ഭിന്നശേഷി കുട്ടികൾക്കായി ഔട്ട്റീച്ച് ഖത്തർ മെഡിക്കൽ ക്യാമ്പ്
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ അഫിലിയേറ്റഡ് സംഘടനയായ ഔട്ട്റീച്ച് ഖത്തർ, റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി റിങ് റോഡിലുള്ള റിയാദ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധ ഘട്ടങ്ങളിൽ സമൂഹത്തിൽ പ്രയാസമനുഭവക്കുന്നവരുടെ കൈപിടിച്ചുയർത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും, ഇന്ത്യയുടെയും ഖത്തറിന്റെയും വളർച്ചയിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളുടെ പരിപാലനം രക്ഷിതാക്കളുടെ മാത്രം ബാധ്യതയല്ലെന്നും അത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നുംവിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. റിനി ഷൗക്കത്ത് പറഞ്ഞു. ഭിന്നശേഷിക്കാരെ മാറ്റിനിർത്താതെ, സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരെയും ബോധവൽക്കരിക്കണമെന്ന് ഔട്ട്റീച്ച് ഖത്തറിന്റെ ഫൗണ്ടിങ് പാട്രനും സ്കിൽസ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടറുമായ പി.എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ മാനസികാരോഗ്യം എന്നത് കൂട്ടായ ശ്രദ്ധ വേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
പീഡിയാട്രിക്സ്, ഡെന്റൽ, ഓഡിയോമെട്രി, വിഷൻ ചെക്കപ്പ്, ഫിസിയോതെറപ്പി തുടങ്ങിയ വിദഗ്ധ പരിശോധനകൾ ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ അൽത്താഫ് ഖാൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ്, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, വിവിധ അപക്സ് ബോഡി പ്രതിനിധികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഔട്ട്റീച്ച് ഖത്തർ പ്രസിഡന്റ് കൃഷ്ണകുമാർ, ഔട്ട്റീച്ച് ഖത്തർ വൈസ് പ്രസിഡന്റ് സമീർ മൂസ, ജനറൽ സെക്രട്ടറി അക്വിൻലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.