നോർക്ക കെയർ പ്രീമിയം വർധനവ്; എതിർപ്പുമായി യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളും രംഗത്ത്
ദോഹ: സംസ്ഥാന സർക്കാറിന്റെ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്രീമിയം തുക അശാസ്ത്രീയമായും വൻതോതിലും വർധിപ്പിച്ച നടപടിക്കെതിരെ എതിർപ്പുമായി യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകൾ ഉൾപ്പെടെ രംഗത്ത്. യു.ഡി.എഫ് അനുകൂല സംഘടനകളായ ഇൻകാസ് ഖത്തർ, കെ.എം.സി.സി ഖത്തർ എന്നിവക്ക് പുറമെ പ്രവാസി വെൽഫെയർ ഖത്തർ, ഐ.എം.സി.സി ഖത്തർ തുടങ്ങിയ പ്രവാസി കൂട്ടായ്മകളും സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവും ആശങ്കയും അറിയിച്ചിട്ടുണ്ട്. തൊഴിൽ പ്രതിസന്ധികളും സാമ്പത്തിക ബാധ്യതകളും നേരിടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് നിരക്ക് വർധനവ് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ലക്ഷക്കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങായിരുന്ന പദ്ധതിയുടെ പ്രീമിയം തുകയില്‍, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെയും കുടുംബ പോളിസികളുടെയും സ്ലാബുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്ക് വര്‍ധിപ്പിച്ചത് പ്രവാസി മലയാളി സമൂഹത്തില്‍ വലിയ പ്രയാസവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധയും ഇടപെടലും ആവശ്യമാണെന്നും മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ പറഞ്ഞു. പ്രവാസികളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫിലടക്കം സാമ്പത്തിക പ്രതിസന്ധികളോട് പൊരുതുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് സാമ്പത്തിക ഭാരം താങ്ങാന്‍ കഴിയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഭരിക്കുന്ന മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ പ്രവാസികളുടെ ഭാഗത്തുനിന്നുള്ള ന്യായമായ പ്രയാസങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രീമിയം തുകക്ക് സര്‍ക്കാര്‍ തലത്തില്‍ അടിയന്തര സബ്സിഡി അനുവദിക്കുകയോ, നിരക്കുകള്‍ പ്രവാസികള്‍ക്ക് താങ്ങാനാവുന്ന രീതിയില്‍ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുമ്പോൾ വ്യക്തമായ നയവും സുതാര്യമായ നടപടിക്രമങ്ങളും അനിവാര്യമാണെന്ന് ഇൻകാസ് ഖത്തർ കമ്മിറ്റിയും ആവശ്യപ്പെട്ടു. നോർക്ക കെയർ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ഉയർന്നുവരുന്ന ആശങ്കകൾക്ക് അടിയന്തരമായി പരിഹാരം കാണണം. ആവശ്യമായ പഠനങ്ങളും മുന്നൊരുക്കങ്ങളും സമഗ്രമായ ആസൂത്രണവും ഇല്ലാതെ മുൻ സർക്കാർ പദ്ധതി നടപ്പാക്കുകയായിരുന്നോ എന്ന കാര്യവും പരിശോധിക്കണമെന്നും ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രവാസികളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനായി തുടർ ഇടപെടലുകൾ നടത്തിവരികയാണെന്നും ഇൻകാസ് ഖത്തർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.