു ആദിവാസി ഭൂസമരമായി ഒതുക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. ഈ ഒരു തിരിച്ചറിവിൽനിന്നാണ് ‘നിൽപുസമരം’ കേവലം ഒരു വിഭാഗത്തിന്റെ മാത്രം സമരമല്ലാതെ, കേരളത്തിന്റെ മൊത്തം ജനകീയ സമരമായി മാറ്റിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചത്.
നിൽപുസമരത്തിൽ കേരളത്തിലെ പൊതുസമൂഹം കൂടെ നിന്ന അനുഭവം എങ്ങനെയായിരുന്നു? അത്തരമൊരു ജനകീയ പങ്കാളിത്തമാണ് ഇനിയുള്ള ആദിവാസി സമരങ്ങളുടെ രീതിയാകേണ്ടതെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
നിൽപുസമരത്തിൽ കേരളത്തിലെ പൊതുസമൂഹം ഒപ്പം നിന്നത് വളരെ നല്ലൊരു അനുഭവമായിരുന്നു. ഇനിയുള്ള കാലത്തും അത്തരമൊരു ജനകീയ പങ്കാളിത്തമാണ് ഉണ്ടാകേണ്ടതെന്നാണ് എന്റെ അഭിപ്രായം. നമ്മൾ നടത്തുന്ന സമരങ്ങൾ നമുക്കുവേണ്ടി മാത്രം ചെയ്യുന്ന ഒന്നല്ലല്ലോ. സമരം ചെയ്ത് ഒരേക്കറോ അഞ്ചേക്കറോ ഭൂമി ലഭിച്ചാൽ, അതിൽ ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ നമ്മൾ ഒറ്റക്കല്ല ഉപയോഗിക്കുന്നത്. ആ വിഭവങ്ങൾ എത്രയോ മനുഷ്യരിലേക്ക് എത്തുന്നുണ്ടോ, അവർക്കെല്ലാം ഈ സമരത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
ഇതിനൊരു വ്യക്തമായ ഉദാഹരണമാണ് കണ്ണൂരിലെ ആറളം ഫാം സമരം. ഞങ്ങൾ അവിടെ സമരം ചെയ്യാൻ ചെല്ലുമ്പോൾ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂനിയനുകളും ഉൾപ്പെടെ എല്ലാവരും അതിനെ എതിർത്തിരുന്നു. അന്ന് ആരും അതിനുള്ളിൽ പ്രവേശിച്ചിരുന്നില്ല. മുമ്പ് അവിടെ സമീപത്തുള്ള കീഴ്പ്പള്ളി, കണിച്ചാർ തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നോ രണ്ടോ കടകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് അവിടെ പോയി നോക്കിയാൽ മാനന്തവാടിയെപ്പോലെ വലിയ ടൗണുകളായി അവ മാറിയത് കാണാം. സമരം കാരണം ആ പ്രദേശത്താകെ വലിയ വികസനമാണുണ്ടായത്.
ആറളം സമരത്തെ അന്ന് അവരെല്ലാവരും എതിർത്തുവെങ്കിലും, അതിന്റെ ഏറ്റവും വലിയ നേട്ടമുണ്ടായത് എതിർത്ത ആളുകൾക്കാണ്. അന്ന് ഒന്നോ രണ്ടോ പലചരക്ക് കടകളും ഷീറ്റിട്ട ഒരു ചായക്കടയും മാത്രം ഉണ്ടായിരുന്ന ആ സ്ഥാനത്ത് ഇന്ന് എത്രയോ പുതിയ കെട്ടിടങ്ങളും വണ്ടികളുമാണ് വന്നിട്ടുള്ളത്! ആദ്യം ഞങ്ങൾ പോകുമ്പോൾ അവിടെ ഒരു ഓട്ടോറിക്ഷപോലും ഇല്ലായിരുന്നു. എന്നാൽ, ഇപ്പോൾ ആയിരക്കണക്കിന് ഓട്ടോറിക്ഷകളും ജീപ്പുകളും സർവിസ് നടത്തുന്നു; സ്വർണക്കടകൾ വരെ അവിടെ തുറന്നു പ്രവർത്തിക്കുന്നു.
ഫാം ആദിവാസികളുടെ കൈകളിൽ കിട്ടിയതോടുകൂടിയാണ് ആറളം എന്ന സമരഭൂമിയും അതിന്റെ പരിസരപ്രദേശങ്ങളും ഈ രീതിയിൽ വികസിച്ചത്. ആറളത്ത് ഭൂമി ലഭിച്ച ആദിവാസികളുടെ ജീവിതത്തിൽ അതിനനുസരിച്ചുള്ള വികസനം ഉണ്ടായിട്ടില്ലെങ്കിലും, പുറത്തുള്ള പൊതുസമൂഹത്തിനാണ് ഇതിന്റെ വലിയ പ്രയോജനം ലഭിച്ചത്. അതുകൊണ്ടുതന്നെ ഇതിനെ കേവലമൊരു ആദിവാസി സമരമായി കാണാൻ സാധിക്കില്ല. നാട്ടിലെ മുഴുവൻ മനുഷ്യരെയും സമ്പന്നരാക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സമരമാണ് യഥാർഥത്തിൽ നടക്കുന്നത്. അതിനാൽ അതേ കാഴ്ചപ്പാടോടെതന്നെ ഇതിനെ പൊതുസമൂഹം വിലയിരുത്തണം.
കാലത്തിനനുസരിച്ച് സമരങ്ങളുടെ രൂപവും രീതിയും മാറേണ്ടതുണ്ടെന്ന് പറയുന്നു. ആദിവാസി സമരങ്ങളുടെ കാര്യത്തിൽ ഈ മാറ്റം എങ്ങനെയാണ് സംഭവിക്കേണ്ടത്?
കാലത്തിനനുസരിച്ച് മനുഷ്യരും അവരുടെ ജീവിതസാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നുണ്ട്. പണ്ടത്തെപ്പോലെയുള്ള സമരങ്ങൾ അതേപടി ഇപ്പോഴും നടക്കണമെന്ന് വാശിപിടിച്ചാൽ അത് സാധ്യമല്ല. ഉദാഹരണത്തിന്, 1920കളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവത്കരണ കാലത്ത് നടന്ന സമരമുറകൾ ഇന്ന് നടക്കില്ല; അത് ആ കാലഘട്ടത്തിനുമാത്രം യോജിച്ചതായിരുന്നു. ഈ മാറ്റം ആദിവാസി സമൂഹത്തിന്റെ പോരാട്ടങ്ങളിലും സംഭവിക്കുന്നുണ്ട്. പണ്ടത്തെപ്പോലെയുള്ള പ്രക്ഷോഭങ്ങൾ ഇപ്പോൾ കാണുന്നില്ലെന്നും, അത്തരം സമരങ്ങൾ നടന്നാൽ മാത്രമേ അത് സമരമാകുകയുള്ളൂ എന്നും പുറത്തുള്ള പലരും പറയാറുണ്ട്. എന്നാൽ, ഇത് സമരങ്ങളുടെ മാറുന്ന സ്വഭാവത്തെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ്.
ഓരോ കാലഘട്ടത്തിലും സാഹചര്യങ്ങൾക്കനുസരിച്ച് ആദിവാസികൾ സമരങ്ങളിൽ ശക്തമായി നിലയുറപ്പിക്കാറുണ്ട്. ദിവസേന കൂലിപ്പണി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ് ആദിവാസികളിലേറെയും. അവർക്ക് എപ്പോഴും കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് സമരരംഗത്ത് മാത്രം തുടരാൻ കഴിയില്ല. ഒരു ഘട്ടത്തിൽ സമരത്തിൽ സജീവമായി പങ്കെടുത്താലും, സ്വന്തം കുടുംബത്തിന്റെ നിലനിൽപ് ഉറപ്പാക്കാൻ അവർക്ക് ഇടക്ക് സമരരംഗത്തുനിന്ന് മാറി കൂലിപ്പണിക്ക് പോകേണ്ടിവരും. അല്ലാതെ വേറെ വരുമാനമാർഗങ്ങളൊന്നും അവർക്കില്ല.
കുടുംബത്തിന്റെ കാര്യം നോക്കാതെ എപ്പോഴും സമരത്തിൽ തന്നെ നിലയുറപ്പിക്കാം എന്ന് തീരുമാനിക്കാനുള്ള സാമ്പത്തിക ഭദ്രത അവർക്കില്ലാത്തതുകൊണ്ടാണ് മാറിമാറി വരുന്നത്. സ്വാതന്ത്ര്യസമര കാലത്തെ രീതികൾ ഇനി അതേപടി ആവർത്തിക്കാനാകാത്തതുപോലെ, മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സമരങ്ങളുടെ രൂപവും പ്ലാനിങ്ങും മാറ്റേണ്ടതുണ്ട്. മാറുന്ന ഓരോ സാഹചര്യത്തിനും അനുയോജ്യമായരീതിയിൽ സമരമുറകൾ രൂപപ്പെട്ടുവരുക തന്നെയാണ് വേണ്ടത്.
ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ അധികാരത്തിലേക്ക് വരേണ്ടതുണ്ടെന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ?
കൃത്യമായ രാഷ്ട്രീയ അധികാരം നേടാതെ ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ സാധിക്കില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ ഞങ്ങൾ 162 ദിവസം നീണ്ടുനിന്ന ‘നിൽപുസമരം’ നടത്തുകയുണ്ടായി. ആ പൊതുസമരം പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ നടപ്പാതയിലാണ് നടന്നത് എന്നതുകൊണ്ടുതന്നെ ഭരണാധികാരികൾക്ക് അത് വലിയ പ്രശ്നമായി തോന്നിയില്ല.
എന്നാൽ, ഒരു മുന്നണിയുടെയും അല്ലെങ്കിൽ സി.പി.എമ്മിന്റെയോ കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ ബിനാമിയല്ലാത്ത ഒരു ആദിവാസി പ്രതിനിധി നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ മാറുമായിരുന്നു. സഭക്കകത്ത് ആ ജനപ്രതിനിധി ഒരു മണിക്കൂർ പ്രതിഷേധിച്ചു നിന്നാൽ മാത്രം മതിയായിരുന്നു; 162 ദിവസം തെരുവിൽ സമരം ചെയ്ത വിഷയത്തിന് ഒറ്റ ദിവസംകൊണ്ട് പരിഹാരമുണ്ടാകുമായിരുന്നു. ആ രീതിയിലുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്ക് ആദിവാസി സമൂഹം ഉയർന്നുവരുകതന്നെ വേണം.
ഇന്ന് കേരളത്തിൽ എസ്.എൻ.ഡി.പി, എൻ.എസ്.എസ്, ക്രൈസ്തവ സഭകൾ, മുസ്‌ലിം സംഘടനകൾ എന്നിവയെല്ലാം പ്രമുഖ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നാണ് തങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതും തങ്ങളുടെ സമുദായങ്ങളെ വളർത്തിയെടുക്കുന്നതും. എന്നാൽ, ഇത്തരം രാഷ്ട്രീയ മുന്നണികളുടെയും അധികാരത്തിന്റെയും ഭാഗമാകാൻ സാധിക്കാതെ പോയതുകൊണ്ട് മാത്രം വികസിക്കപ്പെടാതെയും അവഗണിക്കപ്പെട്ടും പോയത് ദലിത്-ആദിവാസി ജനവിഭാഗങ്ങൾ മാത്രമാണ്.
മുത്തങ്ങയിൽ ആദിവാസികളെ നേരിടാൻ വന്ന പൊലീസ്
യു.ഡി.എഫുമായുള്ള രാഷ്ട്രീയ സഖ്യത്തിലേക്ക് എത്തിയിട്ടും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് സീറ്റ് ലഭിച്ചില്ല. അതിന്റെ കാരണം എന്തായിരുന്നു?
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിഷേധിച്ചതിന് കൃത്യമായ കാരണമുണ്ട്. തെരഞ്ഞെടുപ്പിന് കേവലം മൂന്നുമാസം മുമ്പ് മാത്രമാണ് ഞങ്ങൾ അവരുമായി ഒരു രാഷ്ട്രീയ ധാരണയിലെത്തിയത്. അത്രയും കുറഞ്ഞ സമയംകൊണ്ട് സഖ്യമുണ്ടാക്കിയതിന്റെ പ്രായോഗിക പ്രശ്നം അന്നുണ്ടായിരുന്നു. യു.ഡി.എഫ് മുന്നണിയിൽ ഞങ്ങൾ ഞങ്ങളുടെ വ്യക്തമായ നിലപാട് അറിയിച്ചിരുന്നു. എന്നാൽ, ‘‘നിങ്ങൾ മുന്നണിയിലേക്ക് വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ എന്നൊരു സാങ്കേതിക പ്രശ്നമുണ്ട്; അതുകൊണ്ട് അടുത്ത പ്രാവശ്യം തീർച്ചയായും നിങ്ങളെ അർഹമായ രീതിയിൽ പരിഗണിക്കും’’ എന്നായിരുന്നു അവർ ഞങ്ങൾക്ക് നൽകിയ ഉറപ്പ്.
മുത്തങ്ങ കേസിൽ ഗീതാനന്ദന് ലഭിച്ച ശിക്ഷയെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്? ആ കേസിൽ ഇനി നിയമപരമായി എന്തെങ്കിലും നടപടികൾ നടക്കുന്നുണ്ടോ?
ഗീതാനന്ദൻ മാഷിനെ തടവിന് ശിക്ഷിച്ച വിധി വിവേചനപരമാണ്. ഒരു ജനാധിപത്യവിധിയല്ല ശരിക്കും വന്നിരിക്കുന്നത്. അപ്പോൾ അതിന്റെ ബാക്കി കാര്യങ്ങളൊക്കെ ശരിക്കും കൃത്യമായിട്ട് നടക്കുന്നുണ്ട്. മേൽക്കോടതിയിൽ പോകുന്ന അത്തരം ശ്രമങ്ങൾ, അതൊക്കെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത് സി.ബി.ഐ കേസാണ്. ഇനിയിപ്പോൾ ഞങ്ങളുടെ കേസുണ്ട്. ആ കേസ് എഴുതിത്തള്ളുന്ന പോലെയുള്ള കാര്യങ്ങൾ ഗവൺമെന്റിന് ഇടപെടാം. അതിനുവേണ്ടിയും ഞങ്ങൾ ശ്രമിക്കുന്നുണ്ട്.
മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ‘നരിവേട്ട’ എന്ന സിനിമയെ നിങ്ങൾ എതിർത്തിരുന്നുവല്ലോ?
ആ സിനിമ അത്തരത്തിൽ ചിത്രീകരിക്കാൻ പാടില്ലായിരുന്നു; അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ചരിത്രപരമായ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ശരിയായ രീതിയിൽ ദൃശ്യവത്കരിക്കാൻ സാധിച്ചില്ലെങ്കിൽ ആ സിനിമ ചെയ്യാതിരിക്കുകയായിരുന്നു വേണ്ടത്. ഒരു സിനിമ പ്രദർശിപ്പിക്കുന്നത് തടഞ്ഞുവെക്കാനുള്ള അവകാശമൊന്നും നമുക്കില്ല. എന്നാൽ, ഒരു ജനതയുടെ നിലനിൽപിനായി നടന്ന ചരിത്രപരമായ പ്രക്ഷോഭത്തെ ലഘൂകരിച്ചും വസ്തുതകളെ വളച്ചൊടിച്ചും പ്രചരിപ്പിച്ചത് വളരെ മോശമായിപ്പോയി.
ഈയിടെ ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുത്തപ്പോൾ ഒരു ചെറിയ കുട്ടി എന്നോട് ചോദിച്ചു: ‘‘ചേച്ചീ, നിങ്ങളുടെ മുത്തങ്ങ സമരത്തിൽ പൊലീസുകാർ വലിയ സഹായമാണല്ലോ ചെയ്തത് അല്ലേ?’’ ഒരു ചെറിയ കുട്ടിയുടെ മനസ്സിൽപോലും ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്ന സിനിമകൾ ഉണ്ടാക്കുന്ന സ്വാധീനമാണ് ഇത് കാണിക്കുന്നത്. സമരത്തിന്റെ ദിശയും ചരിത്രസത്യങ്ങളും ഇത്തരത്തിൽ തിരിച്ചുവിടുന്നത് ഒട്ടും ശരിയായ പ്രവണതയല്ല. സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാൻ തന്റേടമില്ലെങ്കിൽ ഇത്തരം പ്രമേയങ്ങളിൽ സിനിമ ചെയ്യാതിരിക്കുക എന്നതാണ് ഒരു കലാകാരൻ കാണിക്കേണ്ട അടിസ്ഥാന ജനാധിപത്യ മര്യാദ.
സി.കെ. ജാനുവിന്റെ വീടും സൗകര്യങ്ങളും പൊതുസമൂഹത്തിന് പ്രശ്നമാകുന്നുണ്ട്?
ആദിവാസികൾ എന്തോ അകറ്റിനിർത്തപ്പെട്ട ആളുകളാണെന്നും ഇവർക്ക് ഇതൊന്നും ഉണ്ടാകാൻ പാടില്ല എന്ന മനോഭാവത്തിൽനിന്നാണ് ഇത്തരം അഭിപ്രായങ്ങൾ വരുന്നത്. ഇപ്പോഴും കേരളത്തിലുള്ള മറ്റ് സമുദായങ്ങളിലുള്ള ആളുകൾക്ക് മാനസിക പരിവർത്തനം ഉണ്ടായിട്ടില്ല. അവരുടെയൊക്കെ ഒരു മാടമ്പി മനോഭാവമുണ്ടല്ലോ, അത് ഇപ്പോഴും ഊട്ടിയുറപ്പിച്ച് അങ്ങനെയായി വെച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായിട്ട് എന്തെങ്കിലും ഒരു സംഭവം വന്നാൽ അതാണ് ഇവർ കൂട്ടത്തോടെ, ഇളകിയ തേനീച്ചക്കൂട് പോലെ, വന്ന് നമ്മളെയൊക്കെ ആക്രമിക്കുന്നത്. അതുമാത്രമല്ല, പിന്നെ ഇതിനെയൊക്കെ ആക്രമിച്ചാൽ ചോദിക്കാനും പറയാനും ആരുമില്ല, തിരിച്ച് ഒന്നും ചെയ്യാൻ പോകുന്നില്ല, നമുക്ക് വായിൽ തോന്നിയതൊക്കെ പറയാം എന്നുള്ള ആ ഒരു അഹങ്കാരവുമുണ്ടല്ലോ, അതൊന്നും ഇവർ മാറ്റിയിട്ടില്ല. അതിന്റെ ഭാഗമായിട്ട് വരുന്നതാണ് ഇത്തരം പ്രവണതകൾ.
സംവരണത്തിലൂടെ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരുമൊക്കെ രാഷ്ട്രീയ അധികാരത്തിലെത്തിയിട്ടും, പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ടാണ്?
അവരൊക്കെ ശരിക്കും ഓരോ രാഷ്ട്രീയ പാർട്ടികളുടെ ബിനാമികളല്ലേ? അവർക്ക് ആ പാർട്ടി പറയുന്നതിനപ്പുറത്തേക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇപ്പോൾ കേരളത്തിലുള്ള 16 എം.എൽ.എമാരിൽ രണ്ട് എസ്.ടി എം.എൽ.എമാരും 14 എസ്.സി എം.എൽ.എമാരുമുണ്ട്. അവർ വിചാരിച്ചിരുന്നെങ്കിൽ ഞങ്ങളൊന്നും സമരം ചെയ്യേണ്ട അവസ്ഥ വരില്ലായിരുന്നല്ലോ. പക്ഷേ, അവർ ഏത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ നിറത്തിലും കീഴിലുമാണോ പോകുന്നത്, അവർ അവിടെ ‘ഇരിക്ക്’ എന്ന് പറഞ്ഞാൽ ഇരിക്കും, ‘പൊയ്ക്കോ’ എന്ന് പറഞ്ഞാൽ പോകും. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിലൂടെ ഈ ജനതയുടെ പ്രശ്നം പരിഹരിക്കില്ല എന്ന് നമ്മൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
2014 ജൂലൈ ഒമ്പതിന് സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികളുടെ നേതൃത്വത്തിൽ നടത്തിയ നിൽപുസമരത്തിൽ സംസാരിക്കുന്ന സി.കെ. ജാനു
അടുത്തിടെ ആദിവാസി കോളനികളെ ‘ഉന്നതി’ എന്ന് പുനർനാമകരണം ചെയ്തിരുന്നല്ലോ. പിന്നീട് വീണ്ടും ‘ഊര്’ എന്ന പേരിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നു. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത്തരം പേരുമാറ്റങ്ങൾ ആദിവാസി സമൂഹത്തിന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ?
പേരുമാറ്റംകൊണ്ട് ആദിവാസികൾക്ക് ഒരു ഗുണവും ഉണ്ടാവില്ല. അത് ഒരു വിവരക്കേടാണെന്നാണ് ഞാൻ പറയുക. ഞാൻ നേരത്തേ പറഞ്ഞപോലെ, മുറുക്കി നീട്ടിത്തുപ്പാൻ ഇടമില്ലാത്തതിന്റെ പേര് ‘ഉന്നതി’ എന്ന് ആക്കിയതുകൊണ്ട് ആർക്ക് എന്ത് പ്രയോജനമാണ് ഉണ്ടാകുന്നത്?. പാരമ്പര്യമായി പണ്ടേ ‘ഊര്’ എന്ന പേരാണ് ഉണ്ടായിരുന്നത്. ഞാനൊന്നും ഇതുവരെ ഒരു സ്ഥലത്തും ‘ഉന്നതി’ എന്ന് പറഞ്ഞിട്ടേയില്ല. ‘ഉന്നതി’ എന്റെ മനസ്സിൽ ഉണ്ടായിട്ടേയില്ല. എവിടെ പോയാലും എന്റെ പനവല്ലി മിച്ചഭൂമി കോളനി എന്നാണ് ഞാൻ പറയാറുള്ളത്.
‘ഉന്നതി’ ആവണമെങ്കിൽ അവിടത്തെ ആളുകളുടെ ഗ്രാസ്‌റൂട്ട് ലെവലിൽ അതിന്റേതായ മാറ്റങ്ങൾ ഉണ്ടാവണം. എന്നിട്ട് അതിനെ ‘ഉന്നതി’ എന്ന് പറയുമ്പോൾ ആ വാക്കിന് ശരിയായ അർഥമുണ്ടാവും. ഇത് ചുമ്മാ നീട്ടിത്തുപ്പാൻ ഇടമില്ലാത്ത സ്ഥലത്തിനെ ‘ഉന്നതി’ എന്ന് പേരിട്ടിട്ട് വീണ്ടും ആളുകളെ കബളിപ്പിക്കുകയോ പറ്റിക്കുകയോ ചെയ്യുന്നതിന്റെ അപ്പുറത്തേക്ക് എന്താണ്?. പേരല്ല, ആദിവാസികൾക്ക് വേണ്ടത് പ്രായോഗിക പ്രവൃത്തിയാണ്. അത് കിട്ടിയാലേ പേരുകൾ മാറ്റിയിട്ട് കാര്യമുള്ളൂ.
ആദിവാസി ഊരുകളിൽ നിലനിൽക്കുന്ന മദ്യപാനം, പോക്സോ കേസുകൾ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ പലതരത്തിലുള്ള ചർച്ചകളുണ്ട്. ഈ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമായി നിങ്ങൾ എന്താണ് കാണുന്നത്?
ഈ മദ്യം ആരാണ് വിൽക്കുന്നത്? ഏതെങ്കിലും ഒരു ആദിവാസിക്ക് ഒരു ലിക്കർ ഷോപ്പ് ഉണ്ടോ? ആദിവാസികൾക്ക് മദ്യം നൽകി അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നത് യഥാർഥത്തിൽ ഇവിടത്തെ ഭരണസംവിധാനംതന്നെയാണ്. അതുകൊണ്ട് മാറ്റം ഉണ്ടാകേണ്ടത് സർക്കാറിന്റെ ഈ നയങ്ങളിലാണ്; അല്ലാതെ ആദിവാസികൾ പോയി മദ്യപിക്കുന്നു എന്നുമാത്രം പറയുന്നതിൽ അർഥമില്ല. അവരുടെ വീടുകളുടെ അടുക്കളവശത്ത് വരെ മദ്യം എത്തിച്ചുകൊടുക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തിലുള്ള നയപരമായ കാര്യങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തേണ്ടതുണ്ട്.
അതിനാണ് ആദിവാസികൾക്ക് അർഹമായ ഭൂമി നൽകി അവരെ കൃത്യമായി പുനരധിവസിപ്പിക്കണം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും ചുരുങ്ങിയത് ഒരേക്കർ ഭൂമിയെങ്കിലും നൽകി പുനരധിവസിപ്പിച്ചാൽ, അവർ തങ്ങളുടെ ഭൂമിയിൽ കൃഷിപ്പണികളിലും മറ്റും വ്യാപൃതരാകും. നിലവിൽ ഊരുകളിലും കോളനികളിലും പരിമിതമായ സ്ഥലത്ത് കഴിയുന്നതുകൊണ്ട് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ അതോടെ ഇല്ലാതാകും. ഭൂമി ലഭിച്ച് കൃഷിചെയ്യാൻ തുടങ്ങുന്നതോടെ പോക്സോ (POCSO) കേസുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും മറ്റു കുടുംബപ്രശ്നങ്ങളും വലിയ അളവിൽ കുറയും.
അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, വീട്, വഴി എന്നിവ ഉൾപ്പെടുന്ന പുനരധിവാസ പാക്കേജും നടപ്പാക്കണം. ആദ്യത്തെ രണ്ടോ മൂന്നോ വർഷത്തേക്ക് കൃഷി ചെയ്യാനാവശ്യമായ പിന്തുണ നൽകിയാൽ, പിന്നീട് അവർ സ്വന്തം നിലയിൽ മുന്നോട്ടു പൊയ്ക്കൊള്ളും; തുടർന്നങ്ങോട്ട് അവർക്ക് സാമ്പത്തിക സഹായത്തിന്റെ ആവശ്യമേ വരില്ല. അതിനുപകരം, ആദിവാസി ക്ഷേമത്തിനെന്ന പേരിൽ വർഷംതോറും കോടിക്കണക്കിന് രൂപയുടെ ഫണ്ട് പാസാക്കുകയും, അത് വകമാറ്റി ചെലവഴിക്കുകയോ ലാപ്സാക്കിക്കളയുകയോ ചെയ്യുന്ന രീതിയാണ് ഭരണകൂടം തുടരുന്നത്. ഈ തട്ടിപ്പ് സമീപനം അവസാനിപ്പിച്ച് ശാശ്വതമായ മാറ്റമാണ് ഉണ്ടാകേണ്ടത്.
ആദിവാസികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അവർ ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ലെന്നും, അതുകൊണ്ടാണ് അവരുടെ ജീവിതത്തിൽ മാറ്റമുണ്ടാകാത്തതെന്നും പൊതുസമൂഹത്തിൽ ഒരു അഭിപ്രായമുണ്ട്. ഈ വിമർശനത്തെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്?
ആനുകൂല്യങ്ങൾ ശരിയായ രീതിയിൽ കിട്ടിയാലല്ലേ ആദിവാസികൾക്ക് അത് പ്രയോജനപ്പെടുത്താൻ സാധിക്കൂ? ആദിവാസികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് ഭരണകൂടത്തിന് പേരെടുത്തു പറയാം; എന്നാൽ അതിന്റെയൊക്കെ പണം തട്ടിയെടുത്ത് കൊണ്ടുപോകുന്നത് ഇടനിലക്കാരാണ്. ഒടുവിൽ വികസിക്കുന്നത് ആ ആനുകൂല്യം തട്ടിയെടുക്കുന്ന ആളുകൾ മാത്രമാണ്.
ഉദാഹരണത്തിന്, ഒരു കോൺട്രാക്ടർ ആദിവാസി കോളനിയിലെ വീടുപണി ഏറ്റെടുത്താൽ, ആ വീടുകളുടെ നിർമാണം പൂർത്തിയാകുമ്പോഴേക്കും ആ കോൺട്രാക്ടർക്ക് ഒരേക്കർ സ്ഥലവും ഇരുനില വീടും ഉണ്ടായിട്ടുണ്ടാകും. മാത്രമല്ല, അയാൾ നിർമിച്ചു നൽകിയ വീട് ഒരു വർഷം തികയുന്നതിനു മുമ്പുതന്നെ ചോർന്നൊലിക്കാനും ഭിത്തികൾ ഇടിഞ്ഞുവീഴാനും തുടങ്ങും. ഇതാണോ യഥാർഥത്തിൽ വികസനം? ഇത്തരം വീടുകളിൽ ജീവിച്ചാണോ ആദിവാസികൾ അഭിവൃദ്ധിപ്പെടേണ്ടത്?
ഒരേസമയം നട്ട രണ്ടു ചെടികളിൽ ഒന്നിലേക്ക് മാത്രം ആവശ്യത്തിന് വളവും വെള്ളവും നൽകുകയും, മറ്റേ ചെടിയെ പൂർണമായി അവഗണിക്കുകയും ചെയ്താൽ അത് വളരാതെ മുരടിച്ചുതന്നെ നിൽക്കും. അതിനുശേഷം തഴച്ചുവളർന്ന ചെടിയെ നോക്കി പുകഴ്ത്തുകയും, പരിപാലനം ലഭിക്കാതെ മുരടിച്ച ചെടിയെ വളർന്നില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്യുന്നതുപോലെയുള്ള അനീതിയാണ് ഇവിടത്തെ ഭരണസംവിധാനങ്ങളും പൊതുസമൂഹവും ആദിവാസികളോട് ചെയ്യുന്നത്.
മുത്തങ്ങയിൽ പൊലീസ് നടത്തിയ നരനായാട്ടിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീകളും കുട്ടികളും
അവസാനമായി, ആദിവാസി സമൂഹങ്ങളുടെ ഒരു രാഷ്ട്രീയ, സാമൂഹിക രൂപവത്കരണങ്ങൾ എങ്ങനെ ആകണം?
എന്റെ അഭിപ്രായത്തിൽ കേരളത്തിലെ പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങൾ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി (Political Movement) ഏകീകരിക്കപ്പെടേണ്ടതുണ്ട്. മൂവ്‌മെന്റ് എന്ന് പറയുമ്പോൾ കേവലം ഒരു സമുദായ സംഘടനയോ ഗ്രൂപ്പോ അല്ല ഉണ്ടാകേണ്ടത്. 1957 മുതൽ ഇവിടെ നിരവധി സമുദായ സംഘടനകളുണ്ട്; എന്നാൽ, അവയിലൂടെയൊന്നും ഈ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇത്തരം സംഘടനകൾക്ക് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തിയില്ലെന്ന് തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞ്, പ്രശ്നപരിഹാരത്തിന് പ്രാപ്തമായ മാർഗത്തോടൊപ്പം നിൽക്കാൻ ജനങ്ങൾ തയാറാകണം.
ആദിവാസികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കാത്തതുകൊണ്ടാണോ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത്? രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾക്ക് നീളം കൂട്ടാനും വോട്ട് ചെയ്യാനും കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും വേണ്ടി നൂറ്റാണ്ടുകളായി തങ്ങളുടെ ജീവിതം ഹോമിച്ചവരാണ് ഈ ജനവിഭാഗങ്ങൾ. ഇത്രയൊക്കെ ചെയ്തിട്ടും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, നിലവിലെ രീതികളൊന്നും ഇതിന് പര്യാപ്തമല്ല എന്നതിന്റെ വ്യക്തമായ തെളിവ് അതിൽത്തന്നെയുണ്ട്.
അതുകൊണ്ട് കൃത്യമായ ഫലം നൽകുന്ന മാർഗങ്ങൾ നമ്മൾ സ്വീകരിക്കണം. ഇതൊരു ശക്തമായ പൊളിറ്റിക്കൽ മൂവ്‌മെന്റായി വളർന്ന്, നിയമസഭയിലും ഭരണസംവിധാനങ്ങൾക്കുള്ളിലും പദ്ധതികൾ പാസാക്കുന്ന തീരുമാനങ്ങളെടുക്കുന്ന ഇടങ്ങളിലും ഈ ജനതയുടെ സ്വന്തം പ്രതിനിധികൾ ഉണ്ടാകണം. ഓരോ കോളനിക്കും പ്രത്യേകമായി തുക പാസാക്കുകയും, അത് കൃത്യമായി അവിടേക്ക് മാത്രം വിനിയോഗിക്കുകയും ചെയ്യുന്ന രീതി വരണം. എങ്കിൽ മാത്രമേ അവിടെ യഥാർഥ വികസനം സാധ്യമാകൂ.
തെരുവിൽ സമരം ചെയ്യാനും മുദ്രാവാക്യം വിളിക്കാനും ആളുണ്ടാകും; ഭരണാധികാരികൾ സമരം തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്യും. എന്നാൽ അത് നടപ്പാക്കി ജനങ്ങളിലേക്ക് എത്തിക്കാൻ ഭരണസംവിധാനത്തിലുള്ളവർക്ക് താൽപര്യമില്ല. സ്വന്തം ജനതയിൽ നിന്നുള്ള പ്രതിനിധികൾ അധികാര സ്ഥാനങ്ങളിൽ എത്തി തുടർച്ചയായി ഇടപെട്ടാൽ മാത്രമേ പദ്ധതികൾ കൃത്യമായി നടപ്പിലാക്കപ്പെടൂ. ഇതിന് സമുദായ സംഘടനകൾക്ക് സാധിക്കില്ല; ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
ഈ ഒരു നിഗമനത്തിലേക്കാണ് നമ്മളൊക്കെ ഒടുവിൽ എത്തിച്ചേർന്നത്. കഴിഞ്ഞ 40 വർഷമായി സമരരംഗത്തുള്ള ആളാണ് ഞാൻ. പതിനായിരക്കണക്കിന് ആളുകൾ അണിനിരന്ന വലിയ സമരങ്ങളാണ് ഞങ്ങൾ നയിച്ചത്. എന്നാൽ അത്തരം തെരുവ് സമരങ്ങൾ മാത്രം ഇതിനൊരു ശാശ്വത പരിഹാരമാകുന്നില്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. അതിനാൽ ആദിവാസികളും ദലിതരും അധികാരത്തിൽ നേരിട്ട് പങ്കാളികളാകുന്ന ഒരു പൊളിറ്റിക്കൽ മൂവ്‌മെന്റായി മാറുകയാണ് ശാശ്വത പരിഹാരത്തിനുള്ള ഏകവഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.