വാ​യ​ന എ​ന്ന ഞാ​ൻ

അ​ക്ഷ​ര​ങ്ങ​ളു​ടെ, വാ​യ​ന​യു​ടെ സ​ഹ​യാ​ത്രി​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ത​ന്റെ വ്യ​ക്തി​ത്വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ വാ​യ​ന​ക്കു​ള്ള പ​ങ്കി​നെ അ​ദ്ദേ​ഹം എ​പ്പോ​ഴും എ​ടു​ത്തുപ​റ​യും. വി.​ഡി. സ​തീ​ശ​​െന്റ വാ​യ​ന, മ​തം, വി​ശ്വാ​സം, രാ​ഷ്ട്രീ​യം, സൗ​ഹൃ​ദം എന്നിവയിലൂടെ സഞ്ചരിക്കുകയാണ് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമുമായുള്ള ഈ സംഭാഷണത്തിൽ അദ്ദേഹം.കേര​ള​ രാ​ഷ്ട്രീ​യ​ത്തി​ൽ പു​തു​യു​ഗ​യാ​ത്ര​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ച​താ​ണ് വി.​ഡി. സ​തീ​ശ​ൻ. പാ​ർ​ട്ടി​ക്കക​ത്തും മു​ന്ന​ണി​യി​ലും, ഇ​പ്പോ​ൾ ഭ​ര​ണ​ത്തി​ലും പ​ര​മ്പ​രാ​ഗ​ത ച​ട്ട​വ​ട്ട​ങ്ങ​ൾ...

അ​ക്ഷ​ര​ങ്ങ​ളു​ടെ, വാ​യ​ന​യു​ടെ സ​ഹ​യാ​ത്രി​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ത​ന്റെ വ്യ​ക്തി​ത്വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ  വാ​യ​ന​ക്കു​ള്ള പ​ങ്കി​നെ അ​ദ്ദേ​ഹം എ​പ്പോ​ഴും എ​ടു​ത്തുപ​റ​യും.  വി.​ഡി. സ​തീ​ശ​​െന്റ വാ​യ​ന, മ​തം, വി​ശ്വാ​സം, രാ​ഷ്ട്രീ​യം, സൗ​ഹൃ​ദം എന്നിവയിലൂടെ സഞ്ചരിക്കുകയാണ് മാധ്യമം എഡിറ്റർ  വി.എം. ഇബ്രാഹീമുമായുള്ള ഈ സംഭാഷണത്തിൽ അദ്ദേഹം.

കേര​ള​ രാ​ഷ്ട്രീ​യ​ത്തി​ൽ പു​തു​യു​ഗ​യാ​ത്ര​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ച​താ​ണ് വി.​ഡി. സ​തീ​ശ​ൻ. പാ​ർ​ട്ടി​ക്കക​ത്തും മു​ന്ന​ണി​യി​ലും, ഇ​പ്പോ​ൾ ഭ​ര​ണ​ത്തി​ലും പ​ര​മ്പ​രാ​ഗ​ത ച​ട്ട​വ​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് പു​തു​മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം. നി​യ​മ​സ​ഭ സാ​മാ​ജി​ക​നെ​ന്ന നി​ല​യി​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വി​ന്റെ റോ​ളി​ൽ, പാ​ർ​ട്ടി​യെ​യും മു​ന്ന​ണി​യെ​യും ചി​ര​പ​രി​ചി​ത​മ​ല്ലാ​ത്ത പു​തു​വ​ഴി​ക​ളി​ൽ ന​ട​ത്തി​യ​താ​ണ് സ​തീ​ശ​ന്റെ സ​വി​ശേ​ഷ​ത. യാ​ദൃച്ഛി​ക​ത​ക​ളി​ല​ല്ല, ദൃ​ഢ​ബോ​ധ്യ​ങ്ങ​ളി​ലും ഇച്ഛാ​ശ​ക്തി​യി​ലു​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു വി​ശ്വാ​സം. അ​തി​നു ക​രു​ത്താ​ർ​ജി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​ന് സ​തീ​ശ​ന് ഉ​ത്ത​ര​മു​ണ്ട്: ആ​ഴ​ത്തി​ലു​ള്ള ദൈ​വ​വി​ശ്വാ​സ​വും വാ​യ​ന​യും.

ര​ണ്ടി​നു​മൊ​പ്പം അ​നു​ഭ​വം കൂ​ടി സ​മം ചാ​ലി​ച്ചാ​ൽ വി​ജ​യി​ക്കാം എ​ന്നാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​തീ​ശ​ൻ ന​ൽ​കു​ന്ന സൂ​ത്ര​വാ​ക്യം. ഉ​ടു​ത്തൊ​രു​ങ്ങു​ന്ന അ​ധി​കാ​ര​ രാ​ഷ്ട്രീ​യ​ക്കാ​രി​ൽനി​ന്നു പ​ഠി​ച്ചി​റ​ങ്ങു​ന്ന സ​തീ​ശ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത് ഇ​പ്പ​റ​ഞ്ഞ​തു ത​ന്നെ. കേ​ര​ള​ത്തി​ലെ അ​ധി​കാ​ര​പ്പ​ട​വു​ക​ളു​ടെ മു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ൾ സ​തീ​ശ​ൻ ക​ട​പ്പാ​ട​റി​യി​ക്കു​ന്ന​ത് ദൈ​വ​ത്തി​നും പി​ന്നെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​രി​ച്ചു​പോ​യ​വ​രും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യ എ​ഴു​ത്തു​കാ​ർ​ക്കും. വാ​യ​ന​യാ​ണ് ഉ​യി​രും ഉ​ണ​ർ​വും ഉ​യ​ർ​ച്ച​യു​മെ​ന്ന് സ​തീ​ശ​ൻ എ​വി​ടെ​യും ആ​ണ​യി​ടു​ന്നു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‍റു​വി​ന്റെ ‘ദ ​ഗ്ലിം​പ്സ​സ് ഓ​ഫ് വേ​ൾ​ഡ് ഹി​സ്റ്റ​റി’​യി​ൽ നി​ന്ന് വി​ല്യം ഡാ​ൽ​റിം​പി​ൾ വ​രെ​യു​ള്ള ച​രി​ത്ര​വാ​യ​ന, കാ​രൂ​ർ മു​ത​ൽ ഓ​ർ​ഹാ​ൻ പ​മു​ക് വ​രെ കാ​ല​വും ലോ​ക​വും മ​റി​ക​ട​ക്കു​ന്ന ക​ഥാ​സ്വാ​ദ​നം.

മ​ഹാ​ഭാ​ര​ത​ത്തി​ലും രാ​മാ​യ​ണ​ത്തി​ലും തു​ട​ങ്ങി​യ അ​ക്ഷ​ര​യാ​ത്ര ബൈ​ബി​ളി​ലേ​ക്കും ഖു​ർ​ആ​നി​ലേ​ക്കും മ​ത ക്ലാ​സ​ി​ക്കു​ക​ളി​ലേ​ക്കും നീ​ളു​ന്നു. വാ​യി​ച്ച​തെ​ല്ലാം മു​ന്നി​ൽ കാ​ണു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​യി ചേ​ർ​ത്തു​വെ​ക്കാ​ൻ ക​ഴി​യു​ന്ന​ത് സൗ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന വി.​ഡി, വാ​യ​ന​യി​ൽ നി​ന്നു​ള്ള ആ​ധി​കാ​രി​ക​ത​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ത​ന്റെ പ്ര​യാ​ണ​മെ​ന്ന് അ​ഭി​മാ​നം കൊ​ള്ളു​ന്നു. ആ ​ആ​ധി​കാ​രി​ക​ത ജ​നം കൂ​ടി വ​ക​വെ​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​പ​ദ നി​യോ​ഗ​ത്തി​ൽ ക​ണ്ട​ത്. ഭ​ര​ണ​ത്തി​ന്റെ ആ​ദ്യ​മാ​സ​ങ്ങ​ളു​ടെ തി​ര​ക്കി​നി​ട​യി​ൽ, രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ളു​ടെ പു​ക​ച്ചി​ലു​ക​ൾ​ക്കു ന​ടു​വി​ൽ, തോ​രാ​മ​ഴ​യു​ടെ ഒ​രു ത​ണു​ത്ത പ്ര​ഭാ​ത​ത്തി​ൽ സ്വ​ന്തം വാ​യ​ന​ലോ​ക​ത്തി​ന്റെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നി​ട്ട് വി.​ഡി. സ​തീ​ശ​ൻ ‘മാ​ധ്യ​മ’​ത്തി​നു മു​ന്നി​ലി​രു​ന്നു, അ​ക്ഷ​ര​ങ്ങ​ൾ ആ​യു​സ്സി​ന്റെ ആ​യു​ധ​മാ​യ ക​ഥ പ​റ​ഞ്ഞു​കൊ​ണ്ട്.

വാ​യ​ന​ക്കാ​ര​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ, അ​തോ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ വാ​യ​ന​ക്കാ​ര​നോ? ആ​രാ​ണ് വി.​ഡി. സ​തീ​ശ​ൻ?

▲ വാ​യ​ന എ​ന്റെ രാ​ഷ​്ട്രീ​യ​ത്തെ​യും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തെ​യും ഒ​രു​പാ​ട് സ്വാ​ധീനി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും എ​ന്റെ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു വാ​യ​ന. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ലേ അ​തു​ണ്ട്. പി​ന്നീ​ട് ഒ​രു ത​ല​ത്തി​​ലെ​ത്തി​യ​പ്പോ​ൾ ഒ​രു​പാ​ട് പേ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും സം​സാ​രി​ക്കാ​നു​മൊ​ക്കെ ഇ​ട​വ​ന്ന​പ്പോ​ൾ വാ​യ​ന​യു​ടെ ത​ല​ങ്ങ​ളും മാ​റി. അ​തൊ​രു ശീ​ല​മാ​യി എ​ന്നും സൂ​ക്ഷി​ച്ചു​പോ​ന്നു. വാ​യ​ന ന​മ്മെ ചി​ന്ത​ക​ളു​ടെ ലോ​ക​ത്തേ​ക്ക് ന​യി​ക്കും. പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ചുകൊ​​ണ്ടേ​യി​രി​ക്കും. പ​ല ത​ര​മാ​ണ് വാ​യ​ന. സാ​ഹി​ത്യ​ കൃ​തി​ക​ൾ​ക്കുപു​റ​മെ വി​ഷ​യാ​ധി​ഷ്ഠി​ത​മാ​യ വാ​യ​ന​യും ഉ​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ച​രി​ത്രം.

സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ച​രി​ത്രം ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. പ​രീ​ക്ഷ​ക​ൾ​ക്കു കാ​ണാ​തെ പ​ഠി​ച്ച് മാ​ർ​ക്കൊ​ക്കെ വാ​ങ്ങും. എ​ങ്കി​ലും ഒ​രു വി​ഷ​യ​മെ​ന്ന നി​ല​ക്ക് ച​രി​ത്രം അ​ങ്ങ​നെ​യ​ങ്ങ് സ്വാ​ധീ​നി​ച്ചി​രു​ന്നി​ല്ല. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ ‘വി​ശ്വ​ച​രി​ത്രാ​വ​ലോ​ക​നം’ വാ​യി​ച്ചാ​ണ് ആ ​വി​ഷ​യ​ത്തി​ൽ ത​ൽ​പ​ര​നാ​യ​ത്. ഇ​പ്പോ​ൾ ച​രി​ത്രം ഇ​ഷ്ട​വി​ഷ​യ​മാ​ണ്. പി​ന്നീ​ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി മാ​റി​യ​പ്പോ​ൾ വാ​യ​ന​യു​ടെ ത​ലം സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ലേ​ക്കും അ​തി​ന്റെ പു​തി​യ പാ​ഠ​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ വ്യാ​പി​ച്ചു. നി​യ​മ​സ​ഭ​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ത് വ​ള​രെ സ​ഹാ​യ​ക​മാ​യി. ലോ​കം മാ​റു​ന്ന​തി​ന​നു​സ​രി​ച്ചു മാ​റി​വ​രു​ന്ന പു​തി​യ വി​ഷ​യ​ങ്ങ​ളി​ൽ എ​ന്നും ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക് എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ പു​തി​യ വി​ഷ​യ​ങ്ങ​ളൊ​ക്കെ പ​ഠി​ക്കേ​ണ്ടി വ​ന്നു. പു​തി​യൊ​രു ജ​ന​റേ​ഷ​ൻ വ​രി​ക​യാ​ണ്. അ​വ​രു​മാ​യി ത​ല​മു​റ​യു​ടെ വി​ട​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വാ​യ​ന അ​ത്യാ​വ​ശ്യ​മാ​ണ്. അ​വ​രു​ടെ ഭാ​ഷ, പ​ദാ​വ​ലി​ക​ൾ ഒ​ക്കെ മ​ന​സ്സി​ലാ​ക്കി​യാ​ൽ അ​വ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​കും. അ​തി​നു പി​ൻ​ബ​ലം വാ​യ​ന ത​ന്നെ​യാ​ണ്.

ജി​ജ്ഞാ​സു​വാ​യ വാ​യ​ന​ക്കാ​ര​ൻ

തു​ട​ക്കം പ​ല​രെ​യും പോ​ലെ അ​മ്മ​യു​ടെ മ​ഹാ​ഭാ​ര​തം തൊ​ട്ടാ​യി​രു​ന്നു....?

▲ മ​ഹാ​ഭാ​ര​ത​ത്തി​ലെ​യും രാ​മാ​യ​ണ​ത്തി​ലെ​യും അ​മ്മ പ​റ​യു​ന്ന ക​ഥ​ക​ൾ കേ​ട്ടാ​ണ് വ​ള​ർ​ന്നു​വ​ന്ന​ത്. പി​ന്നീ​ട് സ്വ​ന്തം നി​ല​ക്കു​ള്ള വാ​യ​ന തു​ട​ങ്ങി.

ചെ​റു​പ്പം തൊ​​ട്ടേ ജി​ജ്ഞാ​സു​വാ​യി​രു​ന്നു. വാ​യ​ന​ക്കൊ​പ്പം ത​ന്നെ സം​ശ​യ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചുതു​ട​ങ്ങി?

▲ രാ​മാ​യ​ണം ക​ഥ​ക​ൾ പ​റ​യു​മ്പോ​ൾ, എ​ന്തി​നാ​ണ് സീ​ത​യെ രാ​മ​ൻ കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​ത് എ​ന്ന് അ​മ്മ​യോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. നാ​ലി​ലോ അ​ഞ്ചി​ലോ ഒ​ക്കെ പ​ഠി​ക്കു​ന്ന കാ​ല​ത്ത് എ​നി​ക്ക് അ​ത് ഉ​ൾ​​ക്കൊ​ള്ളാ​ൻ പ​റ്റി​യി​ല്ല. ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ വ​ഴി​യി​ലു​പേ​ക്ഷി​ച്ച​തെ​ങ്ങ​നെ ന്യാ​യ​മാ​കും? അ​മ്മ സ്വാ​ഭാ​വി​ക​മാ​യും മ​റു​ന്യാ​യ​വും മ​റു​പ​ടി​യു​മാ​യി വ​രും. ഇ​ള​യച്ഛനോ​ട് അ​​മ്മ​യെ കൊ​ണ്ടു​ക​ള​യാ​ൻ പ​റ​ഞ്ഞാ​ൽ സ​മ്മ​തി​ക്കു​മോ എ​ന്നു ഞാ​ൻ തി​രി​ച്ചുചോ​ദി​ച്ച് ത​ർ​ക്കി​ക്കും. അ​തു​പോ​ലെ മ​ഹാ​ഭാ​ര​ത​ത്തി​ലെ ഗാ​ണ്ഡ​വ​വ​നം ദ​ഹി​പ്പി​ച്ച​ത് സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത സം​ഭ​വ​മാ​യി​രു​ന്നു, വീ​ടി​ന്റെ മു​ന്നി​ലെ കാ​വും അ​വി​​ട​ത്തെ പ​ക്ഷി​ക​ളെ​യു​മൊ​ക്കെ ക​ണ്ടുവ​ള​ർ​ന്ന എ​നി​ക്ക്.

ഒ​രു വ​നം അ​പ്പ​ടി തീ​കൊ​ടു​ത്ത് ന​ശി​പ്പി​ച്ച​ത് കേ​ൾ​ക്കു​മ്പോ​ൾ ഒ​രുപാ​ട് മ​നു​ഷ്യ​രും ജ​ന്തു​ക്ക​ളും പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളു​മൊ​ക്കെ ച​ത്തൊ​ടു​ങ്ങി​ല്ലേ എ​ന്നാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ ആ​ധി. പ​രി​സ്ഥി​തി ബോ​ധ​മൊ​ന്നും ആ ​പ്രാ​യ​ത്തി​ലു​ള്ള​ത​ല്ല​ല്ലോ. ഇ​തൊ​ന്നും എ​ന്റെ ഓ​ർ​മ​യി​ലു​ള്ള​തു​മ​ല്ല. വ​ലു​താ​യ​പ്പോ​ൾ അ​മ്മ പ​റ​ഞ്ഞ​താ​ണ്, നീ ​ചെ​റു​പ്പ​ത്തി​ൽ കു​റേ ചോ​ദ്യം ചോ​ദി​ച്ചും ത​ർ​ക്കി​ച്ചും എ​ന്നെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്ന്. ഇ.​എം.​എ​സ് ത​ർ​ക്ക​ശാ​സ്‍ത്രം പ​ഠി​ച്ച​തൊ​ക്കെ വാ​യി​ച്ച​റി​ഞ്ഞോ എ​ന്തോ, ത​ന്നെ വി​ടേ​ണ്ടി​യി​രു​ന്ന​ത് ആ ​വ​ഴി​ക്കാ​യി​രു​ന്നു എ​ന്ന് അ​മ്മ പ​റ​യും.

ആ ​താ​ർ​ക്കി​ക​ൻ ഒ​ടു​വി​ൽ വ​ക്കീ​ലാ​യി മാ​റി?

▲ അ​തേ, അ​ഭി​ഭാ​ഷ​ക​നാ​യി. കോ​ള​ജ് കാ​ല​ത്തുത​​ന്നെ ഡി​ബേ​റ്റ​റാ​യി​രു​ന്നു.

സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ വാ​യ​ന ക​ഥ​ക​ളി​ലാ​യി​രു​ന്നോ? നോ​വ​ൽ പോ​ലെ ഗൗ​ര​വ​വാ​യ​ന​യി​ലേ​ക്കു ക​ട​ന്ന​തെ​ങ്ങ​നെ?

▲ ചെ​റു​പ്രാ​യ​ത്തി​ൽ ക​ഥ​ക​ളാ​യി​രി​ക്കു​മ​ല്ലോ പ​ഥ്യം. ആ​ദ്യ നാ​ളു​ക​ളി​ൽ പ​ത്രം അ​രി​ച്ചു​പെ​റു​ക്കും; മാ​ഗ​സി​നു​ക​ളും. ഹൈ​സ്കൂ​ൾ എ​ത്തു​​മ്പോ​ൾ ത​ക​ഴി​യും എം.​ടി​യും കേ​ശ​വ​ദേ​വും കാ​രൂ​രു​മൊ​ക്കെ വാ​യ​ന​യി​ലേ​ക്കു വ​ന്നു. ഹൈ​സ്കൂ​ളി​ൽ നി​ന്നു ക​ട​ന്ന​പ്പോ​ഴേ​ക്കും എ​ഴു​പ​തു​ക​ളു​ടെ ര​ണ്ടാം പ​കു​തി​യി​ൽ ഒ.​വി. വി​ജ​യ​ന്റെ​യും എം. ​മു​കു​ന്ദ​ന്റെ​യും മ​റ്റും കാ​ല​മാ​യി. ഒ.​വി. വി​ജ​യ​ൻ എ​ന്നും ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​കാ​ര​നാ​ണ്. മ​ത്സ​രി​ച്ചു​ള്ള വാ​യ​ന​യാ​യി​രു​ന്നു ഞ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ. ന​മ്മ​ൾ വാ​യി​ക്കാ​ത്ത പു​സ്ത​ക​ം മ​റ്റൊ​രാ​ൾ വാ​യി​ച്ചു എ​ന്നു കേ​ട്ട​ാ​ൽ ഒ​രുത​രം ഡി​പ്ര​ഷ​നോ അ​സൂ​യ​യോ ഒ​ക്കെ തോ​ന്നുമെന്ന് ഇ​പ്പോ​ഴും ഞ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​റു​ണ്ട്. പു​സ്ത​കമെല്ലാം കാ​ശുകൊ​ടു​ത്തു വാ​ങ്ങാ​ൻ പ​റ്റു​ന്ന കു​ട്ടി​ക​ള​ല്ല അ​ന്നു ഞ​ങ്ങ​ൾ. ലൈ​ബ്ര​റി​ക​ൾ അ​ത്ര അ​പ്ഡേ​റ്റ​ഡും അ​ല്ല. പു​സ്ത​കം ഇ​റ​ങ്ങി​യെ​ന്ന​റി​ഞ്ഞാ​ൽ അ​ത് വാ​ങ്ങാ​നി​ട​യു​ള്ള​യാ​ളെ തേ​ടി​പ്പി​ടി​ച്ച് അ​യാ​ൾ വാ​യി​ച്ചു​ക​ഴി​ഞ്ഞ​ല്ലേ വാ​യി​ക്കാ​ൻ പ​റ്റു?

 

കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്

കോ​ൺ​ഗ്ര​സ് കു​ടും​ബ​മാ​യി​രു​ന്നോ താ​ങ്ക​ളു​ടേ​ത്? പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് വ​രു​ന്ന​ത് കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണോ?

▲ സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ഴേ രാ​ഷ്ട്രീ​യ​ച​ല​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ ലീ​ഡ​റാ​യി​രു​ന്നു ഞാ​ൻ. സ​ജീ​വ​രാ​ഷ്ട്രീ​യ​മൊ​ന്നും അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​നൊ​പ്പ​മാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തോ​ട് അ​ടു​പ്പം തോ​ന്നാ​ൻ കാ​ര​ണം?

▲ ഒ​ന്നു ര​ണ്ടു കു​ടും​ബ​ക്കാ​രൊ​ക്കെ കോ​ൺ​ഗ്ര​സ് ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു. പി​ന്നെ പ​ത്ര​വാ​യ​ന ത​ന്നെ​യാ​ണ് പൊ​തു​രം​ഗ​ത്ത് എ​ത്തി​ച്ച​തെ​ന്നു പ​റ​യാം. ഒ​രു വീ​ട്ടി​ൽ ഒ​രു പ​ത്രം വ​രു​ത്തും. ബ​ന്ധു​ക്ക​ളെ സ്വാ​ധീ​നി​ച്ച് അ​വ​രു​ടെ വീ​ടു​ക​ളി​ൽ മ​റ്റു പ​ത്ര​ങ്ങ​ൾ വാ​ങ്ങി​പ്പി​ക്കും. അ​ങ്ങ​നെ മാ​തൃ​ഭൂ​മി, മ​ല​യാ​ള മ​നോ​ര​മ, കേ​ര​ള കൗ​മു​ദി-​ഈ മൂ​ന്നു പ​ത്ര​ങ്ങ​ളും വി​ശ​ദ​മാ​യി വാ​യി​ക്കും. രാ​വി​ലെ എ​ന്റെ വീ​ട്ടി​ലെ പ​ത്രം. സ്കൂ​ൾ വി​ട്ടുവ​ന്നാ​ൽ ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​യി മ​റ്റു പ​ത്ര​ങ്ങ​ൾ. ഞാ​ൻ ചെ​ല്ലു​മെ​ന്നു ക​ണ്ട് അ​വ​ർ പ​ത്ര​മെ​ല്ലാം എ​ടു​ത്തു​വെ​ച്ചി​ട്ടു​ണ്ടാ​കും. കോ​ള​ജി​ലെ​ത്തി​​യ​പ്പോ​ൾ ഇം​ഗ്ലീ​ഷ് പ​ത്രം വാ​യി​ക്കാ​ൻ ശ്ര​മി​ച്ചു.

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ് എ​ങ്ങ​നെ​യാ​യി​രു​ന്നു?

▲ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്തേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. അ​ന്ന് കെ.​എ​സ്.​യു ക​രു​പ്പി​ടി​ച്ചു വ​രു​ന്നേ​യു​ള്ളൂ. സ്കൂ​ളി​ൽ കെ.​എ​സ്.​യു അ​ത്ര ആ​ക്ടി​വ് ആ​യി​രു​ന്നി​ല്ല. തേ​വ​ര എ​സ്.​എ​ച്ച് കോ​ള​ജി​ൽ ആ​യി​രു​ന്നു ബി​രു​ദ​പ​ഠ​നം. കോ​ള​ജി​ലെ​ത്തി​യ​തി​ൽ പി​ന്നെ എ​ല്ലാ വ​ർ​ഷ​വും മ​ത്സ​രി​ക്കും, ജ​യി​ക്കും. ഒ​രി​ക്ക​ൽ ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി. മ​ത്സ​രി​ക്കേ​ണ്ട​യാ​ളെ വീ​ട്ടു​കാ​ർ കോ​ള​ജി​ലേ​ക്കു വി​ടാ​തെ പൂ​ട്ടി​യി​ട്ടു. നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​പ്പോ​ൾ എ​ന്നെ​ക്കൊ​ണ്ട് കൊ​ടു​പ്പി​ച്ച​താ​ണ്. വി​വ​ര​മ​റി​ഞ്ഞ പ​ല​രും ക​ളി​യാ​ക്കി. ക​ലാ​കാ​ര​ന്മാ​രോ ഗാ​യ​ക​രോ ഒ​ക്കെ​യാ​ണ് സാ​ധാ​ര​ണ ആ​ർ​ട്സ് ക്ല​ബ് സെ​​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​റ്. മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​ക്ക് ഗി​റ്റാ​ർ വാ​യി​ച്ചോ, വ​യ​ലി​ൻ വാ​യി​ച്ചോ, പാ​ട്ടു പാ​ടി​യോ ഒ​ക്കെ പെ​ർ​ഫോം ചെ​യ്യ​ണം സ്ഥാ​നാ​ർ​ഥി. എ​ന്റെ കൈ​യി​ൽ ഇ​തൊ​ന്നു​മി​ല്ല​ല്ലോ. ഞാ​ൻ പ്ര​സം​ഗി​ച്ച് ആ​ളു​ക​ളെ കൈ​യി​ലെ​ടു​ത്തു, ജ​യി​ച്ചു. പി​ന്നീ​ട് ഞാ​ൻ തു​ട​ർ​ച്ച​യാ​യി യൂ​നിവേ​ഴ്സി​റ്റി യൂ​നി​യ​ൻ ​കൗ​ൺ​സി​ല​റാ​യി. ഏ​റ്റ​വു​മൊ​ടു​വി​ൽ യൂ​നിവേ​ഴ്സി​റ്റി യൂ​നി​യ​ൻ ചെ​യ​ർ​മാ​നാ​യി.


 


വി.ഡി. സതീശനും കുടുംബവും

കോ​ൺ​ഗ്ര​സ് നേ​താ​വാ​യ​തു കൊ​ണ്ടോ, അ​തോ, വി​ശ്വ​ച​രി​ത്രാ​വ​ലോ​ക​ം വാ​യി​ച്ച് അ​തി​ന്റെ ഗ്ര​ന്ഥ​കാ​ര​ൻ എ​ന്ന നി​ല​യി​ലോ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ ശ്ര​ദ്ധി​ച്ച​ത്?

▲ ചു​റ്റു​പാ​ടും ശ്ര​ദ്ധി​ക്കു​ന്ന​യാ​ളെ​ന്ന നി​ല​യി​ൽ നെ​ഹ്റ​ു പ​ല സ്ഥ​ല​ത്തും വ​രു​മ​ല്ലോ. എ​ന്നാ​ൽ ‘വി​ശ്വ​ച​രി​ത്രാ​വ​ലോ​ക​ം’ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. അ​താ​യി​രു​ന്ന​ല്ലോ ആ​ദ്യ നെ​ഹ്റു വാ​യ​ന. ‘ഇ​ന്ത്യ​യെ ക​ണ്ടെ​ത്ത​ൽ’ ഒ​ക്കെ പി​ന്നീ​ട് വ​രു​ന്ന​താ​ണ്. ച​രി​ത്ര​ത്തി​ലേ​ക്ക് മാ​റി​ത്തു​ട​ങ്ങി​യ​പ്പോ​ൾ എ. ​ശ്രീ​ധ​ര​മേ​നോ​നെ, മ​റ്റു ദേ​ശീ​യ ച​രി​ത്ര​കാ​ര​ന്മാ​രെ​യൊ​ക്കെ വാ​യി​ക്കാ​ൻ തു​ട​ങ്ങി. അ​തി​ൽ ഹ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​ൽ പു​തി​യ കൃ​തി​ക​ളും വാ​ങ്ങി വാ​യി​ക്കും. റൊ​മീ​ല ഥാ​പ്പ​റി​ന്റെ ‘ദി ​ബീ​യി​ങ്’ ഇ​പ്പോ​ൾ വാ​ങ്ങി​യ​തേ​യു​ള്ളൂ. വാ​യി​ച്ചു തു​ട​ങ്ങി​യി​ല്ല.

ച​ങ്ങാ​തി​ക്കൂ​ട്ട​വും ഹോ​​ളോ​കോസ്റ്റ് സാ​ഹി​ത്യ​വും

‘പി​ന്നീ​ട് വാ​യ​ന​യി​ൽ എ​നി​ക്ക് ഒ​രു ന​ല്ല കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​യി.’

അ​തേ, അ​ങ്ങ​നെ​യൊ​രു ച​ങ്ങാ​തി​ക്കൂ​ട്ട​ത്തെ കു​റി​ച്ച് മു​മ്പ് അ​നു​സ്മ​രി​ച്ചി​ട്ടു​ണ്ട്?

▲ അ​ത് ഒ​രു ടീ​മ​ല്ല, പ​ല പ​ല ടീ​മു​ക​ളാ​ണ്. സാ​ഹി​ത്യം വാ​യി​ക്കു​ന്ന​വ​രു​ടെ ഒ​രു കൂ​ട്ട്, ഫി​നാ​ൻ​സ് വാ​യ​ന​ക്കാ​രു​ടെ മ​റ്റൊ​രു കൂ​ട്ട്. ച​രി​ത്രം വാ​യി​ക്കു​ന്ന വേ​റൊ​രു വി​ഭാ​ഗം. അ​തി​ൽത​ന്നെ വി​ഷ​യംതി​രി​ഞ്ഞ് ര​ണ്ടു ഗ്രൂ​പ്പു​ണ്ട്. ഇ​ട​ക്കാ​ല​ത്ത് ഒ​ന്നും ര​ണ്ടും ലോ​ക​യു​ദ്ധ കാ​ല​യ​ള​വി​ലെ ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ൾ, ഹോ​ളോ​കോസ്റ്റ് വി​ഷ​യ​മ​ട​ക്ക​മു​ള്ള​വ വാ​യി​ക്കാ​ൻ തു​ട​ങ്ങി. അ​തേ​ക്കു​റി​ച്ച് എ​വി​ടെനി​ന്നു കി​ട്ടി​യാ​ലും വാ​യി​ക്കും. യൂ​റോ​പ്പി​ൽ പോ​കു​മ്പോ​ൾ ആ ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഒ​രു വ​ലി​യ ജ​നാ​ധി​പ​ത്യ​ബോ​ധം മ​ന​സ്സി​ൽ ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത് ആ ​ച​രി​ത്ര​വാ​യ​ന​യാ​യി​രു​ന്നു.

അ​ങ്ങ​നെ​യൊ​രു കാ​ല​യ​ള​വ് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​ൻ കാ​ര​ണം?

▲ ര​ണ്ടു ലോ​ക​യു​ദ്ധ​ങ്ങ​ൾ, ഹി​റ്റ്ല​ർ, സ്റ്റാ​ലി​ൻ, മു​സോ​ളി​നി, പോ​ൾ​പോ​ട്ട് പോ​ലെ​യു​ള്ള ഏ​കാ​ധി​പ​തി​ക​ളു​ടെ ചെ​യ്തി​ക​ൾ, അ​തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ, പി​ന്നീ​ട് പോ​സ്റ്റ് വേ​ൾ​ഡ് വാ​ർ പീ​രി​യ​ഡി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ... എ​ല്ലാം ചി​ന്തോ​ദ്ദീ​പ​ക​മാ​യി​രു​ന്നു. അ​ങ്ങ​നെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് നി​ക​രാ​ഗ്വ​യെക്കുറി​ച്ചു ചോ​ദി​ച്ചാ​ൽ സ​വി​സ്ത​രം പ​റ​യും. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ചെ​റു​ത്തു​നി​ൽ​പു സ​മ​ര​ങ്ങ​ൾ, അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ ചെ​യ്തി​ക​ൾ, അ​ഫ്ഗാ​നി​ലെ സോ​വി​യ​റ്റ് അ​ധി​നി​വേ​ശം-​എ​ല്ലാം ക​ണ്ടും വി​ല​യി​രു​ത്തി​യും വി​ശ​ക​ല​നം ചെ​യ്തു സം​സാ​രി​ക്കാ​ൻ ഞ​ങ്ങ​ൾ മു​ന്നിലു​ണ്ടാ​യി​രു​ന്നു.

ഞാ​ൻ യൂ​നിവേ​ഴ്സി​റ്റി യൂ​നി​യ​ൻ ചെ​യ​ർ​മാ​നാ​യി​രി​ക്കെ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ‘പീ​സ് വീ​ക്ക്’ ആ​ച​രി​ച്ചു. അ​ന്ന​ത്തെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി കെ.​ആ​ർ. നാ​രാ​യ​ണ​നാ​ണ് ഉ​ദ്ഘാ​ട​ക​ൻ. അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ ഞാ​ൻ ലോ​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്ര​തി​പാ​ദി​ച്ചി​രു​ന്നു. മ​ന്ത്രി ത​ന്റെ പ്ര​സം​ഗ​ത്തി​ൽ, ഒ​രു വി​ദ്യാ​ർ​ഥി ആ​ഗോ​ള​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​ത് ക​ണ്ടി​ട്ടി​ല്ല എ​ന്നുപ​റ​ഞ്ഞ് എ​ന്നെ അ​ഭി​ന​ന്ദി​ച്ചു സം​സാ​രി​ച്ചു. പ​രി​പാ​ടി ക​ഴി​യു​​മ്പോ​ൾ, എ​റ​ണാ​കുളം ഗെസ്റ്റ് ഹൗ​സി​ൽ വ​ന്നുകാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞു. ഞാ​ൻ ചെ​ന്നു ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന്റെ കൂ​ടെ ഭാ​ര്യ ഉ​ഷ​യും ഉ​ണ്ടാ​യി​രു​ന്നു. ന​ന്നാ​യി പ​ഠി​ക്ക​ണം.

ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വിസി​ൽ ചേ​ര​ണം. ഡ​ൽ​ഹി​യി​ൽ വ​ന്നാ​ൽ ബ​ന്ധ​പ്പെ​ട​ണം. പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കുവേ​ണ്ട സൗ​ക​ര്യം ചെ​യ്തുത​രാം എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ദേ​ശം. അ​ഭി​ഭാ​ഷ​ക​ൻ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്റെ ആ​ഗ്ര​ഹം. അ​ത​റി​ഞ്ഞു ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം ത​ന്റെ നി​ർ​ദേ​ശം മു​ന്നി​ൽവെ​ച്ച​ത്. എ​വി​ടെ നി​ന്നാ​ണ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം സ​മാ​ഹ​രി​ച്ചു പ​ഠി​ച്ച​ത് എ​ന്നാ​യി ചോ​ദ്യം. അ​ന്താ​രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള എ​ന്റെ താ​ൽ​പ​ര്യം വെ​ളി​പ്പെ​ടു​ത്തി. അ​ത്ര​യും അ​പ്ഡേ​റ്റ​ഡ് ആ​യി​രു​ന്നു അ​ന്ന്. ഇ​ന്ന് അ​ത്ര​ക്കെത്തു​മെ​ന്നു പ​റ​യു​ക വ​യ്യ. എ​ങ്കി​ൽപോ​ലും തു​ർ​ക്കി​യി​ലും ഫി​ലി​പ്പീ​ൻ​സി​ലും ഈ​ജി​പ്തി​ലു​മൊ​ക്കെ​യു​ള്ള വ​ലി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​പ്പോ​ഴും വി​ട്ടു​പോ​കാ​തെ ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

വാ​യ​ന വ​ല്ലാ​ത്തൊ​രു ലോ​ക​ത്തേ​ക്ക് ന​മ്മ​ളെ പി​ടി​ച്ചുകൊ​ണ്ടു​പോ​കും. വാ​യ​ന​യി​ല്ലാ​തി​രു​ന്നെ​ങ്കി​ലോ, ഇ​തൊ​ന്നും അ​റി​യാ​തെ പോ​കി​ല്ലേ എ​ന്നു ന​മ്മ​ൾ സ്വ​യം ആ​ശ്ച​ര്യം കൊ​ള്ളും. തു​ട​ർ​ച്ച​യാ​യി മൂ​ന്നോ നാ​ലോ നാ​ൾ വാ​യി​ക്കാ​തി​രു​ന്നാ​ൽ വ​ലി​യ അ​സ്വ​സ്ഥ​ത വ​രും.

ഹോ​ളോ​കോ​സ്റ്റ് സാ​ഹി​ത്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്കാ​ൻ കാ​ര​ണ​മെ​ന്താ​യി​രു​ന്നു?

▲ പ​ത്ര​ങ്ങ​ളി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലും പ​ല നാ​ടു​ക​ളി​ൽ നി​ന്നു​ള്ള റൗ​ണ്ട് അ​പ്പു​ക​ൾ ഫ​ല​സ്തീ​ൻ ക​ത്ത്, അ​മേ​രി​ക്ക​ൻ ക​ത്ത് എ​ന്നി​ങ്ങ​നെ കു​റി​പ്പു​ക​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ക്രൂ​ഷ്ചേ​വ് ഓ​ർ​മ​ക്കു​റി​പ്പു​ക​ളൊ​ക്കെ വാ​യി​ച്ച​ത് ആ ​ഒ​രു ഘ​ട്ട​ത്തി​ലാ​ണ്. വാ​യ​ന​ക്കൂ​ട്ടി​ൽ ഹോ​ളോ​കോ​സ്റ്റ് ക​ഥ​ക​ളും ച​രി​ത്ര​ങ്ങ​ളു​മൊ​ക്കെ തേ​ടി​പ്പി​ടി​ച്ച് വാ​യി​ച്ചി​രു​ന്ന​വ​രു​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ​നി​ന്നാ​ണ് അ​ത്ത​ര​മൊ​രു ലൈ​നി​ലേ​ക്ക് തി​രി​യു​ന്ന​ത്. മ​റ്റൊ​രു കൂ​ട്ട​ർ മു​ഗ​ൾ​ ച​രി​ത്ര​ത്തി​ൽ മു​ങ്ങി​ത്ത​പ്പു​ന്ന​വ​രാ​യി​രു​ന്നു. അ​വ​രു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ലാ​ണ് വി​ല്യം ഡാ​ൽ​റിം​പി​ളി​ന്റെ ‘ദി ​ലാ​സ്റ്റ് മു​ഗ​ളി’​ലൂ​ടെ​യും അ​ബ്ര​ഹാം ഈ​റാ​ളി​യു​ടെ ‘ദ ​മു​ഗ​ൾ ത്രോ​ണി’​ലൂ​ടെ​യും അ​ക്ബ​ർ നാ​മ, ബാ​ബ​ർ നാ​മ തു​ട​ങ്ങി​യ പൗ​രാ​ണി​ക​ കൃ​തി​ക​ളി​ലൂ​ടെ​യും മു​ഗ​ൾ ച​രി​ത്ര​പാ​രാ​യ​ണ​ത്തി​നു മു​തി​ർ​ന്ന​ത്. ഒൗറം​ഗ​സേ​ബി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​താ​ണ്.

യൂ​റോ​പ്പി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ, ലോ​ക​യു​ദ്ധ​വും ഹോ​ളോ​കോസ്റ്റു​മൊ​ക്കെ വാ​യി​ച്ച്?

▲ യൂ​റോ​പ്പി​ലെ അ​നേ​കം ഇ​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. വാ​യ​ന​യെ പി​ന്തു​ട​ർ​ന്നു ത​ന്നെ​യാ​യി​രു​ന്നു അ​ത്. പോ​ള​ണ്ടി​ലെ മ്യൂ​സി​യ​ത്തി​ൽ ജൂ​ത​ന്മാ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ഗ്യാ​സ് ചേം​ബ​റു​ക​ൾ കാ​ണു​മ്പോ​ൾ ക​ണ്ണു​ക​ൾ നി​റ​യും. അ​ന്ന​ത്തെ എ​ഴു​ത്തു​കാ​രു​ടെ ദു​ര​നു​ഭ​വം, മ​ഞ്ഞു​റ​യു​ന്ന സൈ​ബീ​രി​യ​യി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ ദു​ര​വ​സ്ഥ, ഹി​റ്റ്ല​റു​ടെ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ എ​ല്ലാം ഒ​ന്നൊ​ഴി​യാ​തെ നി​ന​വി​ലെ​ത്തും.

ഈ ​ഹോ​ളോ​കോസ്റ്റും ലോ​ക​യു​ദ്ധ ക​ഥ​ക​ളു​മൊ​ക്കെ വാ​യി​ച്ചും ക​ണ്ടും ത​ന്നെ​യാ​വു​മോ ഏ​കാ​ധി​പ​ത്യ​ത്തോ​ട് ഇ​ത്ര​മേ​ൽ വെ​റു​പ്പു​ണ്ടാ​യ​ത്?

▲ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ​പ്ര​സ​ക്തി​യെ​ക്കു​റി​ച്ച ബോ​ധ്യം, ഫാ​ഷി​സ​​ത്തി​നെ​തി​രാ​യ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട് ഒ​​ക്കെ രൂ​ഢ​മൂ​ല​മാ​യ​ത് ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഇ​ങ്ങ​നെ​യാ​യാ​ൽ അ​പ​ക​ട​ത്തി​ലേ​ക്കു പോ​കു​മ​ല്ലോ എ​ന്ന ആ​ധി​യി​ൽ ഒ​രു ആ​ന്റി ഫാ​ഷി​സ്റ്റ് മ​നോ​ഭാ​വം ന​മ്മ​ളി​ൽ ഉ​രു​വം കൊ​ള്ളും.


 



അ​തി​നെ എ​ങ്ങ​നെ ചെ​റു​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു വ​ല്ല ധാ​ര​ണ​യും ഉ​ണ്ടാ​യി​രു​ന്നോ?

▲ അ​തി​നോ​ടു ഫൈ​റ്റ് ചെ​യ്യ​ണം, പോ​ര​ടി​ക്ക​ണം എ​ന്നു ത​ന്നെ​യാ​യി​രു​ന്നു ചി​ന്ത. ന​മ്മു​ടെ മു​ൻ​ഗാ​മി​ക​ൾ ജീ​വ​ൻ വെ​ടി​ഞ്ഞും പൊ​രു​തി​യി​​ല്ലേ? അ​ത്ത​ര​മൊ​രു മൂ​വ്മെ​ന്റ് എ​ന്നും പ്ര​സ​ക്ത​മാ​ണ്.

ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​​ക​ളോ​ടു​ള്ള അ​രി​ശം ചെ​റു​പ്പ​ത്തി​ലെ വാ​യ​ന​യി​ൽനി​ന്ന് രൂ​പം കൊ​ണ്ട​താ​യി​രി​ക്കു​മോ?

▲ തീ​ർ​ച്ച​യാ​യും അ​തി​ൽ നി​ന്നു ത​ന്നെ. ജ​നാ​ധി​പ​ത്യ​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് കു​റേ പ​ഴു​തു​ക​ളു​ണ്ട്. അ​തി​നെ ആ​ളു​ക​ൾ ധാ​രാ​ള​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും അ​തി​ന്റെ പ്ര​സ​ക്തി വ​ള​രെ വ​ലു​താ​ണ്.

വാ​യ​ന​ക്കാ​ര​ന്റെ ആക​ുല​ത​ക​ൾ, അ​മ​ർ​ഷം എ​ന്നി​വ​യൊ​ക്കെ മ​ന​സ്സി​ൽ പേ​റി, പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി അ​ധി​കാ​ര​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി​യ​യാ​ളാ​ണ്. ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​​മ്പോ​ൾ ഡി​ക്​​റ്റേ​റ്റ​ർ​ഷി​പ്പി​നും ചി​ല സാ​ധ്യ​ത​ക​ളു​ണ്ട് എ​ന്നു തോ​ന്നു​ന്നു​ണ്ടോ?

▲ ഇ​ല്ലി​ല്ല. മ​നു​ഷ്യ​ന്റെ പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും ദോ​ഷം വ​രു​ത്തു​ന്ന ഒ​ന്നും ചെ​യ്യാ​ൻ പാ​ടി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മേ​ന്മ ച​ർ​ച്ച​യും സം​വാ​ദ​വു​മാ​ണ്. ഇ​​പ്പോ​ൾ പ​ല​പ്പോ​ഴും ച​ർ​ച്ച​യും സം​വാ​ദ​വും ആ​ർ​ക്കും ഫ​ല​മി​ല്ലാ​തെ പോ​കു​ന്നു​ണ്ട്. ആ​രോ​ട​ും സം​വാ​ദ​മാ​കാം, ആ​രെ​യ​ും ചോ​ദ്യം ചെ​യ്യാം, ആ​രു​മാ​യും ത​ർ​ക്കി​ക്കാം. എ​ന്നാ​ൽ, ഏ​തി​ലും അ​വ​സാ​നം ഒ​രു ഫ​ല​മു​ണ്ടാ​ക​ണം. ആ ​ഫ​ലം സാ​ധാ​ര​ണ​ക്കാ​ര​ന് ഗു​ണ​മാ​യി മാ​റ​ണം. അ​പ്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം ഫ​ല​പ്രാ​പ്തി​​യി​ലെ​ത്തു​ന്ന​ത്. പ​ക്ഷേ, ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് അ​ത​ല്ല. വി​ഷ​യ​ത്തി​ന്റെ മ​ർ​മ​ത്തി​ല​ല്ല, വ​ള​രെ ഉ​പ​രി​പ്ല​വ​മാ​ണ് പ​ല ച​ർ​ച്ച​ക​ളും. യ​ഥാ​ർ​ഥ​ വി​ഷ​യ​ത്തി​ൽനി​ന്ന് പ​ല​പ്പോ​ഴും വ​ഴു​തി​പ്പോ​കു​ന്നു. അ​പ്പോ​ൾ ന​മു​ക്ക് സ​ങ്ക​ടം വ​രും. വി​ഷ​യ​ത്തി​ൽ നി​ന്നുമാ​റി ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​ത്ത മ​റ്റെ​ന്തൊ​ക്കെ​യോ ആ​ണ് ച​ർ​ച്ച​യി​ൽ ക​യ​റി​വ​രി​ക. ച​ർ​ച്ച​ക​ൾ എ​ല്ലാ​യ്പോ​ഴും പ്ര​യോ​ജ​ന​പ്ര​ദ​മാ​ക​ണം.


 


പോളണ്ടിലെ ലുബ്ലിനിലുള്ള മജ്ദാനെക് കോൺസെൻട്രേഷൻ ക്യാമ്പിലെ ശവദാഹ ചൂളകൾ

വാ​യ​ന​യു​ടെ ആ​ധി​കാ​രി​ക​ത​യും ആ​ത്മ​വി​ശ്വാ​സ​വും

നി​യ​മ​സ​ഭ പ്ര​സം​ഗ​ങ്ങ​ളി​ലും സം​വാ​ദ​ങ്ങ​ളി​ലും വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ലു​മൊ​ക്കെ വാ​യ​ന​യി​ൽ നി​ന്നു​ള്ള ആ​ധി​കാ​രി​ക​ത​യു​ടെ ഒ​രു ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്?

▲ അ​തു വ​രും, സ്വാ​ഭാ​വി​കം. നി​യ​മ​സ​ഭ​യി​ൽ ഒ​രു നി​യ​മ​പ്ര​ശ്ന​മു​ണ്ടാ​കു​​മ്പോ​ൾ ആ ​വി​ഷ​യം ഞാ​ൻ പ​ഠി​ച്ചു മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കും. അ​ഭി​ഭാ​ഷ​ക​ ജോ​ലി​യാ​ണ് എ​ന്റേ​ത് എ​ന്ന​തൊ​ക്കെ ശ​രി, അ​തു പോ​രാ. ഓ​രോ വി​ഷ​യ​വും സ​വി​സ്ത​രം പ​ഠി​ച്ചു മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കും. അ​തു​ക​ഴി​ഞ്ഞ് ഹൈ​കോ​ട​തി​യി​ലെ പ​രി​ച​യ​ത്തി​ലു​ള്ള മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രെ വി​ളി​ച്ച് അ​ഭി​പ്രാ​യം തേ​ടും. ചി​ല​പ്പോ​ൾ അ​വ​ർ കു​റ​ച്ചു​കൂ​ടി വി​ഷ​യ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തും. അ​തെ​ല്ലാം സ്വ​രൂപി​ച്ച് വി​ഷ​യം ഒ​തു​ക്കി​യൊ​രു​ങ്ങി​യാ​ണ് അ​വ​ത​ര​ണ​ത്തി​നു പോ​കു​ക. അ​തി​നാ​ൽ ആ​ധി​കാ​രി​ക​ത​യു​ടെ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​വും. അ​വി​ടെ ഒ​രാ​ൾ​ക്കും ന​മ്മ​ളോ​ടു ത​ർ​ക്കി​ക്കാ​നാ​വി​ല്ല. ന​മ്മു​ടെ സ്വ​ന്തം ഒ​രു നി​ല​പാ​ടും ശൈ​ലി​യു​മൊ​ക്കെ അ​വ​ത​ര​ണ​ത്തി​ലു​ണ്ടാ​കും. അ​തി​ന് മു​ന്നൊ​രു​ക്കം കൂ​ടി​യേ തീ​രൂ.

മു​മ്പ് ഒ​രു അ​ഭി​മു​ഖ​ക്കാ​ര​ൻ എ​ന്നോ​ട് ചോ​ദി​ച്ചു, ഇ​ത്ര​യും ഹോം​വ​ർ​ക്ക് ന​ട​ത്തു​ന്ന​ത് എ​ന്തി​നെ​ന്ന്. ആ​ദ്യ​വ​ട്ട​മൊ​ക്കെ ഞാ​ൻ നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നു ​ത​ലേ​ന്നാ​ൾ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് കു​ത്തി​യി​രു​ന്നു പ​ഠി​ച്ചൊ​രു​ങ്ങും. പി​റ്റേ​ന്നാ​ൾ ചി​ല​പ്പോ​ൾ 15 മി​നി​റ്റേ പ്ര​സം​ഗി​ക്കാ​നു​ണ്ടാ​വു​ക​യു​ള്ളു. എ​ന്നാ​ൽ, അ​തി​നു​വേ​ണ്ടി നാ​ല​ഞ്ചു മ​ണി​ക്കൂ​ർ ത​യാ​റെ​ടു​പ്പ് വേ​ണ്ടി​വ​രും. അ​തു​മു​ഴു​വ​ൻ പി​റ്റേ​ദി​വ​സം പ​റ​ഞ്ഞു​കൊ​ള്ള​ണ​മെ​ന്നി​ല്ല. പ​ക്ഷേ, ആ ​വി​ഷ​യ​ത്തി​ലെ ആ​ധി​കാ​രി​ക​വും അ​പ്ഡേ​റ്റ​ഡു​മാ​യ വി​വ​രം ന​മ്മു​ടെ കൈ​വ​ശ​മാ​യി. പി​ന്നെ ആ ​സ​ബ്ജ​ക്ടി​ൽ പു​തു​താ​യി വ​രു​ന്ന​ത് ന​മ്മ​ൾ ചേ​ർ​ത്തു​കൊ​ണ്ടി​രു​ന്നാ​ൽ മ​തി.

നി​യ​മ​സ​ഭ​യി​ൽ ഇ​രി​ക്കു​​മ്പോ​ഴൊ​ക്കെ ഓ​രോ വി​ഷ​യ​വും അ​പ​്ഡേ​റ്റ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ഞാ​ൻ ഓ​രോ വി​ഷ​യ​ത്തി​ലും മാ​റി മാ​റി പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​രം ചോ​ദി​ക്കും. ഇ​തെ​ന്തി​നാ​ണ് എ​ന്ന് ​പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. അ​തി​ന് എ​ന്റെ മ​റു​പ​ടി ഇ​താ​ണ്. എ​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് ഏ​റ്റ​വും ന​ന്നാ​യി അ​റി​യു​ന്ന​യാ​ൾ ഞാ​നാ​ണ്. ഒ​രു പു​തി​യ വി​ഷ​യ​മെ​ടു​ക്കു​​മ്പോ​ൾ ന​മു​ക്ക് അ​തേ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ല. എ​ന്നി​ട്ട് അ​ത് പ​ഠി​ച്ചുപ​ഠി​ച്ച്, അ​റി​യാ​വു​ന്ന​വ​രോ​ട് ചോ​ദി​ച്ച്, പു​സ്ത​ക​ങ്ങ​ൾ പ​ര​തി വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഒ​രു സ​മ​ഗ്ര​ബോ​ധം ത​യാ​റാ​ക്കി വെ​ക്കും. ​പു​റ​ത്ത് പ്ര​സം​ഗി​ക്കാ​ൻ പോ​കു​മ്പോ​ഴും ഇ​തു​ത​ന്നെ​യാ​ണ് ചെ​യ്യു​ക.

Torture Medicine വി​ഷ​യ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വി​ളി​ച്ച​ത് എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ എ​​ന്നെ​യാ​ണ്. സ​ത്യ​ത്തി​ൽ എ​നി​ക്ക് Torture Medicine എ​ന്താ​ണെ​ന്ന​റി​യി​ല്ല. അ​ങ്ങ​നെ ഞാ​ൻ ആ ​വി​ഷ​യ​ത്തി​ൽ ന​ന്നാ​യി പ​ഠി​ച്ചു. യോ​ഗ​ത്തി​ൽ ന​ല്ലൊ​രു പ്ര​ഭാ​ഷ​ണം ത​ന്നെ വി​ഷ​യ​ത്തി​ൽ ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ ഡോ. ​ഉ​മാ​ദ​ത്ത​ൻ ആ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ എ​ന്നാ​ണ് ഓ​ർ​മ. വി​ഷ​യ​ത്തി​ൽ എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല, എ​ല്ലാം ഉ​ദ്ഘാ​ട​ക​ൻ പ​റ​ഞ്ഞുക​ഴി​ഞ്ഞു എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത്. അ​ത് കേ​ൾ​ക്കു​മ്പോ​ൾ കി​ട്ടു​ന്ന ഒ​രു സം​തൃ​പ്തി​യു​ണ്ട്. പി​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ പു​തി​യ വ​ല്ല​തും ക​ണ്ടാ​ൽ അ​പ്ഡേ​റ്റ് ചെ​യ്യും.

പി​ന്നീ​ട് ത​ട​വു​കാ​രു​ടെ വി​ഷ​യ​ങ്ങ​ൾ, വി​ശേ​ഷി​ച്ചും യു​ദ്ധ​ത്ത​ട​വു​കാ​രു​ടെ വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​മ്പോ​ഴൊ​ക്കെ ഈ ​ടോ​ർ​ച്ച​ർ മെ​ഡി​സി​ൻ വി​ഷ​യ​ത്തി​ൽ വാ​യി​ച്ച​ത് ഓ​ർ​മ​വ​രും. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ മ​ർ​ദ​ന​മു​റ​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത പേ​ടി​യാ​ണ്. അ​പ​രാ​ധി​യോ നി​ര​പ​രാ​ധി​യോ ആ​ക​ട്ടെ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ, സ്റ്റേ​ഷ​നി​ലെ നാ​ലുചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സു​കാ​ർ വ​ള​ഞ്ഞു​വെ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു എ​ന്ന​റി​യു​മ്പോ​ൾ ഇ​പ്പോ​ഴും കൈകാ​ലു​ക​ൾ വി​റ​യ്ക്കും. ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം ന​മ്മ​ള​റി​യാ​തെ ന​മ്മി​ൽ സം​ഭ​വി​ച്ചു​പോ​കു​ന്ന​ത് വാ​യ​ന​യു​ടെ ഫ​ല​മാ​ണ്. അ​ല്ലെ​ങ്കി​ൽ ന​മു​ക്ക് ബാ​ധ​ക​മാ​കാ​ത്ത ഏ​തോ ഒ​രു വാ​ർ​ത്ത​യാ​യി അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണ​ല്ലോ ചെ​യ്യു​ക. ഓ​രോ വി​ഷ​യ​ത്തി​ലേ​ക്കും ന​മ്മ​ൾ ഇ​റ​ങ്ങി​​ച്ചെ​ന്നു പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​വി​ടെ വി​ശാ​ല​മാ​യൊ​രു ലോ​കം തു​റ​ന്നു​കി​ട​ക്കു​ന്ന​ത് മ​ന​സ്സി​ലാ​വു​ക. ഇ​ത് ഒ​രു ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​​ഞ്ഞെ​ന്നേ​യു​ള്ളൂ.

ഇ​ങ്ങ​നെ​യൊ​ക്കെ പ​ഠി​​ച്ചൊ​രു​ങ്ങി ഒ​രു വി​ഷ​യ​മ​വ​ത​രി​പ്പി​ക്കാ​ൻ ചെ​ല്ലു​മ്പോ​ഴാ​വും മ​റു​ഭാ​ഗ​ത്ത് തീ​ർ​ത്തും ഒ​ഴു​ക്ക​ൻ മ​ട്ടി​ൽ അ​തി​നെ അ​വ​ഗ​ണി​ക്കു​ക​യും തീ​രെ ഉ​പ​രി​ത​ല സ്പ​ർ​ശി​യാ​യ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ന​മ്മ​ളെ വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. അ​പ്പോ​ൾ ക​ടു​ത്ത അ​സ്വ​സ്ഥ​ത​യും ദേ​ഷ്യ​വും വ​രാ​റു​ണ്ടോ?

▲ ക​ടു​ത്ത അ​സ്വ​സ്ഥ​ത വ​രും. ഏ​തു വി​ഷ​യ​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളോ​ടും പൊ​തു​സ​മൂ​ഹ​ത്തോ​ടും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളോ​ടും എ​ല്ലാം എ​നി​ക്കു​ള്ള അ​പേ​ക്ഷ, ച​ർ​ച്ച അ​തി​ന്റെ മ​ർ​മ​ത്തി​ലും ഉ​ള്ള​ട​ക്ക​ത്തി​ലു​മാ​യി​രി​ക്ക​ണം എ​ന്നാ​ണ്. ഞാ​ൻ ത​ന്നെ​യും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. ഒ​രു വി​ഷ​യ​ത്തി​നു പ​ല ത​ല​ങ്ങ​ളു​ണ്ടാ​കും. ത​മാ​ശ​യാ​യി പ​റ​യാ​റു​ണ്ട്. രാ​വി​ലെ അ​ഭി​പ്രാ​യ​ത്തി​ന്റെ ഇ​രു​മ്പു​ല​ക്ക​യും കൊ​ണ്ടാ​വും വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, പു​റ​ത്ത് അ​ഞ്ചാ​ളു​ക​ളെ ക​ണ്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തോ​ടെ അ​ഞ്ചു വ്യ​ത്യ​സ്ത വ​ശ​ങ്ങ​ൾ എ​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ വ​ന്നുചേ​രും. അ​തോ​ടെ ആ ​ഇ​രു​മ്പു​ല​ക്ക ഒ​ടി​ച്ചു​ക​ള​യും. ചി​ല​പ്പോ​ൾ ഞാ​ൻ ധ​രി​ച്ചു​വെ​ച്ച​ത് അ​ബ​ദ്ധ​മാ​യി​രി​ക്കും. ന​മ്മേ​ക്കാ​ൾ അ​റി​വു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ അ​വ​ർ അ​ത് ക​റ​ക്ട് ചെ​യ്തു​ത​രും.


 


മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം വി.ഡി. സതീശനൊപ്പം

താ​ർ​ക്കി​ക​ന​ല്ല, ത​ര​ളി​ത​ൻ

വാ​യ​ന​യി​ൽ വ​ല്ലാ​തെ ല​യി​ച്ചു​​ചേ​രു​ന്ന അ​നു​ഭ​വം കേ​ട്ടി​ട്ടു​ണ്ട്. അ​വി​ടെ താ​ർ​ക്കി​ക​നാ​യ സ​തീ​ശ​ന​ല്ല, വി​കാ​ര​ത​ര​ളി​ത​നാ​യ സ​തീ​ശ​നാ​ണ് വെ​ളി​പ്പെ​ടു​ന്ന​ത്?

▲ ‘വ​ത​റി​ങ് ഹെ​യ്റ്റ്സ്’ എ​ന്ന എ​മ​ലി ബ്രോ​ണ്ടി​യു​ടെ കൃ​തി വാ​യി​ച്ച​പ്പോ​ൾ എ.​സി റൂ​മി​ൽ അ​ല്ലാ​തി​രു​ന്നി​ട്ടും ത​ണു​ത്തുവി​റ​ച്ച അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ള​രെ വൈ​കി​യാ​ണ് ആ ​കൃ​തി​യി​ലേ​ക്കെ​ത്തു​ന്ന​ത്. അ​ത് ശ്ര​ദ്ധ​യി​ൽപെ​ടു​ത്തി​യ​ത് മ​ക​ളാ​ണ്. ചെ​ന്നൈ​യി​ൽ ഞാ​നും മ​ക​ളും കൂ​ട്ടു​കാ​രി​യും കൂ​ടി ഹി​ഗ്ഗി​ൻ ബോ​തം​സ് ബു​ക്ക്​ ഷോ​പ്പി​ൽ പോ​യി. അ​വി​ടെ വെ​ച്ച് കൂ​ട്ടു​കാ​രി എ​മ​ലി ബ്രോ​ണ്ടി​യു​ടെ പു​സ്ത​ക​മെ​ടു​ത്തുകാ​ണി​ച്ച്, ഇ​തു വാ​യി​ച്ചി​ല്ലേ എ​ന്നു ചോ​ദി​ച്ചു.

ഇ​ല്ല എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ മോ​ൾ ക​ളി​യാ​ക്കി. അ​തി​ന്റെ വാ​യ​ന വേ​റി​ട്ടൊ​രു അ​നു​ഭ​വം ത​ന്നെ​യാ​ണ്. ഇ​തേ അ​നു​ഭ​വം സി.​വി. ബാ​ല​കൃ​ഷ്ണ​ന്റെ ‘ആ​യു​സ്സി​​ന്റെ പു​സ്ത​കം’ വാ​യി​ച്ച​പ്പോ​ഴു​മു​ണ്ടാ​യി. അ​തി​ൽ കു​ടി​യേ​റ്റ​ക്കാ​രു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. അ​തി​ൽ ഇ​ട​ക്കിടെ കു​ന്തി​രി​ക്കം പു​ക​യ്ക്കു​ന്ന​തു വി​വ​രി​ക്കു​ന്നു​ണ്ട്. എ​ന്റെ വീ​ട്ടി​ൽ കു​ന്തി​രി​ക്കം പു​ക​യ്ക്കു​ന്ന ശീ​ല​മി​ല്ല. വാ​യ​ന ഉ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ എ​നി​ക്ക് കു​ന്തി​രി​ക്ക​ത്തി​ന്റെ ഗ​ന്ധം മൂ​ക്കി​ല​ടി​ക്കു​ന്ന​തുപോ​ലെ. എ​ഴു​ത്തു​കാ​ര​ന്റെ ഭാ​വ​ന, അ​വ​ർ ഉ​ണ്ടാ​ക്കു​ന്ന ഭൂ​മി​ക..​.ഇ​തെ​ല്ലാം ചേ​ർ​ന്ന് എ​ഴു​ത്ത് പ​വ​ർ​ഫു​ൾ ആ​കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന വി​സ്മ​യ​മാ​ണി​ത്. വാ​യി​ക്കു​ന്ന ന​മ്മ​ൾ ആ ​എ​ഴു​ത്തി​ന്റെ ഭാ​ഗ​മാ​കു​ക​യാ​ണ്. വാ​യ​ന​യി​ൽ പ​ല​പ്പോ​ഴും ഞാ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കൂ​ടെ ചേ​ർ​ന്നു​പോ​കും.

എ​ഴു​ത്തു​കാ​രു​ടെ ക​രു​ത്താ​ണ് അ​ത് തെ​ളി​യി​ക്കു​ന്ന​ത്?

▲ സം​ശ​യ​മെ​ന്ത്! പ​ഠി​ക്കു​ന്ന കാ​ല​ത്ത് ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സ’​ത്തി​ലെ വ​രി​ക​ളും ഖ​ണ്ഡി​ക​ക​ളും കൂ​ടെ കൊ​ണ്ടു​ന​ട​ക്കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ൾ. ‘‘...എ​ല്ലാ സ​ന്ധ്യ​ക​ളും എ​നി​ക്ക് ദുഃ​ഖ​മാ​ണ് മ​ക​നേ’ എ​ന്ന ര​വി​യു​ടെ അച്ഛന്റെ വാ​ക്കു​ക​ൾ, നൈ​ജാ​മ​ലി​യു​ടെ​യും മ​റ്റും വ​ർ​ത്ത​മാ​ന​ങ്ങ​ൾ ഒ​ക്കെ കാ​ണാ​പ്പാ​ഠ​മാ​ക്കി ഉ​രു​വി​ട്ടുന​ട​ക്കു​മാ​യി​രു​ന്നു.

ഒ​രി​ക്ക​ൽ ഒ​രു നോ​വ​ൽ വാ​യി​ച്ച ഹ​ര​ത്തി​ൽ പി​റ്റേ​ന്നാ​ൾ വെ​ളു​ക്കും​മു​മ്പേ എ​ഴു​ത്തു​കാ​ര​നെ വി​ളി​ച്ച്, ഞാ​ൻ ന​ന്നാ​കാ​ൻ തീ​രു​മാ​നി​ച്ചു എ​ന്നു പ​റ​യു​ന്നു​ണ്ട്. സ​തീ​ശ​നെ മെ​രു​ക്കി​യെ​ടു​ത്ത​ത് വാ​യ​ന​യാ​ണ് എ​ന്നു ത​ന്നെ​യാ​ണോ?

▲ സു​ഭാ​ഷ് ച​ന്ദ്ര​ന്റെ ‘മ​നു​ഷ്യ​ന് ഒ​രു ആ​മു​ഖം’ വാ​യി​ച്ച​താ​യി​രു​ന്നു നേ​ര​ത്തേ പ​റ​ഞ്ഞ അ​നു​ഭ​വം. അ​തി​ൽ വ​ല്ലാ​ത്ത ക്രൂ​ര​നാ​യ ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ട്. ആ ​ക​ഥാ​പാ​ത്ര​ത്തെ പി​ന്നീ​ട് ഞാ​ൻ സ്വ​പ്ന​ത്തി​ൽ ക​ണ്ടി​ട്ടു​മു​ണ്ട്. അ​ക്കാ​ര്യം സു​ഭാ​ഷ് ച​ന്ദ്ര​നോ​ട് പ​റ​ഞ്ഞ​തു​മാ​ണ്. വാ​യ​ന ന​മ്മു​ടെ ചി​ന്ത​ക​ളെ ന​വീ​ക​രി​ക്കും. സ​മീ​പ​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തും. കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​നൽ ഫ്രെ​യിം​വ​ർ​ക്ക്, നെ​ഹ്റു​വി​യ​ൻ ആ​ശ​യ​ങ്ങ​ളു​ടെ സ്വാ​ധീ​നം തു​ട​ങ്ങി ന​മ്മു​ടെ ഐ​ഡി​യോ​ള​ജി​ക്ക​ൽ ഫ്രെ​യിം​വ​ർ​ക്ക്...​ എ​ല്ലാ​ത്തി​നെ​യും വാ​യ​ന സ്വാ​ധീ​നി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ന്റെ ല​ക്കം 1488ൽ ​തു​ട​രും

Tags:    
News Summary - Reading Shaped My Politics Says vd Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.