ഇരുട്ടിലേക്ക് സ്വയം വലിച്ചെറിയുമ്പോൾ

സാഹിത്യത്തിനുള്ള നൊ​േബൽ സമ്മാനം ലഭിച്ച ആൻ കാഴ്സനുമായുള്ള ഒരു അപൂർവ സംഭാഷണമാണിത്. എഴുത്തുകാരിയു​െട ജീവിതവും നിലപാടുകളും എഴുത്തുരീതികളും അനാവരണം ചെയ്യുന്ന അഭിമുഖമാണിതെന്ന പ്രത്യേകതകൂടിയുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ സൂം വഴിയാണ് ഞാനും ആൻ കാഴ്സനും കണ്ടുമുട്ടിയത്. 2008 മുതൽ ഭർത്താവ് റോബർട്ട് കറിയോടൊപ്പം അവർ എല്ലാ വർഷവും കുറച്ചുകാലം ചെലവഴിക്കാറുള്ള റെയിക്യാവിക് നഗരത്തിലെ അവരുടെ അപ്പാർട്മെന്റിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. ഇഷ്ടികച്ചുവപ്പ് നിറത്തിലുള്ള സ്വീകരണമുറിയിലായിരുന്നു അവർ ഇരുന്നത്. റാഗ്നർ ക്ജാർട്ടാൻസന്റെ ഒരു നാടകീയമായ ദൃശ്യാവിഷ്കാരം ചുമരിനോട് ചാരിവെച്ചിരുന്നു. ജനാലക്കപ്പുറം...

സാഹിത്യത്തിനുള്ള നൊ​േബൽ സമ്മാനം ലഭിച്ച ആൻ കാഴ്സനുമായുള്ള ഒരു അപൂർവ സംഭാഷണമാണിത്. എഴുത്തുകാരിയു​െട ജീവിതവും നിലപാടുകളും എഴുത്തുരീതികളും അനാവരണം ചെയ്യുന്ന അഭിമുഖമാണിതെന്ന പ്രത്യേകതകൂടിയുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ സൂം വഴിയാണ് ഞാനും ആൻ കാഴ്സനും കണ്ടുമുട്ടിയത്. 2008 മുതൽ ഭർത്താവ് റോബർട്ട് കറിയോടൊപ്പം അവർ എല്ലാ വർഷവും കുറച്ചുകാലം ചെലവഴിക്കാറുള്ള റെയിക്യാവിക് നഗരത്തിലെ അവരുടെ അപ്പാർട്മെന്റിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. ഇഷ്ടികച്ചുവപ്പ് നിറത്തിലുള്ള സ്വീകരണമുറിയിലായിരുന്നു അവർ ഇരുന്നത്. റാഗ്നർ ക്ജാർട്ടാൻസന്റെ ഒരു നാടകീയമായ ദൃശ്യാവിഷ്കാരം ചുമരിനോട് ചാരിവെച്ചിരുന്നു. ജനാലക്കപ്പുറം സമുദ്രവും ഐസ്‌ലൻഡിന്റെ തരിശായ ഭൂപ്രദേശവും കാണാമായിരുന്നു.

“അമേരിക്കയിൽ പച്ചപ്പ് നിറഞ്ഞുനിൽക്കുന്നതായി തോന്നും,” കാഴ്സൻ പറഞ്ഞു. “എല്ലായിടത്തും മരങ്ങൾ, ചെടികൾ, പൂക്കൾ... ഇവിടെ അങ്ങനെയല്ല; എല്ലായിടത്തും ശൂന്യത മാത്രമാണ്... ലാവയുണ്ട്, കടലുണ്ട്. വെറും വരകൾ മാത്രം. ശൂന്യമായ ഇടം...”

ശൂന്യമായ ഇടങ്ങൾ കാഴ്സന്റെ സർഗാത്മകതയുടെ കളിസ്ഥലങ്ങളിലൊന്നാണ്. അവരുടെ ഏറ്റവും പുതിയ സമാഹാരമായ ‘Wrong Norma’യിലെ പ്രധാന കൃതിയായ ‘Lecture on the History of Skywriting’ എന്ന രചനയിൽ ആകാശം അഥവാ ശൂന്യമായ ഇടം തന്നെയാണ് വ്യക്തിത്വമുള്ള ഒരു കഥാപാത്രമായി സംസാരിക്കുന്നത്. പുരാതന ഗ്രീക്ക് കവിയായ സാഫോയുടെ കവിതാഭാഗങ്ങൾ വിവർത്തനം ചെയ്ത മറ്റു പലരും നഷ്ടപ്പെട്ട ഭാഗങ്ങൾക്കിടയിലെ വിടവുകളെ വാക്കുകൾകൊണ്ട് നികത്തിയപ്പോൾ, കാഴ്സന്റെ ‘If Not, Winter’ എന്ന കൃതി ആ വരികളും ഖണ്ഡികകളും ചരിത്രത്തിലിടം പിടിക്കാതെ നഷ്ടമായി എന്നു ഊന്നിപ്പറഞ്ഞുകൊണ്ട് നിഷേധാത്മകമായ ഇടങ്ങളെ ചതുരക്കൊളുത്തുകൾക്കുള്ളിൽ ശൂന്യമായി അടയാളപ്പെടുത്തുന്നു.

അസാന്നിധ്യത്തെ ഒരു സാന്നിധ്യമായാണ് കാഴ്സൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ‘Eros the Bittersweet’ എന്ന കൃതിയിൽ കാമനകൾ ഉണരുന്നത് അഭാവത്തിൽനിന്നാണെന്ന് അവർ വാദിക്കുന്നു. പക്ഷേ, ഏറെക്കാലം ജീവിതത്തിൽനിന്ന് അകന്നുനിന്നിരുന്ന, പിന്നീട് മരണമടഞ്ഞ സഹോദരൻ മൈക്കിളിനെക്കുറിച്ചുള്ള കാവ്യമായ ‘Nox’ എന്നെന്നേക്കുമുള്ള ഒരാളുടെ അസാന്നിധ്യത്തെക്കുറിച്ചാണ് വിലപിക്കുന്നത്.

ഏഴു വർഷത്തിനുശേഷം കാഴ്സന്റെ മൗലിക രചനയായ ‘Wrong Norma‘യെക്കുറിച്ച് സംസാരിക്കാനായിരുന്നു ഞങ്ങൾ അവിടെ ഒത്തുകൂടിയത്. “പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മുഖ്യധാരയോ പ്രമേയങ്ങളോ ഒരു പ്രത്യേക വായനാ രീതിയോ ഇല്ലാത്ത, വ്യത്യസ്ത സ്വഭാവമുള്ള രചനകളുടെ ഒരു സമാഹാരമാണത്” എന്ന് അവരതിനെ വിശേഷിപ്പിച്ചു.

എന്നാൽ, ചില ചിത്രങ്ങളും വാക്കുകളും ആശയങ്ങളും ആ സമാഹാരത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു: ഉദാഹരണമായി, റൊട്ടി, രക്തം, ഉരുളൻകല്ലുകൾ, ഒരു കുറുക്കൻ, അഭിഭാഷകർ, അന്ധകാരമയമായ ഒരു ഹൃദയം, ജോൺ കേജ്, wrong എന്ന വാക്ക്, തെറ്റിന്റെ വിവിധ രൂപങ്ങൾ എന്നിവ. “എനിക്ക് അധികമൊന്നും പറയാനില്ല,” എന്ന് കാഴ്സൻ പറഞ്ഞു. എന്നിരുന്നാലും, ഓരോ മണിക്കൂർ വീതമുള്ള രണ്ട് സംഭാഷണങ്ങളിലായി ഞങ്ങൾക്ക് സംസാരിക്കാൻ ധാരാളം വിഷയങ്ങൾ ലഭിച്ചു.

 

‘Wrong Norma’ എന്ന ശീർഷകത്തിലെ ‘തെറ്റിനെ’ക്കുറിച്ച് പറയാമോ?

“അമേരിക്കക്കാരിൽനിന്ന് കാനഡക്കാർ എങ്ങനെ വ്യത്യസ്തരായിരിക്കുന്നു?” എന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും: “കാനഡക്കാർക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്: അവർ വിനയാന്വിതരാണ്, പക്ഷേ തെറ്റുകാരുമാണ്.” എല്ലായ്പോഴും വിനയത്തോടെ തെറ്റുകാരായിരിക്കും അവർ.

കാനഡക്കാരെക്കുറിച്ചുള്ള ഈ അനുഭവംകൊണ്ടാണ് ഞാൻ ‘wrong’ എന്ന വാക്ക് ശീർഷകത്തിൽ ഉൾപ്പെടുത്തിയത്. അതോടൊപ്പം, അക്കാദമിക ജീവിതത്തിൽ നമുക്ക് എപ്പോഴും അനുഭവപ്പെടുന്ന ഒരു കാര്യവുമുണ്ട്; നമ്മൾ തെറ്റാണെന്നോ തെറ്റായി മാറുന്നതിനരികിൽ നിൽക്കുകയാണെന്നോ ഉള്ള തോന്നൽ. നമ്മളതേക്കുറിച്ച് നിരന്തരം ആശങ്കപ്പെട്ടുകൊണ്ടിരിക്കും. കാരണം, അക്കാദമിക ലോകം വിധിനിർണയങ്ങളും അധികാരശ്രേണികളും നിറഞ്ഞതാണ്. നിങ്ങൾ സംസാരിക്കുമ്പോഴൊക്കെയും തെറ്റല്ലെന്ന് ഉറപ്പുവരുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു സ്ഥിരനിയമനം പോലുള്ള കാര്യങ്ങൾ. ഇത്തരം മാനസികാവസ്ഥയെ ഇല്ലായ്മ ചെയ്യുന്നതിലാണ് എനിക്ക് താൽപര്യം.

വൈരുധ്യത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ സിമോൺ വെയിൽ പറയുന്ന ഒരു ആശയവുമായി ഇതിന് ബന്ധമുണ്ട്. ദാർശനിക ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. വൈരുധ്യങ്ങളെ വിശകലനം ചെയ്യുന്നതിൽ വെയിലിന് പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. വൈരുധ്യം മനസ്സിൽ സംഭവിക്കുന്ന പ്രയോജനകരമായ ഒരു അനുഭവമാണെന്ന് അവർ പറയുന്നു; കാരണം അത് മനസ്സിനെ അയവുള്ളതാക്കുന്നു. അപ്രകാരം, ഒരിക്കൽ നിങ്ങളുടെ മനസ്സ് അയവുള്ളതായിക്കഴിഞ്ഞാൽ, നമുക്ക് മറ്റു പലതിനെയും കുറിച്ച്, അതും കൂടുതൽ വിശാലമായി ചിന്തിക്കാം, അതു പൊടുന്നനെ വ്യത്യസ്തമായൊരു പ്രദേശമായി മാറുന്നു. എനിക്കു തോന്നുന്നത് ആ അയവാണ് ‘തെറ്റിനെ’ അകത്തേക്ക് കയറിവരാൻ പ്രേരിപ്പിക്കുന്നതും.

തെറ്റിനെക്കുറിച്ച് നാളെയും എനിക്കു സംസാരിക്കാൻ സാധിക്കും; ഇന്ന് പറഞ്ഞതിൽനിന്ന് തികച്ചും വ്യത്യസ്തമായി. നിങ്ങൾക്കറിയാമോ, മനുഷ്യൻ ഒരു പ്രിസംപോലെയാണ്. ആശയങ്ങൾ ഓരോ ദിവസവും അതിന്റെ വിവിധ വശങ്ങളിലൂടെ ചിതറിപ്പോകുന്ന പ്രകാശമെന്നപോലെ മിന്നിമറയുന്നു.

ഞാൻ ‘Eros the Bittersweet’ വായിച്ചപ്പോൾ, സുഹൃത്തുക്കളും പ്രണയിതാക്കളും “ഒരേ ഭാഷ സംസാരിക്കുന്നു” എന്ന പരമാർശത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. എനിക്കത് ശരിയാണെന്ന് തോന്നുന്നില്ല. ഓരോരുത്തരും അവരവരുടേതായ വ്യക്തിഗത ഭാഷയാണ് സംസാരിക്കുന്നതെന്നും ബന്ധങ്ങളിൽ നിരന്തരം ഇത്തരത്തിലുള്ള വിവർത്തനങ്ങളാണ് നടക്കുന്നതെന്നും തോന്നുന്നു.

മറ്റൊരാൾ സംസാരിക്കുമ്പോൾ അയാൾ യഥാർഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കെങ്കിലും പൂർണമായി മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അത് വിവർത്തനത്തേക്കാൾ സങ്കീർണമാണ്. യഥാർഥത്തിൽ അത് ഇരുട്ടിലേക്ക് എടുത്തുചാടുന്നതുപോലെയാണ്. ഭാഷ എന്നു പറയുന്നത് വ്യക്തിപരവും സ്വകാര്യവും വിചിത്രവുമാണ്. നിങ്ങൾക്കതിനെ വിവർത്തനമായി സങ്കൽപിക്കാമായിരിക്കും. എന്നാൽ, അതൊരു സൗമ്യമായ ഉപമ മാത്രമാണെന്ന് തോന്നുന്നു. യാഥാർഥ്യം ചിലപ്പോൾ അതിനേക്കാൾ നിരാശജനകമായിരിക്കാം. എങ്കിലും, മനുഷ്യനെന്ന നിലയിൽ സംസാരിക്കാനുള്ള ശ്രമം എന്നത് ആ നിരാശയെ ഓരോ വാക്യത്തിലൂടെയും മറികടക്കാനുള്ള പരിശ്രമമാണ്.

 

ആൻ കാഴ്സൻ ഭർത്താവ് റോബർട്ട് കറിയോടൊപ്പം 

ഒരു ഭാഷയിൽ പ്രകടിപ്പിക്കുന്ന ആശയം മറ്റൊരു ഭാഷയിലേക്ക് പൂർണമായി വിവർത്തനം ചെയ്യാൻ കഴിയില്ലെന്ന ആശയവുമായി ഇതിന് സാമ്യമുണ്ടെന്ന് തോന്നുന്നു. മൂലകൃതിക്കും വിവർത്തനത്തിനും ഇടയിലുള്ള ശൂന്യതയിൽ, ഒരു വിവർത്തക എന്ന നിലയിൽ നിങ്ങൾ എങ്ങനെയാണ് ഇടപെടുന്നത്?

രണ്ട് റോഡുകൾക്കോ രണ്ട് രാജ്യങ്ങൾക്കോ ഇടയിലുള്ള ഒരു കിടങ്ങായിട്ടാണ് ഞാനതിനെ കാണുന്നത്. രണ്ട് ഭാഷകളും ഒരേസമയം മനസ്സിന്റെ തിരശ്ശീലയിൽ നിലനിൽക്കുന്ന അവസ്ഥയാണ് ഒരു വിവർത്തകൻ അനുഭവിക്കുന്നത് എന്നത് എനിക്ക് എന്നും കൗതുകകരമായിരുന്നു. വിവർത്തകൻ പറയുന്നത് മൂലകൃതിയുമായി തികച്ചും സമാനമല്ല; എന്നിട്ടും, അവ രണ്ടും ഒരേസമയം മനസ്സിൽ തങ്ങിനിൽക്കുന്നു.

ചില എഴുത്തുകാർ -എമിലി ഡിക്കിൻസൺ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. അവർ സ്വന്തം ഭാഷക്കുള്ളിൽത്തന്നെ ഈ വിടവിനെ സമർഥമായി ഉപയോഗിക്കുന്നു. അതായത് അവർ മറ്റൊരു ഭാഷയിൽനിന്ന് വിവർത്തനം ചെയ്യുകയല്ല അവർ ചെയ്യുന്നത്; അവനവനെത്തന്നെ വിവർത്തനം ചെയ്യുകയാണ്.

ചില വരികളും വാക്കുകളും എഴുതിയശേഷം അവ വെട്ടിക്കളഞ്ഞ് മറ്റൊരു വാക്ക് ചേർക്കും. അല്ലെങ്കിൽ അതിന്റെ വശത്തായി മൂന്നാമതൊരു വാക്ക് എഴുതും. ചിലപ്പോൾ കടലാസിന്റെ മറുപുറത്ത് അതേ കവിതക്ക് മറ്റൊരു രൂപം സൃഷ്ടിക്കും. അങ്ങനെ ഇതെല്ലാം കൂടിച്ചേർന്നു കവിതയായി രൂപമെടുക്കുന്നു. ഇത്രയധികം സാധ്യതകൾ മനസ്സിൽ ഒരേസമയം ഒഴുകിനടക്കുകയും അവയെല്ലാം ചേർന്നുതന്നെ കവിതയുടെ സമ്പൂർണരൂപമാവുകയും ചെയ്യുന്ന ഈ അവസ്ഥ വളരെ വിചിത്രമാണ്. ക്രമരഹിതവും പരിഹരിക്കപ്പെടാത്തതുമായ ആ സമ്പൂർണതയോടെയാണ് ഇവിടെ കവിത നിലനിൽക്കുന്നത്. വിവർത്തനത്തിൽ ഇത് മറ്റൊരു രീതിയിലാണ് സംഭവിക്കുന്നത്.

കാരണം, ഇവിടെ നിങ്ങളുടെ മുന്നിലൊരു മൂലപാഠമുണ്ട്. അതിൽ തീർച്ചയായും ചില പിശകുകളും കാണും. പിന്നീട് പേജിനു കീഴെ അടിക്കുറിപ്പുകളുടെ രൂപത്തിൽ വിവിധ പാഠഭേദങ്ങൾ എഴുതിവെച്ചിരിക്കുന്നതായി കാണാം. സംശയകരമായി തോന്നുന്ന ഭാഗം മെച്ചപ്പെട്ട രീതിയിൽ വായിക്കാനായി വർഷങ്ങളായി പല പണ്ഡിതന്മാരും മുന്നോട്ടുവെച്ച നിർദേശങ്ങളാണവ. ഇത്തരത്തിൽ, ഒരേ കാര്യത്തെക്കുറിച്ചുള്ള വ്യത്യസ്ത സാധ്യതകൾ വീണ്ടും നിങ്ങളുടെ മനസ്സിൽ ഒഴുകി നടക്കാൻ തുടങ്ങുന്നു. അവയെല്ലാം ഒരുമിച്ചാണ് കവിതയുടെ രൂപവത്കരണത്തിൽ പങ്കാളികളാകുന്നത്.

ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് ഒരിക്കലും പൂർണമായി മനസ്സിലായിട്ടില്ല. ഗ്രീക്കിലുള്ള ഒരു കവിതയും അതിന്റെ താഴെ ഇംഗ്ലീഷിലുള്ള വിവിധ പാഠഭേദങ്ങളും ഒരുമിച്ച് കാണുന്നത് മനോഹരമായ അനുഭവമാണ്. യഥാർഥത്തിൽ ആ കവി എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള എല്ലാ സാധ്യതകളും ഒരുമിച്ച് മനസ്സിൽ ഒഴുകിനടക്കുന്നു.

എന്നാൽ ആ അനുഭവത്തിന്റെ സൗന്ദര്യം ഒരു പുസ്തകത്തിന്റെ പേജിലോ, “...ന്റെ വിവർത്തനം” എന്ന് വിളിക്കപ്പെടുന്ന ഒരു കൃതിയിലോ പൂർണമായി പകർത്താൻ എനിക്ക് സാധിക്കാറില്ല. അതിനനുയോജ്യമായ ഒരു രൂപംതന്നെയില്ല. കമ്പ്യൂട്ടറിൽ ലിങ്കുകളും പാർശ്വക്കുറിപ്പുകളും ഉപയോഗിച്ച് ഒരു പരിധിവരെ ഇത് ചെയ്യാം. പക്ഷേ, ആ ലിങ്കുകളെല്ലാം തുറന്ന് വായിക്കാൻ അധികമാരും താൽപര്യപ്പെടുന്നില്ല. അതുകൊണ്ട് ആസ്വാദനത്തിന്റെ സ്വഭാവവും മാറുന്നു. ഒരു പണ്ഡിത എന്നനിലയിൽ, മൂലഭാഷയും പാഠഭേദങ്ങളും ഒരുമിച്ച് മുന്നിലുള്ളപ്പോൾ അവയെല്ലാം സാധ്യതകളായി മനസ്സിൽ ഒഴുകിനിൽക്കുന്നത് അസാധാരണമായ അനുഭവമാണ്. അതിന്റെ സൂക്ഷ്മമായ സൗന്ദര്യം മറ്റുള്ളവരിലേക്ക് പൂർണമായി എത്തിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

കൊച്ചു കൊച്ച് അനുഭവങ്ങളിൽനിന്ന് പുതിയൊരു കൃതി സൃഷ്ടിക്കുന്നതിനെക്കുറിച്ചെന്തു തോന്നുന്നു?

ഒരു ചിന്ത മനസ്സിലേക്ക് കടന്നുവരുന്നു. അത് കൗതുകകരമാണെന്ന് തോന്നിയാൽ, ഞാൻ അതിനെ പിന്തുടരുന്നു... ഒരു കുറുക്കൻ നിങ്ങളുടെ വീട്ടുമുറ്റത്തുകൂടി ഓടിപ്പോകുന്നത് കാണുകയും അത് എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്താൻ പിന്നാലെ പോകാൻ തീരുമാനിക്കുകയും ചെയ്യുന്നതുപോലെയാണ് അത്. അതൊരു പാത പിന്തുടരൽ മാത്രമാണ്.

‘Wrong Norma’യിലെ നിഗൂഢതകളിലൊന്നാണല്ലോ കുറുക്കൻ. ഒരു രഹസ്യമായി തോന്നുന്നു. അവനെക്കുറിച്ച് എഴുതുമ്പോൾ അവന് സ്ഥിരമായ എന്തെങ്കിലും അർഥമോ വികാരമോ ഉണ്ടായിരുന്നോ? അതോ ദിനംതോറും അതു മാറിക്കൊണ്ടിരുന്നോ?

ആ കുറുക്കൻ എവിടെനിന്നാണ് വന്നതെന്ന് എനിക്കറിയില്ല. റാഗ്നർ ക്ജാർട്ടാൻസന്റെ ‘The Visitors’ എന്ന സംഗീത ആൽബത്തിനായി ഞാൻ കുറിപ്പുകൾ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതേസമയം ഞാൻ ചിത്രവും വരക്കുന്നുണ്ടായിരുന്നു. ആ ചിത്രത്തിൽ ഒരു കുറുക്കൻ പ്രത്യക്ഷപ്പെട്ടു. അവൻ അത്രക്കും സുന്ദരനായ ഒരു കുറുക്കനായിരുന്നു. അതുകൊണ്ട് അതിനെ എവിടെയെങ്കിലും ഉൾപ്പെടുത്തണമെന്ന് ഞാൻ വിചാരിച്ചു. അങ്ങനെ അത് ‘The Visitors’ സംബന്ധിച്ച രചനയിൽ ഇടംപിടിച്ചു. അങ്ങനെ, യാദൃച്ഛികമായി സ്വയം വന്നെത്തിയ ഒരു കുറുക്കനായിരുന്നെങ്കിലും പിന്നീട് അതിനെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു എനിക്കു തോന്നി.

നിങ്ങളുടെ ഏറ്റവും സർഗാത്മകമായ മാനസികാവസ്ഥയിലേക്ക് നിങ്ങൾ എങ്ങനെയാണ് എത്തുന്നത്?

ചിലപ്പോൾ ഞാൻ എഴുതുന്നത് പ്രകാശം എങ്ങനെയാണെന്നതിനെക്കുറിച്ചായിരിക്കും. ആരും ഒരിക്കലും വായിക്കാനിടയില്ലാത്ത ഈ നോട്ട്ബുക്കിൽ, ഇന്നത്തെ പ്രകാശം എങ്ങനെയാണെന്ന് കൃത്യമായ വാക്കുകളിൽ രേഖപ്പെടുത്താൻ ഞാനും പ്രകാശവും തമ്മിൽ ഒരു കരാർ നേരത്തേതന്നെ നിലവിലുണ്ടെന്നു തോന്നുന്നു. ആ കരാർ എന്താണ് എന്ന് എനിക്കറിയില്ല. പക്ഷേ മറ്റെല്ലാ എഴുത്തിനും അടിത്തറയായി അത് നിലനിൽക്കുന്നതായി തോന്നുന്നു.

പ്രകാശത്തെക്കുറിച്ചുള്ള രചന കഴിഞ്ഞാൽ, എന്റെ അമ്മയെക്കുറിച്ചോ അത്താഴത്തിനുള്ള വിഭവങ്ങളെക്കുറിച്ചോ പ്രൂസ്റ്റിന്റെ വിവർത്തനസിദ്ധാന്തത്തെക്കുറിച്ചോ നമുക്ക് സംസാരിക്കാം. ഇതിനിടയിൽ സുപ്രധാനമായ കാര്യം തീർന്നുപോയിട്ടുണ്ടാകും. പ്രകാശമായിരുന്നു യഥാർഥത്തിൽ സുപ്രധാനം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്, ആ കരാർ എവിടെനിന്നാണ് വന്നത് എന്നൊക്കെ എനിക്ക് ഇന്നും ഒരു നിഗൂഢതയാണ്.

‘Snow’ എന്ന രചനയിൽ, നിങ്ങളുടെ അമ്മ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നിങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ രാത്രിജീവനക്കാരനെ കേന്ദ്രീകരിച്ചുണ്ടായ ഒരു പൂർവ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട്. അത്തരം അനുഭവങ്ങൾ നിങ്ങൾക്ക് പലപ്പോഴും ഉണ്ടാകാറുണ്ടോ?

ഒരിക്കൽ അങ്ങനെ സംഭവിച്ചു. ഗ്രീക്ക് പുരാണങ്ങളിൽ ഹെർമീസ് ദേവനെ സൈക്കോപോംപ് എന്നാണ് വിളിക്കുന്നത്. അതായത്, ഒരാൾ മരിക്കാൻ പോകുമ്പോൾ അയാളുടെ ആത്മാവിനെ പാതാളത്തിലേക്ക് നയിക്കുന്ന ദൈവം. ഹോട്ടലിലെ ബെൽബോയിയെ ഞാൻ അത്തരമൊരു വ്യക്തിയായി കണ്ടു. പക്ഷേ, കറിയുടെ പിതാവിന്റെ ശവസംസ്കാരത്തിന് പോകുമ്പോൾ മിഷിഗണിലെ വിജനമായ ഒരു പ്രദേശത്തുവെച്ച് ഞങ്ങൾ ഒരാളെ വാഹനത്തിൽ കയറ്റി. എവിടെനിന്നാണ് അയാൾ പ്രത്യക്ഷപ്പെട്ടതെന്ന് ദൈവത്തിനേ അറിയൂ.

ചുറ്റും ശൂന്യമായ ഭൂപ്രദേശമായിരുന്നു. അവിടെ റോഡരികിൽ ഒരാൾ നിൽക്കുന്നു. നല്ല വൃത്തിയുള്ള നീല സ്യൂട്ടും നീല ഷർട്ടുമായിരുന്നു അയാൾ ധരിച്ചിരുന്നത്. വസ്ത്രങ്ങൾ നന്നായി ഇസ്തിരിയിട്ടിരുന്നു. അയാൾ കാറിൽ കയറിയതോടെ കാറിനുള്ളിൽ അലക്കിയ വസ്ത്രങ്ങളുടെ മണം നിറഞ്ഞു. അത്രക്കും വൃത്തിയുള്ള ആളായിരുന്നു അയാൾ. ഞങ്ങൾ അയാളോട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, അയാൾ താൽപര്യം കാണിച്ചില്ല. മൂന്ന് പട്ടണങ്ങൾക്കപ്പുറത്തുള്ള ഒരു പൊതുഗ്രന്ഥശാലയിലേക്കാണ് പോകുന്നതെന്ന് അയാൾ പറഞ്ഞു. എന്നാൽ ആരാണ്, എവിടെനിന്നാണ് വരുന്നത് എന്നൊന്നും വിശദീകരിച്ചില്ല.

ഗ്രന്ഥശാലക്കടുത്ത് ഞങ്ങൾ അയാളെ ഇറക്കിവിട്ടശേഷം യാത്ര തുടർന്നു. ആ മനുഷ്യൻ ഒരു സൈക്കോപോംപ് ആയിരുന്നുവെന്ന് ഞങ്ങൾക്ക് തോന്നി. കാരണം, കറിയുടെ പിതാവ് മരിച്ചുവെന്ന കാര്യം അപ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു. യഥാർഥത്തിൽ അദ്ദേഹം അപ്പോഴും മരിച്ചിരുന്നില്ല. എന്നാൽ, അന്നേ ദിവസം തന്നെയാണ് അദ്ദേഹം മരിച്ചതും. മറ്റൊരാൾ ഈ ലോകത്തുനിന്ന് മറ്റൊരു ലോകത്തേക്ക് പോകാനിരിക്കുന്നതിന്റെ സൂചനയായിരിക്കാം ആ മനുഷ്യൻ എന്ന് ഞങ്ങൾ കരുതി.

അതുകൊണ്ട് അത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, പലപ്പോഴും ആവർത്തിക്കാറുണ്ടെന്ന് ഞാൻ പറയില്ല.

നിങ്ങളും കറിയും ചേർന്ന് ന്യൂയോർക് സർവകലാശാലയിൽ ‘The Egocircus’ എന്ന പേരിൽ കലാപരമായ സഹകരണത്തെക്കുറിച്ചുള്ള ഒരു ക്ലാസ് വർഷങ്ങളോളം നടത്തിയിരുന്നല്ലോ. വിദ്യാർഥികൾക്ക് എന്തെല്ലാം പരിശീലനങ്ങളാണ് നൽകിയിരുന്നത്?

“എന്തെങ്കിലും കത്തിക്കുക; അതിന്റെ ചാരം ഉപയോഗിക്കുക” എന്നതായിരുന്നു ഒരു നിർദേശം. “ഒരു ഹോട്ടൽ മെച്ചപ്പെടുത്തുക” എന്നതായിരുന്നു മറ്റൊന്ന്. ചിലപ്പോൾ “കപ്പൽയാത്ര, വെണ്ണ, മരണം” എന്നിങ്ങനെ മൂന്ന് വാക്കുകൾ മാത്രം നൽകും. തുടർന്ന് വിദ്യാർഥികൾ അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും സൃഷ്ടിക്കും. എഴുതാൻ പാടില്ലെന്ന് ഞങ്ങൾ പറഞ്ഞിരുന്നില്ല. അവർ എന്തെങ്കിലും എഴുതിക്കൊണ്ടുവരാറുമുണ്ടായിരുന്നു. എന്നാൽ, എഴുത്തിനു പുറമെയുള്ള മറ്റു കഴിവുകളും ഉപയോഗിക്കാൻ ഞങ്ങളവരെ പ്രോത്സാഹിപ്പിച്ചു. തങ്ങൾക്കുതന്നെ അറിയാത്ത കഴിവുകൾ തങ്ങൾക്കുണ്ടെന്ന് അവർ അപ്പോഴാണ് കണ്ടെത്തിയിരുന്നത്.

എഴുത്തിന്റെ പ്രക്രിയയിൽ സഹായിക്കുന്ന എഴുത്തിനു പുറത്തുള്ള എന്തെങ്കിലും കഴിവുകൾ നിങ്ങൾക്കുണ്ടോ?

ചിത്രം വരക്കലും പെയിന്റിങ്ങും. നീന്തലും അതിൽ ഉൾപ്പെടുത്താം. വൃത്തിയാക്കലും അടുക്കിവെക്കലും. അതിൽ ഞാൻ വിദഗ്ധയാണ്.

നീന്തൽ എഴുത്തിനെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?

അത് എന്നെ വിഷാദാവസ്ഥയിൽനിന്നും പെട്ടെന്ന് അസ്വസ്ഥയാകുന്ന സ്വഭാവത്തിൽനിന്നും രക്ഷിക്കുന്നു. ചിലപ്പോൾ പൂളിൽ നീന്തിക്കൊണ്ടിരിക്കുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. പക്ഷേ, മിക്കപ്പോഴും അത് അത്ര നല്ല ആശയമല്ല. നീന്തൽക്കുളത്തിൽ നിങ്ങൾക്ക് തോന്നുന്ന ആശയങ്ങൾ സ്വപ്നങ്ങളിൽ ഉണ്ടാകുന്ന ആശയങ്ങളെപ്പോലെയാണ്. യാഥാർഥ്യത്തെക്കുറിച്ച് നിങ്ങൾക്കുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ഒരു വാക്യം പെട്ടെന്ന് മനസ്സിൽ തെളിയും. പിന്നീട് ക്ഷീണത്തോടെ എഴുന്നേറ്റ് അത് എഴുതിവെക്കും. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ അതിന്റെ അർഥം “നമുക്ക് പഴം വാങ്ങാം” എന്നു പറയുന്നതുപോലെയുള്ള തികച്ചും അപ്രസക്തമായ എന്തെങ്കിലുമായിരിക്കും. കൂടാതെ, എനിക്ക് വെള്ളം ഇഷ്ടമാണ്. ചിലർക്ക് വെള്ളത്തിനടുത്തായിരിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളും കറിയും ജോൺ കേജിന്റെ ആരാധകരാണല്ലോ. കലയിൽനിന്നും അഹത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ചാണല്ലോ അദ്ദേഹം സംസാരിച്ചിട്ടുള്ളത്. “ഓരോ വസ്തുവും അതിനെ താങ്ങിനിർത്തുന്ന ശൂന്യതയുടെ ആഘോഷമാണ്.” എന്ന നിങ്ങളുടെ 2016ലെ Float എന്ന സമാഹാരത്തിലെ ജോൺ കേജിന്റെ വാക്യത്തെക്കുറിച്ച് ഞാൻ ഇപ്പോഴും ചിന്തിക്കുന്നു.

എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ആ വാക്യത്തിന് വലിയ പ്രാധാന്യമുണ്ട്. അവർക്ക് ഓർമകളുടെയും തിരഞ്ഞെടുപ്പുകളുടെയും ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരിക്കും. അതിനെ അവർ സ്വന്തം ആത്മകഥ എന്നു വിളിക്കുന്നു. പിന്നീട് എഴുത്തിൽ അതേ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കും. എഴുത്തുകാർ അതിൽനിന്ന് പുറത്തുകടക്കേണ്ടതുണ്ട്.

എഴുത്തിന്റെ ലോകത്ത്, പ്രത്യേകിച്ച് എം.എഫ്.എ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട മേഖലകളിൽ, കഥാപാത്രം, വീക്ഷണം, കഥാഖ്യാനത്തിന്റെ സാങ്കേതികതകൾ തുടങ്ങിയവയെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എഴുത്തിന്റെ ശിൽപത്തെക്കുറിച്ച് നിങ്ങൾ ഈ രീതിയിൽ ചിന്തിക്കാറുണ്ടോ?

ഒരിക്കലുമില്ല. അതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. ആളുകൾ ഇത്തരം കാര്യങ്ങളെല്ലാം ഉപേക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം. ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുക. അതിന്റെ പൊരുളറിയുന്നതു വരെ അതിനെ പിന്തുടരുക.

ഏറ്റവും ചുരുങ്ങിയത് അമേരിക്കയിലെങ്കിലും വിമർശനാത്മക ചിന്തക്കുള്ള പ്രാധാന്യം സാംസ്കാരികമായി കുറഞ്ഞുവരുന്നതായി എനിക്ക് ആശങ്കയുണ്ട്. ഒരു ചിന്തകയും അധ്യാപികയുമെന്ന നിലയിൽ നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ?

അതുകൊണ്ടാണ് ഞാൻ മടിച്ചുനിൽക്കൽ അഥവാ hesitation എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അധ്യാപനത്തിന്റെ അവസാന വർഷങ്ങളിൽ, കുറച്ചുകാലം ഞാൻ ഒരു വശത്ത് പുരാതന ഗ്രീക്കും മറ്റൊരു ഭാഗത്ത് എഴുത്തും പഠിപ്പിച്ചിരുന്നു. ഞാൻ പഠിച്ചിരുന്ന കാലത്ത് പുരാതന ഗ്രീക്ക് പഠിപ്പിക്കുന്ന രീതി ഇങ്ങനെയായിരുന്നു: ആദ്യം ഗ്രീക്ക് പാഠം നോക്കി അറിയാത്ത വാക്കുകൾ കണ്ടെത്തുക. പിന്നീട് നിഘണ്ടുവിൽ അവ തിരയുക. അർഥം മനസ്സിലാക്കി എഴുതിവെക്കുക. നിഘണ്ടുവിൽ ഒരു വാക്ക് തിരയുന്നതിന് സമയമെടുക്കും. ആ പ്രക്രിയക്കിടയിൽ ഒരു ഇടവേളയുണ്ട്. അതിനെ ഒരുതരം സ്വപ്നാത്മകമായ മനോനിലയെന്നോ ചിന്ത താൽക്കാലികമായി നിർത്തിവെച്ച അവസ്ഥയെന്നോ വിശേഷിപ്പിക്കാം. പക്ഷേ അത് പൂർണമായും ചിന്തയില്ലാത്ത അവസ്ഥയുമല്ല.

ഒരു വാക്കിനെക്കുറിച്ച് നിങ്ങളുടെ മനസ്സിലൊരു ചോദ്യമുണ്ട്. ശരിയായ അർഥം കണ്ടെത്താൻ പേജുകൾ മറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ ഉത്തരം ഇനിയും ലഭിച്ചിട്ടുമില്ല. ഒരു ദിവസത്തിലെ മറ്റെല്ലാ സമയങ്ങളിൽനിന്നും വ്യത്യസ്തമായ സമയവും മാനസികാവസ്ഥയുമാണത്. ആ ഇടവേളയിൽ നിങ്ങളുടെ ചിന്തയിലും വാക്കുകളോടുള്ള വികാരത്തിലും പലതും സംഭവിക്കുന്നു. അതിന് വലിയ മൂല്യമുണ്ട്. ആ ഇടവേളയെയാണ് ഞാൻ hesitation അഥവാ മടിച്ചുനിൽക്കൽ എന്ന് വിളിക്കുന്നത്. ഇന്നാകട്ടെ, പാഠം മുഴുവൻ കമ്പ്യൂട്ടറിലുണ്ട്. അറിയാത്ത ഒരു വാക്ക് കണ്ടാൽ ബട്ടൺ അമർത്തിയാൽ മതി. കമ്പ്യൂട്ടറിൽ ചേർത്തിട്ടുള്ള നിഘണ്ടു ഉടൻതന്നെ അർഥം നൽകും.

സാധാരണയായി, ആ സന്ദർഭത്തിന് അനുയോജ്യമായ അർഥം വരുന്ന വാക്ക് കമ്പ്യൂട്ടർ തിരഞ്ഞെടുക്കുകയും അതു നൽകുകയും ചെയ്യും. അതോടെ വാക്കിന്റെ ചരിത്രമറിയാനും അതിന് ഉണ്ടായേക്കാവുന്ന മറ്റു അർഥങ്ങൾക്കിടയിൽ മനസ്സിനൊഴുകി നടക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നു. ആ ഇടവേള നഷ്ടപ്പെടുന്നത് ഭാഷയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടാക്കുന്നു. ചിന്തയിലേക്കുള്ള വഴിയിൽ അത് തലച്ചോറിന് വിശ്രമം നൽകുന്നു. കാരണം, നിങ്ങൾ ഇനിയും പൂർണമായി ചിന്തിച്ചുതുടങ്ങിയിട്ടില്ലാത്ത ഒരു അവസ്ഥയിലാണ്.

ഒരു തരത്തിൽ പറഞ്ഞാൽ, അതൊരു അഭാവത്തിനുള്ളിലെ സാന്നിധ്യമാണ്. എന്നാൽ ദൈവം ശൂന്യമാണെന്നും ദൈവത്തെക്കുറിച്ച് ഒന്നും പറയരുതെന്നും, എന്തെങ്കിലും പറഞ്ഞാൽ അത് അതിനെ ഒരു പ്രത്യേക ആകാരത്തിലുള്ളതും പരിമിതവുമാക്കുമെന്നുമുള്ള മിസ്റ്റിക് ചിന്തകരുടെ ‘അനഭിജ്ഞതയുടെ മേഘം’ എന്ന ആശയവുമായി അതിനെ കൂട്ടിക്കുഴക്കരുത്. ഞാൻ പറയുന്ന അനുഭവം അതല്ല, ദൈവം അറിവിലേക്കുള്ള വഴിയിലാണ് നിലകൊള്ളുന്നത്. ആ അനുഭവത്തെ ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നു മാത്രം. അതു നഷ്ടപ്പെടുന്നതിൽ എനിക്ക് ഖേദമുണ്ട്.

സമയത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവത്തിന് നാം ശ്രദ്ധ ചെലുത്തുന്ന രീതിയുമായി ബന്ധമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ധാരാളം വായിക്കുന്ന ഒരാൾക്ക് ദിവസം മുഴുവൻ സ്ക്രീനുകളിലേക്ക് നോക്കുന്ന ഒരാളിൽനിന്ന് വ്യത്യസ്തമായ സമയാനുഭവമുണ്ടാകുമോ?

അങ്ങനെ ചോദിക്കുമ്പോൾ അതിൽ ഒരു മുൻവിധിയുള്ളതായി തോന്നുന്നു. അതിനെക്കുറിച്ച് എനിക്ക് ഉറപ്പില്ല. എന്നാൽ ഒരു കാര്യം എനിക്ക് ഉറപ്പാണ്, സമയം നിശ്ചലമാക്കാനുള്ള മാർഗങ്ങൾ നാം അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. പൂർണ ശ്രദ്ധയുള്ള നിമിഷങ്ങളിലാണ് അത് സംഭവിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഒരു സിനിമ കാണുമ്പോഴും അങ്ങനെ സംഭവിക്കാം. അല്ലെങ്കിൽ നിങ്ങൾ ഏറ്റവും മികച്ച കവിത രചിക്കുന്നതിൽ മുഴുകിയിരിക്കുമ്പോഴും അത് സംഭവിക്കാം. ഇവയിൽ ഏതെങ്കിലും അനുഭവത്തിൽ നിങ്ങൾക്ക് പൂർണമായി മുഴുകാനും നിങ്ങളെത്തന്നെ മറക്കാനും കഴിയും.

സമയവുമായി ബന്ധപ്പെട്ട് എനിക്കുള്ള ഒരേയൊരു താൽപര്യം അതിനെ നിശ്ചലമാക്കാനുള്ള വഴികൾ കണ്ടെത്തുക എന്നതാണ്. സമയം നിശ്ചലമാകാത്തപ്പോൾ നിങ്ങൾ അനുഭവിക്കുന്നത് വിരസതയാണ്. സമയം കടന്നുപോകുന്നത് നിങ്ങൾ നോക്കിയിരിക്കുകയാണ്. അതിനെ നിറക്കാൻ മതിയായ ഒന്നും സംഭവിക്കുന്നില്ല. ദുരിതത്തിൽനിന്ന് നിങ്ങളെ അകറ്റിനിർത്താൻ മതിയായ ഒന്നും. വിരസതക്കും അതിന്റെ വിപരീതമായ മറ്റൊരു അനുഭവത്തിനും... ഒരുപക്ഷേ അമരത്വത്തിനും ഇടയിൽ വലിയൊരു മധ്യസ്ഥിതിയെ എനിക്ക് കാണാനാവുന്നില്ല. സമയത്തിന് പുറത്തായിരിക്കുക, മറ്റൊരു അവസ്ഥയിൽ പ്രവേശിക്കുക -അത് തികച്ചും ആനന്ദകരമാണ്... വളരെയധികം ആനന്ദകരമായതിനാൽ സമയത്തെക്കുറിച്ചുള്ള ചിന്തതന്നെ ഇല്ലാതാകുന്നു.

മൊഴിമാറ്റം: ഡോ. ലേഖ എം 

--------------------------

‘ദ പാരിസ് റിവ്യൂ’വിനു വേണ്ടി കേറ്റ് ഡ്വയർ ചെയ്ത അഭിമുഖം. 2024 ഏപ്രിൽ 17ന് പ്രസിദ്ധീകരിച്ചത്. കേറ്റ് ഡ്വയർ ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ താമസിക്കുന്ന എഴുത്തുകാരിയാണ്. അവരുടെ രചനകൾ ‘ദ ന്യൂയോർക് ടൈംസ്’ ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്.

Tags:    
News Summary - In Conversation With Nobel Laureate Anne Carson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.